തിരശ്ശീല ഉയരുമ്പോള്‍ വേദിയില്‍ പാന്റ്‌സും ജുബ്ബയും ധരിച്ച ആറുപേരും ആറു മൈക്കുകളും. അവതാരകനായി ഘനഗംഭീര ശബ്ദത്തില്‍ വര്‍ക്കിച്ചന്‍ പേട്ട. പിന്നാലെ ചിരിയുടെ മാലപ്പടക്കങ്ങളുമായി സിദ്ദിഖും ലാലും റഹ്‌മാനും പ്രസാദും അന്‍സാറും. മലയാളിയുടെ ജനപ്രിയ കലാവിരുന്നായിരുന്ന കൊച്ചിന്‍ കലാഭവന്റെ 'മിമിക്‌സ് പരേഡി'ന്റെ ദൃശ്യം. മിമിക്‌സ് പരേഡിനു ചൊവ്വാഴ്ച 40 വര്‍ഷം തികയുമ്പോള്‍ അത് മലയാളിയെ കുടുകുടാ ചിരിപ്പിച്ച ഒരു കാലത്തിന്റെ അടയാളപ്പെടുത്തല്‍ കൂടിയാണ്.

1981 സെപ്റ്റംബര്‍ 21-ന് എറണാകുളം ഫൈന്‍ ആര്‍ട്സ് ഹാളിലാണ് കേരളത്തിലെ ആദ്യത്തെ മിമിക്‌സ് പരേഡ് അരങ്ങേറിയത്. ഗാനമേളയ്ക്കിടയില്‍ അവതരിപ്പിച്ചിരുന്ന മിമിക്രിയെ ഒരു മുഴുനീള കലാവിരുന്നായി അവതരിപ്പിക്കാനുള്ള ആശയം കൊണ്ടുവന്നത് കലാഭവനിലെ ആബേലച്ചനായിരുന്നു. അദ്ദേഹം മിമിക്‌സ് പരേഡിനെക്കുറിച്ച് പറഞ്ഞപ്പോള്‍ത്തന്നെ സ്‌ക്രിപ്റ്റ് എഴുതാന്‍ റെഡിയായി സിദ്ദിഖും ലാലും മുന്നോട്ടുവന്നു. 

സ്വാതന്ത്ര്യദിനത്തിലെ ട്രയല്‍

1981ലെ സ്വാതന്ത്ര്യദിനത്തില്‍ പത്രക്കാര്‍ക്ക് മുന്നിലായിരുന്നു മിമിക്‌സ് പരേഡിന്റെ ട്രയല്‍. ആ കഥ വര്‍ക്കിച്ചന്‍ പറഞ്ഞു: ''ആബേലച്ചന്‍ മിമിക്‌സ് പരേഡിനെക്കുറിച്ച് പറഞ്ഞപ്പോള്‍ത്തന്നെ സ്‌ക്രിപ്‌റ്റെഴുതാന്‍ സിദ്ദിഖും ലാലും റെഡിയായി. പരിപാടിയിലെ ഐറ്റങ്ങള്‍ നിശ്ചയിച്ച്, മനോഹരമായൊരു സ്‌ക്രിപ്റ്റ് ഇവരുണ്ടാക്കി. സ്വാതന്ത്ര്യദിനത്തില്‍ പത്രക്കാര്‍ക്കായി ഒരു ട്രയല്‍ നടത്തി. അത് വിജയിച്ചതോടെ ആത്മവിശ്വാസമായി. സെപ്റ്റംബര്‍ 21-ന് ഫൈന്‍ ആര്‍ട്സ് ഹാളില്‍ ഞങ്ങളുടെ മിമിക്‌സ് പരേഡ് അരങ്ങേറി.''

mimics parade 39 years Comedy Program siddique director actor Lal Kalabhavan

സിദ്ദിഖാണ് 'മിമിക്‌സ് പരേഡ്' എന്ന പേരിട്ടത്. ആദ്യം മിമിക്‌സ് നൈറ്റ് പോലെയുള്ള പേരാണ് ആലോചിച്ചത്. സംഘാംഗങ്ങളുടെ പേരിന്റെ ആദ്യാക്ഷരങ്ങള്‍ വെച്ചും ചില പേരുകള്‍ ആലോചിച്ചു. പക്ഷേ, ഏറ്റവും നല്ലത് മിമിക്‌സ് പരേഡ് തന്നെയായിരുന്നു.''സത്യത്തില്‍ ഇന്നും ഞാന്‍ അതിനെപ്പറ്റി ആലോചിക്കാറുണ്ട്. ഗാനമേള തകര്‍ത്തുവാരുന്ന കാലത്ത് ആബേലച്ചന്‍ മിമിക്രിയുടെ ഒരു ഫുള്‍സെറ്റ് പീസിന് ധൈര്യം കാണിച്ചു. അന്ന് കലാഭവനിലെ ഏറ്റവും മികച്ച ഗായകനു പോലും 75 രൂപ മാത്രം കൊടുത്തപ്പോള്‍, ഞങ്ങള്‍ക്ക് ഒരു പരിപാടിക്ക് 100 രൂപ ആബേലച്ചന്‍ തന്നു'' -റഹ്‌മാന്‍ പറയുന്നു. 

'അന്ന് സ്‌കൂളില്‍ എല്‍.ഡി. ക്ലാര്‍ക്കായി ജോലി ചെയ്തിരുന്ന എന്റെ മാസശമ്പളം 230 രൂപയായിരുന്നു. ആദ്യം മിമിക്‌സ് നൈറ്റ് പോലെയുള്ള ചില പേരുകള്‍ ആലോചിച്ചെങ്കിലും ഒടുവില്‍ മിമിക്‌സ് പരേഡ് എന്ന പേര് നിശ്ചയിക്കുകയായിരുന്നു. ആദ്യത്തെ പരിപാടി കാണാന്‍ മമ്മൂട്ടിയും ശ്രീനിവാസനുമൊക്കെ ഉണ്ടായിരുന്നു'' -സിദ്ദിഖ് മിമിക്‌സ് പരേഡിന്റെ പിറവി ഓര്‍ത്തെടുത്തു. ലാല്‍ ബില്‍ഡര്‍ ഡിസൈനറായി ജോലി ചെയ്തുകൊണ്ടിരുന്നു. പ്രസാദ് സെയില്‍സ് എക്‌സിക്യുട്ടീവായിരുന്നു. വര്‍ക്കിച്ചന്‍ എം.എസ്.ഡബ്ല്യു. വിദ്യാര്‍ഥിയും റഹ്‌മാന്‍ എം.എ. വിദ്യാര്‍ഥിയും. പഠനംകഴിഞ്ഞ് നില്‍ക്കുകയായിരുന്നു അന്‍സാര്‍.

ഗാന്ധിജിയും താരങ്ങളും

കാണിച്ച നമ്പറുകളില്‍ ഏറ്റവും ഇഷ്ടപ്പെട്ടത് ആദ്യ പരിപാടിയില്‍ ഗാന്ധിജിയായ താരങ്ങളാണെന്ന് സിദ്ദിഖ് ഓര്‍ക്കുന്നു. 'റിച്ചാര്‍ഡ് ആറ്റന്‍ബറോ ഗാന്ധി സിനിമ മലയാളത്തില്‍ ചെയ്യുകയാണെങ്കില്‍ അതില്‍ ഗാന്ധിജിയുടെ വേഷം അഭിനയിക്കാനുള്ള താരങ്ങളുടെ ഇന്റര്‍വ്യൂ ആണ് അവതരിപ്പിച്ചത്. പ്രേംനസീറിനെ ലാല്‍ അവതരിപ്പിച്ചു. കെ.പി. ഉമ്മറിനെ ഞാനാണ് ചെയ്തത്. സോമനേയും മധുവിനേയും റഹ്‌മാന്‍ ചെയ്തപ്പോള്‍ ജയനെ അന്‍സാറും ചെയ്തു''.

മമ്മൂട്ടിയും ഷര്‍ട്ടും

ആദ്യ മിമിക്‌സ് പരേഡ് സംഘം മറന്നിട്ടില്ല. ''അന്നാ പരിപാടി കാണാന്‍ മമ്മൂട്ടിയും ശ്രീനിവാസനുമെത്തി. വിളിച്ചതല്ലേ, കുറച്ചുനേരം കണ്ടിട്ടുപോകാമെന്നു കരുതി വന്ന മമ്മൂട്ടി അവസാനംവരെ ഇരുന്നു. സംഘാടകരുടെ വകയായി ഞങ്ങള്‍ക്ക് മമ്മൂട്ടിയും ശ്രീനിവാസനും ചേര്‍ന്ന് ഷര്‍ട്ടുകളും ഉപഹാരമായി തന്നു. തൃശ്ശൂര്‍ പൂരം വെടിക്കെട്ട്, യന്ത്രമനുഷ്യന്‍, ഗാന്ധി സിനിമയിലെ മലയാള താരങ്ങള്‍, കഥാപ്രസംഗം, ഓട്ടോറിക്ഷയിലെ ഗര്‍ഭിണി തുടങ്ങിയവയായിരുന്നു പരിപാടിയിലെ പ്രധാന നമ്പറുകള്‍.

പ്രതീക്ഷിക്കാത്ത ഹിറ്റ്

പ്രതീക്ഷിക്കാത്ത വിധത്തിലുള്ള ബമ്പര്‍ ഹിറ്റ് തന്നെയായിരുന്നു ആദ്യത്തെ മിമിക്‌സ് പരേഡ് എന്നാണ് കലാഭവന്‍ പ്രസാദ് ഓര്‍ക്കുന്നത്. ''ആബേലച്ചന്‍ മിമിക്‌സ് പരേഡ് തുടങ്ങാമെന്ന് പറഞ്ഞപ്പോഴും പത്തിരുപത് പരിപാടികള്‍ക്കപ്പുറം അതു പോകില്ലെന്നായിരുന്നു അന്നു എല്ലാവരും കരുതിയത്. എന്നാല്‍ മിമിക്‌സ് പരേഡ് ഒരു ബമ്പര്‍ ഹിറ്റായി മാറി. കോളേജുകളിലും ഫൈന്‍ ആര്‍ട്സ് സൊസൈറ്റി പരിപാടികളിലുമാണ് ഞങ്ങള്‍ക്ക് വന്‍ സ്വീകാര്യത ലഭിച്ചത്. കാണികളുടെ എണ്ണം കൂടിയതിനാല്‍ ഒരു ദിവസം ഒരേ കോളേജില്‍ തന്നെ രണ്ടുതവണ പരിപാടി നടത്തേണ്ടി വന്നിട്ടുണ്ട്. അവസാനം പരിപാടികള്‍ കൂടിയിട്ടു ഷോ നിയന്ത്രിക്കണമെന്നു വരെ അക്കാലത്ത് ഞങ്ങള്‍ വിചാരിച്ചിട്ടുണ്ട്'' -പ്രസാദ് തുടക്കകാലം ഓര്‍ത്തെടുത്തു.

സൈക്കിളും പെട്രോളും

മിമിക്‌സ് പരേഡിലൂടെ കിട്ടിയ വരുമാനത്തിന്റെ രസകരമായ കണക്കുകളാണ് സിദ്ദിഖ് പങ്കുവെച്ചത്. ''അന്നു ഞാന്‍ സ്‌കൂളില്‍ എല്‍.ഡി. ക്ലാര്‍ക്കായിട്ട് ജോലിചെയ്യുന്ന കാലമായിരുന്നു. 230 രൂപയാണ് അന്നെന്റെ ശമ്പളം. എന്നാല്‍ മിമിക്‌സ് പരേഡിന് ആബേലച്ചന്‍ 100 രൂപ വെച്ചുതരുമായിരുന്നു. മാസം 10 പരിപാടി കിട്ടിയാല്‍ത്തന്നെ രൂപ 1,000 കൈയില്‍ വരും'' -സിദ്ദിഖ് പറയുമ്പോള്‍ അന്‍സാര്‍ ഇടയില്‍ കയറി: ''അന്നിവര്‍ക്ക് 100 രൂപ വെച്ചുകൊടുക്കുമ്പോള്‍ ആബേലച്ചന്‍ എനിക്ക് 140 രൂപ തരുമായിരുന്നു. പരിപാടിയുടെ സംഘാടകരുമായി സംസാരിച്ച് തുക വാങ്ങുന്ന ജോലി എനിക്കായിരുന്നു. ആ വകയിലാണ് 40 രൂപ അധികമായി കിട്ടിയിരുന്നത്. അക്കാലത്ത് ഒരു ലിറ്റര്‍ പെട്രോളിന് അഞ്ചുരൂപ കൊടുത്താല്‍ മതിയായിരുന്നു'' -അന്‍സാര്‍ പറയുമ്പോള്‍ സിദ്ദിഖ് കൗണ്ടറടിച്ചു: ''എനിക്ക് അന്ന് പെട്രോള്‍ക്കാശും ലാഭമായിരുന്നു. കാരണം സൈക്കിളിന് പെട്രോള്‍ അടിക്കേണ്ടല്ലോ!'

ഇവര്‍ ഓര്‍ക്കുന്നു

 

ആ യാത്രകള്‍ മറക്കാനാവില്ല

''ഞാനും സിദ്ദിഖും ഒരുമിച്ചാണ് ആബേലച്ചന്റെ അടുത്തെത്തിയത്. പരിപാടിയുടെ സ്‌ക്രിപ്റ്റ് തയ്യാറാക്കുമ്പോഴുള്ള തമാശകളോര്‍ത്തു ഞങ്ങള്‍ എത്രയോ ചിരിച്ചിട്ടുണ്ട്. കലാഭവന്റെ വലിയ ബസില്‍ നടത്തിയ യാത്രകള്‍ മറക്കാന്‍ കഴിയില്ല. ബസിന്റെ നിലത്ത് വിരിച്ചുകിടന്നുള്ള യാത്രയും അതിനിടയിലെ തമാശകളും ഇപ്പോള്‍ നഷ്ടമായല്ലോയെന്ന സങ്കടമുണ്ട്''- ലാല്‍


കൈയടിക്ക് കാശ്

''1976-ല്‍ ഞാന്‍ കലാഭവനിലെത്തുമ്പോള്‍ ആബേലച്ചന്‍ പറഞ്ഞത് ആദ്യത്തെ പരിപാടിക്ക് കാശ് തരില്ലെന്നായിരുന്നു, പരിപാടിക്ക് കൈയടി കിട്ടിയാല്‍ കാശിന്റെ കാര്യം പരിഗണിക്കാമെന്നും. കൈയടി കിട്ടിയതോടെ ആബേലച്ചന്‍ 40 രൂപ തന്നു. 39 വര്‍ഷത്തിനുശേഷം തിരിഞ്ഞുനോക്കുമ്പോള്‍ നിറഞ്ഞ സന്തോഷം. ഞങ്ങള്‍ക്കെല്ലാം വാതില്‍ തുറന്നിട്ടത് മിമിക്‌സ് പരേഡാണ്.'' -കലാഭവന്‍ അന്‍സാര്‍


ചിരിപ്പിക്കാന്‍ ഒ.ടി.ടി. പ്ലാറ്റ്ഫോം

''ചിരിപ്പിക്കാനായി ഒരു ഒ.ടി.ടി. പ്ലാറ്റ്ഫോം... അതായിരുന്നു കലാഭവന്റെ മിമിക്‌സ് പരേഡ്. ആദ്യ ഐറ്റമായ തൃശ്ശൂര്‍ പൂരം തുടങ്ങുമ്പോള്‍ത്തന്നെ കൈയടി. ആ നാളുകള്‍ ഒരിക്കലും മറക്കാനാകില്ല. കാണികള്‍ക്ക് അന്ന് ഞങ്ങളാരും പരിചിതരല്ല. എന്നാല്‍, പരിപാടി കഴിയുന്നതോടെ ഞങ്ങളെല്ലാവരും അവരുടെ പ്രിയപ്പെട്ടവരായി മാറും.'' -കലാഭവന്‍ പ്രസാദ് 


ഇനി മറ്റൊരു ജയന്‍

'ഒരു വേദിയില്‍ ഞാന്‍ ചെയ്ത ജയന്‍ കണ്ട് ആരും കൈയടിച്ചില്ല. ഉടനെ അന്‍സാര്‍ മൈക്കിനു മുന്നില്‍ കയറി പറഞ്ഞു, 'ഇനി മറ്റൊരു ജയന്‍'. അന്നവന്റെ ഡയലോഗ് കേട്ട് എല്ലാവരും ചിരിച്ചുമറിഞ്ഞു''. റഹ്‌മാന്‍