ദൈവാരാധനയെ കൂടുതല്‍ മാനുഷികമായി നവീകരിക്കുന്നതിന് വേണ്ടി താന്‍ ഉള്‍പ്പെടുന്ന മത സമൂഹത്തെ പരിഷ്‌കരിക്കാന്‍ സമുഹത്തിലേക്ക് ഇറങ്ങിവന്ന  മതത്തിനുള്ളിലെ മതേതര ചിന്തയുടെ മുഖമാണ് സ്വാമി അഗ്‌നിവേശ്. ദൈവത്തിന് വേണ്ടി ചെലവാക്കുന്ന സമയത്തില്‍ കുറച്ചെങ്കിലും മനുഷ്യന്റെ ബൗദ്ധിക പുരോഗതിക്ക് വേണ്ടി ഉപയോഗിക്കാന്‍ ശ്രമിക്കുക എന്ന്  മതത്തിനുള്ളില്‍ നിന്ന് ഒരു സമൂഹത്തെ ബോധ്യപെടുത്താന്‍ ശ്രമിച്ചുകൊണ്ടേയിരിക്കുന്നതിനോടൊപ്പം കാലഹരണപ്പെട്ട മത ആചാരങ്ങളെ വര്‍ത്തമാന കാലത്തിന്റെ പുരോഗതിക്കൊപ്പം മാറ്റിയെടുക്കുവാനും കൂടെയാണ് അദ്ദേഹം ശ്രമിക്കുന്നത്.

'ഞാനും നിങ്ങളും പഠിച്ചതിന് ഒരു പാട് മുകളിലാണ് പ്രപഞ്ച സൃഷ്ടാവായ ദൈവം എന്ന് ബോധ്യപെടുമ്പോള്‍ മാത്രമേ നമ്മള്‍ ആ ലക്ഷ്യത്തില്‍ എത്തിച്ചേരുകയുള്ളു. അതിനുള്ള വഴി മനുഷ്യനെ ശരിയായി വായിക്കുകയും അവന്റെ ജീവിതത്തില്‍ വിവേചനങ്ങളില്ലാത്ത ദൈവ സങ്കല്‍പ്പം പ്രതിഷ്ഠിക്കുകയുമാണ്.' അദ്ദേഹം പറയുന്നു. മതത്തിന് മുകളില്‍ ദുരാചാരങ്ങളുടെ കരിമ്പടം പുതപ്പിച്ചവര്‍ക്ക് പരമകാരുണ്യവാനായ ദൈവനീതി മനുഷ്യത്വത്തെ മുന്‍നിര്‍ത്തി തിരുത്തുക എന്നത് കൂടെയാണ് അദ്ദേഹം ഉയര്‍ത്തുന്ന രാഷ്ട്രീയ സംജ്ജ്ഞ.

#സര്‍വ്വവും ഉപേക്ഷിച്ച് വെപ്പ ശ്യാം കുമാര്‍ റാവുവില്‍ നിന്ന് സ്വാമി അഗ്‌നിവേശിലേക്കുള്ള രൂപപ്പെടല്‍ എപ്രകാരമായിരുന്നു?

രാഷ്ട്രീയ സാധ്യതകള്‍ക്ക് വേണ്ടിയല്ല സന്യാസിയായത്.  സന്യാസിയായതിലൂടെയാണ് രാഷ്ട്രീയത്തിലേക്ക് വന്നത്. ഉള്ള് കൊണ്ടാണ് ഞങ്ങള്‍ പറയുന്നത് സാമൂഹ്യ,സാമ്പത്തിക മേഖലകളില്‍ മാറ്റങ്ങള്‍ വരുത്താന്‍ സാധ്യമായ മികച്ച മൂല്യമുള്ള രാഷ്ട്രീയധാര ഉണ്ടാവണം എന്ന്. ഈ ധാരകള്‍ക്ക് ശക്തിപകരനാണ് രാഷ്ട്രീയത്തിന്റെ ഭാഗമായത്, ഈ കാലങ്ങളിലാണ് ജയപ്രകാശ് നാരായണനുമൊത്ത് രാഷ്ട്രീയ പ്രക്ഷോഭങ്ങളില്‍ പങ്കു ചേരാന്‍ സാധിച്ചതും.

#ഒരു ജനതയെ കാവിവല്‍ക്കരിക്കാന്‍ ശ്രമിച്ചുകൊണ്ടിരിക്കുന്ന സംഘപരിവാറില്‍ നിന്ന്, ആര്യസമാജ പണ്ഡിതനായ അങ്ങേക്ക് ഏത് സാഹചര്യത്തിണ് ഇത്തരമൊരു ആക്രമണം നേരിടേണ്ടി വന്നത്?

എനിക്ക് നേരെ നടന്ന ആക്രമണത്തില്‍ എന്നോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചുകൊണ്ട് സോണിയ ഗാന്ധി അടക്കമുള്ള മുതിര്‍ന്ന ഒട്ടേറെ കോണ്‍ഗ്രസ് നേതാക്കളും,ദല്‍ഹി ആര്‍ച്ച് ബിഷപ്പും,മുസ്ലിം മത പുരോഹിതന്‍മാരും ഉള്‍പ്പെടെയുള്ളവര്‍ മുന്നോട്ട് വന്നെങ്കിലും,ഒരു സന്യാസിക്ക് നേരെ നടന്ന ഗുണ്ടാ അക്രമണത്തിനെതിരെ ബി.ജെ.പി യുടെയോ ആര്‍.എസ.എസ്സിന്റെയോ ഭാഗത്തുനിന്ന് ഒരു തരത്തിലുള്ള അനക്കവും ഉണ്ടായില്ല. ഇത്തരം ഫാസിസ്റ്റുകള്‍ യഥേഷ്ടം സമൂഹത്തില്‍ ഇടപെടുന്നതിന് ഭൂരിപക്ഷത്തിന്റെ വലിയ മൗനവും പലപ്പോഴും സഹായകരമാകുന്നു.ഇതാണ് ഇന്ന് നമ്മള്‍ നേരിടുന്ന യഥാര്‍ത്ഥ പ്രതിസന്ധി. 

അവര്‍ യുവാക്കളില്‍ ശാഖയിലൂടെ വര്‍ഗീയ വിഷം  നിരന്തരം കുത്തിവച്ച് ഈ അവസ്ഥ പുനഃസൃഷ്ടിച്ചുകൊണ്ടേയിരിക്കുകയാണ്. അവരുടെ കൈയിലാണ് ഇന്ന് രാജ്യത്തിന്റെ അധികാര ചരടുകള്‍ ഉള്ളത്.ഇത് അവരെ ഉന്മത്തമായ അവസ്ഥയിലേക്കെത്തിച്ചിരിക്കുകയാണ്.ജാതി മത രാഷ്ട്രീയ ഭേദമന്യേ ഇത്തരം ഫാസിസ്റ്റുകള്‍ക്കെതിരെ കൈകോര്‍ക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. ഐ എസ് ഐ എസ്സിനോടും താലിബാനോടും സാമ്യപ്പെടുത്താവുന്ന സംഘടനയാണ് ആര്‍ എസ് എസ്.ഈ സാഹചര്യത്തില്‍ കൂടെയാണ് ഞങ്ങള്‍ പറയുന്നത് ഇന്ത്യ ഉണരേണ്ട സമയമാണിപ്പോള്‍.എന്നാല്‍ മാത്രമേ ഇനിയും വളര്‍ന്ന് പന്തലിക്കുന്നതിന് മുന്‍പ് ഈ വര്‍ഗീയ ശക്തികള്‍ക്ക് കടിഞ്ഞാണിടാനാകൂ.

#താങ്കള്‍ ഒരിക്കല്‍ പറഞ്ഞിട്ടുണ്ട് ഹിന്ദുത്വ വാദം എന്നത് ഏറെ അപകടം പിടിച്ച ഒന്നാണെന്നും  അത്തരക്കാര്‍ ഹിന്ദു മതത്തെ ഹൈജാക്ക് ചെയ്യാനാണ് ശ്രമിക്കുന്നത് എന്നും. ഈ രൂപത്തിലുള്ള പ്രസ്താവനകള്‍ അത്തരം സങ്കല്‍പ്പങ്ങള്‍ കൊണ്ട്  നടക്കുന്നവരെ പ്രകോപിതരാക്കാന്‍ ഇടയാക്കിയിട്ടുണ്ടാവില്ലേ?

അതെ,അവര്‍ നമ്മുടെ ജനാധിപത്യപരവും ഭരണഘടനാപരവുമായ മൂല്യങ്ങളെ അട്ടിമറിക്കാന്‍ ശ്രമിച്ചുകൊണ്ടിരിക്കുകയാണ്.അനീതിയെ നീതികൊണ്ടും അക്രമത്തെ അഹിംസകൊണ്ടുമാണ് നമ്മള്‍ നേരിടേണ്ടത്. അല്ലാതെ അവരുടെ വഴി പിന്തുടരരുത്.സ്‌നേഹമാവണം നമ്മുടെ അജണ്ട. കൊല്ലപ്പെട്ട ജുനൈദിനും  മുഹമ്മദ് അഖ്‌ലക്കിനും ചോദിക്കാനുള്ള ചോദ്യമേ എനിക്കുമുള്ളൂ,എന്തിനാണ് നിരായുധരായ ഞങ്ങളെ നിങ്ങള്‍ ലക്ഷ്യം വക്കുന്നത്? പ്രിയപ്പെട്ട മോദി നിങ്ങള്‍ക്ക്  ഈ രാജ്യത്തിന്റെ ഏകാധിപതിയാവാന്‍ സാധിക്കില്ല കാരണം ഇതൊരു ജനാധിപത്യ മതേതര രാജ്യമാണ്. രാജ്യത്തിന്റെ പരമോന്നത നീതിപീഠത്തിന്റെ വിശ്വാസ്യത പോലും ഇന്ന് സംശയത്തിന്റെ നിഴലിലാണ്. ഇത്തരം ജനാധിപത്യ സ്ഥാപനങ്ങളെ നിര്‍ബാധം നിങ്ങള്‍ക്ക് അട്ടിമറിക്കാന്‍ സാധിക്കുന്നുമുണ്ടല്ലോ.ഇത് നല്ല രാഷ്ട്രീയ പ്രവര്‍ത്തനമല്ല.അങ്ങേയറ്റം മലീമസമായ രാഷ്ട്രീയ പ്രവര്‍ത്തനമാണ്  നിങ്ങള്‍ നടത്തുന്നത്.

#പശു പോലും മതത്തിന്റെ അടയാളമാവുന്ന അസഹിഷ്ണുത കാലത്തിന്റെ സംഘപരിവാര്‍ ഇരയാവുകയായിരുന്നോ താങ്കള്‍?

എനിക്ക് നേരെ ഉണ്ടായ ആക്രമണത്തെ അസഹിഷ്ണുതയുടെ ഭാഗമായി മാത്രം കാണാന്‍ സാധിക്കില്ല.നരേന്ദ്ര മോദിയുടെ വിമര്‍ശകനായതുകൊണ്ട് കൂടെയാണ് എന്നെ അവര്‍ ടാര്‍ഗറ്റ് ചെയ്യുന്നത്.കര്‍ഷകരുടെയും തൊഴിലാളികളുടെയും അടിസ്ഥാനപരമായ പ്രശ്‌നങ്ങളില്‍ സാധ്യമാകും വിധം ഞങ്ങള്‍ ഇടപെടുന്നു.ഇത്തരം ഇടപെടല്‍ പലപ്പോഴും ജനവിരുദ്ധ ഭരണകൂടങ്ങളെ പ്രകോപിപ്പിച്ചിട്ടുമുണ്ട്.ഇതിന്റെയൊക്കെ ആകെത്തുകയാണ് എനിക്ക് നേരെ നടന്ന ആക്രമണം.
                                      
മൃഗ പരിപാലനം അനിവാര്യമാണ്. അത് സമാധാനപരമായി,അതിന്റെ ആവശ്യകത സര്‍വര്‍ക്കും ബോധ്യമാകും വിധത്തില്‍ ചെയ്യേണ്ട ഒന്നാണ്.എന്നാല്‍ മൃഗങ്ങള്‍ മനുഷ്യരേക്കാള്‍ വലുതെന്ന് പറയുന്ന ചിന്ത അപകടകരമാണ്.ഒരു തരത്തിലുമുള്ള അപകടകരമായ രീതിയില്‍ നിയമത്തെ വെല്ലുവിളിച്ച് ആവരുത് മൃഗ പരിപാലനം.എന്നാല്‍ മോദി അധികാരത്തിലെത്തിയ ശേഷം ഇത്തരം മൃഗപരിപാലകര്‍ എന്ന് പറയുന്നവര്‍ക്ക് നല്ലകാലമാണ്.അവര്‍ ഇവിടുത്തെ നിയമ നീതി വ്യവസ്ഥയെ നിരന്തരം വെല്ലുവിളിച്ചുകൊണ്ടേയിരിക്കുന്നു.സംഘപരിവാറും സര്‍ക്കാരും എല്ലാ പിന്തുണയും ഇവര്‍ക്കായി നല്‍കുന്നു എന്നതാണ് ഏറെ അപകടകരം.ആത്മാര്‍ഥമായി അരുത് എന്ന് പറയാന്‍ പോലും അവര്‍ക്കാവുന്നില്ല എന്നതാണ് ഇതിന്റെ ദയനീയത.

ഞാന്‍ ശുദ്ധ സസ്യാഹാരിയാണ്.എന്നിട്ടും സംഘപരിവാര്‍ എന്നെ വിളിച്ചത് ഗോ മാംസം കഴിക്കുന്ന ആളെന്നാണ്.ആരെന്ത് കഴിക്കണം എന്നുള്ളത് വ്യക്തിപരമാണ്.ഭക്ഷണം ആരുടെയെങ്കിലും താല്‍പര്യങ്ങള്‍ക്കനുസരിച്ച് മാത്രമേ മറ്റൊരാള്‍ കഴിക്കാവൂ എന്ന് പറയുന്നത് അസംബന്ധമാണ്.ജാര്‍ഖണ്ഡില്‍ ഞാന്‍ ആക്രമിക്കപ്പെട്ടത്തിന് ശേഷം പോലീസ് എന്നോട് പറഞ്ഞത് ഇങ്ങനെയൊരു പരിപാടിയെ കുറിച്ച് സര്‍ക്കാരിനോ പോലീസിനോ വിവരമില്ലായിരുന്നു എന്നാണ്.എന്നാല്‍ പരിപാടിയുടെ എല്ലാ വിവരവും സംഘപരിവാര്‍ വ്യക്തമായി അറിയുകയും ചെയ്തിട്ടുണ്ട്.

#ഹിന്ദു എന്നാല്‍ ആരാണ്?എപ്രകാരമാവണം? 

 മറ്റ് മതങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ കര്‍ക്കശ സ്വഭാവമില്ലാത്ത ജീവിത രീതിയാണ് 'ഹിന്ദു'.അവിടെ നിങ്ങള്‍ക്ക് നിര്‍ബന്ധിത ആരാധനകളും മറ്റും ഒരു പരിധിവരെ ഇല്ല. ആഹാരം,വസ്ത്രം തുടങ്ങി അടിസ്ഥാനപരമായ മനുഷ്യന്റെ താല്പര്യങ്ങള്‍ക്ക് അത് വിലക്കു കല്‍പിക്കുന്നില്ല. ഹിന്ദു മൗലികവാദികളാണ് യഥാര്‍ത്ഥ ഹിന്ദുവിന്റെ ശത്രു.ഗാന്ധിയും ഗോഡ്‌സെയും ഹിന്ദുവായിരുന്നു. ഇന്നത്തെ ചോദ്യം ഗാന്ധിയിലെ ഹിന്ദുവിനെയാണോ, ഗോഡ്സെയിലെ ഹിന്ദുവിനെയാണോ നിങ്ങള്‍ക്ക് വേണ്ടത് എന്നതാണ്.

#ഹരിയാനയിലെ വിദ്യാഭ്യാസ മന്ത്രി പദം വരെ അലങ്കരിച്ച താങ്കള്‍ക്ക് ഇത്രയും പൈശാചിമായ ആക്രമണങ്ങള്‍ക്ക് ഇരയാകേണ്ടി വന്നിട്ടും വലിയ രാഷ്ട്രീയ പ്രക്ഷോഭങ്ങള്‍ ഒന്നും ഉണ്ടാവാത്തതിനെ എങ്ങനെ കാണുന്നു? ഏറ്റവും വലിയ ജനാധിപത്യ മതേതര രാജ്യമായ ഇന്ത്യയില്‍ ഏതെങ്കിലും കാലത്ത് അങ്ങയെ പോലെ ഒരാള്‍ക്ക് രാഷ്ട്രീയ പിന്തുണ ലഭിക്കുമോ?

സംഘപരിവാറിന്റെ ഹീറോ ഹിറ്റ്‌ലറാണ്.അവര്‍ എക്കാലവും പതിയിരുന്ന് ആക്രമിച്ച് അപ്രത്യക്ഷരാവുന്ന രീതിയാണ് പിന്തുടരുന്നത്.എനിക്കെതിരെ ആക്രമണം നടന്നിട്ട് ഇത്ര ദിവസമായിട്ടും പ്രതികളെ കൃത്യമായി അറിഞ്ഞിട്ടും യാതൊരു നടപടിയും സ്വീകരിക്കുന്നില്ല.ഇതാണ് മോദിയുടെ നയം.അവര്‍ ഫാസിസത്തിന് പാലൂട്ടികൊണ്ടേയിരിക്കുകയാണ്.

ഇത്ര ക്രൂരമായി ഞാന്‍ ആക്രമിക്കപെട്ടപ്പോഴും യാതൊരു വിധ പ്രതികരണവും മോദിയുടെയോ സംഘപരിവാറിന്റെയോ ഭാഗത്തുനിന്ന് ഉണ്ടായില്ല.അവര്‍ ഈ വിധത്തില്‍ കുറ്റകരമായ മൗനം തുടര്‍ന്നുകൊണ്ടേയിരിക്കുന്നു. മോദി അധികാരത്തിലെത്തിയ ശേഷം അതിതീവ്ര ഹിന്ദുത്വ നിലപാടിലേക്ക് മാറിയതാണ് നമുക്ക് കാണാന്‍ സാധിക്കുന്നത്.ദളിതുകളും ന്യുനപക്ഷവും അക്രമിക്കപെടുന്നതിലൂടെ ഈ രാജ്യത്തിന്റെ ജനാധിപത്യ മൂല്യം അനുദിനം തകര്‍ത്തെറിയപ്പെടുകയാണ്.ഭൂരിപക്ഷ സംസ്ഥാനങ്ങളും ബി ജെ പി ഭരിക്കുന്ന സാഹചര്യം മതേതര ജനാധിപത്യ രാജ്യമെന്ന നിലക്ക് നമുക്ക് വളരെ അപകടകരമാണ്. നമ്മള്‍ വൈവിധ്യങ്ങളില്‍ അഹങ്കരിച്ചിരുന്നു.എല്ലാ സ്വാതന്ത്ര്യത്തോടെയുമുള്ള ജീവിതം ഇവിടെ സാധ്യമായിരുന്നു.എന്നാലിന്ന് വലിയ തോതില്‍ വേരുറപ്പിച്ച ഫാസിസ്റ്റ് ശക്തികള്‍ ദളിതരെയും ന്യുനപക്ഷങ്ങളെയും സന്യാസിമാരെപോലും വേട്ടയാടിക്കൊണ്ടിരിക്കുകയാണ്.വംശഹത്യകള്‍ പോലും ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യത്തെ ഞെട്ടിക്കാത്ത വാര്‍ത്തയായി മാറിയിരിക്കുന്നു. ഗുജറാത്തായിരുന്നല്ലോ ഇതിന്റെയെല്ലാം പരീക്ഷണ ശാല. ജനാധിപത്യ മൂല്യങ്ങള്‍ ഇവിടെ വീണ്ടെടുക്കപ്പെടണം.അതിന് വേണ്ടിയാണ് ഞാന്‍ പ്രവര്‍ത്തിക്കുന്നത്.അത് സാധ്യമാവുകതന്നെചെയ്യും.

#പുരി ജഗന്നാഥ ക്ഷേത്രം അഹിന്ദുകള്‍ക്ക് തുറന്നുകൊടുക്കണം എന്ന് അഭിപ്രായപ്പട്ടെതോടെ താങ്കള്‍ കപട ആര്യ സമാജകനും,കമ്യുണിസ്റ്റുമാണ് എന്ന് വരെ വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നല്ലോ. ഇതിനെ എങ്ങിനെ നോക്കിക്കാണുന്നു?

നമ്മുടെ വിഗ്രഹ സങ്കല്‍പ്പം തന്നെ തെറ്റാണ്. ദൈവം നിര്‍മിച്ച വിഗ്രഹങ്ങളാണ് മനുഷ്യര്‍.ദൈവം എല്ലാവരെയും തുല്യരായാണ് സൃഷ്ടിച്ചത്. എന്നാല്‍ മനുഷ്യര്‍ അവരുടെ ഇഷ്ടപ്രകാരം താല്പര്യങ്ങള്‍ക്കനുസൃതമായി ദൈവങ്ങളെയുണ്ടാക്കി അതിന്റെ പേരില്‍ പരസ്പര വിഭാഗീയത സൃഷ്ടിക്കുകയാണ് ഇപ്പോള്‍.  ഞാനൊരു സോഷ്യലിസ്റ്റാണ്, ഗാന്ധീയനാണ് കമ്മ്യുണിസ്റ്റുമാണ്. ദൈവവും അങ്ങനെ തന്നെയെന്ന് ഞാന്‍ വിശ്വസിക്കുന്നു.എന്ത് തരം ഹിന്ദുത്വമാണ് സംഘപരിവാര്‍ പ്രചരിപ്പിക്കുന്നത്.അവര്‍ ഈ മഹത്തായ ജീവിത ചര്യക്ക് വലിയ കളങ്കമാണ്.എല്ലാ മതങ്ങളുടെയും സാരം ഒന്നാണ.് ഇത് മോഹന്‍ ഭഗവതിനോ മോദിക്കോ പഠിപ്പിച്ചുകൊടുക്കാന്‍ ഞാന്‍ തയ്യാറാണ്.മറിച്ചുള്ള അഭിപ്രായത്തിലാണ് അവര്‍ നില്ക്കുന്നത് എങ്കില്‍ അവര്‍ പറയുന്ന സ്ഥലത്ത് പറയുന്ന സമയത് ഏതുതരം ചര്‍ച്ചക്കും ഞാന്‍ തയ്യാറാണ്.ഇതൊരു വെല്ലുവിളിയായും അവര്‍ക്ക് എടുക്കാം.

#രാജ്യത്ത് ഒട്ടുമിക്ക ആരാധനാലയങ്ങളിലും സ്ത്രീ പ്രവേശനത്തിന് വിലക്കുകളുണ്ട്.ഈ അവസ്ഥയെ ശബരിമലയുടെ പശ്ചാത്തലത്തില്‍ എങ്ങിനെ നിരീക്ഷിക്കാം?  

എല്ലാ തീര്‍ത്ഥാടന കേന്ദ്രങ്ങളും സൃഷ്ടിച്ചത് മനുഷ്യനാണ്.ആകാശത്തുനിന്ന് നിന്ന് പൊട്ടിവീണ ദൈവം ഒന്നും ഇവിടെയില്ല.ദൈവം അവിവാഹിതനാണെങ്കിലും ദൈവത്തിന് സ്ത്രീകള്‍ ഇല്ലാത്ത കുടുംബമുണ്ട് എന്ന വാദം തെറ്റാണ്. ക്ഷേത്രങ്ങളില്‍ സ്ത്രീകളെ പ്രവേശിപ്പിക്കാത്തത് മനുഷ്യത്വത്തിന് അപമാനവും ദൈവ നിഷേധവുമാണ്.സുപ്രീം കോടതി ഈ കാര്യത്തില്‍ കൃത്യമായ നിരീക്ഷണങ്ങള്‍ നടത്തിയിട്ടുണ്ട്. സുപ്രീം കോടതിയില്‍ നിന്നുണ്ടാകുന്ന അനുകൂല വിധി സ്ത്രീ ശാക്തീകരണത്തിനുള്ള ഉറച്ച ചുവടുവെപ്പാകും.

(2018 ഓഗസ്റ്റില്‍ പ്രസിദ്ധീകരിച്ച അഭിമുഖത്തിന്റെ പുനപ്രസിദ്ധീകരണം)

content highlights: Swami Agnivesh, Interview with Swami Agnivesh