പൗരത്വ രജിസ്റ്റർ?

അസമിലെ പൗരത്വരജിസ്റ്റർ പ്രശ്നത്തിൽ ആശങ്കകൾ പരിഹരിക്കാൻ കഴിയാവുന്ന എല്ലാ അവസരങ്ങളും സർക്കാർ നൽകും. ഒരു ഇന്ത്യൻ പൗരനും രാജ്യംവിട്ട് പോകേണ്ടിവരില്ലെന്ന് ഞാൻ ഉറപ്പുനൽകുന്നു.

ആത്മവിശ്വാസം നഷ്ടപ്പെട്ടവരും ജനപിന്തുണ നഷ്ടപ്പെടുമെന്ന ഭീതിയുള്ളവരും നമ്മുടെ സ്ഥാപനങ്ങളിൽ വിശ്വാസം നഷ്ടപ്പെട്ടവരുമാണ് ‘ആഭ്യന്തരയുദ്ധം’, ‘രക്തച്ചൊരിച്ചിൽ’ തുടങ്ങിയ വാക്കുകൾ ഉപയോഗിക്കുന്നത്. രാജ്യത്തിന്റെ സ്പന്ദനവുമായി ഇതിനുബന്ധമില്ല. 2005-ൽ പാർലമെന്റിൽ മമതാബാനർജി പറഞ്ഞതെന്താണെന്ന് അവർതന്നെ ഓർക്കണം. അന്നത്തെ മമതയാണോ ഇന്നത്തെ മമതയാണോ ശരി?

കോൺഗ്രസും ഇതിൽ രാഷ്ട്രീയം കളിക്കുന്നു. പൗരത്വ രജിസ്റ്ററിന്റെ വേര് മൂന്നു ദശാബ്ദക്കാലം പിന്നിലാണ്. രാജീവ്ഗാന്ധിയുടെ കാലത്താണ് അസം കരാർ ഒപ്പിട്ടത്. പലതവണ അസം കോൺഗ്രസിനു വോട്ടുചെയ്തിട്ടും അവർ ജനത്തിനുവേണ്ടി ഒന്നുംചെയ്തില്ല, അവരെ വഴിതെറ്റിച്ചു. കോൺഗ്രസിനെ നയിക്കുന്നതു വോട്ടുബാങ്കാണ്.

തൊഴിലവസരങ്ങൾ?

സമ്പദ്‌വ്യവസ്ഥ അതിവേഗം മുന്നോട്ടുപോകുന്നു. നിക്ഷേപമുണ്ടാകുന്നു. റോഡ്, റെയിൽപ്പാളം, സോളാർ പാർക്ക് തുടങ്ങിയ അടിസ്ഥാനസൗകര്യ പദ്ധതികൾ നടപ്പാകുന്നു. 2014-ൽ രണ്ടു മൊബൈൽ നിർമാണക്കമ്പനികളാണു രാജ്യത്തുണ്ടായിരുന്നത്. അതിപ്പോൾ നൂറ്റിയിരുപതിലെത്തി. സ്റ്റാർട്ടപ്പുകളുടെ ഏറ്റവും വലിയ ഹബ്ബുകളിലൊന്നാണ് ഇപ്പോൾ ഇന്ത്യ. ഈ സാഹചര്യത്തിൽ എങ്ങനെയാണു തൊഴിലവസരങ്ങൾ കൂടാതിരിക്കുക?

ടൂറിസവും തൊഴിലുകൾ സൃഷ്ടിക്കുന്നു. ഇന്ത്യയിലേക്കുള്ള വിദേശസഞ്ചാരികളുടെ എണ്ണത്തിൽ കഴിഞ്ഞവർഷം 14 ശതമാനമാണ് വർധനയുണ്ടായത്. ആഭ്യന്തര ടൂറിസവും വളർന്നുകഴിഞ്ഞു. കഴിഞ്ഞവർഷം 10 കോടിയിലധികം പേരാണു വിമാനത്തിൽ സഞ്ചരിച്ചത്. ഉഡാൻ പദ്ധതിയിലൂടെ കൂടുതൽ സ്ഥലങ്ങളിലേക്കു വ്യോമഗതാഗതം സാധ്യമാക്കാനുമായി.

13 കോടി മുദ്ര വായ്പകളാണു സർക്കാർ നൽകിയത്. അതിൽ മൂന്നരക്കോടിയും നൽകിയതു തുടക്കക്കാർക്കാണ്. ഇ.പി.എഫ്. പദ്ധതിയിൽ 45 ലക്ഷം പുതിയ ആളുകളെത്തി. ഒമ്പതുമാസത്തിനിടെ 5.68 ലക്ഷം പേർ പുതിയ പെൻഷൻ പദ്ധതിയിൽ ചേർന്നു. ഇവയെല്ലാം ചേരുമ്പോൾ കഴിഞ്ഞവർഷം ഒരുകോടിയിലധികം തൊഴിലാണു സൃഷ്ടിച്ചത്. തൊഴിൽ സൃഷ്ടിച്ചില്ലെന്ന പ്രചാരണം ജനങ്ങളിനി വിലയ്ക്കെടുക്കാൻ പോകുന്നില്ല.

ജി.എസ്.ടി?

യു.പി.എ. സർക്കാരിന്റെ കാലത്ത്, ‘എല്ലാമറിയുന്ന’ ധനമന്ത്രി സംസ്ഥാന സർക്കാരുകളുടെ ആശങ്കകൾ ചെവിക്കൊള്ളാത്തതുകൊണ്ടാണ് ജി.എസ്.ടി.ക്ക് എതിർപ്പു നേരിടേണ്ടിവന്നത്. ഞങ്ങളുടെ ജി.എസ്.ടി. മാതൃക സംസ്ഥാനങ്ങൾക്കു സ്വീകാര്യമായിരുന്നു. കാരണം, അവരുടെ ആശങ്കകൾക്കു ഞങ്ങൾ പ്രാധാന്യം നൽകി.

എല്ലാ പ്രതിപക്ഷപാർട്ടികൾക്കും ജി.എസ്.ടി.യോട് എതിർപ്പില്ല. അടിസ്ഥാനമില്ലാത്ത കാരണങ്ങളുയർത്തി ചിലർ മാത്രമാണു തുടർച്ചയായി എതിർക്കുന്നത്. തെറ്റിദ്ധരിപ്പിക്കുക മാത്രമല്ല, എതിർക്കാൻവേണ്ടി എതിർക്കുക കൂടിയാണ് അവരു ചെയ്യുന്നത്. കോൺഗ്രസ് അധ്യക്ഷൻ ഗുജറാത്ത് തിരഞ്ഞെടുപ്പിനിടെ ജനങ്ങളെ ജി.എസ്.ടി.ക്കെതിരേ തിരിക്കാൻ പരമാവധി ശ്രമിച്ചു. എന്തുകൊണ്ടാണ് അദ്ദേഹത്തെ ജനങ്ങൾ നിരാകരിച്ചത്?

ജനങ്ങൾ, പ്രത്യേകിച്ച് വ്യവസായസമൂഹം, ജി.എസ്.ടി.യെ പിന്തുണച്ചതു മറക്കരുത്. ജനങ്ങളിൽനിന്നുള്ള പ്രതികരണങ്ങൾ സ്വീകരിച്ച്, ആവശ്യമായ തിരുത്തുകൾ ഞങ്ങൾ വരുത്തുന്നുണ്ട്. അതുകൊണ്ടാണു ജി.എസ്.ടി. ജനങ്ങളുടെ പൂർണവിശ്വാസം നേടിയത്. സമ്പദ്‌വ്യവസ്ഥയ്ക്കും ജനങ്ങൾക്കും ഒട്ടേറെ നേട്ടങ്ങൾ കൊണ്ടുവന്ന ജി.എസ്.ടി.യോട് ജനങ്ങൾ അനുകൂലമായാണ് പ്രതികരിച്ചത്.

സ്വാതന്ത്ര്യം ലഭിച്ചതിനുശേഷം രാജ്യത്തുണ്ടായത് 66 ലക്ഷം വ്യവസായസ്ഥാപനങ്ങളാണ്. ജി.എസ്.ടി. അവതരിപ്പിച്ചതിനു ശേഷം ഒരുവർഷത്തിനിടെ രജിസ്റ്റർ ചെയ്യപ്പെട്ടത് 48 ലക്ഷവും. 350 കോടി ഇൻവോയ്സുകൾ, 11 കോടി ആദായനികുതി റിട്ടേൺ ഫയലിങ് എന്നിവയും സംഭവിച്ചത് ഒരുവർഷത്തിനുള്ളിലാണ്.

സ്ത്രീകൾക്കെതിരായ ആക്രമണങ്ങൾ, ആൾക്കൂട്ടക്കൊലകൾ?

ഇത്തരം ഒറ്റപ്പെട്ട സംഭവംപോലും ദൗർഭാഗ്യകരമാണ്. ഓരോരുത്തരും രാഷ്ട്രീയത്തിനതീതമായിനിന്ന് നമ്മുടെ സമൂഹത്തിൽ സമാധാനവും ഐക്യവും ഉറപ്പാക്കണം. പക്ഷേ, സംഭവങ്ങളെ വെറും സ്ഥിതിവിവരക്കണക്കുകളായി കാണുകയും അവയിൽ രാഷ്ട്രീയം കളിക്കുകയും ചെയ്യുന്നതു പരിഹാസ്യമാണ്. അക്രമങ്ങളെയും കുറ്റകൃത്യങ്ങളെയും ഒറ്റക്കെട്ടായിനിന്ന് എതിർക്കുന്നതിനുപകരം അതിൽനിന്നു നേട്ടംകൊയ്യാൻ ശ്രമിക്കുന്നത് ഒരുതരം തലതിരിഞ്ഞ മാനസികാവസ്ഥയാണ്.

ഇത്തരം അക്രമങ്ങളെയും മാനസികാവസ്ഥകളെയും എതിർക്കുന്നുവെന്നു ഞാനും എന്റെ പാർട്ടിയും പല അവസരങ്ങളിലും വ്യക്തമായി പറഞ്ഞതാണ്. അവയെല്ലാം രേഖകളാണ്. അക്രമത്തിനെതിരേ എന്തുചെയ്തെന്നു കാണാൻ ആഭ്യന്തരമന്ത്രാലയത്തിന്റെ നടപടികൾ നോക്കുക. സ്ത്രീകൾക്കെതിരായ അക്രമങ്ങൾക്കു വധശിക്ഷ വരെയുള്ള നിയമങ്ങൾ കൊണ്ടുവന്നത് ഈ സർക്കാരാണ്. ഇത്തരം കേസുകൾ അതിവേഗം തീർപ്പാക്കുന്നതടക്കമുള്ള സർക്കാരിന്റെ പ്രവൃത്തികൾ നിങ്ങൾ ശ്രദ്ധിക്കണം. പൂർണമായ അർഥത്തിൽ സർക്കാർ നിയമം നടപ്പാക്കുമെന്ന കാര്യത്തിൽ സംശയം വേണ്ട.

സ്ത്രീശാക്തീകരണം?

വികസനപ്രവൃത്തികളിൽ സ്ത്രീകളും തുല്യപങ്കാളികളല്ലെങ്കിൽ രാജ്യത്തിനു പുരോഗമിക്കാനാവില്ല. സ്ത്രീകളുടെ നേതൃത്വത്തിലുള്ള വികസനത്തിനുവേണ്ടിയാണു ഞങ്ങൾ പ്രവർത്തിക്കുന്നത്.

ശിശുമരണനിരക്കു കുറയ്ക്കുന്നതിനും പെൺകുട്ടികൾക്കു വിദ്യാഭ്യാസം നൽകുന്നതിനുമായി സർക്കാർ കൊണ്ടുവന്ന ആദ്യ പദ്ധതിയാണു ‘ബേട്ടി ബച്ചാവോ ബേട്ടി പഠാവോ’. ഇതു ശിശുമരണനിരക്ക് മെച്ചപ്പെടാൻ കാരണമായി.

ആദ്യമായാണു സുരക്ഷയ്ക്കായുള്ള കാബിനറ്റ് കമ്മിറ്റിയിൽ രണ്ടു സ്ത്രീകൾ അംഗങ്ങളാകുന്നത്. വിദേശകാര്യമന്ത്രിയും പ്രതിരോധമന്ത്രിയും. ആദ്യമായാണു യുദ്ധവിമാനങ്ങളിൽ വനിതാ പൈലറ്റുമാരുണ്ടാകുന്നതും.

സ്വച്ഛ് ഭാരത് അഭിയാന്റെ കീഴിൽ സ്ത്രീസുരക്ഷയ്ക്കായി ഗ്രാമ, നഗരമേഖലകളിൽ ലക്ഷക്കണക്കിനു ശൗചാലയങ്ങൾ നിർമിച്ചു. പെൺകുട്ടികളുടെ കൊഴിഞ്ഞുപോക്ക് തടയാൻ എല്ലാ സർക്കാർ സ്കൂളുകളിലും പെൺകുട്ടികൾക്കായി ശൗചാലയങ്ങളുമുണ്ടാക്കി. പ്രസവാവധി 26 ആഴ്ചയാക്കി വർധിപ്പിച്ചു. അമ്മയുടെയും കുഞ്ഞിന്റെയും നല്ല ആരോഗ്യത്തിനായി ഇന്ദ്രധനുഷ് പദ്ധതിയും പ്രധാനമന്ത്രി വന്ദന യോജനയും ഏർപ്പെടുത്തി.

ഉജ്ജ്വല പദ്ധതിക്കുകീഴിൽ പാവപ്പെട്ട സ്ത്രീകൾക്കു അഞ്ചുകോടി പാചകവാതക കണക്‌ഷനുകൾ നൽകി. ജൻധൻ യോജന വഴി സ്ത്രീകൾ 16 കോടി ബാങ്ക് അക്കൗണ്ടുകളാണു തുറന്നത്. പ്രധാനമന്ത്രി മുദ്രാ യോജനയ്ക്കു കീഴിൽ നൽകിയിട്ടുള്ള 13 കോടി രൂപയിലധികമുള്ള വായ്പയിൽ 70 ശതമാനവും നൽകിയതു സ്ത്രീകൾക്കാണ്.

ദീർഘകാലം ഇന്ത്യയിൽ മുസ്‌ലിം സ്ത്രീകൾക്കെതിരേ നിലനിന്നിരുന്ന അനീതിക്കുള്ള മറുപടിയാണു മുത്തലാഖ് ബിൽ. ഹജ്ജ് നയപ്രകാരം, ആദ്യമായാണ് 45 വയസ്സിനു മുകളിലുള്ള സ്ത്രീകൾക്കു പുരുഷന്റെ സഹായമില്ലാതെ ഹജ്ജിനു പോകാൻ സാധിച്ചത്. നിങ്ങൾക്കു തീരുമാനിക്കാം സ്ത്രീ ശാക്തീകരണം വെറുമൊരു മുദ്രാവാക്യമാണോ ശക്തമായ പ്രവർത്തനമാണോയെന്ന്.

ജാതിസംവരണം?

ഭരണഘടനാ ലക്ഷ്യങ്ങളും അംബേദ്കറുടെ സ്വപ്നങ്ങളും ഇതുവരെ പൂർത്തിയായിട്ടില്ല. സംവരണം തുടരേണ്ടതാണെന്ന കാര്യത്തിൽ സംശയമില്ല. പാവപ്പെട്ടവർ, പാർശ്വവത്കരിക്കപ്പെട്ടവർ, മർദിതർ, ദളിതർ, ഗോത്രവർഗക്കാർ, ഒ.ബി.സി.ക്കാർ എന്നിവരുടെ അവകാശങ്ങൾ സംരക്ഷിക്കുകയെന്നതാണ് ഏറ്റവും പ്രധാനം.

ഏതു നിർണായക തിരഞ്ഞെടുപ്പിനു മുമ്പും ചില നിക്ഷിപ്ത താത്പര്യക്കാർ ഒരു പ്രചാരണം നടത്തും ബി.ജെ.പി. സംവരണം ഇല്ലാതാക്കുമെന്ന്. ചില മാധ്യമങ്ങൾ ആ പ്രചാരണം ഉച്ചത്തിൽ കേൾപ്പിക്കും.

അംബേദ്കറുടെ സ്വപ്നങ്ങൾ നശിപ്പിച്ചവർ തന്നെയാണ് ഈ പ്രശ്നമുണ്ടാക്കുന്നതും വിഷയത്തെ രാഷ്ട്രീയവത്കരിക്കുന്നതും. അവർ സമൂഹത്തിലെ ദുർബല വിഭാഗങ്ങൾക്കിടയിൽ സംശയത്തിന്റെയും അവിശ്വാസത്തിന്റെയും വിത്തുപാകാൻ ശ്രമിക്കുകയാണ്. എന്നാൽ, ഇന്ത്യയിലെ ജനങ്ങൾ ബുദ്ധിയുള്ളവരാണ്. അവരതു വിശ്വസിക്കില്ല. രാജ്യത്തെ എസ്.സി., എസ്.ടി., ഒ.ബി.സി. വിഭാഗങ്ങളിൽനിന്നുള്ള എം.പി.മാരിലും എം.എൽ.എ.മാരിലും ഭൂരിഭാഗവും ബി.ജെ.പി.യിൽനിന്നുള്ളവരാണ്. മണ്ഡൽകമ്മിഷനെ പല്ലും നഖവും ഉപയോഗിച്ചാണ്‌ മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധി പാർലമെന്റിൽ എതിർത്തത്. ആ പാർട്ടിയിലെ സാഹചര്യങ്ങളിൽ ഇന്നും മാറ്റം സംഭവിച്ചിട്ടില്ല.

രാഹുലിന്റെ ആലിംഗനം?

അതു കുട്ടിത്തം നിറഞ്ഞ പ്രവൃത്തിയാണോ അല്ലയോ എന്നു തീരുമാനിക്കേണ്ടത് നിങ്ങളാണ്. അതിനു നിങ്ങൾക്കായില്ലെങ്കിൽ രാഹുലിന്റെ കണ്ണിറുക്കൽ കാണുക, ഉത്തരം ലഭിക്കും.

മഹാസഖ്യം?

സർക്കാരിന്റെ ജനപ്രീതിയെക്കുറിച്ച് പ്രതിപക്ഷപാർട്ടികൾക്കു മനസ്സിലായി. ഞങ്ങളെ ഒറ്റയ്ക്കൊറ്റയ്ക്കു നേരിടാൻ കഴിയില്ലെന്ന് അവർക്കു വിശ്വാസമുണ്ട്. അവർ അഴിമതിയിലും ദുർഭരണത്തിലും സ്വജനപക്ഷപാതത്തിലും മുഴുകിയിരിക്കുകയാണ്. ജാതി, വർഗ, സമുദായ, മതാടിസ്ഥാനത്തിലുള്ള അവരുടെ തിരഞ്ഞെടുപ്പുതന്ത്രം വികസനവുമായി ഒത്തുപോകില്ലെന്ന് ഇപ്പോൾ മനസ്സിലായിക്കാണും.

അടിയന്തരാവസ്ഥ ഏർപ്പെടുത്തിയവരും അതിനെ എതിർത്തവരും ഇപ്പോളൊന്നിച്ചാണ്. എല്ലാ മേഖലകളിലും അഴിമതി നിറച്ചവർക്കൊപ്പമാണ് അഴിമതിയെ എതിർത്തവരും ഇന്ന്. ഇടത് ആശയങ്ങളെ എതിർത്തവരും ഇടത് ആശയങ്ങൾ സ്വീകരിച്ചവരും ഇന്ന് ഒരേവേദി പങ്കിടുന്നു.

വ്യക്തിപരമായ താത്പര്യങ്ങൾക്കുവേണ്ടിയാണു മഹാസഖ്യം ജനങ്ങൾക്കുവേണ്ടിയല്ല. അധികാരരാഷ്ട്രീയത്തിനും കുടുംബവാഴ്ചയ്ക്കും അവസരവാദത്തിനും വേണ്ടിയാണത്. വികസനത്തിനുവേണ്ടിയും ആശയങ്ങൾക്കുവേണ്ടിയും അല്ല. അവർ വേർപിരിയുന്നത് തിരഞ്ഞെടുപ്പിനു മുമ്പോ ശേഷമോ എന്നതു മാത്രമാണ് ഏക ചോദ്യം.

പാകിസ്താൻ, ഇമ്രാൻഖാൻ?

നല്ല ബന്ധമാണു ഞങ്ങൾ ആഗ്രഹിക്കുന്നതെന്നു ഞാൻ നേരത്തേ പറഞ്ഞുകഴിഞ്ഞു. അടുത്തിടെ തിരഞ്ഞെടുപ്പിൽ വിജയിച്ച ഇമ്രാൻ ഖാനെ ഞാൻ അഭിനന്ദിച്ചതാണ്. സുരക്ഷിതവും സ്ഥിരവും അഭിവൃദ്ധിയുള്ളതും ഭീകരവാദത്തിൽനിന്നും അക്രമത്തിൽനിന്നും മുക്തമായതുമായ ഒരു പ്രദേശത്തിനുവേണ്ടി പാകിസ്താൻ പ്രവർത്തിക്കുമെന്നാണു ഞങ്ങളുടെ പ്രതീക്ഷ.