pinrayiതളിര്‍ക്കട്ടെ ഭാഷയും നാടും- പിണറായി വിജയൻ (മുഖ്യമന്ത്രി)

കേരളം  അറുപത്തിരണ്ടാം ജന്മദിനമാഘോഷിക്കുന്ന വേളയിൽ മലയാളഭാഷയുടെ വളർച്ചയ്ക്കുതകുന്ന നടപടികൾ കൈക്കൊള്ളുകയാണ്‌ സർക്കാർ.  നിയമപരമായി ഇംഗ്ലീഷും ന്യൂനപക്ഷഭാഷകളും ഉപയോഗിക്കേണ്ട സാഹചര്യമൊഴിച്ച്‌ മറ്റുസാഹചര്യങ്ങളിൽ പൂർണമായും മലയാളം ഉപയോഗിച്ചേ മതിയാവൂ എന്നും കർശന നിർദേശം നൽകിയിട്ടുണ്ട്‌.

ഭരണരംഗത്തെ ഇരുപതിനായിരത്തോളം പദങ്ങളും അവയുടെ മലയാളരൂപങ്ങളും ചേർത്ത് ഭരണമലയാളം എന്നപേരിൽ ഒരു ഓൺലൈൻ നിഘണ്ടുവും മൊബൈൽ ആപ്ലിക്കേഷനും ഔദ്യോഗികഭാഷാവകുപ്പ് തയ്യാറാക്കിക്കഴിഞ്ഞു. ഉദ്യോഗസ്ഥർക്ക് ഭരണഭാഷ, മലയാളം കംപ്യൂട്ടിങ് എന്നിവയിൽ പരിശീലനം ലഭ്യമാക്കുന്നുണ്ട്‌. മാത്രമല്ല, ഭരണഭാഷ സംബന്ധിച്ച നിയമങ്ങളും നിർദേശങ്ങളും ഉദ്യോഗസ്ഥരെയും ജനങ്ങളെയും അറിയിക്കുന്നതിനായി  ഭരണഭാഷാവബോധ പരിപാടികൾ സംഘടിപ്പിച്ചിട്ടുണ്ട്‌.

വിവരസാങ്കേതികവിദ്യയിൽ അധിഷ്ഠിതമായ ഭരണസംവിധാനത്തിൽ മലയാളത്തിന്റെ ഉപയോഗം വർധിപ്പിക്കേണ്ടതുണ്ട്‌.  കേരളത്തിൽ ഹൈക്കോടതിക്കുകീഴിലുള്ള കോടതികളിലെ ഭാഷ മലയാളമാക്കിയേ തീരൂ. അതിനുവേണ്ടിയുള്ള നടപടികൾ സ്വീകരിച്ചുവരികയാണ് സർക്കാർ.

ഭാഷയുടെ അടിസ്ഥാനത്തിൽ രൂപംകൊണ്ട കേരളം ഇന്ന് പ്രളയക്കെടുതിയെത്തുടർന്നുള്ള പുനർനിർമാണത്തിന്റെ ഘട്ടത്തിലാണ്.  

ദേശീയ ദുരന്തനിവാരണ അതോറിറ്റി നിശ്ചയിച്ചിട്ടുള്ള മാനദണ്ഡപ്രകാരമേ കേരളത്തിന്‌ „നഷ്ടപരിഹാരം ചോദിക്കാനാകൂ. അവർ ഓരോന്നിനും ഇത്രയെന്ന്‌ കണക്കാക്കിവെച്ചിട്ടുണ്ട്‌. അതാകട്ടെ യഥാർഥ നഷ്ടത്തിന്റെ വളരെ ചെറിയ ഒരു ഭാഗംമാത്രം. ആ മാനദണ്ഡപ്രകാരം നോക്കിയാൽ കേരളത്തിന്‌  4796 കോടി രൂപയുടെ നഷ്ടപരിഹാരംമാത്രമേ ചോദിക്കാൻ അവകാശമുള്ളൂ. എന്നാൽ, യഥാർഥനഷ്ടം ഇതിന്റെ എത്രയോ മടങ്ങാണ്.  ദുരന്തനിവാരണ അതോറിറ്റിയുടെ മാനദണ്ഡപ്രകാരമുള്ള 4796 കോടിക്കും ഈ 31,000 കോടിക്കുമിടയിലുള്ള വിടവ്  26,000-ത്തിലധികം കോടിയുടേതാണ്. അതായത്, നവകേരള നിർമിതിക്ക്‌ കേന്ദ്രമാനദണ്ഡത്തിന്റെ ആറിരട്ടിയിലധികം വേണ്ടിവരും. ഈ അധിക തുക നാം എങ്ങനെ കണ്ടെത്തും? ഇതാണ് ഈ ഘട്ടത്തിൽ കേരളത്തിന്റെ മുമ്പിലുള്ള വലിയ ചോദ്യം.

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ലോകത്തിന്റെ പല ഭാഗങ്ങളിൽനിന്നുമായി കാര്യമായതോതിൽത്തന്നെ സഹായമുണ്ടാകുന്നുണ്ട്‌. തുക രണ്ടായിരംകോടി കടന്നു. എന്നാൽ, ഇതിനകമുള്ള കമ്മിറ്റ്മെന്റിനുതന്നെ ഇതിലേറെ വേണ്ടിവന്നു എന്നതാണ് സത്യം.  26,000 കോടി രൂപയുടെയെങ്കിലും അധികധനസമാഹരണം നടത്തിയാലേ കേരളത്തിന്റെ പുനർനിർമാണം യാഥാർഥ്യമാവൂ.   

പുനർനിർമാണ പ്രവർത്തനങ്ങൾ പരിസ്ഥിതിക്ക് അനുയോജ്യവും സുസ്ഥിരവുമാണെന്ന് ഉറപ്പുവരുത്താൻ അന്താരാഷ്ട്ര തലത്തിൽ പ്രഗല്‌ഭരായവരെ നവകേരള നിർമിതിയുടെ ഭാഗമാക്കുകയാണ്. അതിന്റെ ഭാഗമായി കാലവർഷക്കെടുതിയുടെ ഫലമായി കേരളത്തിന്റെ ജൈവവൈവിധ്യമേഖലയിലുണ്ടായ ആഘാതം സമഗ്രമായി പഠിക്കാൻ സമിതിയെ നിയമിച്ചിട്ടുണ്ട്‌.

നവകേരള നിർമിതിക്കായി ജനങ്ങളുടെയാകെ ഒരുമയും സഹകരണവുംവേണ്ട ഘട്ടമാണിത്. അതിനായി എല്ലാവരുടെയും അഭിപ്രായങ്ങൾ സ്വരൂപിച്ചെടുത്തുകൊണ്ട്‌ അവ പ്രായോഗികമാക്കുന്നതിനായി ‘റീ ബിൽഡ്‌ കേരള ഇനിഷ്യേറ്റീവ്‌’ എന്ന ബൃഹദ്പദ്ധതിക്കുതന്നെ രൂപം നൽകിക്കഴിഞ്ഞു. കേരളം നമ്മളെല്ലാവരുടേതുമാണെന്ന ഉത്തമബോധ്യത്തോടെ നമുക്കെല്ലാവർക്കും നവകേരള നിർമിതിക്കായി കൈകോർക്കാം. 


C S CHANDRIKAസ്വത്വങ്ങളെ തിരിച്ചറിയണം-  
ഡോ. സി.എസ്‌. ചന്ദ്രിക, 
(എഴുത്തുകാരിയും എം.എസ്‌. സ്വാമിനാഥൻ റിസർച്ച്‌ ഫൗണ്ടേഷനിൽ സാമൂഹിക ശാസ്ത്രജ്ഞയുമാണ്‌)

പ്രകൃതിവിഭവങ്ങളുടെ  സുസ്ഥിരമായ ഉപയോഗത്തിനാവശ്യമായ പ്രോട്ടോക്കോൾ  വേണം. വനങ്ങൾ, കരിങ്കൽ, ചെങ്കൽ,   കുന്നുകൾ, പുഴകൾ, കടൽ, തീരദേശം, കായലുകൾ,  വയലുകൾ എന്നിവയെല്ലാം ഉൾക്കൊള്ളുന്ന ഭൂവിഭാഗ, ആവാസവ്യവസ്ഥാ സമീപനം വേണം. പ്രകൃതിയെ   പരിപാലിച്ചും ആശ്രയിച്ചും ജീവിക്കുന്ന ദരിദ്രരും  ആദിവാസികളും ദളിതരും മത്സ്യത്തൊഴിലാളികളും സ്ത്രീകളുമായിരിക്കണം ഈ ഭൂവിഭാഗ, ആവാസവ്യവസ്ഥാ കേന്ദ്രീകൃത വികസനസമീപനത്തിന്റെ പ്രധാന ഉപയോക്താക്കളും തീരുമാനമെടുക്കൽ പ്രക്രിയയിലെ   പങ്കാളി
കളും.

കാലാവസ്ഥാവ്യതിയാനത്തിന്റെ ആഘാതങ്ങളെക്കൂടി  നേരിടാനുള്ള നിർമിതികളാണ്‌ കേരളത്തിൽ ഇനി  മാതൃകയായി ഉയർന്നുവരേണ്ടത്‌. മണ്ണും മുളയും  ഉപയോഗിച്ചുള്ള പരമ്പരാഗതവും ആധുനികവുമായ സാങ്കേതികവിദ്യകൾ സ്വീകരിക്കണം.

‘ആർക്കിടെക്ട്‌സ്‌ ഫോർ കമ്യൂണിറ്റി സർവീസ്‌’ എന്നൊരു സംഘംതന്നെ കേരളത്തിലുണ്ടാവണം. സാമൂഹികസംഘാടനത്തിലൂടെ, വിശേഷിച്ച്‌ ആദിവാസി മേഖലകളിലും തീരദേശമേഖലകളിലും സ്ത്രീകൾക്കും  പുരുഷന്മാർക്കും സാങ്കേതികമായ പരിശീലനം നൽകിക്കൊണ്ട്‌, അവർക്കാവശ്യമായ  നിർമിതികളുണ്ടാക്കാനുള്ള സ്വയംപര്യാപ്തതയും അടിസ്ഥാന സൗകര്യവികസനവും ഉറപ്പിക്കാനാവും.  പുതിയ കേരളത്തിന്‌ വാസ്തുവിദ്യാ സാംസ്കാരിക, സൗന്ദര്യ അവബോധം വളർന്നുവരണം.

പുതിയ കേരളത്തിനായുള്ള പ്രവർത്തനത്തിൽ സ്ത്രീകളുടെ തുല്യ നേതൃത്വവും പങ്കാളിത്തവും ഉണ്ടാവണം. സ്ത്രീകളുടെ മനുഷ്യാവകാശങ്ങൾ, ഭരണഘടനാപരമായ ജനാധിപത്യ അവകാശങ്ങൾ, സ്ഥാപിച്ചുകിട്ടുന്നതിനും  ആസ്വദിക്കുന്നതിനും വേണ്ടിയുള്ള പുതിയ കേരളത്തെ നിർമിച്ചെടുക്കണം.

അക്രമ, ചൂഷണ, വിവേചന രഹിതമായ കുടുംബങ്ങളും തൊഴിലിടങ്ങളും പൊതുസ്ഥലങ്ങളും രാഷ്ട്രീയപ്രസ്ഥാനങ്ങളും ആരാധനാസ്ഥലങ്ങളുമാണ്‌ സ്ത്രീകൾക്ക്‌ യഥാർഥത്തിൽ വേണ്ടത്‌. ഈ തിരിച്ചറിവുണ്ടാക്കുന്ന പാഠ്യപദ്ധതികൾക്കും പരിശീലന പരിപാടികൾക്കും സ്കൂൾതലം മുതൽ പ്രാധാന്യം ഉണ്ടായിരിക്കണം.


MB Rajeshസമഗ്രമാവണം- 
എം.ബി. രാജേഷ് എം. പി.

നവോത്ഥാന നിർമിതമായ ജാതിവിരുദ്ധവും മതനിരപേക്ഷവുമായ സാമൂഹിക-സാംസ്കാരിക അടിത്തറ കൂടുതൽ ശക്തിപ്പെടുത്തണം. ലിംഗസമത്വം ഉറപ്പുവരുത്തണം. സ്ത്രീകൾ ഇതര ലിംഗക്കാർ എന്നിവരുടെ തുല്യാവകാശങ്ങൾ ഉറപ്പുവരുത്താനുള്ള ബോധവത്‌കരണവും പ്രായോഗിക നടപടികളും ഉണ്ടാവണം.

ദളിത്‌, ആദിവാസി വിഭാഗങ്ങളുടെ ഭൂമി ഉൾപ്പടെയുള്ള സാമ്പത്തിക-സാമൂഹിക-സാംസ്കാരിക അവകാശങ്ങളും ഉപജീവനമാർഗങ്ങളും ഉറപ്പുവരുത്താൻ കഴിയണം.
അംഗപരിമിതർ,  മാനസികവെല്ലുവിളികൾ നേരിടുന്നവർ, വയോജനങ്ങൾ എന്നിവർക്ക് പ്രത്യേക പരിഗണനയും കരുതലും സംരക്ഷണവും ലഭ്യമാക്കണം.

സാമ്പത്തിക ഉത്‌പാദനം വർധിപ്പിക്കാനും കൂടുതൽ നീതിയുക്തമായ വിതരണം ഉറപ്പുവരുത്താനും കഴിയുന്ന വികസന നയങ്ങൾ ശക്തിപ്പെടുത്തണം. ഭക്ഷ്യ സ്വയംപര്യാപ്തത,  റോഡ്, റെയിൽ, മറ്റു ഗതാഗത സംവിധാനങ്ങൾ, വൈദ്യുതി തുടങ്ങിയ അടിസ്ഥാന സൗകര്യ വികസനത്തിന് ഊന്നൽ വേണം. പാരമ്പര്യേതര ഊർജ സ്രോതസ്സുകളുടെ വികസനത്തിന് മുൻഗണന നൽകണം.  പ്രവാസികളുടെ പങ്ക് വികസനത്തിന് ഉപയോഗിക്കുകയും തിരിച്ചു വരുന്ന പ്രവാസികളുടെ പുനരധിവാസം ഉറപ്പാക്കുകയും ചെയ്യണം.

വികസനം പരിസ്ഥിതിയെ കണക്കിലെടുത്തുകൊണ്ടുള്ളതാണെന്ന് ഉറപ്പാക്കാൻ നയങ്ങളിലും നിയമങ്ങളിലും ചട്ടങ്ങളിലും കാലാനുസൃതമായ മാറ്റങ്ങൾ വേണം. ബദൽ കെട്ടിടനിർമാണ രീതികളും സാങ്കേതിക വിദ്യയും വികസിപ്പിക്കൽ,  ജലസ്രോതസ്സുകൾ,  മണ്ണ് എന്നിവയുടെ സംരക്ഷണം, തണ്ണീർത്തട സംരക്ഷണം, ശാസ്ത്രീയമായ ഭൂവിനിയോഗ പദ്ധതി തുടങ്ങിയവയുടെ അടിസ്ഥാനത്തിൽ വികസനം പരിസ്ഥിതി സൗഹൃദമാക്കാനാവണം.  മാലിന്യ നിർമാർജനം-സംസ്കരണം എന്നിവയ്ക്ക് വികേന്ദ്രീകൃതവും ശാസ്ത്രീയവുമായ സംവിധാനങ്ങൾ ഒരുക്കണം. വിപുലമായ ശുചിത്വ അവബോധ നിർമിതി പ്രധാനം.

 ഗുണനിലവാരമുള്ള പൊതുവിദ്യാഭ്യാസം ഉറപ്പാക്കാനുള്ള ജനകീയ യജ്ഞം മുന്നോട്ട് കൊണ്ടുവരണം. ഉന്നത വിദ്യാഭ്യാസത്തിന്റെ മികവും നിലവാരവും വർധിപ്പിക്കണം.  കേരളത്തിന്റെ വികസന മുൻഗണനകളനുസരിച്ചുള്ള ഗവേഷണത്തിന് ഊന്നൽ നൽകണം.

ലോകശ്രദ്ധ നേടിയ പൊതുജനാരോഗ്യ സംവിധാനത്തെ കൂടുതൽ കാര്യക്ഷമമാക്കാനുള്ള ഇപ്പോഴത്തെ ശ്രമങ്ങൾ തുടരണം.  


Dr B Iqbalപരിസ്ഥിതിയെ അറിയണം- 
ഡോ. ബി. ഇക്‌ബാൽ ,(കേരള സർവകലാശാലാ മുൻ വി.സി.യും. ആരോഗ്യവിദഗ്‌ധനും)


കേരളത്തിന്റെ അതിലോലമായ പരിസ്ഥിതി സംരക്ഷിച്ചുകൊണ്ടുള്ള സുസ്ഥിര വികസന പദ്ധതികൾ ആദിവാസികൾ, ദളിതർ, മത്സ്യത്തൊഴിലാളികൾ തുടങ്ങിയ പ്രാന്തവത്‌കരിക്കപ്പെട്ടവരുടെ ജീവിതനിലവാരം മെച്ചപ്പെടുത്തുന്നതിനുള്ള മൂർത്തമായ  പദ്ധതികൾ പുത്തൻ തൊഴിലവസരങ്ങൾ സൃഷ്ടിച്ചുകൊണ്ട് സ്ത്രീകളുടെ തൊഴിൽ പങ്കാളിത്തം വർധിപ്പിക്കുക ശാസ്ത്രസാങ്കേതിക ഗവേഷണ സ്ഥാപനങ്ങളും വിദ്യാഭ്യാസ സ്ഥാപനങ്ങളുമായുള്ള അക്കാദമിക് ബന്ധം ശക്തിപ്പെടുത്തുക.

വിദ്യാഭ്യാസമേഖലയും ഉത്‌പാദന മേഖലയും തമ്മിലുള്ള ഗുണാത്മകബന്ധം ശക്തിപ്പെടുത്തുക.

ജൈവ വിവര സാങ്കേതികവിദ്യകൾ, വിനോദസഞ്ചാരം തുടങ്ങിയ മേഖലകളിലുള്ള കേരളത്തിന്റെ വലിയ സാധ്യതകൾ പരമാവധി പ്രയോജനപ്പെടുത്തി സമ്പത്തുത്‌പാദനം വർധിപ്പിക്കുക.
തൊഴിൽലഭ്യതാ സാധ്യത വർധിപ്പിക്കുന്നതിനുള്ള ജീവിത നൈപുണികൾ കൈവരിക്കാൻ  ബിരുദധാരികൾക്ക് ഫലപ്രദമായ  പരിശീലനം നൽകുക.

കേരള സമൂഹത്തിന്റെ ശാസ്ത്രബോധം വർധിപ്പിക്കാനുള്ള ബോധവത്‌കരണം ജനകീയ പ്രസ്ഥാനങ്ങളും ശാസ്ത്രസമൂഹവും ഊർജിതമായി നടപ്പാക്കുക.

ശുചിത്വകേരളം സുന്ദര കേരളം എന്ന ലക്ഷ്യം സാക്ഷാത്കരിക്കാൻ സർക്കാരും പൊതുസമൂഹവും ഒത്തുചേർന്ന് ജനകീയപ്രസ്ഥാനം കെട്ടി കേരളീയരുടെ ശാരീരികാരോഗ്യത്തോടൊപ്പം മാനസികാരോഗ്യവും മെച്ചപ്പെടുത്തുന്നതിനുള്ള നടപടികൾ സ്വീകരിക്കുക.

ഇതരസംസ്ഥാന തൊഴിലാളികളുടെ ജീവിതസാഹചര്യങ്ങൾ മെച്ചപ്പെടുത്തുക.  


Josy Josephനമുക്ക്‌ തയ്യാറെടുക്കാം
ജോസി ജോസഫ്,(അന്വേഷണാത്മക പത്രപ്രവർത്തകൻ)

ഗൾഫ് മേഖലയിലെ എണ്ണയധിഷ്ഠിത സമ്പദ്‌വ്യവസ്ഥയുടെ തകർച്ചയാണു കേരളം ആദ്യം മറികടക്കേണ്ടത്. ലക്ഷക്കണക്കിനു മലയാളികളിൽ പലരും അവിടെനിന്നു തിരികെവരികയാണ്. അതിന്റെ എണ്ണം കൂടുന്ന ദിവസം വിദൂരമല്ല. ഈ പ്രതിസന്ധി നേരിടാൻ നമ്മൾ തയ്യാറായിരിക്കണം.

രണ്ടു കാരണങ്ങളാൽ പുരോഗമനവാദം ആഗോളതലത്തിൽത്തന്നെ ഭീഷണി നേരിടുന്നു: പിന്തിരിപ്പനും വിഭജന മനോഭാവവുമുള്ളതും അശാസ്ത്രീയവുമായ രാഷ്ട്രീയ നേതൃത്വങ്ങളും പുരോഗമന വർഗത്തിന്റെ അസംതൃപ്തിയുമാണ് അതിനു കാരണം. സംസ്ഥാന നേതൃത്വം പുരോഗമന മൂല്യങ്ങൾ വീണ്ടെടുക്കാൻ തയ്യാറാകണം. ഈ പിന്തിരിപ്പൻ രാഷ്ട്രീയനേതൃത്വത്തെ അംഗീകരിക്കുകയല്ല, മറിച്ച് അവരെ കേൾക്കാനും അവരോടു വാദത്തിലേർപ്പെട്ട് അവർ തെറ്റാണെന്നു തെളിയിക്കാനും സാധിക്കുന്നതിലൂടെയേ ഈ പുരോഗമന മൂല്യങ്ങൾ വീണ്ടെടുക്കാനാകൂ.

കേരളത്തിന്റെ വിദ്യാഭ്യാസ മേഖല അഴിച്ചുപണിയണം. പ്രത്യേകിച്ച്, സർക്കാർ സ്കൂളുകളും ഉന്നതവിദ്യാഭ്യാസവും.  ഉന്നത വിദ്യാഭ്യാസ മേഖലയുടെ അവസ്ഥയാകട്ടെ പരിതാപകരവും.
സാങ്കേതികഭീമന്മാരുടെ വളർച്ചയ്ക്കാണു നമ്മളിപ്പോൾ സാക്ഷ്യം വഹിക്കുന്നത്. ഐ.ടി. പാർക്ക് അടക്കമുള്ളവയുടെ അടിസ്ഥാന സൗകര്യങ്ങളെക്കുറിച്ചു കേരളം ചിന്തിക്കേണ്ടതുണ്ട്. മേഖലയിൽ മികവുറ്റവരെ ഇങ്ങോട്ടേക്ക്

ആകർഷിക്കാൻ നമുക്കാവണം. കേരളത്തെ ഒരു ആഗോള ലക്ഷ്യസ്ഥാനമാക്കാൻ നമുക്ക് ഒട്ടേറെ കാരണങ്ങളുണ്ട്. ഇതൊരു സിങ്കപ്പൂരോ സിലിക്കൺ വാലിയോ ആക്കണമെങ്കിൽ തന്ത്രം മാറ്റേണ്ടതിന്റെ ആവശ്യമേയുള്ളൂ.

പോലീസ്‌ വകുപ്പിനെ  കൊളോണിയൽ രീതിയിൽനിന്ന്‌ മോചിപ്പിക്കണം.

പുതിയ ഹരിതവിപ്ലവത്തിനായി കേരളം പ്രവർത്തിക്കണം. അതിനായി കാർഷികമേഖലയെ നവീകരിക്കണം.

ലോകത്തിലെ ഡിജിറ്റൈസ് ചെയ്യപ്പെട്ട ഭാഷകളിലൊന്നാണു മലയാളം. ഈ വസ്തുത കേരളത്തിന്റെ സംസ്കാരം വളർത്താൻ നമ്മൾ ഉപയോഗിക്കണം.

നമ്മുടെ പാരമ്പര്യം അപ്രത്യക്ഷമായിക്കൊണ്ടിരിക്കുകയാണ്. പൊള്ളയായ ഒരു ഭൗതികസംസ്കാരത്തിലേക്കു നമ്മൾ പോകേണ്ടതില്ല. ആഴത്തിലുള്ള നാഗരികതയാണു നമുക്കാവശ്യം. അതിനു നിരന്തരമായ ശ്രമമുണ്ടാവണം.


raviramanവേണ്ടത്‌ സാംസ്കാരിക നവനിർമാണം
ഡോ. കെ. രവിരാമൻ, (സംസ്ഥാന ആസൂത്രണ ബോർഡ് അംഗവും ഓക്സ്‌ഫഡ്, മാഞ്ചസ്റ്റർ, കേംബ്രിജ്‌ സർവകലാശാലകളിൽ മുൻ വിസിറ്റിങ്‌ ഫെലോയുമാണ്)

പുതിയ കേരളം 'നവകേരളസാക്ഷരത’ തേടണം. നവോത്ഥാനമൂല്യങ്ങളും ആധുനികശാസ്ത്രബോധവും ഉൾച്ചേരുന്ന ഒരു സാക്ഷരതയാവണം അത്.  

സുസ്ഥിരവികസനം സാധ്യമാകണം. ആസൂത്രണം ഒരേസമയം ഇക്കോ സ്പെഷ്യൽ ആകണം. പരിസ്ഥിതി, അറിവിന്റെ സംയോജനം സാമ്പത്തികമൂല്യങ്ങൾ, നൈതികത, നൈപുണിവികസനം, ശുചിത്വം ഇവയൊക്കെ ഉൾക്കൊള്ളുന്ന ആസൂത്രണമാണാവശ്യം. റോഡപകടങ്ങളും മറ്റും ഏറ്റവും കുറഞ്ഞ സംസ്ഥാനമാകണം. പരമാവധി വൈദ്യുതിയാൽ ഓടുന്ന വാഹനങ്ങൾ നിരത്തിലിറങ്ങണം. കാർബൺ പാദമുദ്ര കുറയ്ക്കാൻ ഏറ്റവും നല്ല മാർഗം അതാണ്.

ഉപജീവനത്തിനായി ഭൂമിയെ ആശ്രയിക്കുന്നവർക്ക്‌ കൂടുതൽ ഉടമസ്ഥാവകാശം ലഭിക്കണം.

കുറഞ്ഞ സാമ്പത്തിക അസന്തുലിതാവസ്ഥയുള്ള സംസ്ഥാനമാകണം പുതിയ കേരളം.

പുതിയ കേരളത്തിന്റെ ഭരണനിർവഹണ തലങ്ങൾ വികസിപ്പിക്കണം. എത്രയും പുനർവിതരണ സാധ്യതയുണ്ടോ അത്രയും ആകണം; മറ്റൊരു തലം ഉയർന്ന പ്രതിബദ്ധതയാവണം; മൂന്ന്, വർധിച്ച ധാർമികത പ്രദാനം ചെയ്യുന്നവയാവണം.

വികസനനയം  ഘടനാപരമായ മാറ്റംഉൾക്കൊള്ളണം. സേവനമേഖലയുടെ വളർച്ചയെ ത്വരപ്പെടുത്തുന്ന ഉത്‌പാദനരീതിയാണ് വേണ്ടത്; തിരിച്ചും.
ഒരുവർഷത്തിനകം നമ്മുടെ ശരാശരി തൊഴിൽപ്രായം 37 ആകും. ഇത് ചൈനയുടെയും അമേരിക്കയുടെയും ശരാശരി തൊഴിൽപ്രായത്തിന് ഏതാണ്ട് തുല്യമായിരിക്കും. നൈപുണ്യവികസനത്തിന്റെ ഉയർന്ന സാധ്യതകൾ പ്രയോജനപ്പെടുത്തിയേ തീരൂ.

പൊതു ഇടങ്ങൾ ധാരാളമുള്ളതാകണം പുതിയ കേരളം. ഇത് ഒരു ആശയമെന്ന നിലയിലും ഒരു സ്ഥലമെന്നനിലയിലും രൂപപ്പെടേണ്ടതുണ്ട്. ആശയതലമെന്നരീതിയിൽ ആചാരം, വിശ്വാസം തുടങ്ങിയവയെ പൊതുഇടത്തിലേക്ക് വലിച്ചുനീട്ടരുത്. ഒരു സ്ഥലമെന്നനിലയിൽ കേരളത്തിലെ ആബാലവൃദ്ധജനങ്ങളും നിരന്തരം ഒന്നുചേരുന്ന ഇടങ്ങളാണുണ്ടാകേണ്ടത്. പൊതുവേദികളിലും പൊതുചാനലുകളിലും ഉപയോഗിക്കുന്ന പൊതുഭാഷ, പ്രത്യേകിച്ചും രാഷ്ട്രീയഭാഷ തീർത്തും സഭ്യവും സാംസ്കാരികമായി ഉയർന്നതുമാവണം.

കേരള പുനർനിർമാണം ഒരു സാംസ്കാരിക പുനർനിർമാണം കൂടിയാവണം.


NS Madhavanഇതാണവസരം
എൻ.എസ്. മാധവൻ, (എഴുത്തുകാരൻ, സാമൂഹിക നിരീക്ഷകൻ)

ആദ്യമായി കേരളം തീരുമാനിക്കേണ്ടത്‌ എന്തായിരിക്കണം വികസനമാതൃക എന്നതാണ്‌. എന്തായിരിക്കണം പുനർനിർമാണത്തിന്റെ രാഷ്ട്രീയം? പ്രളയം അദ്‌ഭുതാവഹമായി തുറന്നുകാട്ടിയത്‌ കൊച്ചുകൊച്ചു അനവധി സമൂഹങ്ങൾ പ്രകൃതിദുരന്തത്തെ നേരിടാൻ മുന്നോട്ടുവന്നുവെന്നാണ്‌. നമ്മുടെ സമൂഹത്തിൽ ലീനമായി ഇത്തരമൊരു മഹാശക്തിയുടെ സാന്നിധ്യമുണ്ട്‌. അത് പരമാവധി ഉപയോഗിക്കുന്ന രീതിയിൽ പുതിയ കേരളം നിർമിക്കണം. നിർഭാഗ്യവശാൽ കൺസെന്റുകളെെവച്ച് കേന്ദ്രീകൃതപദ്ധതികൾ ഉപയോഗിച്ചുള്ള പുനർനിർമാണത്തെക്കുറിച്ചാണ്‌ ആദ്യം കേട്ടത്‌. പുനർനിർമാണത്തിന്‌ മാനുഷികമായ ഒരു ചട്ടക്കൂട് വേണം. കാരണം, അതിന്റെ പ്രധാന ഇര ജനങ്ങളായിരുന്നു.

രണ്ടാമതായി ശ്രദ്ധിക്കേണ്ടത്‌ ജീവിതോപായം നഷ്ടപ്പെട്ടവരെയാണ്‌. ജോലി നഷ്ടപ്പെട്ടവർ കൂടാതെ കന്നുകാലികൾതൊട്ട് പണിയായുധങ്ങൾ നഷ്ടപ്പെട്ടവർവരെയുള്ള അസംഖ്യം കുടുംബങ്ങൾ ഇപ്പോഴും ദാരിദ്ര്യത്തിലാണ്‌. അവർക്ക് സഹായത്തിന്‌ പലയിടത്തും നേരത്തേ പറഞ്ഞ കേരളസമൂഹത്തിന്റെ കരുത്തായ ആദർശശാലികളായ സന്നദ്ധസേവകർ പ്രളയത്തിനുശേഷവും കൂടെയുണ്ട്‌ എന്നതാണ്‌ ആശ്വാസം. ഈ രംഗത്തേക്ക്‌ വേണ്ടത്ര ശ്രദ്ധ ഉടൻ പതിയേണ്ടതുണ്ട്‌.

അടിസ്ഥാനസൗകര്യങ്ങളെപ്പറ്റി പറയുമ്പോൾ ഗതാഗതരംഗത്താണ്‌ പ്രളയം ഏറ്റവും കൂടുതൽ നാശം വിതച്ചിട്ടുള്ളത്‌. പിന്നെ കുടിവെള്ളപദ്ധതികളും. ഇവയുടെ പുനർനിർമാണത്തെ സംബന്ധിച്ച് വ്യക്തമായ നിർദേശങ്ങൾ കേരളത്തിലെ പ്രളയക്കെടുതികളെപ്പറ്റി തയ്യാറാക്കിയ യു.എൻ. റിപ്പോർട്ടിലുണ്ട്‌.  സാങ്കേതികവിദ്യക്കുപുറമേ റോഡുകൾക്കും കുടിവെള്ളത്തിനും സാമൂഹികമായ ഒരു മാനവുമുണ്ട്‌. അവ പലപ്പോഴും പാവപ്പെട്ടവരെയും സമൂഹത്തിന്റെ അടിത്തട്ടിൽ കിടക്കുന്നവരെയും തഴയുകയാണ്‌ പതിവ്‌. ഇത്തരം സാമൂഹികമായ വക്രീകരണങ്ങൾ മാറ്റുകയെന്നതും പുനർനിർമാണത്തിലൂടെ സാധ്യമാകണം.

വീടുകളും ആവാസവ്യവസ്ഥകളും പുനർനിർമിക്കുക എന്നതാണ്‌ മറ്റൊരു മഹാദൗത്യം. മലയാളിയുടെ ഭവനസങ്കല്പം വേരുറച്ചതാണ്‌; ഈ പ്രളയത്തിന്റെ ദുരിതം അത്‌ മാറ്റുമെന്ന്‌ ഉറപ്പുപറയാനും പറ്റില്ല. അതിവൃഷ്ടിപ്രദേശങ്ങളിലെങ്കിലും നൂതനസങ്കേതികവിദ്യ ബോധവത്കരണത്തിലൂടെ നടപ്പാക്കണം; പരാജയപ്പെട്ടാൽ നിയമത്തിൽക്കൂടി അടുത്തതായി പരിസ്ഥിതി. 400 പേരുടെ ജീവനെടുത്ത, 14 ലക്ഷം പേരെ ഭവനരഹിതരാക്കിയ മഹാപ്രളയത്തിന്റെ മുഖ്യകാരണം പരിസ്ഥിതിത്തകർച്ചയാണ്‌. ഒരു മലനിര, അതിൽനിന്ന്‌ ഒഴുകുന്ന കുറേ നദികൾ, മലയ്ക്കും കടലിനും ഇടയിൽ ഒരു ഇടുങ്ങിയ പ്രദേശം-  കേരളം ശരിക്കുമൊരു വലിയ നീർത്തടമാണ്‌. അതിലൂടെ സുഗമമായി ജലത്തിന്‌ സഞ്ചരിക്കാനുള്ള വഴികൾ തുറന്നുവയ്ക്കുന്നതിന്‌ വിദഗ്ധർ പറയുന്ന കാര്യങ്ങൾ, രാഷ്ട്രീയ അസൗകര്യങ്ങൾ നോക്കാതെ നടപ്പാക്കണം.

വിദഗ്ധരെപ്പറ്റി പറയുമ്പോൾ കേരളത്തിലെ ഉന്നതവിദ്യാഭ്യാസമേഖലയുടെ പാപ്പരത്തത്തെക്കുറിച്ചാണ്‌ ഓർക്കുന്നത്‌. പരിഷ്കൃതരാജ്യങ്ങളിൽ പ്രകൃതിദുരന്തങ്ങളുടെ സമയത്ത് അവിടത്തെ സർവകലാശാലകളും മറ്റ്‌ ഉന്നതവിദ്യാഭ്യാസസ്ഥാപനങ്ങളും സർക്കാറിനെ ഉപദേശിക്കാൻ മുൻപന്തിയിലുണ്ടാകും. ഇവിടെ അവരുടെ സംഭാവന ശൂന്യമായിരുന്നു. അറിവിന്റെ ഈ വലിയ അഭാവത്തിന്‌ മാറ്റമുണ്ടാകാൻ ഉന്നതവിദ്യാഭ്യാസം നവകേരളനിർമിതിയിൽ ഒരു പ്രധാന അജൻഡയായിരിക്കണം.

എട്ടുലക്ഷംപേരെ പ്രതീക്ഷിച്ച മൂന്നാറിലെ നീലക്കുറിഞ്ഞിക്കാലത്ത് ആകെ വന്നത്‌ ഒരുലക്ഷംപേർമാത്രം. കേരളത്തിന്റെ പ്രധാന വരുമാനമാർഗങ്ങളിലൊന്നായ, വളരെയധികം തൊഴിൽ നൽകുന്ന വിനോദസഞ്ചാരമേഖലയിൽ പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്‌.

പ്രളയദിനങ്ങളിൽ ഒരുമയോടെ മലയാളി കാണിച്ചത്‌ സേവനമനഃസ്ഥിതിയും ആദർശധീരതയുമാണ്‌. ഇതൊരു വലിയ മൂലധനമാണ്‌. ഇതിനെ, അതായത്‌ ജനങ്ങളെ, ഉൾപ്പെടുത്തിക്കൊണ്ടായിരിക്കണം പുതിയ കേരളത്തിന്റെ നിർമിതി.


k r meeraഇങ്ങനെയാവണം കേരളം
 കെ.ആർ. മീര, (എഴുത്തുകാരി)

ഓരോ പ്രദേശത്തും കൃഷി–കൃഷി ഇതര ഭൂവിനിയോഗത്തിനു ശാസ്ത്രജ്ഞരുടെ സഹായത്തോടെ മാർഗരേഖയും ലൈസൻസിങ്ങും.  ഓരോ പ്രദേശത്തും പണിയാവുന്ന കെട്ടിടങ്ങളുടെ വലുപ്പവും ആകൃതിയും സംബന്ധിച്ച് നിയന്ത്രണം. ഒരാൾക്ക് ഒന്നിൽക്കൂടുതൽ വീടുകൾ പണിയുന്നതിന് നിയന്ത്രണം. പൂട്ടിയിടാൻ വേണ്ടി പണിയുന്ന വീടുകൾക്ക് ഇരട്ടി നികുതി.

ടൈലുകൾ പാകിയും തൊഴിലുറപ്പു പദ്ധതിയുടെ ഭാഗമായി കത്തിച്ചു കളഞ്ഞും  ജൈവവൈവിധ്യം നശിപ്പിക്കുന്നതിനു കർശന ശിക്ഷ. ജലം– ജലസ്രോതസ്സുകൾക്കു സംരക്ഷണം. ഭൂഗർഭ ജലത്തിന്‍റെ അളവു കൂട്ടാൻ കൂടുതൽ നീർത്തടങ്ങളും കുളങ്ങളും മഴക്കുഴികളും. പരിസ്ഥിതി സൗഹൃദ നിർമാണവസ്തുക്കൾ ഉപയോഗിച്ചുള്ള വീടുകൾക്കു മാത്രം അനുമതി. മതിലുകൾക്കു നിരോധനം.
കുന്നുകൾ നിരത്തുന്നതിനും പാറകൾ തകർക്കുന്നതിനും നീർത്തടങ്ങൾ നികത്തുന്നതിനും കർശന നിയന്ത്രണം.

ഗതാഗതത്തിരക്കേറിയ റോഡുകളിൽ സ്വകാര്യവാഹനങ്ങൾക്ക് പ്രവേശന ഫീസ്. ഒന്നിലേറെ വണ്ടികളുടെ ഉടമകൾക്ക് ഇരട്ടി നികുതി.

എൽ.പി. സ്കൂൾ മുതൽ പൗരധർമവും ഭരണഘടനാതത്ത്വങ്ങളും നിത്യജീവിതത്തിൽ അറിഞ്ഞിരിക്കേണ്ട പ്രധാന നിയമങ്ങളും പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തണം.  

ഭരണഘടനാതത്ത്വങ്ങൾക്കും നിയമവ്യവസ്ഥകൾക്കും വിരുദ്ധമായ സന്ദേശങ്ങളും ജീവിതശൈലിയും പ്രചരിപ്പിക്കുകയും പ്രോൽസാഹിപ്പിക്കുകയും ചെയ്യുന്ന ടി.വി., സിനിമാ പരിപാടികൾക്കും പത്രവാർത്തകൾക്കും സോഷ്യൽമീഡിയ സന്ദേശങ്ങൾക്കും കർശന ശിക്ഷ.

പൊതുസ്ഥലങ്ങളിലും വിദ്യാലയങ്ങളിലും ആരാധനാലയങ്ങളിലും ഭിന്നശേഷിക്കാർക്ക് സൗകര്യങ്ങൾ.


vtസംവേദനക്ഷമമാവണം
വി.ടി. ബൽറാം,-(നിയമസഭാ സാമാജികൻ)


സമൂഹത്തിലെ സ്ത്രീ പദവിയോടും സ്ത്രീ പ്രശ്നങ്ങളോടും കൂടുതൽ സംവേദനക്ഷമത പുലർത്തുന്ന ഒരു സമൂഹം. പാർലമെന്റ്/നിയമസഭകളിൽ വനിതാ സംവരണം. ദളിത്, ആദിവാസി സമൂഹങ്ങളുടെ ശാക്തീകരണം, രാഷ്ട്രീയ, സാമ്പത്തിക, സാംസ്കാരിക രംഗങ്ങളിലെ ശക്തമായ ദളിത് സാന്നിധ്യം. വയോജനങ്ങളോടും ഭിന്നശേഷിക്കാരോടും സൗഹൃദം പുലർത്തുന്ന സാമൂഹിക അടിസ്ഥാന സൗകര്യങ്ങൾ.

സാമൂഹിക നയരൂപവത്‌കരണങ്ങളിൽ ശാസ്ത്രീയ കാഴ്ചപ്പാടുകൾക്കും സ്വതന്ത്രചിന്തയ്ക്കും പ്രാമുഖ്യം. മത, ജാതി സംഘടനകളുടെ അനഭിലഷണീയമായ വിലപേശൽ ശക്തി ഇല്ലാതാവുന്ന രാഷ്ട്രീയാന്തരീക്ഷം.
പൊതുവിദ്യാലയങ്ങൾ രക്ഷിതാക്കളുടെ സ്വാഭാവിക ചോയ്‌സ് ആവുന്ന അന്തരീക്ഷം. എയ്ഡഡ് സ്കൂൾ, കോളേജ് നിയമനങ്ങൾ പി.എസ്.സി. വഴി.

വിദേശ വിദ്യാർഥികളെയടക്കം ആകർഷിക്കുന്ന ഉന്നത, പ്രൊഫഷണൽ വിദ്യാഭ്യാസ രംഗം. കൂടുതൽ ഗവേഷണങ്ങളും പേറ്റന്റുകളും. മെച്ചപ്പെട്ട പൊതുജനാരോഗ്യ നെറ്റ് വർക്ക്. താങ്ങാവുന്ന മെഡിക്കൽ ഇൻഷുറൻസ് എല്ലാവർക്കും.

കാസർകോട് മുതൽ തിരുവനന്തപുരം വരെ എട്ട് വരി എക്സ്പ്രസ് ഹൈവേ, റെയിൽവേ, ജലപാത അടക്കമുള്ള ലോകോത്തര അടിസ്ഥാന സൗകര്യങ്ങൾ.
മാലിന്യ സംസ്കരണത്തിനും ജലസ്രോതസ്സുകളുടെ സംരക്ഷണത്തിനുമുള്ള അടിയന്തര ഇടപെടലുകൾ. പശ്ചിമഘട്ടത്തിന്റെ സംരക്ഷണം, ഭൂവിനിയോഗത്തിന് ആധുനികവും ശാസ്ത്രീയവുമായ മാനദണ്ഡങ്ങൾ.
കാർഷികാനുബന്ധ വ്യവസായങ്ങളുടെ ഒരു ശൃംഖല കെട്ടിപ്പടുക്കുന്നതിലൂടെ കൃഷിക്കും വ്യവസായത്തിനും പുത്തനുണർവ്. കൂടുതൽ തൊഴിലവസരങ്ങൾ.