കെ-റെയില്‍ പദ്ധതിയെക്കുറിച്ച് റെയില്‍വേയുടെകൂടി ചുമതല വഹിക്കുന്ന സംസ്ഥാന കായികമന്ത്രി വി. അബ്ദുറഹിമാന്‍ മാതൃഭൂമി പ്രതിനിധി എം. സുധീന്ദ്രകുമാറിനു നല്‍കിയ അഭിമുഖത്തില്‍ നിന്ന്


കെ-റെയില്‍ സംബന്ധിച്ച് ഒട്ടേറെ ആശയക്കുഴപ്പം ജനങ്ങള്‍ക്കുണ്ട്. എന്താണ് പദ്ധതിയുടെ ഇപ്പോഴത്തെ അവസ്ഥ.

ഒരാശയക്കുഴപ്പത്തിന്റെയും ആവശ്യമില്ല. സര്‍ക്കാര്‍ നിലപാട് വളരെ വ്യക്തമാണ്. ഇത് സംസ്ഥാനത്തിന്റെമാത്രം പദ്ധതിയല്ല. കേന്ദ്രസര്‍ക്കാരാണ് ഇക്കാര്യം ആദ്യം പറഞ്ഞത്. മറ്റു പല സംസ്ഥാനങ്ങളിലും ഇപ്പോള്‍ ഇത്തരം പദ്ധതികള്‍ കേന്ദ്ര സര്‍ക്കാരിന്റെ സഹായത്തോടെ നടക്കുന്നുണ്ട്. അതിവേഗ പാതയ്ക്കായി യു.ഡി.എഫ്. സര്‍ക്കാരും ശ്രമിച്ചിട്ടുണ്ട്. അതിനെക്കാള്‍ മെച്ചപ്പെട്ടതാണ് കെ-റെയില്‍ പദ്ധതി. ഇതു നടപ്പാക്കാന്‍ കേന്ദ്ര സര്‍ക്കാരിന്റെ സഹായവും വേണ്ടതുണ്ട്. നിലവില്‍ നമ്മുടെ ഗതാഗതക്കുരുക്കിന് മറ്റു പരിഹാരമില്ല. ഒരുപാട് സര്‍ക്കാര്‍ജീവനക്കാരുള്ള സംസ്ഥാനമാണ് നമ്മുടേത്. സില്‍വര്‍ലൈന്‍ പദ്ധതി നടപ്പായാല്‍ കൊച്ചിയില്‍നിന്ന് ഒരുദ്യോഗസ്ഥന് തിരുവനന്തപുരത്തെത്താന്‍ ഒന്നരമണിക്കൂര്‍ മതിയാവും. സമയം, വാടകയ്ക്ക് താമസിക്കാനുള്ള ചെലവ് തുടങ്ങി എത്രയോ കാര്യങ്ങളില്‍ പണം ലാഭിക്കാം.

പ്രതിപക്ഷം ഒന്നടങ്കം പദ്ധതിയെ എതിര്‍ക്കുകയാണല്ലോ

പ്രതിപക്ഷം കേന്ദ്രവുമായി ചേര്‍ന്ന് പദ്ധതിയെ തുരങ്കംവെക്കാന്‍ ശ്രമിക്കുന്നു എന്നു പറയുന്നില്ല. എന്നാല്‍, ചില കേന്ദ്ര മന്ത്രിമാരുടെയും പ്രതിപക്ഷത്തിന്റെയും സംസാരം കൂട്ടിവായിച്ചുനോക്കണം. പ്രതിപക്ഷവും നേരത്തേ അതിവേഗ റെയില്‍ വേണമെന്ന് ആവശ്യപ്പെട്ട് കേന്ദ്രത്തെ സമീപിച്ചതാണല്ലോ. അപ്പോള്‍ ഇപ്പോഴത്തെ എതിര്‍പ്പിന് പിന്നില്‍ രാഷ്ട്രീയം കാണേണ്ടിവരില്ലേ.

പദ്ധതിയുടെ കാര്യത്തില്‍ കേന്ദ്ര നിലപാട് എന്താണ്

കേന്ദ്രം ചില വിവരങ്ങള്‍കൂടി ആവശ്യപ്പെട്ടിട്ടുണ്ട്. കേന്ദ്ര-സംസ്ഥാന സംയുക്ത പദ്ധതിയാണെങ്കില്‍ ലാഭം മാത്രമല്ല, വായ്പയുടെ കാര്യത്തിലും സംയുക്ത ഉത്തരവാദിത്വം വേണം. നിരത്തിലെ തിരക്ക് കുറയേണ്ടതുണ്ട് എന്ന കാര്യത്തില്‍ കേന്ദ്രത്തിനും സമാനചിന്താഗതിയാണുള്ളത്. റെയില്‍വേയുടെ ഭൂമി കേന്ദ്രത്തിന്റെ ഓഹരിയായി പരിഗണിക്കാമെന്നാണു പറഞ്ഞിരുന്നത്. എന്നാലിപ്പോള്‍ അന്താരാഷ്ട്ര ഏജന്‍സികളില്‍ നിന്നെടുക്കുന്ന വായ്പയ്ക്ക് കേന്ദ്രം ഗാരന്റി നില്‍ക്കില്ലെന്നു പറയുന്നുണ്ട്. അതു സ്വീകരിക്കാന്‍ നിര്‍വാഹമില്ല. സംയുക്ത പദ്ധതിയാണെങ്കില്‍ ഉത്തരവാദിത്വത്തിന്റെ കാര്യത്തിലും ഇതു ബാധകമാവണം.

പദ്ധതി എത്രകാലംകൊണ്ട് ലാഭകരമാവുമെന്നാണ് കരുതുന്നത്

ഏതൊരു പദ്ധതിയും തുടക്കത്തില്‍ ലാഭകരമാവില്ല. മെട്രോ റെയിലിന്റെ അവസ്ഥയും ഇങ്ങനെയായിരുന്നില്ലേ. ഘട്ടംഘട്ടമായി മാത്രമേ ലാഭം പ്രതീക്ഷിക്കേണ്ടതുള്ളൂ. 10, 15 തീവണ്ടികളെങ്കിലും പാതയിലൂടെ ഓടിക്കണമെന്നാണ് പ്രതീക്ഷിക്കുന്നത്. നിലവില്‍ സംസ്ഥാനത്ത് ഒരു തീവണ്ടിയും നഷ്ടത്തില്‍ ഓടുന്നില്ല. ഒരുവര്‍ഷംകൊണ്ട് പാത ലാഭത്തിലാവുമെന്നാണ് പ്രതീക്ഷ.

പദ്ധതി പൂര്‍ത്തിയാകുമ്പോള്‍ എത്ര തുക ചെലവാകുമെന്നാണ് കരുതുന്നത്.

64,000ത്തോളം കോടിയെന്നു പറയുന്നത് പദ്ധതി പൂര്‍ത്തിയാക്കാനുള്ള തുകയാണ്. 6085 കോടി നികുതിയിനത്തില്‍ ഒഴിവാക്കും. 975 കോടിയാണ് റെയില്‍വേ ഭൂമിയുടെ വിലയായി നിശ്ചയിച്ചിരിക്കുന്നത്. 2180 കോടി കേന്ദ്ര വിഹിതവും. 3225 കോടി സംസ്ഥാനം വഹിക്കും. 4252 കോടി ഓഹരിപങ്കാളിത്തത്തോടെ സമാഹരിക്കും. 33,700 കോടി രൂപയാണ് അന്താരാഷ്ട്ര ഏജന്‍സികളില്‍ നിന്ന് വായ്പയെടുക്കുക. കിഫ്ബി, ഹഡ്കോ, റെയില്‍വേ ഫിനാന്‍സ് കോര്‍പ്പറേഷന്‍ എന്നിവിടങ്ങളില്‍നിന്നു വായ്പ ലഭ്യമാക്കും. ഹഡ്കോ ഇപ്പോള്‍ത്തന്നെ 3000 കോടി അനുവദിച്ചുകഴിഞ്ഞു. 13,362 കോടി രൂപ ഭൂമി ഏറ്റെടുക്കുന്നതിന് വേണ്ടിവരും. 9000-ത്തോളം കെട്ടിടങ്ങള്‍ പൊളിച്ചുനീക്കേണ്ടിവരും. പക്ഷേ, ഇതിനെല്ലാമുള്ള മൊത്തം ഗാരന്റി സംസ്ഥാനം തനിച്ചു വഹിക്കണമെന്നു പറയുന്നതില്‍ ഒരു ശരിയില്ലായ്മയുണ്ട്.

കെ-റെയിലിന്റെ കാര്യത്തില്‍ സംസ്ഥാന സര്‍ക്കാരിന് ഇനിയും വ്യക്തമായ ധാരണയില്ലെന്ന് ആരോപണമുണ്ടല്ലോ.

ഒട്ടും ശരിയല്ല. സംസ്ഥാനത്തിന് വ്യക്തമായ കാഴ്ചപ്പാടുണ്ട്. തികച്ചും പരിസ്ഥിതിസൗഹാര്‍ദമായ പദ്ധതിയാണിത്. എവിടെയും സ്വാഭാവിക നീരൊഴുക്കിന് തടസ്സംവരാതെയാണ് പദ്ധതി നടപ്പാക്കുക. വലിയ മല വരുന്ന സ്ഥലങ്ങളില്‍ മലയിടിക്കാതെ തുരങ്കപാതയാണ് ഉദ്ദേശിക്കുന്നത്. കെ-റെയില്‍ യാഥാര്‍ഥ്യമായാല്‍ തീവണ്ടിയില്‍ സഞ്ചരിക്കുന്ന യാത്രക്കാരുടെ എണ്ണം കൂടും. 90,000-ത്തോളം യാത്രക്കാരെയാണ് ദിനംപ്രതി പ്രതീക്ഷിക്കുന്നത്. ഇവര്‍ റോഡു യാത്രയ്ക്കുപകരം ഇവര്‍ തീവണ്ടിമാര്‍ഗം സഞ്ചരിക്കുമ്പോള്‍ അന്തരീക്ഷത്തിലെത്തുന്ന കാര്‍ബണ്‍ ഡയോക്‌സൈഡിന്റെ അളവ് അത്രയും കുറയും. കാലാവസ്ഥാ വ്യതിയാനത്തിന് അന്തരീക്ഷത്തിലെത്തുന്ന കാര്‍ബണ്‍ ഡയോക്‌സൈഡിനുള്ള പങ്ക് നമുക്കെല്ലാം അറിയാവുന്നതാണല്ലോ. സില്‍വര്‍ലൈന്‍ പദ്ധതി അന്തരീക്ഷ മലിനീകരണവും ശബ്ദമലിനീകരണവും ഒട്ടുമുണ്ടാക്കില്ല. കൂടുതല്‍ പാടങ്ങളുള്ള സ്ഥലത്തുകൂടി പാത കടന്നുപോകുമ്പോള്‍ അവിടെ ആകാശപാതയാണ് ലക്ഷ്യമിടുന്നത്.

കേന്ദ്രം പിന്‍വാങ്ങുന്നപക്ഷം സംസ്ഥാനത്തിന് ഒറ്റയ്ക്ക് പദ്ധതിയുമായി മുന്നോട്ടുപോകാന്‍ കഴിയുമോ

മുഖ്യമന്ത്രി ഇക്കാര്യത്തില്‍ നിലപാട് വ്യക്തമാക്കിയിട്ടുണ്ട്. കേന്ദ്രം പിന്‍വാങ്ങുന്ന പക്ഷം എന്തു ചെയ്യാനാവുമെന്ന് സംസ്ഥാനത്തിന് ആലോചിക്കേണ്ടിവരുമെന്ന് അദ്ദേഹം പറയുകയുണ്ടായി. എന്തായാലും സംസ്ഥാനം ഇക്കാര്യത്തില്‍ പിന്നോട്ടില്ല. മുന്നോട്ടുപോകാന്‍തന്നെയാണ് തീരുമാനം. കേന്ദ്രം പിന്തുണയ്ക്കുമെന്നു തന്നെയാണ് കരുതുന്നത്. നേരത്തേ കേന്ദ്ര ധനമന്ത്രി നിര്‍മലാ സീതാരാമനും സംസ്ഥാനങ്ങളില്‍ ഇത്തരം റെയില്‍പ്പാതകളുടെ അനിവാര്യത ചൂണ്ടിക്കാട്ടിയിട്ടുണ്ട്. പാത യാഥാര്‍ഥ്യമായാല്‍ നാലുമണിക്കൂറുകൊണ്ടാണ് ഒരാള്‍ക്ക് കാസര്‍കോടുനിന്ന് തിരുവനന്തപുരത്തെത്താന്‍ കഴിയുക. ഗുരുവായൂരമ്പലത്തില്‍നിന്നു ഏഴുകിലോമീറ്റര്‍ അകലെയായാണ് തൃശ്ശൂരിലെ സ്റ്റോപ്പ് വരുന്നത്. കാസര്‍കോടുനിന്ന് ഒരാള്‍ക്ക് രണ്ടു മണിക്കൂര്‍കൊണ്ട് ഗുരുവായൂരെത്താം.

നഷ്ടപരിഹാരം സംബന്ധിച്ച്...

ദേശീയപാത സ്ഥലമെടുപ്പിനു സ്വീകരിച്ച അതേ മാനദണ്ഡമായിരിക്കും ഇവിടെയും നടപ്പാവുക. ഗ്രാമങ്ങളില്‍ വിപണിവിലയുടെ നാലിരട്ടിയും നഗരങ്ങളില്‍ രണ്ടിരട്ടിയും. ദേശീയപാതയ്ക്ക് സ്ഥലമെടുത്തപ്പോള്‍ തീരെ വിലകുറഞ്ഞ വയല്‍പ്രദേശത്തിനും മറ്റും കിട്ടിയ വിലകണ്ട് സ്ഥലമുടമസ്ഥര്‍തന്നെ അന്തംവിട്ട ഉദാഹരണങ്ങളുണ്ട്.

സില്‍വര്‍ലൈന്‍ പദ്ധതിയുടെ പേരില്‍ ആരും വഴിയാധാരമാവില്ല. എല്ലാവര്‍ക്കും തൃപ്തികരമായ നഷ്ടപരിഹാരം ലഭിച്ചിരിക്കും. ലാന്‍ഡ് അക്വിസിഷന്‍ വിഭാഗം ഓരോ ജില്ലയിലും ഇതിനായി ഡെപ്യൂട്ടി കളക്ടര്‍മാരെ നിയോഗിച്ചിട്ടുണ്ട്. അവര്‍ വൈകാതെ സ്ഥലം സന്ദര്‍ശിക്കും.

കുടിയൊഴിപ്പിക്കപ്പെടുന്നവരില്‍ ഭൂമി വേണ്ടവര്‍ക്ക് അത് ലഭ്യമാക്കാനുള്ള ശ്രമവും ഉണ്ടാവും. 1730 കോടി പുനരധിവാസത്തിനു വേണ്ടിവരും. 4660 കോടി കെട്ടിടങ്ങള്‍ക്കുള്ള നഷ്ടപരിഹാരത്തിനും വേണം. 20, 25 മീറ്ററാണ് പാതയ്ക്കായി വേണ്ടിവരുക. സ്റ്റേഷന്‍ വേണ്ടിടത്ത് കുറച്ചു കൂടുതല്‍സ്ഥലം ആവശ്യമാണ്. 11 സ്റ്റേഷനുകളാണുണ്ടാവുക. ഇവിടെ വേണമെങ്കില്‍ ഉടമകള്‍ക്കുതന്നെ കെട്ടിടം നിര്‍മിക്കാം. അവിടെയുള്ള കടകളെല്ലാം അവര്‍ക്ക് ആവശ്യക്കാര്‍ക്ക് വാടകയ്ക്കു നല്‍കാം. യു.ഡി.എഫ്. നിര്‍ദേശിച്ച അതിവേഗ റെയിലിനെക്കാള്‍ പാതിയിലും കുറഞ്ഞചെലവാണ് സില്‍വര്‍ ലൈന്‍ പദ്ധതിക്കു വരുന്നത്. വിനോദസഞ്ചാരമടക്കം സംസ്ഥാനത്തിന്റെ വികസനത്തില്‍ കെ- റെയില്‍ പദ്ധതിക്ക് വലിയസംഭാവന നല്‍കാനാവും.

Content Highlights: Minister V. Abdurahman talks about Silverline Project