ചാര സംരക്ഷണം പോലെ പ്രധാനമാണ് ശബരിമലയിലെ കാടും കാട്ടാറുകളും സംരക്ഷിക്കപ്പെടേണ്ടത് എന്ന്, അനുദിനം മാലിന്യ കൂമ്പാരമായി മാറിക്കൊണ്ടിരിക്കുന്ന പമ്പാ നദിയുടെയും കാടിന്റെയും ഇന്നത്തെ അവസ്ഥയെ ചൂണ്ടികാണിച്ച് വേദനയോടെ പറയുകയാണ് സി.കെ. ജാനു എന്ന മണ്ണിന്റെ പോരാളി. ഏറെ കാലം മുന്‍പ് താഴെവച്ച ചെങ്കൊടി ഇക്കാലത്തിന്റെ അനിവാര്യതയെന്ന് പറഞ്ഞ് അത് ഉയര്‍ത്തിപിടിക്കേണ്ടി വന്ന സാഹചര്യത്തെ വിശദീകരിക്കുന്നു കൂടെയുണ്ട്, ഒരു ജനതയുടെ പ്രതീക്ഷയായ സി.കെ. ജാനു.

അപരത്വത്തിന്റെ പാറയിടുക്കുകളില്‍ മനസ്സുടക്കി അനുദിനം സവര്‍ണ്ണ രൂപമായി മാറിക്കൊണ്ടിരിക്കുന്ന മലയാളിയെ കടുത്ത ഭാഷയില്‍ അടയാളപ്പെടുത്തുന്നുണ്ട് അവര്‍. കാടുകയറേണ്ടി വന്ന ആദിവാസി ജനതയെ നാട്ടിലിറക്കാനുള്ള മാര്‍ഗ്ഗം രാഷ്ട്രീയ വല്‍ക്കരിക്കയാണെന്ന തിരിച്ചറിവില്‍ മുന്നോട്ട് പോവുകയാണ് അവര്‍.  വിശപ്പിന്റെ വിലയായി ജീവന്‍ കൊടുക്കേണ്ടി വന്ന ആദിവാസി യുവാവ് മധുവും,മതില് കെട്ടി ആട്ടിയോടിക്കപ്പെട്ട വടയമ്പാടിയിലെ ജനതയും നമ്മളെ ഓര്‍മ്മിപ്പിക്കുന്നത് മലയാളി നവോത്ഥാനത്തിനും പിറകിലേക്ക് ഓടിക്കൊണ്ടിരിക്കുകയാണെന്ന്  അവര്‍ സമകാലീന വിഷയങ്ങളിലൂടെ ചൂണ്ടികാണിക്കുന്നുണ്ട്. ഭരണ ഘടന നീതിയുടെ തണലില്‍ ജീവിക്കുന്നവരാണ് ഞങ്ങള്‍ ആദിവാസികള്‍ എന്ന് ഓര്‍മിപ്പിക്കുന്ന സി.കെ.  ജാനു ഭരണഘടന സംരക്ഷിക്കുന്നതിന് വനിതാ മതിലിന്റെ പ്രസക്തിയും ഒപ്പം നിലപാടും വ്യക്തമാക്കുന്നു.

 • ഊരുകളില്‍നിന്ന് തെരുവിലിറങ്ങി സമരം ചെയ്ത മറ്റ് മാതൃകകളില്ലാത്ത കാലത്ത്,എങ്ങനെയാണ് സമരമുഖങ്ങളിലേക്ക് എത്തിയത്?

 

നിരന്തരമായി ഞങ്ങളുടെ ആളുകള്‍ക്ക് എല്‍ക്കേണ്ടിവരുന്ന പീഡനങ്ങളും അവരുടെ ജീവിത സാഹചര്യവും ബുദ്ധിമുട്ടുകളും വേദനയുമാണ് സമരമുഖങ്ങളിലേക്ക് എന്നെ കൊണ്ടെത്തിച്ചത്. എല്ലാവരില്‍ നിന്നും അകറ്റിനിര്‍ത്തപ്പെടുകയും അവഗണിക്കപ്പെടുകയും ഒപ്പം അതി കഠിനമായ ജീവിത ദുരിതങ്ങളും.  സ്വന്തമായി ഒരു വീടുപോലും ഇല്ലാത്ത ജനതയാണ് ആദിവാസികള്‍. യാതൊരു വിധ മനുഷ്യാവകാശങ്ങളും ലഭിക്കുന്നില്ല എന്നതാണ് സത്യം.

ക്രൂരമായ ചൂഷണങ്ങള്‍ക്ക് ഇരയാകേണ്ടി വരുന്ന ശരീരങ്ങളും മരിച്ചാല്‍ പോലും അടക്കം ചെയ്യാന്‍ ആറടി മണ്ണില്ലാത്ത അവസ്ഥയുമാണ്. ഇതൊക്കെയാണ് വലിയ പുരോഗതി കൈവരിച്ചു എന്ന് അവകാശപ്പെടുന്ന കേരളത്തിലെ ആദിവാസി ജനതയുടെ ജീവിതം. ഇത്തരം മനുഷ്യാവകാശ ലംഘനങ്ങളും രാഷ്ട്രീയ ജീര്‍ണ്ണതയും കണ്ട് സഹികെട്ടാണ് എന്നെ പോലുള്ള ആളുകള്‍ തെരുവിലേക്കിറങ്ങാന്‍ സാഹചര്യം ഉണ്ടായത്.

 • ഇരുപത് വര്‍ഷങ്ങള്‍ക്ക് മുന്‍പ്,'ഞങ്ങളുടെ പ്രകൃതി ഞങ്ങളുടെ ജീവിതമാണെന്ന്' ബഹുരാഷ്ട്ര കുത്തകകള്‍ക്കെതിരായി  സ്വിറ്റ്‌സര്‍ലാന്‍ഡില്‍വച്ച് നടന്ന സമരത്തില്‍, ലോകജനതക്ക് മുന്നില്‍നിന്ന് മലയാളത്തില്‍ പ്രസംഗിച്ച് ഫലിപ്പിച്ച സി.കെ. ജാനു എന്ന മണ്ണിന്റെ പോരാളി ഇപ്പോഴും ഉണ്ടോ?

 

അതിന് ഒരു സംശയവും വേണ്ട എന്റെ അവസാന ശ്വാസവും ആ വീര്യത്തോടെ തന്നെ ഉണ്ടാകും. അതില്‍നിന്ന് ഒരിഞ്ച് കുറക്കാന്‍ ഞങ്ങള്‍ക്ക് പറ്റില്ല. ഇപ്പോഴത്തെ സാമൂഹിക രാഷ്ട്രീയ വ്യവസ്ഥിതിയില്‍ അത് കൂട്ടാനേ പറ്റുകയുള്ളു കുറക്കാന്‍ പറ്റില്ല.

c.k.janu

 • എപ്രകാരമാണ് കാട് കയറേണ്ടി വന്ന ആദിവാസി ജനതക്ക് നീതി ലഭിക്കുക?

 

മറ്റ് ജനസമൂഹത്തിന് ലഭിക്കുന്ന ഒരു നീതിയും ആദിവാസി സമൂഹത്തിന് ലഭിക്കുന്നില്ല. രണ്ടാം തരം പൗരനായിട്ടാണ് ആദിവാസിയെ കണ്ടുകൊണ്ടിരിക്കുന്നത്. ഞങ്ങള്‍ക്ക് പറയാനുള്ളത്, ആദിവാസിയും ഈ ജനാധിപത്യ സംവിധാനത്തിന് അകത്തുള്ള മനുഷ്യനാണ്, ഇവിടുത്തെ എല്ലാ സംവിധാനങ്ങളില്‍ ഇടപെടാനും അഭിപ്രായം പറയാനും അവകാശമുണ്ട്. ഇത് പൊതുസമൂഹം തിരിച്ചറിയേണ്ടതുണ്ട്. എല്ലാ മനുഷ്യര്‍ക്കുമൊപ്പം അവരെയും നിര്‍ത്തേണ്ടതുണ്ട്. ഇത്തരത്തില്‍ ഏറെ പിന്നോക്കം നില്‍ക്കുന്ന ഒരു ജനതയെ മറ്റുള്ള ആളുകള്‍ക്കും ലഭിക്കുന്ന പോലുള്ള ജീവിതസൗകര്യങ്ങള്‍ ഉറപ്പുവരുത്തേണ്ടതിന്റെ ഉത്തരവാദിത്തം സ്റ്റേറ്റിനാണ്. എന്നാല്‍ ഇവിടെ ആദിവാസികള്‍ക്ക് സ്റ്റേറ്റിന്റെ ഭാഗത്ത് നിന്ന് അത്തരമൊരു നീതി ലഭിക്കുന്നതേ ഇല്ല. എന്നുമാത്രമല്ല അവരെ മനുഷ്യരായിട്ട് പോലും പരിഗണിക്കുന്നില്ല എന്നതാണ് വസ്തുത. അവിടെയാണ് ഞങ്ങള്‍ ഉയര്‍ത്തുന്ന രാഷ്ട്രീയത്തിന്റെ പ്രസക്തി.

 • ഇത്തരത്തില്‍ ആദിവാസി ജീവിതത്തോട് മുഖം തിരിക്കുന്ന  ഭരണകൂടങ്ങള്‍ മുത്തങ്ങയില്‍ ചിതറി തെറിച്ച ചോരയോടെങ്കിലും നീതിപുലര്‍ത്തിയെന്ന് തോന്നുന്നുണ്ടോ?

 

മുത്തങ്ങയില്‍ വീണ ചോരക്ക് ഒരു കാലത്തും നീതി കിട്ടിയിട്ടില്ല. പതിനാല് വര്‍ഷമായിട്ട് ഇപ്പോഴും കേസ് നടന്നു കൊണ്ടിരിക്കുകയാണ്. നീതിക്കുവേണ്ടി ആദിവാസികള്‍ തെരുവില്‍ അലയുകയാണ്.

 • പാര്‍ട്ടി സമ്മേളനങ്ങളില്‍ വലിയ ആള്‍ കൂട്ടമുണ്ടാക്കാനല്ലാതെ, എന്നെങ്കിലും ഏതെങ്കിലും രാഷ്ട്രീയ പാര്‍ട്ടി ആദിവാസി ജനതയെ തങ്ങള്‍ക്കൊപ്പം നിര്‍ത്തിയിട്ടുണ്ടോ?

 

കേരളത്തിലെ രാഷ്ട്രീയ പാര്‍ട്ടികള്‍ അവരുടെ കാര്യങ്ങള്‍ നേടുന്നതിനായി എന്നും ആദിവാസികളെ ഉപയോഗിച്ചിട്ടുണ്ട്. അതിനപ്പുറത്ത് ആദിവാസിക്ക് ഒരു പ്രാധാന്യവും ഒരു പാര്‍ട്ടിയും നല്‍കിയിട്ടില്ല.

 • അങ്ങനെയെങ്കില്‍ എപ്രകാരമാണ് ആദിവാസി സമൂഹത്തെ രാഷ്ട്രീയവല്‍ക്കരിക്കാന്‍ സാധിക്കുക?

 

ആദിവാസികളും ദളിതരും ഇപ്പോള്‍ രാഷ്ട്രീയവല്‍ക്കരണത്തിന്റെ വക്കത്താണ് ഉള്ളത്. മാസങ്ങളോളം നീണ്ടുനില്‍ക്കുന്ന സമരങ്ങള്‍ ഞങ്ങള്‍ നടത്തിയിട്ടുണ്ട്. ഈ സമരങ്ങള്‍ ഒക്കെ നടക്കുന്ന സമയത്ത്, ഞങ്ങളുടെ സമരങ്ങളെ പരാജയപെടുത്താനുള്ള വലിയ നീക്കങ്ങളും നടന്നിരുന്നു. എന്നാല്‍ പിന്നീട് നമ്മള്‍ കണ്ടത് സമരങ്ങളെ പരാജയപ്പെടുത്താന്‍ ശ്രമിച്ചിരുന്നവര്‍ തന്നെ തങ്ങള്‍ സമരത്തിന് ഒപ്പമാണ് എന്ന് വരുത്തി തീര്‍ക്കാന്‍ ശ്രമിക്കുന്നതാണ്. ഞങ്ങള്‍ക്ക് ഒപ്പമാണ് എന്ന് പറയുമ്പോഴും സമരങ്ങള്‍ മുന്നോട്ട് വക്കുന്ന ആവശ്യങ്ങള്‍ പ്രയോഗത്തില്‍ വരുത്തുന്നതിന് സാധ്യമായ ഒരു ഇടപെടലും നടത്തിയിട്ടില്ല എന്നതാണ് വസ്തുത.

ഇത്തരം ഇടപെടലുകളാണ് ഞങ്ങള്‍ക്കൊപ്പമാണ് എന്ന് പറയുന്നവര്‍ നടത്തിയത്. ഇത്തരക്കാര്‍ ആരും തന്നെ ആദിവാസികളുടെ നീറുന്ന പ്രശനങ്ങള്‍ക്ക് പരിഹാരം കാണാന്‍ ശ്രമിച്ചിട്ടില്ല. മുപ്പത് വര്‍ഷമായി സമരരംഗത്തുണ്ട് ഞാന്‍. അവസാനമായി ഞങ്ങള്‍ നടത്തിയ ദീര്‍ഘമായ സമരം നില്‍പ്പുസമരമാണ്. 162 ദിവസം നീണ്ടുനിന്ന സമരമാണ് അന്ന് നടത്തിയത്. മഴയും വെയിലും കൊണ്ട്, ആളുകള്‍ നീരുവന്ന് വീര്‍ത്ത കാലുമായാണ് അവിടെ നിന്നത്.

ഓരോ മനുഷ്യനും അവന്റെ പരമാവധിയില്‍ അവിടെ എല്ലാ കഷ്ടപ്പാടുകളും സഹിച്ച് നിന്നു. ഇത്തരത്തില്‍ അതിതീവ്രമായി സമരം നില്‍ക്കുന്ന സമയത്താണ്  സര്‍ക്കാരുമായി ഒരു ഫോര്‍മുല ഉണ്ടാവുന്നത്. ആ സമയത്ത് മാത്രം മുന്നോട്ട് വച്ച ഒന്നോ രണ്ടോ കാര്യങ്ങള്‍ നടക്കുന്നു പിന്നീടത് ഉപേക്ഷിക്കപ്പെടുന്നു. ഇതാണ് മിക്കവാറും എല്ലാ സമരങ്ങളുടെയും അവസാനം സംഭവിച്ചിരുന്നത്.

ഓരോ സമരങ്ങളെയും വിലയിരുത്തുമ്പോള്‍ ഞങ്ങള്‍ക്ക് അത് വ്യക്തമായി ബോധ്യപ്പെട്ടതാണ്. അത്തരം തിരിച്ചറിവിന്റെ ഭാഗമായാണ് ഒരു സമുദായ സമരം എന്നതിന് അപ്പുറം പോയാല്‍ മാത്രമേ വിജയിക്കാന്‍ പറ്റു എന്നുള്ളത് ഞങ്ങള്‍ തിരിച്ചറിഞ്ഞത്. ആ ഒരു സാഹചര്യത്തില്‍ ആണ് ജനാധിപത്യ രാഷ്ട്രീയ പാര്‍ട്ടി രൂപപ്പെടുന്നത്.

നമുക്കറിയാം ഇന്ത്യയിലാകെ ഉള്ളത് മുന്നണി സമവാക്യങ്ങളാണ്. അതുകൊണ്ട് തന്നെ ആദിവാസി ജനത അധികാരത്തിന്റെ ഭാഗമാകാത്തിടത്തോളം കാലം അവരുടെ പ്രശ്‌നങ്ങളും പരിഹരിക്കപ്പെടാന്‍ പോകുന്നില്ല. ഈ തിരിച്ചറിവാണ് കഴിഞ്ഞ കുറേ കാലത്തെ സമരങ്ങള്‍ ഞങ്ങളെ പഠിപ്പിച്ചത്. ഇത്തരമൊരു സാഹചര്യത്തില്‍ മുഖ്യധാരയിലേക്ക് ഈ ആളുകളുടെ പങ്കാളിത്തം ഉറപ്പുവരുത്തേണ്ടതുണ്ട്. ഇന്ത്യയില്‍ തന്നെ അങ്ങിനെ വരാതിരുന്നത് പട്ടിക ജാതി, പട്ടിക വര്‍ഗ്ഗക്കാര്‍ ആണ്. അതുകൊണ്ട് തന്നെയാണ് അവരുടെ പ്രശ്നങ്ങള്‍ പരിഹരിക്കുന്ന തരത്തില്‍ ഉള്ള തീരുമാനങ്ങള്‍ ഉണ്ടാകാതെ പോകുന്നതും. 

c.k.janu

 • പതിനഞ്ചാം വയസ്സുമുതല്‍ സി.പി.എമ്മിന്റെ ഭാഗമായി കുറച്ചുകാലം പ്രവര്‍ത്തിച്ചിരുന്നല്ലോ, പിന്നീട് എന്താണ് പാര്‍ട്ടി വിടാനുണ്ടായ സാഹചര്യം?

 

ആ കാലത്ത് ആദിവാസി ജനതക്ക് അനുകൂലമായ നിലപാട് എടുക്കുന്നതില്‍നിന്ന് പാര്‍ട്ടി ഒരുപാട് അകന്നിരുന്നു. ഞങ്ങളുടെ പ്രശ്‌നങ്ങള്‍ ചൂണ്ടി കാണിക്കുന്ന സമയത്ത് അവര്‍ അതില്‍ നിന്ന് അകന്ന് നില്‍ക്കാനാണ് ശ്രമിച്ചത്. അതിനോടൊപ്പം നില്‍ക്കാന്‍ എന്നെ പോലെ ഒരാള്‍ക്ക് സാധിക്കില്ലായിരുന്നു.അതുകൊണ്ടാണ് പാര്‍ട്ടി വിട്ട് പുറത്തേക്ക് വന്നത്. അതിന് ശേഷം സമുദായ കുട്ടായ്മയുണ്ടാക്കി. അതിലൂടെയാണ് കഴിഞ്ഞ കാലങ്ങളില്‍ നടന്ന എല്ലാ സമരങ്ങളും നടന്നിട്ടുള്ളത്.

 • ന്യുനപക്ഷങ്ങളും ദളിതുകളും മറ്റേത് കാലത്തേക്കാളും വലിയ രൂപത്തില്‍ ആള്‍ക്കൂട്ട നീതിക്ക് ഇരയായിക്കൊണ്ടിരിക്കുകയാണല്ലോ. ഈ സാഹചര്യത്തില്‍ എങ്ങിനെയാണ് 'അടിച്ചമര്‍ത്തപ്പെട്ടവന്റെ ഉന്നമനത്തിനായി' പ്രവര്‍ത്തിക്കുന്ന  സി.കെ. ജാനുവിനെപ്പോലുള്ള ഒരാള്‍ക്ക് എന്‍.ഡി.എയുടെ ഭാഗമാകാന്‍ സാധിച്ചത്?

 

കേരളത്തിലെ പട്ടിക ജാതി, പട്ടിക വര്‍ഗ്ഗക്കാരുടെ ദുരിതജീവിതത്തിന്റെ ഉത്തരവാദി ശരിക്കും മാറി മാറി വരുന്ന എല്‍.ഡി.എഫ്, യു.ഡി.എഫ് സര്‍ക്കാരുകളാണ്. എന്‍.ഡി.എക്ക് അതില്‍ പങ്കില്ല. എന്നാല്‍ വളരെ പ്രധാനമായി ശ്രദ്ധിക്കേണ്ടത്, എല്‍.ഡി.എഫും യു.ഡി.എഫും ഞങ്ങളെ പരിഗണിക്കാതെ അകറ്റി നിര്‍ത്തുകയായിരുന്നല്ലോ ഈ സാഹചര്യത്തില്‍ ആണ് ഞങ്ങളെ  എന്‍.ഡി.എ. ഘടക കക്ഷിയായി പരിഗണിച്ചത്. ഞങ്ങള്‍ എന്‍.ഡി.എ യില്‍ പോകേണ്ടി വന്നതിന്റെ പൂര്‍ണ്ണ ഉത്തരവാദിത്തവും ഇവര്‍ക്കുതന്നെയാണ്. അതിന് മറുപടി പറയേണ്ടതും അവര്‍ തന്നെയാണ്.

 • എന്ത് നേട്ടമാണ് എന്‍.ഡി.എയില്‍ പോയതിലൂടെ സി.കെ. ജാനുവിനും ജാനു നയിക്കുന്ന ജനവിഭാഗത്തിനും ഉണ്ടായത്?

 

എന്‍.ഡി.എയില്‍ പോയതിലൂടെ ഞങ്ങളുടെ ജനവിഭാഗത്തിന് കിട്ടിയ വലിയ ഒരു നേട്ടം എന്നുള്ളത് ഞങ്ങളെ ഒരു മുന്നണി ആയി പരിഗണിക്കാന്‍ തയ്യാറായി എന്നുള്ളത് തന്നെയാണ്. മറ്റുള്ളവര്‍ ഇപ്പോഴും വോട്ടുകുത്തികളും ജാഥ തൊഴിലാളികളും എന്നതിനപ്പുറത്തേക്ക് ഞങ്ങളെ കണ്ടിട്ടേ ഇല്ല. അങ്ങനെയുള്ള ഒരു സാഹചര്യത്തില്‍ ഒരു മുന്നണി എന്ന നിലക്ക് പരിഗണിക്കുന്നത് കേരളത്തിലെ പട്ടികജാതി,പട്ടിക വര്‍ഗ്ഗങ്ങളെ സംബന്ധിച്ചിടത്തോളം വലിയൊരു നേട്ടമാണ്. അതിനപ്പുറത്ത് എന്ത് നേട്ടമാണ് ഉണ്ടായത് എന്നുള്ളത് രണ്ടാമത്തെ കാര്യമാണ്. അതിനെ അങ്ങനെ തന്നെ പൊളിറ്റിക്കല്‍ ആയി കാണണം എന്നാണ് എന്റെ ഒരു അഭിപ്രായം.

c.kc.janu

 • പിന്നീട് എന്താണ് എന്‍.ഡി.എ. വിടാനുണ്ടായ സാഹചര്യം?

 

എന്‍.ഡി.എയിലേക്ക് പോവുന്ന സമയത്ത് ഞങ്ങള്‍ കുറച്ച് ആവശ്യങ്ങള്‍ മുന്നോട്ട് വച്ചിരുന്നു.ഞങ്ങള്‍ വരുന്നത് പൂജ്യത്തില്‍ നിന്നാണ് അതുകൊണ്ട് മറ്റുള്ളവരെക്കാള്‍ കൂടുതല്‍ പരിഗണന ഞങ്ങള്‍ക്ക് ആവശ്യമാണ് എന്ന് ആദ്യമേ പറഞ്ഞിരുന്നു. ബത്തേരി നിയോജക മണ്ഡലത്തിലാണ് ഞാന്‍ മത്സരിച്ചിരുന്നത്. അന്ന് ഞങ്ങള്‍ എന്‍.ഡി.എയോട് പറഞ്ഞത് ഞാന്‍ പരാജയപ്പെടുകയാണെങ്കില്‍ ഒരു രാജ്യസഭ സീറ്റ് ഞങ്ങള്‍ക്ക് തരണം, ജയിച്ചാല്‍ വേണ്ട. അതിനോടൊപ്പം 244-ാം വകുപ്പനുസരിച്ച് ആദിവാസികള്‍ തിങ്ങി പാര്‍ക്കുന്ന പ്രദേശങ്ങള്‍ പട്ടികവര്‍ഗ്ഗ പ്രദേശമാക്കണം എന്ന വ്യവസ്ഥയുണ്ട്. എന്നാല്‍ കേരളം, തമിഴ്‌നാട്, കര്‍ണ്ണാടകം എന്നീ സ്റ്റേറ്റുകളില്‍ ഇത് ബാധകമാക്കിയിട്ടില്ല. അപ്പോള്‍ കേരളത്തില്‍ ആദിവാസികള്‍ തിങ്ങി പാര്‍ക്കുന്ന മേഖല പട്ടികവര്‍ഗ്ഗ പ്രദേശമാക്കണം. അതിന് വേണ്ടിയുള്ള എല്ലാ റിപ്പോര്‍ട്ടും കേരള സര്‍ക്കാര്‍ കഴിഞ്ഞ കൊല്ലം കേന്ദ്ര സര്‍ക്കാരിന് കൊടുത്തതുമാണ്. ഇപ്പൊ അത് പാര്‍ലമെന്റിന്റെ മേശപ്പുറത്താണ് ഇരിക്കുന്നത്. അപ്പൊ ഇത് നമുക്ക് പാസ്സാക്കി കിട്ടണം എന്നതായിരുന്നു മറ്റൊരാവശ്യം.

പിന്നീട് ഉള്ളത് ബോര്‍ഡ് കോര്‍പ്പറേഷനുകളില്‍ ആദിവാസി ജനതയുടെ പങ്കാളിത്തം ഉറപ്പിക്കണം. വനാവകാശ നിയമം കേരളത്തില്‍ നടപ്പാക്കണം. ഇത്തരത്തില്‍ അവര്‍ക്ക് പ്രയോഗികമായി ഒരാഴ്ച്ചകൊണ്ട് ചെയ്യാന്‍ പറ്റുന്ന കാര്യങ്ങളെ ഞങ്ങള്‍ ആവശ്യപ്പെട്ടുള്ളൂ. അവര്‍ക്ക് ചെയ്യാന്‍ പറ്റാത്ത ഒരു കാര്യം ആവശ്യപ്പെട്ട് വലിയ വാര്‍ത്തയും വിവാദവും ഉണ്ടാക്കണം എന്ന് ഞങ്ങള്‍ക്ക് ഒരു താല്പര്യവുമില്ലായിരുന്നു. വളരെ എളുപ്പം സാധ്യമാക്കാവുന്ന കാര്യങ്ങളാണ് ഞങ്ങള്‍ അവര്‍ക്ക് മുന്നില്‍ വച്ചത്. അതിനവര്‍ ആറുമാസം, ഒരു വര്‍ഷം എന്നിങ്ങനെ  ഓരോ കാരണങ്ങള്‍ പറഞ്ഞ് രണ്ടര വര്‍ഷമാണ് നീട്ടി കൊണ്ടുപോയത്. ഈ സാഹചര്യത്തിലാണ് എല്ലാ  രാഷ്ട്രീയ പാര്‍ട്ടികളും ഞങ്ങളെ അവഗണിക്കുന്നതുപോലെ എന്‍.ഡി.എയും അവഗണിച്ചിരുന്നു എന്ന ചര്‍ച്ച ജനങ്ങള്‍ക്കിടയില്‍ സജീവമായി വന്നത്. അതെ തുടര്‍ന്ന് ഉണ്ടായ ചര്‍ച്ചയുടെ ഭാഗമായാണ് ഞങ്ങള്‍ എന്‍.ഡി.എ. വിടാന്‍ തീരുമാനിച്ചത്.

 • ഇടതുമുന്നണിയാണ് ശരിയെന്ന് ഇപ്പോള്‍ തോന്നാന്‍ കാരണം?

 

എന്‍.ഡി.എ. വിടുന്ന സമയത്ത് ഞങ്ങള്‍ പറഞ്ഞത്, മര്യാദയോട് കൂടി ആരാണോ ചര്‍ച്ചക്ക് വിളിക്കുന്നത് അവരുമായി ചര്‍ച്ചക്ക് തയ്യാറാണ് എന്നാണ്. ഏത് മുന്നണി എന്ന പരാമര്‍ശം ഇല്ലായിരുന്നു ആ പ്രസ്താവനയില്‍. അത്തരമൊരു സാഹചര്യത്തില്‍ ആദ്യം ചര്‍ച്ചക്കുള്ള വേദിയൊരുക്കിയത് ഇടതുപക്ഷമായിരുന്നു.അതുകൊണ്ടാണ് അവരുമായുള്ള ചര്‍ച്ചക്ക് ഞങ്ങള്‍ പോയത്.

 • എന്‍.ഡി.എയോട് ആവശ്യപെട്ട കാര്യങ്ങള്‍ ഇടത് മുന്നണിയിലും ഉന്നയിച്ചിരുന്നോ?

 

എന്‍.ഡി.എയോട് ആവശ്യപ്പെട്ട എല്ലാ കാര്യങ്ങളും ഇടത് മുന്നണിയുമായുള്ള ചര്‍ച്ചയിലും ഞങ്ങള്‍ മുന്നോട്ട് വച്ചതാണ്.

 • എന്തായിരുന്നു അപ്പോള്‍ ഇടത് മുന്നണിയുടെ പ്രതികരണം?

 

വളരെ അനുഭാവപൂര്‍വമായ പ്രതികരണമായിരുന്നു. ഞങ്ങള്‍ മുന്നോട്ട് വച്ച കാര്യങ്ങളില്‍ അടുത്തുതന്നെ പരിഹാരം ഉണ്ടാകും എന്ന ഉറപ്പ് തന്നിട്ടുണ്ട്.

 • ഘടക കക്ഷിയായി പരിഗണിക്കും എന്ന ഉറപ്പ് ഉണ്ടോ അതില്‍?

 

ഇല്ല. എന്നാല്‍ ഘടകകക്ഷിയായി പരിഗണിക്കണം എന്നും എന്നാലേ ഞങ്ങള്‍ കൂടെ നില്‍ക്കു എന്നും അവരോട് പറഞ്ഞിട്ടുണ്ട്.

 • ജനാധിപത്യ രാഷ്ട്രീയ പാര്‍ട്ടിയുടെ ഇന്നത്തെ പ്രസക്തി എന്താണ്? പ്രധാന അജണ്ട എന്താണ്?

 

പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട ജനതയെ മുഖ്യധാരയിലേക്ക് എത്തിക്കുക എന്നതുതന്നെയാണ് പ്രധാന അജണ്ട. ഇന്ന് കേരളത്തില്‍ വലിയ പ്രസക്തിയാണ് ഞങ്ങള്‍ക്ക് ഉണ്ടാകുന്നത്. വലിയ തോതില്‍ ആളുകള്‍ ഈ പാര്‍ട്ടിയിലേക്ക് വന്നുകൊണ്ടിരിക്കുന്നുണ്ട്. പന്ത്രണ്ടോളം ജില്ലകളില്‍ ഞങ്ങള്‍ക്ക് ജില്ലാ സംവിധാനങ്ങള്‍ ഉണ്ട്. കീഴ്ഘടകങ്ങളില്‍ പാര്‍ട്ടി ശക്തിപ്പെടുത്താന്‍ നിരന്തരമായി ആളുകള്‍ ഇടപെട്ട് കൊണ്ടിരിക്കുകയുമാണ്.

c.kc.janu

 • ജനാധിപത്യ രാഷ്ട്രീയ പാര്‍ട്ടി ഉണ്ടാക്കേണ്ടിവന്ന സാഹചര്യം, കേരളത്തിലെ ഇടത് പാര്‍ട്ടികള്‍ പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവന്റെ ശബ്ദം കേള്‍ക്കുന്നതില്‍ അമ്പേ പരാജയപ്പെട്ട ഒരു സംവിധാനമായതുകൊണ്ട് കൂടെയാണോ?

 

തീര്‍ച്ചയായും. കേരളത്തില്‍ എല്ലാം തീരുമാനിക്കുന്നത് രാഷ്ട്രീയം തന്നെയാണ്. രാഷ്ട്രീയ ശക്തിയായി വന്നാല്‍ മാത്രമേ പരിഗണിക്കപ്പെടുകയുള്ളൂ എന്നതാണ് സത്യം.

 • വടയമ്പാടിയിലെ ജാതി മതിലും ആദിവാസി യുവാവായ മധുവിന്റെ അതി ക്രൂരമായ കൊലപാതകവും മലയാളിയുടെ സവര്‍ണ്ണ ബോധത്തെയാണോ കാണിക്കുന്നത്?

 

വളരെ കൃത്യമായിട്ട് അത് തന്നെയാണ്. വടയമ്പാടിയില്‍ നടന്നത് എസ്സ് സി കോളനിയുടെ അടുത്താണ്. മധു ആദിവാസി യുവാവും. ഇവരൊന്നും മനുഷ്യരല്ലെന്നും,മനുഷ്യര്‍ക്ക് കിട്ടേണ്ട യാതൊരു പരിഗണനയും ആവശ്യമില്ലെന്നും ഉള്ള നിലയാണ്. വിശപ്പ് പ്രകൃതിയിലെ എല്ലാ ജീവ ജാലങ്ങള്‍ക്കും ഉള്ളതാണ്. വിശന്നാല്‍ ഭക്ഷണം കഴിക്കേണ്ടത് നിലനില്‍പ്പിന്റെ ആവശ്യമാണ്. ഭക്ഷണം എടുത്തു എന്ന പേരില്‍ ഒരാളെ ആള്‍ക്കൂട്ടം തല്ലികൊല്ലുക എന്നത് കേരളത്തിന്റെ സാംസ്‌കാരിക ജീര്‍ണ്ണതയെയാണ് തുറന്ന് കാണിക്കുന്നത്. അതിനുമപ്പുറം രാഷ്ട്രീയ ജീര്‍ണ്ണതകൂടെയാണത്. സവര്‍ണ്ണ മേല്‍ക്കോയ്മ ബോധത്തില്‍ നിന്ന് കൊണ്ട് ആദിവാസികളെ എന്തും ചെയ്യാം, അടിച്ച് കൊല്ലാം, അവിവാഹിതരില്‍ അമ്മമാരെ ഉണ്ടാക്കാം, എല്ലാ അരിശവും തീര്‍ക്കാം. അതിനൊക്കെയുള്ള ഇവരുടെ ഉപകരണം എന്നതിനപ്പുറത്തേക്ക് ആദിവാസികളെ ഇവര്‍ കണ്ടിട്ടേ ഇല്ല. അവിടെയാണ് രാഷ്ട്രീയമായി ആദിവാസി ജനത സംഘടിക്കണം എന്നതിന് പ്രസക്തിയുണ്ടാകുന്നത്.

 • നവോത്ഥാനത്തിനും പിറകിലേക്ക് ഓടുകയാണോ മലയാളി?

 

വളരെ കൃത്യമായിട്ടും അതാണ് നടക്കുന്നത്. കടുത്ത സവര്‍ണ്ണബോധം വേട്ടയാടുന്നുണ്ട് പലര്‍ക്കുള്ളിലും.

 • .കേരളം പുരുഷ മേധാവിത്വ സംസ്ഥാനം ആയി മാറുന്നുണ്ടോ?

 

മാറുന്നുണ്ട് എന്നല്ല, പുരുഷ മേധാവിത്വത്തിന്റെ മേല്‍ക്കോയ്മയാണ് ഇവിടെ നടക്കുന്നത്. അതുകൊണ്ട് കൂടിയാണല്ലോ ഇത്തരം കാര്യങ്ങള്‍ വരുമ്പോള്‍ ശക്തമായി എതിര്‍ക്കപ്പെടുന്നത്.

 • ആദിവാസി ദേവസ്ഥാനങ്ങളും കാവുകളും കാലക്രമേണ ക്ഷേത്രങ്ങളായി മാറുന്നു എന്നും പിന്നീട് അവിടെ ആദിവാസിക്ക് ഇടമില്ലാതാവുന്നു എന്നുമുള്ള വാര്‍ത്ത ശ്രദ്ധിച്ചിരുന്നോ?

 

ഉണ്ട്. പാരമ്പര്യമായിട്ട് ഉണ്ടായിരുന്ന പല കാവുകളും ഇന്ന് വലിയ അമ്പലങ്ങളാണ്. അവിടെയൊക്കെ ഇപ്പൊ പുതിയ പേരുള്ള ദൈവങ്ങളെയും പ്രതിഷ്ഠിച്ച് പൂജയും മറ്റുമായി മാറിക്കൊണ്ടിരിക്കുകയാണ്. മാനന്തവാടിയിലെ വള്ളിയൂര്‍ക്കാവ് അമ്പലം ആദിവാസികളുടെതായിരുന്നു. ഇപ്പൊ അവിടെ ആദിവാസിയുടെ റോള്‍ എല്ലാവരും വന്ന് വൃത്തികേടാക്കിയ സ്ഥലം അടിച്ച് വാരി ചാണകം തളിക്കുക എന്നത് മാത്രമാണ്. വയനാട് ചുരം കാണിച്ചുതന്ന പണിയ സമുദായത്തിലെ മൂപ്പനായ  കരിന്തണ്ടനെ പോലും ആദിവാസികള്‍ക്ക് നഷ്ട്ടമായി കൊണ്ടിരിക്കുകയാണ്.

 • ശബരിമല സ്ത്രീ പ്രവേശനത്തില്‍ എന്താണ് നിലപാട്? 

 

ലിംഗഭേദമന്യേ തുല്ല്യ അവകാശം ഉറപ്പ് വരുത്തുക എന്നത് ഭരണഘടന വിഭാവനം ചെയ്യുന്നതാണല്ലോ. കാലങ്ങളായി മുദ്രാവാക്യം വിളിച്ചതും സമരം നടത്തിയതും എല്ലാം ഇതിന് വേണ്ടി ആയിരുന്നല്ലോ.എങ്കിലും അത് വരുന്ന സമയത്ത് എന്തെങ്കിലും അപാകത ഉണ്ടായിട്ടുണ്ടെങ്കില്‍, അത്തരം അപാകതകള്‍ പരിഹരിക്കുന്നതിന് ആവശ്യമായ ചര്‍ച്ചകളായിരുന്നു കേരളത്തില്‍ ഉണ്ടാകേണ്ടിയിരുന്നത്.

 • വനിതാ മതിലിന്റെ ഭാഗമാകുമോ?

 

വനിതാ മതില്‍ ശരിക്കും ഭരണഘടനയെ സംരക്ഷിക്കാന്‍ വേണ്ടിയാണ്. അതുകൊണ്ട് തന്നെ ഭരണഘടനയെ സംരക്ഷിക്കുന്ന സംവിധാനത്തിന് ഒപ്പം നില്‍ക്കേണ്ട കടമയുണ്ട് നമ്മള്‍ക്ക്. ഭരണഘടനയുടെ സംഭാവനയാണ് ഞങ്ങള്‍ എല്ലാവരും, അപ്പോള്‍ വനിതാ മതിലിന് കൂടെനിന്നെ മതിയാകൂ.

 • ശബരിമല ക്ഷേത്രം 'ഞങ്ങളുടേതാണ് ഞങ്ങള്‍ക്ക് വിട്ടുതരിക' എന്ന മലയരയരുടെ വാദത്തെ എങ്ങനെ കാണുന്നു. അവര്‍ക്കൊപ്പം നില്‍ക്കുമോ?

 

ശബരിമല ആദിവാസികളുടേതായിരുന്നു. പതിനെട്ട് മലയെ കൂട്ടിയിണക്കുന്ന ഒന്നാണ് പതിനെട്ടാം പടി പോലും. ആദ്യകാലങ്ങളില്‍ മലയരയരും മല പണ്ടാരം വിഭാഗത്തിലും പെടുന്ന ആളുകളും മാത്രമാണ് അച്ചന്‍കോവില്‍ മുതല്‍ ശബരിമല വരെ ഉണ്ടായിരുന്നത്. അവരുടെ ദൈവമായിരുന്നു ശരിക്കും അയ്യപ്പന്‍. പിന്നീട് വന്ന ഹൈന്ദവ നാഗരികതയുടെ ഭാഗമായിട്ടാണ് ഇത് ആദിവാസികളുടെ കൈയില്‍നിന്നു വിട്ട് പോയത്.

ആചാരം നിലനിര്‍ത്തണം എന്ന് പറയുന്ന ആളുകള്‍ യഥാര്‍ത്ഥ പൈതൃകമുള്ള ആളുകളിലേക്ക് ശബരിമല ഏല്‍പ്പിക്കണം എന്നാണ് എനിക്ക് പറയാനുള്ളത്. അങ്ങനെ സംഭവിക്കുകയാണെങ്കില്‍ അവിടത്തെ പുഴയും അരുവികളും, പ്രകൃതിയാകെ തന്നെയും സംരക്ഷിക്കപ്പെടുക കൂടിയാണ് ചെയ്യുന്നത്.

File Images: Mathrubhumi Archives

content highlights: C.K.Janu, Sabarimala women entry, sabarimala women entry protest