സി.പി.എം സംസ്ഥാന സെക്രട്ടറി പദത്തിലേക്ക് കോടിയേരി ബാലകൃഷ്ണന്‍ എന്തായാലും തിരിച്ചുവരുമെന്ന് രാഷ്ട്രീയകേരളത്തിന് നേരത്തെ തന്നെ അറിയാമായിരുന്നു. എന്നാല്‍ അതിന്റെ സമയം മാത്രമായിരുന്നു അവര്‍ അറിയാതെ പോയത്.  സി.പി.എമ്മിന്റെ കീഴ്ഘടകങ്ങളില്‍ സമ്മേളന നടപടികള്‍ പുരോഗമിക്കുകയും ആഴ്ചകള്‍ക്കപ്പുറം സംസ്ഥാന സമ്മേളനം നിശ്ചയിക്കപ്പെടുകയും ചെയ്ത സാഹചര്യത്തില്‍ അതിന് മുമ്പ് തന്നെ അത് സംഭവിക്കും എന്ന കാര്യത്തില്‍ പാര്‍ട്ടി അണികള്‍ക്കും ഉറപ്പുണ്ടായിരുന്നു. മകന്‍ ബിനീഷ് കോടിയേരി ബംഗളൂരു ജയിലില്‍ നിന്ന് ഒരു വര്‍ഷത്തോളം നീണ്ട തടവിന് ശേഷം ജാമ്യം നേടി തിരിച്ചെത്തിയപ്പോള്‍ ആ ഉറപ്പിന് കരുത്തേറി. 

മകന്റെ അറസ്റ്റും വിവാദങ്ങളും കത്തിനിന്ന ഘട്ടത്തിലാണ് 2020 നവംബര്‍ 13 ന് കോടിയേരി സെക്രട്ടറി പദത്തില്‍ നിന്ന് മാറിനില്‍ക്കുന്നതായി പ്രഖ്യാപിച്ചത്. ഇക്കഴിഞ്ഞ മാസം മുപ്പതിനാണ് ബിനീഷ് കോടിയേരി ജയില്‍ മോചിതനായത്. പിന്നീട് നടന്ന ഓരോ സംസ്ഥാന സെക്രട്ടേറിയേറ്റ് യോഗവും കോടിയേരിയുടെ തിരിച്ചുവരവുണ്ടാകുമോ എന്നതിനെ ചൊല്ലിയാണ് മാധ്യമങ്ങള്‍ക്കും രാഷ്ട്രീയ കേന്ദ്രങ്ങള്‍ക്കും താല്‍പ്പര്യം ജനിപ്പിച്ചത്. നവംബര്‍ 13 ന് കോടിയേരിയുടെ വിട്ടുനില്‍ക്കലിന് ഒരു വര്‍ഷം തികഞ്ഞ ഘട്ടത്തില്‍ ഡല്‍ഹിയില്‍ നടന്ന പോളിറ്റ്ബ്യൂറോ യോഗത്തിലും ഇതുസംബന്ധിച്ച് എന്തെങ്കിലും പരാമര്‍ശമുണ്ടാകുമോ എന്നൊരു ആകാംക്ഷ ഉണര്‍ന്നു. കോടിയേരി  പോളിറ്റ്ബ്യൂറോ അംഗം കൂടിയായതിനാല്‍ തിരിച്ചുവരവ് പി.ബി. യോഗത്തില്‍ പരാമര്‍ശിക്കപ്പെടുമെന്ന് പലരും കണക്കുകൂട്ടി.

എന്നാല്‍ ഇത്തരം പ്രചാരണങ്ങളെയും പ്രവചനങ്ങളെയുമെല്ലാം ഓരോ ഘട്ടത്തിലും കോടിയേരി ബാലകൃഷ്ണന്‍ നിഷേധിക്കുകയോ തള്ളുകയോ ചെയ്തു. എല്ലാം പാര്‍ട്ടി തീരുമാനിക്കുമെന്ന പതിവ് മറുപടിയാകട്ടെ അദ്ദേഹത്തെ പാര്‍ട്ടിക്കാര്‍ക്കിടയില്‍ കൂടുതല്‍ അഭിമതനാക്കി. സി.പി.എമ്മിന് പുറത്തുളള എതിര്‍ പാര്‍ട്ടിക്കാരും ഏറെ താല്‍പര്യത്തോടെയാണ്  കോടിയേരിയുടെ വരവിനായി നോക്കിനിന്നത്. ഒടുവില്‍ ഇതാ വീണ്ടും സെക്രട്ടറി പദത്തിലേക്ക് കോടിയേരി തിരിച്ചെത്തിയിരിക്കുന്നു. മാര്‍ച്ച് ഒന്നിന് എറണാകുളത്ത് നടക്കുന്ന സംസ്ഥാന സമ്മേളനത്തില്‍ വീണ്ടും കോടിയേരി തന്നെ ആ സ്ഥാനത്തേക്ക് എത്തുന്നതിനുള്ള വഴിയൊരുക്കല്‍ കൂടിയാണ് വെള്ളിയാഴ്ചത്തെ സംസ്ഥാന സെക്രട്ടേറിയേറ്റ് യോഗം നിര്‍വഹിച്ചത്. ഏപ്രിലില്‍ സ്വന്തം നാടായ കണ്ണൂരില്‍ സി.പി.എം പാര്‍ട്ടി കോണ്‍ഗ്രസ് കൂടി നടക്കുമ്പോള്‍ ആതിഥേയനായി കോടിയേരിയുടെ സാന്നിധ്യം കൂടുതല്‍ ഫലപ്രദമാകുമെന്നും പാര്‍ട്ടിക്ക് അറിയാം.

സെക്രട്ടറി സ്ഥാനത്ത് നിന്ന് മാറി നില്‍ക്കാന്‍ തിരൂമാനമെടുക്കുന്ന സമയം ആരോഗ്യപ്രശ്‌നങ്ങളും കോടിയേരിയെ അലട്ടിയിരുന്നു. ഇതിനൊപ്പം മകന്റെ പേരിലുള്ള വിവാദങ്ങളും കൂടിയായതോടെയാണ് പാര്‍ട്ടിയിലെയും പാര്‍ട്ടിക്ക് പുറത്തെയും സംസാരങ്ങള്‍ അവസാനിപ്പിക്കാന്‍ സ്വയം മാറിനില്‍ക്കുന്നതാവും ഉചിതമെന്ന തീരുമാനത്തിലേക്ക് കോടിയേരി ബാലകൃഷ്ണന്‍ എത്തിയത്. എന്നാല്‍ ഇക്കാര്യത്തില്‍ പാര്‍ട്ടി നേതൃത്വം യാതൊരു സമ്മര്‍ദവും ചെലുത്തിയില്ല എന്നതാണ് ഏറ്റവും സവിശേഷമായ കാര്യം. വിഷയത്തില്‍ എന്ത് തീരുമാനമെടുക്കാനും പാര്‍ട്ടി നേതൃത്വം, വിശേഷിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍ കോടിയേരിക്ക് തന്നെ വിടുകയായിരുന്നു. കോടിയേരി തന്നെ തീരുമാനമെടുക്കട്ടെ എന്ന പാര്‍ട്ടി നിലപാടാകട്ടെ അദ്ദേഹത്തിലുള്ള വിശ്വാസം ഊട്ടിയുറപ്പിക്കുന്നത് കൂടിയായി.

എന്നാല്‍ പാര്‍ട്ടി സെക്രട്ടറി പദത്തില്‍ നിന്ന് മാറിയും ചുമതല ഇടതുമുന്നണി കണ്‍വീനര്‍ എ.വിജയരാഘവന് നല്‍കിയും പാര്‍ട്ടിയും കോടിയേരിയും എടുത്ത തീരുമാനങ്ങളെല്ലാം കേവലം സാങ്കേതികം മാത്രമായിരുന്നു. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പ് കാലത്തും ഇപ്പോഴും മുന്നണിയിലെ ഘടകകക്ഷികളുമായുള്ള എല്ലാ ചര്‍ച്ചകളും നയിക്കുന്നത് കോടിയേരി ബാലകൃഷ്ണന്‍ തന്നെയാണ്. മിക്കവാറും എല്ലാ ദിവസവും തിരുവനന്തപുരത്ത് എ.കെ.ജി സെന്ററില്‍ ഉച്ചവരെ കോടിയേരി പാര്‍ട്ടി കാര്യങ്ങള്‍ നോക്കി നടന്നു. കോവിഡും സ്വന്തം ആരോഗ്യവും പരിഗണിച്ച് പാര്‍ട്ടിക്കാര്യങ്ങള്‍ക്കായി സംസ്ഥാനമാകെ ഓടി നടക്കുന്ന ശീലം മാത്രം അദ്ദേഹം ഉപേക്ഷിച്ചു. അത് വിജയരാഘവന്‍ നിര്‍വഹിച്ചു. പാര്‍ട്ടി നേതൃത്വത്തിലെ വിഷയങ്ങളെല്ലാം  ഘടകകക്ഷികളുമായുള്ള ചര്‍ച്ചകള്‍ക്കൊപ്പം തന്നെ കൈകാര്യം ചെയ്യാന്‍ കോടിയേരി തന്നെയായിരുന്നു മുന്നില്‍. ഈ വിഷയങ്ങളിലെല്ലാം അവസാന വാക്കായി മുഖ്യമന്ത്രിയും കോടിയേരിക്ക് ഒപ്പംനിന്നു.

ഇത്തരത്തില്‍ സാങ്കേതികമായുള്ള മാറിനില്‍ക്കലിന് സാങ്കേതികമായ ഒരു മാറ്റം മാത്രമാണ് കോടിയേരിയുടെ തിരിച്ചുവരവില്‍ ഉള്ളത്. അതാകട്ടെ പാര്‍ട്ടിയുടെ എല്ലാ ഘടകങ്ങളും ഇപ്പോള്‍ ആഗ്രഹിക്കുന്നതാണ് താനും. ഇപ്പോള്‍ ഏരിയാ തലത്തിലേക്ക് കടന്ന പാര്‍ട്ടി സമ്മേളനങ്ങള്‍ അടുത്ത മാസത്തോടെ ജില്ലാ തലത്തിലേക്ക് കടക്കും. അവിടെ പ്രശ്‌നങ്ങളെല്ലാം തീര്‍ക്കാനും ഒറ്റക്കെട്ടായി പാര്‍ട്ടിയെ നിര്‍ത്താനും മുഖ്യമന്ത്രി പിണറായി വിജയന് കോടിയേരി ബാലകൃഷ്ണന്റെ സാന്നിധ്യം അനിവാര്യമാണ്. പാര്‍ട്ടിയിലെ ഏറ്റവും സൗമ്യമായ മുഖം എന്ന നിലയിലാണ് എക്കാലത്തും കോടിയേരി അറിയപ്പെട്ടിരുന്നത്. അതേസമയം കരുത്തനായ നേതാവായും അദ്ദേഹം നിറഞ്ഞുനിന്നു. പാര്‍ട്ടിക്ക് പുറത്തുള്ളവര്‍ക്കും കോടിയേരിയുടെ സാന്നിധ്യം എന്നും പ്രിയപ്പെട്ടതാണ്.

കോടിയേരി സെക്രട്ടറിപദത്തില്‍ നിന്ന് ഇറങ്ങിയപ്പോള്‍ ആ പാര്‍ട്ടിയിലെ ചിരിക്കുന്ന മുഖമാണ് എല്ലാവര്‍ക്കും നഷ്ടമായത്. കോടിയേരിയുടെ പ്രതിസന്ധിയില്‍ രാഷ്ട്രീയ എതിരാളികള്‍ പോലും സന്തോഷിച്ചിരുന്നില്ല എന്നതും ഇതോടൊപ്പം കൂട്ടിവായിക്കണം. എല്ലാവരോടും സൗഹാര്‍ദ്ദത്തോടെ പെരുമാറുന്ന, കഴിയാവുന്ന കാര്യങ്ങളില്‍ സഹായിക്കുന്ന മനസ്സ് കോടിയേരി ബാലകൃഷ്ണന്‍ എന്ന രാഷ്ട്രീയക്കാരന്‍ എന്നും കൊണ്ടുനടന്നിരുന്നു. മുന്നണിയിലെ ഘടകകക്ഷികളുമായുള്ള സൗഹൃദം ഊട്ടിയുറപ്പിക്കുന്നതില്‍ കോടിയേരിയുടെ ജനകീയത വലിയ ഘടകമായിരുന്നു. ഭരണത്തിലിരിക്കുമ്പോള്‍ ഘടകകക്ഷികളുടെ പ്രയാസങ്ങളും പരിഭവങ്ങളുമെല്ലാം തിരിച്ചറിയാനും പരിഹാരം കാണാനും മുഖ്യകക്ഷിയുടെ നേതാവ് എന്ന നിലയില്‍ സി.പി.എം സെക്രട്ടറിക്ക് വലിയ ഉത്തരവാദിത്തമുണ്ട്. 

മുന്നണിയില്‍ ചര്‍ച്ച ചെയ്യാതെ ചില വിഷയങ്ങളില്‍ ഗവണ്‍മെന്റ് തീരുമാനമെടുത്തു എന്ന ആക്ഷേപം ഉയര്‍ന്ന ഘട്ടങ്ങളിലെല്ലാം തീയണക്കാനുള്ള ദൗത്യം കോടിയേരിയാണ് ഏറ്റെടുത്തത്. മധ്യസ്ഥന്റെയും സുഹൃത്തിന്റെയും റോളില്‍ തിളങ്ങിയ കോടിയേരിക്ക് ആകട്ടെ ആ ദൗത്യം എളുപ്പമുള്ളതുമായിരുന്നു. മറുപക്ഷത്ത് കോടിയേരിയാണ് എന്നത് ഘടക കക്ഷി നേതാക്കള്‍ക്കും വലിയ ആശ്വാസമായിരുന്നു എന്നും. അത്തരമൊരാള്‍ നേതൃത്വത്തിലേക്ക് തിരിച്ചെത്തന്നത് സി.പി.എമ്മിനും ഏറെ ആശ്വാസം നല്‍കുന്നുണ്ട്. 

Content Highlights: kodiyeri balakrishnan returns as cpm chief in Kerala