കേരളം അതിഥിതൊഴിലാളികളെ കോവിഡ് കാലയളവിൽ പരിഗണിച്ച രീതി ദേശീയതലത്തിൽത്തന്നെ ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു.  കേരളത്തിൽ ജോലിചെയ്യുന്ന ഇതരസംസ്ഥാന തൊഴിലാളികൾ ലോക്ഡൗൺ കാലയളവിൽ തിരികെ സ്വന്തം നാട്ടിലേക്ക് മടങ്ങുന്നതിൽ വിമുഖത കാട്ടിയതു ചർച്ചയായിരുന്നു. എന്താണിതിനു കാരണം.

ചില കാരണങ്ങൾ
ഒട്ടേറെ ഇതരസംസ്ഥാന തൊഴിലാളികൾ വളരെ വർഷങ്ങളായി ഒരേ തൊഴിൽ സ്ഥാപനത്തിൽത്തന്നെ തുടരുന്നുണ്ട്. ഇങ്ങനെയുള്ള എല്ലാ അതിഥിതൊഴിലാളികൾക്കും അവരുടെ വേതനം പൂർണമായും ഓരോ ദിനവും കൈയിൽ ലഭിക്കാറില്ല. പറഞ്ഞുറപ്പിച്ചിട്ടുള്ള ദിവസവേതനത്തെക്കാൾ കുറവാണു ദിവസേന ഇവർക്ക് ലഭിക്കുക. അതായത്‌, ഇതരസംസ്ഥാന തൊഴിലാളികളുടെ വേതനത്തിന്റെ ഒരുഭാഗം ദിവസവും മുതലാളിയുടെ പക്കൽത്തന്നെ സൂക്ഷിക്കപ്പെടും. ഇത് നാട്ടിൽ പോകുമ്പോഴോ മറ്റോ നൽകാമെന്നായിരിക്കും അലിഖിതമായ വ്യവസ്ഥ.

ഇത്തരത്തിൽ സ്വരൂപിച്ച തുക 60,000 രൂപമുതൽ 95,000 രൂപ വരെവരും. എന്നാൽ, ലോക്‌ഡൗൺ കാലയളവിൽ മുതലാളിമാരും ഒരു അനിശ്ചിതാവസ്ഥയിൽ തുടരുന്നു. പല തൊഴിൽസംരംഭങ്ങളും അടച്ചിട്ടതിനാൽത്തന്നെ അപ്രതീക്ഷിതമായ ഒരു സാമ്പത്തിക പ്രതിസന്ധി ഇത്തരം മേഖലകൾ നേരിടുന്നു. അതിനാൽ തങ്ങൾക്ക് കിട്ടാനുള്ള ഈ തുക നൽകാനുള്ള പരിതഃസ്ഥിതിയിലല്ല ഒട്ടുമിക്ക തൊഴിൽ ദാതാക്കളുമെന്ന്‌ ഇതരസംസ്ഥാന തൊഴിലാളികൾക്കുതന്നെ തിരിച്ചറിവുള്ളതിനാൽ അവർ തൊഴിലുടമകളോട് ഈ തുക ചോദിച്ചിട്ടുമില്ല.

ചോദിച്ചിടത്തുനിന്നാകട്ടെ തുക ലഭിച്ചിട്ടുമില്ല. അതിനാൽ കിട്ടാനുള്ള ഉയർന്ന തുകയെക്കുറിച്ചുള്ള അനിശ്ചിതത്വവും ആശങ്കയുമാണ് പല ഇതരസംസ്ഥാന തൊഴിലാളികളെയും ലോക്‌ഡൗൺകാലയളവിൽ സ്വന്തം നാട്ടിലേക്കു പോകുന്നതിൽനിന്ന്‌ പിന്തിരിപ്പിച്ചത്‌. 

ആശങ്കകൾ
നാട്ടിൽ പോയാൽ മടങ്ങിയെത്തി തന്റെ തൊഴിലിൽ തിരികെ കയറാൻ സാധിക്കുമോ എന്നുള്ള ആശങ്കയുമുണ്ട്. മറുനാടൻ സംസ്ഥാന തൊഴിലാളികളുടെ ഈ മാനസിക സമ്മർദം പെട്ടെന്ന് ഉടലെടുത്ത ഒന്നല്ല. കാരണം, മറ്റുരാജ്യങ്ങളിൽ പ്രവാസികളായി കഴിയുന്ന നമ്മുടെ മലയാളിസഹോദരങ്ങൾ പുലർത്തിവരുന്ന പ്രവാസി എന്ന മനശ്ശാസ്ത്രപരമായ പദവി മറുനാടൻ സംസ്ഥാന തൊഴിലാളികളും സ്വന്തം സംസ്ഥാനത്തിൽ പുലർത്തുന്നുണ്ട്‌.

ഈ പദവിയുള്ളതിനാൽ തന്റെ കുടുംബത്തിലുള്ളവർക്ക് സ്വന്തം നാട്ടിൽ ലഭിക്കുന്ന ചില പരിഗണനകൾ താൻ തിരികെ പോയാൽ ലഭിക്കില്ലെന്ന ഭയം മറുനാടൻ സംസ്ഥാന തൊഴിലാളികളെ വേട്ടയാടുന്നു. മാത്രമല്ല, വർഷങ്ങളായി കേരളത്തിൽ കുടിയേറിപ്പാർക്കുന്ന പല മറുനാടൻ സംസ്ഥാന തൊഴിലാളികളും സ്വന്തമായി ഭവനനിർമാണവും ആരംഭിച്ചിട്ടുണ്ട്. ചിലർ ഇവയുടെ പൂർത്തീകരണത്തോടടുത്തു കൊണ്ടിരിക്കുന്നതായും മനസ്സിലാക്കാം. കാരണം, മറുനാടൻ സംസ്ഥാന തൊഴിലാളികൾക്ക്‌ ഏറ്റവും ഉയർന്ന വേതനം നൽകുന്ന സംസ്ഥാനങ്ങളിലൊന്ന് കേരളമാണ്‌. അങ്ങനെയെങ്കിൽ ലോക്‌ഡൗൺ മൂലമുള്ള മടങ്ങിപ്പോക്ക് ചിലപ്പോൾ തങ്ങളുടെ സ്വപ്നങ്ങൾക്ക് വിഘാതമായേക്കാം എന്ന ഭയം അവരുടെ മടങ്ങിപ്പോക്കിനെ തടഞ്ഞിട്ടുണ്ട്.

മറ്റൊരു വസ്തുതയെന്തെന്നാൽ മറുനാടൻസംസ്ഥാന തൊഴിലാളികളെ തൊഴിലിനായി മലയാളിസംരംഭകർ പരിഗണിക്കുന്ന രണ്ടു പ്രധാന വസ്തുതകളിൽ ഒന്ന് മലയാളി തൊഴിലാളികളുമായി താരതമ്യംചെയ്യുമ്പോൾ ഇവർക്ക്‌ വേതനം കുറവാണെന്നുള്ളതാണ്. എന്നാൽ, ഇന്ന് ഈ വേതനത്തിലെ വ്യത്യാസം കുറഞ്ഞുവരുന്നതായി കാണാം. തദ്ദേശീയരായ തൊഴിലാളികൾക്കു നൽകുന്ന വേതനത്തോടൊപ്പം നിൽക്കുന്ന തുകയാണ് പല ഇതരസംസ്ഥാന തൊഴിലാളികളും ഇന്ന് കേരളത്തിൽ വാങ്ങുന്നത്. തീർച്ചയായും ഉയർന്ന വേതനം കൂടുതൽ അതിഥി തൊഴിലാളികളെ കേരളത്തിലേക്ക് ആകർഷിക്കും.  

കുത്തൊഴുക്ക്‌ കുറയുമോ?
വേതനവർധനയുടെ പ്രധാനകാരണം അതിഥി തൊഴിലാളികളെ ജോലിക്ക് നൽകുന്ന സ്‌പോൺസർമാരാണ്‌. കാരണം, കേരളത്തിലെ നിലനിൽക്കുന്ന വേതന നിരക്കിനെക്കുറിച്ച്‌ പൂർണ ബോധ്യമുള്ള ഇവർ വിലപേശൽ നടത്തുന്നതാണ് ഈ വേതന വർധനയുടെ പ്രധാന കാരണം. പല അവസരങ്ങളിലും ഈ ഉയർന്നവേതനം തൊഴിലാളികളുടെ പോക്കറ്റിൽത്തന്നെ പൂർണമായി എത്തുന്നുണ്ടെന്ന് പറയുക ശ്രമകരമാണുതാനും.

എന്നാലും എന്താണ് അതിഥി തൊഴിലാളികളുടെ ആവശ്യകത ഉയർന്നുനിൽക്കുന്നതെന്ന് ചിന്തിച്ചാൽ മുകളിൽപ്പറഞ്ഞതുപോലെ താരതമ്യേന അവരുടെ ഉയർന്ന ഉത്‌പാദനക്ഷമത മൂലമാണെന്ന് മനസ്സിലാക്കാം. അതിഥി തൊഴിലാളികളുടെ കേരളത്തിലേ ഭാവിതൊഴിലവസരങ്ങൾ ഉത്‌പാദനക്ഷമത അടിസ്ഥാനമാക്കിമാത്രം നിർണയിക്കപ്പെട്ടേക്കാമെന്നു സാരം. 
മൈക്കൽ പി. റ്റൊഡാരോഹ് അനുമാനിച്ചതുപോലെ വേതന വ്യത്യാസം അടിസ്ഥാനമാക്കി കേരളത്തിലുണ്ടായിക്കൊണ്ടിരിക്കുന്ന തൊഴിലവസരങ്ങളും അതുമൂലം കേരളത്തിലേക്കുണ്ടായിക്കൊണ്ടിരിക്കുന്ന അതിഥി തൊഴിലാളികളുടെ കുത്തൊഴുക്കും വരുംകാലങ്ങളിൽ പരിമിതപ്പെട്ടേക്കാമെന്നു ചുരുക്കം.

മനോഭാവം മാറണം(എം.പി. അഹമ്മദ്)

ഇന്നു കേരളത്തിൽ അരക്കോടിയോളം അതിഥിതൊഴിലാളികളുണ്ട്. ഇവരുടെ അസാന്നിധ്യത്തിൽ സംസ്ഥാനം നിശ്ചലമായിത്തീരുന്ന അവസ്ഥയാണ്. ഇക്കൂട്ടരെ ചേർത്തുനിർത്തിയല്ലാതെ വികസനത്തിന്റെ പാതയിൽ നമുക്കു മുന്നേറാനാവില്ല. കോവിഡ് സാഹചര്യത്തിൽ വലിയൊരു വിഭാഗം നാട്ടിലേക്കു മടങ്ങിപ്പോയെങ്കിലും സ്ഥിതിഗതികൾ സാധാരണ നിലയിലാകുമ്പോൾ അവർ മടങ്ങിവരുമെന്ന കാര്യത്തിൽ  സംശയമില്ല. 2013-ൽ ഗുലാത്തി ഇൻസ്റ്റിറ്റ്യൂട്ട് നടത്തിയ പഠനമനുസരിച്ച് 25 ലക്ഷം അന്യസംസ്ഥാന തൊഴിലാളികളാണ് കേരളത്തിലുണ്ടായിരുന്നത്. ഓരോ വർഷവും രണ്ടേകാൽ ലക്ഷത്തോളം പേർ പുതുതായി വന്നുചേരുന്നു എന്നാണ് കണ്ടെത്തൽ. സി.ഡി.എസിന്റെ പഠനം കൂടുതൽ വ്യക്തമായ കണക്കുകൾ പുറത്തുവിട്ടു. 2017-ൽത്തന്നെ 40 ലക്ഷത്തിലധികം അതിഥിതൊഴിലാളികൾ കേരളത്തിൽ ഉണ്ടായിരുന്നു. ഹോട്ടൽ വ്യവസായരംഗത്തും ആഭരണ നിർമാണരംഗത്തും ഉൾപ്പെടെ എല്ലാ മേഖലകളിലും ഇവരുടെ സാന്നിധ്യമുണ്ട്. നിർമാണ, കാർഷികരംഗങ്ങളിൽ മലയാളികളെക്കാൾ കൂടുതൽ തൊഴിലാളികൾ എല്ലാ ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽനിന്നും കേരളത്തിലുണ്ട്. അയൽ രാജ്യങ്ങളായ നേപ്പാൾ, ബംഗ്ലാദേശ് എന്നിവിടങ്ങളിൽനിന്നുള്ള തൊഴിലാളികളും ഇവിടെ എത്തുന്നു. ബംഗ്ലാദേശുകാർ വ്യാപകമായി പശ്ചിമ ബംഗാൾ വ്യാജരേഖകൾ ഉപയോഗിക്കുന്നതായി പോലീസ് കണ്ടെത്തിയിട്ടുണ്ട്. ഇത്തരക്കാരെ പിടികൂടി നാടുകടത്താനുള്ള ശ്രമവും നടക്കുന്നുണ്ട്.

ആഗോളീകരണത്തിനെതിരേ രാജ്യത്ത് ആദ്യമായി ശബ്ദമുയർത്തിയത് മലയാളികളാണെന്നാണ് ഞാൻ മനസ്സിലാക്കുന്നത്. മുതലാളിത്തത്തിന്റെ കടന്നുകയറ്റമുണ്ടാകുമെന്ന ഭയപ്പാടാവാം കാരണം. എന്നാൽ, കടൽകടന്ന് ലോക വിപണി തേടിപ്പോയവരിലും മുമ്പന്മാർ മലയാളികൾ തന്നെയായിരുന്നു. ആഗോള തൊഴിൽ വിപണിയുടെ സാധ്യതകൾ ഏറ്റവും കൂടുതൽ ഉപയോഗപ്പെടുത്തുന്ന നമുക്കെങ്ങനെ ആഗോളീകരണത്തെ എതിർക്കാൻ കഴിയും? ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തിൽത്തന്നെ ആഗോളീകരണത്തെ ഗാഢമായി പുൽകിയവരാണ് നാം. ഗൾഫ് യാത്ര തുടങ്ങുന്ന അറുപതുകൾക്കു മുമ്പു തന്നെ പ്രധാന ഇന്ത്യൻ നഗരങ്ങളിലേക്കും മലേഷ്യ, സിങ്കപ്പൂർ, മ്യാൻമാർ, സിലോൺ എന്നിവിടങ്ങളിലേക്കും മലയാളികൾ തൊഴിൽതേടി യാത്രചെയ്തിട്ടുണ്ട്. ഈ നാടുകളിലെല്ലാം കഠിനാധ്വാനത്തിന്റെയും വിശ്വാസ്യതയുടെയും സ്മാരകങ്ങൾ അവശേഷിപ്പിച്ചാണ്‌ അവർ മടങ്ങിയത്.

ഒരുപക്ഷേ, ഇതിനൊക്കെ മുമ്പ്‌ യൂറോപ്പിലേക്കുള്ള മലയാളി വനിതകളുടെ കുടിയേറ്റം ആരംഭിച്ചിരുന്നു. ക്രിസ്ത്യൻ മിഷണറിമാരാണ് ഇറ്റലി, ജർമനി, ഇംഗ്ലണ്ട്  തുടങ്ങിയ നാടുകളിലേക്ക് മലയാളി നഴ്‌സുമാരെ കൊണ്ടുപോകാൻ തുടങ്ങിയത്.  കോവിഡ് ദുരിതകാലം നീണ്ടുപോകുമ്പോൾ കൂടുതൽപേർ നാട്ടിലേക്കുമടങ്ങാൻ ആഗ്രഹിക്കുന്നു. ഗൾഫിലെ മലയാളികളിൽ വലിയൊരു വിഭാഗം ഇതുപോലെ മടക്കയാത്ര കാത്തിരിക്കയാണെന്നു നാം ഓർക്കണം. പ്രവാസി മലയാളി അഭിമുഖീകരിക്കുന്ന അതേ അനിശ്ചിതത്വം കേരളത്തിലുള്ള അതിഥിതൊഴിലാളികളും നേരിടുന്നുണ്ട്.

Content Highlights: migrant workers and Kerala