കേന്ദ്രനടപടികള്‍ ഭരണഘടനാപരമോ?

മൂന്നു ത്വരിതഘട്ടങ്ങളായി പ്രഖ്യാപിക്കപ്പെട്ട നടപടികള്‍ ജനാധിപത്യക്രമത്തിന് വിരുദ്ധമെന്ന വിമര്‍ശനം ക്ഷണിച്ചുവരുത്തുമ്പോഴും ഭരണഘടനാ വിരുദ്ധമെന്നു പറയുക അസാധ്യമാണ്. നിയമത്തിന്റെ സാങ്കേതികതകളെ സമര്‍ഥമായി ഉപയോഗിച്ച, മേല്‍പ്പറഞ്ഞ നടപടികളുടെ ആദ്യഭാഗമായി പുറത്തുവന്ന രാഷ്ട്രപതിയുടെ ഭരണഘടനാ ഉത്തരവ് (ജമ്മുകശ്മീരിന് ബാധകമാക്കല്‍) പ്രകാരം 1954-ലെ സമാനമായ രാഷ്ട്രപതിയുടെ ഉത്തരവ് അസാധുവാക്കപ്പെട്ടിരിക്കുകയാണ്. അതിനോടൊപ്പം ഇന്ത്യന്‍ ഭരണഘടനയുടെ എല്ലാ വ്യവസ്ഥകളും ജമ്മുകശ്മീരില്‍ പ്രയോഗിക്കപ്പെടുന്നു എന്നും ഉത്തരവായി.
 
1952, നവംബര്‍ 17-ന് നിലവില്‍ വന്ന ഇന്ത്യന്‍ ഭരണഘടനയിലെ 370-ാം അനുച്ഛേദം കശ്മീരിന് പ്രത്യേക പദവി താത്കാലികമായി നല്‍കിയിരുന്നു. കേന്ദ്രത്തിന് മാത്രം നിയമനിര്‍മാണം സാധ്യമായ ഏഴാം പട്ടികയിലെ യൂണിയന്‍ ലിസ്റ്റും സംസ്ഥാനത്തിന് നിയമനിര്‍മാണം സാധ്യമെങ്കിലും കേന്ദ്രഅധികാരത്തിന് സംസ്ഥാനത്തിനു മുകളില്‍ പ്രാമുഖ്യം കൊടുക്കുന്ന കണ്‍കറന്റ് ലിസ്റ്റും ജമ്മുകശ്മീരില്‍ സംസ്ഥാന സര്‍ക്കാരിന്റെ സമ്മതത്തോടെ മാത്രമേ പ്രയോഗിക്കാവൂ എന്ന്  അനുച്ഛേദം 370(1) (ബി) (ii) നിഷ്‌കര്‍ഷിച്ചിരുന്നു. അതുപോലെതന്നെ 370(i) (d) അനുച്ഛേദ പ്രകാരം മറ്റു ഭരണഘടനാ വ്യവസ്ഥകളും സംസ്ഥാന സര്‍ക്കാരിന്റെ സമ്മതപ്രകാരം ജമ്മുകശ്മീരിന് ബാധമാകവും. മേല്‍പ്പറഞ്ഞ സമ്മതപ്രകാരം ഇറക്കിയ രാഷ്ട്രപതിയുടെ ഉത്തരവുകളില്‍ ഏറ്റവും പ്രധാനപ്പെട്ടതാണ് 1954-ലെ ഭരണഘടനാ ഉത്തരവ്. അത് പ്രകാരമാണ് 35എ എന്ന സവിശേഷാവകാശം കശ്മീരിന് കൈവന്നത്.
 
അതുപ്രകാരം സംസ്ഥാനത്തെ സ്ഥിരനിവാസികളെ നിയമപ്രകാരം നിശ്ചയിക്കാനും അവര്‍ക്ക് തൊഴില്‍, താമസം, ഭൂമിയിലെ ക്രയവിക്രയം, തുടങ്ങിയ വിഷയങ്ങളില്‍ പ്രത്യേക അവകാശം നിക്ഷിപ്തമാക്കാനും സംസ്ഥാനത്തെ അധികാരപ്പെടുത്തി. 2019-ലെ രാഷ്ട്രപതിയുടെ ഉത്തരവ് പ്രകാരം കശ്മീരിനായി ഭരണഘടനയുടെ അനുബന്ധമായി വായിക്കപ്പെടുന്ന 1954-ലെ ഉത്തരവ് ഇല്ലാതായി. അതോടെ ജമ്മുകശ്മീരിലെ സ്ഥലവാസികളുടെ പ്രത്യേക അവകാശങ്ങള്‍ ഇല്ലാതാവുകയും അവര്‍ക്ക് മറ്റു ഇന്ത്യന്‍ പൗരന്മാരുടേതിന് തുല്യമായ അവകാശങ്ങള്‍ ലഭ്യമാവുകയും ചെയ്തു. അതുകൂടാതെ 367-ാം അനുച്ഛേദത്തിലെ നാലാം ഉപവകുപ്പില്‍ അതിപ്രസക്തമായ ഒരു മാറ്റം കൊണ്ടുവന്നു. 370-ാം അനുച്ഛേദത്തിലെ മൂന്നാം വകുപ്പില്‍ കശ്മീരിന്റെ ഭരണഘടന അസംബ്ലി എന്ന പദപ്രയോഗം മാറ്റി സംസ്ഥാന നിയമസഭ എന്ന പ്രയോഗംകൊണ്ടുവന്നു.
 
അതുമൂലം ഇനി 370-ാം അനുച്ഛേദം ഉപാധികളോടെയോ അല്ലാതെയോ റദ്ദ് ചെയ്യാന്‍ രാഷ്ട്രപതിക്ക് സംസ്ഥാന നിയമസഭയുടെ മാത്രം ശുപാര്‍ശ മതി. നേരത്തേ നിലനിന്ന പ്രകാരം അത്തരമൊരു മൗലികമാറ്റത്തിന് ജമ്മുകശ്മീരിലെ ഭരണഘടന നിര്‍മാണ സഭയുടെ ശുപാര്‍ശ അനിവാര്യമായിരുന്നു. ഈ ഉത്തരവിനുശേഷം, അതായത് ജമ്മുകശ്മീരില്‍ ഇപ്പോള്‍ നിയമസഭ പിരിച്ചുവിട്ടിരിക്കുന്നതുകൊണ്ട് നിയമനിര്‍മാണാധികാരം പാര്‍ലമെന്റില്‍ നിക്ഷിപ്തമായതുകൊണ്ട് പാര്‍ലമെന്റിന്റെ മാത്രം ശുപാര്‍ശയുടെ അടിസ്ഥാനത്തില്‍ 370-ാം അനുച്ഛേദത്തിന്റെ സവിശേഷാധികാരം റദ്ദ് ചെയ്യാനായി പാര്‍ലമെന്റില്‍ ദൃഢപ്രമേയം പാസാക്കുകയാണുണ്ടായത്. രാഷ്ട്രപതിയുടെ ഉത്തരവോടെ ജമ്മുകശ്മീര്‍ മറ്റേതു സംസ്ഥാനത്തിനും തുല്യമാകുന്ന കേന്ദ്രഭരണ പ്രദേശമാകും.
 
വീണുകിട്ടിയ അവസരം വിനിയോഗിച്ചു

370 (1) (d)-ാം അനുച്ഛേദം പ്രകാരം നേരത്തേ സൂചിപ്പിച്ച രാഷ്ട്രപതിയുടെ ഉത്തരവ് സംസ്ഥാനസര്‍ക്കാരിന്റെ സമ്മതപ്രകാരം മാത്രമാണ് ഇറക്കേണ്ടത്. എന്നാല്‍, തിരഞ്ഞെടുക്കപ്പെട്ട സര്‍ക്കാരില്ലാത്ത അവസരത്തില്‍ ഗവര്‍ണറില്‍ അധികാരം നിക്ഷിപ്തമായിരിക്കുന്ന അവസരം രാഷ്ട്രീയമായി ഉപയോഗിച്ചുകൊണ്ടാണ് കേന്ദ്ര നടപടി. ധാര്‍മികമായ ശരികേടുകള്‍ എന്നു കരുതപ്പെടുന്നവ നിയമത്തില്‍ ശരിയാകുമ്പോള്‍ നടപടികള്‍ സാധുവാകുന്നു. എന്നാല്‍, ഭരണഘടനയുടെ 367 (4)(ഡി) എന്ന അനുച്ഛേദം രാഷ്ട്രപതിയുടെ ഉത്തരവിലൂടെ ഭേദഗതി ചെയ്തപ്പോള്‍ 370(3)-ാം അനുച്ഛേദത്തിലെ സംസ്ഥാന ഭരണഘടനാനിര്‍മാണ സഭ എന്ന പ്രയോഗമാണ് വെറും 'സംസ്ഥാന നിയമസഭ' എന്ന് വഴിമാറിയത്. അതുമൂലം പാര്‍ലമെന്റിന്റെ ശുപാര്‍ശയില്‍ രാഷ്ട്രപതിക്ക് അനുച്ഛേദം 370 വെറും നാമമാത്ര വ്യവസ്ഥയാക്കി മാറ്റാം.
 
367 എന്ന അനുച്ഛേദം ഭരണഘടനയുടെ വ്യാഖ്യാനത്തെക്കുറിച്ചാണ് പരാമര്‍ശിക്കുന്നത്. അങ്ങനെയുള്ള വ്യവസ്ഥയുടെ നാലാം ഉപവകുപ്പില്‍ കശ്മീരുമായി ബന്ധപ്പെട്ട വ്യാഖ്യാനത്തിനായി വരുത്തിയ മാറ്റം ഭരണഘടനാപരമായി സാധുവാണ് എന്ന് സുപ്രീംകോടതിയുടെ തന്നെ വിധിന്യായങ്ങള്‍ ചൂണ്ടിക്കാട്ടുന്നു.  കാരണം ഭരണഘടനയുടെ 370(1)(ഡി) പ്രകാരം ഭരണഘടന ജമ്മുകശ്മീരിന് ബാധകമാക്കുമ്പോള്‍ രാഷ്ട്രപതിക്ക് വേണ്ട മാറ്റങ്ങളും ഭേദഗതികളും വരുത്താന്‍ കഴിയും. അങ്ങനെയുള്ള ഭേദഗതികള്‍ക്കു പരമാവധി അര്‍ഥവിശാലത കല്പിക്കേണ്ടതാണെന്നും അതില്‍ ഭരണഘടനാഭേദഗതി ഉള്‍പ്പെടുമെന്നും 1961-ല്‍ ഭരണഘടന ബെഞ്ച് കണ്ടെത്തിയിരുന്നു.*
 
പകരംവെക്കാന്‍ കഴിയുമോ?

അങ്ങനെയൊരു പകരക്കാരനെ ഉത്തരവിലൂടെ കണ്ടെത്തുന്നതിലെ യുക്തിയും സുപ്രീംകോടതിയുടെ മറ്റൊരു ഭരണഘടനാ ബെഞ്ച് കൂടുതല്‍ പ്രമാണീകരിച്ചിരുന്നു. ജമ്മുകശ്മീരിലെ സദാര്‍ എ. റിയാസത് എന്ന ഭരണഘടനാപരമായി പരാമര്‍ശിക്കുന്ന പദവിക്ക് തത്തുല്യമായ ഗവര്‍ണര്‍ എന്ന പേരില്‍ ഉത്തരവുവഴി പുനര്‍നാമകരണം ചെയ്ത തീരുമാനം, ശരിയാണെന്നു സുപ്രീംകോടതി കണ്ടെത്തി. മേല്‍പ്പറഞ്ഞ പദവി വസ്തുതാപരമായി നിലനില്‍ക്കുന്നില്ലെങ്കില്‍ മാറ്റം രാഷ്ട്രപതിയുടെ ഉത്തരവു വഴിയോ കോടതിയുടെ വ്യാഖ്യാനം വഴിയോ അനിവാര്യം ആണെന്നും കണ്ടെത്തി** സംസ്ഥാന ഭരണഘടനാ നിര്‍മാണസഭ ഇല്ലാതായ സ്ഥിതിക്ക് സംസ്ഥാന നിയമസഭയ്ക്ക് പ്രസക്തമായ അധികാരം ഉപയോഗിക്കാം എന്ന് ഭേദഗതിയിലൂടെ കൊണ്ടുവന്നതില്‍ സുപ്രീംകോടതിയുടെ വിധിയുടെ വെളിച്ചത്തില്‍ സാങ്കേതികമായ തെറ്റ് ചൂണ്ടിക്കാട്ടാന്‍ കഴിയില്ല.
 
സ്വയംഭരണത്തില്‍നിന്ന് കേന്ദ്രഭരണത്തിലേക്ക്

ഇന്ത്യന്‍ ഭരണഘടനാ ചരിത്രത്തില്‍ ആദ്യമായി മൂന്നാം ഛേദം ഉപയോഗിച്ച് ഒരു സംസ്ഥാനം ഫെഡറല്‍ അവകാശങ്ങള്‍ ഒഴിവാക്കപ്പെട്ടുകൊണ്ട് കേന്ദ്ര ഭരണപ്രദേശമായി മാറുകയാണ്. ഇന്ത്യയ്ക്ക് ഏഴ് കേന്ദ്രഭരണപ്രദേശങ്ങള്‍ ഉണ്ടെങ്കിലും അതില്‍ ഡല്‍ഹിക്കും പുതുച്ചേരിക്കുംമാത്രമാണ് നിയമസഭകള്‍ ഉള്ളത്. ഡല്‍ഹിയുടെയും പുതുച്ചേരിയുടെയും പ്രത്യേക ഭരണസംവിധാനങ്ങള്‍ ഭരണഘടനയുടെ 239 എഎ, 239 എ എന്നീ അനുച്ഛേദങ്ങള്‍പ്രകാരം സംരക്ഷിക്കപ്പെടുമ്പോള്‍ ജമ്മുകശ്മീരിന് പുതുച്ചേരിക്ക് തുല്യമായ ഭരണസംവിധാനം, ജമ്മുകശ്മീര്‍ പുനര്‍സംഘടനാ നിയമം, 2019 വഴി കൈവരുന്നു. പാര്‍ലമെന്റില്‍ രണ്ട് സഭകളിലും പ്രാതിനിധ്യമുണ്ടെങ്കിലും ജമ്മുകശ്മീരിന്റെ ഉപരിസഭയും ഭരണഘടനയും ഓര്‍മയാകും. ഗവര്‍ണര്‍ ലെഫ്റ്റനന്റ് ഗവര്‍ണര്‍ക്ക് വഴിമാറും.
 
നിര്‍ദേശി നിയമത്തിലെ 38-ാം വകുപ്പുപ്രകാരം രാഷ്ട്രപതിക്ക് ഏതൊരു ബില്ലും തന്റെ സമ്മതത്തിനായി സമര്‍പ്പിക്കാന്‍ അധികാരമുണ്ടാകും. ഇതുകൊണ്ടുതന്നെ ജമ്മുകശ്മീരിന്റെ നിയമനിര്‍മാണാവകാശം കേന്ദ്രസര്‍ക്കാരിന്റെ അനുമതിക്ക് വിധേയമായിരിക്കും. കശ്മീരില്‍ പുതിയ നിയമം വഴി നിലനിര്‍ത്തപ്പെടുന്ന നിയമസഭയുടെ നിര്‍മിതിയിലെ രജതരേഖ സ്ത്രീശാക്തീകരണത്തിനുള്ള ഒരു നവമാതൃകയാണ്. ലോക്സഭയിലും സംസ്ഥാനങ്ങളുടെ നിയമസഭകളിലും രണ്ടും ഒന്നും ആംഗ്ലോ ഇന്ത്യന്‍ വംശജരെ യഥാക്രമം രാഷ്ട്രപതിക്കും ഗവര്‍ണര്‍ക്കും അവരുടെ പ്രാതിനിധ്യക്കുറവ് ചൂണ്ടിക്കാട്ടി നാമനിര്‍ദേശം ചെയ്യാമെന്നതുപോലെ, ജമ്മുകശ്മീരിന്റെ കാര്യത്തില്‍ രണ്ട് വനിതകളെ നാമനിര്‍ദേശം ചെയ്യാന്‍ ലെഫ്റ്റനന്റ് ഗവര്‍ണറെ പ്രാപ്തമാക്കുന്നു.
 
നാളെയുടെ ജനാധിപത്യം എങ്ങനെ

ഇത്രയും തിടുക്കത്തില്‍ കൊണ്ടുവന്നൊരു നിയമവും അനുബന്ധ പുനഃസംഘടനയും പാര്‍ലമെന്റില്‍ വിശദമായ പരിശോധനയ്ക്ക് വിധേയമാക്കിയില്ല എന്നത് നിര്‍ഭാഗ്യകരമാണ്. സംസ്ഥാനത്തിന്റെ പുനഃസംഘടനയ്ക്ക് മൂന്നാം അനുച്ഛേദ പ്രകാരമുള്ള സമ്മതം സംസ്ഥാനത്തിന്റെ നിയമസഭയ്ക്കുവേണ്ടി പാര്‍ലമെന്റ് നല്‍കുമ്പോള്‍ അത് അര്‍ഥസമ്പുഷ്ടമായ പഠനത്തിനും ചര്‍ച്ചയ്ക്കും വിധേയമാക്കേണ്ടിയിരുന്നുവെന്നത് പ്രാതിനിധ്യ ജനാധിപത്യത്തിന്റെ അനിവാര്യതയായിരുന്നു. കശ്മീരിലെ പൗരന്മാരുടെ പ്രതികരണം കാത്തിരുന്നു കാണേണ്ടതായി വരും. പുതുതായി നിര്‍ദേശിക്കപ്പെട്ട ഭരണസംവിധാനത്തില്‍ അവര്‍ ഭാഗഭാക്കായില്ലെങ്കില്‍ ജനാധിപത്യപ്രക്രിയ എന്നത് കശ്മീരില്‍ നോക്കുകുത്തിയായി മാറും. 
 
* Puranlal Lakhnapal v. President of India, AIR 1961 SC 1959
** Mohd. Maqbool Damnoo v. State of Jammu and Kashmir (1972) (1) SCC 536
 
(സുപ്രീകോടതി അഭിഭാഷകനാണ് ലേഖകന്‍)

Content Highlights: article 370 for kashmir revoked