നുവരി 30 കേരളത്തിന്റെ ആരോഗ്യ മേഖലയുടെ ചരിത്രത്തില്‍ മറക്കാനാവാത്ത ഒരു ദിവസമാണ്. ഇന്ത്യയില്‍ തന്നെ ആദ്യത്തെ കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചത് അന്നാണ്. ചൈനയിലെ വുഹാനില്‍ 2019 ഡിസംബര്‍ അവസാനം റിപ്പോര്‍ട്ട് ചെയ്യപ്പെട്ട പുതിയ കൊറോണ വൈറസ് (നോവല്‍ കൊറോണ വൈറസ് - 2019-nCoV) കൊറോണ കുടുംബത്തില്‍പ്പെട്ട (സാര്‍സ്, മെര്‍സ് - SARS MERS) വൈറസുകളുടെ ഒരു വകഭേദമായിരുന്നു. ഇതിന് പകര്‍ച്ചാശേഷി വളരെ കൂടുതലാണെന്നും പതിനായിരക്കണക്കിന് മനുഷ്യരുടെ മരണ കാരണമാകുമെന്ന് ഡബ്ല്യു.എച്ച്.ഒ. മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇങ്ങനെയൊരു മുന്നറിയിപ്പ് ജനുവരി രണ്ടാം വാരത്തോടെ കണ്ടതോടെ കേരളത്തില്‍ കോവിഡ് പ്രതിരോധത്തിനാവശ്യമായ മുന്നൊരുക്കങ്ങള്‍ നടത്താന്‍ തുടങ്ങിയിരുന്നു. കണ്‍ട്രോള്‍ റൂമുകള്‍ തുറക്കുകയും വിപുലമായ പരിശീലന പരിപാടികള്‍ ആരംഭിക്കുകയും ആവശ്യമായ മനുഷ്യവിഭവശേഷി ഒരുക്കിക്കൊണ്ട് പ്രതിരോധനിര തീര്‍ക്കുകയും ചെയ്തു. ഈ മുന്നൊരുക്കങ്ങള്‍ ഒന്നാംഘട്ടത്തില്‍ കോവിഡ് വ്യാപനത്തിന്റെ തോത് കുറയ്ക്കാനും മരണനിരക്ക് കുറയ്ക്കാനും സഹായകമായി.

പകര്‍ച്ചവ്യാധി പ്രതിരോധത്തിന് മുന്നില്‍ പ്രധാനപ്പെട്ട മൂന്ന് വെല്ലുവിളികള്‍ നേരിടുന്ന സംസ്ഥാനമാണ് കേരളം. ഒന്ന് നമ്മുടെ വളരെ ഉയര്‍ന്ന ജനസാന്ദ്രതയാണ്. ഒരു ചതുരസ്ത്ര കിലോമീറ്ററില്‍ 860 ആണ് കേരളത്തില്‍. അതേസമയം ഇന്ത്യയുടെ ശരാശരി 430 ആണ്. രണ്ടാമതായി പ്രായം ചെന്നവരുടെ ജനസംഖ്യ ഏറ്റവും കൂടുതലുള്ള ഒരു സംസ്ഥാനമാണ് കേരളം. ആകെ ജനസംഖ്യയുടെ 14 ശതമാനം. കേരളത്തിന്റെ ജീവിതശൈലീ രോഗ വ്യാപനമാണ് മറ്റൊന്ന്. ഇന്ത്യയുടെ പ്രമേഹ തലസ്ഥാനമെന്നാണ് കേരളം അറിയപ്പെടുന്നത്. 

പല മാനവ വികസന സൂചികകളിലും നാം ഒന്നാമതെത്തിയെങ്കിലും ആരോഗ്യ ശീലങ്ങളിലും ജീവിതശൈലിയിലും ഉണ്ടായ അശാസ്ത്രീയമായ പ്രവണതകളാണ് ജീവിതശൈലീ രോഗങ്ങള്‍ വര്‍ധിക്കാന്‍ കാരണം. ഏറെ വ്യാപനശേഷിയുള്ള ഒരു വൈറസിന്റെ പകര്‍ച്ച ഉണ്ടാകുമ്പോള്‍ മരണനിരക്ക് വര്‍ധിക്കാന്‍ ഇത് കാരണമാകുന്നു. അതിനാല്‍ കോവിഡ്-19 വ്യാപനത്തില്‍ ഏറ്റവും കൂടുതല്‍ മരണനിരക്ക് കേരളത്തിലാകാന്‍ സാധ്യതയുണ്ടെന്ന് വിദഗ്ധര്‍ അഭിപ്രായപ്പെട്ടിരുന്നു. 

സര്‍ക്കാരിന്റെ ശ്രദ്ധേയമായ ഇടപെടലിന്റെ ഫലമായിട്ടാണ് നമുക്ക് മരണനിരക്ക് വളരെ കുറക്കാന്‍ സാധിച്ചത്. ലോകാരോഗ്യ സംഘടനയും ആരോഗ്യ രംഗത്തെ മറ്റേജന്‍സികളും മരണനിരക്ക് ഒരു ശതമാനത്തിന് താഴെയാക്കാന്‍ കഴിഞ്ഞാല്‍ നേട്ടമാകുമെന്ന് സൂചിപ്പിച്ചപ്പോള്‍ നമുക്ക് മരണനിരക്ക് 0.4 ആയി കുറയ്ക്കാന്‍ സാധിച്ചു. ഇതാണ് ലോക രാഷ്ട്രങ്ങളുടേയും അന്താരാഷ്ട്ര സംഘടനകളുടേയും അഭിനന്ദനത്തിന് പാത്രമാകാന്‍ സഹായിച്ചത്. ലോക് ഡൗണ്‍ എടുത്ത് കളഞ്ഞപ്പോള്‍ യാത്ര വിലക്ക് നീങ്ങുകയും ആളുകളുടെ സഞ്ചാരവും കൂട്ടായ്മയുമെല്ലാം വര്‍ധിക്കുകയും ചെയ്തു.

ഈ ഘട്ടത്തില്‍ അകലം പാലിച്ചും മാസ്‌ക് ധരിച്ചും സാനിറ്റൈസര്‍ ഉപയോഗിച്ചും ഒരാളില്‍ നിന്നും മറ്റൊരാളിലേക്ക് രോഗം പകരുന്നത് തടയാന്‍ ഓരോ വ്യക്തിയും തയ്യാറായാല്‍ മാത്രമേ രോഗ പകര്‍ച്ച തടയാന്‍ കഴിയുമായിരുന്നുള്ളൂ. ആയത് വേണ്ടത്ര പാലിക്കാത്തതിന്റെ ഫലമായാണ് രോഗപ്പകര്‍ച്ച കൂടിയത്. എന്നാല്‍ സര്‍ക്കാരിന്റേയും ആരോഗ്യ വകുപ്പിന്റേയും സമയോചിതവും സാഹസികവുമായ ഇടപെടലിലൂടെയാണ് കേസുകള്‍ ഇത്രയേറെ വര്‍ധിച്ചിട്ടും മരണ നിരക്ക് ആദ്യഘട്ടത്തിലെ 0.5 ശതമാനത്തില്‍ നിന്നും 0.4 ശതമാനമായി കുറയ്ക്കാന്‍ സാധിച്ചത്. 

കോവിഡ് മഹാമാരി പിന്‍മാറുമ്പോള്‍ ഒരു ചോദ്യമാണ് പ്രധാനമായി അവശേഷിക്കുക. എത്ര പേരുടെ ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞു എന്നത്. ഒരു ചെറിയ അശ്രദ്ധ ഉണ്ടായിരുന്നെങ്കില്‍ മരിച്ചു പോകുമായിരുന്ന പതിനായിരങ്ങളുടെ ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞു എന്നതാണ് കേരളത്തിന് ഇതേവരെയുണ്ടായിട്ടുള്ള നേട്ടം. മുഖ്യമന്ത്രിയുടെ നേതൃത്വത്തിലെ വിവിധ വകുപ്പുകളെ ഏകോപിപ്പിച്ചുള്ള ഇടപെടലുകളും ആരോഗ്യ സംവിധാനങ്ങളും സേവനങ്ങളും ശക്തമാക്കാനുള്ള ആരോഗ്യ വകുപ്പിന്റെ സമയബന്ധിതമായിട്ടുള്ള പ്രവര്‍ത്തനങ്ങളുമാണ് ഇതിന് സാധ്യമാക്കിയത്.

വളരെ നേരത്തെയുള്ള പ്ലാനിംഗ്: ആദ്യ കേസ് ജനുവരി 30ന്

കൊറോണ വൈറസിന്റെ പുതിയ വകഭേദത്തെക്കുറിച്ചുള്ള ലോകാരോഗ്യ സംഘടനയുടെ അറിയിപ്പ് ജനുവരിയില്‍ ലഭിച്ചയുടന്‍ തന്നെ ആരോഗ്യ വകുപ്പ് ജാഗ്രത നിര്‍ദേശം പുറപ്പെടുവിച്ചു. 2020 ജനുവരി 24 മുതല്‍ സംസ്ഥാനത്തൊട്ടാകെയുള്ള പ്രവര്‍ത്തനങ്ങളുടെ മേല്‍നോട്ടത്തിനും ഏകോപനത്തിനുമായി ആരോഗ്യ വകുപ്പ് ഡയറക്ടറേറ്റില്‍ ഒരു കണ്‍ട്രോള്‍ റൂം സ്ഥാപിച്ചു. കൊറോണ വൈറസുമായി ബന്ധപ്പെട്ട വിവിധ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാന്‍ 18 ടീമുകള്‍ സജ്ജമാക്കി. 

സംസ്ഥാന കണ്‍ട്രോള്‍ റൂമിന് സമാനമായ രീതിയില്‍ ജില്ലാ കണ്‍ട്രോള്‍ റൂമുകളും കോള്‍ സെന്ററുകളും സ്ഥാപിച്ചു. ഇന്ത്യയിലാദ്യമായി കോവിഡ് റിപ്പോര്‍ട്ട് ചെയ്തത് 2020 ജനുവരി 30ന് ചൈനയിലെ വുഹാനില്‍ നിന്നും വന്ന ഒരു വിദ്യാര്‍ത്ഥിയിലൂടെ കേരളത്തിലാണ്. ജനുവരി 25 മുതല്‍ മാര്‍ച്ച് 5 വരെയുള്ള ആദ്യഘട്ടത്തില്‍ ആകെ മൂന്ന് പേര്‍ക്കാണ് രോഗം ബാധിച്ചത്. കേരളം നടത്തിയ മുന്നൊരുക്കത്തിലൂടെ അവരില്‍ നിന്നും മറ്റാരിലേക്കും വൈറസ് പകരാതെ തടയാന്‍ സാധിച്ചു.

രണ്ടാംഘട്ടം മാര്‍ച്ച് 6 മുതല്‍ മെയ് 4 വരെ

മാര്‍ച്ച് 6 മുതല്‍ മെയ് 4 വരെ വരെയുള്ളതാണ് രണ്ടാം ഘട്ടം. മറ്റ് പല സംസ്ഥാനത്തും രോഗബാധ കുതിച്ചുയര്‍ന്നപ്പോഴും പിടിച്ച് നില്‍ക്കാന്‍ നമുക്കായി. മാര്‍ച്ച് 8ന് വിദേശത്തുനിന്നു വന്ന പത്തനംതിട്ടയിലെ ഒരു കുടുംബത്തിലെ അഞ്ചുപേര്‍ക്കാണ് രണ്ടാം ഘട്ടത്തില്‍ ആദ്യം രോഗമുണ്ടായത്. രണ്ടാം ഘട്ടത്തില്‍ ആകെ 499 പേര്‍ക്കാണ് രോഗം ബാധിച്ചത്. അതില്‍ 3 പേര്‍ മരിച്ചു.

കോവിഡിനെ ശക്തമായി പ്രതിരോധിക്കാന്‍ വലിയ ആസൂത്രണമാണ് രണ്ടാം ഘട്ടത്തില്‍ നടത്തിയത്. സംസ്ഥാനത്തെ എല്ലാ മെഡിക്കല്‍ കോളേജുകള്‍, ജില്ലാ ആശുപത്രികള്‍, ജനറല്‍ ആശുപത്രികള്‍, താലൂക്ക് ആശുപത്രികള്‍ എന്നിവിടങ്ങളില്‍ ഐസൊലേഷന്‍ സൗകര്യങ്ങള്‍ ഒരുക്കി. ഐസൊലേഷനായി വെന്റിലേറ്റര്‍ പിന്തുണയുള്ള ഐസിയു സൗകര്യം എല്ലാ മെഡിക്കല്‍ കോളേജുകള്‍, ജനറല്‍ ആശുപത്രികള്‍, ജില്ലാ ആശുപത്രികളില്‍ എന്നിവിടങ്ങളില്‍ ക്രമീകരിച്ചിരിച്ചു. 

മറ്റ് രാജ്യങ്ങളില്‍ നിന്നോ സംസ്ഥാനങ്ങളില്‍ നിന്നോ കേരളത്തിലേക്ക് മടങ്ങിയെത്തിയവരെ ഉള്‍ക്കൊള്ളുന്നതിനായി എല്ലാ ജില്ലകളിലും കോവിഡ് കെയര്‍ സെന്ററുകള്‍ സ്ഥാപിച്ചു. നിരീക്ഷണത്തിലുള്ള തീവ്രതയില്ലാത്ത രോഗലക്ഷണമുള്ള എല്ലാവര്‍ക്കും ചികിത്സ നല്‍കുന്നതിനായി കോവിഡ് ഫസ്റ്റ് ലൈന്‍ ചികിത്സാ കേന്ദ്രങ്ങള്‍ സ്ഥാപിച്ചു. മികച്ച കോവിഡ് ചികിത്സയ്ക്കായി ഐസിയു, വെന്റിലേറ്റര്‍ സൗകര്യങ്ങളോടെയുള്ള കോവിഡ് ആശുപത്രികള്‍ ആരംഭിച്ചു. എല്ലാ പ്രാഥമിക ആശുപത്രികളിലും അധിക മാനവ വിഭവശേഷി നല്‍കി ഒപി സമയം വൈകുന്നേരം 6 മണി വരെ നീട്ടി.

മാര്‍ച്ച് 24 ന് രാജ്യവ്യാപക ലോക്ക്ഡൗണ്‍

രോഗികളുടെ എണ്ണം വര്‍ധിച്ചതിനെ തുടര്‍ന്ന് 2020 മാര്‍ച്ച് 24ന് രാജ്യവ്യാപകമായി ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചു. സോഷ്യല്‍ മീഡിയ വഴി വ്യാജ വാര്‍ത്ത പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ കര്‍ശന നിയമ നടപടികള്‍ സ്വീകരിച്ചു. ക്വാറന്റീന്‍ മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ പാലിക്കാത്ത വ്യക്തികള്‍ക്കെതിരെയും നിയമനടപടികള്‍ ആരംഭിച്ചു. എന്‍സിഡി രോഗികള്‍ക്ക് അവരുടെ വീടുകളില്‍ ഒരു മാസത്തെ മരുന്നുകള്‍ വിതരണം ചെയ്തു. തടസമില്ലാത്ത സേവനം ഉറപ്പാക്കുന്നതിന് എല്ലാ ഡയാലിസിസ് കേന്ദ്രങ്ങള്‍ക്കും സാധ്യമായ പരമാവധി ഷിഫ്റ്റുകളില്‍ പ്രവര്‍ത്തിക്കാനും ഐസൊലേഷനില്‍ കഴിയുന്ന രോഗികള്‍ക്ക് പ്രത്യേക ഡയാലിസിസ് സൗകര്യം നല്‍കാനും നിര്‍ദ്ദേശം നല്‍കി. വയോജനങ്ങള്‍ക്ക് ആവശ്യമായ പരിചരണം നല്‍കുന്നതിനായി ആരോഗ്യ പ്രവര്‍ത്തകര്‍ സ്ഥിരമായി അവരുടെ വീട് സന്ദര്‍ശിക്കുകയും റിവേഴ്സ് ക്വാറന്റൈന്‍ ഫലപ്രദമായി നടപ്പിലാക്കുകയും ചെയ്തു.

ഐസൊലേഷനില്‍ കഴിയുന്ന ആളുകള്‍ക്ക് പിന്തുണ നല്‍കുന്നതിനും ഹോം ഐസൊലേഷന്റെ ഗുണനിലവാരം ഉറപ്പുവരുത്തുന്നതിനുമായി പഞ്ചായത്ത് തലത്തിലുള്ള സന്നദ്ധ സംഘങ്ങള്‍ വീട് സന്ദര്‍ശനം ആരംഭിച്ചു. ഭക്ഷണം തയ്യാറാക്കുന്നതിനായി സംസ്ഥാനത്തുടനീളം കമ്മ്യൂണിറ്റി അടുക്കളകള്‍ ആരംഭിച്ച് ഭക്ഷണം ഉറപ്പു വരുത്തി. ബിവറേജ് ഔട്ട്ലറ്റുകള്‍ പൂട്ടിയ സാഹചര്യത്തില്‍ മദ്യം ഉപയോഗിക്കുന്നവര്‍ക്ക് ഉണ്ടാകാന്‍ സാദ്ധ്യതയുള്ള ശാരീരികവും, മാനസികവുമായ ബുദ്ധിമുട്ടുകള്‍ പരിഹരിക്കുന്നതിനായി ഡീ അഡിക്ഷന്‍ സേവനങ്ങള്‍ ഉറപ്പുവരുത്തി. ചികിത്സയിലും നിരീക്ഷണതിലുമിരിക്കുന്ന വ്യക്തികള്‍ക്ക് മനശാസ്ത്രപരമായ പിന്തുണ നല്‍കാന്‍ കൗണ്‍സിലിംഗ് സേവനം ഉറപ്പുവരുത്തി. കോവിഡ് നിയന്ത്രണവുമായി ബന്ധപ്പെട്ട് ആരോഗ്യ വകുപ്പിന്റെ മാനസികാരോഗ്യ പരിപാടിയുടെ നേതൃത്വത്തില്‍ എല്ലാ വിഭാഗത്തിനുമായി ഇതുവരെ 66 ലക്ഷം പേര്‍ക്ക് സൈക്കോ സോഷ്യല്‍ സപ്പോര്‍ട്ട് സേവനങ്ങള്‍ നല്‍കി

4 മെയ് മുതല്‍ ഇതുവരെ

മെയ് 4 മുതല്‍ രാജ്യത്തിന്റെ മറ്റ് ഭാഗങ്ങളില്‍ കുടുങ്ങിയവര്‍ക്ക് അന്തര്‍സംസ്ഥാന അതിര്‍ത്തികളിലൂടെ സംസ്ഥാനത്തേക്ക് മടങ്ങാന്‍ അനുവാദം നല്‍കി. മെയ് 7 മുതല്‍ 'വന്ദേ ഭാരത് മിഷന്റെ' ഭാഗമായി അന്താരാഷ്ട്ര വിമാന സര്‍വീസുകള്‍ പുനരാരംഭിച്ചു. രാജ്യത്തേക്ക് വന്‍തോതില്‍ പ്രവാസികള്‍ എത്തിയതിനെത്തുടര്‍ന്ന് കേസുകളുടെ എണ്ണത്തില്‍ വര്‍ധനയുണ്ടാകുമെന്ന് പ്രതീക്ഷിച്ച് സംസ്ഥാനത്തിനകത്ത് കോവിഡ് നിയന്ത്രിക്കുന്നതിനും സാമൂഹിക വ്യാപനം തടയുന്നതിനും നിരവധി നടപടികള്‍ സ്വീകരിച്ചു.

ആശുപത്രികളെ സുസജ്ജമാക്കി

മികച്ച കോവിഡ് ചികിത്സയ്ക്കായി 29 കോവിഡ് ആശുപത്രികളും 41 മറ്റാശുപത്രികളും ഉള്‍പ്പെടെ സര്‍ക്കാര്‍ മേഖലയില്‍ 70 ആശുപത്രികളിലായി 11,640 കിടക്കകള്‍ സജ്ജമാക്കിയിരുന്നു. 1286 സ്വകാര്യ ആശുപത്രികളിലായി 5757 കിടക്കകള്‍ സജ്ജമാക്കി. ഇതില്‍ 116 ആശുപത്രികള്‍ കാസ്പ് ചികിത്സാ പദ്ധതിയില്‍ പങ്കാളികളായി. രോഗികളുടെ എണ്ണം വര്‍ധിപ്പിക്കുന്നതിനനുസരിച്ച് കോവിഡ് ആശുപത്രികള്‍ക്ക് അധിക മാനവ വിഭവശേഷിയും അടിസ്ഥാന സൗകര്യങ്ങളും നല്‍കി. കോവിഡ് ആശുപത്രികളിലെ ഓക്സിജന്‍ ഉത്പാദന ശേഷിയും ഓക്സിജന്റെ ഉപയോഗവും നിരീക്ഷിക്കുന്നതിന് ഓക്സിജന്‍ ഓഡിറ്റും ദിവസേന നടത്തി.

ഐസിയുകളും വെന്റിലേറ്ററുകളും

ആശുപത്രികളില്‍ കൂടുതല്‍ ഐസിയു കിടക്കകളും വെന്റിലേറ്റര്‍ സൗകര്യങ്ങളും ഒരുക്കി. സര്‍ക്കാര്‍ ആശുപത്രികളില്‍ 2665 ഐസിയു കിടക്കകളും സ്വകാര്യ ആശുപത്രികളില്‍ 7085 ഐസിയു കിടക്കകളും ഉള്‍പ്പെടെ ആകെ 9750 ഐസിയു കിടക്കകളും സര്‍ക്കാര്‍ ആശുപത്രികളില്‍ 2225 വെന്റിലേറ്ററുകളും സ്വകാര്യ ആശുപത്രികളില്‍ 1523 വെന്റിലേറ്ററുകളും ഉള്‍പ്പെടെ ആകെ 3748 വെന്റിലേറ്ററുകളും സജ്ജമാക്കിയിരുന്നു. ഇവയില്‍ തന്നെ 50 ശതമാനത്തോളം ഐസിയു കിടക്കകളും 25 ശതമാനത്തോളം വെന്റിലേറ്ററുകളും മാത്രമേ ഉപയോഗിക്കേണ്ടി വന്നിട്ടുള്ളൂ.

സ്വകാര്യ മേഖലയുടെ പങ്കാളിത്തം

കോവിഡ് പ്രതിരോധത്തില്‍ സ്വകാര്യ മേഖലയുടെ പങ്കാളിത്തം ഉറപ്പിച്ചു. സ്വകാര്യ ആശുപത്രികളുമായുള്ള ഇടപഴകല്‍ പൊതു സ്വകാര്യ പങ്കാളിത്ത മാതൃകയില്‍ കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതി (കെഎഎസ്പി) വഴി നടത്തി.

ആശുപത്രി നിറയാതിരിക്കാന്‍ പ്രത്യേക സേവനങ്ങള്‍

സംസ്ഥാനത്തൊട്ടാകെയുള്ള കോവിഡ് കെയര്‍ സെന്ററുകളുടെ എണ്ണവും സെന്ററുകളിലെ കിടക്കകളുടെ എണ്ണവും വര്‍ദ്ധിപ്പിച്ചു. എല്ലാ അന്തര്‍ദ്ദേശീയ യാത്രക്കാര്‍ക്കും ഈ കേന്ദ്രങ്ങളില്‍ 14 ദിവസത്തെ ക്വാറന്റീന്‍ നിര്‍ബന്ധമായിരുന്നു. രോഗലക്ഷണമില്ലാത്ത രോഗികളുടെ ചികിത്സയ്ക്കായി ഡൊമിസിലിയറി കെയര്‍ സെന്ററുകള്‍ (ഡിസിസി) സ്ഥാപിച്ചു. വീട്ടില്‍ ഐസൊലേഷന്‍ മതിയായ സൗകര്യങ്ങള്‍ ഉണ്ടെങ്കില്‍ രോഗലക്ഷണമില്ലാത്ത കോവിഡ് രോഗികള്‍ക്ക് വീട്ടില്‍ ചികിത്സ അനുവദിച്ചു. തീവ്രതയില്ലാത്ത രോഗലക്ഷണമുള്ള (കാറ്റഗറി എ) രോഗികളുടെ ചികിത്സയ്ക്കായി കോവിഡ് ഫസ്റ്റ് ലൈന്‍ ചികിത്സാ കേന്ദ്രങ്ങള്‍ (സിഎഫ്എല്‍ടിസി) സ്ഥാപിച്ചു. തീക്ഷ്ണ ലക്ഷണങ്ങളുള്ള (കാറ്റഗറി ബി) രോഗികളുടെ ചികിത്സയ്ക്കായി കോവിഡ് സെക്കന്‍ഡ് ലൈന്‍ ചികിത്സാ കേന്ദ്രങ്ങള്‍ (സിഎസ്എല്‍ടിസി) സ്ഥാപിച്ചു. സിഎഫ്എല്‍ടിസി, സിഎസ്എല്‍ടിസി, ഡിസിസികളിലായി ആകെ 1427 കേന്ദ്രങ്ങളിലായി 1,24,282 കിടക്കകളാണ് സജ്ജമാക്കിയത്.

പരിശോധന 70,000 വരെ ആക്കി ഉയര്‍ത്തി

പരിശോധനാശേഷി പ്രതിദിനം 70,000 ടെസ്റ്റുകളായി ഉയര്‍ത്തി. ഇനിയും കൂട്ടാനാണ് ശ്രമിക്കുന്നത്. എല്ലാ ജില്ലകള്‍ക്കും ജനസംഖ്യ, കേസ് ലോഡ് എന്നിവ അടിസ്ഥാനമാക്കി ദൈനംദിനം നടത്തേണ്ട പരിശോധനയുടെ എണ്ണം നല്‍കി. കോവിഡ് റിപ്പോര്‍ട്ട് ചെയ്യുന്ന സമയത്ത് എന്‍.ഐ.വി. ആലപ്പുഴ മാത്രമായിരുന്നു ഉണ്ടായിരുന്നത്. എന്നാല്‍ സംസ്ഥാനത്തുടനീളം സര്‍ക്കാര്‍ സ്വകാര്യ ലാബുകള്‍ ഉള്‍പ്പെടെ 2231 ലാബുകള്‍ സ്ഥാപനങ്ങളില്‍ കോവിഡ് പരിശോധന നടത്തുന്നു.

കോവിഡ് ബ്രിഗേഡ്

സിഎഫ്എല്‍ടിസികളില്‍ പ്രവര്‍ത്തിക്കുന്നതിന് വളരെയേറെ ആരോഗ്യ പ്രവര്‍ത്തകര്‍ ആവശ്യമായിരുന്നു. സര്‍ക്കാര്‍ സര്‍വീസിലുള്ളവരെ കൊണ്ട് മാത്രം അതിന് സാധിക്കില്ല. അതുകൊണ്ടു തന്നെ ആരോഗ്യ ആയുഷ് മേഖലകളില്‍ നിന്നും സമാഹരിക്കുന്ന ആളുകളോടൊപ്പം മറ്റ് ഡിപ്പാര്‍ട്ടുമെന്റുകളില്‍ നിന്നുള്ളവരും സ്വയം സന്നദ്ധരായി മുന്നോട്ട് വരുന്നവരേയും ചേര്‍ത്താണ് കോവിഡ് ബ്രിഗേഡ് രൂപീകരിച്ചത്.

സൂപ്പര്‍ സ്പ്രെഡ് ഒഴിവാക്കാന്‍ ആക്ഷന്‍ പ്ലാന്‍

കോവിഡ്-19 സമ്പര്‍ക്ക രോഗികളുടെ എണ്ണം കൂടിയ പശ്ചാത്തലത്തില്‍ സൂപ്പര്‍ സ്പ്രെഡ് ഒഴിവാക്കാന്‍ ആക്ഷന്‍ പ്ലാന്‍ തയ്യാറാക്കി. സൂപ്പര്‍ സ്പ്രെഡിലേക്ക് പോയ പ്രദേശങ്ങളില്‍ പ്രത്യേകം ക്ലസ്റ്ററായി തിരിച്ച് കര്‍ശന നടപടികള്‍ സ്വീകരിച്ചു.

റിവേഴ്സ് ക്വാറന്റൈന്‍

പ്രായം ചെന്നവര്‍, ഗര്‍ഭിണികള്‍, ചെറിയ കുട്ടികള്‍ ഭിന്നശേഷിക്കാര്‍ മറ്റ് അനുബന്ധ രോഗങ്ങളുള്ളവര്‍ എന്നിവരെ കൊറോണ ബാധിത മേഖലകളില്‍ നിന്ന് വരുന്നവരില്‍ നിന്നും പൂര്‍ണമായി മാറ്റി നിര്‍ത്തുന്നതിനും സമ്പര്‍ക്കം ഒഴിവാക്കുന്നതിനും വേണ്ടി റിവേഴ് ക്വാറന്റൈന്‍ പദ്ധതി നടപ്പിലാക്കി. ആരോഗ്യ വകുപ്പിന് പുറകെ പോലീസ്, സാമൂഹ്യനീതി വകുപ്പ്, അങ്കണവാടി വര്‍ക്കര്‍മാര്‍, ആശ വര്‍ക്കര്‍മാര്‍ വോളന്റിയര്‍മാര്‍ തുടങ്ങിയവര്‍ ഈ വിഭാഗത്തില്‍പ്പെട്ട ആളുകളുള്ള ഓരോ വീടുമായും ബന്ധപ്പെട്ട് അവരുടെ സമ്പര്‍ക്ക വിലക്ക് ഉറപ്പാക്കി.

ഇ-സഞ്ജീവനി മുതല്‍ പോസ്റ്റ് കോവിഡ് ക്ലിനിക്കുകള്‍ വരെ

കോവിഡ് കാലത്ത് ആശുപത്രിയില്‍ പോകാതെ വീട്ടില്‍ ചികിത്സ ഉറപ്പാക്കാന്‍ ഇ-സഞ്ജീവീനി ടെലിമെഡിസിന്‍ പ്ലാറ്റ്ഫോം ആരംഭിച്ചു. മികച്ച സേവനങ്ങളുടെ ഉപയോഗം ഉറപ്പാക്കുന്നതിന് ജില്ലാതലത്തില്‍ ഇന്റന്‍സിവിസ്റ്റുകളുടെയും ക്രിട്ടിക്കല്‍ കെയര്‍ വിദഗ്ധരുടെയും ജില്ലാ പൂള്‍ സ്ഥാപിച്ചു. കോവിഡില്‍ നിന്ന് സുഖം പ്രാപിച്ചതിന് ശേഷം പോസ്റ്റ് കോവിഡ് ലക്ഷണങ്ങളുള്ള രോഗികളുടെ ചികിത്സക്കായി പോസ്റ്റ് കോവിഡ് ക്ലിനിക്കുകള്‍ ആരംഭിച്ചു. പിഎച്ച്സി, സിഎച്ച്സി, എഫ്എച്ച്സി തലത്തില്‍ പോസ്റ്റ് കോവിഡ് ക്ലിനിക്കുകളും ടിഎച്ച്ക്യു, ഡിഎച്ച്, ജിഎച്ച്, മെഡിക്കല്‍ കോളേജുകളില്‍ റഫറല്‍ ക്ലിനിക്കുകളും ആരംഭിച്ചു.

കോവിഡ്-19 സ്റ്റെപ്പ് കിയോസ്‌കുകള്‍

വിമാനത്താവളങ്ങള്‍, അതിര്‍ത്തി പ്രദേശങ്ങള്‍, റെയില്‍വേ സ്റ്റേഷനുകള്‍, മറ്റ് ട്രാന്‍സിറ്റ് പോയിന്റുകള്‍, ഷോപ്പിംഗ് മാളുകള്‍, ശബരിമല തുടങ്ങിയ സ്ഥലങ്ങളില്‍ കോവിഡ്-19 സ്റ്റെപ്പ് കിയോസ്‌കുകള്‍ (സ്‌ക്രീനിംഗ്, ടെസ്റ്റിംഗ്, വിദ്യാഭ്യാസം, പ്രതിരോധം) സ്ഥാപിച്ചു.

ഡിലേയിംഗ് ദ പീക്ക്

ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ വൈറസ് വ്യാപനം പ്രതിസന്ധി സൃഷ്ടിച്ച ഘട്ടത്തില്‍ കേരളം ആകെ ഉണര്‍ന്നു പ്രവര്‍ത്തിച്ചു. കേരളത്തിന്റെ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ലോക ശ്രദ്ധ നേടി. ഏറ്റവും ശരിയായ പരിശോധനാ രീതിയും നിയന്ത്രണ രീതിയുമാണ് കേരളം അവലംബിച്ചത്. മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ കൃത്യമായ വിലയിരുത്തലും ആസൂത്രണവും വഴിയാണ് സംസ്ഥാനം കാര്യങ്ങള്‍ നിയന്ത്രിച്ചത്. ട്രെയിസ്, ക്വാറന്റൈന്‍, ടെസ്റ്റ്, ഐസൊലേറ്റ്, ട്രീറ്റ് എന്ന കേരളത്തിന്റെ രീതി ശരിയെന്ന് ലോകം മുഴുവന്‍ ചര്‍ച്ച ചെയ്യപ്പെട്ടു. കേരളത്തിന്റെ ക്വാറന്റൈന്‍ രീതിയും സിഎഫ്എല്‍ടിസിയും ഹോം ക്വാറന്റൈനുമെല്ലാം ലോകം ചര്‍ച്ച ചെയ്തു. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കും മരണനിരക്കും വളരെയധികം കുറയ്ക്കാന്‍ നമുക്ക് സാധിച്ചു. മറ്റ് പലയിടത്തും മരണനിരക്ക് 4 മുതല്‍ 10 ശതമാനമായപ്പോള്‍ നമ്മുടെ സംസ്ഥാനത്തെ മരണനിരക്ക് എല്ലായിപ്പോഴും 0.4 ശതമാനത്തിന് താഴെയാക്കാന്‍ സാധിച്ചു. മരണനിരക്ക് കുറച്ച് നിര്‍ത്തിയിരിക്കുന്നത് നമ്മുടെ ആരോഗ്യ സംവിധാനത്തിന്റെ മികവാണ്. വിദേശ രാജ്യങ്ങളുടെ പോലും പ്രശംസയ്ക്ക് കാരണമായതും ഇതുതന്നെയാണ്.

ഇന്ത്യയില്‍ ഏറ്റവുമാദ്യം കേസ് റിപ്പോര്‍ട്ട് ചെയ്ത കേരളത്തിലാണ് ഇപ്പോള്‍ അവസാനം ഉച്ഛസ്ഥായിലെത്തുന്നത്. ഇതിലൂടെ രോവ്യാപന വേഗത, നമ്മുടെ ആരോഗ്യ സംവിധാനങ്ങളുടെ വളര്‍ച്ചയുടെ വേഗതയെക്കാള്‍ താഴെ നിര്‍ത്താന്‍ നമുക്ക് സാധിച്ചു. ലോകത്തു തന്നെ ഏറ്റവും നല്ല ആരോഗ്യ സംവിധാനങ്ങളുള്ള ഇറ്റലി പോലുള്ള രാജ്യങ്ങളിലും ഇന്ത്യയിലെ ഡല്‍ഹി ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളിലും പെട്ടന്ന് കേസുകള്‍ വര്‍ധിച്ചപ്പോള്‍ വെന്റിലേറ്ററുകളും ഐസിയുകളും ലഭ്യമാകാതെ ചികിത്സ കിട്ടാത്ത അവസ്ഥയുണ്ടായി. എന്നാല്‍ കേരളത്തില്‍ രോഗവ്യാപനത്തിന്റെ വേഗത കുറച്ചു നിര്‍ത്തിയതു കൊണ്ടുതന്നെ ആരോഗ്യ മേഖലയുടെ കപ്പാസിറ്റി മറികടക്കാതെ എല്ലാവര്‍ക്കും മെച്ചപ്പെട്ട ചികിത്സ ഉറപ്പാക്കാന്‍ സര്‍ക്കാരിന് സാധിച്ചു. ഒരു ഘട്ടത്തില്‍ പോലും നമ്മുടെ 50 ശതമാനത്തില്‍ കൂടുതല്‍ ഐസിയുകളും 25 ശതമാനത്തിലധികം വെന്റിലേറ്ററുകളും ഉപയോഗിക്കേണ്ടി വന്നിട്ടില്ല എന്നത് ഇത് സാക്ഷ്യപ്പെടുത്തുന്നു. ഇത് നമുക്ക് നല്‍കിയ നേട്ടമെന്ന് പറയുന്നത് അനേകം ജീവനുകള്‍ രക്ഷിക്കാന്‍ സാധിച്ചു. അതേസമയം പീക്ക് ഡിലേ ചെയ്യിക്കുന്നതിന്റെ മറ്റൊരു വശം സമൂഹത്തിന്റെ രോഗം ബാധിക്കാന്‍ ബാക്കിയുള്ളവരുടെ ശതമാനം കൂടുതലായതിനാല്‍ ഇളവുകള്‍ കൊടുക്കുമ്പോള്‍ കേസുകള്‍ സ്വാഭാവികമായും വര്‍ധിക്കുക തന്നെ ചെയ്യും. ആ സാഹചര്യത്തില്‍ വാക്സിന്‍ ലഭ്യമാകുന്നത് വരെ ജാഗ്രത വര്‍ധിപ്പിക്കുക എന്നതാണ് നമ്മുടെ മുമ്പിലുള്ള പരിഹാരം.

ബ്രേക്ക് ദ ചെയിന്‍

കൊറോണയുടെ കണ്ണികളെ പൊട്ടിക്കാന്‍ ബ്രേക്ക് ദ ചെയിന്‍ നടപ്പിലാക്കി. സര്‍ക്കാര്‍ ആവിഷ്‌ക്കരിച്ച ബ്രേക്ക് ദ ചെയിന്‍ കോവിഡ് പ്രതിരോധത്തില്‍ വലിയ പങ്കു വഹിച്ചു. തുപ്പരുത് തോറ്റുപോകും, ജീവന്റെ വിലയുള്ള ജാഗ്രത എന്നിവ അവബോധത്തിന് വളരെയേറെ സഹായിച്ചു.

ഓണംമുതല്‍ ഇതുവരെ

മൂന്നാം ഘട്ടത്തില്‍ ലോക് ഡൗണ്‍ മാറിയതോടെ രോഗികളുടെ എണ്ണം ഉയര്‍ന്നപ്പോള്‍ കൃത്യമായ ആസൂത്രണത്തോടെ രോഗം നിയന്ത്രിച്ചു. പിന്നീട് ഓണം കഴിഞ്ഞുള്ള ആഴ്ചകളില്‍ പ്രതിദിന രോഗികളുടെ എണ്ണം കൂടി 10,000 കഴിഞ്ഞു. ഒരു ഘട്ടത്തില്‍ ചികിത്സയിലുള്ളവരുടെ എണ്ണം 95,000വും കടന്നു. ഒക്ടോബര്‍ മാസത്തില്‍ ചികിത്സയിലുള്ളവരുടെ എണ്ണം 95,000ന് മുകളിലായെങ്കിലും ഡിസംബര്‍ 14 ഓടെ ചികിത്സയിലുള്ളവരുടെ എണ്ണം 57,000 മാക്കി കുറയ്ക്കാന്‍ സാധിച്ചു. കേരളത്തില്‍ കോവിഡ് വ്യാപനം കുറഞ്ഞ് വരുന്ന സാഹചര്യത്തിലാണ് തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പ് നടന്നത്. തെരഞ്ഞെടുപ്പിനോടനുബന്ധിച്ച പ്രവര്‍ത്തനങ്ങളില്‍ വലിയ ആള്‍ക്കൂട്ടമാണ് ഉണ്ടായത്. തുടര്‍ന്നിങ്ങോട്ട് പല നിയന്ത്രണങ്ങളും ഒഴിവാക്കി. അതിന്റെ പ്രതിഫലനമാണ് ഇപ്പോള്‍ കാണുന്നത്. പ്രതിദിന രോഗികളുടെ എണ്ണം കൂടിയെങ്കിലും നമുക്ക് നിയന്ത്രിക്കാന്‍ പറ്റുന്ന അവസ്ഥയാണുള്ളത്.

ഇനിയും തുടരണം ജീവന്റെ വിലയുള്ള ജാഗ്രത

കോവിഡ് രോഗികളുടെ എണ്ണം വര്‍ധിക്കുന്നെങ്കിലും ഇനിയും നമ്മള്‍ക്ക് ലോക്ഡൗണിലേക്ക് പോകാന്‍ സാധിക്കില്ല. അങ്ങനെ പതിയെ പതിയെ കോവിഡിനോടൊപ്പം ജാഗ്രതയോടെ ജീവിക്കാന്‍ നമ്മള്‍ പഠിച്ചു കഴിഞ്ഞു. എങ്കിലും ആരും ജാഗ്രത വെടിയരുത്. എല്ലാവരും മാസ്‌ക് ധരിക്കുകയും ഇടക്കിടയ്ക്ക് കൈ കഴുകയോ സാനിറ്റൈസര്‍ ഉപയോഗിച്ച് വൃത്തിയാക്കുകയോ ചെയ്യണം. ഇതോടൊപ്പം സാമൂഹിക അകലവും പാലിക്കണം.

പ്രതീക്ഷയേറി കോവിഡ് വാക്സിന്‍

കോവിഡ് വാക്സിന് അനുമതി ലഭിച്ചതോടെ ഈ വര്‍ഷം പ്രതീക്ഷ നല്‍കുന്നു. കേന്ദ്രം വാക്സിന്‍ എത്തിക്കുന്ന മുറയ്ക്ക് മുന്‍ഗണനാ ക്രമമനുസരിച്ച് എല്ലാവര്‍ക്കും വാക്സിന്‍ എത്തിക്കാനാണ് സംസ്ഥാനം ശ്രമിക്കുന്നത്. അതിനായുള്ള എല്ലാ ഒരുക്കങ്ങളും നടത്തിയിട്ടുണ്ട്. ഈ സന്ദര്‍ഭത്തില്‍ ഒരു വര്‍ഷത്തിലേറെയായി പ്രവര്‍ത്തിക്കുന്ന കോവിഡ് പോരാളികളായ ആരോഗ്യ പ്രവര്‍ത്തകര്‍ക്കും മറ്റ് വിവിധ വിഭാഗങ്ങളിലെ പ്രവര്‍ത്തകര്‍ക്കും സന്നദ്ധ പ്രവര്‍ത്തകര്‍ക്കും നന്ദി അറിയിക്കുന്നു. എല്ലാവരിലും വാക്സിന്‍ എത്തുന്നതുവരെ ഇനിയും ഈ പോരാട്ടം കുറച്ചുകാലം കൂടി തുടരേണ്ടതുണ്ട്. അതിനായി എല്ലാവരുടേയും പിന്തുണ അഭ്യര്‍ത്ഥിക്കുന്നു