ശ്മീരിന് ഇന്ത്യന്‍ ഭരണഘടനയുടെ 370-ാം അനുച്ഛേദത്തില്‍ വ്യവസ്ഥചെയ്യപ്പെട്ടിരുന്ന പ്രത്യേകപദവി എടുത്തുകളഞ്ഞ കേന്ദ്രനടപടിക്ക് ഒരാണ്ടുതികയവേ, ഇതിന്റെ നേട്ടകോട്ടങ്ങളെപ്പറ്റി പലവിധ അഭിപ്രായങ്ങളും വിശകലനങ്ങളും കാണുന്നുണ്ട്. കാര്യങ്ങളൊക്കെ അവതാളത്തിലായെന്ന് കേന്ദ്രനടപടിയോട് വിയോജിപ്പുള്ളവര്‍ വിലയിരുത്തുമ്പോള്‍, അനുകൂലികള്‍ വരച്ചുകാട്ടുന്നത് അത്യധികം പ്രസന്നമായൊരു ചിത്രമാണ്. ഇപ്പോഴത്തെ യഥാര്‍ഥ ചിത്രത്തെപ്പറ്റി ആര്‍ക്കും വലിയ തിട്ടമില്ല എന്നതാണ് വസ്തുത; കേന്ദ്രസര്‍ക്കാരിനുവേണ്ടി കശ്മീരിന്റെ കാര്യങ്ങള്‍ കൈകാര്യംചെയ്യുന്നവര്‍ക്കടക്കം.

ഇപ്പോഴെന്ത്

ചില കാര്യങ്ങള്‍ നമുക്കൊന്നു പരിശോധിക്കാം. പ്രത്യേകപദവി റദ്ദാക്കുന്നതോടെ തീവ്രവാദത്തിന് ഉടനടി അറുതിവരുമെന്ന് കശ്മീരിലെ സുരക്ഷാകാര്യങ്ങള്‍ക്ക് മേല്‍നോട്ടംവഹിക്കുന്നവര്‍ എന്തായാലും കരുതിയിട്ടുണ്ടാവില്ല. അങ്ങനെ അറുതിവന്നിട്ടുമില്ല. വിദേശികളടക്കം ഇരുനൂറിലേറെ തീവ്രവാദികള്‍ കശ്മീര്‍ താഴ്വരയില്‍ ഇപ്പോഴും സജീവമാണ്. മുപ്പത്തഞ്ചോളം കശ്മീരി യുവാക്കള്‍ ഇക്കൊല്ലം തീവ്രവാദസംഘടനകളില്‍ ചേര്‍ന്നു. ഇവര്‍ക്ക് കാര്യമായ പരിശീലനമൊന്നും ലഭിക്കുന്നില്ല. അതുകൊണ്ടുതന്നെ സുരക്ഷാസൈനികരാല്‍ കൊല്ലപ്പെടാനുള്ള സാധ്യത കൂടുതലുമാണ്.

ജൂലായ്വരെയുള്ള കണക്കുപ്രകാരം, കശ്മീരില്‍ ഇക്കൊല്ലം 118 തീവ്രവാദ ആക്രമണങ്ങള്‍ നടന്നു. ഇക്കാലയളവില്‍ 138 തീവ്രവാദികള്‍ സൈന്യത്തിന്റെ തോക്കിനിരയായി. ഇവരില്‍ ഭൂരിഭാഗവും കശ്മീരികള്‍തന്നെയായിരുന്നു.കൊല്ലപ്പെടുന്ന തീവ്രവാദികളുടെ മൃതശരീരം അവരുടെ കുടുംബത്തിനു കൈമാറേണ്ടതില്ലെന്നതാണ് സൈന്യത്തിന്റെ പുതിയ നയം. തീവ്രവാദികളുടെ ശവസംസ്‌കാരച്ചടങ്ങുകള്‍ മുമ്പ് ഭരണകൂടത്തിനു വലിയ തലവേദനയായിരുന്നു. ആയിരക്കണക്കിനാളുകളാണ് ഈ ചടങ്ങുകള്‍ക്ക് ഒഴുകിയെത്തുക. തീവ്രവാദികളുടെ ജനസമ്മതി ഉയരാനും തീവ്രവാദസംഘടനകളിലേക്കുള്ള കശ്മീരികളുടെ ഒഴുക്ക് വര്‍ധിക്കാനും ഇതു വഴിയൊരുക്കി.

മുഖ്യധാരാരാഷ്ട്രീയം ശൂന്യം

പ്രത്യേകപദവി എടുത്തുകളഞ്ഞശേഷം കശ്മീരിലെ പല മുഖ്യധാരാ രാഷ്ട്രീയനേതാക്കളെയും തടങ്കലിലാക്കിയിരുന്നു. ഇവരില്‍ ചിലരെ പിന്നീട് വിട്ടയച്ചു. മറ്റുചിലര്‍ ഇപ്പോഴും തടവിലാണ്. എന്നിട്ടും, പേരിനു ചില പ്രസ്താവനകളും മറ്റുമൊഴിച്ചാല്‍, ഇവിടെയിപ്പോള്‍ കാര്യമായ രാഷ്ട്രീയപ്രവര്‍ത്തനമോ നരേന്ദ്രമോദി സര്‍ക്കാരിനെതിരേ ശക്തമായ മുന്നേറ്റമോ ഒന്നുമില്ല. ഭരണകൂടത്തിന്റെ പ്രതികാരനടപടികളുണ്ടാവുമെന്ന ഭയമാണ് ഇതിനുള്ള പ്രധാനകാരണം. ജനങ്ങളോട് എന്തുപറയണമെന്നതിനെപ്പറ്റി മുഖ്യധാരാ രാഷ്ട്രീയക്കാര്‍ക്ക് വലിയ നിശ്ചയമില്ലാത്തതാണ് മറ്റൊരു കാരണം.

ഈ രാഷ്ട്രീയശൂന്യത നല്ലതല്ലെന്നും മുമ്പ് ഇങ്ങനെ സംഭവിച്ചപ്പോഴൊക്കെ തീവ്രവാദം വളരുകയാണുചെയ്തതെന്നും കശ്മീരിന്റെ പ്രത്യേകപദവി റദ്ദാക്കിയ നടപടിയെ എതിര്‍ക്കുന്നവര്‍ പറയുന്നു. പക്ഷേ, കശ്മീരില്‍ ഇസ്ലാമികതീവ്രവാദം ആവിര്‍ഭവിച്ചതെങ്ങനെ എന്നതിനെ അവഗണിച്ചുകൊണ്ടുള്ളൊരു പാര്‍ശ്വവീക്ഷണം മാത്രമാണത്. കേന്ദ്രത്തില്‍ മാറിമാറിവന്ന സര്‍ക്കാരുകള്‍ കശ്മീര്‍ താഴ്വരയില്‍ 'മൃദു വിഘടനവാദ'ത്തെ പ്രോത്സാഹിപ്പിച്ചതുകൊണ്ടുമാത്രമാണ് അവിടെ തീവ്രവാദം ശക്തിപ്പെട്ടത്. കശ്മീരി നേതാക്കള്‍ ഡല്‍ഹിയില്‍ ഒരുവിധത്തിലും കശ്മീരില്‍ മറ്റൊരുവിധത്തിലും സംസാരിച്ചു. കേന്ദ്രഭരണാധികാരികള്‍ അതു കണ്ടില്ലെന്നുനടിച്ചു. കശ്മീരി ജനതയാവട്ടെ എന്തു നിലപാടെടുക്കണമെന്നറിയാതെ രണ്ടുമനസ്സുമായി ഉഴറി.

പ്രീണനനയങ്ങള്‍ വഴിവെച്ചത്

കശ്മീരി സ്വത്വസംരക്ഷണത്തിന്റെപേരിലാണ് ഇതൊക്കെ നടന്നത് എന്നോര്‍ക്കണം! എന്താണീ കശ്മീരി സ്വത്വം? എങ്ങനെയാണിതിന്റെ സ്വഭാവം മലയാളിസ്വത്വത്തില്‍നിന്നോ ബംഗാളിസ്വത്വത്തില്‍നിന്നോ വ്യത്യസ്തമാവുന്നത്? കശ്മീര്‍ ഇന്ത്യന്‍ യൂണിയന്റെ ഭാഗമാണ് എന്ന വസ്തുതയുമായി ഈ സ്വത്വം കലഹത്തിലാവേണ്ട കാര്യമെന്താണ്? ഇപ്പറഞ്ഞ ഭൗമരാഷ്ട്രീയ വസ്തുതയെ മാറ്റിമറിക്കാന്‍ ഉപദേശീയതയെ സംബന്ധിച്ച അക്കാദമികഭാവനകള്‍ പര്യാപ്തമല്ല. താത്കാലിക നടപടിയെന്നനിലയില്‍ വിഭാവനംചെയ്യപ്പെട്ട 370-ാം അനുച്ഛേദത്തിന്റെ പ്രാബല്യം അനന്തമായി നീട്ടിക്കൊണ്ടുപോയത് നേരത്തേപ്പറഞ്ഞ ബുദ്ധിവിഹീനമായ പ്രീണനനയത്തിന്റെ ഭാഗമായിരുന്നു. വര്‍ഷങ്ങളോളം ഫാറൂഖ് അബ്ദുള്ളയെപ്പോലുള്ള കശ്മീരി നേതാക്കള്‍ ഈ അനുച്ഛേദം റദ്ദാക്കാന്‍ വെല്ലുവിളിച്ചുകൊണ്ട് കേന്ദ്രസര്‍ക്കാരിനുനേരെ കൊഞ്ഞനംകുത്തി. ഒടുവില്‍ കേന്ദ്രം അതു ചെയ്തപ്പോള്‍, അതിന്റെ അനന്തരഫലമെന്നോണം രാഷ്ട്രീയശൂന്യതയുണ്ടാവുകതന്നെചെയ്തു. ചുരുങ്ങിയകാലം അങ്ങനെയൊരു സ്ഥിതിയുണ്ടാവുന്നതില്‍ വലിയ തെറ്റൊന്നുമില്ലതാനും. രാഷ്ട്രീയ ഇടപെടലുകളെക്കുറിച്ചുള്ള വേവലാതികൂടാതെ, തീവ്രവാദികള്‍ക്കെതിരായ വിജയത്തിന് സ്ഥായിത്വമേകാന്‍ ഇക്കാലംകൊണ്ട് സുരക്ഷാസേനയ്ക്ക് സാധ്യമാവും.

വെല്ലുവിളികള്‍ ബാക്കി

വെല്ലുവിളികള്‍ പിന്നെയും ബാക്കിയുണ്ട്. താഴ്വരയില്‍ സൈനികനടപടികള്‍ തുടരുകയാണ്; അതു വേണ്ടതുതന്നെ. പക്ഷേ, കശ്മീരിന് എക്കാലവും സുരക്ഷാസേനയുടെ മൂക്കിന്‍കീഴില്‍ നിലകൊള്ളാനാവില്ല. ഒരു രാഷ്ട്രീയപ്രക്രിയ ആരംഭിക്കുകതന്നെവേണം. ബി.ജെ.പി.-പി.ഡി.പി. സഖ്യത്തിന്റെ നല്ലനാളുകളിലൊന്നില്‍ ഒരു മുതിര്‍ന്ന ബി.ജെ.പി.-ആര്‍.എസ്.എസ്. നേതാവ് ഈ ലേഖകനോടു പറഞ്ഞ ഒരു കാര്യമുണ്ട്. പി.ഡി.പി.ക്കും നാഷണല്‍ കോണ്‍ഫറന്‍സിനും ബദല്‍ കണ്ടെത്തുകയാണ് തങ്ങളുടെ ആത്യന്തിക ഉന്നമെന്നാണ് അദ്ദേഹം പറഞ്ഞത്. കശ്മീരിലെ വരാനിരിക്കുന്ന ഭരണനേതൃത്വം പുറത്തുനിന്നു കെട്ടിയിറക്കുന്നതായിരിക്കില്ല. ഇപ്പോള്‍ കേന്ദ്രത്തിന്റെ ആജ്ഞാനുവര്‍ത്തികളായിനില്‍ക്കുന്നവരിലാവും നേതൃചുമതല വന്നുചേരുക.

പഴയ സംവിധാനങ്ങളുടേതുപോലുള്ള ആസൂത്രണരാഹിത്യം ഇത്തവണയുണ്ടാവില്ല. എങ്കിലും മോദിസര്‍ക്കാര്‍ ജാഗ്രതപുലര്‍ത്തേണ്ടതുണ്ട്. വിഘടനവാദത്തെ പ്രോത്സാഹിപ്പിക്കുകയും ആ പ്രസ്ഥാനത്തിന്റെ ഭാഗമാവുകയുംചെയ്ത കൂട്ടര്‍ മുമ്പും ഇക്കളി കളിച്ചിട്ടുണ്ട്. ഇവര്‍ രാഷ്ട്രീയപക്വത കാട്ടുന്നതായി തത്കാലം തോന്നിപ്പിക്കുമെങ്കിലും വൈകാതെ വിഘടനവാദത്തിലേക്കു തിരിച്ചുപോവും. ഈ കളി തുടര്‍ന്നാല്‍, പിന്നെ കശ്മീരിനെ രക്ഷിക്കുക വളരെ ദുഷ്‌കരമാവും.

പ്രത്യേകപദവി റദ്ദാക്കപ്പെട്ടതോടെ ജമ്മുവും ലഡാക്കും സന്തോഷത്തിലാണ്. പക്ഷേ, ന്യൂനപക്ഷവിഭാഗമായ കശ്മീരി ഹിന്ദുകളെ തിരിച്ചുകൊണ്ടുവരാന്‍ നടപടികളെടുക്കാമെന്ന സര്‍ക്കാരിന്റെ തുടര്‍ച്ചയായ വാഗ്ദാനങ്ങളുണ്ടായിട്ടും, അവര്‍ ഇപ്പോഴും പുറത്താണ്. അവരെ മടക്കിക്കൊണ്ടുവരാന്‍ സര്‍ക്കാരിന്റെപക്കല്‍ പദ്ധതികളൊന്നുമില്ലെന്നാണ് കാര്യങ്ങളുടെ കിടപ്പുകാണുമ്പോള്‍ തോന്നുന്നത്. ഏതെങ്കിലുമൊരു പ്രത്യേകവിഭാഗത്തിന്റെമാത്രം ഭൂമികയായി തുടരുന്നിടത്തോളം കശ്മീരില്‍ ശാശ്വതമായ പ്രശ്‌നപരിഹാരമുണ്ടാവില്ലെന്ന് ചരിത്രം നമ്മോടു പറയുന്നുണ്ട്. കശ്മീരിന്റെ പ്രത്യേകപദവിക്ക് അന്ത്യംകുറിച്ചിട്ട് ഒരുകൊല്ലം തികയുന്ന ഈയവസരത്തില്‍ മോദിസര്‍ക്കാര്‍ ഇക്കാര്യം മനസ്സില്‍വെക്കുകതന്നെവേണം.

(ഓപ്പണ്‍ മാസികയുടെ ഡെപ്യൂട്ടി എഡിറ്ററായ ലേഖകന്‍ മലയാളമുള്‍പ്പടെ ഒട്ടേറെ ഭാഷകളിലേക്കു മൊഴിമാറ്റം ചെയ്യപ്പെട്ട അവര്‍ മൂണ്‍ ഹാസ് ബ്ലഡ് ക്ലോട്സ്, എ മെമൊയര്‍ ഓഫ് എ ലോസ്റ്റ് ഹോം ഇന്‍ കശ്മീര്‍ എന്ന ഗ്രന്ഥത്തിന്റെ രചയിതാവാണ്.)