'മീ ടൂ' മുന്നേറ്റം ഒരാണ്ട് പിന്നിട്ടിരിക്കുന്നു. 2017 ഒക്ടോബര്‍ 15നാണ് അമേരിക്കന്‍ നടി അലീസ്സ മിലാനോ തന്റെ ട്വിറ്റര്‍ പേജില്‍ 'മീ ടൂ' ഹാഷ് ടാഗ് ഉള്‍പ്പെടുത്തി ആ പോസ്റ്റ് ഇട്ടത്.'ലൈംഗികപീഡനങ്ങള്‍ക്കോ അതിക്രമത്തിനോ ഇരയായിട്ടുള്ള സ്ത്രീകള്‍ #MeToo എന്ന സ്റ്റാറ്റസ് ഇടുക. ഇതിലൂടെ ഒരുപക്ഷേ ഈ പ്രശ്‌നത്തിന്റെ വ്യാപ്തി എത്രയുണ്ടെന്ന് ആളുകളെ ബോധ്യപ്പെടുത്താന്‍ സാധിക്കും.' ഉച്ചയോടെ മിലാനോ ഇട്ട പോസ്റ്റ് ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ളവര്‍ ഏറ്റെടുക്കുകയായിരുന്നു. ആദ്യ ഇരുപത്തി നാല് മണിക്കൂറിനുള്ളില്‍ 'മീ ടൂ'' ഹാഷ് ടാഗ് ഉപയോഗിച്ചത് 4.7 ദശലക്ഷം ആളുകളാണെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്.

ഹോളിവുഡ് നിര്‍മ്മാതാവ് ഹാര്‍വി വെയിന്‍സ്റ്റീനെതിരായ ലൈംഗികാരോപണങ്ങളുടെ പശ്ചാത്തലത്തിലായിരുന്നു 'മീ ടൂ' കാമ്പയിന്റെ കടന്നുവരവ്. 2017 ഒക്ടോബര്‍ 5ന് നടി ആഷ്‌ലി ജൂഡ് വെയിന്‍സ്റ്റിനെതിരേ ന്യൂയോര്‍ക് ടൈംസിലൂടെ നടത്തിയ വെളിപ്പെടുത്തലായിരുന്നു അതിന് പ്രേരകമായത്. തൊട്ടുപിന്നാലെ ഒക്ടോബര്‍ 12ന് ആമസോണ്‍സ് സ്റ്റുഡിയോ തലവന്‍ റോയ് പ്രൈസിന് നേരെയും ലൈംഗികാരോപണം ഉയര്‍ന്നു. പ്രൊഡ്യൂസറായ ഇസാ ഹാക്കറ്റായിരുന്നു പ്രൈസിനെതിരേ ആരോപണം ഉന്നയിച്ചത്. ഈ വിവാദങ്ങളില്‍ ഹോളിവുഡ് ചൂടുപിടിച്ചുതുടങ്ങിയതോടെയാണ് ഒക്ടോബര്‍ 15ന് അലീസ മിലാനോയുടെ ട്വീറ്റ് വരുന്നത്.

alyssa milano
അലീസ മിലാനോ

'മീ ടൂ' എന്ന ടാഗ് അതോടെ തരംഗമായി മാറി. സ്ത്രീകള്‍ക്ക് നേരെയുള്ള അതിക്രമങ്ങളിലേക്കും പീഡനങ്ങളിലേക്കും വിരല്‍ചൂണ്ടി 86ലധികം രാജ്യങ്ങളിലെ സ്ത്രീകള്‍ ഇന്ന് 'മീ ടൂ' ഹാഷ് ടാഗ് ഉപയോഗിക്കുന്നെന്നാണ് റിപ്പോര്‍ട്ടുകള്‍. 

tarana burke'മീ ടൂ' തരംഗമായത് അലീസയുടെ ട്വീറ്റോടെ ആണെങ്കിലും ആ ടാഗ് ആദ്യമായി അവതരിപ്പിക്കപ്പെട്ടത് അതിനും 11 വര്‍ഷം മുമ്പേയാണ്. പൗരാവകാശ പ്രവര്‍ത്തകയും ആഫ്രിക്കന്‍ അമേരിക്കന്‍ വംശജയുമായ തരാന ബുര്‍ക്കയാണ് ആ ടാഗ് ലൈനിന്റെ ഉപജ്ഞാതാവ്. ലൈംഗികാതിക്രമങ്ങളെ അതിജീവിച്ച ചരിത്രമുള്ള തരാന ബുര്‍ക്ക തന്റെ അതേ അവസ്ഥയിലൂടെ കടന്നുപോകുന്ന കറുത്തവര്‍ഗക്കാരായ സ്ത്രീകള്‍ക്ക് ശക്തിയേകാനും പിന്തുണയ്ക്കാനുമായാണ് 2006ല്‍ 'മീ ടൂ' ഓണ്‍ലൈന്‍ കാമ്പയിന്‍ അവതരിപ്പിച്ചത്.

അലീസയുടെ ട്വീറ്റ് ലോകം ഏറ്റെടുത്തതിന് പിന്നാലെ ഹോളിവുഡിലെ മുന്‍നിര നടിമാരക്കം നിരവധി സ്ത്രീകള്‍ തങ്ങള്‍ക്ക് നേരിടേണ്ടി വന്നിട്ടുള്ള ലൈംഗികാതിക്രമങ്ങളെക്കുറിച്ച് തുറന്നുപറയാന്‍ തയ്യാറായി. ആഞ്ജലീന ജോളി, ലുപിത ന്യോന്‍ഗോ, ടെയ്‌ലര്‍ സ്വിഫ്റ്റ്, സല്‍മാ ഹയക് തുടങ്ങി 80ലധികം സ്ത്രീകളാണ് വെയിന്‍സ്റ്റീനെതിരെ ആരോപണം ഉന്നയിച്ച് രംഗത്ത് വന്നത്. എട്ട് മാസം നീണ്ട വിവാദങ്ങള്‍ക്കൊടുവില്‍ 2018 മെയ് 26ന് ഹാര്‍വി വെയിന്‍സ്റ്റീന്‍ ന്യൂയോര്‍ക് പോലീസിന് മുന്നില്‍ കീഴടങ്ങി.

ഹോളിവുഡില്‍ നിന്നാരംഭിച്ച 'മീ ടൂ' കൊടുങ്കാറ്റ് സംഗീത, ശാസ്ത്ര, രാഷ്ട്രീയ, കായിക മേഖലകളിലെല്ലാം ആഞ്ഞുവീശുന്നതിന് ലോകം പിന്നീട് സാക്ഷ്യം വഹിച്ചു.  2017 നവംബര്‍ മുതല്‍ ഇവാഞ്ചലിക്കല്‍ പള്ളികളോടനുബന്ധിച്ച് സ്ത്രീകള്‍ക്കെതിരെ നടക്കുന്ന അതിക്രമങ്ങള്‍ക്കെതിരെ സ്ത്രീകള്‍ സംഘടിച്ചതും മീ ടൂ കാമ്പയിനില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടായിരുന്നു. 'ചര്‍ച്ച് ടൂ' എന്ന ഹാഷ് ടാഗ് ഉപയോഗിച്ചായിരുന്നു എമിലി ജോയ്, ഹന്നാ പാഷ് എന്നിവര്‍ ഈ മുന്നേറ്റത്തിന് തുടക്കമിട്ടത്.

കാലിഫോര്‍ണിയ, ഇല്ലിനോയിസ്, ഒറിഗോണ്‍ തുടങ്ങി നിരവധിയിടങ്ങളില്‍ രാഷ്ട്രീയരംഗം മീ ടു ആരോപണങ്ങൡ ആടിയുലഞ്ഞു. ലൈംഗികാതിക്രമങ്ങള്‍ക്കെതിരായ പരാതികളില്‍ നടപടി സ്വീകരിക്കുന്നത് സംബന്ധിച്ചുള്ള നിയമത്തില്‍ ഭേദഗതി കൊണ്ടുവരാനുള്ള ബില്‍ അമേരിക്കന്‍ പാര്‍ലമെന്റില്‍ അവതരിപ്പിച്ചതും മീ ടൂ കാമ്പയിന്റെ പ്രഭാവത്തെത്തുടര്‍ന്നായിരുന്നു.

ഈ വര്‍ഷം സാഹിത്യത്തിനുള്ള നൊബേല്‍ സമ്മാനം പ്രഖ്യാപിക്കാതിരുന്നതിന് കാരണവും മീ ടൂ കാമ്പിന്‍ തന്നെ!

 

ഒപ്ര വിന്‍ഫ്രിയുടെ പ്രസംഗം

2018 ജനുവരി 8ന് സെസില്‍ ബി ഡെമില്ലെ അവാര്‍ഡ് സ്വീകരിച്ച് ഗോള്‍ഡന്‍ ഗ്ലോബ് വേദിയില്‍ ഒപ്ര വിന്‍ഫ്രി നടത്തിയ പ്രസംഗം 'മീ ടൂ' കാമ്പയിനെ തന്റെ ജീവിതവുമായി ചേര്‍ത്തുനിര്‍ത്തിക്കൊണ്ടുള്ളതായിരുന്നു. ഇപ്പോള്‍ എന്നെ കേട്ടുകൊണ്ടിരിക്കുന്ന എല്ലാ പെണ്‍കുട്ടികളും അറിയണം, ഒരു പുതിയ ദിനം ഉദിച്ചുയരുന്നുണ്ടെന്ന്. വികാരനിര്‍ഭരമായ വാക്കുകളെ ലോകം ഹൃദയത്തോട് ചേര്‍ത്തു.

ക്രൂരമായ ആണധികാരത്തിന്റെ ചവിട്ടിയരക്കലില്‍ തകര്‍ന്നുപോയ സംസ്‌കാരത്തില്‍ അവള്‍ വര്‍ഷങ്ങളോളം ജീവിച്ചു. ആ സംസ്‌കാരം സ്ത്രീകളെ വിശ്വസിക്കരുതെന്ന ചിന്തയില്‍ ഊന്നിയുള്ളതായിരുന്നു. ക്രൂരമായി ബലാത്സംഗം ചെയ്യപ്പെട്ട റെസി ടെയ്‌ലര്‍ എന്ന സ്ത്രീയുടെ ജീവിത കഥ പങ്കുവച്ച് ഒപ്ര വിന്‍ഫ്രി പറഞ്ഞു. റെസി മരിച്ച് പത്തുദിവസങ്ങളേ ആയിട്ടുണ്ടായിരുന്നുള്ളു അന്ന്. 

'ആണധികാരത്തില്‍ സ്ത്രീത്വം എരിഞ്ഞമരുന്ന ആ സമയം കഴിഞ്ഞുപോയിരിക്കുന്നു. ഇത് മാറ്റത്തിന്റെ പാതയിലൂടെയുള്ള സഞ്ചാരമാണ്. എല്ലാ മേഖലകളിലും സ്ത്രീകള്‍ക്ക് വളരെയേറെ മുന്നോട്ട് പോകാനുണ്ട്. ഇത് അവസാനമാണെന്ന് ചിന്തിക്കരുത്. ഇനി മേലില്‍ മീ ടൂ എന്ന് പറയാന്‍ ഒരു പെണ്‍കുട്ടിയ്ക്കും ഇട വരാതിരിക്കാന്‍ വേണ്ടിയുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് ഒരു കൂട്ടമാളുകള്‍ തുടക്കമിട്ടിരിക്കുന്നു. മുന്നേറാനുള്ള സമയം ഇതാ എത്തിയിരിക്കുന്നു.' ഒപ്ര വിന്‍ഫ്രി പറഞ്ഞു നിര്‍ത്തി.


 

മീ ടൂ ഇന്ത്യയില്‍ 

me too

2017 നവംബറിലായിരുന്നു ഇന്ത്യയിലെ ആദ്യത്തെ 'മീ ടൂ' തുറന്നുപറച്ചില്‍. അമേരിക്കയില്‍ അഭിഭാഷകയായ റയാ സര്‍ക്കാര്‍ ഇന്ത്യയിലെ അക്കാദമിക മേഖലയിലെ എഴുപതോളം ആളുകളുടെ പേരുകള്‍ വെളിപ്പെടുത്തുകയായിരുന്നു. അവര്‍ നടത്തിയെന്ന് പറയപ്പെടുന്ന ലൈംഗികാതിക്രമങ്ങളുടെ വിശദവിവരങ്ങളും റയ പുറത്തുവിട്ടു. എന്നാല്‍, ഇതിനെതിരേ ഇന്ത്യയിലെ തന്നെ സ്ത്രീവാദപ്രവര്‍ത്തകരില്‍ പലരും രംഗത്ത് വന്നു. റയ പുറത്തുവിട്ട പട്ടികയുടെ വിശ്വാസ്യത ചോദ്യം ചെയ്തുകൊണ്ടുള്ളതായിരുന്നു അവരുടെ വാദങ്ങള്‍. റയയുടെ വാദങ്ങളെ ചോദ്യം ചെയ്ത് കാഫില എന്ന വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ച ഹര്‍ജിയില്‍ ഒപ്പുവച്ചവരില്‍ ഇന്ത്യയിലെ സ്ത്രീവാദപ്രസ്ഥാനത്തിന്റെ തുടക്കക്കാരില്‍ ചിലര്‍ വരെ ഉണ്ടായിരുന്നെന്നാണ് വിവരം.

'മീ ടൂ' കാമ്പയിനെ സാമൂഹികമാധ്യമങ്ങളിലൂടെ ഇന്ത്യയിലെ സ്ത്രീകള്‍ ഒന്നടങ്കം ഏറ്റെടുത്ത് പിന്തുണച്ചെങ്കിലും തുറന്നുപറച്ചിലുകള്‍ വ്യാപകമാവുന്ന തരത്തിലേക്ക് അതെത്തിയില്ല. തങ്ങള്‍ക്ക് നേരിടേണ്ടിവന്ന ലൈംഗിക അതിക്രമങ്ങളെക്കുറിച്ച് തുറന്നുപറയാന്‍ തയ്യാറായി ചിലരൊക്കെ രംഗത്തുവന്നെങ്കിലും അവയൊന്നും 'മീ ടൂ' തരംഗത്തിനൊപ്പം നിന്ന് പ്രക്ഷോഭം ഉണ്ടാക്കാന്‍ പര്യാപ്തമായവ ആയിരുന്നില്ലെന്നാണ് വിലയിരുത്തലുകള്‍. ഇന്ത്യയിലെ സ്ത്രീപക്ഷവാദികള്‍ക്കിടയില്‍ ഉണ്ടായ അഭിപ്രായഭിന്നതകളും ഇന്ത്യയിലെ മീ ടൂ മുന്നേറ്റത്തെ ആദ്യഘട്ടത്തില്‍ പിന്നാക്കം വലിച്ചു.

സിനിമാരംഗത്തെ കാസ്റ്റിംഗ് കൗച്ചിനെക്കുറിച്ചും  അനാശാസ്യ പ്രവണതകളെക്കുറിച്ചും വെളിപ്പെടുത്തി രാധിക ആപ്‌തെ, സ്വര ഭാസ്‌കര്‍ തുടങ്ങി ചില ഒറ്റപ്പെട്ട ശബ്ദങ്ങള്‍ ഉയര്‍ന്നുകേട്ടെങ്കിലും അതിനെ പിന്തുണച്ചവരുടെ ശബ്ദങ്ങള്‍ ദുര്‍ബലമായിരുന്നു. ഇതിനൊരു മാറ്റമുണ്ടായത് കഴിഞ്ഞയിടെ നാനാ പടേക്കര്‍ക്കെതിരേ ശക്തമായ ആരോപണവുമായി നടി തനുശ്രീ ദത്ത രംഗത്തെത്തിയതോടെയാണ്. മീ ടൂവിന്റെ അലയൊലികള്‍ ഏറെക്കുറെ കെട്ടടങ്ങിയെന്ന് തോന്നിപ്പിച്ച സമയത്തായിരുന്നു അതിനെ ഊതിക്കത്തിച്ച് തനുശ്രീയുടെ ആരോപണങ്ങള്‍ വന്നത്. അതോടെ ഇന്ത്യയിലെ മീ ടൂ മുന്നേറ്റങ്ങള്‍ക്ക് ഏകീകൃത സ്വഭാവം കൈവന്നു എന്നും വിലയിരുത്തപ്പെടുന്നു.

tanusree datha
തനുശ്രീ ദത്ത

തനുശ്രീ ദത്തയ്ക്ക് പിന്നാലെ കങ്കണ റണൗത്ത്,സംവിധായിക വിന്റ നന്ദ, പിന്നണി ഗായിക ചിന്മയി, ഹെയര്‍ സ്റ്റൈലിസ്റ്റ് സപ്ന ഭവാനി തുടങ്ങി നിരവധി പേര്‍ സിനിമാരംഗത്തെ പ്രഗല്ഭര്‍ക്കെതിരേ മീ ടൂ ആരോപണങ്ങളുമായി രംഗത്ത് വന്നു.

നാനാ പടേക്കര്‍ക്ക് പുറമേ അമിതാഭ് ബച്ചന്‍, ബോളിവുഡ് സംവിധായകന്‍ സാദിജ് ഖാന്‍, ഗായകനും സംഗീത സംവിധായകനുമായ കൈലാഷ് ഖേര്‍, നിര്‍മ്മാതാവ് കരീം മൊറാനി, തമിഴ് കവിയും ഗാനരചയിതാവുമായ വൈരമുത്തു, ഗായകന്‍ കാര്‍ത്തിക് തുടങ്ങിയവരെല്ലാം മീ ടു ആരോപണങ്ങളുടെ നിഴലിലാണ് ഇപ്പോള്‍. 

timeനേരിട്ട ലൈംഗിക അതിക്രമങ്ങള്‍ തുറന്നുപറയാന്‍ സ്ത്രീകള്‍ക്ക് പ്രചോദനമായ 'മീ ടൂ' ഹാഷ് ടാഗ് കാമ്പയിനെ പേഴ്സണ്‍ ഓഫ് ദ ഇയറായി ടൈംസ് മാസിക തിരഞ്ഞെടുത്തു. 'നിശ്ശബ്ദത ഭേദിച്ചവര്‍' എന്നാണ് മീ ടൂ കാമ്പയിനില്‍ തുറന്നു പറച്ചില്‍ നടത്തിയവരെ ടൈംസ് എഡിറ്റര്‍ ഇന്‍ ചീഫ് എഡ്വാര്‍ഡ് ഫെല്‍സെന്താല്‍ വിശേഷിപ്പിച്ചത്.

ചൈനീസ് പ്രസിഡന്റ് ഷീ ജിന്‍പിങ്, അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് എന്നിവരെ പിന്തള്ളിയാണ് മീ ടൂ ഹാഷ് ടാഗ് തിരഞ്ഞെടുക്കപ്പെട്ടത്.

 

സിനിമാരംഗത്ത് നിന്ന് മാധ്യമരംഗത്തേക്ക്

media room

അപ്രതീക്ഷിത നീക്കങ്ങളാണ് 'മീ ടൂ' കാമ്പയിന്റെ ഭാഗമായി ഇന്ത്യന്‍ മാധ്യമരംഗത്തുണ്ടായത്.  പല വനിതാ മാധ്യമപ്രവര്‍ത്തകരും തങ്ങള്‍ക്ക് നേരിടേണ്ടി വന്ന മോശം അനുഭവങ്ങളെക്കുറിച്ച് സാമൂഹികമാധ്യമങ്ങളിലൂടെ തുറന്നെഴുതി. 

മാധ്യമപ്രവര്‍ത്തകയും എഴുത്തുകാരിയുമായ സന്ധ്യാമേനോനാണ് ട്വിറ്ററിലൂടെ മാധ്യമരംഗത്തെ മീ ടൂ വെളിപ്പെടുത്തലുകള്‍ക്ക് തുടക്കമിട്ടത്. ടൈംസ് ഓഫ് ഇന്ത്യ സീനിയര്‍ എഡിറ്റര്‍ കെ.ആര്‍.ശ്രീനിവാസിനെതിരേയായിരുന്നു സന്ധ്യയുടെ വെളിപ്പെടുത്തല്‍. പവിത്ര ജയറാം എന്ന മാധ്യമപ്രവര്‍ത്തകയും ശ്രീനിവാസിനെതിരേ രംഗത്ത് വന്നു. ആരോപണങ്ങള്‍ പരിശോധിച്ചുവരികയാണെന്നാണ് ടൈംസ് ഓഫ് ഇന്ത്യയുടെ പ്രതികരണം. അവന്തിക മെഹ്ത എന്ന മാധ്യമപ്രവര്‍ത്തകയുടെ വെളിപ്പെടുത്തലിനെത്തുടര്‍ന്ന് ഹിന്ദുസ്ഥാന്‍ ടൈംസ് പൊളിറ്റിക്കല്‍ എഡിറ്റര്‍ പ്രശാന്ത് ഝായ്ക്ക് രാജിവയ്‌ക്കേണ്ടി വന്നു. 

ഇന്ത്യന്‍ രാഷ്ട്രീയലോകത്തെയും ഞെട്ടിച്ച് 'മീ ടൂ'

mj akbar

മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകനും കേന്ദ്രവിദേശകാര്യ സഹമന്ത്രിയുമായ എം.ജെ.അക്ബറിനെതിരായ മീ ടൂ ആരോപണം രാജ്യത്തെയൊന്നാകെ ഞെട്ടിക്കുന്നതായിരുന്നു. ഒന്നും രണ്ടുമല്ല വിദേശ മാധ്യമപ്രവര്‍ത്തകരടക്കം 14 ലധികം പേരാണ് അക്ബറിനെതിരേ ലൈംഗികാരോപണം ഉന്നയിച്ചിരിക്കുന്നത്. ആരോപണവിധേയനായതോടെ മന്ത്രിസ്ഥാനം രാജിവയ്ക്കണമെന്ന ആവശ്യം അക്ബര്‍ നിരാകരിച്ചു. ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണെന്നാണ് അക്ബറിന്റെ വാദം. ആരേപണങ്ങള്‍ തെളിയിക്കപ്പെടുകയാണെങ്കില്‍ അദ്ദേഹം മന്ത്രിസ്ഥാനം രാജിവയ്ക്കുമെന്ന് ബിജെപി പ്രതികരിച്ചിട്ടുണ്ട്. 

Read InDepth: എം.ജെ.അക്ബറിനെതിരായ 'മീ ടൂ' ഇരുതലമൂര്‍ച്ചയുള്ള വാളാകുമ്പോള്‍

മീ ടൂവില്‍ കുടുങ്ങിയ മലയാള സിനിമാ ലോകം

archana padmini

'മീ ടു' കാമ്പയിന്‍ തുടങ്ങും മുമ്പേ, ലൈംഗികാതിക്രമത്തിന് ഇരയായ നടിയ്ക്ക് പിന്തുണയേകാന്‍ 'അവള്‍ക്കൊപ്പം' എന്ന ഹാഷ് ടാഗില്‍ അണിനിരന്നവരാണ് മലയാളികള്‍. കുറ്റാരോപിതനായ നടനെ സംരക്ഷിക്കുന്ന താരസംഘടനയായ എഎംഎംഎയുടെ നിലപാടില്‍ പ്രതിഷേധിച്ച് ഒരു വിഭാഗം സിനിമാപ്രവര്‍ത്തകര്‍ രണ്ടാംഘട്ട പ്രതിഷേധങ്ങള്‍ ശക്തമാക്കുമ്പോള്‍ അവര്‍ അണിനിരക്കുന്നത് 'മീ ടൂ' കാമ്പയിന്റെ കുടക്കീഴിലാണ്.

നടനും എംഎല്‍എയുമായ മുകേഷിനെതിരേ സിനിമാ സാങ്കേതിക പ്രവര്‍ത്തകയായ ടെസ് ജോസഫ് മീ ടൂ ആരോപണവുമായി രംഗത്തെത്തിയതും മലയാള സിനിമാമേഖലയെ ഉലച്ചിരുന്നു. പത്തൊന്‍പത് വര്‍ഷം മുന്‍പ് ഒരു ടെലിവിഷന്‍ പരിപാടിക്കിടെ മുകേഷ് തന്നോട് മോശമായി പരുമാറിയെന്നാരോപിച്ചാണ് ടെസ് ജോസഫ് എന്ന സാങ്കേതിക പ്രവര്‍ത്തക രംഗത്ത് വന്നത്. അന്ന് ചിത്രീകരണത്തിനിടയില്‍ മുകേഷ് നിരന്തരം വിളിച്ച് തന്റെ അടുത്ത് മുറിയിലേക്ക് മാറാന്‍ നിര്‍ബന്ധിച്ചെന്നാണ് ടെസ് ജോസഫ് പറഞ്ഞത്. നിരന്തരം ഫോണ്‍ വിളികള്‍ വന്നതിനെ തുടര്‍ന്ന് അന്ന് തന്റെ മേധാവിയായ, ഇപ്പോള്‍ തൃണമൂല്‍ കോണ്‍ഗ്രസ് എംപിയായ ഡെറിക്ക് ഒബ്രിയാനോട് പറയുകയും അദ്ദേഹം അത് പരിഹരിക്കുകയും ചെയ്‌തെന്നും ടെസ് ട്വീറ്റ് ചെയ്തു. 

Read More: 'മീ ടൂ' വെളിപ്പെടുത്തലുമായി അര്‍ച്ചന പത്മിനി

പ്രഗല്ഭര്‍ക്കെതിരേ ആരോപണങ്ങള്‍ ഉയര്‍ന്നപ്പോള്‍ തന്നെ അവര്‍ക്കെതിരേ നടപടികള്‍ സ്വീകരിക്കാന്‍ ബോളിവുഡ് തയ്യാറായി എന്നത് ശ്രദ്ധേയമാണ്. പല പ്രോജക്ടുകളും നിര്‍ത്തിവയ്ക്കാനും ആരോപണവിധേയരായ പലരെയും തങ്ങളുടെ പ്രോജക്ടുകളില്‍ നിന്ന് ഒഴിവാക്കാനും ബോളിവുഡ് തയ്യാറായി. അത്തരക്കാര്‍ക്കൊപ്പം പ്രവര്‍ത്തിക്കില്ലെന്ന് വനിതാ സംവിധായകരടക്കം പലരും നിലപാടെടുത്തു. എന്നാല്‍, ഇരയ്‌ക്കൊപ്പം നില്‍ക്കാതെ ആരോപണവിധേയനായ വ്യക്തിക്കൊപ്പം നില്‍ക്കുന്ന താരസംഘടനയുെട നിലപാടില്‍ രണ്ട് ചേരികളിലായി ഏറ്റുമുട്ടുകയാണ് മലയാള സിനിമാലോകം. 

മീ ടു ഉണ്ടാക്കിയ മാറ്റം

me too

കഴിഞ്ഞ കാലങ്ങളിലൊക്കെ ലൈംഗികാതിക്രമങ്ങള്‍ക്ക് ഇരയാകേണ്ടി വന്നു എന്നതിന് പുറമേ അത് തുറന്നു പറഞ്ഞതിന്റെ പേരില്‍ ക്രൂശിക്കപ്പെടുന്നതും സ്ത്രീ തന്നെയായിരുന്നു. കുറ്റാരോപിതര്‍/ പ്രതികള്‍ നിയമസംവിധാനത്തിന്റെ നൂലാമാലകളിലൂടെ ശിക്ഷാവിധികളില്‍ നിന്ന് രക്ഷപെട്ടുപോരികയും ഇരയാകേണ്ടി വന്നവള്‍ കാലാകാലം അപമാനം പേറി ജീവിക്കേണ്ടി വരികയും ചെയ്തു. ലൈംഗികപീഡനത്തിന് ഇരയായവള്‍ എന്നാല്‍ എന്തോ കുറവ് സംഭവിച്ചവളാണ് എന്ന സമൂഹത്തിന്റെ പൊതുബോധമായിരുന്നു ഇതിന് പിന്നില്‍.

ഈ പൊതുബോധനിര്‍മ്മിതിയെ പൊളിച്ചെഴുതുകയാണ് ഒരര്‍ഥത്തില്‍ 'മീ ടൂ' ചെയ്തത്. ഇരയാക്കപ്പെട്ടവള്‍ക്ക് അത് തുറന്നു പറയാനുള്ള അവസരം എന്നതിനുമപ്പുറം അവള്‍ ഒറ്റയ്ക്കല്ലെന്ന് ധൈര്യം പകരാനും 'മീ ടൂ' മൂവ്‌മെന്റിനായി. ലൈംഗികാതിക്രമത്തിലൂടെ മനസ്സിനേല്‍ക്കുന്ന മുറിവ് അതേ തീവ്രതയില്‍ അനുഭവിച്ചവരായ ഒരായിരം പേര്‍ തനിക്കൊപ്പമുണ്ടെന്ന തിരിച്ചറിവ് ഓരോ ഇരയെയും കൂടുതല്‍ ശക്തിപ്പെടുത്തി. അതു തുറന്നുപറയാനുള്ള ധൈര്യം അവള്‍ ആര്‍ജിച്ചെടുത്തു.

സാമൂഹികമാധ്യമങ്ങളിലൂടെ പങ്കുവയ്ക്കപ്പെടുന്ന 'മീ ടൂ' സ്റ്റാറ്റസിലൂടെ ലൈംഗികാതിക്രമി അണിഞ്ഞിരിക്കുന്ന പൊയ്മുഖം ലോകത്തോട് തുറന്നുകാട്ടാന്‍ കഴിയുന്നു എന്നതാണ് മറ്റൊരു പ്രത്യേകത. ഇത്രയും കാലം ഇര അനുഭവിക്കേണ്ടി വന്ന വേദനയും നിസ്സഹായതയും സമൂഹത്തില്‍ നിന്ന് നേരിടേണ്ടി വന്ന ആക്ഷേപങ്ങളും അതേ തീവ്രതയിലല്ലെങ്കിലും നേരിടാന്‍ ലൈംഗികാതിക്രമികളും നിര്‍ബന്ധിതരായി.

ലിംഗരാഷ്ട്രീയത്തിന്റെ വിശാലധാരയിലേക്ക് 

me too

ലിംഗരാഷ്ട്രീയത്തിലേക്കുള്ള (ജന്‍ഡര്‍ പൊളിറ്റിക്‌സ്) സ്ത്രീമുന്നേറ്റത്തിന്റെ ആദ്യപടിയായി കൂടി 'മീ ടൂ' മൂവ്‌മെന്റിനെ ചരിത്രം അടയാളപ്പെടുത്തുന്നു. ലൈംഗികാതിക്രമങ്ങള്‍ക്ക് ഇരയാകേണ്ടി വരുന്നത് സ്ത്രീയുടെ കുറ്റം കൊണ്ടല്ല എന്നും അതു മറച്ചുവയ്‌ക്കേണ്ടതല്ല എന്നും ഉറച്ചുപറഞ്ഞ മീ ടൂ ഇരയായതു കൊണ്ട് മാത്രം ഒരു പെണ്ണും കളങ്കിതയാവുന്നില്ല എന്നും ലോകത്തെ ബോധ്യപ്പെടുത്തി.

'ഫെമിനിസത്തിന്റെ മുഴുവന്‍ ലക്ഷ്യവും എതിര്‍ലിംഗത്തിന്റെ തനിയാവര്‍ത്തനമാകുക എന്നതാണ്. അതായത്, ആണും പെണ്ണും തുല്യരായതുകൊണ്ട് എനിക്ക് എന്നെത്തന്നെ ഒരു ഫെമിനിസ്റ്റ് എന്ന് വിളിക്കേണ്ടി വരാത്ത ഒരു ലോകമാണ് എന്റെ സ്വപ്നം. ജനകീയ പ്രസ്ഥാനങ്ങളിലൂടെ മാത്രമേ അവിടെ എത്താനാകൂ'എന്ന് പറഞ്ഞത് നൈജീരിയന്‍ എഴുത്തുകാരിയും ഫെമിനിസ്റ്റുമായ ഷിമാമന്‍ഡ എന്‍ഗോഡി അഡീച്ചേയാണ്. ആ ലോകത്തിലേക്ക് കടന്നുചെല്ലാനുള്ള സ്ത്രീമുന്നേറ്റയാത്രകളുടെ ഭാഗമെന്ന നിലയില്‍ കൂടിയാണ് 'മീ ടൂ' പ്രസ്ഥാനങ്ങള്‍ പ്രസക്തമാകുന്നത്. 

Read InDepth: മീ റ്റൂ'വും ജന്‍ഡര്‍ പൊളിറ്റിക്‌സിലേയ്ക്കുള്ള ഫെമിനിസത്തിന്റെ പരിണാമവും

അവലംബം:

  • വിക്കിപ്പീഡിയ
  • ടൈം മാഗസിന്‍ ഡിസംബര്‍ 2017
  • ചിക്കാഗോ ട്രിബ്യൂണ്‍(http://www.chicagotribune.com/lifestyles/ct-me-too-timeline-20171208-htmlstory)
  • മാതൃഭൂമി ജി.കെ & കറന്റ് അഫയേഴ്‌സ് ജൂലൈ 2018

Content Highlights: #MeToo, Me Too movement,  Alyssa Milano,Harvey Weinstein,Tarana Burke, M.J.Akbar, sexual harassement