ധ്യപ്രദേശിലെ രാഷ്ട്രീയപ്രതിസന്ധി രൂക്ഷമാക്കി മുതിര്‍ന്നനേതാവും എ.ഐ.സി.സി. ജനറല്‍ സെക്രട്ടറിയുമായ ജ്യോതിരാദിത്യ സിന്ധ്യ കോണ്‍ഗ്രസ് വിട്ടു. ചൊവ്വാഴ്ച(10/3/2020)രാവിലെ പ്രധാനമന്ത്രി നരേന്ദ്രമോദി, ആഭ്യന്തരമന്ത്രി അമിത് ഷാ എന്നിവരുമായുള്ള കൂടിക്കാഴ്ചയ്ക്കുശേഷമാണ് ജ്യോതിരാദിത്യ സിന്ധ്യ കോണ്‍ഗ്രസ് അധ്യക്ഷ സോണിയാഗാന്ധിക്കു രാജിക്കത്തയച്ചത്. തൊട്ടുപിന്നാലെ സിന്ധ്യയെ പാര്‍ട്ടിയില്‍നിന്നു പുറത്താക്കുന്നതായി കോണ്‍ഗ്രസ് പത്രക്കുറിപ്പിറക്കി. തൊട്ടുപിറ്റേന്ന് ഡല്‍ഹിയിലെ ബിജെപി ആസ്ഥാനത്ത് നടന്ന ചടങ്ങില്‍ പാര്‍ട്ടി ദേശീയ അധ്യക്ഷന്‍ ജെ.പി. നഡ്ഡയില്‍ നിന്ന് സിന്ധ്യ ബിജെപി അംഗത്വം സ്വീകരിച്ചു. 

പുതിയ ചുവട്, പുതിയ തുടക്കം 

SCINDIA

'പ്രധാനമന്ത്രി മോദിയും ആഭ്യന്തരമന്ത്രി അമിത് ഷായും അധ്യക്ഷന്‍ ജെ.പി നഡ്ഡയും എന്നെ അവരുടെ കുടുംബത്തിലേക്ക് ക്ഷണിച്ചു, ഒരു സ്ഥാനം നല്‍കി. അതിന് താന്‍ നന്ദി പറയുന്നു. ജീവിതത്തെ മാറ്റിമറിച്ച രണ്ട് സംഭവങ്ങളാണ് എനിക്കുണ്ടായിട്ടുള്ളത്. ഒന്ന് അച്ഛന്റെ മരണം, രണ്ടാമത്തേത് ബിജെപിയില്‍ ചേര്‍ന്നുകൊണ്ട് പുതിയ ചുവടുവെക്കാന്‍ തീരുമാനിച്ചത്.' അംഗത്വം സ്വീകരിച്ചതിന് ശേഷം സിന്ധ്യ പറഞ്ഞു.

'മുമ്പുണ്ടായിരുന്ന കോണ്‍ഗ്രസ് പാര്‍ട്ടിയല്ല ഇപ്പോഴുള്ളത്. പൊതുജനസേവനം നടത്താന്‍ ഇനി ആ പാര്‍ട്ടിക്ക് സാധിക്കില്ലെന്ന് എനിക്ക് ഉറപ്പുണ്ട്. ഇനിയൊരിക്കലും അത് സാധിക്കില്ലെന്നാണ് പാര്‍ട്ടിയുടെ ഇപ്പോഴത്തെ അവസ്ഥ സൂചിപ്പിക്കുന്നത്.' 15 വര്‍ഷത്തെ ഇടവേളയ്ക്കുശേഷം 2018-ല്‍ സംസ്ഥാനത്ത് അധികാരത്തില്‍ തിരിച്ചെത്തിയതുമുതല്‍ നിലനിന്ന അതൃപ്തിക്കൊടുവിലാണ് ഗ്വാളിയര്‍ രാജകുടുംബത്തിലെ ഇളമുറക്കാരന്റെ കൂറുമാറ്റം. തന്നെ തഴഞ്ഞ് മുഖ്യമന്ത്രിപദം കമല്‍നാഥിനു നല്‍കിയതായിരുന്നു ഭിന്നതയ്ക്കു കാരണം.

'ജനങ്ങളെ സേവിക്കുക എന്നതുതന്നെയാണ് ലക്ഷ്യവും താത്പര്യവും. കോണ്‍ഗ്രസില്‍നിന്നുകൊണ്ട് അതിനാവില്ല. ജനങ്ങളുടെയും പ്രവര്‍ത്തകരുടെയും പ്രതീക്ഷ മനസ്സിലാക്കാനും പ്രതിഫലിപ്പിക്കാനുമുള്ള പുതിയ തുടക്കമാണിത്'- കോണ്‍ഗ്രസുമായുള്ള 18 വര്‍ഷത്തെ ബന്ധം അവസാനിപ്പിച്ച് സോണിയാഗാന്ധിക്കയച്ച കത്തില്‍ ജ്യോതിരാദിത്യ സിന്ധ്യ കുറിച്ചു. ഈ പാത ഒരു വര്‍ഷമായി ഉരുത്തിരിഞ്ഞുവന്നതാണെന്നും കത്തില്‍ പറയുന്നു.

2018 ഡിസംബറില്‍ കോണ്‍ഗ്രസ് മധ്യപ്രദേശില്‍ അധികാരത്തിലേറിയതുമുതല്‍ നേതാക്കള്‍ തമ്മില്‍ തുടരുന്ന തര്‍ക്കങ്ങളാണ് സിന്ധ്യയുടെ രാജിയില്‍ കലാശിച്ചത്. പി.സി.സി. പ്രസിഡന്റ്സ്ഥാനം വേണമെന്ന് സിന്ധ്യ തുടര്‍ച്ചയായി ആവശ്യപ്പെട്ടെങ്കിലും മുഖ്യമന്ത്രി കമല്‍നാഥ് വിട്ടുനല്‍കാന്‍ തയ്യാറായില്ല. കമല്‍നാഥിന്റെ ഗ്രൂപ്പും രണ്ടുതവണ മുഖ്യമന്ത്രിയായ ദിഗ്വിജയ് സിങ്ങിന്റെ ഗ്രൂപ്പും ചേര്‍ന്ന് പൂര്‍ണമായും തഴയുന്നു എന്നായിരുന്നു സിന്ധ്യ പക്ഷത്തിന്റെ പ്രധാന ആരോപണം. ഇതിനെത്തുടര്‍ന്ന്, പ്രകടനപത്രികയിലെ വാഗ്ദാനങ്ങള്‍ സര്‍ക്കാര്‍ പാലിക്കുന്നില്ലെന്നാരോപിച്ച് സമരം നടത്താനടക്കം സിന്ധ്യ തീരുമാനിച്ചിരുന്നു.

മാര്‍ച്ച് 26-ലെ രാജ്യസഭാ തിരഞ്ഞെടുപ്പില്‍ തനിക്ക് ആദ്യസീറ്റ് വേണമെന്ന് സിന്ധ്യ ആവശ്യപ്പെട്ടതോടെ തര്‍ക്കം രൂക്ഷമായി. മൂന്നുസീറ്റിലേക്കാണ് സംസ്ഥാനത്ത് തിരഞ്ഞെടുപ്പു നടക്കുന്നത്. ഒരംഗത്തെ ജയിപ്പിക്കാന്‍ 58 പ്രഥമവോട്ടുവേണം. 114 അംഗങ്ങളുള്ള കോണ്‍ഗ്രസിനും 107 അംഗങ്ങളുള്ള ബി.ജെ.പി.ക്കും ഇതുപ്രകാരം ഓരോ അംഗത്തെ ഉറപ്പായും രാജ്യസഭയിലെത്തിക്കാം. രണ്ടാം സീറ്റിലേക്ക് തങ്ങളെ പിന്തുണയ്ക്കുന്ന ബി.എസ്.പി.(2), എസ്.പി. (1), സ്വതന്ത്രര്‍ (4) എന്നിവരുടെ പിന്തുണയോടെ കോണ്‍ഗ്രസിനു ജയിക്കാനാവും. ആരെങ്കിലും കാലുവാരിയാല്‍ ഇക്കാര്യത്തില്‍ ഉറപ്പുമില്ല. അതിനാലാണ് ആദ്യസീറ്റിനായി സിന്ധ്യ നിര്‍ബന്ധം പിടിച്ചത്. അല്ലെങ്കില്‍ പി.സി.സി. അധ്യക്ഷപദവി നല്‍കണമെന്നും ആവശ്യപ്പെട്ടു.

എന്നാല്‍, രാജ്യസഭയില്‍നിന്നു വിരമിക്കുന്ന ദിഗ്വിജയ് സിങ്ങോ മുഖ്യമന്ത്രിയോ അതിനു തയ്യാറായില്ല. രാജ്യസഭയിലെ ആദ്യസീറ്റ് തനിക്കുതന്നെ വേണമെന്നായിരുന്നു ദിഗ്വിജയ് സിങ്ങിന്റെ നിലപാട്. സിന്ധ്യ പ്രധാനമന്ത്രിയെയും ആഭ്യന്തരമന്ത്രിയെയും കണ്ടശേഷമാണ് പി.സി.സി. അധ്യക്ഷസ്ഥാനം നല്‍കാന്‍ തയ്യാറാണെന്ന് കമല്‍നാഥ് പ്രഖ്യാപിച്ചത്.

കഴിഞ്ഞയാഴ്ച 10 എം.എല്‍.എ.മാരെ കാണാതായ സംഭവത്തിനുപിന്നിലും സിന്ധ്യയുണ്ടെന്നാണ് ഇപ്പോഴത്തെ സൂചന. ഇതില്‍ എട്ട് എം.എല്‍.എ.മാര്‍ക്ക് മന്ത്രിസ്ഥാനം വാഗ്ദാനംചെയ്ത് കമല്‍നാഥ് തിരികെയെത്തിച്ചു. എങ്കിലും സിന്ധ്യയുടെ ആവശ്യത്തിന്മേല്‍ തീരുമാനമെടുത്തില്ല. ഇതോടെയാണ് തന്നെ പിന്തുണയ്ക്കുന്ന എം.എല്‍.എ.മാരെ പ്രത്യേകവിമാനത്തില്‍ സിന്ധ്യ തിങ്കളാഴ്ച ബെംഗളൂരുവില്‍ എത്തിച്ചത്.

പാര്‍ട്ടിവിരുദ്ധ പ്രവര്‍ത്തനത്തിന് സിന്ധ്യയെ കോണ്‍ഗ്രസിന്റെ പ്രാഥമികാംഗത്വത്തില്‍നിന്നു പുറത്താക്കിയതായാണ് സംഘടനാച്ചുമതലയുള്ള ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍ അറിയിച്ചത്. വടക്കന്‍ യു.പി.യുടെ ചുമതലയുള്ള എ.ഐ.സി.സി. ജനറല്‍ സെക്രട്ടറിയായിരുന്ന സിന്ധ്യ, അധ്യക്ഷസ്ഥാനത്തുനിന്ന് രാഹുല്‍ രാജിവെച്ചതിനുപിന്നാലെ സ്ഥാനം രാജിവെച്ചിരുന്നു. എങ്കിലും രാജി ഹൈക്കമാന്‍ഡ് സ്വീകരിച്ചിരുന്നില്ല.

തലസ്ഥാനമെങ്ങും ഹോളിയാഘോഷം നടക്കുന്നതിനിടെ, ചൊവ്വാഴ്ചരാവിലെ ഏഴുമണിയോടെയാണ് പ്രധാനമന്ത്രിയെയും ആഭ്യന്തരമന്ത്രിയെയും കാണാന്‍ സിന്ധ്യയെത്തിയത്. കൂടിക്കാഴ്ചയ്ക്കുശേഷം രാജിക്കത്ത് ട്വിറ്ററില്‍ പോസ്റ്റുചെയ്തു. ഉച്ചയ്ക്ക് പന്ത്രണ്ടരയോടെയാണ് സോണിയയ്ക്കു കത്തുലഭിച്ചതെന്ന് കോണ്‍ഗ്രസ് വൃത്തങ്ങള്‍ പറഞ്ഞു. ആശയത്തെയും ജനങ്ങളുടെ വിശ്വാസത്തെയുമാണ് സിന്ധ്യ വഞ്ചിച്ചതെന്ന് രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗഹ്ലോത്, ലോക്സഭയിലെ കോണ്‍ഗ്രസ് നേതാവ് അധീര്‍ രഞ്ജന്‍ ചൗധരി തുടങ്ങിയ നേതാക്കള്‍ പ്രതികരിച്ചു.

മുന്‍ കേന്ദ്രമന്ത്രിയും നാലുതവണ എം.പി.യുമായ ജ്യോതിരാദിത്യ സിന്ധ്യ പാര്‍ട്ടിവിട്ടത് സംസ്ഥാനത്തും ദേശീയതലത്തിലും കോണ്‍ഗ്രസിന് ഉണ്ടാക്കിയിരിക്കുന്നത് വലിയ  ക്ഷീണമാണ്. രാഹുല്‍ ഒഴിഞ്ഞശേഷം പാര്‍ട്ടി ദേശീയ അധ്യക്ഷപദവിയിലേക്കുവരെ പറഞ്ഞുകേട്ട പേരാണ് 49 വയസ്സുള്ള ഈ 'യുവനേതാവി'ന്റേത്. അച്ഛനും കോണ്‍ഗ്രസ് നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായ മാധവറാവു സിന്ധ്യയുടെ 75-ാം ജന്മവാര്‍ഷികദിനത്തിലാണ് സിന്ധ്യ കോണ്‍ഗ്രസ് വിട്ടത്. മുത്തശ്ശി വിജയരാജെ സിന്ധ്യയും പിതൃസഹോദരിമാരായ രാജസ്ഥാന്‍ മുന്‍മുഖ്യമന്ത്രി വസുന്ധരരാജെ സിന്ധ്യയും യശോധര രാജെ സിന്ധ്യയും ദീര്‍ഘകാലം പ്രവര്‍ത്തിച്ച പാര്‍ട്ടിയിലേക്കാണ് ഒടുവില്‍ ജ്യോതിരാദിത്യ സിന്ധ്യയുമെത്തുന്നത്.

ബി.ജെ.പി. സിന്ധ്യക്കു കേന്ദ്രമന്ത്രിസ്ഥാനം വാഗ്ദാനം ചെയ്തതായി സൂചനകളുണ്ട്. 26-ന് മൂന്നുസീറ്റുകളിലേക്കു നടക്കുന്ന രാജ്യസഭാ തിരഞ്ഞെടുപ്പില്‍ രണ്ടുസീറ്റ് ഉറപ്പിക്കാനും സംസ്ഥാനത്തു ഭരണം തിരിച്ചുപിടിക്കാനും സിന്ധ്യയുടെ വരവ് സഹായിക്കുമെന്നാണ് ബി.ജെ.പി. നേതൃത്വത്തിന്റെ പ്രതീക്ഷ. ഞായറാഴ്ച പ്രധാനമന്ത്രി നരേന്ദ്രമോദി പങ്കെടുത്ത ബി.ജെ.പി. കേന്ദ്ര തിരഞ്ഞെടുപ്പ് സമിതി യോഗത്തിനിടെ സിന്ധ്യയുടെ പാര്‍ട്ടിപ്രവേശനമുണ്ടാകുമെന്ന് അഭ്യൂഹമുണ്ടായിരുന്നു. എന്നാല്‍, ഇത് സംബന്ധിച്ച പ്രഖ്യാപനങ്ങളൊന്നും യോഗത്തിലുണ്ടായില്ല. സിന്ധ്യ കേന്ദ്രമന്ത്രിയാവുകയാണെങ്കില്‍ കേന്ദ്രമന്ത്രി നരേന്ദ്ര സിങ് തോമര്‍ മധ്യപ്രദേശ് രാഷ്ട്രീയത്തിലേക്ക് മടങ്ങിപ്പോയേക്കും. സര്‍ക്കാര്‍ രൂപവത്കരിക്കാനായാല്‍ ശിവരാജ് സിങ് ചൗഹാന് പകരം തോമറെയാണ് ബി.ജെ.പി. മുഖ്യമന്ത്രി സ്ഥാനത്തേക്ക് പരിഗണിക്കുന്നതെന്നാണ് സൂചന.

മധ്യപ്രദേശ് രാഷ്ട്രീയത്തില്‍ ഗ്വാളിയര്‍ രാജകുടുംബം നിര്‍ണായകം

scindia

ഗ്വാളിയര്‍ രാജകുടുംബത്തിലെ അവശേഷിച്ച കോണ്‍ഗ്രസുകാരന്‍കൂടി കളംമാറിയിരിക്കുന്നു. ഇതോടെ മധ്യപ്രദേശ് രാഷ്ട്രീയത്തില്‍ നിര്‍ണായക സ്വാധീനം നിലനിര്‍ത്തുന്ന ഗ്വാളിയര്‍ രാജകുടുംബം പൂര്‍ണമായും ബി.ജെ.പി.യുടെ ശക്തികേന്ദ്രമായി.

വിജയരാജ സിന്ധ്യയിലൂടെ രാഷ്ട്രീയത്തിലിറങ്ങിയ ഗ്വാളിയോര്‍ രാജകുടുംബത്തില്‍ മാധവറാവു സിന്ധ്യയും മകന്‍ ജ്യോതിരാദിത്യയും മാത്രമാണ് ദീര്‍ഘകാലം കോണ്‍ഗ്രസിനൊപ്പം നിലയുറപ്പിച്ചിരുന്നത്.

1957-ലാണ് ജ്യോതിരാദിത്യസിന്ധ്യയുടെ മുത്തശ്ശി വിജയരാജെ സിന്ധ്യ രാഷ്ട്രീയത്തിലിറങ്ങിയത്. കോണ്‍ഗ്രസിലൂടെയായിരുന്നു പ്രവേശനം. പിന്നീട് കുടുംബമണ്ഡലമായിമാറിയ ഗുണ ലോക്സഭാ സീറ്റില്‍നിന്ന് 1957-ല്‍നടന്ന തിരഞ്ഞെടുപ്പില്‍ ജയിച്ചു. രാജമാത എന്നപേരില്‍ അറിയപ്പെട്ട അവര്‍ 1967-ല്‍ കോണ്‍ഗ്രസ് വിട്ട് ഭാരതീയ ജനസംഘില്‍ ചേര്‍ന്നു.

മധ്യപ്രദേശില്‍ പില്‍ക്കാല ബി.ജെ.പി. രാഷ്ട്രീയത്തിനു വഴിയൊരുക്കിയത് വിജയരാജയുടെ ഭാരതീയ ജനസംഘ് പ്രവര്‍ത്തനങ്ങളായിരുന്നു. 1971-ലെ ഇന്ദിരാഗാന്ധി തരംഗത്തിലും മധ്യപ്രദേശില്‍ മൂന്ന് ഭാരതീയ ജനസംഘ് സ്ഥാനാര്‍ഥികളാണ് വിജയിച്ചത്. ഭിണ്ഡ് മണ്ഡലത്തില്‍നിന്ന് വിജയരാജെ സിന്ധ്യ, ഗുണ മണ്ഡലത്തില്‍നിന്ന് മകന്‍ മാധവറാവു സിന്ധ്യ, ഗ്വാളിയോറില്‍നിന്ന് എ.ബി. വാജ്പേയ്.

ഇരുപത്തിയാറാം വയസ്സിലാണ് മാധവറാവു ലോക്സഭയിലേക്ക് തിരഞ്ഞെടുക്കപ്പെടുന്നത്. 1977-ലെ അടിയന്തരാവസ്ഥയ്ക്കുശേഷം ജനസംഘിനോടും അമ്മയുടെ രാഷ്ട്രീയത്തോടും അദ്ദേഹം വിടപറഞ്ഞു. 1980-ല്‍ കോണ്‍ഗ്രസില്‍ ചേക്കേറി. രാജീവ് ഗാന്ധിയുടെ ഉറ്റസുഹൃത്തായിരുന്ന മാധവറാവു സിന്ധ്യ ഇന്ദിരയുടെയും വിശ്വസ്തനായി. 1980 മുതല്‍ ഒമ്പത് വട്ടം ഗുണ, ഗ്വാളിയര്‍ മണ്ഡലങ്ങളില്‍നിന്ന് അദ്ദേഹം തിരഞ്ഞെടുക്കപ്പെട്ടു. 1984-ല്‍ ഗ്വാളിയോര്‍ മണ്ഡലത്തില്‍ വാജ്പേയിയെയാണ് തോല്‍പ്പിച്ചത്. 1996-ല്‍ ഹ്രസ്വകാലം പാര്‍ട്ടിയുമായി തെറ്റിപ്പിരിഞ്ഞ് ഐക്യമുന്നണിയുടെ ഭാഗമായതൊഴിച്ചാല്‍ മാധവറാവു ദീര്‍ഘകാലം കോണ്‍ഗ്രസിന്റെ മുഖമായിരുന്നു.

മാധവറാവു കോണ്‍ഗ്രസില്‍ സജീവമായിരുന്ന ഘട്ടത്തിലാണ് സഹോദരിമാരായ വസുന്ധരയും യശോധരയും ബി.ജെ.പി.യില്‍ പ്രവേശിച്ചത്. 1984-ല്‍ വസുന്ധര ബി.ജെ.പി. ദേശീയ നിര്‍വാഹകസമിതി അംഗമായി. രണ്ടുവട്ടം രാജസ്ഥാന്‍ മുഖ്യമന്ത്രിയുമായി. 10 വര്‍ഷംകൂടി കഴിഞ്ഞ് 1994-ലാണ് യശോധര ബി.ജെ.പി. അംഗമായത്. അഞ്ചുവട്ടം എം.എല്‍.എ.യായി. കഴിഞ്ഞ ശിവരാജ് സിങ് ചൗഹാന്‍ മന്ത്രിസഭയില്‍ അംഗമായിരുന്നു.

2001-ല്‍ മാധവറാവു സിന്ധ്യ വിമാനാപകടത്തില്‍ കൊല്ലപ്പെട്ടശേഷം 2002-ലാണ് ജ്യോതിരാദിത്യ സിന്ധ്യ രാഷ്ട്രീയത്തില്‍ പ്രവേശിച്ചത്. കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായി ഗുണയില്‍നിന്ന് നാലരലക്ഷം വോട്ടിന്റെ ഭൂരിപക്ഷത്തിനായിരുന്നു കന്നി ജയം.

ഇത് അവഗണിച്ചതിനുള്ള മറുപടി

scindia

മധ്യപ്രദേശില്‍ ബി.ജെ.പി.യുടെ 15 വര്‍ഷത്തെ ഭരണത്തിന് അന്ത്യംകുറിക്കുന്നതില്‍ നിര്‍ണായക പങ്കുവഹിച്ച നേതാവാണ് ജ്യോതിരാദിത്യ സിന്ധ്യ. എന്നാല്‍ വിജയത്തിനുശേഷം അദ്ദേഹത്തെ നിരന്തരം അവഗണിക്കുകയായിരുന്നു കോണ്‍ഗ്രസ്. എം.പി.സി.സി. അധ്യക്ഷസ്ഥാനം, അല്ലെങ്കില്‍ രാജ്യസഭാസ്ഥാനാര്‍ഥിത്വം: ജ്യോതിരാദിത്യയുടെ രണ്ടാവശ്യങ്ങളും ഹൈക്കമാന്‍ഡ് പരിഗണിച്ചില്ല. മുഖ്യമന്ത്രി കമല്‍നാഥും ദിഗ്വിജയ് സിങ്ങും ഈയിടെ സിന്ധ്യക്കെതിരേ നടത്തിയ പരാമര്‍ശങ്ങളാകട്ടെ ആ പെട്ടിയിലടിച്ച അവസാനത്തെ ആണിയുമായി.

വര്‍ഷങ്ങളായി കോണ്‍ഗ്രസിന്റെ മുന്‍നിരനേതാവായിരുന്ന ജ്യോതിരാദിത്യ, ഹോളിദിനത്തില്‍ ബി.ജെ.പി. രാഷ്ട്രീയകാര്യങ്ങളിലെ നിര്‍ണായകശബ്ദമായ അമിത് ഷായുടെ വീട്ടിലേക്കുചെന്നു. പിന്നാലെ സോണിയക്ക് രാജിക്കത്തുമയച്ചു. കോണ്‍ഗ്രസാകട്ടെ, 'പാര്‍ട്ടിവിരുദ്ധ പ്രവര്‍ത്തനങ്ങളുടെ' പേരില്‍ സിന്ധ്യയെ പുറത്താക്കിയതായി പ്രഖ്യാപിക്കുകയും ചെയ്തു. ഇതോടെ കമല്‍നാഥ് നയിക്കുന്ന മധ്യപ്രദേശ് സര്‍ക്കാരിന്റെ ഭാവി തുലാസിലായി. പ്രധാനമന്ത്രി നരേന്ദ്രമോദിയും ഷായുമായി സിന്ധ്യ നടത്തിയ കൂടിക്കാഴ്ചകളെക്കുറിച്ച് ഔദ്യോഗിക വിവരങ്ങളൊന്നും വന്നിട്ടില്ല. എങ്കിലും മധ്യപ്രദേശില്‍ കാര്യമായ സ്വാധീനമുള്ള ഗ്വാളിയര്‍ രാജകുടുംബത്തിലെ ഇളമുറക്കാരന് ബി.ജെ.പി. നല്‍കുന്ന പ്രധാന്യം അടിവരയിടുന്നതാണ് ഈ ചര്‍ച്ചകള്‍.

തന്നെ അപ്രസക്തനാക്കാന്‍ കമല്‍നാഥും ദിഗ്വിജയ് സിങ്ങും ശ്രമിക്കുന്നെന്നാണ് സിന്ധ്യയുടെ വിശ്വാസം. ഇതിന്റെപേരില്‍ കുറെക്കാലമായി അസ്വസ്ഥനായിരുന്നു അദ്ദേഹം. കോണ്‍ഗ്രസിലെ 22 എം.എല്‍.എ.മാരുടെ രാജി പാര്‍ട്ടിയെ മധ്യപ്രദേശില്‍ ന്യൂനപക്ഷമാക്കിയിരിക്കുന്നു. രാജ്യത്തെ ഏറ്റവും ആദരിക്കപ്പെടുന്ന രാഷ്ട്രീയകുടുംബങ്ങളിലൊന്നാണ് സിന്ധ്യയുടേത്. ജ്യോതിരാദിത്യ സിന്ധ്യയുടെ തീരുമാനം കോണ്‍ഗ്രസുമായി ആ കുടുംബത്തിനുണ്ടായിരുന്ന ബന്ധം അവസാനിപ്പിച്ചിരിക്കുന്നു.

മാറാന്‍ കൂട്ടാക്കാതെ കോണ്‍ഗ്രസ്

ക്യാപ്റ്റന്‍ അമരീന്ദര്‍ സിങ്ങിനുവേണ്ടി നവ്‌ജ്യോത് സിങ് സിദ്ധുവിനെ, അശോക് ഗഹ്ലോതിനുവേണ്ടി സച്ചിന്‍ പൈലറ്റിനെ, കമല്‍നാഥിനുവേണ്ടി സിന്ധ്യയെ കോണ്‍ഗ്രസ് തഴഞ്ഞു. സിന്ധ്യ പാര്‍ട്ടിവിട്ടപ്പോള്‍ ബി.ജെ.പി.യെയാണ് അവര്‍ പഴിക്കുന്നത്. എന്നാല്‍, ബി.ജെ.പി.യില്‍നിന്നു ഭിന്നമായി, പാര്‍ട്ടിയില്‍ അടിയന്തരമായി ആവശ്യമായ പരിവര്‍ത്തനം നടത്തുന്നതിലും യുവാക്കളെ നേതൃനിരയിലേക്കു കൊണ്ടുവരുന്നതിലും കോണ്‍ഗ്രസ് നേതൃത്വം പരാജയപ്പെട്ടെന്നതാണ് യാഥാര്‍ഥ്യം.

scindia

ബി.ജെ.പി.ക്ക് കൈവന്നത് ഇരട്ടനേട്ടം

ഹോളി ആഘോഷങ്ങള്‍ക്കിടയില്‍ ജ്യോതിരാദിത്യയിലൂടെ ബി.ജെ.പി.ക്ക് കൈവന്നത് ഇരട്ടനേട്ടം. മധ്യപ്രദേശില്‍ കോണ്‍ഗ്രസിനെ വീഴ്ത്തുന്നതിനൊപ്പം ഗ്വാളിയര്‍ രാജകുടുംബത്തിലെ അവശേഷിച്ച കോണ്‍ഗ്രസ് നേതാവിനെ പാര്‍ട്ടിയുടെ പാളയത്തിലെത്തിക്കാനും ഈ ചരടുവലികളിലൂടെ ബി.ജെ.പി.ക്ക് കഴിഞ്ഞു.

ലോക്സഭാ തിരഞ്ഞെടുപ്പിനു തൊട്ടുമുമ്പ് ബി.ജെ.പി.ക്ക് കടുത്ത ആഘാതം സൃഷ്ടിച്ചുകൊണ്ടാണ് മധ്യപ്രദേശ്, രാജസ്ഥാന്‍, ഛത്തീസ്ഗഢ് സംസ്ഥാനങ്ങളില്‍ കോണ്‍ഗ്രസ് ഭരണം പിടിച്ചത്. അതില്‍ പ്രധാന തട്ടകത്തില്‍ത്തന്നെ അപരിഹാര്യമായ നഷ്ടമാണ് കോണ്‍ഗ്രസിന് ഇപ്പോള്‍ സംഭവിച്ചിരിക്കുന്നത്.

പ്രാദേശിക - ദേശീയ രാഷ്ട്രീയതലങ്ങളില്‍ ഒരുപോലെ സ്വാധീനമുണ്ടാക്കുന്ന അപ്രതീക്ഷിതനീക്കമാണ് ബി.ജെ.പി. നടത്തിയത്. രാഹുലിന്റെ അടുത്ത സുഹൃത്തായ ജ്യോതിരാദിത്യയെ സ്വന്തമാക്കുന്നതിലൂടെ ബി.ജെ.പി. രാഷ്ട്രീയസന്ദേശം നല്‍കിയത് സോണിയാ കുടുംബത്തിനാണ്. മഹാരാഷ്ട്രയിലെ പാളിപ്പോയ തന്ത്രങ്ങള്‍ക്ക് അമിത് ഷാ-മോദി-നഡ്ഡ കൂട്ടുകെട്ട് കോണ്‍ഗ്രസിന് നല്‍കിയ തിരിച്ചടിയായും ഇതിനെ കാണുന്നവരുണ്ട്.

നേരിയ ഭൂരിപക്ഷവും രൂക്ഷമായ തമ്മിലടിയുംകാരണം ആടിയുലഞ്ഞുകൊണ്ടിരുന്ന മധ്യപ്രദേശ് സര്‍ക്കാരിനെ വീഴ്ത്താന്‍ തുടക്കംമുതല്‍ ബി.ജെ.പി. തന്ത്രങ്ങള്‍ മെനഞ്ഞിരുന്നു. എന്നാല്‍, അമിത് ഷായെ വെല്ലുന്ന ചതുരുപായങ്ങള്‍ സമയാസമയം പ്രയോഗിച്ച് കമല്‍നാഥ് സര്‍ക്കാരിനെ പിടിച്ചുനിര്‍ത്തിയതിനാല്‍ പലഘട്ടങ്ങളിലും കോണ്‍ഗ്രസ് മുഖം രക്ഷിച്ചു. എന്നാല്‍, മധ്യപ്രദേശ് കോണ്‍ഗ്രസില്‍ കാലങ്ങളായി നിലനില്‍ക്കുന്ന കമല്‍നാഥ്-ദിഗ്വിജയ് സിങ്-സിന്ധ്യ ഗ്രൂപ്പുകളുടെ തൊഴുത്തില്‍കുത്ത് സമര്‍ഥമായി ഉപയോഗിച്ചപ്പോള്‍ വിജയം ഇക്കുറി ബി.ജെ.പി.ക്കായി.

ഭരണം വീഴ്ത്തുന്നതിനൊപ്പം കോണ്‍ഗ്രസും ഗ്വാളിയര്‍ രാജകുടുംബവും തമ്മിലുള്ള ബന്ധത്തിന്റെ വേരറുക്കാനായി എന്നത് ബി.ജെ.പി. രാഷ്ട്രീയത്തിനു നല്‍കുന്ന നേട്ടം ചെറുതല്ല. മധ്യപ്രദേശ് രാഷ്ട്രീയത്തില്‍ ഗ്വാളിയര്‍ രാജകുടുംബത്തിന്റെ സ്വാധീനം നിര്‍ണായകമാണ്. മധ്യപ്രദേശില്‍ ഭാരതീയ ജനസംഘിനും ഹൈന്ദവ രാഷ്ട്രീയത്തിനും വേരോട്ടമുണ്ടാക്കിയ സിന്ധ്യകുടുംബത്തിലെ അവശേഷിച്ച വിമതരാഷ്ട്രീയശബ്ദമായിരുന്നു ജ്യോതിരാദിത്യ സിന്ധ്യയുടേത്.

18 വര്‍ഷമായി മധ്യപ്രദേശില്‍ കോണ്‍ഗ്രസിന്റെ പ്രധാനമുഖമായിരുന്ന അദ്ദേഹം ബി.ജെ.പി.ക്കൊപ്പമെത്തുന്നതോടെ തങ്ങളുടെ രാഷ്ട്രീയാടിത്തറ വികസിക്കുമെന്ന് ബി.ജെ.പി. കണക്കുകൂട്ടുന്നു.


എഴുത്ത്: പ്രകാശന്‍ പുതിയേട്ടി, മനോജ് മേനോന്‍, മനീഷ് ദീക്ഷിത്

 

Content Highlights: Jyotiraditya Scindia's Exit from Congress-Indepth