സ്വാതന്ത്ര്യം നേടി ഏഴ് പതിറ്റാണ്ടുകള്‍ പിന്നിടുമ്പോള്‍ ആഗോള സമ്പദ്‌വ്യവസ്ഥയില്‍ ഇന്ത്യക്ക് വ്യക്തമായ സ്ഥാനമാണുള്ളത്. എന്നാല്‍ ഇത്തരമൊരു വളര്‍ച്ചയിലേക്ക് രാജ്യത്തെ നയിച്ചത് പെട്ടെന്നൊരു സുദിനത്തിലുണ്ടായ പരിഷ്‌കരണമല്ല. പതിറ്റാണ്ടുകള്‍ നീണ്ട ആസൂത്രണ പദ്ധതികളും രാഷ്ട്രതന്ത്രജ്ഞരുടേയും സാമ്പത്തിക വിദഗ്ദരുടേയും പ്രയത്നവും ഈ വളര്‍ച്ചയില്‍ നിര്‍ണായകമായിരുന്നു. സ്വാതന്ത്ര്യം നേടിയ കാലത്ത് സ്വന്തമായി സാമ്പത്തിക ക്രമം - ആഭ്യന്തര തലത്തിലും അന്താരാഷ്ട്ര തലത്തിലും - രൂപീകരിക്കുക എന്നത് ഇന്ത്യയെ സംബന്ധിച്ചിടത്തോളം ദുഷ്‌കരമായിരുന്നു. എന്നാല്‍ അതുവരെ ഭരിച്ചിരുന്ന ബ്രിട്ടീഷ് സാമ്രാജ്യം സ്വീകരിച്ചുപോന്നിരുന്ന അമേരിക്കന്‍ സാമ്പത്തിക ക്രമം കൈക്കൊള്ളാന്‍ രാജ്യം തയ്യാറായിരുന്നില്ല. തികച്ചും വ്യത്യസ്തമായി മുതലാളിത്ത-സോഷ്യലിസ്റ്റ് സാമ്പത്തിക വ്യവസ്ഥകളുടെ നല്ലവശങ്ങള്‍ കൂട്ടിച്ചേര്‍ത്ത മിശ്ര സമ്പദ് വ്യവസ്ഥയ്ക്ക് ഇന്ത്യ രൂപം നല്‍കി. പില്‍ക്കാലത്ത് പലപ്പോഴായി ആവശ്യമായ മാറ്റങ്ങള്‍ വരുത്താനും നയങ്ങള്‍ സ്വീകരിക്കാനും രാജ്യം തയ്യാറാവുകയും ചെയ്തു. 

ആഗോള തലത്തില്‍ സ്വീകാര്യമായിരുന്ന അമേരിക്കന്‍ മാതൃക ഇന്ന് കടുത്ത പ്രതിസന്ധിയിലാണ്. സാമ്പത്തിക ധ്രുവീകരണത്തേക്കുറിച്ചുള്ള ചര്‍ച്ചകള്‍ക്ക് വേദിയാകുന്നത് വാഷിങ്ടണ്‍ മാത്രമല്ല, അമേരിക്കന്‍ മാതൃക സ്വീകരിച്ച യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങളുടെ തലസ്ഥാന നഗരങ്ങള്‍ കൂടിയാണ്. ആഭ്യന്തര സമ്പദ്‌വ്യവസ്ഥയില്‍ ഉള്ളവനും ഇല്ലാത്തവനും തമ്മിലുള്ള അന്തരം വര്‍ധിക്കുമ്പോള്‍ അന്താരാഷ്ട്ര തലത്തില്‍ നിലനില്‍പ്പിന്റെ പ്രശ്നം കൂടിയായി മാറിയിരിക്കുകയാണ് ഈ രാജ്യങ്ങളില്‍ നിലവിലുള്ള സാമ്പത്തിക ക്രമം. അതേസമയം അന്താരാഷ്ട്ര സാമ്പത്തിക വ്യവസ്ഥ ഏഷ്യന്‍ രാജ്യങ്ങളുടെ നിയന്ത്രണത്തിലേക്ക് ഒരിക്കല്‍ക്കൂടി വന്നിരിക്കുകയാണെന്ന പ്രത്യേകതയുമുണ്ട്. 

സാമ്പത്തിക ക്രമത്തില്‍ ആഗോളതലത്തില്‍ സംജാതമായിരിക്കുന്ന പുതിയ അവസ്ഥയില്‍ സ്വന്തം വികസനത്തിനും സുരക്ഷയ്ക്കും വളര്‍ച്ചയ്ക്കുമൊപ്പം ലോകത്തിലെ മറ്റ് വികസ്വര രാജ്യങ്ങളുടെ വികസന കാര്യങ്ങളിലും ഫലപ്രദമായി ഇടപെടാനുള്ള അവസരം ഇന്ത്യക്ക് വന്നുചേര്‍ന്നിരിക്കുകയാണ്. വളര്‍ന്നുകൊണ്ടിരിക്കുന്ന അതിശക്ത രാഷ്ട്രം എന്ന നിലയില്‍ വരുന്ന പതിറ്റാണ്ടുകളില്‍ ഇന്ത്യയുടെ പ്രാഥമിക പരിശ്രമങ്ങളും ഇതിന് വേണ്ടിയാകണം. 

india
Image:Reuters

മാറുന്ന ലോകക്രമം

ഏഷ്യന്‍ രാജ്യങ്ങളുടെ അസാമാന്യമായ വളര്‍ച്ച പ്രദേശത്ത് ഒരേസമയം രണ്ട് തരത്തിലുള്ള അവസ്ഥാന്തരമാണ് സൃഷ്ടിച്ചത്. ഒന്നാമത്തേത് രാജ്യാന്തര അതിര്‍ത്തികള്‍ക്കപ്പുറത്തേക്കുള്ള സഹകരണമാണ്. ഒരുകാലത്ത് കോളനി ഭരണത്തിന് കീഴിലായിരുന്ന രാജ്യങ്ങളെല്ലാം ഇന്ന് പരസ്പര സാമ്പത്തിക - വികസന പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടാന്‍ സന്നദ്ധമാണ്. കര മാര്‍വും ജലമാര്‍ഗവും വ്യോമമാര്‍ഗവുമുള്ള വ്യാപാരങ്ങളില്‍ പരസ്പര സഹകരണത്തോടെ ഏര്‍പ്പെടാന്‍ ഇന്ന് ഏഷ്യന്‍ രാജ്യങ്ങള്‍ തയ്യാറാണ്. വ്യാപാര ബന്ധങ്ങള്‍ സാംസ്‌കാരിക മാറ്റങ്ങളും കൊണ്ടുവരുന്നുണ്ടെന്നതില്‍ തര്‍ക്കമില്ല. 

ഇത്തരം യാഥാര്‍ഥ്യങ്ങള്‍ നിലനില്‍ക്കുമ്പോഴും രാഷ്ട്രീയ വിയോജിപ്പുകള്‍ നിലനില്‍ക്കുന്നുവെന്നതാണ് രണ്ടാമത്തെ സ്ഥിതിവിശേഷം. ഏഷ്യ-പസഫിക് മേഖലയുടെ ഐക്യത്തിന് വിഘാതമാകുന്നതും ഇതേ രാഷ്ട്രീയ ഭിന്നിപ്പ് തന്നെയാണ്. സാമ്പത്തികമായി ഒരുമിക്കുന്ന ഏഷ്യന്‍ രാജ്യങ്ങള്‍ രാഷ്ട്രീയമായും ഒന്നാകുമ്പോള്‍ മാത്രമേ മേഖലയുടെ വികസനം പൂര്‍ണമായ രീതിയില്‍ സാധ്യമാവുകയുള്ളൂ. രാഷ്ട്രീയ ഭിന്നതയ്ക്ക് ഒരു പരിധിയിലേറെ കാരണമാകുന്നതാകട്ടെ ചൈനയുടെ നയങ്ങളും. ആഗോള സാമ്പത്തിക ക്രമത്തില്‍ ഇന്ന് ചൈനയ്ക്കുള്ള സ്വാധീനം ചെറുതല്ല. മാറുന്ന ലോകത്തിന്റെ വളര്‍ച്ചയ്ക്ക് അനുയോജ്യമായ ബദല്‍ സാമ്പത്തിക മാതൃക നിര്‍ദേശിക്കാനും ചൈനയ്ക്ക് കഴിഞ്ഞേക്കും. എന്നാല്‍ സാമ്പത്തിക വളര്‍ച്ചയ്ക്കായി സ്വന്തം കാര്യങ്ങള്‍ മാത്രം പരിഗണിച്ചുകൊണ്ടുള്ള ചൈനയുടെ നീക്കം ഇന്ത്യ ഉള്‍പ്പെടെയുള്ള രാജ്യങ്ങളെ അസ്വസ്ഥമാക്കുന്നുണ്ട്. 

സ്വാതന്ത്ര്യാനന്തരം ഇന്ത്യയുടെ വളര്‍ച്ച

india

പുതിയ സാമ്പത്തിക ക്രമം സ്വീകരിക്കുമ്പോള്‍ - ചില പൊതുതാല്‍പര്യങ്ങള്‍

സ്വാതന്ത്ര്യാനന്തരമുള്ള വളര്‍ച്ചകളില്‍ അഭിമാനിക്കാമെങ്കിലും ആഗോള സാമ്പത്തിക ശക്തിയായി മാറാന്‍ രാജ്യത്തിന് ഇനിയും ഏറെ കടമ്പകള്‍ കടക്കേണ്ടതുണ്ട്. സ്വാതന്ത്ര്യത്തിന്റെ നൂറാം വാര്‍ഷികം ആഘോഷിക്കുമ്പോഴേക്കും എല്ലാവരേയും കൂടുതല്‍ തുല്യരായി കണാന്‍ കഴിയുന്നതും എല്ലാവരേയും ഉള്‍പ്പെടുത്താന്‍ കഴിയുന്നതും അന്താരാഷ്ട്ര അംഗീകാരം നേടിയെടുക്കാനും കഴിയുന്ന സാമ്പത്തിക മാതൃക ഇന്ത്യ നടപ്പാക്കേണ്ടിയിരിക്കുന്നു. ഇതിനായി സ്വയം തിരിച്ചറിവ് ഉണ്ടാവുകയാണ് ആദ്യം വേണ്ടത്.  

അന്താരാഷ്ട്ര നാണ്യനിധിയുടെ കണക്കുകള്‍ പ്രകാരം ആഗോള സാമ്പത്തിക വളര്‍ച്ചയില്‍ 15 ശതമാനത്തിലധികം ഇന്ത്യയുടെ സംഭാവനയാണ്. എന്നാല്‍ 40 ശതമാനത്തിലേറെ ഇന്ത്യന്‍ ജനത ഇന്നും ദാരിദ്ര്യത്തിന്റെ പല തട്ടുകളില്‍ കഴിയുന്നവരാണെന്ന വിരോധാഭാസവും മറു ഭാഗത്തുണ്ട്. രാജ്യത്തെ ജനസംഖ്യയില്‍ ഏതാണ്ട് മൂന്നില്‍ ഒന്നിന് മാത്രമേ ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമായിട്ടുള്ളൂ. വികസന കാര്യങ്ങള്‍ ചര്‍ച്ചയ്ക്ക് വരുമ്പോള്‍ മിക്കപ്പോഴും ഇത്തരം കണക്കുകള്‍ വിസ്മരിക്കാറാണ് പതിവ്. ഐക്യരാഷ്ട്രസഭയുടെ സുസ്ഥിര വികസന ലക്ഷ്യങ്ങള്‍ (UN Sustainable Development Goals) 2030ഓടെ നേടിയെടുക്കാന്‍ കഴിഞ്ഞാല്‍ മുകളില്‍ പറഞ്ഞിരിക്കുന്ന 15 ശതമാനത്തിന്റെ കണക്ക് എത്രകണ്ട് ഉയരാനിരിക്കുന്നു എന്നതും ഇതിനോട് ചേര്‍ത്തു വായിക്കേണ്ടതാണ്. 

മറ്റു രാജ്യങ്ങള്‍ക്ക് മാതൃകയാക്കാന്‍ തക്കവണ്ണം വ്യാവസായിക മുന്നേറ്റം നടത്താനും മൂലധന നിക്ഷേപത്തിനും തന്ത്രപരമായ വ്യാപാര സംസ്‌കാരം രൂപപ്പെടുത്തുന്നതിനും ഇന്ത്യ ശ്രദ്ധിക്കേണ്ടിയിരിക്കുന്നു. സാര്‍വദേശീയമായ നവീകരണമാകണം ഇന്ത്യയുടെ ഭാഗത്തുനിന്ന് ഉണ്ടാകേണ്ടത്. അന്താരാഷ്ട്ര സമൂഹങ്ങളുടെ അഭിപ്രായങ്ങള്‍ കൂടി സമന്വയിപ്പിച്ചുകൊണ്ടുള്ള നയരൂപീകരണമാവും ഇതിന് കൂടുതല്‍ ഉചിതമാവുക. അതിവേഗം വളര്‍ന്നുകൊണ്ടിരിക്കുന്ന ഇന്ത്യന്‍ സമ്പദ്വ്യവസ്ഥ കൂടുതല്‍ ശക്തവും സുസ്ഥിരവുമാകുന്നതിലൂടെ മാത്രമേ ഉദാരമായ ജനാധിപത്യ നയങ്ങള്‍ക്കിടയിലും വികസന ലക്ഷ്യങ്ങള്‍ കൈവരിക്കാനുള്ള പ്രാപ്തി രാജ്യത്തിനുണ്ടെന്ന് ലോക രാജ്യങ്ങളെ ബോധ്യപ്പെടുത്താനാകൂ. 

വികസ്വര രാജ്യങ്ങളിലെ ജനാധിപത്യ ക്രമം പാശ്ചാത്യ രാജ്യങ്ങളില്‍നിന്നും വിഭിന്നമാണ്. കൃത്യമായി ശ്രേണീകരിച്ചതും, വ്യക്തി സ്യാതന്ത്ര്യങ്ങളെ പലപ്പോഴും ഏകാധിപത്യ ഭരണത്തിനുള്ളില്‍ നിയന്ത്രിച്ച് നിര്‍ത്തുന്നതുമാണത്. എന്നാല്‍ ഇന്ത്യയില്‍ സ്ഥിതി വ്യത്യസ്തമാണ്. മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ് പറഞ്ഞതുപോലെ ഇന്ത്യ എന്നത് വൈവിധ്യമാര്‍ന്ന സംസ്‌കാരങ്ങളുടെ സംഗമ സ്ഥാനമാണ്. അതുകൊണ്ടുതന്നെ രാജ്യത്തെ ജനാധിപത്യത്തിനും അത്രത്തോളം വൈജാത്യങ്ങളുണ്ട്, അതിനോടൊപ്പം ഒരുമിച്ച് നിര്‍ത്തുന്ന നിയമ സംവിധാനങ്ങളും വ്യക്തി സ്വാതന്ത്ര്യങ്ങളുമുണ്ട്. ഭാവിയില്‍ വിഭാവനം ചെയ്യുന്ന വികസന നയങ്ങളെയും മേല്‍പ്പറഞ്ഞ സാംസ്‌കാരിക വൈവിധ്യവും ഇവിടെ പിന്‍തുടര്‍ന്നു വരുന്ന ജനാധിപത്യ രീതിയും സ്വാധീനിക്കുമെന്നതില്‍ തര്‍ക്കമില്ല.

india

ആഗോള തലത്തില്‍ ഏറ്റവും കൂടുതല്‍ മാറ്റങ്ങള്‍ക്ക് വിധേയമായിക്കൊണ്ടിരിക്കുന്ന രണ്ട് മേഖലകളാണ് ഏഷ്യ-പസഫിക്, യൂറേഷ്യ എന്നിവ. ഇവയ്ക്ക് മധ്യത്തിലായി സ്ഥിതി ചെയ്യുന്ന ഇന്ത്യക്ക് ഭൂമിശാസ്ത്രപരമായും രാഷ്ട്രീയപരമായും മേഖലയെ സ്വാധീനിക്കാനാവും. ഇവിടെ നേതൃസ്ഥാനം നേടിയെടുക്കാന്‍ രാഷ്ട്രീയ ഇടപെടലുകളേക്കാള്‍ കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതാവും അന്താരാഷ്ട്ര തലത്തില്‍ അംഗീകാരം നേടിയെടുക്കാന്‍ ഇന്ത്യയെ സഹായിക്കുക. ഇതിനായി മറ്റു രാജ്യങ്ങളുമായി ചേര്‍ന്നുള്ള നിക്ഷേപം നടത്തുകയാവും ഉചിതം. 

ആഫ്രിക്കയുമായി നല്ല രീതിയിലുള്ള വ്യാപാര ബന്ധങ്ങള്‍ സ്ഥാപിക്കാനുള്ള നീക്കം ഇന്ത്യ തുടങ്ങിക്കഴിഞ്ഞു. അടുത്തിടെ ഉഗാണ്ടന്‍ പാര്‍ലമെന്റിനെ അഭിസംബോധന ചെയ്യവേ പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ പരാമര്‍ശം ഇതിനോടൊത്തുപോകുന്ന രീതിയിലുള്ളതാണ്. വികസനത്തിനായുള്ള സഹകരണത്തില്‍ ഇന്ത്യ സ്വീകരിക്കുന്ന നയം ആഫ്രിക്കയ്ക്ക് പ്രാധാന്യം നല്‍കിക്കൊണ്ടുള്ളതാവുമെന്ന് മോദി പറഞ്ഞിരുന്നു. ആഫ്രിക്കന്‍ മേഖലയില്‍ ചൈന നടത്തിവരുന്ന വികസന നയങ്ങള്‍ക്ക് വിരുദ്ധമാണ് മോദിയുടെ പ്രസ്താവനയെന്നതും ശ്രദ്ധേയമാണ്. ഗുണഭോക്താക്കളാകുന്ന രാജ്യങ്ങള്‍ നേതൃത്വം നല്‍കുന്ന രീതിയിലുള്ള വികസന പങ്കാളിത്ത നയം അതാത് പ്രദേശങ്ങളില്‍ സാമ്പത്തിക സുസ്ഥിരത നേടിയെടുക്കാനും  രാഷ്ട്രീയ അംഗീകാരം കൈവരിക്കാനും സഹായകമാവും. 

സമധാന കാംക്ഷിയും മറ്റുള്ളവരുമായി സുഹൃദ് ബന്ധം കാത്തുസൂക്ഷിക്കുന്നതുമായ ഇന്ത്യയുടെ വിദേശനയ പാരമ്പര്യം പുതിയ വ്യാപാര സംസ്‌കാരം രൂപപ്പെടുത്തുന്നതിന് സഹായകമാവും. ഇരുപത്തൊന്നാം നൂറ്റാണ്ടില്‍ അന്താരാഷ്ട്ര സമൂഹം ആഗ്രഹിക്കുന്നതും മറ്റൊന്നല്ല. മറ്റ് രാജ്യങ്ങളിലെ ആഭ്യന്തര കാര്യങ്ങളില്‍ ഇടപെടാതെ തന്നെ അവരുമായി നല്ല ബന്ധം സ്ഥാപിക്കാന്‍ കഴിയുന്നതും ഇന്ത്യയ്ക്ക് മുതല്‍ക്കൂട്ടാണ്. നേതൃ ശക്തിയെന്ന നിലയില്‍ കേവലം സാമ്പത്തിക, രാഷ്ട്രീയ, സൈനിക സൂചികകള്‍ക്കപ്പുറത്തേക്ക് ഇന്ത്യ നോക്കിയേ മതിയാകൂ. എങ്കില്‍ മാത്രമേ രാജ്യത്തിന്റെ പൗരാണികവും ചരിത്രപരവുമായ ലോകവീക്ഷണത്തോട് ചേര്‍ന്നുപോകുന്ന പുതിയ മാതൃക കെട്ടിപ്പടുക്കാനാവൂ.  

വിവരങ്ങള്‍ക്ക് കടപ്പാട്: സ്റ്റാറ്റിസ്റ്റ, വേള്‍ഡ് ഇക്കണോമിക്ക് ഫോറം