കേരളത്തില്‍ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം പതിനായിരം കടന്നു. 2020 മാര്‍ച്ച് 28 ന് എറണാകുളത്താണ് സംസ്ഥാനത്ത് ആദ്യത്തെ കോവിഡ് മരണം റിപ്പോര്‍ട്ട് ചെയ്യുന്നത്. സംസ്ഥാനത്ത് 10,157 കോവിഡ് മരണങ്ങളാണ് ഇന്നുവരെ സംഭവിച്ചത്. 436 ദിവസങ്ങള്‍ കൊണ്ടാണ് മരണസംഖ്യ പതിനായിരത്തിലേക്കെത്തുന്നത്. സംസ്ഥാനത്ത് അഞ്ചിലൊന്ന് മരണങ്ങളും സംഭവിച്ചത് തിരുവനന്തപുരം ജില്ലയിലാണ്. എന്നാല്‍ സംസ്ഥാനത്ത് ഇതുവരെ കോവിഡ് ബാധിതരായവരുടെ 0.38 ശതമാനം മാത്രമാണ് മരണത്തിന് കീഴടങ്ങിയതെന്നത് ഏറെ ആശ്വാസകരമാണ്. ഇത് ദേശീയ ശരാശരിയേക്കാളും ആഗോള ശരാശരിയേക്കാളും ഏറെ താഴെയാണ്. 155 ലോകരാജ്യങ്ങളുടെ പട്ടികയില്‍ കോവിഡ് കേസ്-മരണ അനുപാതത്തില്‍ നമ്മള്‍ 149-ാം സ്ഥാനത്താണ്. 

ഇതുവരെ കോവിഡ് ബാധിച്ചവരുടെ എണ്ണമെടുത്താല്‍ കേരളം ഇപ്പോള്‍ മൂന്നാം സ്ഥാനത്താണ്. മഹാരാഷ്ട്രയും കര്‍ണ്ണാടകവുമാണ് കേരളത്തിനു മുന്നിലുള്ളത്. എങ്കിലും മരണനിരക്കില്‍ കേരളം രാജ്യത്തെ മുപ്പത്തിനാലാം സ്ഥാനത്ത് മാത്രമാണ് എന്നുള്ളത് നമ്മുടെ ആരോഗ്യ സംവിധാനത്തിന്റെ കാര്യക്ഷമതയെയാണ് സൂചിപ്പിക്കുന്നത്. ഏഴു ദിവസ ശരാശരിയുടെ അടിസ്ഥാനത്തില്‍ രോഗികളുടെ എണ്ണത്തില്‍ ഒന്നാമതുള്ള മഹാരാഷ്ട്രയില്‍ ഇത് 1.69 ശതമാനവും (നാലു മടങ്ങ്) കര്‍ണ്ണാടകത്തില്‍ 1.15 ശതമാനവും (മൂന്നു മടങ്ങ്) ആണ് എന്നറിയുമ്പോഴാണ് ഇതിന്റെ ഗൗരവം തിരിച്ചറിയുക. കേരളത്തിന്റെതിനു സമാനമായ കേസ്-മരണാനുപാതമുള്ള സംസ്ഥാനങ്ങള്‍ മിസ്സോറാമും (0.37) ഒഡീഷയുമാണ് (0.36). മിസ്സോറാമില്‍ ഇതുവരെ 13679 പേര്‍ക്ക് മാത്രമാണ് കോവിഡ് ബാധിച്ചിട്ടുള്ളത്. ഒഡീഷയില്‍ 813096 പേര്‍ക്കും. രാജ്യത്ത് കേരളത്തിനു താഴെ കേസ്-മരണാനുപാതമുള്ളത് ദാദ്ര-നാഗര്‍ ഹവേലി, ദാമന്‍-ദിയു എന്നീ കേന്ദ്രഭരണ പ്രദേശങ്ങളിലാണ് (0.04). ഇവിടെയാകെ ഇതുവരെ കോവിഡ് ബാധിച്ചത് 10394 പേര്‍ക്കാണ്, 4 മരണങ്ങളും സംഭവിച്ചു. 

 

രണ്ടാം തരംഗത്തിലാണ് സംസ്ഥാനത്തെ കോവിഡ് മരണങ്ങള്‍ ക്രമാധീതമായി വര്‍ധിച്ചത്. ഒന്നാം തരംഗത്തില്‍ ഏറ്റവുമധികം കോവിഡ് മരണങ്ങള്‍ നടന്നത് 2020 ഡിസംബര്‍ മാസത്തിലാണ് - 828 പേര്‍. രാജ്യത്ത് സെപ്റ്റംബര്‍ മാസത്തിലാണ് ഏറ്റവുമധികം കോവിഡ് മരണങ്ങള്‍ (33028) റിപ്പോര്‍ട്ട്  ചെയ്തിട്ടുള്ളത്. കേരളത്തില്‍ ഇത് 2020 മാര്‍ച്ച് മുതല്‍ ക്രമമായി വര്‍ധിച്ച് ഡിസംബറില്‍ പരമാവധി എത്തുകയും ഈ വര്‍ഷം ആദ്യത്തോടെ കുറയുകയും ചെയ്തു. രണ്ടാം തരംഗത്തിന്റെ വരവോടെ ഏപ്രില്‍ മാസത്തില്‍ മരണങ്ങള്‍ കൂടുവാന്‍ തുടങ്ങി. മെയ് മാസത്തില്‍ അത് സര്‍വകാല റെക്കോഡിലെത്തുകയും ചെയ്തു. 3507 പേരാണ് മെയ് മാസത്തില്‍ മാത്രം കേരളത്തില്‍ കോവിഡ് ബാധിച്ച് മരിച്ചത്. 

സംസ്ഥാനത്ത് ഒരു ദിവസം ഏറ്റവുമധികം മരണം റിപ്പോര്‍ട്ടു ചെയ്തത് ഇന്നലെ (ജൂണ്‍ 6) യാണ്. 227 പേര്‍. 2020 ല്‍ ഒരു ദിവസം റിപ്പോര്‍ട്ട് ചെയ്ത പരമാവധി മരണം 35 (ഡിസംബര്‍ 9, 2020) മാത്രമായിരുന്നു. 2021 എപ്രിലില്‍ അത് 50 ലെത്തുകയും മെയ് 19 ന് നൂറു (112) കടക്കുകയും ചെയ്തു. മെയ് മാസത്തിനു മുമ്പ് ഒരിക്കലും പ്രതിമാസ മരണസംഖ്യ ആയിരം കടന്നിട്ടില്ല. എന്നാല്‍ ഈ മാസം ആദ്യ ആഴ്ച തന്നെ മരണസംഖ്യ ആയിരം കടന്നു. 1342 മരണങ്ങളാണ് ജൂണ്‍ 7 വരെ സംഭവിച്ചത്.

കേസുകളുടെ എണ്ണം കുറയുന്നുണ്ടെങ്കിലും വരും ദിവസങ്ങളില്‍ കേരളത്തില്‍ മരണസംഖ്യ ഉയര്‍ന്നേക്കാമെന്ന് ആരോഗ്യവിദഗ്ദ്ധര്‍ അഭിപ്രായപ്പെടുന്നതായി മെയ് 21 ന് നടത്തിയ പത്രസമ്മേളനത്തില്‍ മുഖ്യമന്ത്രി പറയുകയുണ്ടായി. മെയ് 19 നു ശേഷമാണ് കോവിഡ് മരണങ്ങള്‍ കാര്യമായി വര്‍ധിച്ചത്.

covid

കോവിഡ് വ്യാപനം; നിര്‍ണായകമായ മൂന്നാഴ്ചകളാണ് നമുക്ക് മുന്‍പിലുള്ളതെന്ന് മുഖ്യമന്ത്രി

കേരളത്തില്‍ കോവിഡ് രണ്ടാം തരംഗത്തില്‍ ഏറ്റവും കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത് മെയ് 12 നായിരുന്നു. 43529 പുതിയ കേസുകള്‍. ഇപ്പോള്‍ റിപ്പോര്‍ട്ട് ചെയ്യുന്ന മരണങ്ങളധികവും സംഭവിക്കുന്നത് കേസുകള്‍ കൂടി നിന്ന ദിവസങ്ങളില്‍ രോഗബാധയുണ്ടായവരുടേതാണ്. രോഗവ്യാപനം കുറഞ്ഞിട്ടും ഇപ്പോള്‍ മരണസംഖ്യ ഉയര്‍ന്നു നില്‍ക്കാനുള്ള കാരണമതാണെന്ന് അന്ന് അദ്ദേഹം സൂചിപ്പിക്കുകയുണ്ടായി. 

 

 

കോവിഡിന്റെ ആദ്യതരംഗത്തില്‍ ലോകമാകമാനം മരണനിരക്ക് കാര്യമായി വര്‍ധിച്ചപ്പോള്‍ അത് ഏറ്റവും കുറഞ്ഞ നിരക്കില്‍ നിര്‍ത്താന്‍ കേരളത്തിന് സാധിച്ചു. അന്ന് ലോകശരാശരി 3ന് മേലെയായിരുന്നു. നമ്മുടെ നയങ്ങളും ഇടപെടലുകളും ആരോഗ്യസംവിധാനവുമൊക്കെ ലോകനിലവാരം പുലര്‍ത്തുന്നതാണെന്ന് ആഗോള മാധ്യമങ്ങള്‍ വരെ പറയുകയുണ്ടായി. പല ലോകരാജ്യങ്ങളും രണ്ടിലേറെ തരംഗങ്ങള്‍ കണ്ടു. ഇന്നലെ വരെ 172,630,637 പേര്‍ക്കാണ് ലോകത്ത് കോവിഡ്-19 ബാധിച്ചത്. 3718683 പേര്‍ മരിച്ചു. ആഗോള കേസ് -മരണാനുപാതം ഇപ്പോഴും 2.15 ല്‍ നില്‍ക്കുന്നു. നമ്മുടേത് 0.36 ലും. 

covid

ഔദ്യോഗിക കണക്കുകള്‍ പ്രകാരം കേരളത്തില്‍ ഇതുവരെ കോവിഡ് ബാധിച്ചിട്ട് മരിച്ചിട്ടുള്ളവരില്‍ ഭൂരിഭാഗവും 60 വയസ്സിനു മുകളില്‍ പ്രായമുള്ളവരാണ്. 7233 പേരാണ് ഈ വിഭാഗത്തില്‍ മരിച്ചത്. 41-59 പ്രായവിഭാഗത്തില്‍ 2290 പേരും 18-40 വിഭാഗത്തില്‍ 408 പേരും 17 വയസ്സുവരെയുള്ളവരില്‍ 15 പേരും മരണത്തിന് കീഴടങ്ങി. മരിച്ചവരിലധികം പേര്‍ക്കും കോവിഡ് ബാധിച്ചത് സമ്പര്‍ക്കം വഴിയാണ്. ജൂണ്‍ 6 വരെയുള്ള കണക്കുകള്‍ പ്രകാരമാണിത്. ഒരു വയസ്സില്‍ താഴെയുള്ള അഞ്ചു കുട്ടികളാണ് കോവിഡ് ബാധിച്ച് ഇതുവരെ മരിച്ചത്. ഇതില്‍ മൂന്നും മലപ്പുറത്തുനിന്നാണ്, ഒന്ന് കാസര്‍ഗോഡും ഒന്ന് തിരുവനന്തപുരത്തും. മരിച്ചവരില്‍ അറുപതുശതമാനത്തിലധികം പേരും പുരുഷന്മാരാണ്. 

 

കോവിഡ് മരണം 2000 കടന്നത് തിരുവനന്തപുരം ജില്ലയില്‍ മാത്രമാണ്. 2112 പേര്‍. അധികം ദിനങ്ങളിലും ഉയര്‍ന്ന പ്രതിദിന മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളതും തിരുവനന്തപുരത്താണ്. കോഴിക്കോട് (1072), തൃശ്ശൂര്‍ (1155) ജില്ലകളില്‍ മരണം ഇതിനകം ആയിരത്തിലേറെയായി. അഞ്ചു ജില്ലകളില്‍ മരണം 500 കടന്നു. നൂറില്‍ താഴെ മരണസംഖ്യയുള്ളത് ഇപ്പോള്‍ ഇടുക്കിയില്‍ മാത്രമാണ് (86).

കേസ്-മരണാനുപാതമെടുത്താല്‍ ഏറ്റവും മുന്നില്‍ നില്‍ക്കുന്നത്, കോവിഡ് ബാധിതരുടെ എണ്ണത്തില്‍ സംസ്ഥാനത്ത് നാലാമതുള്ള തിരുവനന്തപുരം ജില്ലയാണ് (0.79), ഏറ്റവും കുറവ് ഇടുക്കി ജില്ലയിലും (0.11). രോഗികളുടെ എണ്ണത്തില്‍ ഒന്നാം സ്ഥാനത്തുള്ള (324113) എറണാകുളത്ത് 0.29 മാത്രമാണ് കേസ്-മരണാനുപാതം. തൃശ്ശൂര്‍ (0.46), കണ്ണൂര്‍ (0.45), ആലപ്പുഴ (0.44) ജില്ലകളാണ് ഇക്കാര്യത്തില്‍ തിരുവനന്തപുരത്തിനു തൊട്ടു പുറകിലുള്ളത്. കേസുകളുടെ എണ്ണത്തില്‍ രണ്ടാം സ്ഥാനത്തുള്ള മലപ്പുറം (306131) ഇക്കാര്യത്തില്‍ എറണാകുളത്തേക്കാള്‍ പിന്നിലാണ് (0.24). സംസ്ഥാനത്ത് ഏറ്റവും കുറവ് കോവിഡ് ബാധിതരുള്ള  ജില്ലയായ വയനാട്ടില്‍ (59656) കേസ്-മരണാനുപാതം (0.3) എറണാകുളത്തേക്കാള്‍ കൂടുതലാണെന്നുള്ളതും ശ്രദ്ധേയമാണ്. 

covid male - female

 

തദ്ദേശ സ്വയംഭരണ വകുപ്പിന്റെ സിവില്‍ രജിസ്ട്രേഷന്‍ പോര്‍ട്ടലില്‍ പ്രസിദ്ധീകരിച്ചിട്ടുള്ള കണക്കുകള്‍ പ്രകാരം സംസ്ഥാനത്ത് ജൂണ്‍ 7 രാവിലെ 5 മണി വരെ 93161 മരണങ്ങളാണ് രജിസ്റ്റര്‍ ചെയ്യപ്പെട്ടിട്ടുള്ളത്. 2020 ല്‍ ആകെ രജിസ്റ്റര്‍ ചെയ്യപ്പെട്ടത് 242733 മരണങ്ങളാണ്, 2019 ല്‍ 264122 ഉും. എല്ലാ തദ്ദേശസ്വയം ഭരണ സ്ഥാപനങ്ങളിലെയും വിവരങ്ങള്‍ ഇതില്‍ ഉള്‍പ്പെട്ടിട്ടില്ല എന്നൊരു ന്യൂനതയുണ്ട്. എങ്കിലും ലോക്ഡൗണും വീട്ടിലിരുന്നുള്ള ജോലിയും വിദ്യാലയങ്ങള്‍ പ്രവര്‍ത്തിക്കാത്തതും എല്ലാം 2020-21 വര്‍ഷങ്ങളിലെ അപകട മരണങ്ങളില്‍ കാര്യമായ കുറവുണ്ടാക്കിയിട്ടുണ്ട്. 

covid

ഔദ്യോഗികമായി റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നതിനേക്കാള്‍ വളരെ കൂടുതലാണ് സംസ്ഥാനത്തെ യഥാര്‍ത്ഥ കോവിഡ് മരണങ്ങളെന്ന ആക്ഷേപം നിലനില്‍ക്കുന്നുണ്ട്. മാധ്യമങ്ങളില്‍ വന്ന കോവിഡ് മരണ റിപ്പോര്‍ട്ടുകള്‍ ഉള്‍പ്പെടുത്തി ഇതു സംബന്ധിച്ച് ഇന്റര്‍നെറ്റില്‍ ചിലര്‍ തെളിവുകള്‍ നിരത്തുകയുമുണ്ടായി. എന്നാല്‍ ഈ ആക്ഷേപങ്ങളെ സര്‍ക്കാര്‍ പാടെ നിരാകരിക്കുകയാണ്. കോവിഡ് ബാധിച്ചശേഷം മരണപ്പെടുന്ന ഒരാളുടെ പേര് കോവിഡ് മരണപ്പട്ടികയില്‍ ഉള്‍പ്പെടുത്തുന്നതു സംബന്ധിച്ച മാനദണ്ഡങ്ങളെക്കുറിച്ച്, സ്റ്റേറ്റ് ഡെത്ത് ഓഡിറ്റ് കമ്മറ്റി, സ്റ്റേറ്റ് മെഡിക്കല്‍ ബോര്‍ഡ് എന്നിവയില്‍ അംഗമായ ഡോ. ആര്‍. അരവിന്ദനുമായുള്ള അഭിമുഖം മാതൃഭൂമി അടുത്തിടെ പ്രസിദ്ധീകരിക്കുകയുമുണ്ടായി.  

ഇനി രാജ്യം കണക്കാക്കേണ്ടത് കോവിഡ് മരണങ്ങളല്ല, ആകെ മരണങ്ങള്‍; വികസിത രാജ്യങ്ങള്‍ ഈ പാതയില്‍

ഔദ്യോഗിക കണക്കുകള്‍ പ്രകാരം കോവിഡ് ബാധിച്ചശേഷം മരണപ്പെട്ടവരില്‍ 412 പേരുടെ മരണകാരണം കോവിഡല്ല എന്ന കണ്ടെത്തിയതിനാല്‍  പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടില്ല. 

 

ഏപ്രില്‍-മെയ് മാസങ്ങളില്‍ മറ്റ് സംസ്ഥാനങ്ങളില്‍ കോവിഡ് മരണത്തിന് നിദാനമായ ഓക്സിജന്‍ ക്ഷാമം പോലുള്ളവ കേരളത്തില്‍ കാര്യമായുണ്ടായില്ല. മലപ്പുറം ജില്ലയില്‍ നിന്നുള്ള ഒരു പരാതി മാത്രമാണ് ഇതുമായി ബന്ധപ്പെട്ട് ഉണ്ടായത്. കേസുകളുടെ എണ്ണത്തിന് ആനുപാതികമായ മരണങ്ങളാണ് ഇക്കാലയളവില്‍ ഏറെയും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. രണ്ടാം തരംഗത്തില്‍ കോവിഡ് ബാധിച്ച് മരിക്കുന്ന 45 ല്‍ താഴെയുള്ളവരുടെ എണ്ണം ഇരട്ടിയിലേറെയായിട്ടുണ്ടെന്ന് കണക്കുകള്‍ സൂചിപ്പിക്കുന്നു. കോവിഡ് പട്ടികയില്‍ വരില്ലെങ്കിലും തത്സംബന്ധിയായ പേടി നിമിത്തം ആത്മഹത്യ ചെയ്തവരും കേരളത്തിലുണ്ട്. 

covid

യഥാര്‍ത്ഥ കോവിഡ് മരണസംഖ്യയെക്കുറിച്ചുള്ള തര്‍ക്കങ്ങള്‍ നിലനില്‍ക്കുന്നുണ്ടെങ്കിലും സംസ്ഥാനത്തെ കോവിഡ് മരണസംഖ്യ ആഗോള ശരാശരിയേക്കാള്‍ കുറവാണെന്ന് നമുക്ക് നിസ്സംശയം പറയാം. നമ്മുടെ ആരോഗ്യപ്രവര്‍ത്തകരുടെ അര്‍പ്പണബോധത്തോടെയുള്ള, വിശ്രമമില്ലാത്ത പ്രവര്‍ത്തനവും സര്‍ക്കാരിന്റെ കരുതലും സംവിധാനത്തിന്റെ കാര്യക്ഷമതയും ഇക്കാര്യത്തില്‍ നമുക്ക് തുണയായിട്ടുണ്ട്. 

maharashtra

കോവിഡ് രണ്ടാം തരംഗത്തിന്റെ തീവ്രത അനുദിനം കുറഞ്ഞുവരികയാണ്. മെയ് മാസം ആദ്യം എര്‍പ്പെടുത്തിയ പൂട്ടിയിടലിനോട് ജനങ്ങള്‍ ഏകമനസ്സോടെ സഹകരിച്ചത് വരുംദിവസങ്ങളില്‍ മരണനിരക്ക് കുറയാനിടയാകും എന്ന് പ്രതീക്ഷിക്കാം. എങ്കിലും നാം ജാഗ്രത പാലിച്ചേ മതിയാകൂ. മൂന്നാം തരംഗത്തിനുള്ള സാധ്യതയെക്കുറിച്ച് മുന്നറിയിപ്പുകള്‍ വന്നു കഴിഞ്ഞു. എല്ലാവരെയും വാക്സിനേറ്റ് ചെയ്ത് കോവിഡിനെ ഈ നാട്ടില്‍ നിന്ന് തുരത്തിയോടിക്കുന്നതുവരെ നമുക്ക് വിശ്രമമില്ല. അതുവരെ മാസ്‌ക്കും സാമൂഹിക അകലവും സാനിറ്റൈസറുമെല്ലാം നമ്മുടെ ജീവിതത്തിന്റെ ഭാഗമായുണ്ടാകും.

Data References:

https://dashboard.kerala.gov.in/
https://dhs.kerala.gov.in/
https://www.mohfw.gov.in/
https://covid19.who.int/table
https://cr.lsgkerala.gov.in/Pages/map.php

Content Highlights: Kerala coronavirus cases cross 10,000 mark