ഇന്ത്യയുടെ ആധ്യാത്മികാകാശത്തിലെ രണ്ട് സൂര്യബിംബങ്ങളാണ് സ്വാമി വിവേകാനന്ദനും ശ്രീനാരായണഗുരുവും. വിവേകാനന്ദന്‍ സ്ഥാപിച്ച രാമകൃഷ്ണ മിഷനും നാരായണഗുരുവില്‍നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട നാരായണ ഗുരുകുലവും ഇന്നും പ്രധാനപ്പെട്ട ആധ്യാത്മിക പ്രകാശധാരകളായി നിലനില്‍ക്കുന്നു. നാരായണ ഗുരുകുലത്തിന്റെ പരമാധ്യക്ഷന്‍ ശതാഭിഷിക്തനായ മുനി നാരായണപ്രസാദും രാമകൃഷ്ണാശ്രമത്തിലെ സ്വാമി നന്ദാത്മജാനന്ദയും തമ്മിലുള്ള ഈ സംഭാഷണം ഉള്ളിലെയും പുറത്തെയും ഒരുപാട് ആകാശങ്ങളെ തുറന്നിടുന്നു


സ്വാമി നന്ദാത്മജാനന്ദ: ശ്രീരാമകൃഷ്ണമഠത്തിലെ സ്വാമി രംഗനാഥാനന്ദ, സ്വാമി നിസ്രേയസാനന്ദ, സ്വാമി തപസ്യാനന്ദ തുടങ്ങിയ മലയാളികള്‍ ലോകനിലവാരത്തിലുള്ള ചിന്തകരാണ്. അതുപോലെ 'Towards a One World Economics'-ഉം 'World Government Manifesto' യും 'An Integrated Science of Absolute'-ഉം ഉള്‍പ്പെടെയുള്ള ലോകോത്തര കൃതികള്‍ എഴുതിയിട്ടുള്ള നടരാജഗുരുവും ആഗോളതലത്തില്‍ ചര്‍ച്ച ചെയ്തുവരുന്ന വ്യക്തിത്വമാണ്. എന്നാല്‍, ഈ മഹാത്മാക്കളുമായും അവരുടെ ചിന്തകളുമായും ചുരുക്കം മലയാളികള്‍ മാത്രമാണ് ബന്ധപ്പെട്ടിട്ടുള്ളത്. കേരളീയര്‍ക്ക് ഇത്തരം ഔന്നത്യമേറിയ ചിന്തകള്‍ അന്യമായിപ്പോകുന്നുവോ എന്ന് സംശയം തോന്നുന്നു.

മുനി നാരായണപ്രസാദ്: മേല്പറഞ്ഞ ചിന്തകളുടെ ഔന്നത്യത്തിലേക്ക് ഉയര്‍ന്നിരുന്നുവെങ്കില്‍ മലയാളികളുടെ മനസ്സ് എന്നേ വിശ്വമനസ്സായി വളരുമായിരുന്നു. ഏഴിമല എന്ന ഗ്രാമത്തില്‍ നടരാജഗുരുവിന്റെ നേതൃത്വത്തില്‍ ലോകസമാധാന സമ്മേളനം നടത്തിയപ്പോള്‍ ഈ കുഗ്രാമത്തില്‍ സമാധാന സമ്മേളനം നടത്തിയതുകൊണ്ട് ലോകസമാധാനം കൈവരുമോ? എന്നു ചോദിച്ചവരോടു നടരാജഗുരു പറഞ്ഞത്: ''ഇതെന്റെ ഒരു സ്വപ്നമാണ്. എല്ലാവര്‍ക്കും സ്വപ്നം കാണാന്‍ കഴിയുന്നതുപോലെ എനിക്കും ലോകത്തെ ഒന്നായിക്കണ്ടുകൊണ്ടു സ്വപ്നംകാണാമല്ലോ. അതേസമയം, എന്റെയീ സ്വപ്നം യാഥാര്‍ഥ്യമായിത്തീരാന്‍ തക്കവണ്ണം നല്ലതല്ല ഈ ലോകം'' എന്നായിരുന്നു. ഉള്ളിലെ സമ്പന്നതയാണ് നേടേണ്ടതെന്ന് പണത്തിനും ഭൗതികനേട്ടങ്ങള്‍ക്കും പിന്നാലെ പോകുന്ന ആളുകള്‍ എന്നാണോ തിരിച്ചറിയുക, അന്നാണു യഥാര്‍ഥ പരിവര്‍ത്തനമുണ്ടാവുക.

സ്വാമി നന്ദാത്മജാനന്ദ: അതേ, സാംസ്‌കാരികമായി മലയാളികള്‍ ഉയര്‍ന്നുനില്‍ക്കുന്നുവെന്ന് അവകാശപ്പെടുമ്പോഴും ആന്തരികമായി നാം പാപ്പരായിക്കൊണ്ടിരിക്കുകയാണ്.

മുനി നാരായണപ്രസാദ്: ഭൂരിപക്ഷംപേരും പണം നേടാനും അതിനെ നിലനിര്‍ത്താനുമുള്ള ഓട്ടത്തിലാണ്. ഈ ആന്തരികദാരിദ്ര്യം വിദേശരാജ്യങ്ങളില്‍ സന്ദര്‍ശനം നടത്തുമ്പോഴെല്ലാം ഞാന്‍ ശ്രദ്ധിച്ചിട്ടുണ്ട്. ചുരുക്കത്തില്‍ മലയാളികളെ പാപ്പരെന്നു പറയുമ്പോഴും മറ്റു ജനത അതിലും വലുതായി നേടിയെടുത്തു എന്നര്‍ഥമാക്കേണ്ടതില്ല.

സ്വാമി നന്ദാത്മജാനന്ദ: ഗുരുക്കന്മാരെയും ശ്രീനാരായണഗുരുവിനെയുമെല്ലാം നവോത്ഥാന നായകന്മാരായി മാത്രം അവതരിപ്പിക്കുമ്പോഴുള്ള അപകടത്തെപ്പറ്റി ഗുരുകുലം പറഞ്ഞുപോരാറുണ്ട്.

മുനി നാരായണപ്രസാദ്: ശ്രീനാരായണഗുരുവിനെ കേരളത്തിന്റെ മാത്രമായ കൊച്ചു െഫ്രയിമിലേക്ക് ഒതുക്കാനുള്ള ബോധപൂര്‍വവും അല്ലാതെയുമുള്ള ശ്രമമാണത്. ലോകത്തിലെ മുഴുവന്‍ ജനതയെയും പശ്ചാത്തലമായി കണ്ടുകൊണ്ട് അവതരിപ്പിക്കപ്പെട്ട ദര്‍ശനമാണു ഗുരുവിന്റേത്. ലോകോത്തരമായ ഈ ദര്‍ശനത്തെ കണ്ടില്ലെന്നുനടിച്ച് ഗുരുവിനെ ചെറുതാക്കി നിലനിര്‍ത്താനുള്ള ഈ ശ്രമത്തെ ഗുരുകുലം എക്കാലവും എതിര്‍ത്തുപോന്നിട്ടുണ്ട്.

സ്വാമി നന്ദാത്മജാനന്ദ: ഉപനിഷദ്ദര്‍ശനങ്ങളില്‍ അധിഷ്ഠിതമായി നടന്നുവരുന്ന സന്ന്യാസസമ്പ്രദായത്തിന്റെ രണ്ടു ധാരകളാണു രാമകൃഷ്ണമിഷനും നടരാജഗുരുവിനാല്‍ സ്ഥാപിതമായ നാരായണ ഗുരുകുലവും. ഗുരുകുലം കുറച്ചുകൂടി അന്തര്‍മുഖമാണെങ്കിലും ശ്രീരാമകൃഷ്ണമഠവുമായി ആശയപരമായി നോക്കുമ്പോള്‍ പൊരുത്തമാണു കൂടുതലും. സ്വയം വെളിച്ചമായിത്തീരാനും അപരന്റെ ദുഃഖങ്ങളെ ഇല്ലാതാക്കാനുമുള്ള വഴികളെയാണ് ഇരു ധാരകളും മുന്നോട്ടുവെക്കുന്നത്. അതിനാല്‍ത്തന്നെ ഈ ധാരയില്‍നിന്ന് പ്രവഹിക്കുന്ന സന്ദേശങ്ങള്‍ ജീവശ്വാസംപോലെ എല്ലായിടത്തും ചെന്നെത്തേണ്ടതുണ്ട്.

മുനി നാരായണപ്രസാദ്: ഗുരുകുലത്തില്‍നിന്ന് പ്രസിദ്ധീകരിച്ചു വരുന്ന ഒട്ടേറെ ഉപനിഷദ് ആഖ്യാനങ്ങള്‍ മലയാളത്തിലും ഇംഗ്ലീഷിലുമായുണ്ട്. ഉപനിഷദ് ദര്‍ശനവും ശ്രീനാരായണഗുരുവിന്റെ സത്യദര്‍ശനവും ഒന്നുതന്നെയാണ് എന്ന മര്‍മത്തെയറിയുമ്പോഴേ ഉപനിഷത്തുക്കളെ ഗുരുകുലം മുറുകെപ്പിടിക്കുന്നതിന്റെ കാരണം വ്യക്തമാകൂ. ശ്രീരാമകൃഷ്ണമഠത്തില്‍നിന്ന് ശാങ്കരദര്‍ശനത്തെ അടിസ്ഥാനമാക്കി ഒട്ടേറെ ഉപനിഷദ് വ്യാഖ്യാനങ്ങള്‍ പുറത്തിറങ്ങിയിട്ടുണ്ട്. ശ്രീനാരായണഗുരു ആത്മോപദേശശതകത്തിലെ ആദ്യ ശ്ലോകത്തില്‍ പറയുന്നതുപോലെ ഉള്ളിലും(ആധ്യാത്മികത) ഒപ്പം പുറത്തുമായി(ഭൗതികത) വിരിഞ്ഞു നില്‍ക്കുന്നതിനെ എല്ലാം ഒരുപോലെ ഉള്‍ക്കൊള്ളുന്ന ഒരു ആധ്യാത്മികശാസ്ത്രമാണ് ഗുരുവിന്റെ ദര്‍ശനങ്ങളില്‍ നിറഞ്ഞുനില്‍ക്കുന്നത്.

സ്വാമി നന്ദാത്മജാനന്ദ: രാമകൃഷ്ണമിഷന്‍ ഒരു ആഗോളപ്രസ്ഥാനമാണ്. ഗുരുകുലത്തിനും വിദേശങ്ങളില്‍ ബ്രാഞ്ചുകളുണ്ട്. ഇരു സന്ന്യാസസംഘങ്ങളിലെയും സന്ന്യാസിമാര്‍ ലോകമെമ്പാടും സഞ്ചരിച്ചുവരുന്നു. മോസ്‌കോ ഫിജി, അമേരിക്ക, യൂറോപ്പ് മുതലായ സ്ഥലങ്ങളില്‍ അങ്ങു സഞ്ചരിക്കുകയും താമസിക്കുകയും ചെയ്തിട്ടുണ്ട്. 120-ലേറെ പുസ്തകങ്ങള്‍ ഇംഗ്ലീഷിലും മലയാളത്തിലുമായി അങ്ങയുടേതായിട്ടുണ്ട്. അങ്ങേയ്ക്കുകിട്ടിയ ലോകപരിചയം സത്യാന്വേഷണജീവിതത്തില്‍ മുതല്‍ക്കൂട്ടായിട്ടുണ്ടോ.

മുനി നാരായണ പ്രസാദ്: സഞ്ചാരത്തിലൂടെയും മറ്റും ലോകത്തെ നോക്കിക്കാണാനാണു ശ്രമിച്ചിട്ടുള്ളത്. ശ്രീനാ രായണഗുരു നല്‍കിയ സത്യദര്‍ശനത്തെ ആധാരമാക്കിയുള്ളതാണ് ആ നിരീക്ഷണം. അതെന്റെ ജീവിതത്തില്‍ അങ്ങേയറ്റം പ്രയോജനപ്പെട്ടിട്ടുണ്ടുതാനും. സന്ന്യാസജീവിതത്തിന്റെ പ്രസക്തിയും ആന്തരിക ജീവിതത്തിന്റെ പ്രാധാന്യവുമൊക്കെ കൂടുതല്‍ മനസ്സിലാക്കാന്‍ യാത്രകളും പുറംലോകവുമായുള്ള ബന്ധങ്ങളും തീര്‍ച്ചയായും ഉപയോഗപ്പെട്ടിട്ടുണ്ട്.

സ്വാമി നന്ദാത്മജാനന്ദ: ജ്ഞാനമിശ്രിതഭക്തിയെയാണു ശ്രീരാമകൃഷ്ണമഠം പ്രധാനമായും മുന്നോട്ടു െവക്കുന്നത്. ഈശ്വരാരാധന ഓരോ ഗൃഹത്തിലുമെത്തണമെന്നു ശ്രീനാരായണഗുരുവും പറഞ്ഞിട്ടുണ്ട്. ദേവതകളെ കേന്ദ്രമാക്കിയുള്ള ഒട്ടേറെ സ്‌തോത്രകൃതികളും ഗുരുവിന്റേതായി നമുക്കു കിട്ടിയിട്ടുണ്ട്. എന്നാല്‍, ഗുരുകുലത്തിന്റെ വഴിയായി സന്ന്യാസിമാര്‍ സ്വീകരിച്ചുകാണുന്നതു ജ്ഞാനമാര്‍ഗമാണ്. എന്നാലും സത്യസാക്ഷാത്കാരത്തിലൂന്നിയുള്ള ഭക്തിയെ ശ്രീനാരായണഗുരു തള്ളിക്കളഞ്ഞുവെന്നു കരുതാനാവില്ല.

മുനി നാരായണപ്രസാദ്: വെറും ആചാരപരമായ ഭക്തിയെ ശ്രീനാരായണഗുരു അംഗീകരിച്ചിട്ടില്ല. ഗുരു ക്ഷേത്രപ്രതിഷ്ഠകള്‍ നടത്തിയത് മോശപ്പെട്ട തലത്തിലേക്ക് ആളുകള്‍ പോകാതിരിക്കാനുള്ള ബദല്‍ എന്ന നില യ്ക്കാണ്. എന്നാല്‍, യഥാര്‍ഥഭക്തിയെന്താണെന്നു ശ്രീനാരായണഗുരു ദര്‍ശനമാലയില്‍ പറയുന്നുണ്ട്(ഭക്തിരാത്മാനുസന്ധാനം). ഈ ഭക്തി യഥാര്‍ഥത്തില്‍ ജ്ഞാനത്തിന്റെ വഴിയിലേക്കുതന്നെയാണു നയിക്കുന്നതും. ആ അര്‍ഥത്തില്‍ യഥാര്‍ഥഭക്തിയെ ഗുരുകുലം തള്ളിക്കളയുന്നില്ല.

സ്വാമി നന്ദാത്മജാനന്ദ: ബാഹ്യകാര്യങ്ങളില്‍ ശ്രദ്ധയെ വ്യാപരിപ്പിക്കുന്നതിനാല്‍ പുതിയ തലമുറയ്ക്ക് ആധ്യാത്മികത നല്‍കുന്ന സാധ്യതകളും വലിയ ലോകവും നഷ്ടപ്പെട്ടു പോകാനിടവരുന്നതായിക്കാണുന്നു. ആധ്യാത്മികതയുടെ ഈറ്റില്ലമായ ഇവിടെയെങ്കിലും ഒരു ബദല്‍ സൃഷ്ടിക്കാന്‍ ശ്രമിക്കേണ്ടതില്ലേ

മുനി നാരായണപ്രസാദ്: ഇങ്ങനെയൊരു കാര്യത്തെപ്പറ്റി ആലോചിക്കുകയും പത്തുവര്‍ഷം മുമ്പുതന്നെ ഇന്ത്യയുടെ പ്രധാനമന്ത്രിക്കും വിദ്യാഭ്യാസമന്ത്രിക്കും ഞാന്‍തന്നെ കത്തെഴുതുകയും ചെയ്തിരുന്നു. മാത്രമല്ല പാശ്ചാത്യതത്ത്വചിന്ത, ഇന്ത്യന്‍ തത്ത്വചിന്ത, മതപരമായ തത്ത്വചിന്തകള്‍ എന്നതിനെല്ലാമപ്പുറത്ത് എല്ലാവര്‍ക്കും ഒരുപോലെ സമീപിക്കാവുന്ന ഒരു തത്ത്വചിന്താ സമ്പ്രദായത്തിന്റെ ആമുഖം തയ്യാറാക്കുകയും 'Pure Philosophy Simplified for Youth' എന്ന പേരില്‍ പുസ്തകമാക്കുകയും ചെയ്തു. ഈ കൃതിയും അധികൃതരുടെ കൈകളില്‍ എത്തിക്കുകയുണ്ടായി. നിലവിലുള്ള കേന്ദ്രസര്‍ക്കാരിന്റെ ശ്രദ്ധയിലും ഇത് പെടുത്തിയിട്ടുണ്ട്.

സ്വാമി നന്ദാത്മജാനന്ദ: ജീവിതത്തെപ്പറ്റി മാത്രം പഠിക്കാന്‍ ഇന്നത്തെ കുട്ടികള്‍ക്ക് അവസരം കിട്ടുന്നില്ല. വിദ്യാഭ്യാസ പരിഷ്‌കരണശ്രമങ്ങള്‍ നടന്നുകൊണ്ടിരിക്കുന്ന ഈ കാലഘട്ടത്തില്‍ വിദ്യാഭ്യാസം സംബന്ധിച്ച ചര്‍ച്ചകള്‍ വളരെ പ്രാധാന്യമര്‍ഹിക്കുന്നു. രാമകൃഷ്ണമിഷന്റെ കീഴിലുള്ള വിവേകാനന്ദ സര്‍വകലാശാല പത്തുവരെയുള്ള കുട്ടികള്‍ക്കായി ജീവിതത്തെ സംബന്ധിച്ച് അവശ്യം അറിഞ്ഞിരിക്കേണ്ട കാര്യങ്ങള്‍ ഉള്‍പ്പെടുത്തിക്കൊണ്ടുള്ള പാഠപുസ്തകങ്ങള്‍ തയ്യാറാക്കിയിട്ടുണ്ട്.

മുനി നാരായണപ്രസാദ്: നമ്മുടെ കുട്ടികളെ പണമുണ്ടാക്കാന്‍ മാത്രമാണു പഠിപ്പിക്കുന്നത്. ജീവിതത്തെക്കുറിച്ചോ ജീവിതതത്ത്വശാസ്ത്രത്തെക്കുറിച്ചോ യുവാക്കള്‍ മനസ്സിലാക്കാത്തതുകൊണ്ടാണ് അവര്‍ പണമുണ്ടാക്കാനുള്ള കേവലം യന്ത്രങ്ങളായിത്തീരുന്നത്. അതിന്റെ ഭാഗമായാണ് വിദ്യാഭ്യാസവകുപ്പിന് മനുഷ്യരെ കച്ചവടരീതിയില്‍ ഉത്പന്നങ്ങളെപ്പോലെ കാണുന്ന ഹ്യൂമന്‍ റിസോഴ്സ് എന്ന പേരിട്ടിരിക്കുന്നത്. എന്തായാലും ഞങ്ങള്‍ നിര്‍ദേശിച്ചത് കണക്കിലെടുത്തുകൊണ്ടാണ് ഹ്യൂമന്‍ റിസോഴ്സ് എന്ന പേര് അടുത്തിടെ മാറ്റിയതെന്നു തോന്നുന്നു. 'മെയ്ക്ക് ഇന്‍ ഇന്ത്യ' എന്ന മുദ്രാവാക്യം ഗവണ്‍മെന്റ് മുന്നോട്ടുവെച്ചപ്പോള്‍ത്തന്നെ ഗുരുകുലം പറഞ്ഞത് 'മെയ്ക്ക് മാന്‍ ഇന്‍ ഇന്ത്യ'എന്നാണ്. അതായത് മനുഷ്യനിര്‍മാണത്തിനാവശ്യമായ കാര്യങ്ങള്‍ ഇവിടെ സജ്ജമാക്കിയാല്‍ ബാക്കിയെല്ലാം സ്വാഭാവികമായും നടന്നുകൊള്ളും. മനുഷ്യനാകാന്‍ പര്യാപ്തമായ ജീവിതതത്ത്വശാസ്ത്രം വിദ്യാഭ്യാസകാലത്തുതന്നെ ഏവരും പഠിച്ചിരിക്കണം. അതിനാണ് ഒരു പ്രാഥമികപുസ്തകം എന്ന നിലയില്‍ ലോകത്തെ എല്ലാ തത്ത്വശാസ്ത്ര രീതികളുടെയും മര്‍മപരമായ കാര്യങ്ങള്‍ കൂട്ടിയിണക്കി 'യുവദര്‍ശനം'(Pure Philoosphy Simplified for Youth')എന്ന കൃതി പ്രസിദ്ധീകരിച്ചത്. സാമാന്യയുക്തിയെയും സത്യത്തോടുള്ള ആഭിമുഖ്യത്തെയുംമാത്രം ആധാരമാക്കി അങ്ങനെയൊരു പുസ്തകം രചിച്ചതിനു പിന്നില്‍ വര്‍ഷങ്ങളുടെ ഗവേഷണവും പ്രയത്‌നവുമുണ്ട്. അതു സര്‍ക്കാര്‍ പരിഗണിച്ചെന്നാണ് അറിയാന്‍ കഴിഞ്ഞത്. മുമ്പു പറഞ്ഞരീതിയില്‍ വിദ്യാഭ്യാസവകുപ്പിന്റെ പേര് അങ്ങനെത്തന്നെ നിലനിര്‍ത്തിയത് അതിന്റെ ഭാഗമാണെന്നു കരുതുന്നു.

സ്വാമി നന്ദാത്മജാനന്ദ:യോഗ, ആയുര്‍വേദം തുടങ്ങിയ വഴികളിലൂടെ ഭാരതീയ തത്ത്വചിന്തയിലേക്ക് ധാരാളം യുവാക്കള്‍ കടന്നുവന്നുകൊണ്ടിരിക്കുന്ന ഒരു സമയത്താണ് നാം സംസാരിക്കുന്നത്. ഇങ്ങനെ ആകര്‍ഷിതരായി വരുന്ന യുവാക്കളെ വ്യക്തിത്വവികസനത്തിനുപകരിക്കുന്ന ആധ്യാത്മികവഴിയിലേക്കുകൂടി നയിക്കാന്‍ കഴിയുമെങ്കില്‍ വലിയ കാര്യമായിരിക്കും.

മുനി നാരായണപ്രസാദ്: 'ലോകത്തെ ഉദ്ധരിക്കണം' എന്ന ഉദ്ദേശ്യത്തിനുമാത്രമായി ഗുരുകുലം ഒന്നുംതന്നെ ചെയ്യുന്നില്ല. നാരായണഗുരുകുലം മുമ്പോട്ടുവെക്കുന്ന പാത ജിജ്ഞാസുക്കള്‍ക്കുള്ളതാണ്. ഈ ജ്ഞാനമാര്‍ഗം എല്ലാവര്‍ക്കും പറ്റിയതാണ്, എല്ലാവരെയും ആകര്‍ഷിക്കാന്‍ പറ്റിയതാണ് എന്നു കരുതാനുമാവില്ല. ഗുരുകുലം പകര്‍ന്നു നല്‍കുന്നത് ഉപനിഷത്ത് മുന്നോട്ടുവെക്കുന്ന രഹസ്യംതന്നെയാണ്. ഉപനിഷത്തുക്കളില്‍ ഒന്നില്‍ ജ്ഞാനോപദേശം നടത്തിയശേഷം ഋഷിതന്നെ ശിഷ്യനോടു പറയുന്നത്, 'ഇതു മൂത്ത പുത്രനോടല്ലാതെ മറ്റാരോടും പറയരുത്' എന്നാണ്. അതായത് ഇതു പൊതുവായി ഉള്‍ക്കൊള്ളാന്‍ പറ്റുന്ന കാര്യമല്ല എന്നു ചുരുക്കം. മേല്‍പ്പറഞ്ഞ രീതിയില്‍ ജിജ്ഞാസുക്കള്‍ ഉള്ളിലെ വെളിച്ചം കണ്ടെത്തുമ്പോള്‍ അവര്‍ ലോകത്തിനു മുഴുവന്‍ പ്രയോജനമുള്ളവരായിത്തീരുമെന്നതു സ്വാഭാവികമാണല്ലോ.

സ്വാമി നന്ദാത്മജാനന്ദ: ലോകത്തിലുണ്ടായിട്ടുള്ള തത്ത്വചിന്തകളെ മുഴുവന്‍ ഏറക്കുറെ പൊരുത്തപ്പെടുത്തിയെടുക്കാന്‍ ഗുരുകുലത്തിനു കഴിഞ്ഞിട്ടുണ്ട്. അതിനെ ഒരു ഗുരുവിന്റെ സത്യദര്‍ശനത്തിന്റെ വെളിച്ചത്തില്‍ മനസ്സിലാക്കാനും ഗുരുപരമ്പരയ്ക്കു കഴിയുന്നു. ഗുരുകുലത്തിന്റെ സാരഥി എന്ന നിലയില്‍ പുതുതലമുറയോട് ധാരാളം പറയാനുണ്ടാകും.

മുനി നാരായണപ്രസാദ്: പണം സമ്പാദിക്കാന്‍ മാത്രമായി ജീവിക്കുക എന്നതു ദയനീയമായ ഒന്നാണ്. ജീവിക്കാനായി പണം വേണം. എന്നാല്‍, പണത്തിനുവേണ്ടി ജീവിതം ചെലവഴിക്കരുത്. നിയന്ത്രണംവിട്ടുള്ള പണംതേടല്‍ കൂടുതല്‍ പ്രശ്‌നങ്ങളിലേക്കാവും കൊണ്ടുപോകുക. ജീവിതത്തെക്കുറിച്ച് അവബോധമുള്ളവരാവുക എന്ന ലക്ഷ്യം ഓരോരുത്തരിലും ഉണ്ടാക്കുകയാണു പരിഹാരം. 'ഞാനാര്' എന്നു സ്വയം കണ്ടെത്തുന്നതിലൂടെ സ്വയം വെളിച്ചമായിത്തീരാനും ചുറ്റുമുള്ളവരിലേക്ക് അതു പ്രസരിപ്പിക്കാനും കഴിയും. 'സ്വയം തിരിച്ചറിയുക' എന്നതായിരിക്കണം ജീവിതത്തിന്റെ പ്രധാന ഉദ്ദേശ്യം എന്നു ചുരുക്കം.

സ്വാമി നന്ദാത്മജാനന്ദ: ചെറുപ്പത്തിലേ കിട്ടിയ അനുഭവങ്ങളും ശീലങ്ങളും ഒരുവന്റെ ജീവിതത്തെ അങ്ങേയറ്റം സ്വാധീനിക്കാറുണ്ട്. അത്തരം അനുഭവം ആധ്യാത്മികമാണെങ്കില്‍ ജീവിതം കീഴ്മേല്‍ മറിയുകയും ഉന്നതമായ വഴിയിലേക്കു തിരിയുകയും ചെയ്യും. അത്തരം ആധ്യാത്മികാനുഭവങ്ങള്‍ ആകാശംപോലെയുള്ള ലോകത്തിലേക്കു വിടര്‍ന്നുവികസിക്കാന്‍ ഏതൊരാള്‍ക്കും പ്രയോജനപ്പെടുന്നതായിരിക്കുമല്ലോ.

മുനി നാരായണപ്രസാദ്: ചെറുപ്പത്തില്‍ത്തന്നെ എന്നെ ആകര്‍ഷിച്ചതു ശ്രീനാരായണഗുരുവിനെ സംബന്ധിച്ചുകേട്ട സംഭവങ്ങളും അനുഭവങ്ങളുമാണ്. ഗുരുവിനെ കണ്ട കാര്യം അച്ഛന്‍ വിശദീകരിക്കുന്നതുകേട്ട് വളരെ ആകര്‍ഷകമായി ഇരുന്നുപോയിട്ടുണ്ട്. ചെറുപ്പകാലത്ത് വീടുമാറിയപ്പോള്‍ ഗുരുവിന്റെ ചിത്രംവെച്ച് പൂജാമുറി ഉണ്ടാക്കിയത് ഞാനിപ്പോഴും ഓര്‍മിക്കുന്നു. പിന്നീട് ഗുരു നിത്യചൈതന്യയതിയെ കണ്ടതാണ് വഴിത്തിരിവായത്. അത് ക്രമേണ നടരാജഗുരുവിലേക്കുള്ള വഴിയായി പരിണമിക്കുകയായിരുന്നു.

സ്വാമി നന്ദാത്മജാനന്ദ: കേവലം അനുഷ്ഠാനപരതയ്ക്കപ്പുറത്ത് മതത്തെ മനോവികാസമാര്‍ഗമായും ബൗദ്ധികചിന്താരീതിയായും കേരളീയരുടെ മുമ്പില്‍ അവതരിപ്പിച്ചതില്‍ ശ്രീരാമകൃഷ്ണമഠത്തിനും ഗുരുകുലത്തിനും വലിയപങ്കാണുള്ളത്. നടരാജഗുരു ചെറുപ്പത്തില്‍ത്തന്നെ വിവേകാനന്ദദര്‍ശനവുമായും മൈസൂര്‍ ശ്രീരാമകൃഷ്ണമഠവുമായും ബന്ധമുള്ള ആളായിരുന്നു. ഗുരുനിത്യചൈതന്യയതി ശ്രീരാമകൃഷ്ണമഠത്തിനുകീഴിലുള്ള ചെന്നൈ വിവേകാനന്ദകോളേജില്‍ പ്രവര്‍ത്തിക്കുകയും മിഷനിലെ സ്വാമിമാരുമായി അടുത്തബന്ധം പുലര്‍ത്തുകയും ചെയ്തിട്ടുമുണ്ട്.

മുനി നാരായണപ്രസാദ്: ശ്രീരാമകൃഷ്ണ വചനാമൃതവും വിവേകാനന്ദസാഹിത്യവും സാധകരെ ആകര്‍ഷിക്കുകയും സ്വാധീനിക്കുകയും ചെയ്തിട്ടുള്ളതുപോലെ എന്നെയും സ്വാധീനിച്ചിട്ടുണ്ട്. ആഗമാനന്ദസ്വാമികളുടെ ഒരു പ്രസംഗം ചെറുപ്പത്തില്‍ കേട്ടത് ഞാനിപ്പോഴും ഓര്‍ക്കുന്നു. ഉപനിഷദ് വ്യാഖ്യാനമെഴുതുമ്പോള്‍ എന്റെ മുമ്പിലുള്ള സോഴ്സ് ബുക്ക് ശ്രീരാമകൃഷ്ണമഠത്തിലെ മൃഡാനന്ദസ്വാമികളുടേതായിരുന്നു. ശാസ്താംകോട്ടയില്‍നടത്തിയ ലോക മതസമ്മേളനത്തില്‍ സ്വാമി മൃഡാനന്ദജിയും സ്വാമി സിദ്ധിനാഥാനന്ദജിയും സജീവ സാന്നിധ്യമായിരുന്നു.

സ്വാമി നന്ദാത്മജാനന്ദ: ശാങ്കരദര്‍ശനത്തെത്തന്നെയാണു താന്‍ പിന്‍തുടരുന്നതെന്നു ശ്രീനാരായണഗുരു പറഞ്ഞിട്ടുണ്ട്. ശാങ്കരദര്‍ശനത്തില്‍നിന്നു മാറിയുള്ള ഒരു ശൈലി ഗുരുദേവദര്‍ശനത്തില്‍ ഉള്ളതായി പലരും ഇന്നു പ്രചരിപ്പിക്കുന്നുണ്ടല്ലോ.

മുനി നാരായണപ്രസാദ്: അടിസ്ഥാനപരമായി നോക്കിയാല്‍ രണ്ടുപേരുടെയും ദര്‍ശനങ്ങള്‍ തമ്മില്‍ വ്യത്യാസങ്ങളൊന്നുമില്ല. എന്നാല്‍, വിശദാംശങ്ങളിലേക്കുകടക്കുമ്പോള്‍ അല്പം വ്യത്യാസങ്ങള്‍ കാണാം. ശങ്കരാചാര്യരുടെ കാലഘട്ടം ബുദ്ധനു ശേഷമായിരുന്നുവെന്നതും ഗുരുവിന്റേത് ആധുനിക കാലഘട്ടമായിരുന്നു എന്നതുംകൂടി ഇവിടെ കണക്കിലെടുക്കേണ്ടതുണ്ട്. ശങ്കരാചാര്യരുടേതും ഖണ്ഡന മണ്ഡനരീതിയായിരുന്നു, അദ്വൈതസിദ്ധാന്തമൊഴികെയുള്ള എല്ലാത്തിനെയും തള്ളിക്കളയുന്ന രീതിയാണത്. എന്നാല്‍, ഗുരുവിന്റേത് ഒന്നിനെയും തള്ളിക്കളയാതെ എല്ലാത്തിനെയും ഉള്‍ക്കൊള്ളുന്നതാണ്. 'ഏകമായ സത്യത്തെ വ്യത്യസ്തമായ വീക്ഷണകോണുകളിലൂടെ നോക്കുമ്പോള്‍ വ്യത്യസ്തദര്‍ശനങ്ങള്‍ കിട്ടുന്നു.' എന്നതാണ് വ്യത്യസ്ത സമ്പ്രദായങ്ങളെപ്പറ്റിയുള്ള ഗുരുവിന്റെ പക്ഷം. സത്യത്തെ അനുഭവിച്ചറിഞ്ഞ ഗുരുവിന് ഒരു ദാര്‍ശനിക സമ്പ്രദായവും അന്യമായിത്തോന്നിയില്ല.

സ്വാമി നന്ദാത്മജാനന്ദ: ശ്രീശങ്കരാചാര്യരുടെ പേരില്‍ തുടങ്ങിയ സര്‍വകലാശാലയിലെ ബുദ്ധിജീവികളും മറ്റും പ്രധാനമായി ചെയ്യുന്ന കാര്യം 'ശങ്കരാചാര്യരുടെ ആശയങ്ങള്‍ക്ക് ബദല്‍ സൃഷ്ടിക്കുക' എന്ന കാര്യമാണ് എന്നാരോപിക്കുന്നവര്‍ ഏറെയാണ്. ശ്രീനാരായണഗുരുവിന്റെ പേരില്‍ തുടങ്ങിയ സര്‍വകലാശാലയിലും അങ്ങനെയുള്ള ദുര്യോഗം സംഭവിക്കുമോ എന്നു പലരും ഭയപ്പെടുന്നു.

മുനി നാരായണപ്രസാദ് : അങ്ങനെ സംഭവിച്ചേക്കാമെന്ന കാര്യം തള്ളിക്കളയാനാവില്ല. എന്നാല്‍, നിലവില്‍ ശ്രീനാരായണഗുരുവിന്റെ പേരിലുള്ള സര്‍വകലാശാല ഗുരുവിന്റെ പേരില്‍ ഒരു ചെയര്‍ തുടങ്ങുകയും ദാര്‍ശനികപഠനങ്ങളെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നുണ്ട്. അതിനായി ഇവിടെവന്നു ചര്‍ച്ച നടത്തുകയും നിര്‍ദേശങ്ങള്‍ സ്വീകരിക്കുകയും ചെയ്തിട്ടുണ്ട്.

സ്വാമി നന്ദാത്മജാനന്ദ: ദേശീയത, മതം, ആധ്യാത്മികത തുടങ്ങിയവ പരസ്പരം ഉള്‍ച്ചേര്‍ക്കുന്നതില്‍ പലര്‍ക്കും അപകടം പിണഞ്ഞിട്ടുണ്ട്. ഭാരതത്തിന്റെ ആന്തരികമൂല്യം സ്വാംശീകരിക്കുന്നതിലൂടെ ആധ്യാത്മികവികാസം നേടാനാവുമെന്നും അതുവഴി ഒരു വിശ്വപൗരനാകാന്‍ കഴിയുമെന്നുമാണ് വിവേകാനന്ദപക്ഷം.

മുനി നാരായണപ്രസാദ്: ഭാരതത്തിന്റെ സന്ദേശം ആധ്യാത്മികതയും വ്യക്തിനിര്‍മാണവുമാണ് എന്ന കാര്യത്തില്‍ തര്‍ക്കമില്ല. ഭാരതത്തിലേതുപോലെയല്ലെങ്കിലും പല സ്ഥലങ്ങളിലും ഗുരുക്കന്മാര്‍ ഉണ്ടായിട്ടുണ്ട് എന്നതും നാം അംഗീകരിക്കണം. അതേസമയം, ഭാരതത്തിന് ആധ്യാത്മികതയില്‍ അധിഷ്ഠിതമായ വലിയ പൈതൃകമുണ്ടുതാനും. എന്നാല്‍, ആധ്യാത്മികതയില്‍ ദേശീയമായ അതിര്‍വരമ്പുകള്‍ പാടില്ല എന്നാണു ഗുരുകുലത്തിന്റെ നിലപാട്. വിശ്വമനസ്സാക്കി ഒരാളെ വളര്‍ത്തുന്ന ആശയങ്ങളോടു വിരോധമില്ലതാനും.

സ്വാമി നന്ദാത്മജാനന്ദ: സന്ന്യാസത്തെ വിരസജീവിതമായും കാല്പനികകാന്തി കലര്‍ന്ന മരണമായും കരുതുന്നവരായി പല ചിന്തകരുമുണ്ട്.

മുനിനാരായണപ്രസാദ്: 'കാല്പനികകാന്തി' എന്നതുതന്നെ ആര്‍ക്കും എത്തിപ്പിടിക്കാനാവാത്ത ഒരു തലമാണല്ലോ. സന്ന്യാസം യഥാര്‍ഥത്തില്‍ സമൂഹത്തില്‍നിന്നുള്ള വിടവാങ്ങലാണ്. ത്യാഗമാണ് അതിന്റെ കേന്ദ്രബിന്ദു. ലോകത്തുള്ള ഒട്ടുമിക്ക ആധ്യാത്മികാചാര്യന്മാരിലും ഈ ത്യാഗത്തെ കാണാനാവും. സന്ന്യാസത്തെപ്പറ്റി മനസ്സിലാക്കാന്‍പോലും ഒരു ത്യാഗം ആവശ്യമുണ്ട്. അതുകൊണ്ടുതന്നെ സന്ന്യാസത്തെക്കുറിച്ചുള്ള അജ്ഞതയെന്നത് എപ്പോഴും നിലനില്‍ക്കുന്ന ഒന്നുതന്നെയായിരിക്കും. എന്നെ സംബന്ധിച്ചിടത്തോളം സന്ന്യാസം എന്ന വഴിയിലൂടെയാണു ജീവിതധന്യത ഉള്ളിലേക്കു കടന്നുവന്നത്. ആ അനുഭൂതിയില്‍ അമര്‍ന്നുകൊണ്ടാണ് സന്ന്യാസിമാര്‍ ജീവിക്കുന്നത് എന്ന കാര്യമാണ് മനസ്സിലാക്കേണ്ടതും.

 

Content Highlights: Swami Nandathmajananda, Muni Narayanaprasad