ലോകത്തെ വിറപ്പിച്ച മഹാമാരിയെ നേരിടാന്‍ ഇന്ത്യയില്‍ നൂറുകോടി വാക്‌സിന്‍ നല്‍കിയത് നിസ്സാരമാണെന്ന് ആരും പറയുകയില്ല, ജനലക്ഷങ്ങളെ കോവിഡിനും മരണത്തിനും കൊടുത്ത ഒരു നാട്ടില്‍ പ്രത്യേകിച്ചും. സൗജന്യവും സാര്‍വത്രികവുമായ വാക്‌സിനേഷന്‍ എന്നുപറഞ്ഞവരെല്ലാം ആദ്യദിനങ്ങളില്‍ സംശയദൃഷ്ടിയോടെ നോക്കപ്പെട്ടവരാണ്. ഇന്ന് അവര്‍ക്കെല്ലാം ശാപമോക്ഷം കിട്ടിയിരിക്കുന്നു. ഒന്നിച്ച് പാത്രം കൊട്ടിയാല്‍ കൊറോണ വഴിമാറിപ്പോകുമെന്ന് പ്രചരിപ്പിച്ചവരുടെ മുമ്പില്‍നിന്നത് പ്രധാനമന്ത്രിതന്നെയായിരുന്നു.

പിന്നില്‍ തിരഞ്ഞെടുപ്പ്

ഇന്ത്യയിലെ ജനസംഖ്യ 130 കോടിയില്പരം ആണെന്നാണ് കണക്കാക്കപ്പെടുന്നത്. ഈ നാട്ടില്‍ 100 കോടി വാക്‌സിനാണ് ഇപ്പോള്‍ വിതരണംചെയ്തിട്ടുള്ളത്. അതിന്റെ കണക്കുകളും സര്‍ക്കാര്‍തന്നെ പുറത്തുവിട്ടിരിക്കുന്നു. 71 കോടിയില്പരംപേര്‍ ഒന്നാം ഡോസും 30 കോടിയിലേറെപ്പേര്‍ രണ്ടാം ഡോസും സ്വീകരിച്ചിരിക്കുന്നു. ഒന്നാം ഡോസിനുശേഷം നിശ്ചിത കാലയളവ് കഴിഞ്ഞ് രണ്ടാം ഡോസുമെടുത്ത് വീണ്ടും രണ്ടാഴ്ച കഴിയുമ്പോഴേ വാക്‌സിന്റെ ഫലപ്രാപ്തി തുടങ്ങൂവെന്നാണ് അറിവുള്ളവര്‍ പറയുന്നത്. അവര്‍ ശാസ്ത്രജ്ഞരും ഡോക്ടര്‍മാരും ആയതുകൊണ്ട് നാം അവരെ വിശ്വസിക്കുന്നു.

130 കോടി ഇന്ത്യക്കാരില്‍ രണ്ടാം ഡോസ് വാക്‌സിനും കിട്ടിയവര്‍ സര്‍ക്കാര്‍ കണക്കുപ്രകാരംതന്നെ 30 കോടിയില്പരമാണ്. 100 കോടിയിലധികംപേര്‍ അത് ഇനിയും കിട്ടേണ്ടവരാണ്. ഒരു ഡോസ് പോലും കിട്ടാത്ത 60 കോടിയോളംപേര്‍ ഇപ്പോഴും കാത്തുനില്‍ക്കുന്നു. അവരെക്കൂടി കൂട്ടിയാല്‍ 100 കോടിയിലധികം ഭാരതപൗരന്മാര്‍ സമ്പൂര്‍ണ വാക്‌സിനേഷന്റെ രക്ഷാകവചത്തിന് പുറത്താണ്. ഈ സാഹചര്യത്തിലും 100 കോടി വാക്‌സിന്‍ വിതരണത്തിന്റെ വിജയമഹോത്സവം സംഘടിപ്പിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയെ പ്രേരിപ്പിച്ച ഘടകം എന്താണ്? ഉടനെ വരാനിരിക്കുന്ന അസംബ്ലി തിരഞ്ഞെടുപ്പുകളും 2024-ലെ പൊതുതിരഞ്ഞെടുപ്പും ഭരണകക്ഷിക്ക് സര്‍വപ്രധാനമാണ്. മുഴച്ചുനില്‍ക്കുന്ന ഭരണപരാജയങ്ങള്‍ മൂടിവെക്കാനും തിളങ്ങുന്ന വിജയഗാഥകള്‍ പുറത്തുകാണിക്കാനും അവരുടെമേല്‍ സ്വാഭാവികമായി സമ്മര്‍ദമേറുന്നുണ്ട്. കോവിഡ് യുദ്ധ വിജയത്തെക്കാള്‍ മെച്ചപ്പെട്ട വേറൊന്നും ഈ ആവശ്യാര്‍ഥം ഉപയോഗിക്കാനില്ലെന്ന കണ്ടെത്തലാണ് അവരെ നയിക്കുന്നത്. സമ്പൂര്‍ണ വാക്‌സിനേഷനുവേണ്ടി കാത്തിരിക്കുന്ന 100 കോടിയോളം ഇന്ത്യക്കാര്‍ വിസ്മൃതരാവുകയാണ്. കോവിഡില്‍നിന്നുള്ള മോചനം അവരുടെയും അവകാശമാണ്. 21 ഡിസംബറിനകം എല്ലാവര്‍ക്കും രണ്ടു ഡോസ് വാക്‌സിനും നല്‍കുമെന്ന പ്രഖ്യാപനം പ്രാവര്‍ത്തികമല്ലെന്ന് ഉറപ്പായിക്കഴിഞ്ഞു. ഈ ആഘോഷങ്ങളുടെ പളപളപ്പില്‍ ആ പരാജയവും കുഴിച്ചുമൂടപ്പെടും.

വാക്‌സിന്‍വിതരണത്തെ ഒരു യുദ്ധമായാണ് പ്രധാനമന്ത്രി വിശേഷിപ്പിച്ചത്. ആ യുദ്ധം ജയിച്ചുകഴിഞ്ഞെന്നാണ് ജനങ്ങള്‍ക്കുമുമ്പില്‍ അദ്ദേഹം ഇപ്പോള്‍ ഭാവിക്കാന്‍ശ്രമിക്കുന്നത്. ഈ മഹായുദ്ധത്തില്‍ നരേന്ദ്രമോദി സര്‍ക്കാരിന് ഒരു യുദ്ധതന്ത്രം ഉണ്ടായിരുന്നില്ല എന്നതാണ് സത്യം. ശത്രുവിന്റെ ശക്തി അറിയാതിരുന്ന ആദ്യപരാജയത്തില്‍നിന്ന് അതു തുടങ്ങുന്നു. ഇത് പനിയാണെന്നും ഗോമൂത്രംകൊണ്ട് ഇതിനെ തോല്‍പ്പിക്കാനാവുമെന്നുമെല്ലാം പ്രചരിപ്പിച്ചവര്‍ അധികാരത്തോട് ആശയപരമായി എത്രയും ചേര്‍ന്നുനിന്നവര്‍തന്നെയായിരുന്നു. ശാരീരികാകലം എന്ന ആദ്യത്തെ പ്രതിരോധതന്ത്രം നടപ്പാക്കാന്‍ ട്രംപിന്റെ സന്ദര്‍ശനം കഴിയുംവരെ സര്‍ക്കാര്‍ കാത്തുനിന്നു. പിന്നെ ലോക്ഡൗണ്‍ പ്രഖ്യാപിച്ചപ്പോള്‍ ജനങ്ങള്‍ക്ക് ശ്വാസംവിടാനുള്ള മുന്നറിയിപ്പുപോലും കൊടുത്തില്ല. വീട്ടുവാതില്‍ക്കല്‍ ലക്ഷ്മണരേഖ വരച്ചപ്പോള്‍ കുടിയേറ്റത്തൊഴിലാളികളെ അടക്കമുള്ള പട്ടിണിക്കോടികളെ സര്‍ക്കാര്‍ കണ്ടില്ല. വിശപ്പ് താങ്ങാനാവാതെ പതിനായിരങ്ങള്‍ ജന്മഗ്രാമങ്ങളിലേക്ക് നടത്തിയ കൂട്ടപ്പലായനം ആഴ്ചകളോളം സര്‍ക്കാര്‍ അറിഞ്ഞില്ല. പാക്കേജുകള്‍ പലത് പ്രഖ്യാപിച്ചെങ്കിലും ജനങ്ങളുടെ കൈയില്‍ പണമെത്തിക്കുന്നതിനും അവര്‍ക്ക് വിശപ്പടക്കാന്‍ ആഹാരം കൊടുക്കാനും സര്‍ക്കാരിന് കഴിഞ്ഞില്ല.

പ്രതിസന്ധി ബാക്കി

തൊഴില്‍ വിദ്യാഭ്യാസ മേഖലകളിലെ സമ്പൂര്‍ണസ്തംഭനം ഉണ്ടാക്കിയ പ്രതിസന്ധിയുടെ ആഴം അവര്‍ കണക്കിലെടുത്തില്ല. കോവിഡ് മരണങ്ങള്‍ തുടര്‍ക്കഥയായപ്പോള്‍ സ്വകാര്യ ആശുപത്രികളുടെ കൊള്ള വളരുകയായിരുന്നു.

ലോകത്തിന്റെ മരുന്നുകടയായി ഇന്ത്യ മാറിയെന്ന് പ്രധാനമന്ത്രി ഊറ്റംകൊള്ളുന്നു. ദശാബ്ദങ്ങള്‍ക്ക് മുമ്പുതന്നെ ഇന്ത്യ കരസ്ഥമാക്കിയ പേരാണത്. സ്വകാര്യനിര്‍മാതാക്കള്‍ ഉത്പാദിപ്പിച്ച, സര്‍ക്കാര്‍ മുഖേന കയറ്റിയയച്ചുണ്ടാക്കിയ നേട്ടമാണെന്ന് അദ്ദേഹം പറഞ്ഞില്ല. വാക്‌സിന്‍ വിതരണം ചെയ്തപ്പോള്‍ ഇന്ത്യയിലെ രണ്ട് സ്വകാര്യ വാക്‌സിന്‍ നിര്‍മാതാക്കള്‍ കൊയ്ത ലാഭത്തിന്റെ കണക്ക് സര്‍ക്കാരിന്റെ പക്കലുണ്ടാകും. വാക്‌സിനുകളുടെ വിലനിര്‍ണയത്തില്‍ സര്‍ക്കാര്‍ കാണിച്ച നയരാഹിത്യം അക്കൂട്ടരെ എത്രമാത്രം സഹായിച്ചുവെന്ന് അവര്‍ക്കറിയാം.

വികസ്വരരാജ്യങ്ങള്‍ക്കാകെ അഭിമാനകരമായരീതിയില്‍ പേറ്റന്റ് നിയമത്തില്‍ വരുത്തിയ ഭേദഗതിയാണ് ഇന്ത്യയെ ലോകത്തിന്റെ ഫാര്‍മസിയാക്കിയത്. ദേശീയമായി അംഗീകരിക്കപ്പെട്ട അത്തരം നയങ്ങളെല്ലാം മാറ്റിക്കുറിക്കുക മാത്രമല്ല, പൊതുമേഖലയിലെ ഔഷധനിര്‍മാണശാഖകളെയെല്ലാം ഉറക്കിക്കിടത്തുകകൂടി ചെയ്തു മോദി സര്‍ക്കാര്‍. സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള അത്തരം സ്ഥാപനങ്ങള്‍ക്കൊന്നിനും കോവിഡ് പ്രതിരോധത്തില്‍ സൂചികുത്താന്‍പോലും ഇടംകൊടുക്കരുതെന്നായിരുന്നു സര്‍ക്കാരിന്റെ കോവിഡ് യുദ്ധത്തിന്റെ കാതല്‍. അത് ആരെ സഹായിക്കാന്‍വേണ്ടിയായിരുന്നെന്ന് ആര്‍ക്കാണറിയാത്തത്.

130 കോടി ഇന്ത്യക്കാരില്‍ രണ്ടാം ഡോസ് വാക്‌സിനും കിട്ടിയവര്‍ സര്‍ക്കാര്‍ കണക്കുപ്രകാരംതന്നെ 30 കോടിയില്പരമാണ്. 100 കോടിയിലധികംപേര്‍ അത് ഇനിയും കിട്ടേണ്ടവരാണ്. ഒരു ഡോസ് പോലും കിട്ടാത്ത 60 കോടിയോളംപേര്‍ ഇപ്പോഴും കാത്തുനില്‍ക്കുന്നു. അവരെക്കൂടി കൂട്ടിയാല്‍ 100 കോടിയിലധികം ഭാരതപൗരന്മാര്‍ സമ്പൂര്‍ണ വാക്‌സിനേഷന്റെ രക്ഷാകവചത്തിന് പുറത്താണ്


(രാജ്യസഭാംഗമാണ് ലേഖകന്‍)