ര്‍ക്കാറിന്റെ പണം ഒരു വ്യവസ്ഥയുമില്ലാതെ പാഴാക്കിക്കളഞ്ഞതിന്റെ സ്മാരകമാണ് കോഴിക്കോട്ടെ കെ.എസ്.ആര്‍.ടി.സി. ടെര്‍മിനല്‍. 53.30കോടിയുടെ ഭരണാനുമതി ലഭിച്ച പദ്ധതിക്ക് 74.63കോടിരൂപ ചെലവഴിക്കേണ്ടിവന്നിട്ടും ഇനിയൊരു 30കോടികൂടെ മുടക്കിയാലെ തുടര്‍ന്നും ഉപയോഗിക്കാന്‍ കഴിയൂ എന്നത് ഉന്നത ഉദ്യോഗസ്ഥരുടെ അനാസ്ഥയുടെ  ആഴം വ്യക്തമാക്കുന്നതാണ്.

ഒന്‍പത് തൂണുകളുടെ ബലക്ഷയത്തിന്  രൂപകല്‍പ്പനയിലെ അപാകതകൂടെ  കാരണമായിട്ടുണ്ടെന്ന്  മദ്രാസ് ഐ.ഐ.ടിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നുണ്ടെങ്കിലും പ്രതിസ്ഥാനത്ത് മുന്നില്‍ നില്‍ക്കുന്നത് സര്‍ക്കാര്‍ സ്ഥാപനമായ കെ.ടി.ഡി.എഫ്.സി. തന്നെയാണ്. രൂപകല്‍പ്പനയില്‍ കുഴപ്പങ്ങളുണ്ടായിരുന്നെങ്കില്‍ എന്തുകൊണ്ട് കെ.ടി.ഡി.എഫ്.സി. അത് പരിശോധിച്ചില്ല എന്ന ചോദ്യത്തിന് ഉത്തരമില്ല. മെക്കാനിക്കല്‍ എന്‍ജിനീയറിങ് യോഗ്യതയുള്ള ഒരു ഉദ്യോഗസ്ഥനെയാണ് ഇത്രയും വലിയൊരു പദ്ധതിയുടെ  നിര്‍മാണത്തിന്റെ മേല്‍നോട്ടം വഹിക്കാന്‍ ചുമതലപ്പെടുത്തിയതെന്നത് ഒരു പക്ഷേ, ലോകത്ത് തന്നെ അപൂര്‍വമായിരിക്കാം. ആ റെക്കോര്‍ഡ് കെ.ടി.ഡി.എഫ്.സിക്ക് മാത്രം സ്വന്തവുമായിരിക്കും. 

  • 53.30കോടിയുടെ ഭരണാനുമതി ലഭിച്ച പദ്ധതിക്ക് ചെലവഴിച്ചത് 74.63കോടി.
  • തൂണുകളുടെ ബലക്ഷയത്തിന് കാരണം രൂപകല്പനയിലെ അപാകത. 
  • നിര്‍മാണത്തിന്റെ മേല്‍നോട്ടം നല്‍കിയത് മെക്കാനിക്കല്‍ എന്‍ജിനീയറിന്‌

നഗരത്തിന്റെ കണ്ണായ സ്ഥലത്തെ കെ.എസ്.ആര്‍.ടി.സിയുടെ  മൂന്നേക്കര്‍ ഭൂമിയിലാണ് കെ.ടി.ഡി.എഫ്.സി. ഈ 'പാലാരിവട്ടം' പണിതത്. എന്നിട്ടും ബസ്സ് സര്‍വീസിന് ആവശ്യമായ സൗകര്യങ്ങള്‍ നേടിയെടുക്കാന്‍ പോലും  കെ.എസ്.ആര്‍.ടി.സിക്ക് കഴിഞ്ഞിട്ടില്ല. ഇത് ബസ് സര്‍വീസിനു വേണ്ടിയുള്ള ടെര്‍മിനലല്ലെന്ന് കോഴിക്കോട്ടെ ഉദ്യോഗസ്ഥര്‍ പലവട്ടം പരാതി പെട്ടിരുന്നു. ഉന്നത അധികാരികളെ നിരന്തരം കത്തെഴുതി അറിയിച്ചു. ഗതാഗതമന്ത്രിയായിരുന്ന ശിവകുമാര്‍ നേരിട്ടെത്തി കുഴപ്പങ്ങളൊക്കെ നേരിട്ടുകണ്ടു.  എന്നിട്ടും ഒന്നും സംഭവിച്ചില്ല. കുഴപ്പങ്ങളോടെത്തന്നെയാണ് 14 നിലകളുള്ള ഇരട്ട ടെര്‍മിനല്‍ ഉയര്‍ന്നത്.  അന്ന് കെ.എസ്.ആര്‍.ടി.സിയുടെ ചെയര്‍മാന്‍ പദവിയിലിരുന്ന സെന്‍കുമാര്‍ ഉള്‍പ്പെടെയുള്ളവരോ ഗതാഗത മന്ത്രിമാരോ പ്രശ്നങ്ങളെയൊന്നും  ഗൗരവപൂര്‍വം കണ്ടതേയില്ല എന്നത് യാഥാര്‍ഥ്യം തന്നെയാണ്.

ബസ് ടെര്‍മിനല്‍ കൊണ്ട് ആര്‍ക്കാണ്  ഗുണം?

Old Kozhikode KSRTC Bus Stand
പഴയ കെ.എസ്.ആര്‍.ടി.സി. ബസ്സ്റ്റാന്‍ഡ്‌ | Photo: Mathrubhumi

പൊട്ടിപ്പൊളിഞ്ഞ ബസ് സ്റ്റാന്‍ഡിനു പകരം വിമാനത്താവളങ്ങത്തിന്റെ മാതൃകയിലുള്ള അന്താരാഷ്ട്ര നിലവാരമുള്ള സൗകര്യങ്ങള്‍. ബസ് കയറാനെത്തുന്നവര്‍ക്ക് ഷോപ്പിങ് നടത്താം പഞ്ചനക്ഷത്രഹോട്ടലിരുന്ന് ഭക്ഷണം കഴിക്കാം മള്‍ട്ടിപ്ലക്സില്‍ സിനിമ കാണാം.2009 മാര്‍ച്ച് 31-ന് വി.എസ്.അച്യുതാനന്ദന്‍ ടെര്‍മിനലിന് തറക്കല്ലിടുമ്പോള്‍ നല്‍കിയ വാഗ്ദാനങ്ങള്‍ വിസ്മയിപ്പിക്കുന്നവയായിരുന്നു. പക്ഷേ ബസ് ടെര്‍മിനലിന്റെ ഉള്ളില്‍ കയറിയാല്‍ ശ്വാസംമുട്ടുമെന്നതാണ് ഇപ്പോഴത്തെ അവസ്ഥ.

KSRTC Bust stand
ബസ് കാത്തിരിക്കുന്ന യാത്രക്കാര്‍(ഫയല്‍ ചിത്രം) | Photo: Mathrubhumi
 

യാത്രക്കാര്‍ കാത്തിരിക്കുന്ന ഭാഗത്ത് വീടുകളുടെ  സീലിങിന്റെ അത്രപോലും ഉയരമില്ലാത്തതിനാല്‍ നിര്‍ത്തിയിട്ട ബസ്സുകളുടെ ബോര്‍ഡുപോലും നേരാവണ്ണം കാണാന്‍ കഴിയില്ല. ബസ്ബേയുടെ  തൂണുകള്‍ നിര്‍മ്മിക്കുമ്പോള്‍  ബസ്സുകയറാനുള്ളതാണെന്ന ചിന്ത അത് രൂപകല്‍പന ചെയ്തവര്‍ക്കും നിര്‍മാണത്തിന് നേതൃത്വം നല്‍കിയവര്‍ക്കും ഇല്ലാതെ പോയതുകൊണ്ട്  ഇപ്പോള്‍   ഓരോതവണ ബസ്സുകള്‍ കയറുമ്പോഴും തൂണില്‍ വന്ന് തട്ടുകയാണ്. എല്ലാ തൂണുകളുടെയും  പ്ലാസ്റ്ററിങ് ഇളകിപ്പോയിട്ടുണ്ട്. ഇനി കമ്പിമാത്രമേ പുറത്തുവരാനുള്ളു. തൂണുകള്‍ കാരണം  ബസ്സില്‍ വന്നിറങ്ങാനും കയറാനും ബസ്സു തിരിക്കാനുമൊക്കെ സാഹസികത വേറെയും  കാണിക്കേണ്ടിവരുന്നു.

KSRTC Bus Terminal
ബസ് പാര്‍ക്ക് ചെയ്യുന്ന സ്ഥലം| Photo: Mathrubhumi

104 ബസ്സുകളായിരുന്നു ടെര്‍മിനല്‍ വരുന്നതിനു മുന്‍പ് ഇതേസ്ഥലത്ത് ദിവസവും പാര്‍ക്ക് ചെയ്തിരുന്നത്. ഇപ്പോള്‍ നാല്‍പത് ബസ്സുകള്‍ക്കേ സൗകര്യമുള്ളു. ഇനി തൂണ്‍ വീതികൂട്ടി ബലപ്പെടുത്തുമ്പോള്‍ അത് ഇരുപതായിച്ചുരുങ്ങും. പിന്നെ കെ.എസ്.ആര്‍.ടി.സിയുടെ മൂന്നേക്കര്‍ സ്ഥലമുപയോഗിച്ച് 75 കോടിയോളം  രൂപ മുടക്കി 14 നിലകള്‍ വീതമുള്ള ഇരട്ട സമുച്ചയം നിര്‍മ്മിച്ചത് എന്തിനായിരുന്നു. വെറും ഷോപ്പിങ് കോംപ്ലക്സിനുവേണ്ടി മാത്രമായിരുന്നുവോ. ഇനി ബലപ്പെടുത്തിയാലും ഇത്രയും ബസ്സുകള്‍ ദിവസവും കയറിയിറങ്ങുന്നത് അപകടമാവും എന്ന തീരുമാനത്തിലേക്കെത്തുമോ, ബസ് ടെര്‍മിനലില്‍ ബസ്സില്ലാതാവുമോ  എന്നെല്ലാമുള്ള ചോദ്യങ്ങളുയരുന്നുണ്ട്. അത്തരം ആശങ്കള്‍ പൂര്‍ണമായും തള്ളിക്കളാനും പറ്റില്ല. 

KSRTC Bus Stand
കെ.എസ്.ആര്‍.ടി.സി ബസ് ടെര്‍മിനല്‍ പരിസരം| Photo: Mathrubhumi

കെ.എസ്.ആര്‍.ടി.സി.ക്ക് ഭാവിയില്‍ സര്‍ക്കുലര്‍ ബസ്സുകള്‍ ഉള്‍പ്പെടെയുള്ള പുതിയ സാധ്യതകളെല്ലാം കൊട്ടിയടയ്ക്കുന്നതാണ് കോടികളുടെ ഈ ടെര്‍മിനലെന്നത് സംശയമില്ല. ഇരുപതു ബസ്സുകള്‍ മാത്രം ഉള്‍ക്കൊള്ളുന്ന ഒരിടത്ത് നിന്ന് എങ്ങിനെയാണ് കൂടുതല്‍ സര്‍വീസുകള്‍ നടത്തുക.  കെ.എസ്.ആര്‍.ടി.സിക്ക് നടക്കാവില്‍  റീജ്യണല്‍ വര്‍ക് ഷോപ്പ് ഉണ്ടെങ്കിലും അത്  ബസ് സര്‍വീസ് നടത്താന്‍ ഒട്ടും അനുയോജ്യമായ സ്ഥലമല്ല. പിന്നെ  ആശ്രയം എട്ടു കിലോ മീറ്ററപ്പുള്ള പാവങ്ങാട്ടെ ഡിപ്പോയാണ്. അവിടേക്ക്  നൂറിലധികം ബസ്സുകള്‍ 16 കിലോ മീറ്റര്‍ ഒരു ദിവസം വെറുതെ ഓടേണ്ടിവന്നാല്‍ ഒരു വര്‍ഷം ഒന്നരക്കോടി രൂപയുടെയെങ്കിലും അധിക നഷ്ടം കെ.എസ്.ആര്‍.ടി.സിക്കുണ്ടാവും.

ടെര്‍മിനല്‍ നിര്‍മിച്ച ശേഷം നിര്‍ത്തിയിടാന്‍  സൗകര്യമില്ലാത്തതിനാല്‍  2015മുതല്‍ 40 ബസ്സുകള്‍  പാര്‍ക്കിങിനായി  പാവങ്ങാട് വരെ വെറുതെ പോയി വരുന്നത്കൊണ്ട് ഇന്ധനച്ചെലവില്‍ മാത്രം മൂന്നു കോടിയിലധികമാണ് ഉണ്ടായ നഷ്ടം. ഇന്ധനവില കൂടുന്ന സാഹചര്യത്തില്‍ അതു വലിയ തോതില്‍ കൂടുമെന്ന് മാത്രമല്ല, സാമ്പത്തിക പ്രതിസന്ധിയിലായ കെ.എസ്.ആര്‍.ടി.സിയുടെ നഷ്ടക്കണക്കില്‍ 'ഒരു പൊന്‍തൂവലായി'മാറും.

പാലാരിവട്ടം പാലം പോലെ പൊളിച്ചു മാറ്റാനാവുമോ

ടെര്‍മിനല്‍ ഉദ്ഘാടനം ചെയ്ത് ബസ്സുകളോടിത്തുടങ്ങി രണ്ടു വര്‍ഷം കൊണ്ട്തന്നെ സ്ലാബുകളില്‍ വിള്ളലും ചോര്‍ച്ചയും കണ്ടെത്തിയിരുന്നു. അന്ന് തന്നെ നിര്‍മാണത്തില്‍ ക്രമക്കേടുണ്ടായിട്ടുണ്ടാവാമെന്ന് സംശയങ്ങള്‍ ഉയര്‍ന്നതാണ്. പിന്നാലെ  കെ.ടി.ഡി.എഫ്.സി. തന്നെ വിജിലന്‍സിന് പരാതിനല്‍കുകയും ഐ.ഐ.ടി പഠനത്തിന് ശുപാര്‍ശ ചെയ്യുകയും ചെയ്തു.   ബസ് കയറുന്ന ഭാഗത്തെ രണ്ടു സ്ലാബുകളുടെ വിള്ളല്‍ പരിശോധിക്കാനാണ് ഐ.ഐ.ടി.സംഘമെത്തിയത്. പക്ഷേ, സ്ലാബുകള്‍ക്ക് മാത്രമല്ല ആവശ്യത്തിന് കമ്പി ഉപയോഗിക്കാത്തതിനാല്‍  തൂണുകള്‍ക്കും ബലക്ഷയമുണ്ടെന്ന് കണ്ടെത്തുകയായിരുന്നു. ഈ റിപ്പോര്‍ട്ടോടെയാണ് വലിയ രീതിയിലുള്ള ക്രമക്കേടും അനാസ്ഥയുമുണ്ടായിട്ടുണ്ടെന്ന് വ്യക്തമായത്. 

കോഴിക്കോട് കെ.എസ്.ആർ.ടി.സി. ബസ്‌സ്റ്റാൻഡിൽ നിരന്തരമായി ബസുകൾതട്ടി തകരുന്ന തൂണുകൾ
കോഴിക്കോട് കെ.എസ്.ആർ.ടി.സി. ബസ്‌സ്റ്റാൻഡിൽ
നിരന്തരമായി ബസുകൾതട്ടി തകരുന്ന തൂണുകൾ

18 കമ്പികള്‍ വേണ്ടിടത്ത് 12 കമ്പികളാണ് ബലക്ഷയം വന്ന തൂണുകളില്‍  ഉപയോഗിച്ചത്. ഒന്‍പത് തൂണുകളിലാണ് ഗുരുതരമായ ബലക്ഷയമുളളത്. ബലപ്പെടുത്താതെ ബസ് സര്‍വീസ് പോലും നടത്താന്‍ പാടില്ലെന്നാണ് ഐ.ഐ.ടി സംഘത്തിന്റെ നിര്‍ദേശം.അതുകൊണ്ട് ആറു മാസം ടെര്‍മിനല്‍ അടച്ചിടാനാണ് തീരുമാനം.അതുവരെ താല്‍ക്കാലികമായി മൊഫ്യൂസില്‍ ബസ് സ്റ്റാന്‍ഡിലേക്ക് ബസ് സര്‍വീസ് മാറ്റാന്‍ ആലോചിക്കുന്നുണ്ടെങ്കിലും അത് എത്രമാത്രം ഫലപ്രദമാവുമെന്ന് കണ്ടറിയണം.

 ഇനി തൂണുകള്‍ ബലപ്പെടുത്തുമ്പോള്‍ താങ്ങാനുള്ള ശേഷി അടിത്തറയ്ക്കു കൂടെയുണ്ടോ എന്ന് വിലയിരുത്തുകയാണ് ഐ.ഐ.ടി. സംഘമിപ്പോള്‍. അന്തിമ റിപ്പോര്‍ട്ട് എന്തായിരിക്കുമെന്നതാണ് എല്ലാവരുടെയും ആശങ്ക. തൂണുകള്‍ ബലപ്പെടുത്തിയാല്‍ ചിലപ്പോള്‍ ബലക്ഷയം പരിഹരിക്കപ്പെട്ടേക്കാമെങ്കിലും രൂപകല്‍പ്പനയിലുള്‍പ്പെടെയുള്ള വീഴ്ചകള്‍ കൊണ്ട് കെട്ടിടത്തിനുണ്ടായ അപാകതകള്‍ ഒരിക്കലും പരിഹരിക്കാന്‍ കഴിയാത്തതാണ്. ബസുകള്‍ക്ക് സുഖകരമായി വരാനും പോവാനും  കെട്ടിടം പൊളിച്ചു പണിയുക മാത്രമേ വഴിയുള്ളു എന്നാണ് കോഴിക്കോട് എന്‍.ഐ.ടിയിലെ ആര്‍ക്കിടെക്ചര്‍ ആന്‍ഡ് പ്ലാനിങ് വിഭാഗം പ്രൊഫസര്‍ ഡോ. പി.പി. അനില്‍കുമാര്‍ പറയുന്നത്.

പക്ഷേ, അത് സാധ്യമായ കാര്യമല്ലാത്തതുകൊണ്ട് പിഴവുകള്‍ തിരുത്തപ്പെടാതെ തന്നെ കിടക്കുമെന്നും അദ്ദേഹം പറയുന്നു.  ആര്‍കിടെക്റ്റ് തയാറാക്കിയ രൂപകല്‍പ്പന സമ്പൂര്‍ണമാണെന്ന് സാക്ഷ്യപ്പെടുത്തിയത് വളരെ പ്രഗത്ഭനായ  മുന്‍ ഐ.ഐ.ടി. പ്രൊഫസറുടെ കീഴിലുള്ള സ്വകാര്യഏജന്‍സിയാണെന്നാണ് പറയുന്നത്. പക്ഷേ,  അദ്ദേഹത്തിനു വേണ്ടി മറ്റൊരാളാണ് സാക്ഷ്യപത്രത്തില്‍ ഒപ്പുവെച്ചത്. അതുകൊണ്ട്  റിപ്പോര്‍ട്ടിന്റെ ആധികാരകതയെക്കുറിച്ചും വിജിലന്‍സ് അന്വേഷണം തുടങ്ങിയിട്ടുണ്ട്. ഐ.ഐ.ടി. റിപ്പോര്‍ട്ടിനെക്കുറിച്ച് കൂടുതലൊന്നും വ്യക്തമാക്കാന്‍ കെ.ടി.ഡി.എഫ്.സി. തയാറാവാത്തതിനാല്‍ ടെര്‍മിനല്‍ പാഴ്മന്ദിരമായിപ്പോവുമോ എന്നുള്‍പ്പെടെയുള്ള സംശയങ്ങള്‍ അവശേഷിക്കുന്നുണ്ട്.

30 വര്‍ഷം- ലക്ഷ്യം 257 കോടി, ബാധ്യത 180 കോടി

Bus Terminal
ബസ് ടെര്‍മിനലിന്റെ അകവശം | Photo: Mathrubhumi

കെ.എസ്.ആര്‍.ടി.സി. ടെര്‍മിനലിലെ വാണിജ്യസമുച്ചയം 30 വര്‍ഷത്തേക്ക് വാടകയ്ക്കു നല്‍കുമ്പോള്‍ 257 കോടി രൂപ വരുമാനമുണ്ടാക്കാമെന്നാണ് പറയുന്നത്. 75 കോടിരൂപ  നിക്ഷേപം സ്വീകരിച്ചാണ് ടെര്‍മിനലിന്റെ നിര്‍മാണത്തിന് തുടക്കമിട്ടത്. അത് പലിശയടക്കം ഇപ്പോള്‍ 150 കോടിയിലെത്തിയിട്ടുണ്ട്. 2015-ല്‍ ടെര്‍മിനല്‍ പൂര്‍ത്തിയായ ശേഷം ഒരു രൂപ പോലും തിരിച്ചടയ്ക്കാന്‍ കഴിഞ്ഞിട്ടില്ല. ഇനി 30 കോടി രൂപ ബലക്ഷയം പരിഹരിക്കാന്‍ വേണ്ടിവന്നാല്‍ സാമ്പത്തിക ബാധ്യത 180 കോടിയിലെത്തും.17 കോടി രൂപ അലിഫ് ബില്‍ഡേഴ്സില്‍ നിന്ന് നിക്ഷേപമായി സ്വീകരിച്ചിട്ടുണ്ടെങ്കിലും ആ തുക അറ്റകുറ്റപ്പണിക്കുവേണ്ടി തന്നെ തികയാതെ വരും.

ആദ്യം വാണിജ്യ സമുച്ചയം ടെണ്ടര്‍ വിളിച്ചപ്പോള്‍ 50 കോടി രൂപ തിരിച്ചടയേ്ക്കാണ്ടാത്ത നിക്ഷേപത്തിനും 50 ലക്ഷം പ്രതിമാസ വാടകക്കുമായിരുന്നു ഉറപ്പിച്ചിരുന്നത്. പക്ഷേ, ടെണ്ടര്‍ നിയമക്കുരുക്കില്‍പെട്ടതോടെ അവര്‍ പിന്‍വാങ്ങി. രണ്ടു വര്‍ഷത്തിനു ശേഷം വീണ്ടും വിളിച്ചപ്പോള്‍ മാക് അസോസിയേറ്റ്സ് തന്നെയാണ് അലിഫ് ബില്‍ഡേഴ്സ് എന്നപേരില്‍ 17കോടി രൂപ നിക്ഷേപത്തിനും 43 ലക്ഷം രൂപ പ്രതിമാസ വാടകക്കും കരാറെടുത്തത്. മാക് ടവേഴ്സ് എന്നാണ് വാണിജ്യസമുച്ചയത്തിന്റെ പേരും. ടെണ്ടറുറപ്പിച്ച് മൂന്നു വര്‍ഷമായിട്ടും പണമടയ്ക്കാത്തതിനാല്‍ അലിഫ് ബില്‍ഡേഴ്സിനെ ഒഴിവാക്കാന്‍ ഗതാഗവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി കെ.ആര്‍. ജ്യോതിലാല്‍ ശുപാര്‍ശ ചെയ്തതാണ്.ത ങ്ങള്‍ പിന്‍വാങ്ങുകയാണെന്ന് അലിഫ് ബില്‍ഡേഴ്സും ഒരു തവണ കെ.ടി.ഡി.എഫ്.സിക്ക് കത്തു നല്‍കിയിരുന്നു.

ടെര്‍മിനല്‍ വിവിധ നിലകളായി വാടകയ്ക്ക് നല്‍കാനുള്ള ആലോചന നടക്കുന്നതിനിടെ അലിഫ് ബില്‍ഡേഴ്സ് വീണ്ടും താല്‍പര്യം പ്രകടിപ്പിച്ചതോടെ അവര്‍ക്ക് തന്നെ നല്‍കാന്‍ സര്‍ക്കാര്‍ തീരുമാനിക്കുകയായിരുന്നു.   കെ.എസ്.ആര്‍.ടി.സിക്ക് നഷ്ടംവരുത്തി മാക് അസോസിയേറ്റ്സിനെ സഹായിക്കുകയാണ് സര്‍ക്കാര്‍ ചെയ്തതെന്നാണ് ആക്ഷേപമെങ്കിലും കോവിഡ് കാലത്ത് അതിലും കൂടുതല്‍ തുകക്ക് ലഭിക്കില്ലെന്ന് കെ.ടി.ഡി.എഫ്.സി. പറയുന്നു.

വെറുതെ കിടന്നത്‌ ആറു കൊല്ലം

2015-ലാണ് കെ.എസ്.ആര്‍.ടി. ടെര്‍മിലനിന്റെ ഉദ്ഘാടനം നിര്‍വഹിക്കുന്നത്.പക്ഷേ ടെര്‍മിനലിലെ പ്രധാന ഭാഗമായ വാണിജ്യസമുച്ചയം ലേലത്തില്‍ പോവുന്നത് ആറു വര്‍ഷം കഴിഞ്ഞ് 2021 ഓഗസ്റ്റിലാണ്. അതുവരെ ഒരു രൂപ പോലും വരുമാനം കെ.ടി.ഡി.എഫ്.സിക്ക് ലഭിച്ചില്ല. ഇപ്പോള്‍ അലിഫ് ബില്‍ഡേഴ്സ് ഏറ്റെടുത്തെങ്കിലും ടെര്‍മിനല്‍ ബലപ്പെടുത്തുന്നത് വരെ വാടക നല്‍കേണ്ടെന്നാണ് തീരുമാനം. ബലപ്പെടുത്താന്‍ ചുരുങ്ങിയത് ആറു മാസമെങ്കിലുമെടുക്കും. കെട്ടിടം പണിപൂര്‍ത്തിയായിട്ടും അഗ്നിരക്ഷാ സംവിധാനമൊരുക്കാത്തതിനാല്‍ മൂന്നു വര്‍ഷം  കെട്ടിടത്തിന് നമ്പര്‍ പോലും ലഭിച്ചിരുന്നില്ല.

KSRTC
ബസ് ടെര്‍മിനലിന്റെ നിര്‍മാണം
നടന്നുകൊണ്ടിരിക്കുമ്പോഴത്തെ ചിത്രം | Photo: Mathrubhumi

2018വരെ അനധികൃത ബില്‍ഡിങായിരുന്നു കെ.എസ്.ആര്‍.ടി. ടെര്‍മിനല്‍. കെ.ടി.ഡി.എഫ്.സിയുടെ അനാസ്ഥതന്നെയാണ് ഈ അവസ്ഥയ്ക്കും കാരണം. 10 നിലയുള്ള കെട്ടിടമാണെങ്കിലും ഫയര്‍ എക്സിറ്റ് ഉണ്ടായിരുന്നില്ലെന്നാണ് മറ്റൊരു അത്ഭുതപ്പെടുത്തുന്ന കാര്യം. കെട്ടിടം പണിപൂര്‍ത്തിയാക്കിയ ഉദ്ഘാടനമൊക്കെ കഴിഞ്ഞ ശേഷം  കെട്ടിട നമ്പര്‍ കിട്ടാതെവന്നപ്പോഴാണ് ഫയര്‍ എക്സിറ്റ് സ്ഥാപിച്ചത്. മുകള്‍ നിലയിലേക്ക് എസ്‌കലേറ്റര്‍ സ്ഥാപിക്കാനുളള ഒഴിവുപോലും ഉണ്ടായിരുന്നില്ല. മുകള്‍ നിലയില്‍ മൂന്ന് മള്‍ട്ടിപ്ലക്സുകള്‍ പദ്ധതിയിലുണ്ടായിരുന്നെങ്കിലും അതിനുള്ള സുരക്ഷാസംവിധാനങ്ങള്‍ ഒരുക്കാത്തതിനാല്‍ മള്‍ട്ടിപ്ലക്സ് തിയേറ്ററുകളും തുടങ്ങാന്‍ പറ്റാതായി.

തറക്കല്ലിട്ടത്  വി.എസ്.; ഉദ്ഘാടനം ഉമ്മന്‍ചാണ്ടി

KSRTC Bus Terminal

2009 മാര്‍ച്ച് ഒന്നിനാണ് അന്നത്തെ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്‍ കോഴിക്കോട്ടുകാരുടെ ഈ സ്വപ്നസൗധത്തിന് തറക്കല്ലിട്ടത്. മൂന്നു വര്‍ഷം കൊണ്ട് പൂര്‍ത്തിയാക്കേണ്ട നിര്‍മാണം ആറു വര്‍ഷം വരെ നീണ്ടു. 2015 ജൂണ്‍ ഒന്നിന് മുഴുവന്‍ ജോലികളും കഴിയാത്ത ടെര്‍മിനല്‍ മുഖ്യമന്ത്രിയായിരുന്ന ഉമ്മന്‍ചാണ്ടി ഉദ്ഘാടനം ചെയ്തു. കെ.എസ്.ആര്‍.ടി.സി. ജീവനക്കാര്‍ക്ക് വിശ്രമിക്കാനുള്ള സൗകര്യങ്ങള്‍ വരെ ഉണ്ടായിരുന്നില്ല.

സ്വന്തം സ്ഥലമായിട്ടുപോലും അതിനുവേണ്ടിയും മുറവിളി കൂട്ടേണ്ടിവന്നു. ഇവിടെയെത്തുന്ന യാത്രക്കാര്‍ക്ക് ദാഹിച്ചാല്‍ വെള്ളംപോലും കുടിക്കാന്‍ സൗകര്യമുണ്ടായിരുന്നില്ല. ആറുമാസം മുന്‍പാണ് രണ്ടു കിയോസ്‌കുകള്‍ വന്നത്. അതുവരെ വെള്ളം കുടിക്കാന്‍ വരെ റോഡ് മുറിച്ച് കടന്ന് പോവേണ്ട അവസ്ഥയായിരുന്നു. ഇതൊക്കെയാണെങ്കിലും ടെര്‍മിനല്‍ നിര്‍മ്മിച്ച പോലെ ഉദ്ഘാടനത്തിനും കെ.ടി.ഡി.എഫ്.സി. ധൂര്‍ത്തിന് കുറവ് കാണിച്ചില്ല. 38ലക്ഷം രൂപയാണ് ഉദ്ഘാടനച്ചടങ്ങിന് വേണ്ടി മാത്രം ചെലവഴിച്ചത്.

Content Highlights: Kozhikode KSRTC Terminal