? തെലങ്കാന ഇക്കുറി കോണ്‍ഗ്രസിനൊപ്പം നില്‍ക്കുമോ 

 •  തീര്‍ച്ചയായും ഞങ്ങള്‍ക്ക് മുന്‍തൂക്കമുണ്ട്. പക്ഷേ, മുഖ്യമന്ത്രി ചന്ദ്രശേഖര്‍ റാവു സംസ്ഥാനത്ത് ഒഴുക്കുന്ന പണം പ്രശ്നമാണ്. ആയിരക്കണക്കിന് കോടികളാണ് തെലങ്കാന രാഷ്ട്രസമിതി തിരഞ്ഞെടുപ്പില്‍ ചെലവഴിക്കുന്നത്. ഇതില്‍ വലിയൊരു പങ്ക് കള്ളപ്പണവും. വ്യക്തിതലത്തിലോ പാര്‍ട്ടിതലത്തിലോ ഞങ്ങളുടെ സ്ഥാനാര്‍ഥികള്‍ക്ക് ഈ പണക്കൊഴുപ്പിനോട് മത്സരിക്കാനാവില്ല, ഇന്ത്യയില്‍ മറ്റെവിടെയെങ്കിലും ഇത്രയും പണം ഒരു തിരഞ്ഞെടുപ്പില്‍ ഒരു പാര്‍ട്ടി ചെലവഴിക്കുമെന്നും തോന്നുന്നില്ല.

?ചന്ദ്രശേഖര്‍ റാവുവിന്റെ പണം പ്രശ്നമാവുമ്പോള്‍ തന്നെ തെലങ്കാനയില്‍ കോണ്‍ഗ്രസ് അധികാരത്തിലെത്തുമെന്ന കണക്കുകൂട്ടലിന്റെ അടിസ്ഥാനം 

 •  റാവു സര്‍ക്കാരിനെതിരേ ശക്തമായ ഭരണവിരുദ്ധവികാരം നിലനില്‍ക്കുന്നുണ്ടെന്നതുതന്നെ. റാവുവിന്റെ കുടുംബവാഴ്ചയ്‌ക്കെതിരേയുള്ള വികാരം മാത്രമല്ല അത്. കടുത്ത അഴിമതിയാണ് റാവുവിന്റെ ഭരണത്തില്‍ നടക്കുന്നത്. തെലങ്കാനയുടെ പിറവിയില്‍ കോണ്‍ഗ്രസ് വഹിച്ച പങ്ക് നിര്‍ണായകമായിരുന്നു. പക്ഷേ, തെലങ്കാനയില്‍ ആദ്യമായി ഭരണത്തിലേറിയ ടി.ആര്‍.എസ്. ജനങ്ങളുടെ പ്രതീക്ഷകള്‍ തകര്‍ത്തു. ഇക്കുറി കോണ്‍ഗ്രസ് നയിക്കുന്നത് ശക്തമായ ജനകീയ മുന്നണിയാണ്. തെലുഗുദേശവും സി.പി.ഐ.യും തെലങ്കാന ജനസമിതിയും ഉള്‍പ്പെട്ട മുന്നണിയെ ജനങ്ങള്‍ അംഗീകരിച്ചുകഴിഞ്ഞു. പിന്നാക്ക സമുദായങ്ങള്‍, യുവാക്കള്‍, ദളിതര്‍, മധ്യവര്‍ഗസമൂഹം എന്നിങ്ങനെ വലിയൊരുവിഭാഗം റാവു സര്‍ക്കാരിനെതിരേ രംഗത്തെത്തിക്കഴിഞ്ഞു.

? പക്ഷേ, ടി.ആര്‍.എസ്. സര്‍ക്കാരിന്റെ ജനകീയ പദ്ധതികള്‍ക്ക് സ്ത്രീകളുടെ വന്‍ പിന്തുണയുണ്ടെന്ന് നിരീക്ഷണമുണ്ട് 

 •  അത് ശരിയല്ല. വാസ്തവത്തില്‍ കോണ്‍ഗ്രസ് സര്‍ക്കാര്‍ രൂപവത്കരിച്ച വനിതാ സ്വാശ്രയ സംഘങ്ങളെ തകര്‍ക്കുകയാണ് ചന്ദ്രശേഖര്‍ റാവു ചെയ്തത്. റാവുവിന്റെ സ്ത്രീശാക്തീകരണം മകള്‍ കവിതയുടെ വളര്‍ച്ച മാത്രമാണ്. ഇപ്പോള്‍ കോണ്‍ഗ്രസ് മുന്നോട്ടുവെയ്ക്കുന്ന ജനകീയ പദ്ധതികള്‍ കോപ്പിയടിക്കുന്ന പരിപാടിയാണ് റാവു പിന്തുടരുന്നത്. രണ്ടായിരം രൂപ വാര്‍ധക്യ പെന്‍ഷന്‍ നല്‍കുമെന്ന് കോണ്‍ഗ്രസ് പറഞ്ഞപ്പോള്‍ 2016 രൂപ നല്‍കുമെന്നാണ് റാവു പറയുന്നത്. കല്യാണത്തിനും മറ്റും 16-ല്‍ അവസാനിക്കുന്ന ഒരു സംഖ്യ പണമായി നല്‍കുന്നത് ഇവിടെയുള്ള ഒരു രീതിയാണ്. തൊഴിലില്ലായ്മ വേതനമായി മൂവായിരം രൂപ നല്‍കുമെന്ന് ഞങ്ങള്‍ പറഞ്ഞതും റാവു ഏറ്റെടുത്തു. 3016 രൂപ ഈയിനത്തില്‍ നല്‍കുമെന്നാണ് റാവു ഇപ്പോള്‍ പറയുന്നത്. ഈ പ്രവൃത്തികള്‍ ടി.ആര്‍.എസിന്റെ ആത്മവിശ്വാസമില്ലായ്മയാണ് കാണിക്കുന്നത്.

? അഖിലേന്ത്യാ മജ്ലിസ് ഇ ഇത്തിഹാദുല്‍ മുസ്ലിമിന്‍ (എ.ഐ.എം.ഐ.എം.) ടി.ആര്‍.എസിനൊപ്പമാണ് 

 • അസദുദ്ദീന്‍ ഒവൈസിയുടെ പാര്‍ട്ടി സ്വീകരിച്ചിരിക്കുന്നത് പ്രതിലോമപരമായ സമീപനമാണെന്ന് മുസ്ലിങ്ങള്‍ തിരിച്ചറിയുന്നുണ്ട്. പിന്നണിയില്‍ ബി.ജെ.പി.യുമായി ധാരണയുള്ള ടി. ആര്‍.എസിനെ എം.ഐ.എം പിന്തുണയ്ക്കുന്നത് ധാര്‍മികതയ്ക്ക് നിരക്കുന്നതല്ല. 

?നിയമസഭാ തിരഞ്ഞെടുപ്പില്‍ എതിര്‍പാളയങ്ങളിലാണ് ടി.ആര്‍.എസും ബി.ജെ.പി.യും. പ്രധാനമന്ത്രി മോദി  ടി.ആര്‍.എസിനെതിരേ രൂക്ഷവിമര്‍ശനമാണുയര്‍ത്തിയത് 

 • ഇതൊന്നും മുഖവിലയ്ക്കെടുക്കാനാവില്ല. ഒരവസരം കിട്ടിയാല്‍ പരസ്പരം കൈകോര്‍ക്കാന്‍ മടിയില്ലാത്തവരാണിവര്‍. തിരഞ്ഞെടുപ്പിനുശേഷം ടി.ആര്‍.എസിന് ഭൂരിപക്ഷം ലഭിക്കാതെ പോയാല്‍ സഹായിക്കാന്‍ ബി.ജെ.പി.യുണ്ടാവും എന്ന കാര്യത്തില്‍ സംശയം വേണ്ട.

? കോണ്‍ഗ്രസും ബി.ജെ.പി.യുടെ ഹിന്ദുത്വ പാത പിന്തുടരുകയാണെന്നാണ് ഒവൈസി ആരോപിക്കുന്നത് 

 •  ഹിന്ദുമതത്തെയും ഹിന്ദുക്കളെയും ബി.ജെ.പി.ക്ക് വിട്ടുകൊടുക്കണമെന്നാണോ ഒവൈസി പറയുന്നത്. ഒവൈസിക്ക് ഹജ്ജിന് പോകാം. രാഹുല്‍ഗാന്ധി കൈലാസത്തില്‍ പോവാന്‍ പാടില്ലെന്ന് പറയുന്നതില്‍ എന്തര്‍ഥമാണുള്ളത്. രാഹുല്‍ മുസ്ലിം പള്ളികളിലും ക്രിസ്ത്യന്‍ ദേവാലയങ്ങളിലും പോയപ്പോള്‍ വിമര്‍ശിക്കാതിരുന്നവര്‍ ക്ഷേത്രങ്ങളില്‍ പോകുമ്പോള്‍ വിമര്‍ശിക്കുന്നത് ഇരട്ടത്താപ്പാണ്. മതേതരത്വം എന്നുപറയുന്നത് മതങ്ങളുടെ നിരാസമല്ല. കമ്യൂണിസ്റ്റുകാര്‍പോലും ബംഗാളിലും കേരളത്തിലും മതപരമായ ആഘോഷങ്ങളില്‍ പങ്കെടുക്കുന്നില്ലേ? വ്യക്തിപരമായി ഞാന്‍ ദൈവവിശ്വാസിയല്ല. പക്ഷേ, എല്ലാ ആരാധനാലയങ്ങളിലും ഞാന്‍ പോകാറുണ്ട്. വലിയൊരു വിഭാഗം ജനങ്ങളുടെ വികാരങ്ങള്‍ നമ്മള്‍ അവഗണിക്കരുത്. 

? ആന്ധ്രാവിഭജനം കോണ്‍ഗ്രസിന് പറ്റിയ അബദ്ധമായിരുന്നുവെന്ന് കരുതുന്നുണ്ടോ

 • = ഒരിക്കലുമില്ല. 60 കൊല്ലത്തെയെങ്കിലും ചരിത്രത്തിന്റെ പശ്ചാത്തലത്തിലാണ് ആന്ധ്രാ വിഭജനം ചര്‍ച്ച ചെയ്യേണ്ടത്. ആന്ധ്രാ വിഭജനം ചരിത്രപരമായ അനിവാര്യതയായിരുന്നു. സംയുക്ത ആന്ധ്രയെന്ന ആശയം തെലങ്കാനയിലുള്ളവര്‍ ഒരിക്കലും അംഗീകരിച്ചിരുന്നില്ല. ബി.ജെ.പി.യാണ് ആന്ധ്രാ വിഭജനത്തെ ഏറ്റവുമധികം പിന്തുണച്ചതെന്നും മറക്കരുത്.

? ആന്ധ്രാ വിഭജനം കോണ്‍ഗ്രസിന് നല്‍കിയതെന്താണ്

 • വിഭജനമില്ലായിരുന്നെങ്കില്‍ തെലങ്കാനയില്‍ ഞങ്ങള്‍ വട്ടപ്പൂജ്യമാകുമായിരുന്നു. 

? പക്ഷേ, ആന്ധ്രയില്‍ കോണ്‍ഗ്രസ് ചിത്രത്തിലേയില്ല 

 • അതൊരു താത്കാലിക തിരിച്ചടിയാണ്. അവിടെ ഞങ്ങള്‍ തിരിച്ചുവന്നുകൊണ്ടിരിക്കുകയാണ്.

? വൈ.എസ്.ആര്‍. റെഡ്ഡിയുടെ മരണത്തിനുശേഷം മകന്‍ ജഗന്‍മോഹനെ മുഖ്യമന്ത്രിയാക്കാതിരുന്നതല്ലേ കാര്യങ്ങള്‍ മാറ്റിമറിച്ചത്

 •  മുഖ്യമന്ത്രിമാരുടെ മക്കള്‍ സ്വാഭാവികമായും മുഖ്യമന്ത്രിമാരാവണമെന്ന നിലപാട് കോണ്‍ഗ്രസിനില്ല.

?കുടുംബവാഴ്ച കോണ്‍ഗ്രസിന് അന്യമാണോ

 •  അതല്ല വിഷയം. ജഗന് കുറച്ചു കാത്തിരിക്കാമായിരുന്നു. നെഹ്രുകുടുംബത്തിന്റെ വാഴ്ചയെക്കുറിച്ച് പറയുന്നവര്‍ കഴിഞ്ഞ 30 കൊല്ലത്തോളമായി ആ കുടുംബത്തില്‍നിന്നുള്ളവര്‍ ഒരധികാര സ്ഥാനവും വഹിച്ചിട്ടില്ലെന്ന് കാര്യം മറക്കുകയാണ്.

? യു.പി.എ.സര്‍ക്കാര്‍ ഭരിച്ചപ്പോള്‍ സോണിയാഗാന്ധി അധികാര സ്ഥാനമൊന്നും വഹിച്ചില്ലെങ്കിലും അധികാരം അവരുടെ കൈയിലായിരുന്നില്ലേ

 • ജഗനും അതിനാവുമായിരുന്നു. ക്ഷമയില്ലാതെ പോയതാണ് ജഗനെ കുഴപ്പത്തിലാക്കിയത്.

? ജഗന്റെയും ആന്ധ്രയുടെയും കാര്യത്തില്‍ കോണ്‍ഗ്രസ് എടുത്ത തീരുമാനത്തില്‍ താങ്കളും പങ്കാളിയായിരുന്നു. ആ തീരുമാനം തെറ്റായിപ്പോയോ

 • അതേക്കുറിച്ച് ഒന്നും പറയാനില്ല. തീരുമാനം തെറ്റായിരുന്നോ ശരിയായിരുന്നോ എന്ന് കാലം തെളിയിക്കും. ചില കാര്യങ്ങളോട് നമ്മള്‍ വളരെയധികം ചേര്‍ന്നുനില്‍ക്കുമ്പോള്‍ വിലയിരുത്തല്‍ പ്രയാസമാണ്. 

? തെലങ്കാനയില്‍ ഒരു നേതാവില്ലാത്തതാണ് കോണ്‍ഗ്രസിന്റെ മുഖ്യപ്രശ്നമെന്ന് നിരീക്ഷണമുണ്ട്. പാര്‍ട്ടി ആവശ്യപ്പെട്ടാല്‍ മുഖ്യമന്ത്രിപദം താങ്കള്‍ ഏറ്റെടുക്കുമോ

 •  ആ പന്തയത്തില്‍ ഞാനില്ല. എനിക്ക് 76 വയസ്സായി. പ്രായം എന്റെ കൂടെയല്ല.

content highlights: Telangana, s.jaypal reddy, election 2018