സി.ബി.ഐ. തള്ളിയശേഷം പോലീസ് വീണ്ടും അന്വേഷിച്ച ആദ്യ കേസായിരുന്നു ഐ.എസ്.ആര്.ഒ ചാരക്കേസ്. തെറ്റുചെയ്ത ഉദ്യോഗസ്ഥര്ക്കെതിരേ ഉചിതമായ നടപടിയെടുക്കണമെന്നും എട്ടാഴ്ചക്കുള്ളില്‍ 50 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണമെന്നും സുപ്രീംകോടതി വിധിച്ചപ്പോള്‍ വിജയിക്കുന്നത് നീതിക്കു വേണ്ടി ലോകപ്രശസ്ത ശാസ്ത്രജ്ഞന് നയിച്ച പോരാട്ടമാണ്.
തുടക്കം ഹോട്ടല്‍ മുറിയില്‍നിന്ന്
1994 ഒക്ടോബര്‍: വിമാനം റദ്ദാക്കിയതിനെത്തുടര്‍ന്ന് വിസാ കാലാവധി നീട്ടിക്കിട്ടാന്‍ ശ്രമിക്കുന്നതിനിടെ, നഗരത്തിലെ ഒരു ഹോട്ടലില്‍നിന്ന് മാലദ്വീപുകാരിയായ മറിയം റഷീദ അറസ്റ്റിലായി. ഹോട്ടലില്‍ കഴിയവെ, അവര്‍ ഐ.എസ്.ആര്.ഒ.യിലെ (ഇന്ത്യന്‍ സ്പേസ് റിസര്‍ച്ച് ഓര്ഗനൈസേഷന്) ശാസ്ത്രജ്ഞനെ ഫോണ്‍ ചെയ്തെന്നും അത് രാജ്യരക്ഷാതാത്പര്യങ്ങളുടെ അടിസ്ഥാനത്തില്‍ കാണണമെന്നുമായിരുന്നു സ്പെഷ്യല്‍ ബ്രാഞ്ചിന്റെ വിലയിരുത്തല്‍. കേരളത്തെ പിടിച്ചുകുലുക്കിയ ചാരക്കേസിന്റെ തുടക്കം അവിടെയായിരുന്നു.
നമ്പി നാരായണന്റെ അറസ്റ്റ്
1994 നവംബര്‍ 30: ഐ.എസ്.ആര്.ഒ.യിലെ എല്‍.പി.എസ്.സി. ഡെപ്യൂട്ടി ഡയറക്ടറായിരുന്ന നമ്പി നാരായണനെ അറസ്റ്റ്ചെയ്തു. രാജ്യത്തിന്റെ ശാസ്ത്രരഹസ്യം മറ്റൊരു രാജ്യത്തിന് ചോര്‍ത്താന്‍ ശ്രമിച്ചെന്നായിരുന്നു കേസ്. അറസ്റ്റിലായി 52ാം ദിവസമാണ് ജാമ്യം ലഭിച്ചത്. വഞ്ചിയൂര്‍ പോലീസ് രജിസ്റ്റര്‍ചെയ്ത കേസില്‍ ഔദ്യോഗിക രഹസ്യനിയമത്തിന്റെ മൂന്ന്, നാല്, അഞ്ച് വകുപ്പുകള്‍ ചേര്‍ത്തിരുന്നു. നമ്പി നാരായണനെ 18 മാസത്തേക്ക് ജോലിയില്‍നിന്ന് സസ്പെന്‍ഡ്ചെയ്തു. നമ്പി നാരായണനൊപ്പം ഐ.എസ്.ആര്.ഒ. ഡെപ്യൂട്ടി ഡയറക്ടര്‍ ഡി. ശശികുമാരന്, മാലദ്വീപ് സ്വദേശിനി ഫൗസിയ ഹസന് എന്നിവരും അറസ്റ്റില്‍.
കരുണാകരന്റെ രാജി
അന്നത്തെ കെ. കരുണാകരന് സര്‍ക്കാരിനെതിരേ ഗുരുതരമായ ആരോപണങ്ങളുയര്‍ന്നു. കോണ്‍ഗ്രസിലെ രാഷ്ട്രീയ പ്രശ്നങ്ങളാണ് വിവാദങ്ങള്‍ക്ക് പിന്നിലെന്ന ആരോപണവുമുണ്ടായി. പിന്നീട് ദിവസങ്ങള്‍ നീണ്ട ഉദ്വേഗങ്ങള്‍ക്കൊടുവില്‍ 1995 മാര്‍ച്ച് 16ന് തിരുവനന്തപുരം ഗാന്ധിപാര്‍ക്ക് മൈതാനത്ത് ചേര്‍ന്ന പൊതുയോഗത്തില്‍ കരുണാകരന് നാടകീയമായി രാജി പ്രഖ്യാപിച്ചു. എ.കെ. ആന്റണി മുഖ്യമന്ത്രിയായി.
കഴമ്പില്ലെന്ന് സി.ബി.ഐ.
സംസ്ഥാനത്ത് സിബി മാത്യൂസിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണസംഘം കേസ് അന്വേഷിച്ചു. സമാന്തരമായി കേന്ദ്ര ഇന്റലിജന്‍സ് ബ്യൂറോയുടെ അന്വേഷണവും. 1994 ഡിസംബര്‍ രണ്ടിന് ചാരക്കേസിന്റെ അന്വേഷണം സി.ബി.ഐ.ക്ക്. 1996ല്‍ കേസില്‍ കഴമ്പില്ലെന്ന് സി.ബി.ഐ. കണ്ടെത്തി അന്തിമ റിപ്പോര്‍ട്ട് ഫയല്‍ ചെയ്തു. ഇതിനുപിന്നാലെ സി.ബി.ഐ.യുടെ അന്വേഷണം തെറ്റാണെന്ന് ഉദ്യോഗസ്ഥര്‍ സംസ്ഥാന സര്‍ക്കാരിനെ ബോധിപ്പിച്ചു.
പ്രത്യേക അന്വേഷണസംഘം
നായനാര്‍ സര്‍ക്കാര്‍ അന്വേഷണത്തിനായി പ്രത്യേക സംഘത്തെ നിയോഗിച്ചു. സി.ബി.ഐ. അന്വേഷിച്ച് തള്ളിയ കേസ് ആദ്യമായാണ് സംസ്ഥാന പോലീസ് പുനരന്വേഷിച്ചത്. ഇതിനെതിരേ നമ്പി നാരായണന് ഹൈക്കോടതിയെ സമീപിച്ചെങ്കിലും പ്രത്യേകസംഘത്തെ നിയമിക്കാന്‍ സര്‍ക്കാരിന് അധികാരമുണ്ടെന്ന് കാട്ടി ഹൈക്കോടതി ഹര്‍ജി തള്ളി. ഇതിനെതിരേ 1997ല്‍ അദ്ദേഹം സുപ്രീംകോടതിയില്‍ അപ്പീല്‍ നല്കി.
സുപ്രീംകോടതി ഇടപെടല്‍
1998: കേരള ഹൈക്കോടതിയുടെ വിധി സുപ്രീം കോടതി റദ്ദാക്കി. കേസില്‍ പ്രതിചേര്‍ത്ത മറിയം റഷീദ, ഫൗസിയ ഹസന്, നമ്പി നാരായണന് തുടങ്ങിയവര്‍ക്ക് കോടതി ചെലവിനത്തില്‍ ഒരു ലക്ഷം രൂപ പിഴയായി നല്കാന് സംസ്ഥാന സര്‍ക്കാരിനോട് നിര്‍ദേശിച്ചു.
10 ലക്ഷം നഷ്ടപരിഹാരം
1998: ഒരു കോടിരൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് നമ്പി നാരായണന് ദേശീയ മനുഷ്യാവകാശ കമ്മിഷനെ സമീപിച്ചു. 10 ലക്ഷം രൂപ നല്കാന് 2012ല്‍ കമ്മിഷന്റെ ഉത്തരവ്.
അന്വേഷണ ഉദ്യോഗസ്ഥര്ക്കെതിരേ നടപടി
1998: സി.ബി.ഐ. സുപ്രീംകോടതിക്ക് നല്കിയ റിപ്പോര്‍ട്ടിനൊപ്പം അന്വേഷണ ഉദ്യോഗസ്ഥര്‍ക്കെതിരേയുള്ള വീഴ്ചകള്‍ സംബന്ധിച്ചും റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ഇത് സംസ്ഥാന സര്‍ക്കാരിന്റെ പരിഗണനയ്ക്കും വന്നു. എന്നാല്‍ സര്‍ക്കാരുകള്‍ മാറിവന്നെങ്കിലും സിബി മാത്യൂസ്, കെ.കെ. ജോഷ്വാ, എസ്. വിജയന് തുടങ്ങിയവര്‍ക്കെതിരെ നടപടികളൊന്നുമുണ്ടായില്ല. ഇവര്‍ക്കുനേരെയുള്ള ആരോപണങ്ങള്‍ നിലനില്‍ക്കെത്തന്നെ അവര്‍ക്ക് സ്ഥാനക്കയറ്റവും ലഭിച്ചു.
സി.ബി.ഐ. തയ്യാറാക്കിയ രഹസ്യ റിപ്പോര്‍ട്ടില്‍ നടപടി ആവശ്യപ്പെട്ട് ഹൈക്കോടതിയില്‍ കേസ് വന്നു. ഇതേത്തുടര്‍ന്ന് ഉദ്യോഗസ്ഥര്ക്കെതിരേ നടപടി വേണ്ടെന്ന് അന്നത്തെ ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ കോടതിയെ അറിയിച്ചു.
ഫയല്‍ തീര്‍പ്പാക്കാന്‍ ഹൈക്കോടതി ഇടപെടുന്നു
2011: രഹസ്യ റിപ്പോര്‍ട്ടുമായി ബന്ധപ്പെട്ട ഫയല്‍ തീര്‍പ്പാക്കുന്നതിന് സംസ്ഥാന സര്‍ക്കാരിന് ഹൈക്കോടതി നിര്‍ദേശം നല്കി. 2012ല്‍ ഉദ്യോഗസ്ഥര്ക്കെതിരേ നടപടി വേണ്ടെന്ന് സര്‍ക്കാര്‍ ഉത്തരവിറക്കി. ഇതിനെതിരേ വീണ്ടും നമ്പി നാരായണന് ഹൈക്കോടതിയില്‍. ഉദ്യോഗസ്ഥര്ക്കെതിരേ സര്‍ക്കാര്‍ നടപടിയെടുക്കണമെന്ന് ഹൈക്കോടതി സംഗിള്‍ ബെഞ്ച് വിധി.
ഉന്നതതല സമിതി
2013: ഉദ്യോഗസ്ഥര്ക്കെതിരേ നടപടിയെടുക്കുന്നതിനായി സംസ്ഥാന സര്‍ക്കാര്‍ ഒരു ഉന്നതതല സമിതി രൂപവത്കരിച്ചു. തുടര്‍ന്ന് റിപ്പോര്‍ട്ടില്‍ ആരോപണവിധേയനായിരുന്ന സിബി മാത്യൂസ് ഹൈക്കോടതി ഡിവിഷന് ബെഞ്ചിന് അപ്പീല്‍ നല്കി. സിംഗിള്‍ ബെഞ്ചിന്റെ വിധി ഡിവിഷന് ബെഞ്ച് തള്ളി. ഉദ്യോഗസ്ഥര്ക്കെതിരേ നടപടി വേണ്ടെന്ന 2012ലെ സര്‍ക്കാര്‍ തീരുമാനം ശരിവെച്ചു. ഇതിനെതിരേ 2015ല്‍ നമ്പി നാരായണന് സുപ്രീംകോടതിയെ സമീപിച്ചു.
ഒടുവില്‍ വിധി
2018 സെപ്റ്റംബര്‍ 14: 50 ലക്ഷം രൂപ നഷ്ടപരിഹാരത്തിനും അന്വേഷണ ഉദ്യോഗസ്ഥര്ക്കെതിരേ അന്വേഷണത്തിനും സുപ്രീംകോടതി ഉത്തരവ്.
നടപടി സമിതിക്ക് നിര്‍ദേശിക്കാം
നമ്പി നാരായണന് കേസില്‍ കുറ്റക്കാരായ ഉദ്യോഗസ്ഥര്ക്കെതിരേ എങ്ങനെ, എന്തെല്ലാം നടപടികള്‍ സ്വീകരിക്കാമെന്നത് സുപ്രീംകോടതി നിയോഗിച്ച മൂന്നംഗ സമിതിക്ക് നിര്‍ദേശിക്കാമെന്ന് സുപ്രീംകോടതി പറഞ്ഞു. ദേശീയ മനുഷ്യാവകാശ കമ്മിഷന് നമ്പി നാരായണന് നേരത്തേ പത്തുലക്ഷം രൂപ നഷ്ടപരിഹാരം അനുവദിച്ചിരുന്നു. ഒരുകോടി രൂപയും 1999 മുതലുള്ള പലിശയും ആവശ്യപ്പെട്ട് നമ്പി നാരായണന് ഫയല്‍ ചെയ്ത കേസ് തിരുവനന്തപുരം സബ് കോടതിയില്‍ നടക്കുന്നുണ്ട്.
നമ്പി നാരായണന്റെ 'ഓര്‍മകളുടെ ഭ്രമണപഥം' വാങ്ങാം

രമണ്‍ ശ്രീവാസ്തവ | ചാരക്കേസ് നടക്കുമ്പോള്‍ ദക്ഷിണമേഖലാ ഐ.ജി. കേസിലെ പ്രതികളുമായി ബന്ധമുണ്ടെന്ന ആരോപണത്തെത്തുടര്‍ന്ന് സസ്പെന്‍ഡ് ചെയ്തു. സസ്പെന്ഷന് കഴിഞ്ഞ് സര്‍വീസില്‍ തിരികെ പ്രവേശിച്ച ശ്രീവാസ്തവ പിന്നീട് ഡെപ്യൂട്ടേഷനില്‍ കേന്ദ്രസര്‍വീസിലേക്ക് പോയി. മുന്‍ മുഖ്യമന്ത്രി കരുണാകരനുമായി ഏറെ അടുപ്പംപുലര്‍ത്തി.
2006ല്‍ അധികാരത്തിലെത്തിയ യു.ഡി.എഫ്. സര്‍ക്കാര്‍ സംസ്ഥാന പോലീസ് മേധാവിയാക്കി. മുതിര്‍ന്ന രണ്ട് ഐ.പി.എസ്. ഉദ്യോഗസ്ഥരെ മറികടന്നായിരുന്നു നിയമനം. പിന്നീട് അധികാരത്തിലെത്തിയ എല്‍.ഡി.എഫ്. സര്‍ക്കാര്‍ സ്ഥാനത്ത് ശ്രീവാസ്തവയെ നിലനിര്‍ത്തി. വിരമിച്ചശേഷം ഇപ്പോള്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ പോലീസ് ഉപദേഷ്ടാവ്. ചാരക്കേസ് സൃഷ്ടിച്ചതിനുപിന്നിലെ ഗൂഢാലോചന പുറത്തുവരട്ടെയെന്ന് രമണ്‍ ശ്രീവാസ്തവ. കേസില്‍ സുപ്രീം
കോടതിവിധി വന്ന സാഹചര്യത്തില്‍ കൂടുതല്‍ പ്രതികരിക്കാനില്ലെന്നും അദ്ദേഹം പറഞ്ഞു.

സിബി മാത്യൂസ് | ചാരക്കേസ് അന്വേഷിച്ച ക്രൈംബ്രാഞ്ച് സംഘത്തലവന്. കേസ് നടക്കുമ്പോള്‍ ഡി.ഐ.ജി. കരിക്കിന്‍വില്ല കൊലപാതകം, സൂര്യനെല്ലി പെണ്‍വാണിഭം, കല്ലുവാതുക്കല്‍ മദ്യദുരന്തം, ഐസക് വധം തുടങ്ങിയ പ്രമാദമായ കേസുകള്‍ അന്വേഷിച്ച ഉദ്യോഗസ്ഥന്. ഇന്റലിജന്‍സ് മേധാവിയും ഡി.ജി.പി.യുമായി സ്ഥാനക്കയറ്റം ലഭിച്ചു. മുഖ്യവിവരാവകാശ കമ്മിഷണറായി.
ചാരക്കേസില്‍ നമ്പി നാരായണനെ പ്രതിയാക്കുകയും അറസ്റ്റുചെയ്യുകയും
ചെയ്ത കേസിലെ സുപ്രീംകോടതിവിധിയില്‍ പ്രതികരണത്തിനില്ലെന്ന് മുന്‍ ഡി.ജി.പി. സിബി മാത്യൂസ് പ്രതികരിച്ചു.

കെ.കെ. ജോഷ്വ | മുന്‍ പോലീസ് മേധാവി രമണ്‍ ശ്രീവാസ്തവയുടെ വിശ്വസ്തന്. ചാരക്കേസ് അന്വേഷണസംഘാംഗം. അക്കാലത്ത് ഡിവൈ.എസ്.പി. റാങ്കിലുള്ള ഉദ്യോഗസ്ഥന്. കല്ലുവാതുക്കല്‍ മദ്യദുരന്തക്കേസ് അന്വേഷണ സംഘത്തലവന്. ഏറെക്കാലം വിജിലന്‍സില്‍ പ്രവര്‍ത്തിച്ചു. എസ്.പി.യായി വിരമിച്ചു.
ചാരക്കേസ് അന്വേഷണത്തില്‍ അന്വേഷണ ഉദ്യോഗസ്ഥരെ സഹായിക്കാന്‍ നിയോഗിക്കപ്പെട്ട ചെറിയ ഉദ്യോഗസ്ഥന് മാത്രമായിരുന്നു താനെന്ന് അന്നത്തെ ഫോര്‍ട്ട് അസിസ്റ്റന്റ് കമ്മിഷണറായിരുന്ന കെ.കെ. ജോഷ്വ. കേസ് ഡയറി എഴുതാനും മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ക്ക് ആവശ്യമായ സഹായം നല്‍കാനുമാണ് തന്നെ നിയോഗിച്ചത്. വിധി യുക്തിരഹിതമാണെന്നും അദ്ദേഹം പറഞ്ഞു.
സി.ബി.ഐ. അന്വേഷണത്തിനിടയില്‍ ഒരു ഉദ്യോഗസ്ഥന് തോന്നിയ നീരസമാണ് കേസില്‍ തന്റെ പേരും വലിച്ചിഴയ്ക്കാന്‍ ഇടയാക്കിയത്

എസ്. വിജയന് | ചാരക്കേസ് ആദ്യമായി റിപ്പോര്‍ട്ടുചെയ്ത സ്പെഷ്യല്‍ ബ്രാഞ്ച് ഇന്‍സ്പെക്ടര്‍. 'സ്മാര്‍ട്ട് വിജയന്' എന്ന് അക്കാലത്ത് അറിയപ്പെട്ടു. സിറ്റി പോലീസ് ഡെപ്യൂട്ടി കമ്മിഷണറായിരുന്ന ഋഷിരാജ് സിങ്ങിനുവേണ്ടി വാടകവീട് അന്വേഷിച്ചിറങ്ങിയതായിരുന്നു കേസിലേക്ക് വഴിതുറന്നത്.
സിറ്റിയില്‍ വാടകവീട് കിട്ടാന്‍ ബുദ്ധിമുട്ടി. ഒട്ടുമിക്ക വീടുകളും മാലദ്വീപുകാര്‍ വാടകയ്ക്ക് എടുത്തിരിക്കുന്നതായി കണ്ടെത്തി. ഇതേക്കുറിച്ച് നടത്തിയ അന്വേഷണമാണ് മറിയം റഷീദയിലെത്തിച്ചത്. വിജയന് പിന്നീട് എസ്.പി. യായി സ്ഥാനക്കറ്റം ലഭിച്ചു.
അന്ന് സംഭവിച്ചത്

ചാരക്കേസ് വരുന്നതിനു മുമ്പുതന്നെ മുഖ്യമന്ത്രി സ്ഥാനത്തുനിന്ന് കരുണാകരനെ മാറ്റണമെന്ന് ആവശ്യപ്പെട്ട് കോണ്‍ഗ്രസില്‍ എ ഗ്രൂപ്പ് നീക്കം തുടങ്ങിയിരുന്നു. കോണ്‍ഗ്രസിന്റെ രാജ്യസഭാ സീറ്റ് കരുണാകരന് മുസ്ലിം ലീഗിന് നല്‍കിയതില്‍ പ്രതിഷേധിച്ച് ഉമ്മന്‍ ചാണ്ടി രാജിവെച്ചതോടെ എ, ഐ ഗ്രൂപ്പുകള്‍ യുദ്ധമുഖത്ത് മുഖാമുഖം നിന്നു.
ഈ എരിതീയിലേക്കാണ് ഉഗ്രശേഷിയുള്ള ബോംബായി ചാരക്കേസ് വന്നുവീഴുന്നത്. 'ഇതില്‍ ചാരമൊന്നുമില്ല, ആകെ ഒരു ചാരമേയുള്ളൂ. അത് വ്യഭിചാരമാണ്' എന്നാണ് ചാരക്കേസിനെ കരുണാകരന് വിശേഷിപ്പിച്ചത്. നേതൃമാറ്റത്തിനായി മുറവിളി കൂട്ടിയവര്‍ക്ക് കേസ് ആയുധമായി. ആരോപണവിധേയനായ ഐ.ജി. രമണ്‍ ശ്രീവാസ്തവയെ കരുണാകരന് സംരക്ഷിക്കുന്നുവെന്നായിരുന്നു അദ്ദേഹത്തിനെതിരായ കുറ്റം. ഇതുവഴി പരോക്ഷമായി ചാരക്കേസില്‍ കരുണാകരനും തെറ്റുകാരനായി ചിത്രീകരിക്കപ്പെട്ടു. മാധ്യമവിചാരണയും കരുണാകരനെതിരായി.
ഗുരുവായൂര്‍ ക്ഷേത്രസന്ദര്‍ശനത്തിനെത്തിയ കരുണാകരന് കരിങ്കൊടി കണ്ടു. പൊതുവേദിയില്‍ അദ്ദേഹം കൂക്കുവിളി കേട്ടു. കേസില്‍ പ്രതിയല്ലെങ്കിലും പ്രതിക്ക് സമമായി കരുണാകരന് പൊതുവിചാരണയ്ക്ക് ഇരയായി. കോണ്‍ഗ്രസില്‍നിന്ന് തന്നെയാണ് ഇതിന് ഇന്ധനം പകര്‍ന്ന് കിട്ടിയത്. ഇത് കരുണാകരന്റെ മനസ്സില്‍ നീറ്റലായി കിടന്നു. ഘടകകക്ഷികള്‍കൂടി കൈവിട്ടതോടെ കരുണാകരന് മുഖ്യമന്ത്രി സ്ഥാനമൊഴിയേണ്ടി വന്നു. പിന്നീട് കേന്ദ്രമന്ത്രിയും രാജ്യസഭാ, ലോക്സഭാ എം.പി.യായുമൊക്കെ ഇരുന്നെങ്കിലും പഴയ പ്രതാപത്തിലേക്ക് അദ്ദേഹത്തിന് മടങ്ങാനായില്ല.
Read More
> നമ്പി നാരായണന്റെ വിജയം കെ. കരുണാകരന്റെയും
> പീഡാപര്വം
> ഒടുവില്‍ നീതി