കോവിഡിന് കീഴടങ്ങുന്നവരുടെ എണ്ണം ലോകമെമ്പാടും ഉയര്‍ന്നുനിന്ന സമയത്ത് മരണംസംഖ്യ പിടിച്ചു നിര്‍ത്തുന്നതില്‍ ഏറെ പ്രശംസ നേടിയ സംസ്ഥാനമാണ് കേരളം. കോവിഡ് പ്രതിരോധത്തിന്റെ കേരള മോഡലും അന്ന് ലോകമെമ്പാടും ചര്‍ച്ചയായി. ഇന്ന് കേരളത്തിലെ കോവിഡ് മരണം അരലക്ഷം കടക്കുകയും ഇന്ത്യയിലെ കോവിഡ് മരണങ്ങളുടെ കണക്കില്‍ കേരളം മഹാരാഷ്ട്രയ്ക്ക് തൊട്ടുപിന്നാലെ രണ്ടാം സ്ഥാനത്ത് എത്തുകയും ചെയ്യുമ്പോള്‍ ഇതേ കോവിഡ് മോഡല്‍ വീണ്ടും ചര്‍ച്ചയാവുകയാണ്. കേരളാ മോഡല്‍ പ്രതിരോധത്തിന് പിഴച്ചോ അതോ കോവിഡ് മരണങ്ങളുടെ കണക്ക് പൂഴ്ത്തിവച്ചോ എന്നതാണ് ഇപ്പോള്‍ ചര്‍ച്ചാവിഷയം. 

കോവിഡ് മരണസംഖ്യയില്‍ കേരളം രണ്ടാമത് 

ഇടക്കാലത്ത്‌ ഇന്ത്യയില്‍ തന്നെ ഏറ്റവും കൂടുതല്‍ കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട സംസ്ഥാനമായി കേരളം മാറിയപ്പോഴും സംസ്ഥാന സര്‍ക്കാരും ആരോഗ്യവകുപ്പും ജനങ്ങള്‍ക്ക് മുന്നില്‍ പിടിച്ചുനിന്നത് കുറഞ്ഞ മരണനിരക്ക് എന്ന നേട്ടം ഉയര്‍ത്തിക്കാട്ടിയായിരുന്നു. എന്നാല്‍ ഇന്ന് മരണസംഖ്യ ഏറ്റവും കൂടുതലുള്ള സംസ്ഥാനങ്ങളില്‍ രണ്ടാമതായി കേരളം എത്തുമ്പോള്‍ കേരളം ഉയര്‍ത്തിയ കോവിഡ് മോഡല്‍ പ്രതിരോധത്തിന്റെ വിശ്വസനീയതയാണ് വ്യാപകമായി ചോദ്യം ചെയ്യപ്പെടുന്നത്.

ഏറ്റവും ഒടുവിലെ കണക്കുകള്‍ പരിശോധിച്ചാല്‍ 50053 കോവിഡ് മരണങ്ങളാണ് കേരളത്തില്‍ ഇതുവരെ സ്ഥിരീകരിച്ചത്. 0.41 ശതമാനമായിരുന്നു ഏഴ് മാസം മുമ്പ് കേരളത്തിന്റെ സിഎഫ്ആര്‍ (കോവിഡ് ബാധിച്ചവരുടെയും അതിനെ തുടര്‍ന്ന് മരിച്ചവരുടെയും അനുപാതമായ നിരക്ക്) എങ്കില്‍ ഇപ്പോഴത് 0.95 ശതമാനാണ്. ദേശീയ ശരാശരിയായ 1.36 ശതമാനം വച്ച് നോക്കുമ്പോള്‍ കേരളത്തിലെ മരണനിരക്ക് കുറവാണ് താനും.

52,91,339 പേര്‍ക്കാണ് കേരളത്തില്‍ ഇതുവരെ കോവിഡ് ബാധിച്ചത് അതില്‍ 50,053 പേര്‍ മരണത്തിന് കീഴടങ്ങി. കോവിഡ് മരണങ്ങളുടെ എണ്ണമെടുത്താല്‍ ഇന്ന് കേരളത്തിന് തൊട്ടുമുമ്പിലുള്ളത് മഹാരാഷ്ട്ര മാത്രമാണ്. 1.41 ലക്ഷത്തിലധികം മരണങ്ങളാണ് മഹാരാഷ്ട്രയില്‍ റിപ്പോര്‍ട്ട് ചെയ്തത്. കേരളത്തിലെ പോലെ കൃത്യമായി കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുകയും മരണക്കണക്ക് രേഖപ്പെടുത്തുകയും മറ്റ് ചില സംസ്ഥാനങ്ങളില്‍ പാലിക്കപ്പെടുന്നില്ല എന്ന ആക്ഷേപവും ചിലര്‍ ഉന്നയിക്കുന്നുണ്ട്‌

കോവിഡ് മരണം പിടിച്ചുനിര്‍ത്തുന്നതില്‍ കേരളം വിജയിച്ചോ എന്ന ചോദ്യംമാത്രമല്ല, കോവിഡ് മരണം യഥാസമയം റിപ്പോര്‍ട്ട് ചെയ്യുന്നതില്‍ കേരളത്തിന് പിഴവ് പറ്റിയെന്നും കോവിഡ് മരണങ്ങള്‍ സര്‍ക്കാര്‍ മനഃപൂര്‍വം മറച്ചുവെച്ചൂ എന്നീ വാദങ്ങളെ കൂടി ബലപ്പെടുത്തുന്നതാണ് പെട്ടന്ന് ഉയര്‍ന്നുപൊങ്ങിയ മരണക്കണക്കുകള്‍.

death graph

കോവിഡ് മരണങ്ങള്‍ കുത്തനേകൂടി, എവിടെയാണ് കേരളത്തിന് കണക്ക് പിഴച്ചത് 

ട്രെയിസ്, ക്വാറന്റീൻ, ടെസ്റ്റ്, ഐസൊലേറ്റ്, ട്രീറ്റ് എന്ന കേരളത്തിന്റെ കോവിഡ് പ്രതിരോധ രീതി ശരിയെന്ന് ലോകം മുഴുവന്‍ ചര്‍ച്ച ചെയ്യപ്പെട്ടു. ഈ രീതി കൃത്യമായി നടപ്പാക്കിയപ്പോള്‍ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കും മരണനിരക്കും വളരെയധികം കുറയ്ക്കാന്‍ നമുക്ക് സാധിച്ചുവെന്നായിരുന്നു ആരോഗ്യവകുപ്പിന്റെ അവകാശവാദം. മറ്റ് പലയിടത്തും മരണനിരക്ക് 4 മുതല്‍ 10 ശതമാനമായപ്പോള്‍ നമ്മുടെ സംസ്ഥാനത്തെ മരണനിരക്ക് എപ്പോഴും 0.4 ശതമാനത്തിന് താഴെയായിരുന്നു. ഈ കണക്ക് പൊള്ളയാണെന്നും ജില്ലാ തലങ്ങളില്‍ റിപ്പോര്‍ട്ട് ചെയ്യുന്ന മരണങ്ങള്‍ സംസ്ഥാനതലത്തില്‍ ഒഴിവാക്കപ്പെടുന്നുണ്ടെന്നും തുടക്കം മുതല്‍ പ്രതിപക്ഷം ആരോപണം ഉയര്‍ത്തിയിരുന്നു എന്നാല്‍ ഇത് സര്‍ക്കാര്‍ പാടെ നിരാകരിച്ചു.

പിന്നീട് സുപ്രീംകോടതി നിര്‍ദ്ദേശ പ്രകാരം കോവിഡ് വന്ന് മരണമടഞ്ഞവര്‍ക്ക് ധനസഹായം പ്രഖ്യാപിച്ചതോടെയാണ് കേരളത്തിന്റെ കണക്കിലെ കള്ളക്കളി പുറത്ത് വന്നത്. 2021 സെപ്തംബര്‍ മുപ്പതിലെ കണക്കുപ്രകാരം 25,087 കോവിഡ് മരണമായിരുന്നു കേരളത്തില്‍ ഉണ്ടായിരുന്നത് 2022 ജനുവരി 11ലേക്ക് എത്തുമ്പോള്‍ അത് 50053 ആയി ഉയര്‍ന്നു. കോവിഡ് കേസുകള്‍ താരതമ്യേന കന്റവായിരുന്ന കാലത്താണ് മരണക്കണക്ക് ഇത്രയും കൂടിയത്‌. അതായാത് മൂന്ന് മാസം കൊണ്ട് കാല്‍ ലക്ഷത്തോളം മരണങ്ങള്‍ പുതുതായി കണക്കില്‍ വന്നു. ജില്ലകളിലെ പ്രതിദിന മരണങ്ങള്‍ ഒരക്കത്തിലും രണ്ടക്കത്തില്‍ നില്‍ക്കുമ്പോഴും സംസ്ഥാനം പുറത്തുവിടുന്ന മരണനിരക്ക് ഇത്രയും കൂടിയത് സര്‍ക്കാര്‍ നേരത്തെ കണക്കില്‍പ്പെടുത്താത്ത മരണങ്ങള്‍ ഇപ്പോള്‍ കൂട്ടിച്ചേർക്കേണ്ടി വന്നത് കൊണ്ടെന്ന് വ്യക്തം.

കോവിഡ് വന്ന ശേഷം മരിച്ചവരുടെ ബന്ധുക്കള്‍ കോവിഡ് മരണമായി കണക്കാക്കാത്തതില്‍ പരാതി ഉന്നയിച്ച് അപ്പീല്‍ പോയതോടെയാണ് ചിത്രം മാറിയത്. ഒപ്പം സംസ്ഥാനതലത്തില്‍ മരണങ്ങള്‍ ഓഡിറ്റ് ചെയ്യുന്ന രീതി മാറ്റി ജില്ലാ തലത്തിലാക്കിയതും ഇതേ ഘട്ടത്തിലാണ്‌. കാല്‍ ലക്ഷത്തോളം മരണങ്ങള്‍ അപ്പീലിലൂടെ കൂട്ടിച്ചേര്‍ക്കപ്പെട്ടു. മരണം അരലക്ഷം കടക്കുമ്പോള്‍ മരണപ്പട്ടികയില്‍ ചേര്‍ക്കാന്‍ അപേക്ഷകള്‍ ബാക്കിയാണ്. ഇതിനൊപ്പം യഥാര്‍ഥ പ്രതിദിനമരണങ്ങള്‍ കൂടി ചേരുമ്പോള്‍ കേരളത്തിന്റെ മരണസംഖ്യ മുക്കാല്‍ ലക്ഷത്തിനടുക്കുമെന്ന് ഉറപ്പ്. 

കാറ്റില്‍ പറത്തിയ മാനദണ്ഡങ്ങള്‍

കോവിഡ് മരണം കണക്കാക്കാന്‍ അന്താരാഷ്ട്ര മാനദണ്ഡങ്ങളും ഐസിഎംആറിന്റെ മാനദണ്ഡങ്ങളും ഉണ്ട്. അത് പ്രകാരം ഒരാള്‍ കോവിഡ് വന്നശേഷം മരിച്ചാല്‍ മരിക്കുന്ന സമയത്ത് കോവിഡ് പോസ്റ്റീവ് അല്ലെങ്കിലും അത് കോവിഡ് മരണമായി കണക്കാക്കാം. കാരണം കോവിഡ് വന്നാല്‍ മറ്റ് പലരോഗങ്ങളും വഷളാവുകയും അത് മരണകാരണമാവുകയും ചെയ്യാം. ഇത്തരം മരണങ്ങളെ മരണസമയത്ത് കോവിഡ് നെഗറ്റീവ് ആയാലും കോവിഡ് മരണമായാണ് കണക്കാക്കേണ്ടത്. എന്നാല്‍ ഈ രീതിയിലായിരുന്നില്ല കേരളം തുടക്കത്തില്‍ കോവിഡ് മരണങ്ങള്‍ കണക്കാക്കിയിരുന്നത്.

മരണസമയത്ത് കോവിഡ് പോസറ്റീവ് ആയിരുന്നവരെ മാത്രമാണ് കോവിഡ് വന്ന് മരിച്ചവരായി കണക്കാക്കിയത്. മരണസമയത്ത് കോവിഡ് നെഗറ്റീവ് ആയിരിക്കുകയും അനുബന്ധരോഗങ്ങള്‍ ഉള്ളവരുമായവരെ കേരളം കണക്കില്‍ പെടുത്തിയില്ല. പക്ഷേ, പിന്നീട് നഷ്ടപരിഹാരത്തിന് കേന്ദ്രത്തിന്റെ മാനദണ്ഡ പ്രകാരം കോവിഡ് മരണം കണക്കാക്കേണ്ടി വന്നപ്പോഴാണ്‌ ഈ രീതിയില്‍ മാറ്റം വന്നത്. മരണകാരണം കോവിഡ് എന്ന് രേഖപ്പെടുത്തിയ സര്‍ട്ടിഫിക്കറ്റ് ഇല്ലാത്തവര്‍ക്കും മരണകാരണം സംബന്ധിച്ച് പരാതിയുള്ളവര്‍ക്കും ജില്ലാതല സമിതിയെ സമീപിക്കാം എന്ന് കഴിഞ്ഞ വര്‍ഷം ഒക്ടോബറില്‍ സര്‍ക്കാര്‍ ഉത്തരവിറക്കി. ഇതോടെ കാര്യങ്ങള്‍ കൂടുതല്‍ സുതാര്യമായി. കോവിഡ് വന്ന് മുപ്പത് ദിവസത്തിനുള്ളില്‍ മരിച്ചവരേക്കൂടി സര്‍ക്കാര്‍ കണക്കില്‍പ്പെടുത്തി. അതോടെയാണ് കേരളത്തിലെ മരണസംഖ്യ കുതിച്ചുയര്‍ന്നത്. 

കോവിഡിന്റെ തുടക്കത്തിലേ പിഴവ് പറ്റി -ഡോ:എസ്.എസ്.ലാല്‍

ss lal

നിപയെ പ്രതിരോധിച്ചപോലെ തുടക്കത്തില്‍ കോവിഡിനെ പ്രതിരോധിച്ചതാണ് കേരളത്തിന്റെ ആരോഗ്യവകുപ്പിന് ആദ്യം പറ്റിയ പിഴവ്. ആദ്യം ഇവിടെ രോഗം വരില്ലെന്ന് പറഞ്ഞു. പക്ഷേ, വന്നു. പിന്നീട് അത് പടരില്ലെന്ന് പറഞ്ഞു പക്ഷേ, പടര്‍ന്നു, പിന്നീട് ആരും മരിക്കില്ലെന്ന് പറഞ്ഞു. പക്ഷേ, മരണവും കൂടി. ആ യാഥാര്‍ഥ്യം മറച്ചുവെക്കാനാണ് കണക്കില്‍ കള്ളത്തരം കാണിച്ചത്. മരിക്കുന്ന സമയത്ത് കോവിഡ് നെഗറ്റീവ് ആണെങ്കില്‍ മറ്റെന്തെങ്കിലും രോഗം ഉണ്ടെങ്കില്‍ അതേ മരണകാരണമായി കാണിക്കാവൂ എന്ന് ആരോഗ്യമന്ത്രി തന്നെ നേരിട്ട് നിര്‍ദ്ദേശം നല്‍കി. 

ദേശീയ മാനദണ്ഡങ്ങളേയും അന്തര്‍ദേശീയ മാനദണ്ഡങ്ങളേയും കാറ്റില്‍പ്പറത്തിയാണ് കേരളം അത് ചെയ്തത്. മാത്രവുമല്ല ഒരു രോഗി മരിച്ചാല്‍ ചികിത്സിച്ച ഡോക്ടറാണ് മരണകാരണം പറയേണ്ടത്. പക്ഷേ കോവിഡിന്റെ കാര്യത്തില്‍ കണക്ക് മറച്ചുവെക്കാന്‍ വേണ്ടി ഒരു കമ്മിറ്റി ഉണ്ടാക്കി ആ കമ്മിറ്റിയാണ് മരണം കോവിഡാണോ അല്ലയോ എന്ന് പ്രഖ്യാപിച്ചത്. ആദ്യം തെറ്റായ നടപടി സ്വീകരിക്കാന്‍ ആശുപത്രികള്‍ക്ക് നിര്‍ദ്ദേശം കൊടുത്തു, പിന്നീട് അത് നടക്കില്ലെന്ന് കണ്ടപ്പോള്‍ സ്‌ക്രീനിങ് കമ്മറ്റിയെ വച്ചു. നേരത്തെ സത്യം പറഞ്ഞിരുന്നെങ്കില്‍ വിശ്വാസ്യത എങ്കിലും ഉണ്ടാവുമായിരുന്നു. കോവിഡിനെ കീഴടക്കിയ അവാര്‍ഡ് വാങ്ങാന്‍ ഇതൊക്കെ ചെയ്തപ്പോള്‍ രാഷ്ട്രീയനേട്ടം ഉണ്ടായിട്ടുണ്ടാകാം, പക്ഷേ നമ്മുടെ ആരോഗ്യസംവിധാനത്തിന്റെ വിശ്വാസ്യത നഷ്ടപ്പെട്ടു. ഇപ്പോള്‍ കേരളാമോഡല്‍ എന്ന് പറഞ്ഞാല്‍ കള്ളത്തരം കാണിക്കലാണെന്ന് ആളുകള്‍ പരിഹസിച്ചു തുടങ്ങി. 

കേരളമോഡല്‍ പ്രതിരോധം പൊളിഞ്ഞു എന്ന് പറയാനാകില്ല - ഡോ:എ.എസ്.അനൂപ് കുമാര്‍ 

dr as anoop kumar

കേരളത്തോളം കോവിഡ് രോഗനിര്‍ണയം നടത്തുകയും അത് റിപ്പോര്‍ട്ട് ചെയ്യുകയും കൃത്യമായ ചികിത്സ നല്‍കുകയും മറ്റൊരു സംസ്ഥാനം വേറെ ഇല്ല. മരണസംഖ്യ ഇപ്പോള്‍ കൂടിയത് കൊണ്ട് കേരളമോഡല്‍ പ്രതിരോധം പൊളിഞ്ഞു എന്ന് പറയാനാകില്ല. ഇത്രയധികം കേസുകള്‍ സ്ഥിരീകരിച്ചിട്ടും മരണനിരക്ക് ഇന്ത്യയുടെ ദേശീയ ശരാരശരിയെ അപേക്ഷിച്ച് ഒരു ശതമാനത്തില്‍ താഴെ തന്നെയാണ് ഉള്ളത്. മാത്രവുമല്ല മരണകാരണം കൃത്യമായി പരിശോധിക്കുകയോ കണക്കുകള്‍ കൃത്യമായി പുറത്ത് വിടുകയോ ചെയ്യാത്ത സംസ്ഥാനങ്ങളും ഉണ്ട്. നമ്മള്‍ ഈ കാര്യങ്ങള്‍ കൃത്യമായി ചെയ്യുന്നത് കൊണ്ടാണ് കണക്കുകള്‍ ഉയരുന്നത് നമ്മള്‍ കൃത്യമായി അറിയുന്നത്. ഇതോടൊപ്പം എടുത്ത് പറയേണ്ടുന്ന കാര്യം ലോകത്തിന് തന്നെ മാതൃകയായി വാക്‌സിനേഷനില്‍ മികവ് കൈവരിക്കാനും നമുക്ക് പറ്റിയിട്ടുണ്ട്. പക്ഷെ ലോകത്തില്‍ എല്ലായിടത്തും കാണുന്നപോലെ സമൂഹ വ്യാപനവും രോഗികളുടെ എണ്ണം കൂടുന്നതും എല്ലാം ഈ വൈറസിന്റെ സ്വഭാവത്തില്‍ വരുന്ന മാറ്റങ്ങള്‍ കൊണ്ട് സംഭവിക്കുന്നതാണ്. അതില്‍ നിന്ന് പൂര്‍ണമായി വിട്ടു നില്‍ക്കാന്‍ ഈ കേരളമോഡല്‍ പ്രതിരോധം കൊണ്ടും സാധ്യമാവില്ല. മാത്രവുമല്ല കേരളമോഡല്‍ കൊണ്ട് ലോകത്തില്‍ നിന്ന് തന്നെ വിഭിന്നമായി നൂറ് ശതമാനം എഫക്ടീവ് ആയി കാര്യങ്ങള്‍ ചെയ്തു എന്നും പറയാനാവില്ല.

Content Highlights : Covid 19 Mortality Rate in Kerala