വാരി സാരിയണിഞ്ഞ് അസാമാന്യ കൈവഴക്കത്തോടെ തെരുവില്‍നിന്ന് ഇരുകൈകളിലും കുറുവടി ചുഴറ്റിയ പുണെയുടെ സ്വന്തം 'വാരിയര്‍ ആജി' ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ 'വൈറല്‍ ആജി'യാണ്. മൊബൈലില്‍ ഇടതടവില്ലാതെ കോളുകള്‍, ലോക്ക്ഡൗണ്‍ പോലും മറന്ന് ആജി(അമ്മൂമ്മ)യെ കാണാനെത്തുന്ന സന്ദര്‍ശകരും മാധ്യമപ്രവര്‍ത്തകരും. രാജ്യത്തിന്റെ പലഭാഗങ്ങളില്‍നിന്നുള്ള സഹായപ്രവാഹങ്ങള്‍... കണ്ണടച്ചുതുറക്കുന്ന വേഗത്തില്‍ താരമായതിന്റെ അമ്പരപ്പിലാണ് ശാന്ത ബാലു പവാര്‍ എന്ന 85-കാരി. 

'നന്ദിയുണ്ട്... വീഡിയോ ഇങ്ങനെ വൈറലാകുമെന്നൊന്നും ഞാന്‍ കരുതിയിരുന്നില്ല. എനിക്ക് എണ്‍പത്തഞ്ചു വയസ്സായി. വര്‍ഷങ്ങളോളം കഠിനാധ്വാനം ചെയ്തിട്ടും എന്റെ കഷ്ടപ്പാടുകള്‍ക്കൊരു അവസാനമില്ലല്ലോയെന്നൊരു വിഷമം എനിക്കുണ്ടായിരുന്നു.  ഇപ്പോള്‍ അതെല്ലാം മാറി. എന്നെ കാണാന്‍ എത്ര പേരാണ് എത്തിയത്. നിങ്ങളെ പോലെ എത്ര പേരാണ് എന്നെ വിളിക്കുന്നത്. ഒരു പാട് പേര്‍ എനിക്ക് സഹായങ്ങളുമായെത്തി... എല്ലാവരോടും ഞാന്‍ നന്ദി പറയുന്നു.' ശാന്താഭായ് പറഞ്ഞു. 

കോവിഡ് 19 ലോക്ഡൗണിനെ തുടര്‍ന്ന് ബാന്‍ഡ് ട്രൂപ്പില്‍ ജോലി ചെയ്യുന്ന മകന് ജോലി ഇല്ലാതായി. വിശന്നിരിക്കുന്ന പേരക്കുട്ടികളുടെ മുഖം കാണാന്‍ കഴിയാതായപ്പോഴാണ് കുറുവടിയുമായി ശാന്താഭായി തെരുവിലേക്കിറങ്ങിയത്. കുടുംബത്തിന്റെ ജീവിതമാര്‍ഗമായിരുന്ന, കുട്ടിക്കാലം മുതല്‍ ജീവിതത്തിന്റെ താളമായി മാറിയ ഈ അഭ്യാസം തനിക്കും കുടുംബത്തിനുമുളള അന്നം തരുമെന്ന് ശാന്താഭായിക്ക് ഉറപ്പായിരുന്നു. 'നാനൂറുരൂപയെങ്കിലും ഒരു ദിവസം കിട്ടും. മൂന്നു ആണ്‍മക്കളില്‍ രണ്ടു പേര്‍ മരിച്ചു. ഒരാള്‍ തനിയെയാണ് കുടുംബം നോക്കിയിരുന്നത്. ലോക്ക്ഡൗണില്‍ അവനും ജോലി നഷ്ടപ്പെട്ടപ്പെട്ടതോടെയാണ് പത്തു പേരക്കുട്ടികളടങ്ങുന്ന കുടുംബം പട്ടിണിയിലായത്. അതോടെ ഞാന്‍ വടിയുമായി തെരുവിലേക്കിറങ്ങി.' 

ശാന്താഭായി തെരുവില്‍നിന്ന് ലാഠി കാഠി ചെയ്യുന്നത് ശ്രദ്ധയില്‍ പെട്ട പുണെ സ്വദേശിനിയും നര്‍ത്തകിയുമായ ഐശ്വര്യ കാലെയാണ് വീഡിയോ ചിത്രീകരിച്ച് 'ഞാനിന്ന് അവിശ്വസനീയമായ ഒരു കാഴ്ച കണ്ടു..' എന്നു തുടങ്ങുന്ന കുറിപ്പോടെ ജൂണ്‍ 22-ന് ഫെയ്‌സ്ബുക്കില്‍ പങ്കുവെക്കുന്നത്. സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ച വീഡിയോ ബോളിവുഡ് ചലച്ചിത്രതാരം റിതേഷ് ദേശ്മുഖ്‌ ട്വിററ്റില്‍ പങ്കുവെച്ചതോടെയാണ് 'വാരിയര്‍ ആജി'യെ രാജ്യം മുഴുവന്‍ ശ്രദ്ധിക്കുന്നത്.

പിന്നീട് നടന്‍ സോനു സൂദും ശാന്ത ഭായിക്ക് സഹായങ്ങള്‍ വാഗ്ദാനം ചെയ്തു. ശാന്താഭായിയെ കാണാന്‍ മഹാരാഷ്ട്ര ആഭ്യന്തരമന്ത്രി അനില്‍ ദേശ്മുഖ് നേരിട്ടെത്തി. സാരിയും ഒരു ലക്ഷം രൂപ ഉള്‍പ്പടെ നിരവധി സമ്മാനങ്ങളുമായിട്ടായിരുന്നു മന്ത്രിയുടെ വരവ്. 'ലോകം എന്നെ സ്‌നേഹിക്കുന്നു. എന്നെ കാണാന്‍ വലിയ വലിയ ആളുകള്‍ വരുന്നു. ഇതൈാന്നും ഞാന്‍ സ്വാപ്‌നത്തില്‍ പോലും വിചാരിച്ചതല്ല. സാരി, വസ്ത്രങ്ങള്‍, പണം, ഭക്ഷണം... എല്ലാം ലഭിച്ചു.' 

എട്ടാം വയസ്സിലാണ് ലാഠി കാഠിയെന്ന് വിളിക്കുന്ന ഈ അഭ്യാസമുറ ശാന്തഭായിയെ അച്ഛന്‍ മോഹന്‍ സുബാന ജാധവ് പഠിപ്പിക്കുന്നത്. ഇതു മാത്രമല്ല, ഉയരത്തില്‍ കെട്ടിയ കയറിനു മുകളിലൂടെ കൈയില്‍ വടിയുമായി ബാലന്‍സ് നഷ്ടപ്പെടാതെ നടക്കാനും കുപ്പിയില്‍ ബാലന്‍സ് ചെയ്ത് നില്‍ക്കാനുമെല്ലാം അച്ഛന്‍ പഠിപ്പിച്ചു. അച്ഛനും ഇത്തരം അഭ്യാസമുറകള്‍ ചെയ്യുന്ന കലാകാരനായിരുന്നു.  പാവപ്പെട്ട ആ കുടുംബത്തിന്റെ വരുമാനമാര്‍ഗവും അതുതന്നെ. അതുകൊണ്ടുതന്നെ പഠിക്കണമെന്ന ആഗ്രഹമുണ്ടായിരുന്നെങ്കിലും രണ്ടാം ക്ലാസില്‍ പഠനം നിര്‍ത്തി. അഭ്യാസമുറകളുമായി അച്ഛനോടൊപ്പം ശാന്താഭായിയും  നാടുചുറ്റും. മുംബൈയിലെ ചെറിയ ചെറിയ വേദികളായിരുന്നു അതില്‍ പ്രധാനം. ഒപ്പം നാട്ടിലെ ആഘോഷങ്ങള്‍ക്കും അച്ഛനൊപ്പം ശാന്തയും തട്ടില്‍ കയറും. 

'എന്റെ മാതാപിതാക്കള്‍ ദരിദ്രരായിരുന്നു. കുട്ടിക്കാലം മുതല്‍ ഞാന്‍ ജോലിയെടുക്കുന്നതാണ്. രണ്ടാം ക്ലാസുവരെ പഠിക്കാനേ എനിക്ക് കഴിഞ്ഞിട്ടുള്ളൂ. ബോംബേയിലും മറ്റും പ്രകടനങ്ങള്‍ക്കായി അച്ഛന്‍ കൊണ്ടുപോകും. അഭ്യാസപ്രകടനങ്ങള്‍ക്കായി പലരും വിളിക്കാറുണ്ട്. ഞങ്ങളുടെ സമുദായത്തില്‍ എല്ലാവരും ഈ തൊഴിലില്‍ ഏര്‍പ്പെടുന്നവരായിരുന്നു. പക്ഷേ പലരും ഇപ്പോളിത് ഉപേക്ഷിച്ചു. എട്ടു വയസ്സുള്ളപ്പോള്‍ മുതല്‍ ഈ വിദ്യകള്‍ എനിക്കൊപ്പമുണ്ട്. ഒരിക്കല്‍ പോലും ഞാനിത് ഉപേക്ഷിച്ചില്ല. നോക്കൂ ഈ പ്രായംവരെ ഞാനത് കൂടെക്കൂട്ടി. അച്ഛന്റെ മരണശേഷം അദ്ദേഹം ഉപയോഗിച്ച വടികളാണ് ഞാന്‍ ഉപയോഗിക്കുന്നത്.'

Sreedevi
ശാന്ത ശ്രീദേവിക്കൊപ്പം/ Image Credit: Aishwarya Kale

ഇതിനിടയില്‍ സിനിമയിലും എത്തിപ്പെട്ടു. തെരുവുകളില്‍ ആള്‍ക്കൂട്ടത്തിന് നടുവില്‍ നൃത്തംചെയ്യുന്ന, കയറിലൂടെ നടന്നും കത്തിയെറിഞ്ഞും അഭ്യാസം കാണിക്കുന്ന നായികമാര്‍ക്കെല്ലാം ശാന്ത ഭായി ഡ്യൂപ്പായി. ഹേമമാലിനിയും ധര്‍മേന്ദ്രയും നായികാ നായകന്മാരായ 'സീത ഓര്‍ ഗീത' ആയിരുന്നു ആദ്യപടം. ധര്‍മേന്ദ്രയും ഹേമാലിനിയും തെരുവില്‍ പാട്ടുപാടി നൃത്തം ചെയ്യുന്ന 'അരെ സിന്ദഗി ഹേ ഖേല്‍ ...' എന്ന ഗാനരംഗത്തില്‍ ഹേമമാലിനിക്ക് വേണ്ടി ശാന്ത ഭായി കയറിലൂടെ നടന്നു. കുപ്പിയില്‍ ബാലന്‍സ് ചെയ്തു. ധര്‍മേന്ദ്രയെ കണ്ടപ്പോള്‍ നാണംകൊണ്ടു ചൂളിപ്പോയത് ഇന്നലെയെന്നോണം ഓര്‍ക്കുന്നുണ്ട് അവര്‍. 

ഹേമമാലിനിക്ക് പുറമേ ശ്രീദേവിക്കുവേണ്ടിയും ഡ്യൂപ്പായിട്ടുണ്ട് ശാന്തഭായി. 'ശേര്‍ണി' എന്ന ചിത്രത്തിലെ 'ഏക് റുപ്പയ്യാ ദോഗേ തൊ..' എന്ന ഗാനരംഗത്തില്‍. 'ശ്രീദേവിയും മദ്രാസിയായിരുന്നു, ഈ വിദ്യ എന്നേയും പഠിപ്പിക്കാമോ എന്നു ശ്രീദേവി ചോദിച്ചിട്ടുണ്ട്. പക്ഷേ ബാലന്‍സിങ് എളുപ്പമല്ലല്ലോ. ഇത് നിങ്ങളെ പോലുളളവര്‍ക്ക് മാത്രം ചെയ്യാന്‍ കഴിയുന്നതാണെന്നവര്‍ എന്നോട് പറഞ്ഞിട്ടുണ്ട്. ഓരോ ഗാനരംഗത്തിനും ആയിരങ്ങള്‍ പ്രതിഫലം കിട്ടും. അന്നത്തെ കാലത്ത് അത് വലിയ തുകയാണ്.' അടുത്തകാലത്ത് മറാത്തി പടത്തിലും ശാന്ത അഭിനയിച്ചു.

 

പന്ത്രണ്ടാം വയസ്സിലായിരുന്നു ശാന്ത ഭായിയുടെ വിവാഹം. പവാര്‍ കുടുംബത്തിലെ മരുമകളായാണ് ശാന്തഭായിയെത്തിയത്. ഭര്‍ത്താവ് ബാലു പവാറും ജിംനാസ്റ്റിക്‌സ് ചെയ്യുന്ന ആളായിരുന്നു. വിവാഹത്തിന് ബാന്‍ഡ് മേളത്തിന് പോകും.' വിവാഹം വളരെ നേരത്തെ തന്നെ കഴിഞ്ഞു. ഞങ്ങളുടെ സമുദായത്തില്‍ പെണ്‍കുട്ടി പ്രായപൂര്‍ത്തിയായാല്‍ വലിയ പെണ്‍കുട്ടിയായി വിവാഹം കഴിക്കാറായി സസുരാല്‍(ഭര്‍തൃഗൃഹം) പോകാനായി എന്നുപറഞ്ഞ് വിവാഹത്തിന് തിരക്കുകൂട്ടും. അക്കാലത്ത് പെണ്‍കുട്ടി പഠിച്ചിട്ടുണ്ടോ എന്നല്ല, പെണ്‍കുട്ടിക്ക് ജിംനാസ്റ്റിക് അറിയുമോ എന്നാണ് വരന്റെ വീട്ടുകാര്‍ നോക്കുക.' ശാന്ത പറയുന്നു.

വിവാഹശേഷവും ശാന്ത ഭായി അഭ്യാസങ്ങള്‍ ചെയ്യുമായിരുന്നു. മൂന്നു ആണ്‍മക്കളും വളര്‍ന്ന് സ്വന്തം കാലില്‍ നില്‍ക്കാനായതോടെയാണ് വീട്ടിലിരിക്കാന്‍ തുടങ്ങിയത്. അപ്പോഴും ലാഠി കാഠി പഠിക്കണമെന്ന ആഗ്രഹമായെത്തുന്നവര്‍ക്ക് പഠിപ്പിച്ചു കൊടുക്കാന്‍ ഒരുമടിയും കാണിച്ചിട്ടില്ല. പേരക്കുട്ടികളും മുത്തശ്ശിയുടെ അതേ കൈവഴക്കത്തോടെ കുറുവടി ചുഴറ്റും. 

'എനിക്ക് പഠിക്കണമെന്ന് ആഗ്രഹമുണ്ടായിരുന്നു. പക്ഷേ, എന്റെ മാതാപിതാക്കള്‍ക്ക് അതിനുളള മാര്‍ഗമുണ്ടായിരുന്നില്ല. ഞാന്‍ കുറുവടികളുമായി റോഡിലേക്കിറങ്ങിയതുപോലെ എന്റെ പേരക്കുട്ടികള്‍ക്ക് റോഡിലിറങ്ങേണ്ടി വരരുത്. അവരെ പഠിപ്പിക്കണം. പഠിച്ച് ജോലി നേടി ജീവിതത്തില്‍ എന്തെങ്കിലുമൊക്കെയാകണം. ജോലി നേടി സ്വന്തം കാലില്‍ നില്‍ക്കാനായാലേ അവരെ ഞാന്‍ വിവാഹം കഴിപ്പിച്ചയക്കൂ. അവര്‍ എന്നെപ്പോലെയാകരുത്.' അവരുടെ പ്രിയപ്പെട്ട ആജി പറയുന്നു.

Content Highlights: Warrior Aaji 85 year old Shantha Balu Pawar's Life Story, Pune