TERESA MAY

2019 മാര്‍ച്ച് 29-ന് യൂറോപ്യന്‍ യൂണിയന്‍ വിട്ടുപോകാന്‍ തീരുമാനിച്ചിരിക്കുകയാണ് ബ്രിട്ടന്‍. പക്ഷേ, ആ വേര്‍പിരിയല്‍ മുമ്പെങ്ങുമില്ലാത്തവിധം വിവാദവും വിഭാഗീയതയും ആശയക്കുഴപ്പവും നിറഞ്ഞതായിരിക്കുന്നു ഇപ്പോള്‍. അതിന്റെ ഒടുവിലത്തെ പ്രകടനമായിരുന്നു കണ്‍സര്‍വേറ്റീവ് പാര്‍ട്ടി നേതാവെന്നനിലയില്‍ വ്യാഴാഴ്ച പ്രധാനമന്ത്രി തെരേസ മേയ് നേരിട്ട അവിശ്വാസപ്രമേയം. യൂറോപ്യന്‍ യൂണിയനുമായി ബ്രിട്ടനുണ്ടാക്കിയ വിടുതല്‍ കരാറില്‍ അതൃപ്തരായ 48 കണ്‍സര്‍വേറ്റീവ് എം.പി.മാരുടെ (അവിശ്വാസപ്രമേയം കൊണ്ടുവരാന്‍ അത്രയുംപേരുടെ പിന്തുണ വേണം) ആവശ്യപ്രകാരം അവതരിപ്പിച്ച അവിശ്വാസപ്രമേയത്തെ 83 വോട്ടിന്റെ പിന്‍ബലത്തില്‍ അതിജീവിച്ചെങ്കിലും മേയ് നേരിടുന്ന പ്രതിസന്ധികള്‍ ഒഴിഞ്ഞുപോകുന്നില്ല. ഇനി ഒരുവര്‍ഷത്തേക്ക് നേതാവിനെതിരേ അവിശ്വാസപ്രമേയം കൊണ്ടുവരാനാവില്ല എന്ന കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയുടെ ചട്ടം മാത്രമാണ് അവര്‍ക്കുള്ള ആശ്വാസം.
 
317 കണ്‍സര്‍വേറ്റീവ് എം.പി.മാരില്‍ 200 പേരാണ് അവരുടെ നേതൃത്വത്തെ അനുകൂലിച്ചത്. 2022-ലെ പൊതുതിരഞ്ഞെടുപ്പിനുമുമ്പ് പാര്‍ട്ടി നേതൃത്വം ഒഴിയാം എന്നു വാഗ്ദാനം ചെയ്തിട്ടും 117 പേര്‍ മേയ്ക്ക് എതിരായി വോട്ടുചെയ്തു. വിശ്വാസം നേടിയതിന്റെ പിന്‍ബലത്തില്‍ ബ്രസല്‍സില്‍ യൂറോപ്യന്‍ യൂണിയന്‍ നേതാക്കളെ കണ്ട മേയ്ക്ക് വിടുതല്‍ കരാറില്‍ ഇനിയൊരു ചര്‍ച്ചയില്ല എന്ന മറുപടിയാണ് കേള്‍ക്കേണ്ടിവന്നത്. കരാറിനെ ഇത്രവലിയ രാഷ്ട്രീയവിവാദമാക്കുന്ന 'തടസ്സനിവാരണ ഉടമ്പടി'  താത്കാലികമാണെന്ന നിലപാട് യൂറോപ്യന്‍ യൂണിയന്‍ ആവര്‍ത്തിച്ചു. എന്നാല്‍, ഈ താത്കാലികം എത്രകാലമെന്നതിനെക്കുറിച്ച് നിയമപരായ ഉറപ്പു നല്‍കാന്‍ വിസമ്മതിച്ചു. ബ്രെക്‌സിറ്റ് അഴിയാക്കുരുക്കായി മേയ്ക്കു മുന്നില്‍ കിടക്കുകയാണ് വീണ്ടും. 
 
കരടുകരാറേ ആയിട്ടുള്ളൂ. യൂറോപ്യന്‍ യൂണിയനിലെ 27 രാജ്യങ്ങളും ഈ കരാര്‍ അംഗീകരിച്ചുകഴിഞ്ഞു. ഇനി ബ്രിട്ടീഷ് പാര്‍ലമെന്റ് അംഗീകരിക്കണം. അതിനുള്ള വോട്ടെടുപ്പ് ഈ മാസം പതിനൊന്നിനായിരുന്നു നിശ്ചയിച്ചിരുന്നത്. എന്നാല്‍, നൂറിലേറെ വോട്ടിന് കരാര്‍ പരാജയപ്പെടുമെന്ന ആശങ്കയില്‍ മേയ് വോട്ടെടുപ്പ് ജനുവരിയിലേക്ക് മാറ്റിവെച്ചു. 
 
കരാര്‍ മൃദുവും കഠിനവും

BREXIT

ബ്രെക്‌സിറ്റ് വിരുദ്ധയായിരുന്നെങ്കിലും പ്രധാനമന്ത്രിയായശേഷം വിട്ടുവീഴ്ചയില്ലാത്ത ബ്രെക്‌സിറ്റ് (ഹാര്‍ഡ് ബ്രെക്‌സിറ്റ്) ആയിരുന്നു തെരേസ മേയ് ബ്രിട്ടനു നല്‍കിയ വാഗ്ദാനം. യൂറോപ്യന്‍ യൂണിയനുമായുള്ള എല്ലാ വ്യാപാരബന്ധവും മുറിക്കുന്ന, രാജ്യാതിര്‍ത്തികളുടെ നിയന്ത്രണം പൂര്‍ണമായും ബ്രിട്ടന്‍ ഏറ്റെടുക്കുന്ന, യൂണിയന്റെ നികുതിസമ്പ്രദായം ഉപേക്ഷിക്കുന്ന ബ്രെക്‌സിറ്റ്. എന്നാല്‍, കരടുകരാറില്‍ നിലപാടാകെ മാറി. പല കാര്യങ്ങളിലും അവര്‍ക്ക് വിട്ടുവീഴ്ച ചെയ്യേണ്ടിവന്നു. ഉത്തര അയര്‍ലന്‍ഡ് അതിര്‍ത്തിയുടെ കാര്യത്തിലുള്ള വിട്ടുവീഴ്ചയാണ് ഇതില്‍ ഏറെ വിവാദമായതും മന്ത്രിസഭാംഗങ്ങളില്‍ പലരുടെയും രാജിക്ക് ഇടയാക്കിയതും അവിശ്വാസപ്രമേയത്തിലേക്കു നയിച്ചതും. 
രണ്ടുകൂട്ടരും സമഗ്രമായ പുതിയ ബന്ധത്തില്‍ എത്തിച്ചേരുംവരെ ബ്രിട്ടനെ യൂറോപ്യന്‍ യൂണിയന്റെ നികുതിസംഹിതകളിലും നിയന്ത്രണച്ചട്ടങ്ങളിലും നിലനിര്‍ത്തുന്ന കരാറാണ് ഇപ്പോഴത്തേത്. ഉത്തര അയര്‍ലന്‍ഡിനായി മേയ് ചെയ്ത ഈ വിട്ടുവീഴ്ച ബ്രിട്ടനെ 'അടിമ' രാജ്യമാക്കുമെന്ന വാദമാണ് ഹാര്‍ഡ് ബ്രെക്‌സിറ്റ് വക്താക്കള്‍ ഉയര്‍ത്തുന്നത്. എന്നാല്‍, ഇതിനുപകരം എന്താണ് വേണ്ടതെന്ന കാര്യത്തില്‍ ഇക്കൂട്ടര്‍ വ്യക്തമായ കാഴ്ചപ്പാട് അവതരിപ്പിക്കുന്നുമില്ല. 
 
പോംവഴികള്‍

യൂറോപ്യന്‍ യൂണിയനെ സംബന്ധിച്ചിടത്തോളം നിയമപരമായ പ്രശ്‌നം മാത്രമാണ് ബ്രെക്‌സിറ്റ്. ലിസ്ബണ്‍ ഉടമ്പടിപ്രകാരമുള്ള ചട്ടങ്ങള്‍ പാലിച്ച് കരാറുണ്ടാക്കി നടപ്പാക്കിയാല്‍ കഴിയുന്ന കാര്യം. ഇനിയൊരു അംഗരാജ്യവും ബ്രിട്ടനെപോലെ ഏകപക്ഷീയമായി ഹിതപരിശോധന നടത്തി വിട്ടുപോകാന്‍ ആഗ്രഹിക്കാത്തവിധം കടുത്ത നിബന്ധനകളുള്ള കരാറായിരിക്കണം അത് എന്നുമാത്രം ഉറപ്പുവരുത്തിയാല്‍മതി അവര്‍ക്ക്. എന്നാല്‍, ബ്രിട്ടനാകട്ടെ സമീപകാല ചരിത്രത്തില്‍ നേരിട്ടിട്ടില്ലാത്തത്ര ദുര്‍ഘടംപിടിച്ച രാഷ്ട്രീയപ്രശ്‌നമാണിത്. ഇതു പരിഹരിക്കാന്‍ മേയ്ക്കു മുന്നില്‍ ഒറ്റമൂലിയില്ല. എന്നാല്‍, ചില മാര്‍ഗങ്ങള്‍ ഉണ്ടുതാനും. 
 
 ബ്രെക്‌സിറ്റ് നടപ്പാക്കുന്നതിനുള്ള കാലാവധി നീട്ടിവെക്കണമെന്ന് അഭ്യര്‍ഥിക്കുക. യൂറോപ്യന്‍ യൂണിയനിലെ അംഗരാജ്യങ്ങളെല്ലാം ഒപ്പിട്ട, 2009-ല്‍ നിയമമായ ലിസ്ബണ്‍ ഉടമ്പടിയിലെ 50-ാം അനുച്ഛേദപ്രകാരമാണ് ബ്രെക്‌സിറ്റ് നടപ്പാക്കുന്നത്. യൂറോപ്യന്‍ യൂണിയനുമായി ഉടമ്പടിയിലെത്തണമെങ്കില്‍ രണ്ടുവര്‍ഷത്തിനുള്ളിലാവണം എന്നാണ് അതില്‍ പറയുന്നത്. അംഗരാജ്യങ്ങളെല്ലാം സമ്മതിച്ചാല്‍ ഈ കാലാവധി നീട്ടാം. പക്ഷേ, അതുണ്ടാവണമെങ്കില്‍ ഉടമ്പടി നടപ്പാക്കുന്നതിനെക്കുറിച്ച് ബ്രിട്ടന്റെ ഭാഗത്ത്് വ്യക്തതവേണം. ഇപ്പോഴത്തെ സാഹചര്യത്തില്‍ അതില്ല. 
 
 കടരുകരാര്‍ പൂര്‍ണമായും റദ്ദാക്കി, 50-ാം അനുച്ഛേദപ്രകാരമുള്ള നടപടിക്രമങ്ങള്‍ ആദ്യം മുതല്‍ തുടങ്ങുക. പക്ഷേ, നിയമപരമായ നൂലാമാലകള്‍ ഏറെയുണ്ട്. ഇതുവരെയുള്ള നടപടിക്രമങ്ങളുടെ ചെലവ് ആരുവഹിക്കുമെന്ന ചോദ്യമുയരും. തന്നെയുമല്ല, യൂറോപ്യന്‍ യൂണിയന്‍ നിലപാട് കൂടുതല്‍ കടുപ്പിക്കാനുള്ള സാധ്യതയുമുണ്ട്.വീണ്ടും ഹിതപരിശോധന നടത്തുക. ഇതിന് പുതിയ നിയമം പാസാക്കേണ്ടിവരും. കാരണം, 2016-ലെ ഹിതപരിശോധനയ്ക്കായുള്ള ബില്‍ പാര്‍ലമെന്റില്‍ പാസാക്കിയെടുക്കാന്‍ ഏഴുമാസമാണ് വേണ്ടിവന്നത്. മാര്‍ച്ച് 29-നു മുമ്പ് അതിനുകഴിയുമെന്നുറപ്പില്ല. അല്ലെങ്കില്‍ 50-ാം അനുച്ഛേദം നടപ്പാക്കാനുള്ള കാലാവധി യൂറോപ്യന്‍ യൂണിയന്‍ നീട്ടിക്കൊടുക്കണം. 
 
 ബ്രെക്‌സിറ്റ് തന്നെ വേണ്ടെന്നുവെക്കുക. ബ്രിട്ടന് ബ്രെക്‌സിറ്റില്‍നിന്ന് ഏകപക്ഷീയമായി പിന്‍മാറാമെന്ന് യൂറോപ്യന്‍ നീതിന്യായക്കോടതി ഈയാഴ്ച ആദ്യം വിധിച്ചിരുന്നു. മേയും അതുതന്നെയാണ് പറയുന്നത്, ''ഞാന്‍ തരുന്ന ബ്രെക്‌സിറ്റ് സ്വീകരിക്കുക. അല്ലെങ്കില്‍ ബ്രെക്‌സിറ്റേ വേണ്ടെന്നുവെക്കാം.'' -പക്ഷേ, ഇങ്ങനെയൊരു നിര്‍ദേശം അംഗീകരിക്കാന്‍ കുറഞ്ഞത് 117 കണ്‍സര്‍വേറ്റീവ് എം.പി.മാര്‍ക്കെങ്കിലും സമ്മതമല്ലെന്ന് വ്യക്തമായിക്കഴിഞ്ഞു. 
 
 മാറ്റിവെക്കല്‍ എന്ന തന്ത്രം

കരാര്‍ നടപ്പാക്കാന്‍ രണ്ടുമാസം മാത്രം ബാക്കിയുള്ളപ്പോള്‍ കരടുകരാര്‍ പാര്‍ലമെന്റില്‍ വോട്ടിനിടുകയെന്നത് മേയുടെ തന്ത്രമായി കരുതുന്നുണ്ട് ചില രാഷ്ട്രീയനിരീക്ഷകര്‍. മറ്റുവഴികള്‍ തേടാന്‍ സമയമില്ല എന്നുവരുമ്പോള്‍ പാര്‍ലമെന്റ് തന്റെ കരാറിനെ അനുകൂലിക്കുമെന്നാണ് മേയുടെ ചിന്തയെന്ന് ഇവര്‍ പറയുന്നു. അംഗീകരിച്ചില്ലെങ്കില്‍ കരാറില്ലാതെയുള്ള ദുരിതംപിടിച്ച പുറത്തുപോകലാവും ഫലം. സമ്മര്‍ദം ചെലുത്തി അംഗീകരിപ്പിച്ചാല്‍ അത് വരുംവര്‍ഷങ്ങളില്‍ ബ്രിട്ടനെ പ്രശ്‌നകലുഷമാക്കും. 
 
കരാര്‍ പാര്‍ലമെന്റില്‍ പാസായില്ലെങ്കില്‍ പ്രതിപക്ഷകക്ഷിയായ ലേബര്‍ പാര്‍ട്ടിക്ക് പ്രധാനമന്ത്രിക്കെതിരേ അവിശ്വാസപ്രമേയം കൊണ്ടുവരാം. തീവ്ര ഇടതുപക്ഷക്കാരനായ ജെറെമി കോര്‍ബിന് പ്രധാനമന്ത്രിയാവാന്‍ അവസരമൊരുക്കുന്ന ആ നടപടിയെ ഭരണകക്ഷി എം.എല്‍.എ.മാര്‍ അനുകൂലിക്കണമെന്നില്ല. 

BREXIT


 
വിവാദമായ ബാക്സ്റ്റോപ്പ് 

ബ്രെക്‌സിറ്റ് കരാര്‍ ചര്‍ച്ചകളിലെ കീറാമുട്ടികളിലൊന്ന് ഉത്തര അയര്‍ലന്‍ഡായിരുന്നു. ബ്രെക്‌സിറ്റ് നടപ്പായിക്കഴിഞ്ഞാലും ബ്രിട്ടന്റെ ഭാഗമായ ഉത്തര അയര്‍ലന്‍ഡിന്റെയും സ്വതന്ത്രരാജ്യമായ റിപ്പബ്ലിക് ഓഫ് അയര്‍ലന്‍ഡിന്റെയും അതിര്‍ത്തി ഇപ്പോഴത്തേതുപോലെ ചെക്പോസ്റ്റുകളില്ലാതെ തുടരണം. ഉത്തര അയര്‍ലന്‍ഡില്‍നിന്നുള്ള ചരക്കുകള്‍ യൂറോപ്യന്‍ യൂണിയന്റെ ഭാഗമായ റിപ്പബ്ലിക് ഓഫ് അയര്‍ലന്‍ഡിന്റെ അതിര്‍ത്തിയില്‍ പരിശോധിക്കാന്‍ പാടില്ല. ഉത്തര അയര്‍ലന്‍ഡിലെ 40 വര്‍ഷം നീണ്ട വിഘടനവാദപ്പോരാട്ടങ്ങളുടെ ചോരപുരണ്ട ചരിത്രം ഓര്‍മയുള്ളതുകൊണ്ടാണ് മേയ് ഈ ആവശ്യം മുന്നോട്ടുവെച്ചത്. യൂറോപ്യന്‍ യൂണിയന്‍ അത് അംഗീകരിച്ചു. പക്ഷേ, യൂറോപ്യന്‍ യൂണിയനെന്ന ഏകവിപണിയില്‍ നിന്നും കസ്റ്റംസ് യൂണിയനില്‍നിന്നും വിട്ടുപോവുക എന്ന ബ്രിട്ടന്റെ ആഗ്രഹത്തിന് ഇതു തടസ്സമായി. അങ്ങനെയാണ് തടസ്സനിവാരണഉടമ്പടി എന്ന പരിഹാരത്തില്‍ ഇരുകൂട്ടരും എത്തിച്ചേര്‍ന്നത്. അതനുസരിച്ച് വിടുതല്‍ക്കരാര്‍ പൂര്‍ണമായി നടപ്പിലാവുംവരെ മാത്രം (അതിനുള്ള നടപടിക്രമങ്ങള്‍ 2019 മാര്‍ച്ച് 29-നുശേഷമേ തുടങ്ങൂ) ബ്രിട്ടന്‍ യൂറോപ്യന്‍ യൂണിയന്റെ നികുതിച്ചട്ടക്കൂടില്‍ തുടരും. ഇതിനിടെ ഉത്തര അയര്‍ലന്‍ഡിനും റിപ്പബ്ലിക് ഓഫ് അയര്‍ലന്‍ഡിനുമിടയില്‍ എന്തുതരം കസ്റ്റംസ് പരിശോധനകള്‍ സാധ്യമാണെന്നകാര്യത്തില്‍ തീരുമാനമുണ്ടാക്കണം. 

ബ്രെക്‌സിറ്റ് പൂര്‍ണമായി നടപ്പാകാന്‍ എത്രകാലമെടുക്കുമെന്ന് പറയാനാവില്ല. ഇക്കാലത്തിനിടെ കരാറില്‍നിന്ന് ഏകപക്ഷീയമായി പിന്‍മാറാനുമാവില്ല. ഫലത്തില്‍ ബ്രിട്ടനെ യൂറോപ്യന്‍ യൂണിയനില്‍ത്തന്നെ കുടുക്കിയിടുന്ന ഈ തടസ്സനിവാരണഉടമ്പടി ഹാര്‍ഡ് ബ്രെക്‌സിറ്റുകാര്‍ക്ക് സ്വീകാര്യമല്ല. ഒറ്റവിപണിയില്‍നിന്നും ഏകീകൃതനികുതി ചട്ടക്കൂടില്‍നിന്നും പുറത്തുകടന്ന് മറ്റുരാജ്യങ്ങളുമായി വ്യാപാരത്തിലേര്‍പ്പെടുക എന്ന മോഹവുമായി ബ്രെക്‌സിറ്റിനെ അനുകൂലിച്ചവരാണവര്‍. മേയുടെ സര്‍ക്കാരിനെ പിടിച്ചുനിര്‍ത്തുന്ന ഉത്തര അയര്‍ലന്‍ഡ് പാര്‍ട്ടിയായ ഡെമോക്രാറ്റിക് യൂണിയനിസ്റ്റ് പാര്‍ട്ടിക്കും ഈ കരാര്‍ സ്വീകാര്യമല്ല. യൂറോപ്യന്‍ യൂണിയനില്‍നിന്ന് പൂര്‍ണമായ വിടുതലാണ് ഇവര്‍ ആവശ്യപ്പെടുന്നത്. പ്രശ്‌നപരിഹാരത്തിനായി ഉത്തര അയര്‍ലന്‍ഡിന് പ്രത്യേകപദവികളെന്തെങ്കിലും നല്‍കിയാല്‍ അതിനെ എതിര്‍ക്കുമെന്നും അവര്‍ വ്യക്തമാക്കിയിട്ടുണ്ട്.

Content higlights: Brexit, Teresa May