അധികാരകേന്ദ്രങ്ങളുമായി ബന്ധപ്പെട്ട അനീതികളെയും അധര്‍മങ്ങളെയുംകുറിച്ച് അഗാധമായ ചിന്തകള്‍ പ്രസരിപ്പിക്കുന്ന കൃതിയാണ് ഒ.വി. വിജയന്റെ 'ധര്‍മപുരാണം'. രാഷ്ട്രീയാധികാരകേന്ദ്രങ്ങളെക്കുറിച്ച് വിജയന്‍ നടത്തിയ വിശകലനങ്ങള്‍ എത്രകണ്ട് നീതിന്യായാധികാരകേന്ദ്രങ്ങള്‍ക്ക് ബാധകമായിരിക്കുമെന്ന വിഷയം ആലോചിക്കാവുന്നതാണ്. 'നമ്മുടെ സംവിധാനത്തിലെ ഏറ്റവും ദുര്‍ബലരായ വിഭാഗം ന്യായാധിപരാണ്. എന്നാല്‍, ഏറ്റവുമധികം സംരക്ഷിക്കപ്പെടുന്നവരും അവര്‍തന്നെയാണ്' എന്ന് അലന്‍ ഡെര്‍ഷോവിറ്റ്സ് (Alan Dershowitz) നിരീക്ഷിച്ചിട്ടുണ്ട്.

ആരോപണങ്ങളെ കൈകാര്യം ചെയ്യേണ്ടതെങ്ങനെ?

ചീഫ് ജസ്റ്റിസിനെതിരേ ലൈംഗികാതിക്രമം ആരോപിച്ച യുവതി ഇപ്പോള്‍ ഇക്കാര്യം അന്വേഷിക്കാന്‍വേണ്ടി നിയോഗിക്കപ്പെട്ട ആന്തരികാന്വേഷണ കമ്മിറ്റിയില്‍ അവിശ്വാസം രേഖപ്പെടുത്തിക്കൊണ്ട് ഫലത്തില്‍ അന്വേഷണത്തെത്തന്നെ  ബഹിഷ്‌കരിച്ചിരിക്കുന്നു. സമിതിയുടെ സമീപനത്തെയും രഹസ്യാത്മകതയെയും അവര്‍ തുറന്നുവിമര്‍ശിക്കുകയും ചെയ്തിരിക്കുന്നു. അവര്‍ക്കുപുറമേ നാഷണല്‍ ലോ സ്‌കൂളുകളിലെ ഒരുകൂട്ടം പൂര്‍വവിദ്യാര്‍ഥികളും ചില അഭിഭാഷകരും ബുദ്ധിജീവികളുമെല്ലാം സമാനമായ അഭിപ്രായം പുറപ്പെടുവിക്കുകയുണ്ടായി.

ആരോപണം ഉന്നയിക്കപ്പെട്ടുവെന്നതുകൊണ്ടുമാത്രം അധികാരത്തിലിരിക്കുന്ന ആളുകള്‍ സംശയിക്കപ്പെടാന്‍ പാടില്ല. ആര്‍ക്കെതിരേയും എന്ത് ആരോപണവും ആര്‍ക്കുവേണമെങ്കിലും ഉന്നയിക്കാമെന്ന അവസ്ഥയും ആരോഗ്യകരമല്ല.  അതേസമയം, ഉന്നയിക്കപ്പെടുന്ന ആരോപണങ്ങള്‍ വസ്തുനിഷ്ഠമായും മാന്യമായും കൈകാര്യംചെയ്യാനുള്ള സംവിധാനങ്ങള്‍ നിര്‍ബന്ധമായും ഉണ്ടായിരിക്കണം. അത്തരം സംവിധാനങ്ങള്‍ നീതി നടത്തിയാല്‍പോരാ, നടത്തിയതായി തോന്നിക്കുകയും വേണം.

ഗുരുതരമായ വീഴ്ച

ചീഫ് ജസ്റ്റിസ് ഗൊഗോയ് കാര്‍ക്കശ്യംനിറഞ്ഞ, അച്ചടക്കബോധത്തോടെ തന്റെ നീതിന്യായാധികാരം പ്രയോഗിക്കുന്ന അനുഭവമാണ് കോടതിയുമായി ബന്ധപ്പെടുന്ന പലര്‍ക്കും പറയാനുള്ളത്. എന്നാല്‍, പരാതി പരിഗണിച്ച ബെഞ്ചില്‍ അദ്ദേഹം സന്നിഹിതനായതും യുവതിക്കെതിരായ തന്റെ വിമര്‍ശനങ്ങള്‍ പരസ്യമായിപ്പറഞ്ഞതും ഗുരുതരമായ തെറ്റായിപ്പോയി. ചീഫ് ജസ്റ്റിസിന്റെ കസേര തന്റെ വ്യക്തിപരമായ പരസ്യപ്രതിരോധത്തിനുള്ള സ്ഥാനമായി അദ്ദേഹം കാണാനേ പാടില്ലായിരുന്നു. യുവതിയെക്കൊണ്ട് ക്ഷമ പറയിപ്പിക്കുന്നതുപോലുള്ള സംഭവങ്ങള്‍ ആരോപിക്കപ്പെട്ടാല്‍, അവയുടെ നിജസ്ഥിതി അന്വേഷിക്കാവുന്നതേയുള്ളൂ. ഇതിനകം ഉന്നയിക്കപ്പെട്ട മറ്റെല്ലാ ആരോപണങ്ങളും ശരിയായ ഒരു സംവിധാനത്തില്‍ അന്വേഷിക്കാന്‍ കഴിയുന്നവ മാത്രമാണ്. എന്നാല്‍, ബന്ധപ്പെട്ടയാളുകളെയും പൊതുജനങ്ങളെയും വിശ്വാസത്തിലെടുത്തുകൊണ്ടുള്ള അന്വേഷണസംവിധാനം ചീഫ് ജസ്റ്റിസിനെതിരായ ആരോപണങ്ങളുടെ കാര്യത്തില്‍ ഇന്ത്യയില്‍ ഉരുത്തിരിഞ്ഞുവന്നിട്ടില്ല എന്നതാണ് നിരാശാജനകമായ യാഥാര്‍ഥ്യം.

court

ഇത്തരമൊരു സംവിധാനം പൊതുജനങ്ങളുടെ മാത്രമല്ല, ന്യായാധിപരുടെയും നിയമസംവിധാനത്തിന്റെയും പ്രധാന ഗുണഭോക്താക്കളായ അഭിഭാഷകരുടെയുമെല്ലാം ആവശ്യമാണ്. വിശാഖാ കേസിലെ (1997) മാര്‍ഗനിര്‍ദേശകതത്ത്വങ്ങളോ തൊഴില്‍സ്ഥലത്തെ സ്ത്രീകള്‍ക്കെതിരായ ലൈംഗികാതിക്രമങ്ങള്‍ തടയാനുള്ള നിയമത്തിലെ (2013) വ്യവസ്ഥകളോ ചീഫ് ജസ്റ്റിസിനെതിരായ ആരോപണത്തിന്റെ കാര്യത്തില്‍ പാലിക്കപ്പെട്ടില്ല എന്നത് വ്യാപകമായ ആക്ഷേപത്തിനിടയാക്കി. ന്യായാധിപര്‍ മാത്രമടങ്ങിയ ആന്തരികാന്വേഷണസമിതി എന്ന ആശയത്തിന് രൂപംനല്‍കിയത് സുപ്രീംകോടതി തന്നെ നിയോഗിച്ച അഞ്ച് ന്യായാധിപര്‍ അടങ്ങിയ കമ്മിറ്റിയാണ്. ഈ കമ്മിറ്റിയുടെ റിപ്പോര്‍ട്ട് സുപ്രീംകോടതിയുടെ സമ്പൂര്‍ണ യോഗം അംഗീകരിച്ചത് 1999 ഡിസംബര്‍ 15-ാം തീയതിയാണ്. ന്യായാധിപര്‍ക്കെതിരായ പരാതികളില്‍ എന്തെങ്കിലും ഗൗരവപ്പെട്ട നടപടികള്‍ കൈക്കൊള്ളാന്‍ ന്യായാധിപരുടേതായ ഈ സംവിധാനം ഇതുവരെയും തയ്യാറായിട്ടില്ല എന്നതാണ് ഇന്ത്യന്‍ അനുഭവം. നടപടിക്രമങ്ങളില്‍ സുതാര്യതയില്ല എന്ന വിമര്‍ശനവും ആന്തരികാന്വേഷണസമിതിക്കെതിരേ പലപ്പോഴും ഉന്നയിക്കപ്പെട്ടിട്ടുണ്ട്. അതുപോലെ നേരിട്ടുള്ള ശക്തമായ നടപടികള്‍ക്കുള്ള വ്യവസ്ഥകള്‍ ഇല്ലെന്നതും ഒരു പ്രധാന പോരായ്മയായി നിലനില്‍ക്കുന്നു.

അമിതാധികാര പ്രവണതയല്ല സ്വാതന്ത്ര്യം

ന്യായാധിപരുടെ പെരുമാറ്റവും ധര്‍മനിര്‍വഹണവും പരിശോധിക്കാന്‍ ബാഹ്യ ഏജന്‍സികളെ അനുവദിക്കാത്തത് അത്തരം ഏര്‍പ്പാടുകള്‍ നീതിന്യായ സംവിധാനത്തിന്റെ സ്വച്ഛന്ദതയെയും സ്വാതന്ത്ര്യത്തെയും ബാധിക്കുമോ എന്ന ഭയം കൊണ്ടാണ്. എന്നാല്‍, എന്തും പറയാനും ചെയ്യാനുമുള്ള ആരോടും കണക്കുപറയേണ്ടതായിട്ടില്ലാത്ത അമിതാധികാര പ്രവണതയായി ഈ സ്വാതന്ത്ര്യം മാറാന്‍ പാടില്ല. ഇതു പക്ഷേ, ചിത്രത്തിന്റെ ഒരു വശം മാത്രമാണ്. കോര്‍പ്പറേറ്റ് മുതലാളിത്തത്തിന്റെ ഭാഗമായ സാമ്പത്തികശക്തികള്‍ കോടതികള്‍ അടക്കമുള്ള ഭരണഘടനാ സ്ഥാപനങ്ങളെ നിയന്ത്രിക്കാന്‍ ശ്രമിക്കുന്നുവെന്ന ആരോപണവും ഗൗരവത്തോടെ പരിഗണിക്കപ്പെടേണ്ടതാണ്. പലപ്പോഴും മറ്റുതരം ശത്രുതകളുടെയും താത്പര്യങ്ങളുടെയും പേരില്‍ ദുരുദ്ദേശ്യപരമായ വ്യാജപരാതികള്‍ അധികാരസ്ഥാനത്തുള്ളവര്‍ക്കെതിരേ ഉയര്‍ന്നുവരാറുണ്ട്. അത്തരം ആക്ഷേപങ്ങളെയും ശക്തമായിത്തന്നെ കൈകാര്യം ചെയ്യാന്‍ കഴിയണം.

court

നിര്‍ഭാഗ്യകരമെന്നു പറയട്ടെ, ന്യായാധിപര്‍ക്കെതിരേ ആരോപണങ്ങളുണ്ടായാല്‍ അവയെ വേണ്ടവിധത്തിലുള്ള ശാസ്ത്രീയവും ജനാധിപത്യപരവും നിയമപരവുമായ വിധത്തില്‍ കൈകാര്യംചെയ്യാനുള്ള ശ്രമങ്ങള്‍ ഇന്ത്യയിലെ നിയമനിര്‍മാതാക്കളില്‍നിന്നും ഉണ്ടായിട്ടില്ല. കഴിഞ്ഞ യു.പി.എ. സര്‍ക്കാരിന്റെ കാലത്ത് 'ജുഡീഷ്യല്‍ സ്റ്റാന്‍ഡേഡ് ആന്‍ഡ് എക്കൗണ്ടബിലിറ്റി ബില്‍' ലോക്സഭ പാസാക്കുകയുണ്ടായി. എന്നാല്‍, 2012 മാര്‍ച്ചില്‍ സഭ പാസാക്കിയ ഈ ബില്‍ 2014-ല്‍ ലോക്സഭയുടെ കാലാവധി കഴിഞ്ഞപ്പോള്‍ തുടര്‍നടപടികളുടെ അഭാവം കാരണം ഇല്ലാതായി. ചില ന്യായാധിപരില്‍നിന്നും എതിര്‍പ്പുണ്ടായതിനെത്തുടര്‍ന്നാണ് സമാനനിയമത്തിനായി പിന്നീടുവന്ന എന്‍.ഡി.എ.സര്‍ക്കാര്‍ ശ്രമിക്കാതിരുന്നതെന്ന് നിയമമന്ത്രി രവിശങ്കര്‍പ്രസാദ് പറയുകയുണ്ടായി (ദ ഹിന്ദു, 24 ജൂണ്‍ 2014). 1968ലെ ന്യായാധിപ(അന്വേഷണ)നിയമം ഒട്ടും ഫലപ്രദമല്ല എന്ന് വീരസ്വാമി കേസില്‍ (1991) വ്യക്തമാക്കപ്പെട്ടതാണ്. ന്യായാധിപര്‍ക്കെതിരേ ചീഫ് ജസ്റ്റിസിന്റെ അനുമതിയോടെ എഫ്.ഐ.ആര്‍. തയ്യാറാക്കാമെന്നു പറഞ്ഞ വീരസാമി കേസിലെ വിധിയും മുഖ്യ ന്യായാധിപനെതിരായ ആക്ഷേപങ്ങളുടെ കാര്യത്തില്‍ അപ്രായോഗികവും അവ്യക്തവുമായ സമീപനമാണ് സ്വീകരിച്ചത്.

ഇക്കാര്യത്തില്‍ പുതിയതും സമഗ്രവുമായ നിയമനിര്‍മാണത്തിനുള്ള ശ്രമങ്ങള്‍ക്ക് രാഷ്ട്രീയകക്ഷികള്‍ ഇപ്പോഴും പരിഗണന നല്‍കുന്നില്ല. ബി.ജെ.പി.യുടെ തിരഞ്ഞെടുപ്പു മാനിഫെസ്റ്റോയില്‍ ഇത്തരം കാര്യങ്ങള്‍ വിശദമാക്കുന്നതേയില്ല. കോണ്‍ഗ്രസിന്റേതിലാകട്ടെ ഇതേക്കുറിച്ച് പറയുന്നുണ്ടെങ്കിലും അധികാരത്തിലിരുന്നപ്പോള്‍ ഇത്തരം പരിഷ്‌കാരങ്ങള്‍ കൊണ്ടുവരാതിരുന്നതെന്തുകൊണ്ട് എന്നതിന് ഉത്തരമില്ല.

നിയമത്തിനതീതമായ ഒരു നീതിന്യായ സംവിധാനത്തെ സൃഷ്ടിക്കുന്നതിനും നിലനിര്‍ത്തുന്നതിനുമാണ് ഇന്ത്യയിലെ അധികാരികള്‍ എന്നും ശ്രമിച്ചത്. നീതിന്യായ, രാഷ്ട്രീയ അധികാരകേന്ദ്രങ്ങള്‍ സംവിധാനത്തെ ജനാധിപത്യവത്കരിക്കാനുള്ള താത്പര്യം പൊതുവേ കാണിച്ചിട്ടില്ല. അതുകൊണ്ടാണ് നീതിന്യായ സംവിധാനത്തെ ബാധിക്കുന്ന എല്ലാ പ്രശ്‌നങ്ങളും സാധാരണക്കാരുടെ രാഷ്ട്രീയവിഷയങ്ങള്‍തന്നെയാണെന്ന തിരിച്ചറിവ് പ്രധാനമാകുന്നത്. ഇത്തരം വിഷയങ്ങള്‍ ശരിയായി കൈകാര്യംചെയ്യാനുള്ള പുതിയ നിയമങ്ങള്‍ ഉണ്ടാക്കാനും അവയെ നിലനിര്‍ത്താനും പരിരക്ഷിക്കാനുമായി ജനകീയ സമ്മര്‍ദമുണ്ടാകണം. ചീഫ്ജസ്റ്റിസുമായി ബന്ധപ്പെട്ട പുതിയ സംഭവവികാസങ്ങള്‍ നല്‍കുന്ന പാഠവും മറ്റൊന്നല്ല.

മുടുംഗയുടെ ആശയം

അസാധാരണമെന്നു തോന്നാം. നീതിന്യായപരമായ ഉത്തരവാദിത്വവും അഴിമതി ആരോപണസംവിധാനങ്ങളും ഉറപ്പുവരുത്താനുള്ള ശ്രമങ്ങള്‍ കെനിയയുടെ മുന്‍ ചീഫ് ജസ്റ്റിസ് വില്ലി മുടുംഗ (Willy Mutunga) യുടെ ഭാഗത്തുനിന്നും ഉണ്ടായത് ലോകശ്രദ്ധ പിടിച്ചുപറ്റി. നീതിന്യായ പരിവര്‍ത്തനത്തിനുള്ള രൂപരേഖ (Judiciary Transformation Frame Work) എന്ന മുടുംഗയുടെ ആശയത്തിലൂടെയാണ് കെനിയയില്‍ ജുഡീഷ്യല്‍ ഓംബുഡ്സ്മാന്‍ സംവിധാനവും കോടതി ഉപഭോക്താക്കളുടെ കമ്മിറ്റികളും നിലവില്‍വന്നത്. പിന്നീട് ഈ ആശയത്തിന് 2011-ലെ ജുഡീഷ്യല്‍ സര്‍വീസ് നിയമത്തിലൂടെ നിയമനിര്‍മാണതലത്തിലെ പിന്തുണയും ലഭിച്ചു. മുടുംഗയുടെ ഈ പരീക്ഷണത്തിനു വലിയ ഫലപ്രാപ്തിയാണുണ്ടായത്. 2009-ല്‍ 27 ശതമാനം മാത്രം നീതിന്യായ സംവിധാനത്തില്‍ വിശ്വാസമുണ്ടെന്നു പറഞ്ഞ ഒരു രാജ്യത്ത് 2013-ല്‍ അത്തരക്കാരുടെ ശതമാനം 61 ആയി മാറിയെന്ന് ഒരു സര്‍വേഫലം വ്യക്തമാക്കുകയുണ്ടായി. (മയാ ഗയ്നര്‍, പ്രിന്‍സ്റ്റോണ്‍ യൂണിവേഴ്സിറ്റി, 2015).

(ലേഖകന്‍ സുപ്രീംകോടതിയിലും കേരള ഹൈക്കോടതിയിലും അഭിഭാഷകനാണ്)

 

Content Highlights: allegations against judges