മോസുളും ഹോംസും അടക്കം നിയന്ത്രണത്തിലുണ്ടായിരുന്ന പ്രദേശങ്ങളിൽ നല്ലൊരുശതമാനവും ഐ.എസിനു നഷ്ടപ്പെട്ടു. പരാജയത്തിന്റെ വക്കിലെത്തിനിൽക്കുന്ന ഐ.എസ്. ഇനിയെന്തുചെയ്യും?
ഇറാഖിലും സിറിയയിലുമായി പുതിയകാലത്തെ ഖിലാഫത്ത് സ്ഥാപിക്കാൻ ഇറങ്ങിപ്പുറപ്പെട്ട ഇസ്‌ലാമിക് സ്റ്റേറ്റ് (ഐ.എസ്.) സമ്പൂർണപരാജയത്തിന്റെ വക്കിലെന്നാണ് വാർത്തകൾ. അബുബക്കർ അൽ ബാഗ്ദാദി സംഘടനയെ ഐ.എസ്. എന്ന് പുനർനാമകരണം ചെയ്ത്, ‘ഖിലാഫത്ത്’ സ്ഥാപനം എന്ന ലക്ഷ്യം പ്രഖ്യാപിച്ചിട്ട് കൃത്യം മൂന്നുവർഷമായി. ആ പ്രഖ്യാപനംനടന്ന മോസുളിലെ അൽ നൂറി പള്ളി ഇറാഖിസേനയുടെ നിയന്ത്രണത്തിലായി. ബാഗ്ദാദിക്ക്‌ എന്തുസംഭവിച്ചുവെന്ന കാര്യത്തിൽ വ്യക്തതയില്ല. മോസുളിലെ പഴയനഗരത്തിൽ ശേഷിക്കുന്ന അവസാനത്തെ ഐ.എസ്. ഭീകരനെയും ഇല്ലായ്മചെയ്യാനുള്ള യുദ്ധത്തിലാണ് ഇറാഖി സേന. അതിർത്തിക്കപ്പുറം സിറിയയിൽ, ‘ഖിലാഫത്തി’ന്റെ തലസ്ഥാനമായ റാഖ വീണ്ടെടുക്കാനുള്ള പോരാട്ടം നടക്കുന്നു.  

വരുമാനം കുറഞ്ഞു, ഭൂമിയും
മാതൃസംഘടനയായ അൽ ഖായിദയോട് തെറ്റിപ്പിരിഞ്ഞ് 2014-ൽ ആണ് ഐ.എസ്. തനിസ്വരൂപം കാട്ടിത്തുടങ്ങിയത്. ക്രൂരതയിലും സമ്പത്തിലും മറ്റെല്ലാ ഭീകരസംഘടനകളെയും ഐ.എസ്. കടത്തിവെട്ടി. ഡിജിറ്റൽകാലത്തിന്റെ സാധ്യതകൾ ഉപയോഗപ്പെടുത്തി വളർന്നു. ലോകത്തിന്റെ വിവിധ ഭാഗങ്ങളിലായി എട്ടുശാഖകളും 37 പ്രവിശ്യകളും സ്ഥാപിച്ചു. 2015-ൽ, സംഘടനയുടെ നല്ലകാലത്ത് നൂറിലേറെ രാജ്യങ്ങളിൽനിന്നായി മുപ്പതിനായിരത്തിലേറെപ്പേർ അതിൽ അംഗങ്ങളായിച്ചേർന്നു. ഓരോ കൊല്ലവും ഏതാണ്ട് പതിനായിരം ഭീകരർ കൊല്ലപ്പെട്ടു. അതിനനുസരിച്ച് ആളുകൾ ചേർന്നുകൊണ്ടിരുന്നു. ഇന്ത്യയടക്കമുള്ള പൗരസ്ത്യദേശങ്ങളിൽനിന്നും ബ്രിട്ടനും ഫ്രാൻസും ബെൽജിയവും അടക്കമുള്ള പാശ്ചാത്യനാടുകളിൽ നിന്നും ഐ.എസിൽ ചേരാൻ ‘ജിഹാദികൾ’ ചെന്നു.
 
മറ്റ്‌ ഭീകരസംഘടനകളിൽനിന്ന്‌ ഭിന്നമായി ഇവർക്കെല്ലാം ഐ.എസ്. വൻതുക ശമ്പളം കൊടുത്തു. പിടിച്ചെടുത്ത നാടുകളിലെ ബാങ്കുകൾ കൊള്ളയടിച്ചും പുരാവസ്തുക്കൾ കടത്തിയും എണ്ണ കരിഞ്ചന്തയിൽ വിറ്റും ആളുകളെ തട്ടിയെടുത്ത് മോചനദ്രവ്യം ഈടാക്കിയും ‘ഖിലാഫത്തി’ലെ പൗരൻമാരിൽനിന്ന് നികുതിപിരിച്ചും പണമുണ്ടാക്കി. ഇന്ന് ഐ.എസിന്റെ വരുമാനമാർഗങ്ങളിൽ പലതും അടഞ്ഞു. 2015-ൽ ഏകദേശം 89,324 ചതുരശ്ര കിലോമീറ്റർ പ്രദേശത്തിന്റെ നിയന്ത്രണമുണ്ടായിരുന്നു ഐ.എസിന്. ഇന്നത് 30,528 ചതുരശ്ര കി.മീ.യായി ചുരുങ്ങി. ലണ്ടൻ ആസ്ഥാനമായുള്ള ഐ.എച്ച്.എസ്. മാർക്കിറ്റിന്റേതാണ് ഈ കണക്ക്. രണ്ടുവർഷമായി നടക്കുന്ന ശക്തമായ ഐ.എസ്.വിരുദ്ധ പോരാട്ടങ്ങളുടെ ഫലമായി വരുമാനം 80 ശതമാനത്തിലേറെ ഇടിഞ്ഞു. 2015-ൽ 8.1 കോടി ഡോളറായിരുന്നു ഐ.എസിന്റെ മാസവരുമാനം. ഇന്നത് 1.6 കോടി ഡോളർ മാത്രമാണ്. 
വിവിധ അഭിമുഖങ്ങളും ഐ.എസിന്റെ രേഖകളും ഐക്യരാഷ്ട്രസഭയുടെയും (യു.എൻ.) സിറിയൻ വിമതരുടെയും റിപ്പോർട്ടുകളും പഠിച്ചാണ് ഐ.എച്ച്.എസ്. മാർക്കിറ്റ് ഈ വിലയിരുത്തലിൽ എത്തിയത്. ജനം ഏറെപ്പാർത്തിരുന്ന മോസുൾ കൈവിട്ടുപോയതും എണ്ണ സമ്പുഷ്ടമായ ഹോംസ് നഷ്ടപ്പെട്ടതും റാഖയിലെ പിടിവിട്ടുപോകുന്നതുമാണ് ഐ.എസിന്റെ സമ്പത്തിനെ ഏറെ ബാധിച്ചത്.
 
ഓടിപ്പോകുന്ന ‘പോരാളികൾ’
യുദ്ധഭൂമികളിൽ വളരെക്കുറച്ച് ഐ.എസ്. ഭീകരരേ അവശേഷിക്കുന്നുള്ളൂ. വിദേശത്തുനിന്ന് ചേക്കേറിയവർ സ്വന്തം നാടുകളിലേക്കോ ഐ.എസിന് വേരോട്ടമുള്ള മറ്റിടങ്ങളിലേക്കോ കടന്നുകഴിഞ്ഞു. 50 ശതമാനത്തോളം വിദേശഭീകരർ സ്വന്തം നാടുകളിലേക്ക് മടങ്ങി എന്നാണ് യു.എൻ. രക്ഷാസമിതിയുടെ ഭീകരവിരുദ്ധവിഭാഗത്തിന്റെ തലവൻ ഴാങ് പോൾ ലബോർദെ പറഞ്ഞത്. ഐ.എസിൽത്തന്നെ നിൽക്കാൻ തീരുമാനിച്ചവർ അഫ്ഗാനിസ്താനിലേക്കും സംഘടന പുതിയതാവളങ്ങൾ തേടുന്ന ഇൻഡൊനീഷ്യ, പാകിസ്താൻ, ഫിലിപ്പീൻസ് തുടങ്ങിയ ഇടങ്ങളിലേക്കും കടക്കുകയാണെന്നും അദ്ദേഹം പറയുന്നു. അടുത്തിടെവന്ന യു.എൻ. റിപ്പോർട്ട് അനുസരിച്ച് ഫെബ്രുവരി ആദ്യം നൂറിലേറെ ഭീകരർ സിറിയയിലും ഇറാഖിലും നിന്ന് അഫ്ഗാനിസ്താനിലെത്തി. മാർച്ച് അവസാനം ഏതാണ്ട് 20 പേരും ഇവിടേക്കുവന്നു. അഫ്ഗാനിസ്താന്റെ കിഴക്കുള്ള നംഗർഹാർ പ്രവിശ്യയാണ് ഐ.എസിന്റെ കേന്ദ്രം. അഫ്ഗാനികൾക്കിടയിൽ അത്ര സ്വീകാര്യതയില്ലാത്ത ഐ.എസിലേക്ക് ആളുകളെ ആകർഷിക്കാൻ മാസം 500-600 ഡോളറാണ് (ഏകദേശം 32,000-39,000 രൂപ) ശമ്പളവാഗ്ദാനം. താലിബാൻ സ്വന്തം ഭീകരർക്ക് നൽകുന്ന കൂലിയുടെ മൂന്നിരട്ടിവരുമിത്. 
 
മാതൃരാജ്യത്തേക്ക് മടങ്ങുന്ന ഭീകരരെ ഭീതിയോടെയാണ് അന്നാടുകൾ കാണുന്നത്. ഐ.എസ്. ആശയത്താൽ പ്രചോദിതരായവരെയും അന്നാടുകളിലെ വിവിധ ഭീകരസംഘടനകളെയും സ്വാധീനിക്കാനും ഒറ്റപ്പെട്ട ആക്രമണങ്ങൾ ആസൂത്രണംചെയ്യാനും ഇവർ ശ്രമിച്ചേക്കുമെന്നതാണ് ഇതിനുകാരണം. ഡിജിറ്റൽമാധ്യമങ്ങളിലൂടെ ഇവർ പരസ്പരം ബന്ധം തുടർന്നേക്കാമെന്ന ആശങ്കയുമുണ്ട്. ഭീകരരിൽ ചിലരെങ്കിലും എൻജിനീയർമാരും സാങ്കേതികവിദഗ്‌ധരുമായതിനാൽ സൈബർ ആക്രമണം പോലുള്ളവയ്ക്കുള്ള സാധ്യത ഏറെയാണെന്ന് ഴാങ് പോൾ ലബോർദെ മുന്നറിയിപ്പ് നൽകുന്നുണ്ട്. പ്രതികാരം, അതാവും ഐ.എസിന്റെ ലക്ഷ്യമെന്നാണ് നിരീക്ഷണം. ബ്രിട്ടനിൽ അടുത്തിടെ നടന്ന ആക്രമണങ്ങളുടെ ഉത്തരവാദിത്വമേറ്റെടുത്ത ഐ.എസ്. പറഞ്ഞത്, സിറിയയിലും ഇറാഖിലും യു.എസ്. സഖ്യത്തിനൊപ്പം ചേർന്ന്‌ നടത്തുന്ന ആക്രമണത്തിനുള്ള പ്രതികാരമാണ് അവ എന്നാണ്. വ്യോമാക്രമണത്തിലൂടെ ‘ഖിലാഫത്തി’നെ തകർക്കുന്ന ദൃശ്യങ്ങൾ പ്രചരിപ്പിച്ച് സംഘടന പ്രതികാരത്തിന് ആഹ്വാനം ചെയ്തത് അടുത്തിടെയാണ്. 
 
മടങ്ങിവരാൻ അൽ ഖായിദ
ഐ.എസിന്റെ വരവോടെ പ്രഭാവം മങ്ങിയെങ്കിലും ഉസാമ ബിൻ ലാദനുശേഷവും നിലനിൽക്കുന്ന അൽ ഖായിദതന്നെയാണ് ഭീകരസംഘടനകളുടെ അതിജീവനത്തിന്റെ ഉദാഹരണം. യുദ്ധാനന്തരം അഫ്ഗാനിസ്താൻ വിട്ടുപോകേണ്ടിവന്നിട്ടും സുഡാനിൽനിന്ന് പുറത്താക്കപ്പെട്ടിട്ടും സൗദി പൗരത്വം നഷ്ടപ്പെട്ടിട്ടും കാത്തിരുന്ന് ലോകവ്യാപാര സമുച്ചയം തകർത്ത് തിരിച്ചുവന്നു ലാദൻ. അഫ്ഗാനിസ്താനിൽ ഒളിച്ചിരുന്ന് ഭീകരാക്രമണങ്ങൾ നടത്തി. ഒടുവിൽ അമേരിക്ക കൊന്ന് കടലിൽത്തള്ളി. തോറ്റിട്ടും പലവട്ടം തിരിച്ചുവന്ന ലാദന്റെ പാരമ്പര്യം അവകാശപ്പെടുന്ന ഐ.എസും 2007-‘08ലെ തകർച്ചയിൽനിന്നാണ് ബാഗ്ദാദിയുടെ നേതൃത്വത്തിൽ പുതുരൂപത്തിൽ അവതരിച്ചത്. അതുകൊണ്ടുതന്നെ ഉത്തര ആഫ്രിക്കയിലോ ഏഷ്യയിലോ യൂറോപ്പിൽനിന്നുപോലുമോ ഐ.എസ്. വീണ്ടും ഉയിർത്തെഴുന്നേൽക്കാമെന്ന ഭീതി നിലനിൽക്കുന്നുണ്ട്.
 
ഖിലാഫത്ത് സ്ഥാപനത്തിന് ക്ഷമാപൂർവം കാത്തിരിക്കണമെന്ന അൽ ഖായിദ തലവൻ അയ്‌മൻ അൽ സവാഹിരിയുടെ ഉപദേശത്തിന്‌ വഴങ്ങാതെയാണ് ബാഗ്ദാദി അതിന് മുന്നിട്ടിറങ്ങിയത്. ‘ഭരണത്തിന്റെ ശരിയായവഴി ഖിലാഫത്താണെന്ന് ഭൂരിഭാഗം പൗരൻമാരെയും ബോധ്യപ്പെടുത്താനാകാതെ രൂപവത്കരിക്കുന്ന ഇസ്‌ലാമികരാജ്യത്തിന് നിലനിൽപ്പുണ്ടാവില്ല’ എന്നതാണ് അൽ ഖായിദയുടെ നയം. പിടിച്ചെടുക്കുന്ന പ്രദേശങ്ങളിൽ ‘ഇസ്‌ലാമിക രാജ്യം’ പ്രഖ്യാപിക്കാനുള്ള അൽ ഖായിദ ശാഖകളുടെ ആഗ്രഹത്തെ ലാദൻ അംഗീകരിച്ചുകൊടുത്തിരുന്നില്ല.  
 
ആ അൽ ഖായിദ, ലാദന്റെ മകൻ ഹംസയിലൂടെ കരുത്തോടെ തിരിച്ചുവരാൻ തയ്യാറെടുക്കുന്നു എന്നാണ് വാർത്തകൾ. ‘അൽ ഖായിദയുടെ മടയിൽനിന്ന് ഒരു സിംഹം വരുന്നു’ എന്നാണ് ഹംസയെ പരിചയപ്പെടുത്തി 2015-ൽ സവാഹിരി പറഞ്ഞത്. അൽ ഖായിദയുടെ എന്നപോലെ ഐ.എസിന്റെയും തകർച്ചയ്ക്ക് ഇടയാക്കിയ പ്രധാന കാരണങ്ങളിലൊന്ന് അന്തച്ഛിദ്രങ്ങളാണ്. ഐ.എസിന്റെ കേന്ദ്രങ്ങളിൽനിന്ന് കണ്ടെടുത്ത രേഖകളിലെ നേതൃത്വത്തിനെതിരായ പരാതികളും കണ്ണില്ലാത്ത ക്രൂരതയോടുള്ള അമർഷവുമെല്ലാം ഇതാണ് വെളിവാക്കുന്നത്. ‘സാമ്രാജ്യം’ നഷ്ടപ്പെട്ട ഐ.എസ്., അൽ ഖായിദയിലേക്ക് തിരിച്ചെത്തുമോ? അതോ നിശ്ശബ്ദമാകുന്ന ഐ.എസിന്റെ സ്ഥാനം ഹംസയുടെ അൽ ഖായിദ കൈക്കലാക്കുമോ?