രനൂറ്റാണ്ടുകാലത്തെ പട്ടാളഭരണത്തിനുശേഷം മ്യാന്‍മാര്‍ ജനാധിപത്യത്തിലേക്ക് പിച്ചവെച്ചു തുടങ്ങിയിട്ടേയുണ്ടായിരുന്നുള്ളൂ. പത്തുവയസ്സുമാത്രം പ്രായമുണ്ടായിരുന്ന മ്യാന്‍മാറിന്റെ 'ഭാഗിക ജനാധിപത്യം' ഫെബ്രുവരി ഒന്നിലെ സൈനികഅട്ടിമറിയോടെ വീണ്ടും അനിശ്ചിതത്വത്തിലായിരിക്കുന്നു.

ഇരുളില്‍ മ്യാന്‍മാര്‍

''അതിനാല്‍ ഭരണഘടനയുടെ 417-ാം അനുച്ഛേദപ്രകാരം രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിക്കുന്നു. വോട്ടര്‍പ്പട്ടിക പരിശോധിക്കാനും നടപടിയെടുക്കാനുമായി നിയമനിര്‍മാണം, ഭരണം, ക്രമസമാധാനപാലനം എന്നീ അധികാരങ്ങള്‍ 418 (എ) അനുച്ഛേദപ്രകാരം കമാന്‍ഡര്‍ ഇന്‍ ചീഫിന് കൈമാറുന്നു''-വെറും പത്തുവര്‍ഷം മാത്രം പ്രായമുണ്ടായിരുന്ന മ്യാന്‍മാറിലെ ജനാധിപത്യ സര്‍ക്കാരിനെ അട്ടിമറിച്ച് പട്ടാളം പ്രഖ്യാപിച്ചു.

1989-ന്റെ തനിയാവര്‍ത്തനം പോലെ സ്റ്റേറ്റ് കൗണ്‍സിലര്‍ ആങ് സാന്‍ സ്യൂചിയെ തടവിലാക്കി. പ്രസിഡന്റ് വിന്‍ മിന്റിനെയും മറ്റു നേതാക്കളെയും. സൈനിക മേധാവി മിന്‍ ഓങ് ലേയിങ് രാജ്യത്തിന്റെ നിയന്ത്രണമേറ്റെടുക്കുകയും സൈന്യത്തിന്റെ വിശ്വസ്തരായ മുന്‍ സൈനിക ജനറലും വൈസ് പ്രസിഡന്റുമായിരുന്ന മിന്റ് സ്വീയെ ആക്ടിങ് പ്രസിഡന്റായും മുന് വിദേശകാര്യമന്ത്രി വുന്ന മൗങ് ല്വിന്നെ ധനകാര്യമന്ത്രിയായും അവരോധിക്കുകയും ചെയ്തു. രാജ്യത്ത് ഒരു വര്‍ഷത്തേക്ക് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു.

നവംബറില്‍ നടന്ന തിരഞ്ഞെടുപ്പില്‍ രണ്ടാംവട്ടവും മ്യാന്‍മറില്‍ വന്‍ ഭൂരിപക്ഷത്തില്‍ സ്യൂചിയുടെ നാഷണല്‍ ലീഗ് ഫോര്‍ ഡെമോക്രസി (എന്‍.എല്‍.പി.) വീണ്ടും അധികാരത്തിലെത്തിയതിന് ശേഷമുള്ള ആദ്യ പാര്‍ലമെന്റ് യോഗം ചേരേണ്ടിയിരുന്ന ഫെബ്രുവരി ഒന്നിന് പുലര്‍ച്ചെയാണ് പട്ടാളം അട്ടിമറിക്കായി തിരഞ്ഞെടുത്തത്. സ്യൂചി സര്‍ക്കാരിന്റെ വിജയം ഔദ്യോഗികമായി അംഗീകരിക്കേണ്ടിയിരുന്ന യോഗമായിരുന്നു അന്ന് നടക്കേണ്ടിയിരുന്നത്.

പട്ടാളം പറയുന്നതെന്ത്

2020 നവംബര്‍ എട്ടിന് നടന്ന തിരഞ്ഞെടുപ്പില്‍ എന്‍.എല്‍.പി. 80 ശതമാനത്തിലേറെ വോട്ടു നേടിയാണ് വീണ്ടും അധികാരമുറപ്പിച്ചത്. 25 വര്‍ഷത്തിനിടെ മ്യാന്‍മറില്‍ നടന്ന രണ്ടാമത്തെ ജനാധിപത്യ തിരഞ്ഞെടുപ്പായിരുന്നു അത്. 476 അംഗ പാര്‍ലമെന്റില്‍ 396 സീറ്റു നേടിയായിരുന്നു എന്‍.എല്‍.പി.യുടെ വിജയം. സൈന്യത്തിന്റെ പിന്തുണയുള്ള യൂണിയന്‍ സോളിഡാരിറ്റി ആന്‍ഡ് ഡെവലപ്‌മെന്റ് പാര്‍ട്ടിക്ക് (യു.എസ്.ഡി.പി.) കിട്ടിയതാകട്ടെ 33 സീറ്റുമാത്രം. എന്നാല്‍ ഫലം പുറത്തുവന്നതിന് പിന്നാലെ തിരഞ്ഞെടുപ്പില്‍ ക്രമക്കേടുണ്ടെന്നും വീണ്ടും തിരഞ്ഞെടുപ്പ് നടത്തണമെന്നുമാവശ്യപ്പെട്ട് യു.എസ്.ഡി.പി. രംഗത്തെത്തി. ഇതേറ്റുപിടിച്ച സൈനികനേതൃത്വം വോട്ടര്‍പ്പട്ടിക പുനഃപരിശോധിക്കണമെന്ന ആവശ്യവുമായി രാജ്യത്തെ യൂണിയന്‍ ഇലക്ഷന്‍ കമ്മിഷനെ (യു.ഇ.സി.) സമീപിച്ചെങ്കിലും ആവശ്യം കമ്മിഷന്‍ നിരാകരിച്ചു. 90 ലക്ഷത്തോളം വോട്ടുകളില്‍ ക്രമക്കേടുണ്ടെന്ന് തങ്ങളുടെ അന്വേഷണത്തില്‍ കണ്ടെത്തിയതായി സൈന്യം വാദിക്കുന്നു. എന്നാല്‍ ഈ വാദം ശരിവെക്കാന്‍ വേണ്ട തെളിവുകളൊന്നും സൈന്യത്തിന്റെ പക്കലില്ല എന്നതാണ് യാഥാര്‍ഥ്യം.

അട്ടിമറിക്കു പിന്നില്‍

രാജ്യഭരണത്തിന്മേല്‍ സൈനികമേധാവി ലേയിങ്ങിനുള്ള താത്പര്യമാണ് അട്ടിമറിക്കു പിന്നിലെ പ്രധാനകാരണം. മ്യാന്‍മാര്‍ പ്രസിഡന്റ് പദവി ലേയിങ്ങിന്റെ സ്വപ്നമാകാന്‍ തുടങ്ങിയിട്ട് നാളേറെയായി. പരുക്കനായ സൈനികമേധാവിയില്‍നിന്ന് ജനകീയമുഖമായി മാറാനുള്ള പരിശ്രമം 2016 മുതല്‍ ലേയിങ്  തുടങ്ങുന്നുണ്ട്. അദ്ദേഹത്തിന്റെ സാമൂഹികമാധ്യമ പേജുകളില്‍ അത് വ്യക്തവുമാണ്. 2011 മുതല്‍ കരസേനാമേധാവിയായ 64-കാരനായ ഹേലിങ് ജൂലായില്‍ വിരമിക്കേണ്ടതാണ്. ഹേലിങ് തുടര്‍ച്ചയാഗ്രഹിക്കുന്നുണ്ടെങ്കിലും ഈ നീക്കത്തെ സ്യൂചി ശക്തമായി എതിര്‍ത്തിരുന്നു. സിവില്‍ സര്‍ക്കാരിന്റെ കാലത്ത് സ്യൂചിയുടെ എതിര്‍പ്പ് മറികടന്ന് തന്റെ പ്രസിഡന്റ് മോഹം നടക്കില്ലെന്ന് ലേയിങ്ങിനറിയാം. സ്യൂചിയെ തടങ്കലിലാക്കിയതോടെ ഒരു വര്‍ഷത്തിനുള്ളില്‍ പുതിയ തിരഞ്ഞെടുപ്പ് നടത്തി യു.എസ്.ഡി.പി.യെ അധികാരത്തിലെത്തിക്കുകയും അതിലൂടെ പ്രസിഡന്റ് പദവി നേടാനുമായിരിക്കും ലേയിങ്ങിന്റെ ഇനിയുള്ള ശ്രമം.

മ്യാന്‍മറിന്റെ രണ്ട് പ്രധാനശക്തികളായി തുടരുകയായിരുന്നു സൈന്യവും സ്യൂചി സര്‍ക്കാരും കഴിഞ്ഞ അഞ്ചുവര്‍ഷക്കാലവും. സൈന്യം റോഹിംഗ്യന്‍ വംശജര്‍ക്കുനേരെ നടത്തുന്ന വംശീയ ഉന്മൂലനത്തെ ഒരു വാക്കുകൊണ്ടുപോലും എതിര്‍ക്കാത്ത സ്യൂചിയുടെ മൗനം അതിനെ അരക്കിട്ടുറപ്പിക്കുന്നതുമായിരുന്നു. ഒരുകാലത്ത് സമാധാനത്തിന്റെ പ്രതീകമായിപ്പോലും വാഴ്ത്തപ്പെട്ട സ്യൂചിയുടെ പ്രതിച്ഛായ ഇതോടെ അന്താരാഷ്ട്രതലത്തില്‍ തിരിച്ചടി നേരിട്ടെങ്കിലും മ്യാന്‍മാറില്‍ സ്വീകാര്യത വര്‍ധിച്ചുവെന്ന് നവംബര്‍ എട്ടിലെ തിരഞ്ഞെടുപ്പ് ഫലം തെളിയിക്കുന്നുണ്ട്. സ്യൂചിയ്ക്കും എന്‍.എല്‍.പി.ക്കുമുള്ള ഈ ജനപ്രീതി സൈനികനേതൃത്വത്തില്‍ അരക്ഷിതബോധമുയര്‍ത്തിയിട്ടുണ്ടെന്നും വിലയിരുത്തപ്പെടുന്നു. സൈനിക കുടുംബങ്ങളില്‍നിന്നുവരെ എന്‍.എല്‍.പി.യിലേക്ക് വോട്ടുചോര്‍ച്ചയുണ്ടായതാണ് യു.എസ്.ഡി.പി.യുടെ വോട്ടുവിഹിതത്തിലുണ്ടായ കുറവെന്ന ഭയവും സൈന്യത്തെ അലട്ടുന്നുണ്ട്.

തീരുമാനം ഭരണഘടനാപരമോ

മ്യാന്‍മാര്‍ ഭരണഘടനയുടെ 417-ാം അനുച്ഛേദപ്രകാരം രാജ്യത്ത് അടിയന്തരാവസ്ഥയേര്‍പ്പെടുത്തി ഭരണമേറ്റെടുക്കുന്നുവെന്നാണ് അട്ടിമറിക്ക് പിന്നാലെ സൈന്യമിറക്കിയ വിശദീകരണം. എന്നാല്‍ 417-ാം ആര്‍ട്ടിക്കിള്‍ പ്രകാരമാണോ ഈ നീക്കമെന്നു ചോദിച്ചാല്‍ അല്ലെന്നാണ് ഉത്തരം. ''രാജ്യത്തെയോ രാജ്യത്തിന്റെ അഖണ്ഡതയെയോ വിഘടിപ്പിക്കുന്നതും കലാപത്തിലൂടെയോ അക്രമത്തിലൂടെയോ തെറ്റായ നിര്‍ബന്ധിതമാര്‍ഗങ്ങളിലൂടെയോ രാജ്യത്തിന്റെ പരമാധികാരമേറ്റെടുക്കാന്‍ ശ്രമിക്കുന്ന നടപടികളോ ഉണ്ടായാല്‍ നാഷണല്‍ ഡിഫന്‍സ് ആന്‍ഡ് സെക്യൂരിറ്റി കൗണ്‌സിലുമായി ചേര്‍ന്നുള്ള കൂടിയാലോചനകള്‍ക്കുശേഷം പ്രസിഡന്റിന് ഓര്‍ഡിനന്‍സിറക്കി രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിക്കാനും അധികാരമുണ്ട്'' -എന്നാണ് 2008-ലെ മ്യാന്‍മാര്‍ ഭരണഘടനയുടെ 417-ാം അനുച്ഛേദം പറയുന്നത്.

ഇത് പ്രകാരം രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിക്കാനുള്ള അധികാരം രാജ്യത്തിന്റെ പ്രസിഡന്റിനാണ്. രാജ്യഭരണം സൈനികമേധാവിക്ക് കൈമാറാനുള്ള അധികാരവും പ്രസിഡന്റിന് മാത്രമാണെന്ന് 418 അനുച്ഛേദം എ-യില്‍ പറയുന്നു. എന്നാല്‍ പ്രസിഡന്റിന്റെ അനുമതിയോടെയല്ല പട്ടാളം ഭരണമേറ്റെടുത്തും അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതും. പകരം സ്യൂചിക്കൊപ്പം പ്രസിഡന്റ് വിന്‍ മിന്റിനെയും തടവിലാക്കുകയാണുണ്ടായത്.

പട്ടാളമെഴുതിയ 'ഭരണഘടന'

1962 മുതല്‍ 2011 വരെയുള്ള അരനൂറ്റാണ്ടോളം കാലം പട്ടാളഭരണത്തിനുകീഴിലായിരുന്നു മ്യാന്‍മാര്‍. എണ്‍പതുകളോടെ ജനാധിപത്യപ്രക്ഷോഭങ്ങള്‍ പൊട്ടിപ്പുറപ്പെട്ടു തുടങ്ങിയെങ്കിലും അവയെ അടിച്ചമര്‍ത്താന്‍ സൈനികഭരണകൂടത്തിനായിരുന്നു. 1990-ല്‍ സ്യൂചിയുടെ എന്‍.എല്‍.ഡി. വന്‍ഭൂരിപക്ഷത്തില്‍ അധികാരത്തിലെത്തിയെങ്കിലും സൈന്യം അധികാരം വിട്ടുനല്‍കിയില്ല. ഒടുവില്‍ അന്താരാഷ്ട്രതലത്തില്‍ സഹകരണം അത്യാവശ്യമായി വന്നതോടെ വിദേശരാജ്യങ്ങളുടെ സമ്മര്‍ദത്തിനുകീഴിലാണ് 2010-ല്‍ തിരഞ്ഞെടുപ്പ് നടത്തുകയും 2011-ല്‍ അധികാരം സിവിലിയന്‍ സര്‍ക്കാരിന് കൈമാറുകയും ചെയ്യുന്നത്. 2010-ലെ തിരഞ്ഞെടുപ്പ് എന്‍.എല്‍.ഡി. ബഹിഷ്‌കരിച്ചതോടെ യു.എസ്.ഡി.പി.യാണ് അധികാരത്തിലെത്തിയത്.

ഭരണം സിവിലിയന്‍ സര്‍ക്കാരിന് കൈമാറിയെങ്കിലും രാജ്യത്ത് തങ്ങളുടെ സ്വാധീനമുറപ്പിക്കാനായുള്ള എല്ലാ പഴുതുകളുമുള്‍പ്പെടുത്തിയാണ് സൈന്യം 2008-ലെ ഭരണഘടനയ്ക്ക് രൂപംനല്‍കിയത്. പാര്‍ലമെന്റിലെ 25 ശതമാനം സീറ്റ് സൈന്യത്തിന്റെ പ്രതിനിധികള്‍ക്കായിരിക്കുമെന്നും പ്രതിരോധം, അതിര്‍ത്തികാര്യം, ആഭ്യന്തരം എന്നീ വകുപ്പുകള്‍ സൈന്യം ഭരിക്കുമെന്നും ഭരണഘടനയില്‍ സൈന്യം ഉറപ്പാക്കിയിട്ടുണ്ട്.

പാര്‍ലമെന്റിലെ 25 ശതമാനം സീറ്റുകളെന്നത് കുറയ്ക്കാന്‍ മാര്‍ച്ചില്‍ സ്യൂചി സര്‍ക്കാര്‍ ഭരണഘടനാഭേദഗതിക്കു ശ്രമിച്ചിരുന്നെങ്കിലും പരാജയപ്പെട്ടു. 75 ശതമാനം അംഗങ്ങളുടെ പിന്തുണയില്ലാതെ ഭരണഘടനാ ഭേദഗതി സാധ്യമല്ല. സൈന്യത്തിന്റെ ഔദ്യോഗികവക്താക്കളായ 25 ശതമാനം പേരെയും സൈന്യത്തിനെ പിന്തുണയ്ക്കുന്ന മറ്റു പാര്‍ട്ടികളിലെ അംഗങ്ങളും ചേരുമ്പോള്‍ ഇത്തരമൊരു ഭേദഗതി സിവിലിയന്‍ സര്‍ക്കാരിനെ സംബന്ധിച്ചിടത്തോളം അസാധ്യമാണുതാനും.

മ്യാന്‍മാര്‍ ജനത പ്രതികരിക്കുന്നതെങ്ങനെ

പട്ടാളത്തിന്റെ അട്ടിമറിക്കെതിരേ പ്രതികരിക്കണമെന്ന് സ്യൂചി അണികളോടാവശ്യപ്പെട്ടിട്ടുണ്ട്. രാജ്യം വീണ്ടും പട്ടാളഭരണത്തിലേക്ക് പോയതില്‍ ജനങ്ങളില്‍ അമര്‍ഷവുമുണ്ട്. എന്നാല്‍ ആ അമര്‍ഷം തെരുവുകളില്‍ പ്രതിഫലിച്ചു തുടങ്ങിയിട്ടില്ല. പാത്രം കൊട്ടിയും വാഹനങ്ങളിലെ ഹോണ്‍ മുഴക്കിയുമുള്ള പ്രതീകാത്മക പ്രതിഷേധങ്ങള്‍ മാത്രമാണ് ബര്‍മീസ് ജനതയുടെ ഭാഗത്തുനിന്ന് ഇതുവരെയുണ്ടായത്. പട്ടാളത്തെ മറികടന്ന് അതിലും വലിയ പ്രതിഷേധങ്ങള്‍ തെരുവിലരങ്ങേറുമെന്ന് കരുതാനുമാവില്ല.

Content Highlights: Myanmar coup: What is happening and why?