ബരിമല സ്ത്രീപ്രവേശനത്തിൽ സുപ്രീംകോടതിയുടെ വിധി നടപ്പാക്കാനുള്ള ഭരണഘടനാപരമായ ബാധ്യതയാണ് സർക്കാരിനും പാർട്ടിക്കും മുന്നിലുള്ളതെന്ന് സി.പി.എം. പൊളിറ്റ് ബ്യൂറോ അംഗം എസ്. രാമചന്ദ്രൻപിള്ള. കേരളം എത്രയോ ദൂരം നടന്നാണ് ഇവിടെയെത്തിയത്. അന്ധവിശ്വാസങ്ങളെയും തൊട്ടുകൂടായ്മയെയുമൊക്കെ ചെറുത്തുതോൽപ്പിച്ചില്ലേ. മാറുമറയ്ക്കൽസമരം, വിധവാവിവാഹം... അങ്ങനെ പല പോരാട്ടങ്ങൾ. ഇനി നമ്മൾ തിരിച്ചുനടക്കണോ? സി.പി.എമ്മിന്റെ രാഷ്ട്രീയനിലപാട് വ്യക്തമാക്കി എസ്.ആർ.പി. ചോദിക്കുന്നു. 

? സുപ്രീംകോടതിവിധി നടപ്പാക്കുന്ന രീതിയിലും അതിനോടുള്ള സമീപനത്തിലും പാർട്ടിക്കും സർക്കാരിനും തെറ്റുപറ്റിയെന്ന് ആരോപണമുണ്ടല്ലോ. 

ഇല്ല. തെറ്റുപറ്റിയിട്ടില്ല. ചരിത്രപരമായ വിധിയാണിത്. അത് നടപ്പാക്കുകയാണ് സർക്കാരിനുമുന്നിലുള്ള വഴി. അതാണ് പാർട്ടിയും സർക്കാരും പറഞ്ഞതും. എന്നാൽ, ആർ.എസ്.എസും ബി.ജെ.പി.യും വിധിക്കുമുമ്പുള്ള കാര്യങ്ങളും വിധിക്കുശേഷം എങ്ങനെയാകണമെന്നുള്ളതും നിശ്ശബ്ദമായിരുന്ന് തീരുമാനിക്കുകയായിരുന്നു. അതാണിപ്പോൾ പ്രകടമാകുന്നത്. ഇല്ലാത്ത പ്രശ്നത്തെ അവർ വർഗീയമായി വളർത്തി  കലാപമുണ്ടാക്കാൻ ശ്രമിക്കുന്നു. വിശ്വാസത്തിന്റെ സ്വാതന്ത്ര്യത്തിന് റോഡിലിറങ്ങി തെറിവിളിക്കണോ, ജാഥ നടത്തണോ? അവരുടെ രഹസ്യ അജൻഡ പ്രബുദ്ധരായ ജനത തിരിച്ചറിഞ്ഞ് നേരിടും.

കമ്യൂണിസ്റ്റ് വിരുദ്ധതയുടെ പേരിൽ കോൺഗ്രസ് അവരുടെ പാരമ്പര്യത്തെ ബി.ജെ.പി.ക്കും ആർ.എസ്.എസിനും അടിയറവെക്കുകയാണ്. മതനിരപേക്ഷതയെ വർഗീയതയ്ക്ക് അടിയറവെച്ചതാണ് യു.പി.യിലും തമിഴ്‌നാട്ടിലും തെലങ്കാനയിലും ആന്ധ്രയിലുമൊക്കെ കോൺഗ്രസിന് മേൽവിലാസം നഷ്ടപ്പെടുത്തിയത്. ആ അനുഭവം കേരളത്തിലും അവർക്കുണ്ടാകും.  കോൺഗ്രസ് ഇപ്പോൾ പ്രതിപക്ഷത്താണെങ്കിലും കേരളത്തിൽ കുറച്ച്‌ സ്വാധീനമുള്ള പ്രസ്ഥാനമാണെന്നതും അവർ മറന്നു.

? സമരത്തിലുള്ളവരും നിഷ്പക്ഷരായ സാധാരണക്കാരുമൊക്കെ പറയുന്നത് വിശ്വാസികളുടെ വികാരത്തെ സി.പി.എമ്മും സർക്കാരും മാനിച്ചില്ലെന്നാണ്. 

ആ ധാരണ തെറ്റാണ്. പാർട്ടിയോ ഈ സർക്കാരോ ഒരിക്കലും വിശ്വാസികൾക്കെതിരല്ല. അവരോട് യുദ്ധംചെയ്യുന്ന സമീപനവുമില്ല. എല്ലാ വിശ്വാസികളുടെയും വികാരങ്ങളെ അംഗീകരിക്കുന്നവരുമാണ്. കോടതിവിധിവന്ന പശ്ചാത്തലം പരിശോധിക്കണം. വിധിയുണ്ടാകാൻ സർക്കാരല്ല ശ്രമിച്ചത്. അത്‌ തിരിച്ചറിയണം. ഇന്ത്യയിലെ സാഹചര്യം നോക്കണം. എല്ലാ മേഖലകളിലുള്ളവരും കേന്ദ്രസർക്കാരിനെതിരേ സമരത്തിലാണ്. റഫാൽ അടക്കമുള്ള അഴമതി ആരോപണം കേന്ദ്രസർക്കാരിനെ വേട്ടയാടുന്നു. എന്നാൽ, കഴിഞ്ഞ രണ്ടരക്കൊല്ലമായി കേരളത്തിൽ ഇടതുസർക്കാർ പൊതുവേ നല്ല ഭരണമാണ് നടത്തുന്നത്. ദളിത്, ന്യൂനപക്ഷ, പിന്നാക്ക വിഭാഗങ്ങളുടെ സംരക്ഷണത്തിന് ശക്തമായ നിലപാടാണ് സർക്കാരിനുള്ളത്.

ഇതിനിടെ, തിരഞ്ഞെടുപ്പടുത്തപ്പോൾ ഒരിടം കിട്ടാനാണ് ബി.ജെ.പി.യും ആർ.എസ്.എസും ഇപ്പോൾ ശ്രമിക്കുന്നത്. അതാണിപ്പോൾ സർക്കാരിനെതിരേ രംഗത്തിറങ്ങാൻ കാരണം. അത് വോട്ടുബാങ്ക് ലക്ഷ്യമിട്ടാണ്. അല്ലാതെ സത്യസന്ധമായ നീക്കമല്ല. ദളിതനെ പൂജാരിയാക്കിയതിലും ദേവസ്വം ബോർഡുകളിൽ സംവരണം ഏർപ്പെടുത്തിയതിലുമൊക്കെ അസംതൃപ്തരായവരുടെ  മനോഭാവമൊക്കെ ഇവിടെ പ്രകടമാണ്. 

സ്ത്രീതുല്യത, വിശ്വാസസ്വാതന്ത്ര്യം എന്നീ കാര്യങ്ങളിൽ ഊന്നൽ നൽകിയതാണ് കോടതിവിധി. വിശ്വാസം സർവതന്ത്ര സ്വതന്ത്രമല്ല. ഭരണഘടനയ്ക്കും നിയമത്തിനും വിധേയമാണത്. ഇതിൽനിന്ന് സർക്കാരിന് ഒളിച്ചോടാനാവില്ല. മാത്രമല്ല, സ്ത്രീതുല്യത ഞങ്ങൾ നിരന്തരം ആവശ്യപ്പെടുന്നതുമാണ്. ശബരിമലയിൽ പോകണമെന്നുള്ളവർക്ക്‌ പോകാം. അല്ലാത്തവർ പോകേണ്ട. ബലംപ്രയോഗിച്ച് കൊണ്ടുപോകാനോ നയിക്കാനോ പോകുന്നവരെ തടയാനോ സർക്കാരില്ല, പാർട്ടിയുമില്ല.

? ശബരിമലവിഷയത്തിൽ ബി.ജെ.പി.യും എൻ.എസ്.എസും കൈകോർക്കുന്നതായി തോന്നുന്നുണ്ടോ. പ്രതിഷേധങ്ങൾക്ക് സ്ത്രീകളടക്കം വലിയ ജനക്കൂട്ടവുമുണ്ട്.

തെറ്റിദ്ധാരണയുണ്ടാകാം. വികാരപരമായ തീരുമാനം എൻ.എസ്.എസ്. തിരുത്തുമെന്നാണ് കരുതുന്നത്. പാരമ്പര്യമുള്ള പ്രസ്ഥാനമാണ് എൻ.എസ്.എസ്. ഒരു പാർട്ടിയുടെയും കൊടിക്കീഴിലല്ല എന്ന് ഇപ്പോൾ ചിലർ പറയുന്നുണ്ടല്ലോ. തിരുവിതാംകൂർ ദേവസ്വംബോർഡിനെ സ്വതന്ത്രമായിവിട്ടില്ലെന്ന പരാതിയും ശരിയല്ല.  ബോർഡിന്റെ അധികാരം ആരും കവർന്നിട്ടുമില്ല. ബോർഡിലെ ഉത്തരവാദിത്വമുള്ളവരുടെ ചില പരാമർശങ്ങൾ തെറ്റിദ്ധാരണയും ആശയക്കുഴപ്പവും ഉണ്ടാക്കിയിട്ടുണ്ട്. അത്രമാത്രം. അല്ലാതെ അധികാരപ്രശ്നമില്ല.

? വിധി നടപ്പാക്കുംമുമ്പ് എല്ലാവരുമായും ചർച്ചചെയ്യണമെന്ന് സർക്കാരിനെ പാർട്ടി ഉപദേശിച്ചു. ഇത് നേരത്തേ ആകാമായിരുന്നില്ലേ. വിധി നടപ്പാക്കാൻ സാവകാശം തേടുമോ

 ജനാധിപത്യവ്യവസ്ഥയിൽ ചർച്ചയും സംവാദവും ആവശ്യമാണ്. അതിന് സർക്കാർ മുന്നിട്ടിറങ്ങിയപ്പോൾ ചിലർ പിന്മാറി. ചർച്ച വൈകിയെന്ന അഭിപ്രായമില്ല. ഇനിയും ആര്‌ ചർച്ചയ്ക്കുവന്നാലും സർക്കാർ തയ്യാറാണ്. വിധി നടപ്പാക്കാൻ സാവകാശം തേടിയില്ലെന്നത് ആരോപണത്തിനുവേണ്ടിയുള്ള ആരോപണം മാത്രമാണ്. വിധി നടപ്പാക്കുകയേ വഴിയുള്ളൂ. സാവകാശമല്ല, നിയമമാണ് പ്രധാനം. പുനഃപരിശോധനാ ഹർജിയുടെ സാധ്യത എത്രത്തോളമെന്ന് കാത്തിരിക്കണം.

? സർക്കാരും പാർട്ടിയും പ്രതിരോധത്തിലാണോ

അങ്ങനെ കരുതുന്നില്ല. പക്ഷേ, സർക്കാരിനും പാർട്ടിക്കും എതിരേയുള്ള പ്രചാരണത്തെ ശക്തമായി പ്രതിരോധിക്കും. വിപുലമായ പ്രചാരണമാണ് ഇനിയുള്ള ദിവസങ്ങളിൽ ഉണ്ടാകുക. എല്ലാം സമാധാനപരമായി നേരിടാമെന്ന് സർക്കാരിനുറപ്പുണ്ട്. ശരിഅത്ത്, ക്രീമിലെയർ വിഷയങ്ങളിൽ ഇതുപോലെ കുപ്രചാരണമുണ്ടായിട്ടുണ്ട്. സാമൂഹികപ്രതിബദ്ധതയുള്ള ജനം എല്ലാം തിരിച്ചറിയും. അവരെ ബോധ്യപ്പെടുത്തും. തെറ്റിദ്ധാരണമാറുമെന്ന് നല്ല ഉറപ്പുണ്ട്. മതവിശ്വാസം സംരക്ഷിക്കാൻ ഭരണഘടനയ്ക്കും  നിയമത്തിനും വിധേയമാണ് സർക്കാർ. വിശ്വാസവും അവിശ്വസവും തമ്മിലുള്ള പോരാട്ടം ഞങ്ങളുടെ അജൻഡയിൽ ഇല്ല. അതിനോട്‌ യോജിക്കുന്നില്ല. ഞങ്ങൾക്കൊപ്പം ലക്ഷക്കണക്കിന് വിശ്വാസികളുണ്ടെന്നോർക്കണം.

ശബരിമലയിൽ സംഘർഷസാധ്യതയുണ്ടെന്നും കരുതുന്നില്ല.  സമചിത്തതയോടെ ജനങ്ങളെ അണിനിരത്തി സാവകാശം എല്ലാവരെയും ബാധ്യപ്പെടുത്തി മുന്നോട്ടുപോവുകയും ജനങ്ങൾക്കുള്ള ആശയക്കുഴപ്പം പരിഹരിക്കുകയും ചെയ്യും.
തൃപ്തി ദേശായി ശബരിമലയിൽ വരുന്നതിനെപ്പറ്റി അറിയില്ല. വന്നാൽ ഇന്നത്തെനിലയിൽ തടയാനാവില്ല. ശബരിമലയിലെ എല്ലാ വിഷയവും സമർഥമായി കൈകാര്യംചെയ്യാൻ  അനുഭവസമ്പത്തുള്ള ദീർഘകാല പാരമ്പര്യമുള്ള മുഖ്യമന്ത്രിയും മന്ത്രിമാരുമുണ്ട്. ഏതുസാഹചര്യത്തെയും നേരിടാനുള്ള കെൽപ്പ് സർക്കാരിനുണ്ട്. രാഷ്ട്രീയത്തിലെ ശിശുക്കളല്ല അവരാരും.