ഗാന്ധിജി രക്തസാക്ഷിയായിട്ട് 70 വര്‍ഷം തികയുകയാണ്. ആരാണ് ഗാന്ധിജി എന്ന ചോദ്യത്തിന് ഉത്തരം എളുപ്പമല്ല. ഗാന്ധിജിയുടെ ജിവചരിത്രകാരനായ രാമചന്ദ്ര ഗുഹ വിവരിക്കുന്ന ഒരു സംഭവമുണ്ട്. 1998-ല്‍ ഗുഹ അമേരിക്കയിലെ കാലിഫോര്‍ണിയ സര്‍വ്വകലാശാലയില്‍ ഒരു പ്രഭാഷണത്തിനു പോകുന്നു. വിഷയം ''ഗാന്ധിയുമായുള്ള സംവാദങ്ങള്‍.''  ഗാന്ധിയെക്കുറിച്ച് കേള്‍ക്കാന്‍ വിദ്യാര്‍ത്ഥികളുണ്ടാവുമോ എന്ന ആശങ്കയായിരുന്നു ഗുഹയുടെ മനസ്സില്‍. പ്രഭാഷണത്തിനു രണ്ടു ദിവസം മുമ്പ് സാന്‍ഫ്രാന്‍സിസ്‌കോയിലെ തെരുവിലൂടെ നടക്കുമ്പോള്‍ ഗുഹയ്ക്ക് ഒരു പ്രാദേശിക വാരിക കിട്ടി.വീട്ടില്‍ തിരിച്ചെത്തി ആ വാരികയുടെ പേജുകള്‍ മറിക്കുമ്പോള്‍ ഗുഹ ഒരു പരസ്യം കണ്ടു ''Only Gandhi knows more about fast than us '' (ഗാന്ധിക്കു മാത്രമേ 'ഫാസ്റ്റി'നെക്കുറിച്ച് ഞങ്ങളേക്കാള്‍ കൂടുതല്‍ അറിയൂ). ഇംഗ്‌ളീഷില്‍ ഫാസ്റ്റ് എന്ന പദത്തിന് വേഗമുള്ളതെന്നും ഉപവാസമെന്നും അര്‍ത്ഥമുണ്ട്. അതിവേഗത്തില്‍ ഫോട്ടോ പ്രിന്റുകള്‍ ലഭ്യമാക്കുതിനെക്കുറിച്ചുള്ള ഒരു സറ്റുഡിയോയുടെ പരസ്യമായിരുന്നു അത്.

ഗുഹയെ സന്തോഷിപ്പിച്ചത് ഫാസ്റ്റ് എന്ന വാക്കിന്റെ ദ്വയാര്‍ത്ഥത്തില്‍ പിടിച്ച് സ്റ്റുഡിയോക്കാര്‍ നടത്തിയ കളിയല്ല. അമേരിക്കയിലെ ഒരു പ്രാദേശിക സ്റ്റുഡിയോ പോലും പരസ്യത്തിന് ഗാന്ധിയെ കൂട്ടുപിടിക്കുന്നുവെന്നതാണ്. ഗാന്ധിയെക്കുറിച്ച് കേള്‍ക്കാന്‍ വിദ്യാര്‍ത്ഥികള്‍ എത്തുമെന്ന് അന്നേരം താന്‍ ഉറപ്പിച്ചതായും അതുപോലെതന്നെ പ്രഭാഷണ ഹാള്‍ തിങ്ങി നിറഞ്ഞ് വിദ്യാര്‍ത്ഥികള്‍ എത്തിയതായും ഗുഹ എഴുതുന്നുണ്ട്. റൂസ്‌വെല്‍റ്റിനെക്കുറിച്ചോ ചര്‍ച്ചിലിനെക്കുറിച്ചോ കേള്‍ക്കാന്‍ ഇത്രയും വിദ്യാര്‍ത്ഥികള്‍ എത്തുമോയെന്നത് സംശയമാണെും ആഗോളതലത്തില്‍ ഗാന്ധിജിക്കുള്ള സ്വീകാര്യത വര്‍ദ്ധിച്ചു കൊണ്ടിരിക്കുകയാണെും ഗുഹ ചൂണ്ടിക്കാട്ടി.

കരംചന്ദ് ഗാന്ധി - പുത്‌ലിബായ് ദമ്പതികളുടെ നാലു മക്കളില്‍ ഇളയവനായിരുന്നു മോഹന്‍ദാസ്. കരംചന്ദിന്റെ നാലാമത്തെ ഭാര്യയായിരുന്നു പുത്‌ലിബായ്. ആദ്യ രണ്ടു ഭാര്യമാര്‍ നേരത്തെ മരിച്ചു പോയി. ഇവരില്‍ കരംചന്ദിന് ഓരോ പെണ്‍കുട്ടികള്‍ വീതമുണ്ടായിരുന്നു. മൂന്നാമത്തെ ഭാര്യയില്‍ സന്താനങ്ങളുണ്ടായില്ല. ഇതേത്തുടര്‍ന്ന് മൂന്നാമത്തെ ഭാര്യയുടെ സമ്മതത്തോടെയാണ് തന്നേക്കാള്‍ 22 വയസ്സു കുറവുള്ള പുത്‌ലിബായിയെ കരംചന്ദ് കല്യാണം കഴിക്കുന്നത്. ലക്ഷ്മി ദാസ്, റാലിയത്ത്, കഴ്‌സണ്‍ദാസ് എിവരായിരുന്നു മോഹന്‍ദാസിന്റെ സഹോദരങ്ങള്‍.

സ്‌കൂളില്‍ മോഹന്‍ദാസ് പഠനത്തില്‍ ശരാശരിക്കാരനായിരുന്നു. ഹൈസ്‌കൂളില്‍ പഠിക്കുമ്പോള്‍ ഒരിക്കല്‍ ഭൂമിശാസ്ത്രത്തിന് പൂജ്യം മാര്‍ക്ക് ലഭിച്ച ഒരാള്‍ മോഹന്‍ദാസായിരുന്നു. മെട്രിക്കുലേഷന്‍ പരീക്ഷയിലും ഗാന്ധിജിയുടെ വിജയം അത്രകണ്ടു മികച്ചതായിരുന്നില്ല. മിക്കവാറും വിഷയങ്ങളില്‍ 45 ശതമാനം മാര്‍ക്കാണ് ഗാന്ധിജിക്ക് ലഭിച്ചത്. പരീക്ഷ എഴുതിയ മുവ്വായിരം പേരില്‍ 30 ശതമാനമേ വിജയിച്ചുള്ളൂ എന്നതും അവരില്‍ 404 ാമത്തെ ആളായിരുന്നു ഗാന്ധിജിയെതും മറ്റൊരു കാര്യം. പക്‌ഷേ, 1891 ജനവരി 12 ന് ലണ്ടനില്‍ ബാരിസ്റ്റര്‍ പരിക്ഷയുടെ ഫലം വന്നപ്പോള്‍ വിജയിച്ച 109 പേരില്‍ ഗാന്ധിജി 34 ാമനായിരുന്നു.

നിത്യാഭ്യാസി ആനയെ എടുക്കും എന്ന പഴമൊഴി അര്‍ത്ഥവത്താക്കുന്നതായിരുന്നു ഗാന്ധിജിയുടെ ജിവിതം. ചിട്ടയാര്‍ന്ന പവൃത്തികളിലൂടെ സ്വയം വളരുകയായിരുന്നു ഗാന്ധിജി. ബ്രിട്ടനിലും ദക്ഷിണാഫ്രിക്കയിലും ജീവിതം ഗാന്ധിജിക്ക് പോരാട്ടമായിരുന്നു. സ്വന്തം ജിവിതത്തിലെ ബലഹീനതകള്‍ മറച്ചുവെച്ചില്ല എന്നതാണ് ഗാന്ധിജിയെ ഗാന്ധിജിയാക്കുന്ന വലിയൊരു ഘടകം. ഗാന്ധിജിക്ക് 16 വയസ്സുള്ളപ്പോഴാണ് പിതാവ് മരിക്കുന്നത്. പിതാവിന്റെ കാലുകള്‍ തടവിക്കൊണ്ടിരുന്ന മോഹന്‍ദാസിനോട് കുറച്ചു നേരത്തേക്ക് താന്‍ കാലു തടവിക്കൊടുക്കാം എന്നു പറഞ്ഞ് അമ്മാവന്‍ മുന്നോട്ടു വന്നു. അപ്പോള്‍ താന്‍ ഭാര്യ കസ്തൂര്‍ബ്ബയുടെ അടുത്തേക്ക് ഓടിപ്പോയെന്നും അവരെ പ്രാപിച്ചെന്നും ആ സമയത്താണ് പിതാവ് മരിച്ചതെന്നും  പിന്നീട് വര്‍ഷങ്ങളോളം ഇതിന്റെ കുറ്റബോധം തന്നെ വേട്ടയാടിയെന്നും ഗാന്ധിജി പറഞ്ഞു തെന്നയാണ് നമ്മള്‍ അറിയുന്നത്.

ശരിയെന്ന് ഉറച്ചു വിശ്വസിച്ചിരുന്ന കാര്യങ്ങളില്‍നിന്ന് പിന്മാറുക എന്നത് ഗാന്ധിജിയെ സംബന്ധിച്ച് എളുപ്പമായിരുന്നില്ല. സുബാഷ് ചന്ദ്ര ബോസും അംബേദ്ക്കറും ഗാന്ധിജിയുമായി പുലര്‍ത്തിയിരുന്ന അഭിപ്രായ വ്യത്യാസങ്ങള്‍ രൂക്ഷമായിരുന്നു. ദേശീയതയെക്കുറിച്ചും ഇംഗ്‌ളീഷ് വിദ്യാഭ്യാസത്തെക്കുറിച്ചുമുള്ള ഗാന്ധിജിയുടെ വിക്ഷണങ്ങള്‍ ടാഗോറും ശക്തമായി ചോദ്യം ചെയ്തു. അംേബദ്ക്കറുമായും ടാഗോറുമായും ഗാന്ധിജി നടത്തിയ സംവാദങ്ങള്‍ പ്രസിദ്ധമാണ്. പലപ്പോഴും അംബേദ്കറുടെയും ടാഗോറിന്റെയും യുക്തികള്‍ക്കു മുില്‍ ഗാന്ധിജി പതറുകയും ചെയ്തിട്ടുണ്ട്. പക്‌ഷേ, ഈ വീഴ്ചകള്‍ ഗാന്ധിജിയുടെ വ്യക്തിത്വത്തിന് കരുത്തു പകര്‍ന്നേയുള്ളുവെതാണ് വാസ്തവം.

1948 ജനവരി 30 ന് വൈകീട്ട് 5.17 നാണ് ഗാന്ധിജി കൊല്ലപ്പെടുന്നത്. ഗോഡ്‌സെയുടെ വെടിയുണ്ടകളേറ്റു ഗാന്ധിജി വീഴുമ്പോള്‍ താഴെ വീണ  പോക്കറ്റ് വാച്ചില്‍ രേഖപ്പെടുത്തിയിരുന്ന സമയമാണിത്. അവസാന ദിവസങ്ങളില്‍ ഗാന്ധിജിയെ മരണചിന്ത വല്ലാതെ അലട്ടിയിരുന്നുവെന്ന് പ്രമോദ്കുമാര്‍ എന്ന ഗാന്ധിജിയുടെ മറ്റൊരു ജീവചരിത്രകാരന്‍ രേഖപ്പെടുത്തുന്നുണ്ട്. മരണത്തിന് തലേന്നാള്‍ ഡെല്‍ഹിയിലെ ബിര്‍ള ഹൗസില്‍ ഗാന്ധിജിയെ കാണാന്‍ ഇന്ദിരാഗാന്ധി നാലു വയസ്സുകാരന്‍ രാജീവിനെയും കൂട്ടി വന്നിരുന്നു. ഗാന്ധിജിയെ കാണാന്‍ വന്ന സന്ദര്‍ശകരിലാരോ വെച്ചിട്ടു പോയ പൂക്കള്‍ എടുത്ത് രാജിവ് ഗാന്ധിജിയുടെ കാല്‍ക്കല്‍ വെച്ചു. ഇതു കണ്ട് ഗാന്ധിജി രാജിവിന്റെ ചെവി പതുക്കെ പിടിച്ച് തിരിച്ചിട്ട് തമാശപൂര്‍വ്വം പറഞ്ഞു. ''ഇങ്ങനെ ചെയ്യരുത്.മരിച്ചവരുടെ കാല്‍ക്കല്‍ മാത്രമേ ആളുകള്‍ പൂക്കളിടാറുള്ളൂ. '' 

ജനവരി 30 ന് ഗാന്ധിജി അവസാനമായി കൂടിക്കാഴ്ച നടത്തിയത് സര്‍ദാര്‍ വല്ലഭായ് പട്ടേലുമായിട്ടായിരുന്നു. പട്ടേലും നെഹ്‌റുവുമായുള്ള അഭിപ്രായ ഭിന്നതയില്‍ ഗാന്ധിജി അത്യന്തം ആശങ്കാകുലനായിരുന്നു. ഗാന്ധിജിയുടെ നിര്‍ബ്ബന്ധത്തിനു വഴങ്ങി പാക്കിസ്ഥാന് 55 കോടി രൂപ കൊടുക്കാന്‍ കേന്ദ്ര മന്ത്രിസഭ തീരുമാനിച്ചതിലും പട്ടേലിന് പ്രതിഷേധമുണ്ടായിരുന്നു. വൈകീട്ട് നാലിനാണ് മകള്‍ മണിബെന്നിനൊപ്പം പട്ടേല്‍ ഗാന്ധിജിയെ കാണാന്‍ വന്നതെന്ന് പ്രമോദ്കുമാര്‍ എഴുതുന്നു. നാലിനു തുടങ്ങിയ ചര്‍ച്ച അഞ്ചുമണിയായിട്ടും തീര്‍ന്നില്ല. അഞ്ചിന് ഗാന്ധിജിക്ക് പ്രാര്‍ത്ഥനായോഗമുള്ളതാണ്. പക്‌ഷേ, ചര്‍ച്ച ചൂടുപിടിച്ചപ്പോള്‍ ഗാന്ധിജി സമയം വൈകിയത് ശ്രദ്ധിച്ചില്ല. നേരത്തെ ഗാന്ധിജിയുടെ നിലപാട് നെഹ്‌റുവോ പട്ടേലോ ആരെങ്കിലുമൊരാള്‍ കേന്ദ്ര മന്ത്രിസഭയില്‍ മതിയെന്നായിരുന്നു. രണ്ടു പേരും തമ്മിലുള്ള ഭിന്നതകള്‍ കേന്ദ്ര മന്ത്രിസഭയുടെ സുഗമമായ പ്രവര്‍ത്തനത്തെ ബാധിക്കുന്നുണ്ടെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് ഗാന്ധിജി ഈ നിര്‍ദ്ദേശം മുന്നോട്ടുവെച്ചത്. പക്‌ഷേ, പട്ടേലും നെഹ്‌റുവും കേന്ദ്ര മന്ത്രിസഭയില്‍ ഒന്നിച്ചുണ്ടാവണമെന്നും രണ്ടു പേരുടെ രാഷ്ട്രീയ വിവേകവും രാഷ്ട്രത്തിന് വേണമെന്നുമുള്ള മൗണ്ട്ബാറ്റന്റെ നിലപാട് പിന്നീട് ഗാന്ധിജിയും അംഗീകരിച്ചു.

രാഷ്ട്രത്തിനുവേണ്ടി രണ്ടുപേരും ഒന്നിച്ചു നിലകൊള്ളണമൊണ് ഗാന്ധിജി അവസാന കൂടിക്കാഴ്ചയിലും പട്ടേലിനോട് പറഞ്ഞത്. പട്ടേലും നെഹ്‌റുവും ഒന്നിക്കുന്നതുവരെ താന്‍ ഡെല്‍ഹി വിടില്ലെന്നും ഗാന്ധിജി പറഞ്ഞു. ചര്‍ച്ച വല്ലാതെ നീണ്ടപ്പോള്‍ പട്ടേലിന്റെ മകള്‍ മണിബെന്നാണ് ധൈര്യം സംഭരിച്ച് ഗാന്ധിജിയോട് സമയം 5.10 ആയെന്നു പറഞ്ഞത്. ''എനിക്ക് പോവാന്‍ സമയമായി'' എന്നു പറഞ്ഞുകൊണ്ടാണ് ഗാന്ധിജി പട്ടേലിനെ യാത്രയാക്കിയത്. സമയം വൈകിയതിനാല്‍ പതിവിലും വേഗത്തില്‍ എളുപ്പവഴിയിലൂടെയാണ് ഗാന്ധിജി പ്രാര്‍ത്ഥനാ സ്ഥലത്തേക്ക്  പോയത്. അവിടെ മുന്‍ നിരയില്‍ നാഥുറാം ഗോഡ്‌സെയുണ്ടായിരുന്നു. ഗാനധിജിയെ ഇരു കൈകളും കൂട്ടിപ്പിടിച്ച് ഗോഡ്‌സെ തൊഴുതു. ഗാന്ധിജി തിരിച്ചും. അടുത്ത നിമിഷം കൈകളില്‍ ഒളിപ്പിച്ചിരുന്ന സെമി ഓട്ടോമാറ്റിക് പിസ്റ്റള്‍ കൊണ്ട് ഗോഡ്‌സെ നിറയൊഴിച്ചു. മൂന്ന് വെടിയുണ്ടകളില്‍ രണ്ടെണ്ണം വയര്‍ തുളച്ച് പുറത്തേക്കു പോയി. മൂന്നാമത്തോയിരുന്നു മാരകം. വലത്തെ നെഞ്ച് തകര്‍ത്ത് ശ്വാസകോശത്തില്‍ കുരുങ്ങിയ നിലയിലായിരുന്നു ഈ വെടിയുണ്ട. 

ഇറ്റാലിയന്‍ ഫാസിസ്റ്റുകളുടെ പ്രിയ തോക്കായിരുന്ന ബെറെറ്റ 9 എംഎം സെമി ഓട്ടോമാറ്റിക് തോക്കാണ് ഗോഡ്‌സെ ഉപയോഗിച്ചത്. ദത്താത്രേയ പര്‍ച്ച്യുര്‍ എന്ന ഗ്വാളിയോര്‍ സ്വദേശിയാണ് ഈ തോക്ക് ഗോഡ്‌സെയ്ക്ക് സംഘടിപ്പിച്ചു കൊടുത്തത്. ദത്താത്രേയ അറസ്റ്റ് ചെയ്യപ്പെട്ടെങ്കിലും ഹൈക്കോടതി അദ്ദേഹത്തെ കുറ്റവിമുക്തനാക്കി. ദത്താത്രേയയെ ആരാണ് ഗോഡ്‌സെയുമായി ബന്ധപ്പെടുത്തിയതെന്നോ എങ്ങിനെയാണ് ദത്താത്രേയ തോക്ക് സംഘടിപ്പിച്ചതെന്നോ അന്വേഷണമുണ്ടായില്ല. ഗോഡ്‌സെയ്ക്ക് പിന്നിലുണ്ടായിരുന്ന സംഘടനയെക്കുറിച്ചും കാര്യമായ അന്വേഷണമുണ്ടായില്ലെന്നും ഗോഡ്‌സെയുടെ കൈകളില്‍ ഈ തോക്ക് വെച്ചുകൊടുക്കുകയും ഗാന്ധിജിയെ ഇല്ലാതാക്കാന്‍ ഉത്തരവ് നല്‍കുകയും ചെയ്തവര്‍ അന്വേഷണത്തിന്റെ പരിധിയില്‍ വരാതെ പോയെന്നും ഗാന്ധിജിയുടെ പേരക്കിടാവ് തുഷാര്‍ ഗാന്ധി ചൂണ്ടിക്കാട്ടിയിരുന്നു.

ഗാന്ധിജിയുടെ രക്തസാക്ഷിത്വമാണ് ഇന്ത്യയുടെ മതേതരത്വവും ബഹുസ്വരതയും കാത്തു സൂക്ഷിച്ചതെന്ന് രാമചന്ദ്ര ഗുഹ നിരീക്ഷിക്കുന്നുണ്ട്. ഗാന്ധിജിയെ വധിച്ചത് നാഥുറാം ഗോഡ്‌സെയെന്ന ബ്രാഹ്‌മണനാണെന്നത് ഇന്ത്യയിലെ ഹിന്ദുക്കളെ ഞെട്ടിച്ചെന്നും ഹിന്ദു മതമൗലിക ശക്തികള്‍ക്ക് ഇന്ത്യയെ മറ്റൊരു പാക്കിസ്താന്‍ ആക്കാന്‍ കഴിയാതിരുന്നത് ഇതുകൊണ്ടാണെന്നുമാണ് ഗുഹ പറയുന്നത്. ഗാന്ധിജിയുടെ മൃതദേഹത്തിനടുത്തേക്ക് വരുമ്പോള്‍ അവിടെ തടിച്ചു കൂടിയിരുന്ന ആള്‍ക്കൂട്ടത്തില്‍നിന്ന് ഗാന്ധിജിയെ കൊന്നത് ഒരു മുസ്‌ലീമാണെന്ന് ഒരു ചെറുപ്പക്കാരന്‍ ദേഷ്യത്തോടെ വിളിച്ചുപറയുന്നത് മൗണ്ട് ബാറ്റന്‍ കേട്ടു. ഗാന്ധിജിയെ ആരാണു കൊന്നതെന്ന് അപ്പോള്‍ അറിയില്ലായിരുെന്നങ്കിലും ഗാന്ധിജിയെ കൊന്നത് ഒരു ഹിന്ദുവാണെന്ന് മൗണ്ട്ബാറ്റന്‍ ഉച്ചത്തില്‍ തിരിച്ചു പറഞ്ഞു. ഗാന്ധിജിയുടെ വധത്തിനുത്തരവാദി മുസ്‌ലിമായിരുെന്നങ്കില്‍ ഇന്ത്യയ്ക്കു സംഭവിച്ചേക്കാമായിരുന്ന ദുരന്തത്തെക്കുറിച്ചുള്ള ചിന്തയാണ് അപ്പോള്‍ തന്നെക്കൊണ്ട് അങ്ങിനെ പറയിപ്പിച്ചതെന്ന് മൗണ്ട് ബാറ്റന്‍ പിന്നീട് വ്യക്തമാക്കി.             

ഹിന്ദു മതത്തിന്റെ സവിശേഷമായ ചിഹ്നങ്ങള്‍ ഉപയോഗിച്ചാണ് ഗാന്ധിജി വര്‍ഗ്ഗീയതയ്‌ക്കെതിരെ പോരാടിയത്. ഭഗവദ് ഗീതയും രാമരാജ്യ സങ്കല്‍പവും ഉയര്‍ത്തിപ്പിടിക്കുന്ന ഗാന്ധിജിയെ എങ്ങിനെയാണ് നേരിടേണ്ടതെന്നറിയാതെ മതമൗലികവാദികള്‍ വിഷമിച്ചു. ഗാന്ധിജിയെ ഈ ലോകത്തു നിന്നും ഇല്ലാതാക്കുക മാത്രമാണ് പ്രശ്‌നപരിഹാരമെന്ന തീരുമാനത്തിലേക്ക് താന്‍ എത്തുകയായിരുന്നുവെന്ന് ഗാന്ധി വധത്തിനു ശേഷമുള്ള വിചാരണയില്‍ നാഥുറാം ഗോഡ്‌സെ പറയുന്നുണ്ട്.

ജാതിക്കെതിരെയുള്ള ഗാന്ധിജിയുടെ പോരാട്ടവും സവിശേഷ തലത്തിലായിരുന്നു. തന്റെ ആശ്രമത്തില്‍ വന്നിരുന്ന ബ്രാഹ്‌മണരടക്കമുള്ള ഉയര്‍ ജാതിക്കാരോട് ദളിതര്‍ ഉപയോഗിച്ച കക്കൂസുകള്‍ വൃത്തിയാക്കാന്‍ ഗാന്ധിജി ആവശ്യപ്പെട്ടിരുന്നത് ചൂണ്ടിക്കാട്ടി എത്രമാത്രം സമര്‍ത്ഥമായാണ് ഗാന്ധിജി ജാതിയുടെ അസ്ഥിവാരം പൊളിക്കാന്‍ ശ്രമിച്ചിരുതെന്ന് ചരിത്രകാരനായ കെ.എന്‍.പണിക്കര്‍ ഒരു കുറിപ്പില്‍ വ്യക്തമാക്കുന്നുണ്ട്. 

ഗാന്ധിജി കൊല്ലപ്പെട്ട ദിവസം വൈകീട്ട് ആകാശവാണിയിലൂടെ രാഷ്ട്രത്തെ അഭിസംബോധന ചെയ്തുകൊണ്ട് നെഹ്‌റു പറഞ്ഞു ''നമ്മുടെ ജീവിതങ്ങളില്‍നിന്ന് പ്രകാശം അണഞ്ഞു പോയിരിക്കുന്നു.'' മരണത്തിലും ഗാന്ധിജി ഇന്ത്യയെ നയിക്കുകയായിരുന്നു. ഇരുട്ടിന്റെ അഗാധഗര്‍ത്തങ്ങളിലേക്ക് നിപതിക്കാതെ, പ്രകാശത്തിന്റെ  വഴികളിലൂടെ ഇന്ത്യ യാത്രചെയ്‌തെങ്കില്‍ അതിനുള്ള ബഹുമതി അര്‍ദ്ധനഗ്നനായ ഈ ഫക്കീറിന് കൊടുക്കാതിരിക്കാന്‍ നമുക്കാവില്ല.