MOB LYNCHING


ന്ധ്രപ്രദേശിലെ ചിറ്റൂര്‍, തമിഴ്‌നാട്ടിലെ തിരുവണ്ണാമലൈ, അസമിലെ കാര്‍ബി ആങ്‌ലോങ്, മഹാരാഷ്ട്രയിലെ ധൂലെ, കര്‍ണാടകത്തിലെ ബദാമി, രാജ്യത്തെ സിലിക്കണ്‍ വാലി എന്നറിയപ്പെടുന്ന ബാംഗ്ലൂര്‍........... പട്ടിക നീളുകയാണ്. കുട്ടികളെ തട്ടിക്കൊണ്ടുപോകാന്‍ എത്തിയവരെന്ന് ആരോപിച്ച് പലരും ആള്‍ക്കൂട്ട ആക്രമണങ്ങള്‍ക്ക് വിധേയരായി കൊല്ലപ്പെട്ട സ്ഥലങ്ങളാണ് ഇവയെല്ലാം. ഇരകള്‍ എല്ലായ്‌പ്പോഴും പുറത്തുനിന്നെത്തിയവരായിരുന്നു, വേട്ടക്കാര്‍ ആ നാട്ടുകാരും. ആള്‍ക്കൂട്ട ആക്രമണങ്ങളിലേക്ക് നയിച്ചതാവട്ടെ സാമൂഹികമാധ്യമങ്ങള്‍ വഴി പ്രചരിച്ച വ്യാജസന്ദേശങ്ങളും!!

ആള്‍ക്കൂട്ടത്തിന്റെ വ്യാജപ്രചരണങ്ങള്‍ ഗുരുതരപ്രത്യാഘാതങ്ങളിലേക്ക് നയിക്കപ്പെടുന്ന ചരിത്രം ഇന്ത്യക്ക് സ്വാതന്ത്ര്യപൂര്‍വ്വകാലം മുതല്‍ക്കേ ഉള്ളതാണ്. 1857ല്‍ ഒന്നാം സ്വാതന്ത്ര്യസമരം പെട്ടന്ന് പൊട്ടിപ്പുറപ്പെടാനുണ്ടായ കാരണം പോലും അത്തരത്തിലൊന്നായിരുന്നു. ശിപായികള്‍ എന്നറിയപ്പെട്ടിരുന്ന ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനിയിലെ ഇന്ത്യന്‍ സൈനികര്‍ നിര്‍ബന്ധിത മതപരിവര്‍ത്തനത്തിന് വിധേയരാവേണ്ടിവരുമെന്ന അഭ്യൂഹം പരന്നു. തദ്ദേശീയസൈനികര്‍ക്ക് വിദേശസേവനം നിര്‍ബന്ധിതമാക്കിയ ഡല്‍ഹൗസി പ്രഭുവിന്റെ നടപടിയായിരുന്നു ഈ അഭ്യൂഹത്തിന് പിന്നില്‍. 

കടല്‍ കടക്കുന്നത് മതാചാരവിരുദ്ധതയായി കണക്കാക്കിയിരുന്ന ഹിന്ദുക്കളുടെ മതവികാരത്തെ ഇത് വ്രണപ്പെടുത്തി. അതോടൊപ്പമാണ് തോക്കുകളില്‍ നിറയ്ക്കാന്‍ നല്കിയിരുന്ന തിര പൊതിഞ്ഞിരുന്ന ആവരണം പശുവിന്റെയും പന്നിയുടെയും നെയ്യ് കൊണ്ടുണ്ടാക്കിയ ഗ്രീസില്‍ മുക്കിയതാണെന്ന പ്രചരണവും ശക്തമായത്. അത് കടിച്ചുതുറക്കേണ്ടി വരുന്നത് മതവിശ്വാസത്തെ വ്രണപ്പെടുത്തുമെന്ന തിരിച്ചറിവിലാണ് ശിപായിമാര്‍ക്കിടയില്‍ ഭയം ശക്തമാവുന്നതും അത് പ്രതിഷേധങ്ങളിലേക്ക് നയിക്കപ്പെട്ടതും.

MOB LYNCHING
Image: AP

ചരിത്രം പറയുന്നത്...

1857ലെ  വ്യാജപ്രചരണത്തിന്റെ പ്രത്യാഘാതം ഗുണകരമായിരുന്നെങ്കില്‍ പിന്നീട് ചരിത്രം രേഖപ്പെടുത്തിയ പല കുപ്രചരണങ്ങളുടെയും ഫലം അങ്ങനെയായിരുന്നില്ല. പല കാലങ്ങളിലും പലതരത്തിലുള്ള വ്യാജപ്രചരണങ്ങള്‍ സമൂഹം ഏറ്റെടുക്കുന്നതും ദോഷമായി ഭവിക്കുന്നതും നമ്മള്‍ കണ്ടിട്ടുണ്ട്. 2012ല്‍ ബംഗളൂരുവിനെ ഞെട്ടിച്ചതും അത്തരമൊരു കിംവദന്തിയായിരുന്നു. വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളില്‍ നിന്നുള്ളവര്‍ക്ക് നേരെ ആക്രമണങ്ങള്‍ക്ക് സാധ്യതയുണ്ടെന്നായിരുന്നു അന്നത്തെ പ്രചരണം. അങ്ങനെ എന്തെങ്കിലും ആക്രമണം ഉണ്ടായതായി എവിടെനിന്നും റിപ്പോര്‍ട്ടുകളൊന്നും വന്നിരുന്നില്ല. പക്ഷേ, ശക്തമായ പ്രചരണത്തില്‍ ബംഗളൂരു നഗരം സ്തംഭിച്ചു. നഗരത്തിലെ ജനസംഖ്യയുടെ നല്ലൊരു ശതമാനം വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ നിന്നുളള്ളവരായിരുന്നു എന്നത് പ്രശ്‌നത്തിന്റെ ഗൗരവം വര്‍ധിപ്പിച്ചു. കിട്ടുന്ന വണ്ടികളില്‍ എങ്ങനെയും കയറിക്കൂടി സ്വന്തം നാടുപിടിക്കാനായിരുന്നു എല്ലാവരുടെയും ശ്രമം. 

2013ലെ മുസാഫര്‍നഗര്‍ കലാപവും അങ്ങനെയുള്ള വ്യാജപ്രചരണത്തിന്റെ ഉല്പന്നമായിരുന്നു. ഉത്തര്‍പ്രദേശിലെ മുസാഫര്‍നഗറില്‍ ജാട്ട് വിഭാഗത്തില്‍ പെട്ട സ്ത്രീയോട് മുസ്ലീം വിഭാഗത്തില്‍ പെട്ട യുവാവ് മോശമായി പെരുമാറിയതായിരുന്നു സംഭവങ്ങളുടെ തുടക്കം. ദിവസങ്ങള്‍ക്കുള്ളില്‍ അയാള്‍ കൊല്ലപ്പെട്ടതോടെ സ്ഥലത്ത് ആശങ്ക പരന്നു. കൊലപാതകികള്‍ ആ സ്ത്രീയുടെ സഹോദരങ്ങളാണെന്നായിരുന്നു പിന്നീടുണ്ടായ പ്രചരണം. തൊട്ടുപിന്നാലെ അവര്‍ കൊല്ലപ്പെട്ടു. അതൊടൊപ്പം രണ്ട് പേരെ ജനക്കൂട്ടം ആക്രമിച്ച് കൊലപ്പെടുത്തുന്ന വീഡിയോ സാമൂഹികമാധ്യമങ്ങളിലൂടെ പ്രചരിച്ചു. അതോടെ കലാപം പുതിയ തലത്തിലെത്തി.

വീഡിയോ വ്യാജമാണെന്ന് ജനത്തെ ബോധവല്‍ക്കരിക്കാന്‍ അധികൃതര്‍ ആവുംവിധം ശ്രമിച്ചെങ്കിലും പരാജയമായിരുന്നു ഫലം. വീഡിയോ പ്രചരിപ്പിച്ചയാളെ കണ്ടെത്തിയാല്‍ ഒരു ലക്ഷം രൂപ ഇനാമായി നല്കാമെന്ന് പോലീസ് പ്രഖ്യാപിച്ചിട്ടും ഫലമുണ്ടായില്ല. തിരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ടുള്ള രാഷ്ട്രീയഅജണ്ടയാണ് സംഭവങ്ങള്‍ക്ക് പിന്നിലെന്ന് ബിജെപിയും സമാദ് വാദി പാര്‍ട്ടിയും പഴിചാരിയെങ്കിലും ആരോപണപ്രത്യാരോപണങ്ങളില്‍ മാത്രമായി മുസാഫര്‍നഗര്‍ കലാപത്തിന്റെ കാര്യകാരണങ്ങള്‍ ഒതുങ്ങിനിന്നു.

ഇന്ന്

ആന്ധ്രാപ്രദേശിലെ ചിറ്റൂരിലായിരുന്നു ഏറ്റവും പുതിയ സംഭവവികാസങ്ങളുടെ തുടക്കം. കര്‍ണാടകവും തമിഴ്‌നാടുമായി അതിര്‍ത്തി പങ്കിടുന്ന ചിറ്റൂര്‍ ജില്ലയിലെ ഒബനാപള്ളെ ഗ്രാമത്തിലാണ് 2018 ഏപ്രില്‍ 27ന് കുട്ടികളെ തട്ടിക്കൊണ്ടുപോകാനെത്തിയത് എന്നാരോപിച്ച് ഒരു മനുഷ്യനെ ഗ്രാമവാസികള്‍ പിടികൂടി പോലീസിലേല്‍പ്പിച്ചത്. ആരോപണം അടിസ്ഥാനരഹിതമാണെന്നും അയാള്‍ മാനസികാസ്വാസ്ഥ്യം ഉള്ളയാളാണെന്നും മനസ്സിലാക്കിയ പോലീസ് അയാളെ വിട്ടയച്ചു. എന്നാല്‍, തൊട്ടടുത്ത ദിവസം ഇതേ മനുഷ്യന്‍ ഒരു കൂട്ടം ചെറുപ്പക്കാരുടെ ആക്രമണത്തിന് വിധേയനായി കൊല്ലപ്പെട്ടു.

മഹാരാഷ്ട്ര, മധ്യപ്രദേശ് എന്നിവിടങ്ങളില്‍ നിന്നുള്ളവര്‍ അംഗങ്ങളായ പാര്‍ഥി ഗ്യാങ് എന്ന ക്രിമിനല്‍ സംഘത്തെക്കുറിച്ചുള്ള പോസ്റ്റര്‍ പോലീസ് പതിച്ചതാണ് അഭ്യൂഹങ്ങള്‍ക്ക് കാരണമെന്ന് വിലയിരുത്തപ്പെടുന്നു. കുട്ടികളെ തട്ടിക്കൊണ്ടുപോകുന്ന സംഘത്തെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിച്ചാല്‍ പോലീസില്‍ അറിയിക്കണമെന്നായിരുന്നു പോസ്റ്റര്‍. എന്നാല്‍, പോസ്റ്ററിലെ വിവരം പൊടിപ്പും തൊങ്ങലും വച്ച് ആളുകള്‍ക്കിടയില്‍ പരന്നു തുടങ്ങിയതോടെ പോലീസിന് ജോലി ഇരട്ടിയാവുകയാണ് ചെയ്തത്!!

തമിഴ്‌നാട്ടില്‍ വാട്‌സ്ആപ് വഴി പ്രചരിച്ചത് വടക്കേ ഇന്ത്യയില്‍ നിന്നുള്ള 200 പേര്‍ കുട്ടികളെ തട്ടിക്കൊണ്ടുപോകാനായി എത്തിയിട്ടുണ്ട് എന്നാണ്. ഈ പ്രചരണം മൂലം തമിഴ്‌നാട്ടില്‍ മാത്രം ആള്‍ക്കൂട്ട ആക്രമണങ്ങളില്‍ കൊല്ലപ്പെട്ടത് മൂന്നു പേരെന്ന് ഔദ്യോഗിക കണക്ക്. പരിക്കേറ്റവരുടെ എണ്ണം അതിലുമെത്രയോ അധികവും. മാനസികാസ്വാസ്ഥ്യമുള്ളവര്‍, ഭിക്ഷാടകര്‍, നാടോടികള്‍ തുടങ്ങിയവരെല്ലാം ആള്‍ക്കൂട്ടത്തിന്റെ കണ്ണില്‍ കിഡ്‌നാപ്പേഴ്‌സ് ആയി. ഹിന്ദി സംസാരിക്കുന്ന ആരും നോട്ടപ്പുള്ളികളായതോടെയാണ് രണ്ടാഴ്ച്ചക്കിടെ മൂന്ന് പേര്‍ കൊല്ലപ്പെടുന്ന അവസ്ഥ തമിഴ്‌നാട്ടിലുണ്ടായത്.

വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലാണ് ഈ വ്യാജപ്രചരണം അതിശക്തമായ രീതിയില്‍ പ്രചരിക്കപ്പെട്ടത്. ഗോത്രവര്‍ഗ വിഭാഗങ്ങള്‍ക്ക് മേല്‍ക്കൈയുള്ള പ്രദേശങ്ങളില്‍ പുറത്തുനിന്നെത്തുന്ന ആരും സംശയത്തിന്റെ നിഴലിലായി. ഓഡിയോ എന്‍ജിനീയറായ നീലോല്‍പല്‍ ദാസിന്റെയും ബിസിനസുകാരനായ സുഹൃത്ത് അഭിജിത് നാഥിന്റെയും കൊലപാതകം രാജ്യമനസാക്ഷിയെ തന്നെ ഞെട്ടിച്ചതാണ്. വെള്ളച്ചാട്ടം കാണാനെത്തിയ സുഹൃത്തുക്കളെ കുട്ടികളെ തട്ടിക്കൊണ്ടുപോകാന്‍ വന്നതാണെന്നാരോപിച്ച് ആക്രമിച്ച് കൊലപ്പെടുത്തുകയായിരുന്നു.പോലീസ് അന്വേഷണത്തിലാണ് സുഹൃത്തുക്കള്‍ ആല്‍ഫജോസ് തിമൂങ് എന്നയാളുമായി വാക്കേറ്റത്തിലേര്‍പ്പെട്ടിരുന്നെന്നും ഇയാളാണ് വ്യാജപ്രചരണം സൃഷ്ടിച്ച് കൊലപാതകത്തിന് വഴിവച്ചതെന്നും കണ്ടെത്തിയത്. 

MOB
Image: PTI

അസമില്‍ സന്ന്യാസിമാര്‍ക്ക് നേരെ പോലും ഇതേ പേരില്‍ ആക്രമണങ്ങളുണ്ടായി. പോലീസിന്റെയും സൈന്യത്തിന്റെയും സമയോചിത ഇടപെടല്‍ മൂലം മാത്രമാണ് മൂന്ന് സന്ന്യാസിമാരുടെ ജീവന്‍ രക്ഷിക്കാനായത് .ഒഡീഷ, തെലങ്കാന, ത്രിപുര, പശ്ചിമ ബംഗാള്‍ എന്നിവിടങ്ങളില്ലെല്ലാം സമാന രീതിയിലുള്ള പ്രചരണങ്ങളും ആക്രമണങ്ങളും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. 

അറിയാത്ത ഭാഷയും തെറ്റിയ മാനസികനിലയും

റിപ്പോര്‍ട്ട് ചെയ്യപ്പെട്ട കേസുകളിലെല്ലാം തന്നെ ഇരകള്‍ പുറത്തുനിന്നുള്ളവരാണ്. അതാത് പ്രദേശത്തെ ഭാഷ അറിയാത്ത അവിടുത്തെ ജീവിതരീതികളറിയാത്ത മനുഷ്യര്‍. വാട്‌സ്ആപിലൂടെയും മറ്റുമുള്ള വ്യാജപ്രചരണങ്ങളില്‍ മാത്രം വിശ്വസിച്ച് തല്ലിക്കൊല്ലാന്‍ തയ്യാറായി നില്‍ക്കുന്ന ആള്‍ക്കൂട്ടത്തോട് ഏത് ഭാഷയില്‍ കാര്യങ്ങള്‍ പറഞ്ഞു മനസ്സിലാക്കുമെന്നതാണ് ഇവര്‍ നേരിടുന്ന പ്രധാന പ്രശ്‌നവും. വിനോദസഞ്ചാരികള്‍, നാടോടികള്‍, ഇതരസംസ്ഥാന തൊഴിലാളികള്‍ എന്നിവരെല്ലാമാണ് ഇങ്ങനെ അകപ്പെട്ട് പോകാറുള്ളത്.

ഇതുവരെയുള്ള സംഭവങ്ങള്‍ പരിശോധിച്ചാല്‍ മനസ്സിലാക്കാനാവുന്ന മറ്റൊരു കാര്യം ആള്‍ക്കൂട്ടത്തിന്റെ കണ്ണില്‍പ്പെടുന്ന 'കിഡ്‌നാപ്പര്‍' പലപ്പോഴും മാനസിക നില തകരാറിലായ ആളായിരിക്കുമെന്നതാണ്. ആക്രമണങ്ങളില്‍ നിന്ന് രക്ഷപെടുത്തുന്ന പലരെയും കുറിച്ച് പോലീസ് തന്നെ ഇക്കാര്യം വെളിപ്പെടുത്തിയിട്ടുള്ളതാണ്. സമനില തെറ്റിയ ഒരാളെയാണ് മൃഗീയമായ പീഡനങ്ങള്‍ക്ക് വിധേയരാക്കുന്നത് എന്നാലോചിക്കുമ്പോഴാണ് ഈ ആള്‍ക്കൂട്ട അനീതി എത്രമാത്രം ഭീതിദമാണെന്ന് വ്യക്തമാകുക.

പിന്നിലെന്ത്?

ഈ വ്യാജപ്രചരണങ്ങള്‍ക്കും ആള്‍ക്കൂട്ട ആക്രമണങ്ങളും  കൃത്യമായ അജണ്ടയുടെ ഭാഗമാണോ എന്ന സംശയങ്ങള്‍ പരക്കുമ്പോഴും നിസ്സഹായതയോടെ നിലകൊള്ളുകയാണ് പോലീസ്. കാര്യങ്ങള്‍ നിയന്ത്രണാതീതമാണെന്ന് പറയാതെ പറയുന്നു അധികാരികള്‍. സംഭവങ്ങളുമായി ബന്ധപ്പെട്ട് പലരും അറസ്റ്റിലാകുന്നുണ്ടെങ്കിലും അവരിലേക്ക് മാത്രമായി കേസുകള്‍ ഒതുങ്ങിയതായാണ് ഇതുവരെയും പുറത്തുവന്ന വിവരങ്ങളൊക്കെയും. കേവലം യാദൃശ്ചികത മാത്രമെന്ന് പറഞ്ഞ് അധികാരികള്‍ സമൂഹത്തെ ആശ്വസിപ്പിക്കാന്‍ ശ്രമിക്കുമ്പോഴും പിന്നിലെന്ത് എന്ന ചോദ്യം ബാക്കിയാണ്!

MOB
നീലോല്‍പ്പല്‍ ദാസിന്റെ ചിത്രത്തിനരികെ പിതാവ്.
Image:AP

സാമൂഹികസുരക്ഷയിലേക്ക് വിരല്‍ ചൂണ്ടുമ്പോള്‍

വാട്‌സ് ആപും ഫെയ്‌സ്ബുക്കും അടക്കമുള്ള സാമൂഹികമാധ്യമങ്ങള്‍ ജനങ്ങളെ എങ്ങനെയൊക്കെ സ്വാധീനിക്കുമെന്ന് മനസ്സിലാക്കാന്‍ ആഴത്തിലുള്ള ചിന്തയുടെയൊന്നും ആവശ്യമില്ല. ഇത്തരം മാധ്യമങ്ങളിലൂടെ പ്രചരിക്കുന്ന സന്ദേശങ്ങളുടെ ആധികാരികത കണക്കാക്കാനുള്ള മാനദണ്ഡങ്ങളെപ്പറ്റിയൊന്നുമല്ല വായിക്കുന്നവര്‍ ആദ്യം ചിന്തിക്കുക. അതുമാത്രമല്ല, കൃത്യമായ കണക്കുകള്‍, വീഡിയോ ദൃശ്യങ്ങള്‍, ഗ്രാഫിക്‌സുകള്‍ എന്നിവയെല്ലാം ചേര്‍ത്തൊരു സന്ദേശം മുന്നിലേക്കെത്തുമ്പോള്‍ അതിന് ആധികാരികത സ്വയമേവ കൈവരുകയും ചെയ്യുന്നു.

മുന്നറിയിപ്പുകളായാണ് ഈ സന്ദേശങ്ങളെല്ലാം പ്രചരിക്കുന്നത്. സാമൂഹികമാധ്യമങ്ങളുടെ ശക്തി കൃത്യമായി മനസ്സിലാക്കിക്കൊണ്ടുതന്നെയാണ് ഇവ പ്രചരിപ്പിക്കപ്പെടുന്നതും. പാകിസ്താനിലോ സിറിയയിലോ എന്നോ നടന്ന കൂട്ടക്കുരുതിയുടെയോ കുട്ടിക്കടത്തിന്റെയോ വീഡിയോ ദൃശ്യങ്ങള്‍ എഡിറ്റ് ചെയ്ത് ഇന്ത്യന്‍ പരിതസ്ഥിതിയുമായി കൂട്ടിക്കലര്‍ത്തി സന്ദേശങ്ങളായി പ്രചരിപ്പിക്കുന്നതിന് പിന്നിലെ ക്രിമിനല്‍ ബുദ്ധി ഉന്നം വയ്ക്കുന്നത് എന്ത് എന്ന ആശങ്ക മാത്രമാണ് പലപ്പോഴും അവശേഷിക്കുക.

പ്രചരിക്കുന്നത് വ്യാജവീഡിയോയും സന്ദേശവുമാണെന്നറിഞ്ഞിട്ടും അത് ഉള്‍ക്കൊള്ളാന്‍ സമൂഹം തയ്യാറാവാത്തതാണ് മറ്റൊരു പ്രശ്‌നം. ഉറവിടം വ്യക്തമല്ലാത്തതോ ആധികാരികം അല്ലാത്തതോ ആയ സന്ദേശങ്ങള്‍ പ്രചരിപ്പിക്കരുതെന്ന് അധികൃതര്‍ എത്ര മുന്നറിയിപ്പ് കൊടുത്താലും പൊതുജനം അത് തള്ളുകയാണ് പതിവ്. കിട്ടുന്ന സന്ദേശം എത്രയും വേഗം പരമാവധി പേരിലേക്ക് എത്തിക്കുകയാണ് അവര്‍ ചെയ്യുക.

WHATSAPP

വ്യാജസന്ദേശങ്ങള്‍; സര്‍ക്കാരും വാട്‌സാപും പരസ്പരം പറയുന്നത്

വ്യാജസന്ദേശങ്ങള്‍ തടയാന്‍ അടിയന്തര നടപടി സ്വീകരിക്കണമെന്നാണ്‌ കേന്ദ്രസര്‍ക്കാര്‍ വാട്‌സാപ് അധികൃതരോട് നിര്‍ദേശിച്ചത്. പ്രകോപനവും വിദ്വേഷവും പരത്തുന്ന സന്ദേശങ്ങള്‍ തടയാന്‍ സാമൂഹികമാധ്യമങ്ങള്‍ക്ക് ബാധ്യതയുണ്ടെന്നാണ് ഇലക്ട്രോണിക്, ഐടി മന്ത്രാലയം മുന്നറിയിപ്പ് നല്കിയത്.

സര്‍ക്കാരിന്റെയും സമൂഹത്തിന്റെയും പൂര്‍ണ പിന്തുണയില്ലാതെ വ്യാജസന്ദേശങ്ങള്‍ തടയാനാവില്ലെന്നാണ് വാട്‌സാപ് പ്രതികരിച്ചത്. വാട്‌സാപ് നയങ്ങളെക്കുറിച്ച് സൂചിപ്പിക്കുന്ന വിദ്യാഭ്യാസ സാമഗ്രികള്‍ ഉടന്‍ തന്നെ പുറത്തിറക്കാമെന്ന് പറയാനും വാട്‌സാപ് മടിച്ചില്ല. ചുരുക്കത്തില്‍ വാട്‌സാപ് വിചാരിക്കാതെ പ്രശ്‌നം പരിഹരിക്കാനാവില്ലെന്ന് സര്‍ക്കാരും സര്‍ക്കാര്‍ വിചാരിക്കാതെ പ്രശ്‌നം പരിഹരിക്കാനാവില്ലെന്ന് വാട്‌സാപും പറയുന്നു എന്നതാണ് നിലവിലെ സ്ഥിതി!

ആള്‍ക്കൂട്ട ആക്രമണ കൊലപാതകങ്ങള്‍ തടയാന്‍ കേന്ദ്രസര്‍ക്കാര്‍ നിയമനിര്‍മാണം നടത്തണമെന്ന് സുപ്രിംകോടതി കഴിഞ്ഞ ദിവസം നിര്‍ദേശിച്ചിട്ടുണ്ട്. ആള്‍ക്കൂട്ട കൊലപാതകങ്ങളെ  പ്രത്യേക കുറ്റകൃത്യമായി നിര്‍വചിച്ചുകൊണ്ടുള്ള നിയമനിര്‍മാണത്തിനാണ് സുപ്രിംകോടതി ആവശ്യപ്പെട്ടത്. 

ആള്‍ക്കൂട്ട കൊലപാതകങ്ങള്‍ പോലുള്ള അക്രമസംഭവങ്ങള്‍ തടയേണ്ടതും ക്രമസമാധാനം ഉറപ്പാക്കേണ്ടതും സംസ്ഥാനങ്ങളുടെ ചുമതലയാണെന്നാണ് കോടതിയുടെ നിലപാട്. വിഷയത്തില്‍ കേന്ദ്രസര്‍ക്കാര്‍ നാലാഴ്ചയ്ക്കകം നിലപാട് അറിയിക്കണമെന്നും കോടതി ഉത്തരവിട്ടിട്ടുണ്ട്. ആള്‍ക്കൂട്ട ആക്രമണങ്ങള്‍ കൈകാര്യം ചെയ്യാന്‍ ശിക്ഷാനിയമത്തില്‍ പുതിയ വകുപ്പുകള്‍ ചേര്‍ക്കുന്ന കാര്യം സര്‍ക്കാര്‍ പരിഗണിക്കണം. ആള്‍ക്കൂട്ട ആധിപത്യത്തെ സമൂഹത്തില്‍ അംഗീകരിക്കപ്പെടുന്ന പ്രവണതയായി തുടരാന്‍ അനുവദിക്കരുതെന്നും സുപ്രീംകോടതി ബെഞ്ച് വ്യക്തമാക്കിയിട്ടുണ്ട്

തിരിച്ചറിയണം; വരദാനവും ശാപവുമാണ് സാമൂഹികമാധ്യമങ്ങള്‍

 സാമൂഹികമാധ്യമം ചില തത്പരകക്ഷികള്‍ സ്വാര്‍ഥലാഭത്തിനായി വിനിയോഗിക്കുന്നതിന് 2018ല്‍ കേരളം സാക്ഷ്യം വഹിച്ചു. കഠുവ പീഡനക്കേസിലെ ഇരയ്ക്ക് നീതി ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് സാമൂഹികമാധ്യമങ്ങളിലൂടെ ആഹ്വാനം ചെയ്ത ഹര്‍ത്താലിന് പിന്നില്‍ ഒളിഞ്ഞിരുന്നത് സാമുദായിക സൗഹാര്‍ദ്ദം തകര്‍ക്കാന്‍ പോലുമുള്ള നീക്കങ്ങളായിരുന്നു. അതൊന്നും തിരിച്ചറിയാതെയാണ് മിക്കവരും ഹര്‍ത്താലിനെ അനുകൂലിച്ചത്. 

ഒരേസമയം വരദാനവും ശാപവുമാകുന്ന സാമൂഹികമാധ്യമങ്ങള്‍ സമൂഹത്തിലെ ക്രമസമാധാന നിലയ്ക്ക് പോലും ഭീഷണിയായേക്കാം എന്ന തിരിച്ചറിവോടെ വേണം അവയൊക്കെ നാം ഉപയോഗിക്കാന്‍ എന്ന് മറന്നുകൂടാ.