ആഭ്യന്തരകലാപങ്ങളെ അടിച്ചമര്‍ത്തി പുതിയ വികസനത്തിന്റെയും കുതിപ്പിന്റെയും പാതയിലാണ് ശ്രീലങ്ക. ഭക്ഷ്യക്ഷാമവും സാമ്പത്തികപ്രശ്‌നങ്ങളും രാജ്യത്തെ ബാധിച്ചിട്ടില്ലെന്ന് മുംബൈയിലെ ശ്രീലങ്കന്‍ കോണ്‍സുലേറ്റിന്റെ കോണ്‍സല്‍ ജനറല്‍ വത്സന്‍ വെതോടി വ്യക്തമാക്കുന്നു. ശ്രീലങ്കയില്‍നിന്ന് പുറത്തുവരുന്ന വാര്‍ത്തകളെ മുന്‍നിര്‍ത്തി അദ്ദേഹവുമായി മാതൃഭൂമി പ്രതിനിധി എന്‍. ശ്രീജിത്ത് നടത്തിയ കൂടിക്കാഴ്ചയില്‍നിന്ന്.


ശ്രീലങ്ക കടുത്ത ഭക്ഷ്യക്ഷാമത്തിന്റെ പിടിയിലാണെന്നാണല്ലോ റിപ്പോര്‍ട്ടുകള്‍ കാരണമെന്താണ്

റേഷന്‍കടകളില്‍ കടുത്ത ഭക്ഷ്യക്ഷാമമുണ്ടെന്നാണ് മാധ്യമറിപ്പോര്‍ട്ടുകള്‍. വസ്തുത അതല്ല. 1978-ലാണ് ശ്രീലങ്കയില്‍ റേഷന്‍ സമ്പ്രദായം ആരംഭിക്കുന്നത്; തുറന്ന കമ്പോളസാമ്പത്തിക വ്യവസ്ഥയും. വന്‍നഗരത്തിലും ചെറുപട്ടണങ്ങളിലും ഭക്ഷണം വിതരണംചെയ്യുന്നത് സൂപ്പര്‍ മാര്‍ക്കറ്റിലൂടെയാണ്. ഗ്രാമീണമേഖലകളിലും ഭക്ഷ്യവിതരണത്തിന് സര്‍ക്കാര്‍ സംവിധാനമുണ്ട്. ഗ്രാമീണമേഖലയില്‍ ധാന്യവിതരണത്തില്‍ കുറവുവന്നിട്ടുണ്ട്. അതല്ലാതെ ശ്രീലങ്കയില്‍ ഒരുതരത്തിലുള്ള ഭക്ഷ്യക്ഷാമവുമില്ല.

കോവിഡും ലോക്ഡൗണും കാരണം ഭക്ഷ്യവിതരണവുമായി ബന്ധപ്പെട്ട് നേരിയ പ്രശ്‌നങ്ങളുണ്ട്. തെക്കേ ഏഷ്യന്‍ രാജ്യങ്ങളിലെ മറ്റുരാജ്യങ്ങളുമായി താരതമ്യംചെയ്യുമ്പോള്‍ ശ്രീലങ്ക ഉന്നതിയിലാണ്. വളരെ അച്ചടക്കമുള്ള ജനതയുള്ള രാജ്യമാണ്. കോവിഡ് പ്രോട്ടോകോള്‍ കാരണം സാധനങ്ങള്‍ വാങ്ങാന്‍ ആളുകള്‍ സാമൂഹികഅകലം പാലിച്ചുനില്‍ക്കുന്ന ഫോട്ടോയാണ് ഭക്ഷ്യപ്രതിസന്ധിയെന്നുപറഞ്ഞ് മാധ്യമങ്ങളില്‍ വരുന്നത്. അരിയാണ് ശ്രീലങ്കക്കാരുെട മുഖ്യഭക്ഷണം. അരിക്ക് ഒരു ക്ഷാമവുമില്ല. കോവിഡ് കാരണം ഗോതമ്പിനും പഞ്ചസാര ലഭ്യതയിലും നേരിയ കുറവുവന്നിട്ടുണ്ട്. അത് മറ്റുരാജ്യങ്ങളില്‍നിന്ന് ഇറക്കുമതിചെയ്യുന്നതാണ്. 60 ശതമാനം പഞ്ചസാരവരുന്നതും പുറത്തുനിന്നാണ്.

തൊഴിലില്ലായ്മനിരക്ക് നാലുശതമാനമാണ്. ഭൂരിപക്ഷം കുടുംബങ്ങളിലും സ്ത്രീയും പുരുഷനും ജോലിചെയ്യുന്നുണ്ട്.

അടിയന്തരാവസ്ഥ പ്രഖ്യാപിക്കാന്‍ കാരണമെന്താണ്

ഭക്ഷ്യധാന്യങ്ങളുടെ വിതരണശൃംഖലയിലെ പ്രശ്‌നങ്ങള്‍കാരണം ഗോതമ്പിന് കൂടുതല്‍ വിലലഭിക്കുമെന്നുകണ്ടതോടെ മൊത്തക്കച്ചവടക്കാര്‍ പൂഴ്ത്തിവെക്കാന്‍ തുടങ്ങി. ഇക്കാര്യം സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെട്ടതോടെയാണ് ശ്രീലങ്കയില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്. പൂഴ്ത്തിവെച്ച സാധനങ്ങള്‍ കണ്ടെടുത്ത് വിതരണം നടത്തുന്നുണ്ട്. ജനങ്ങള്‍ക്കുവേണ്ടിയാണ് സര്‍ക്കാര്‍ ഇതുചെയ്യുന്നത്. അല്ലാതെ അവരുടെ പൗരാവകാശങ്ങളുടെ ലംഘനമൊന്നും നടക്കുന്നില്ല.

ഡോളര്‍പ്രതിസന്ധി സത്യമാണോ

കോവിഡ് അപ്രതീക്ഷിതമായിരുന്നു. രാജ്യം സാമ്പത്തികമായി ഉന്നതിപ്രാപിക്കാന്‍ തുടങ്ങുമ്പോഴാണ് കോവിഡ് വന്നത്. കോവിഡ് വന്നപ്പോള്‍ ഇന്ത്യന്‍ രൂപയുടെ മൂല്യം ഒന്‍പതുശതമാനം താഴ്ന്നപ്പോഴും ശ്രീലങ്കന്‍രൂപയുടെ മൂല്യം 6.7 ശതമാനംമാത്രമാണ് താഴ്ന്നത്.

ശ്രീലങ്ക നേരിടുന്നത് പണലഭ്യതയുടെ പ്രശ്‌നമാണ്. നിലവിലെ വിദേശകടം 3510 കോടി ഡോളറാണ്. 2020-ല്‍ 4920 കോടി ഡോളര്‍ വിദേശകടമുണ്ടായിരുന്നിടത്താണ് 2021 ഏപ്രിലിലെ കണക്കുപ്രകാരം ഇത്രയായി ചുരുങ്ങിയത്. വിദേശകടത്തെ കുറച്ചുകൊണ്ടുവരാന്‍ ശ്രീലങ്കയ്ക്ക് കഴിഞ്ഞിട്ടുണ്ട്. കോവിഡ് വന്നതോടെ ലോകരാഷ്ട്രങ്ങള്‍ നേരിട്ട താത്കാലിക സാമ്പത്തികപ്രതിസന്ധിമാത്രമാണ് ശ്രീലങ്കയും നേരിട്ടത്. വിദേശങ്ങളില്‍ ജോലിചെയ്യുന്ന ശ്രീലങ്കക്കാരുടെ വരുമാനത്തിലുണ്ടായ കുറവും സാമ്പത്തികമേഖലയെ നേരിയ രീതിയില്‍ ബാധിച്ചിട്ടുണ്ട്.

കോവിഡ് വിനോദസഞ്ചാരമേഖലയെ ബാധിച്ചതെങ്ങനെ

കോവിഡ് മൊത്തം ആഭ്യന്തരോത്പാദനമേഖലയെയും വിനോദസഞ്ചാരമേഖലയെയും ബാധിച്ചിട്ടുണ്ട്. ഇത് താത്കാലിക തിരിച്ചടിമാത്രമാണ്.

അമ്പതുശതമാനം ജനങ്ങള്‍ക്ക് രണ്ടുവാക്‌സിന്‍ നല്‍കിക്കഴിഞ്ഞു; എണ്‍പതുശതമാനം പേര്‍ക്ക് ഒറ്റഡോസും. ഈ പ്രവര്‍ത്തനത്തെ മുന്‍നിര്‍ത്തി ലോകാരോഗ്യസംഘടനയുടെ അംഗീകാരം ശ്രീലങ്കയ്ക്ക് ലഭിച്ചിട്ടുണ്ട്. ഫൈസര്‍, സ്പുട്നിക്, കോവിഷീല്‍ഡ്, സിനോഫോം, മൊ?േഡണ, ആര്‍സനിക്ക(ജപ്പാന്‍) ഉള്‍പ്പെടെ എല്ലാ കോവിഡ് വാക്‌സിനുകളും ശ്രീലങ്കയില്‍ ലഭ്യമാണ്. ഇത് സൗജന്യമായാണ് നല്‍കുന്നത്. സൈന്യവും നാവിക-വ്യോമ സേനയും ചേര്‍ന്നാണ് കോവിഡ് പ്രവര്‍ത്തനങ്ങളെ ഏകോപിപ്പിക്കുന്നത്. വാക്‌സിന്‍ പ്രവര്‍ത്തനങ്ങളെ ഏകോപിപ്പിക്കുക മാത്രമാണ് സേന ചെയ്യുന്നത്.

സൈനികവത്കരണം എന്ന ആരോപണമുണ്ടല്ലോ

ജനങ്ങളുടെ ആവശ്യങ്ങള്‍ക്കുവേണ്ടി സൈന്യത്തെ ഉപയോഗിക്കുകയാണ്. കേരളത്തില്‍ പ്രളയംവന്നപ്പോള്‍ സൈന്യം എത്തിയില്ലേ? അതില്‍ കവിഞ്ഞൊന്നും ശ്രീലങ്കയില്‍ നടക്കുന്നില്ല. 2009-ല്‍ യുദ്ധം അവസാനിച്ചപ്പോള്‍ രാജ്യത്തിന്റെ ക്ഷേമപ്രവര്‍ത്തനങ്ങളിലേക്ക് സൈന്യത്തെ മാറ്റുകയായിരുന്നു.

റോഡുകളുടെ നിര്‍മാണം, പൈതൃകകെട്ടിടങ്ങളുടെ സംരക്ഷണം, ഓരോയിടത്തെയും ശുചിത്വവും അതിന്റെ പരിപാലനവും എന്നിവ സൈന്യമാണ് കൈകാര്യംചെയ്യുന്നത്. കോവിഡ് ടാസ്‌ക് ഫോഴ്സില്‍ ആരോഗ്യവകുപ്പ്, ആരോഗ്യപ്രവര്‍ത്തകര്‍, പൊതുഭരണവകുപ്പ്, തൊഴില്‍മന്ത്രാലയം, വിനോദസഞ്ചാരവകുപ്പ്, സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെ എല്ലാ വിഭാഗങ്ങളുമുണ്ട്. അവര്‍ നല്‍കുന്ന നിര്‍ദേശത്തിന്റെ അടിസ്ഥാനത്തിലാണ് പ്രസിഡന്റ് തീരുമാനമെടുക്കുന്നത്. ഒറ്റയ്ക്കാണ് തീരുമാനം കൈക്കൊള്ളുന്നതെന്ന വാദം ശരിയല്ല.

വിനോദസഞ്ചാരമേഖലയെ തിരിച്ചുപിടിക്കാനുള്ള പദ്ധതികള്‍

കോവിഡ് സാമ്പത്തികരംഗത്ത് നല്‍കിയ തിരിച്ചടി താത്കാലികംമാത്രമാണ്. ലോക്ഡൗണ്‍ പിന്‍വലിക്കപ്പെട്ടാല്‍ സാമ്പത്തികരംഗം പൂര്‍വാധികം ശക്തിയോടെ അതിന്റെ ഗരിമയിലേക്ക് തിരിച്ചെത്തും. മുപ്പതുവര്‍ഷത്തെ ആഭ്യന്തരയുദ്ധം ശ്രീലങ്കയെ തകിടംമറിച്ചെങ്കിലും ഇടത്തരം സാമ്പത്തികശക്തിയായി രാജ്യം മാറിക്കഴിഞ്ഞു. ഓരോ പൗരന്റെയും ജീവിതനിലവാരം വളരെയധികം മെച്ചപ്പെട്ടു. ശ്രീലങ്കയിലെ പ്രതിശീര്‍ഷവരുമാനം 3682 ഡോളറാണ്. ഇന്ത്യയുടെ പ്രതിശീര്‍ഷവരുമാനം 1900-ത്തിനടുത്താണ്. ശ്രീലങ്കയില്‍ മൂന്നോളം ബില്യണ്‍ കമ്പനികളുണ്ടെങ്കിലും രാജ്യത്തിന്റെ വരുമാനം പൂര്‍ണമായും ജനങ്ങളിലെത്തുകയാണ്.

ജൈവകൃഷിരീതി ഉത്പാദനത്തെ ബാധിച്ചോ

ജൈവകൃഷിരീതിക്ക് തുടക്കംകുറിച്ചത് കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്താണ്. അത് വേണ്ടരീതിയില്‍ നടപ്പാക്കാനായില്ല. ഈ സര്‍ക്കാര്‍ അത് നടപ്പാക്കാന്‍ തുടങ്ങി. ചായ, സുഗന്ധദ്രവ്യങ്ങള്‍, തേങ്ങയുടെ അനുബന്ധ ഉത്പന്നങ്ങള്‍ എന്നിവയാണ് കയറ്റുമതിചെയ്യുന്നത്. ജൈവകൃഷി നടപ്പാക്കാന്‍ തുടങ്ങിയിട്ടേയുള്ളൂ. അപ്പോള്‍ത്തന്നെ ഇത് ഉത്പാദനത്തെ ബാധിച്ചെന്ന റിപ്പോര്‍ട്ടുകള്‍ ഊഹത്തിന്റെ അടിസ്ഥാനത്തിലാണ്. ശ്രീലങ്കയിലെ വിവിധയിടങ്ങളില്‍ കൃഷിക്ക് ഉപയുക്തമായ ഭൂമി നാലായിരംമുതല്‍ അയ്യായിരം ഏക്കര്‍വരെ കോര്‍പ്പറേറ്റ് കമ്പനികള്‍ക്ക് നല്‍കിയിട്ടുണ്ട്. അവര്‍ ജൈവരീതിയില്‍ നെല്ലുത്പാദനം തുടങ്ങിയിട്ടുണ്ട്. രാസവളങ്ങള്‍ നിരോധിക്കുമ്പോള്‍ ഉത്പാദനത്തെ ബാധിക്കാത്തരീതിയില്‍ മറ്റുമാര്‍ഗങ്ങള്‍ സര്‍ക്കാര്‍ സ്വീകരിക്കുന്നുണ്ട്.

സിലോണ്‍ തേയിലയ്ക്ക് യൂറോപ്യന്‍ രാജ്യങ്ങളില്‍ പ്രിയമേറെയാണ്. ഒട്ടേറെ യൂറോപ്യന്‍ കമ്പനികള്‍ ശ്രീലങ്കയില്‍ തേയില ഇറക്കുമതിചെയ്ത്, തെക്കെ ആഫ്രിക്കന്‍ തേയിലയുമായി കലര്‍ത്തി, ശ്രീലങ്കന്‍ തേയില എന്നനിലയില്‍ വിപണനംനടത്തുന്നുണ്ട്. എന്നിട്ടുപോലും ശ്രീലങ്കന്‍ തേയിലയുടെ പ്രാധാന്യം യൂറോപ്യന്‍ രാജ്യങ്ങളില്‍ ശക്തമായി നിലനില്‍ക്കുന്നുണ്ട്. ഓര്‍ഗാനിക് ടീ എന്ന നിലയില്‍ ലോകവിപണിയെ ലക്ഷ്യംവെച്ച് കൂടുതല്‍ ഉത്പാദനം തുടങ്ങിയിട്ടുണ്ട്. ജൈവകൃഷിക്കുവേണ്ടി സര്‍ക്കാര്‍ പ്രത്യേകപദ്ധതികള്‍ ആസൂത്രണം ചെയ്തിട്ടുണ്ട്.

ചൈനയുടെ സ്വാധീനം

ശ്രീലങ്കയുടെ മൊത്തം വിദേശകടം 3510 കോടി ഡോളറാണ്. അതില്‍ പത്തുശതമാനംമാത്രമാണ് ചൈന നല്‍കിയ വായ്പ. ഇത് മുന്‍നിര്‍ത്തിയാണ് ചൈനയുടെ കെണിയില്‍ ശ്രീലങ്ക പെട്ടിരിക്കുകയാണെന്ന വ്യാപക പ്രചാരണം നടക്കുന്നത്. ഇന്ത്യയില്‍നിന്ന് അഞ്ചുശതമാനം കടം വാങ്ങിയിട്ടുണ്ട്. അപ്പോള്‍ ശ്രീലങ്ക ഇന്ത്യയുടെ കെണിയിലാണെന്നും പറയാമല്ലോ.

ഹംബാദോട്ടാ തുറമുഖം ഇപ്പോള്‍ ചൈനീസ് കോളനിയാണെന്ന വ്യാപകപ്രചാരവുമുണ്ട്. 50,000 ഏക്കര്‍ സ്ഥലം ചൈന കൈവശപ്പെടുത്തിയെന്നും പ്രചാരമുണ്ട്.

ഹംബാദോട്ട തുറമുഖം രൂപപ്പെടുത്താന്‍ തുടക്കംകുറിച്ചത് 2001-ലാണ്. 2005-ല്‍ പ്രസിഡന്റ് മഹിന്ദ രാജപക്‌സെ, ഇന്ത്യയോടാണ് അത് രുപപ്പെടുത്താനുള്ള സഹായം ആദ്യം ആവശ്യപ്പെട്ടത്. എന്നാല്‍, ഇന്ത്യ അതിനോട് പ്രതികരിച്ചില്ല. പിന്നീടാണ് ചൈന വന്നത് അവരത് നിര്‍മിക്കുകയും ശ്രീലങ്കന്‍ സര്‍ക്കാരിന് കൈമാറുകയും ചെയ്തു. 2015 വരെ ശ്രീലങ്കയാണ് തുറമുഖം നടത്തിയിരുന്നത്. പുതിയ സര്‍ക്കാര്‍നയത്തിന്റെ ഭാഗമായി 99 വര്‍ഷത്തേക്ക് ചൈനയ്ക്ക് പാട്ടത്തിന് നല്‍കുകയായിരുന്നു. അവിടെ മുപ്പതുശതമാനം ഇപ്പോഴും ശ്രീലങ്കന്‍ സര്‍ക്കാരിന്റെ കൈവശമാണ്. ആ തുറമുഖത്തിന്റെ നടത്തിപ്പ് ഇപ്പോള്‍ ചൈനയ്ക്കാണ്. അവിടെയുള്ള സുരക്ഷാച്ചുമതല ശ്രീലങ്കന്‍ നാവികസേനയുടെ കൈവശംതന്നെയാണ്. 1500 ഏക്കര്‍ ചൈനയുടെ കൈവശമുണ്ടെന്ന പ്രചാരണം തെറ്റാണ്.

അതിനുസമീപം വ്യവസായമേഖലയുണ്ട്. അത് 400 ഏക്കറോളമുണ്ട്. ഫാര്‍മസ്യൂട്ടിക്കല്‍ മേഖല ഹംബാദോട്ട എന്നാണ് അറിയപ്പെടുന്നത്. ഇന്ത്യയില്‍ നിന്നുള്‍പ്പെടെയുള്ള എല്ലാ വിദേശനിക്ഷേപങ്ങളും സ്വീകരിക്കാന്‍ ശ്രീലങ്ക ഒരുക്കമാണ്.

ഇന്ത്യന്‍ കമ്പനികളുടെ സാന്നിധ്യം

ടാറ്റ, ഭാരതി എയര്‍ടെല്‍ എന്നീകമ്പനികള്‍ നിലവില്‍ ശ്രീലങ്കയിലുണ്ട്. ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷനാണ് ഇന്ധനവിതരണത്തിന്റെ മൂന്നിലൊരു ഭാഗം നിയന്ത്രിക്കുന്നത്.

കൊളംബോയിലെ പ്രധാനപ്പെട്ട ഇടങ്ങളിലാണ് താജ് ഹോട്ടലിനും ഐ.ടി.സി. ഹോട്ടലുമുള്ളത്. ഇന്ത്യയിലെ അംബുജ സിമന്റ്സ്, അശോക്‌ ൈലലാന്‍ഡ് ഉള്‍പ്പെടെ ഒട്ടേറെ കമ്പനികള്‍ക്ക് ശ്രീലങ്കയില്‍ ശക്തമായ സാന്നിധ്യമുണ്ട്. ചൈനീസ് കമ്പനികള്‍ അടിസ്ഥാനസൗകര്യ വികസനത്തിലാണ് ശ്രദ്ധ കേന്ദ്രീകരിച്ചിട്ടുള്ളത്. എല്ലാ കമ്പനികള്‍ക്കും സാമ്പത്തികതാത്പര്യം മാത്രമാണുള്ളത്. അല്ലാതെ ജിയോ സ്ട്രാറ്റജിക് താത്പര്യമുണ്ടെന്ന പ്രചാരണം തെറ്റാണ്.

ജാഫ്ന മേഖലയില്‍ ഒട്ടേറെ ചെറിയ തടാകങ്ങളുണ്ട്. മത്സ്യവ്യവസായത്തിനുപറ്റിയ ഒട്ടേറെ സൗകര്യങ്ങളുമുണ്ട്. അവിടെ നിക്ഷേപത്തിന് ഇന്ത്യന്‍ കമ്പനികളെ ക്ഷണിക്കുകയാണ്. ചൈനീസ് കമ്പനികളും ഇവിടെ നിക്ഷേപം നടത്താനെത്തിയിട്ടുണ്ട്.

ഇന്ത്യ-ശ്രീലങ്ക ബന്ധം

ഇന്ത്യയാണ് അടുത്ത ബന്ധു. ഇന്ത്യക്കാണ് ആദ്യപരിഗണന. രാമായണത്തിന്റെ നടത്താര, ബുദ്ധപാതയും ഇന്ത്യയും ശ്രീലങ്കയുമായി ബന്ധപ്പെട്ടതാണ്. ആത്മീയവും സാംസ്‌കാരികവുമായ ബന്ധം ഇന്ത്യയുമായുണ്ട്. രാഷ്ട്രീയബന്ധമുണ്ട്. ഇന്ത്യയുമായി നൂറ്റാണ്ടുകള്‍ തമ്മിലുള്ള വ്യവഹാരങ്ങളുണ്ട്. എന്നാല്‍, ശ്രീലങ്കയുടെ പരമാധികാരത്തില്‍ കൈകടത്താന്‍ ഒരു രാജ്യത്തെയും അനുവദിക്കില്ല.ആഭ്യന്തരയുദ്ധമുണ്ടായപ്പോള്‍ ഒട്ടേറെ ലോകരാജ്യങ്ങള്‍ യുദ്ധംനിര്‍ത്താന്‍ അവശ്യമുന്നയിച്ചെങ്കിലും ഞങ്ങള്‍ നിര്‍ത്തിയില്ല.ഇന്ന് ജാഫ്നയിലുണ്ടായ വികസനം ആരെയും അതിശയിപ്പിക്കും. റോഡുകള്‍, ഹോട്ടലുകള്‍ അങ്ങനെ സമഗ്രവികസനം. ഇന്ത്യയില്‍നിന്നുള്ള അറുപതിനായിരത്തോളം പ്രവാസികള്‍ ശ്രീലങ്കയിലുണ്ട്. ശ്രീലങ്ക തകരാന്‍ പോവുകയാണെന്ന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ആരെങ്കിലും തിരിച്ചുവരാന്‍ ഒരുങ്ങുന്നുണ്ടോ? അവരുടെ കുട്ടികള്‍ അവിടെ പഠിക്കുന്നുണ്ട്. നല്ല സ്‌കൂളുകള്‍, നല്ല ആരോഗ്യസൗകര്യങ്ങള്‍, വൃത്തിയുള്ള നഗരങ്ങള്‍ എന്നിവ ഇന്ന് ശ്രീലങ്കയിലുണ്ട്. അവരാരെങ്കിലും തിരിച്ചുവരാന്‍ തയ്യാറാവുമോ എന്നും അന്വേഷിക്കാം.


Content Highlights: Sri Lankan economic crisis, Interview with Consul General Dr.Valsan Vethody