യോധ്യയിലെ രാമജന്മഭൂമിയില്‍ ക്ഷേത്രനിര്‍മാണത്തിന് ഉടന്‍ നടപടികള്‍ സ്വീകരിക്കണമെന്ന് പൊടുന്നനെ ആവശ്യമുയര്‍ന്നിരിക്കുന്നു. ബാബറി മസ്ജിദ് തര്‍ക്കക്കെട്ടിടം പൊളിച്ചിട്ട് 26 വര്‍ഷംകഴിഞ്ഞു. ഇക്കഴിഞ്ഞ ഒക്ടോബര്‍ 30-നാണ് സുപ്രീകോടതി രാമജന്മഭൂമി-ബാബറി മസ്ജിദ് കേസ് വിചാരണ ജനുവരിയിലേക്കു തീരുമാനിച്ചത്. തീയതി ബന്ധപ്പെട്ട ബെഞ്ച് തീരുമാനിക്കുമെന്നാണ് ഉത്തരവുണ്ടായത്. എന്നിട്ടും എന്തുകൊണ്ടാണ് രാമക്ഷേത്രനിര്‍മാണത്തിന് ഉടനെ നടപടികളുണ്ടാകണമെന്ന ആവശ്യം ശക്തമായിരിക്കുന്നത്? 
ബി.ജെ.പി.യുടെ അക്ഷമ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ പ്രതികരണത്തില്‍നിന്ന് വ്യക്തമാണ്. കേസ് വിചാരണ ജനുവരിയിലേക്ക് നിശ്ചയിച്ചുകൊണ്ടുള്ള സുപ്രീംകോടതി തീരുമാനം വന്നപ്പോള്‍ യോഗിയുടെ പ്രതികരണം കോടതിയെ ഗുണദോഷിക്കുന്ന വിധത്തിലായിരുന്നു.: ''നീതി വൈകിക്കുന്നത് ചിലപ്പോള്‍ അനീതിയാകും. രാജ്യത്ത് സമാധാനവും മൈത്രിയും പുലരുന്നതിന് കോടതിവിധി നേരത്തേ വരുന്നതാവും നല്ലത്.'' ഇതായിരുന്നു യോഗി പറഞ്ഞത്. ക്ഷേത്രനിര്‍മാണം ഉടനെ തുടങ്ങാവുന്നതാണ് എന്നാണ് അദ്ദേഹത്തിന്റെ അഭിപ്രായം. നേരത്തേതന്നെ ക്ഷേത്രത്തിനു തറക്കല്ലിട്ടുകഴിഞ്ഞു. നിര്‍മാണസാമഗ്രികളെല്ലാം ഒരുക്കി. അതായത് നിര്‍മാണം തുടങ്ങിയാല്‍ പെട്ടെന്ന് പൂര്‍ത്തിയാക്കാന്‍ കഴിയും.

ഓര്‍ഡിനന്‍സിന് തിടുക്കം

സുപ്രീംകോടതിയെ കാത്തുനില്‍ക്കാതെ നിര്‍മാണം തുടങ്ങാന്‍ ഓര്‍ഡിനന്‍സ് പുറപ്പെടുവിക്കണമെന്നും ആവശ്യം ഉയര്‍ന്നിട്ടുണ്ട്. രാമജന്മഭൂമി നില്‍ക്കുന്ന യു.പി. സംസ്ഥാനവും കേന്ദ്രവും ഭരിക്കുന്നത് ബി.ജെ.പി.യല്ലേ, എന്തുകൊണ്ട് രാമക്ഷേത്രം നിര്‍മിക്കാന്‍ നിയമനടപടികളെടുത്തുകൂടാ എന്നൊക്കെയാണ് വാദങ്ങള്‍. സംഘപരിവാറില്‍നിന്നും ബി.ജെ.പി.യുടെ മറ്റു പിന്തുണശക്തികളില്‍ നിന്നുമുള്ള ഈ ആവശ്യം ഗൗരവമായ സ്ഥിതിവിശേഷം ഉണ്ടാക്കുന്നുണ്ട്. ക്ഷേത്രനിര്‍മാണം വേഗംനടത്താന്‍ നിയമനടപടിയിലേക്കു നീങ്ങാന്‍ കേന്ദ്രസര്‍ക്കാര്‍ തയ്യാറായാല്‍ അദ്ഭുതപ്പെടാനില്ല.

നഗരങ്ങളുടെ പേരുമാറ്റം; പ്രതിമകളും

2019-ലെ ലോക്സഭാ തിരഞ്ഞെടുപ്പിലേക്കുള്ള രാഷ്ട്രീയതന്ത്രമായാണ് ബി.ജെ.പി.യും സംഘപരിവാറും പതിവുപോലെ അയോധ്യാപ്രശ്‌നം ഉന്നയിക്കുന്നത് എന്നാണ് വ്യാഖ്യാനിക്കപ്പെടുന്നത്. ഇത്തവണ അതുമാത്രമല്ല, ഇസ്ലാമിക നാമങ്ങളുള്ള, മുഗള്‍ പൈതൃകപേരുകളുള്ള ചില നഗരങ്ങളുടെ പേരുകള്‍ മാറ്റുമെന്നുള്ള പ്രഖ്യാപനങ്ങളുമുണ്ട്.
182 അടി ഉയരത്തില്‍, ലോകത്തിലെ ഏറ്റവും ഉയരമുള്ള പ്രതിമ എന്ന അംഗീകാരത്തോടെ 3000 കോടി രൂപ ചെലവില്‍ സ്ഥാപിക്കപ്പെട്ട സര്‍ദാര്‍ വല്ലഭ്ഭായ് പട്ടേലിന്റെ പ്രതിമയ്ക്കു പിന്നാലെ പടുകൂറ്റന്‍ പ്രതിമകള്‍ വേറെയും വരുന്നുവെന്ന പ്രഖ്യാപനങ്ങളുണ്ട്. അയോധ്യയില്‍ ക്ഷേത്രത്തിന് പുറമേ ശ്രീരാമ പ്രതിമ, മുംബൈയില്‍ കടല്‍ നികത്തിയ വിശാലമായ സ്ഥലത്ത് 'മറാത്താ ഗൗരവാ'യി ഛത്രപതി ശിവജിയുടെ പ്രതിമ. 2019-ലേക്ക് പുതിയ വാഗ്ദാനങ്ങളുടെ പെരുമഴ!

ഹിന്ദു ഓവര്‍ഡോസ്

ഇത്രയും കാര്യങ്ങള്‍ ഹിന്ദു ഓവര്‍ഡോസ് ആയി കൊണ്ടുവരുന്നതില്‍ ബി.ജെ.പി.ക്കു പുറത്ത് അല്പം അദ്ഭുതമുണ്ട്. 2014-ല്‍ വലിയ ഭൂരിപക്ഷത്തോടെ അധികാരത്തില്‍ വന്ന ബി.ജെ.പി.ക്ക് അഞ്ച് വര്‍ഷത്തെ ഭരണത്തിനുശേഷം 2019 ജയിക്കാന്‍ ഇത്രയും ഹൈന്ദവ-പ്രാദേശിക വികാരകവചം ആവശ്യമുണ്ടോ എന്നാണ് ചോദ്യം. 2014 ആവര്‍ത്തിക്കാന്‍ ബി.ജെ.പി.ക്കു കഴിയില്ല എന്ന ഒരു തോന്നല്‍ അവര്‍ക്കുണ്ടായിട്ടുണ്ട് എന്നു കരുതണം. 
2014 ആവര്‍ത്തിക്കില്ല എന്നു ബി.ജെ.പി.ക്കു തോന്നാന്‍ മതിയായ കാരണങ്ങളുണ്ട്. ഒന്ന് ഭരണവിരുദ്ധ വികാരംതന്നെ. കഴിഞ്ഞ അഞ്ച് വര്‍ഷക്കാലത്തില്‍ ഡല്‍ഹിയും പഞ്ചാബും കര്‍ണാടകയുമൊഴികെ ഓരോ സംസ്ഥാന തിരഞ്ഞെടുപ്പുകളും അനായാസം ജയിക്കുന്ന ബി.ജെ.പി. നിയമസഭകളിലേക്കായാലും ലോക്സഭയിലേക്കായാലും ഉപതിരഞ്ഞെടുപ്പുകളില്‍ തോല്‍ക്കുന്നതാണ് കണ്ടത്. അതിന്റെ ഏറ്റവും പുതിയ ഉദാഹരണമാണ് കര്‍ണാടകയില്‍ കണ്ടത്. ബി.ജെ.പി. കോട്ടയായി അറിയപ്പെടുന്ന ബല്ലാരി അടക്കമുള്ള നാല് സീറ്റുകളില്‍ ബി.ജെ.പി. പരാജയപ്പെട്ടു. യു.പി.യില്‍ നടന്ന ഉപതിരഞ്ഞെടുപ്പുകളിലും ഫലം മറിച്ചായില്ല. 

പ്രതിപക്ഷ മഹാമുന്നണി

ബി.ജെ.പി.യെ അലോസരപ്പെടുത്തുന്ന മറ്റൊരു ഘടകം പ്രതിപക്ഷ പാര്‍ട്ടികളുടെ മഹാമുന്നണി ശ്രമമാണ്. ബി.ജെ.പി.ക്കെതിരേ ഒരേയൊരു പ്രതിപക്ഷ സ്ഥാനാര്‍ഥി എന്ന തന്ത്രമാണ് അവര്‍ക്കിടയില്‍ ആലോചനയുള്ളത്. 2014-ല്‍ ബി.ജെ.പി.യോടൊപ്പമുണ്ടായിരുന്ന ടി.ഡി.പി. നേതാവ് ചന്ദ്രബാബു നായിഡു ഈ തന്ത്രവുമായാണ് സംസ്ഥാനങ്ങളില്‍ സഞ്ചരിക്കുന്നത്. ബി.ജെ.പി. അധികാരത്തില്‍ തിരിച്ചുവരരുത് എന്ന് ഏറ്റവുമധികം ആഗ്രഹിക്കുന്നത് കോണ്‍ഗ്രസാണ്. അതുകൊണ്ടുതന്നെ പ്രതിപക്ഷത്തെ ഒരുമിച്ചുനിര്‍ത്താന്‍ എന്തു ത്യാഗത്തിനും തങ്ങള്‍ തയ്യാറാണ് എന്ന് കോണ്‍ഗ്രസ് പ്രസ്താവിച്ചിട്ടുണ്ട്. പ്രതിപക്ഷം ജയിക്കുന്നുവെങ്കില്‍ പ്രധാനമന്ത്രിയാകണമെന്ന് തനിക്ക് നിര്‍ബന്ധമില്ലെന്നും  എന്നാല്‍,  എല്ലാവര്‍ക്കും സമ്മതമാണെങ്കില്‍ പ്രധാനമന്ത്രിയാവാനും താന്‍ തയ്യാറാണെന്നുമാണ്  കോണ്‍ഗ്രസധ്യക്ഷന്‍ രാഹുല്‍ഗാന്ധി പറഞ്ഞത്. 

പ്രതിപക്ഷ ശക്തികേന്ദ്രങ്ങള്‍

പ്രതിപക്ഷ മഹാസഖ്യം യാഥാര്‍ഥ്യമാകുമോ എന്ന കാര്യം ഉറപ്പിക്കാനാവില്ല. ഇപ്പോള്‍ നടക്കുന്ന രാജസ്ഥാന്‍, മധ്യപ്രദേശ്, ഛത്തീസ്ഗഢ് നിയമസഭാ തിരഞ്ഞെടുപ്പുകളില്‍ കോണ്‍ഗ്രസും മായാവതിയുടെ ബി.എസ്.പി.യും തമ്മില്‍ സഖ്യമുണ്ടാകുമെന്ന് പ്രതീക്ഷിച്ചതാണ്. ഏറെ ചര്‍ച്ചകളും നടന്നിരുന്നു. പക്ഷേ, അവസാനം അത് ചീറ്റിപ്പോയി. എങ്കിലും ഓരോ സംസ്ഥാനത്തും അതിന്റെ രാഷ്ട്രീയ സ്വഭാവമനുസരിച്ച് ബി.ജെ.പി.ക്കെതിരേ ഒരു സ്ഥാനാര്‍ഥി എന്ന തന്ത്രമുണ്ടായേക്കാം എന്ന് ബി.ജെ.പി. സംശയിക്കുന്നുണ്ട്. പ്രത്യേകിച്ചും 80 ലോക്സഭാ സീറ്റുകളുള്ള യു.പി.യില്‍. 
1980-ല്‍ പാര്‍ലമെന്റില്‍ രണ്ട് അംഗങ്ങളായി ചുരുങ്ങിയ ബി.ജെ.പി. ഉണര്‍ന്നെഴുന്നേറ്റത് അയോധ്യാ പ്രക്ഷോഭത്തിലൂടെയാണ്. സാമുദായിക ധ്രുവീകരണമാണ് ബി.ജെ.പി.യുടെ പ്രധാന രാഷ്ട്രീയതന്ത്രം. അതിനുയോജിച്ച നിലയിലുള്ള അതിഹിന്ദുത്വ സമീപനങ്ങളാണ് ഹിന്ദു സമ്മര്‍ദ ഗ്രൂപ്പുകള്‍ ചെയ്തുകൊണ്ടിരിക്കുന്നത്. പശുസുരക്ഷാ, ഘര്‍വാപ്പസി തുടങ്ങിയവ. 

ജനം ചോദിക്കുന്നു

ലോക്സഭാ പൊതുതിരഞ്ഞെടുപ്പ് ആറുമാസത്തിനകം നടക്കാനിരിക്കെ പൊടുന്നനെ ഹിന്ദുവികാരം ഉയര്‍ത്തുന്ന പ്രഖ്യാപനങ്ങളും ആശയങ്ങളും വരുമ്പോള്‍ സ്വാഭാവികമായും ജനം ചോദിക്കും - ഇവയാണോ ഇപ്പോള്‍ രാജ്യത്തെ ഏറ്റവും വലിയ പ്രശ്‌നം. തൊഴിലില്ലായ്മ, വളര്‍ച്ചാമാന്ദ്യം, കാര്‍ഷിക പ്രശ്‌നം, തീവ്രവാദി-ഭീകര പ്രവര്‍ത്തനങ്ങള്‍, വിലക്കയറ്റം എന്നിവയെക്കാള്‍ അടിയന്തരമായ കാര്യമാണോ ഇവ? നോട്ടു പിന്‍വലിച്ചതുമൂലമുണ്ടായ ദുരിതങ്ങളുടെ വിപരീത പദമായാണ് 'അച്ഛേ ദിന്‍' ഇപ്പോള്‍ വ്യാഖ്യാനിക്കപ്പെടുന്നത്. മോദി ഗവണ്‍മെന്റ് കൈക്കൊണ്ട ചില സാമ്പത്തിക നടപടികള്‍ പാളിപ്പോയിട്ടുണ്ട്. ഉദ്ദേശിച്ച ഫലമുണ്ടായില്ല എന്ന് പരാതിയുണ്ട്. ഈ പരാതികളെയും പരിഭവങ്ങളെയും മായ്ക്കാന്‍ അതി ഹിന്ദു വികാരത്തിനാവുമോ?