സോണിയാഗാന്ധിയും രാഹുല്‍ഗാന്ധിയും ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ നിറഞ്ഞുനിന്നപ്പോഴും അവരുടെ നിഴലില്‍ മിന്നിമാഞ്ഞിരുന്ന വ്യക്തിത്വമായിരുന്നു പ്രിയങ്കാഗാന്ധി വദ്ര. തന്റെ സ്വകാര്യജീവിതത്തെ മറ്റെന്തിനെക്കാളും വിലമതിച്ച അവര്‍ മിക്കകാലത്തും തികഞ്ഞ ഒരു കുടുംബിനിയും അമ്മയുമായിക്കഴിഞ്ഞു. എന്നാല്‍, ഈയടുത്ത് സജീവരാഷ്ട്രീയത്തിലേക്ക് പ്രവേശിച്ചെങ്കിലും മാധ്യമങ്ങളില്‍നിന്ന് അവര്‍ അകന്നുനിന്നു. ഓക്‌സ്ഫഡ് ബുക്‌സ് പുറത്തിറക്കുന്ന 'INDIA TOMORROW-CONVERSATIONS WITH THE NEXT GENERATION OF POLITICAL LEADERS' എന്ന പുസ്തകത്തിനനുവദിച്ച സുദീര്‍ഘമായ അഭിമുഖത്തില്‍ തന്റെ ജീവിതത്തെക്കുറിച്ചും രാഷ്ട്രീയത്തെക്കുറിച്ചും പ്രിയങ്ക തുറന്നു സംസാരിച്ചു. അഭിമുഖത്തിലെ പ്രസക്തഭാഗങ്ങള്‍


സമീപകാലത്ത് താങ്കളുടെ കുടുംബം മാധ്യമശ്രദ്ധയിലുണ്ട്. പ്രധാനമന്ത്രി നരേന്ദ്രമോദിയും ഉന്നത ബി.ജെ.പി. നേതൃത്വവും താങ്കളുടെ ഭര്‍ത്താവിനെ ഭൂമിക്കച്ചവടക്കേസില്‍ തട്ടിപ്പുണ്ടെന്നു പറഞ്ഞ് ആക്രമിക്കുകയാണ്. എങ്ങനെയാണ് ഇതിനോടു പ്രതികരിക്കുന്നത്? തീന്‍മേശയില്‍ കുട്ടികള്‍ക്കൊപ്പമിരിക്കുമ്പോള്‍ ഇക്കാര്യത്തെ എങ്ങനെയാണു നേരിടുന്നത്? എങ്ങനെയാണ് ഇത്തരം വിഷയങ്ങളെ സമീപിക്കുന്നത്? അവരെ എങ്ങനെയാണ് ഇത്തരം കാര്യങ്ങള്‍ ബാധിക്കുന്നത്

എന്റെ മകന് പത്തും മകള്‍ക്ക് എട്ടും വയസ്സുള്ളപ്പോള്‍ ആളുകള്‍ ഞങ്ങളുടെ കുടുംബത്തെക്കുറിച്ചു പറയുന്നത് അവരറിയുന്നത് നല്ലതാണെന്ന് എനിക്കുതോന്നി. ഇതെല്ലാം എങ്ങനെ നേരിടണമെന്ന് അവരറിഞ്ഞിരിക്കണം. ഞങ്ങള്‍ ഒരുമിച്ച് ഇന്റര്‍നെറ്റില്‍ പരതുമ്പോള്‍ എന്റെ ഇറ്റാലിയന്‍ മുത്തശ്ശിയെക്കുറിച്ചുള്ള ഒരു പത്രവാര്‍ത്ത ഞാന്‍ കണ്ടു. അവര്‍ ഒരു കെ.ജി.ബി. ചാരയായിരുന്നെന്നും പ്രാചീനമൂല്യമുള്ള സാധനങ്ങള്‍ ഇന്ത്യയില്‍നിന്നു കള്ളക്കടത്ത് നടത്തുന്ന ആളായിരുന്നെന്നും അതില്‍ പറയുന്നു. എന്നാല്‍, എന്റെ മുത്തശ്ശി ഒരു യഥാര്‍ഥ ഇറ്റലിക്കാരിയായിരുന്നു. അടുക്കളയില്‍ പാസ്ത സോസുണ്ടാക്കിയും വീട് വൃത്തിയാക്കിയും വസ്ത്രങ്ങള്‍ ഇസ്തിരിയിട്ടുമൊക്കെയാണ് അവര്‍ സമയം ചെലവഴിച്ചിരുന്നത്. എന്റെ കുട്ടികള്‍ക്ക് അതറിയാം. അതുകൊണ്ടുതന്നെ ആ വാര്‍ത്ത കണ്ടപ്പോള്‍ അവര്‍ പൊട്ടിച്ചിരിച്ചു. 

മുത്തശ്ശി പ്രാചീനമൂല്യമുള്ള വസ്തുക്കള്‍ കള്ളക്കടത്ത് നടത്തുന്നതായും റഷ്യന്‍ ഭാഷ സംസാരിക്കുന്നതായും രഹസ്യമായി കെ.ജി.ബി.യുടെ ആളുകളെ കാണുന്നതായുമൊക്കെ ഞങ്ങള്‍ ചിരിച്ചുകൊണ്ട് സങ്കല്പിച്ചു. കാണുന്നതെല്ലാം വിശ്വസിക്കരുത് എന്ന കാര്യത്തിലേക്കുള്ള എന്റെ മക്കളുടെ ആദ്യ അനുഭവപാഠമായിരുന്നു അത്. കുടുംബത്തെക്കുറിച്ച് പറയുന്നതെല്ലാം വായിക്കുക എന്നിട്ട് സ്വന്തമായി ചിന്തിക്കുക. അതെല്ലാം ഒരു പരിധിക്കപ്പുറം ഗൗരവമായി എടുക്കാതിരിക്കുക തുടങ്ങിയവ അവര്‍ മനസ്സിലാക്കി. ബി.ജെ.പി. സര്‍ക്കാര്‍ കേന്ദ്രത്തില്‍ അധികാരത്തിലിരിക്കുന്നതുകൊണ്ട് അവരുടെ അച്ഛനുനേരെ നിരന്തരം ആക്രമണങ്ങളും സമ്മര്‍ദങ്ങളുമുണ്ടായിക്കൊണ്ടിരിക്കുകയാണ്. എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് മണിക്കൂറുകളോളം അദ്ദേഹത്തെ ചോദ്യംചെയ്തു. ഇപ്പോള്‍ കുട്ടികള്‍ കുറേയൊക്കെ മുതിര്‍ന്നു. ടെലിവിഷന്‍ ചര്‍ച്ചകളൊക്കെ ദിവസേന അവര്‍ കാണുന്നുണ്ട്. അതുകൊണ്ടുതന്നെ അവര്‍ക്ക് കാര്യങ്ങള്‍ നന്നായി അറിയാം. 

ആണ്‍കുട്ടികള്‍ മാത്രമുള്ള ബോര്‍ഡിങ് സ്‌കൂളിലാണ് മകന്‍ പഠിക്കുന്നത്. ഇക്കാര്യങ്ങളൊക്കെക്കൊണ്ട് അവനവിടെ വളരെ ബുദ്ധിമുട്ടിലാണ്. എന്റെ മകള്‍ ഇവിടെ കാര്യങ്ങള്‍ നേരിടുന്നു. അച്ഛനെക്കുറിച്ച് അവര്‍ക്ക് ആശങ്കയുണ്ട്. എങ്കിലും അവര്‍ മനക്കരുത്തുള്ള കുട്ടികളാണ്. ഇതെല്ലാം അവരുടേതായ രീതിയില്‍ മറികടക്കാന്‍ പഠിച്ചുകഴിഞ്ഞു. മറ്റുള്ളവരേക്കാള്‍ വിഷമമുള്ളവരായി അവര്‍ മാറിയ സമയമുണ്ടായിരുന്നു. പക്ഷേ, അതെല്ലാം ഞങ്ങളുടെ കുടുംബം ഒറ്റക്കെട്ടായി നേരിട്ടു. ഞങ്ങള്‍ ഒന്നും ഒളിച്ചില്ല. എല്ലാ കാര്യങ്ങളും ചര്‍ച്ചചെയ്തു. ആരോപണങ്ങളെല്ലാം എന്റെ ഭര്‍ത്താവിനെക്കുറിച്ചാണ്. എന്റെ ആദ്യ പ്രതികരണം, പതിമ്മൂന്നു വയസ്സുള്ള എന്റെ മകനെ എല്ലാ ഇടപാടുകളുടെയും രേഖകള്‍ കാണിക്കുക എന്നതായിരുന്നു. ആരോപണങ്ങളെക്കുറിച്ച് ഞാനവനോടു സംസാരിച്ചു. എന്താണ് ആരോപണം, എന്താണ് സത്യം എന്ന് ഞാനവനോടു പറഞ്ഞു. ഇനി അവന്‍തന്നെ സ്വയം ചിന്തിച്ച് മനസ്സിലാക്കണം. എന്റെ മകളോടും ഞാനത് വിശദീകരിച്ചു. എന്റെ കുട്ടികളില്‍നിന്ന് ഞാനൊന്നും ഒളിച്ചുവെക്കാറില്ല; എന്റെ തെറ്റുകളോ ബലഹീനതകളോപോലും. അവരോടെനിക്ക് തുറന്ന മനസ്സാണുള്ളത്.

എന്തുകൊണ്ട് അതേ സമീപനം ജനങ്ങളോടു കാണിക്കുന്നില്ല? പൊതുജനമധ്യത്തില്‍ നിങ്ങളുടെ ഭാഗം വിശദീകരിച്ചുകൂടേ

അതു വളരെ ബുദ്ധിമുട്ടാണ്. തുടക്കത്തില്‍ ഞങ്ങളുടെ പാര്‍ട്ടി ഇത്തരം കാര്യങ്ങളോടെല്ലാം നിശ്ശബ്ദത പാലിച്ചു. പുത്തന്‍ മാധ്യമങ്ങളെ മനസ്സിലാക്കാന്‍ കോണ്‍ഗ്രസ് പാര്‍ട്ടിക്ക് അല്പം സമയം വേണ്ടിവന്നു. 1980-കളിലൊക്കെ പത്രത്തില്‍ ഒരു വാര്‍ത്ത വന്നാല്‍ അന്തസ്സാര്‍ന്ന ഒരു നിസ്സംഗത പുലര്‍ത്തുകയും ജോലി തുടരുകയുമാണു ചെയ്തിരുന്നത്. അന്നത് മതിയായിരുന്നു. പക്ഷേ, ഇന്നത് കാര്യമായി ഗുണംചെയ്യില്ല. ഇന്ന് നിങ്ങള്‍ പറഞ്ഞില്ലെങ്കില്‍ അത് പുറത്തുവരില്ല. ആ ഒരു കാര്യത്തിലേക്കെത്താന്‍ ഞങ്ങളുടെ പാര്‍ട്ടിക്ക് അല്പം സമയം വേണ്ടിവന്നു. രണ്ടാമത്, മാധ്യമങ്ങളോ മറ്റാരുമോ ശ്രദ്ധിക്കുന്നില്ല. നിങ്ങളുടെ ഭാഗം വിശദീകരിക്കാന്‍ ഇവിടെ ഇടമില്ല. നിങ്ങള്‍ നിങ്ങളുടെ ഭാഗം പറഞ്ഞുകൊണ്ടിരുന്നാലും മറുഭാഗം ആഴത്തില്‍ വേരുറപ്പിച്ചിട്ടുള്ളതാണെന്ന കാര്യം ഞാന്‍ മനസ്സിലാക്കി.

ഒരു ദിവസം ഒരാള്‍ എന്റെ വീട്ടില്‍വന്ന് ''ഇതാണ് നിങ്ങളുടെ വീടല്ലേ?'' എന്നു ചോദിച്ചു. ഞാന്‍ പറഞ്ഞു: ''അതെ''. ''ഇത് ഞെട്ടിക്കുന്നതാണ്'' -അയാള്‍ പറഞ്ഞു. ഞാന്‍ ചോദിച്ചു: ''എന്താണ് നിങ്ങള്‍ ഉദ്ദേശിച്ചത്?'' എന്താണ് അയാള്‍ ഉദ്ദേശിച്ചതെന്ന് എനിക്ക് മനസ്സിലായില്ല. ''നിങ്ങളുടെ വീട്ടില്‍ ചൂരല്‍കൊണ്ടുള്ള ഉപകരണങ്ങളുണ്ടല്ലോ'' -അയാള്‍ ചോദിച്ചു. അംബാനി മാതൃകയിലുള്ള കാര്യങ്ങളാണ് അയാള്‍ ഞങ്ങളുടെ വീട്ടില്‍ പ്രതീക്ഷിച്ചത്. പക്ഷേ, അത് അവിടെ കണ്ടെത്താനായില്ല. ഞാന്‍ കരുതിയതി?െനക്കാള്‍ വേഗത്തില്‍ അയാള്‍ കാര്യത്തിലേക്കു വന്നു. ''ഞാന്‍ നിങ്ങളുടെ വീട്ടിലേക്കു വരുകയും ആരെയെങ്കിലും വിളിക്കാന്‍ നോക്കി തളരുകയും ചെയ്തു. ഇവിടെ കുറെ പരിചാരകരൊക്കെയുണ്ടാവുമെന്നാണ് ഞാന്‍ കരുതിയത്'' -അയാള്‍ പറഞ്ഞു. അപ്പോഴേക്കും വേലക്കാരി സല്‍വാര്‍ കമ്മീസ് ധരിച്ചുകൊണ്ട് അങ്ങോട്ടുവന്നു. ഇവിടെ എന്താണു നടക്കുന്നതെന്നാലോചിച്ചുകൊണ്ട് അയാള്‍ അവളെ നോക്കി. ബി.ജെ.പി. നടത്തിയ പ്രചാരണങ്ങള്‍ വളരെ ശക്തവും ആളുകളുടെ മനസ്സില്‍ വേരുറപ്പിക്കുന്നതുമായിരുന്നു. 

ഞങ്ങളോട് ഏറെ അടുപ്പമുള്ളവര്‍പോലും, ഞങ്ങളുടെ ജീവിതരീതി അറിയാവുന്നവര്‍പോലും ഇതിനെ ചോദ്യംചെയ്തു. വിദഗ്ധമായി ആസൂത്രണംചെയ്ത ഏറെ നീണ്ടുനിന്ന പ്രചാരണമായിരുന്നു അത്. കാര്യങ്ങള്‍ അറിഞ്ഞുവന്ന് ഞങ്ങള്‍ ഞങ്ങളുടെ ഭാഗം പറയാന്‍ തുടങ്ങുമ്പോഴേക്കും അത് ആവശ്യത്തിലേറെ നഷ്ടം വരുത്തിയിരുന്നു. പ്രതിച്ഛായ കൃത്യമായി നിര്‍മിക്കപ്പെട്ടിരുന്നു. സര്‍ക്കാരിന്റെ ആറാംവര്‍ഷമാണിത്. കാര്യമായ കുറ്റങ്ങളുണ്ടെങ്കില്‍ ഈ സമയത്തിനകം അവര്‍ കണ്ടെത്തുമായിരുന്നു. തിരഞ്ഞെടുപ്പ് സമയത്ത് അവര്‍ക്ക് തോന്നിയ ദിവസം എന്റെ ഭര്‍ത്താവിനെ ദിവസം എട്ടുമണിക്കൂര്‍ വിസ്തരിക്കാന്‍ തീരുമാനിക്കുകയും പിന്നീട് അതേപ്പറ്റി മിണ്ടാതിരിക്കുകയും ചെയ്തു. അത് കൃത്യമായി രാഷ്ട്രീയലക്ഷ്യത്തോടെ ആസൂത്രണംചെയ്ത പ്രചാരണമാണ്. പ്രചാരണ, മാധ്യമ സംഘങ്ങള്‍ അതിനെ അഭിവൃദ്ധിപ്പെടുത്തി. അതില്‍ ഞങ്ങള്‍ക്കും ചില പഴവുപറ്റി. ഞങ്ങളുടെ ഭാഗം നേരത്തേ പറയാനോ പ്രതികരിക്കാനോ കഴിഞ്ഞില്ല. ഇപ്പോഴത് കേള്‍ക്കാന്‍ ജനങ്ങള്‍ തയ്യാറാകുന്നുമില്ല.

അക്കാര്യത്തില്‍ കീഴടങ്ങിയെന്നാണോ പറയുന്നത്? ആ പ്രശ്‌നം പരിഹരിക്കപ്പെടുന്നതുവരെ താങ്കളും കുട്ടികളും ആ മാറാപ്പ് പേറേണ്ടിവരുമെന്ന് താങ്കള്‍ ആശങ്കപ്പെടുന്നുണ്ടോ

അതൊരു മാറാപ്പായി ഞാന്‍ കരുതുന്നതേയില്ല. എന്നെ സംബന്ധിച്ച് സത്യം മാത്രമാണു പ്രശ്‌നം. അതുകൊണ്ട് എനിക്കതു പ്രശ്‌നമല്ല. രാഷ്ട്രീയ പ്രതിച്ഛായയെ തീര്‍ച്ചയായും അത് ബാധിച്ചേക്കാം. പക്ഷേ, കാലക്രമത്തില്‍ സത്യം പുറത്തുവരും. എനിക്ക് എന്റെ അച്ഛന്റെയും മുത്തശ്ശിയുടെയും കൊലപാതകത്തിന്റെ മാറാപ്പാണ് ചുമക്കേണ്ടിവന്നത്. എന്റെ കുട്ടികള്‍ക്ക് അവരുടെ കുടുംബത്തിനുനേരെയുള്ള രാഷ്ട്രീയ കുപ്രചാരണത്തിന്റെ മാറാപ്പാണ് പേറേണ്ടിവരിക. ഭക്ഷണം കഴിക്കാനില്ലാത്ത ഗ്രാമത്തിലുള്ള മറ്റൊരു കുട്ടിക്ക് ദാരിദ്ര്യത്തിന്റെ മാറാപ്പായിരിക്കും ചുമക്കേണ്ടിവരിക. മറ്റൊരു കുട്ടിക്ക്, വയ്യാത്ത മാതാപിതാക്കളെ ആശുപത്രിയില്‍ കൊണ്ടുപോകാനാവാത്ത മാറാപ്പായിരിക്കും പേറേണ്ടിവരിക. എന്തൊരു വേദനാജനകമായ ജീവിതമാണിത് എന്നുപറഞ്ഞ് ഇരിക്കുന്ന ആളുകളുടെ കൂട്ടത്തിലൊരാളല്ല ഞാന്‍. എന്റെ അനുഭവങ്ങളാണു ഞാന്‍ അനുഭവിച്ചുതീര്‍ത്തത്. ആരെക്കാളും കൂടുതലോ കുറവോ ഉണ്ടെന്നു ഞാന്‍ പറയില്ല. അതൊരു വ്യത്യസ്ത വിഭാഗം പ്രശ്‌നങ്ങളും ക്ലേശങ്ങളുമാണ്.

നിലവില്‍ വലിയൊരു വിഭാഗം കോണ്‍ഗ്രസ് അനുഭാവികളും അണികളും പ്രവര്‍ത്തകരുമൊക്കെ കരുതുന്നത് പാര്‍ട്ടിയെ രക്ഷിക്കാനും മോദിയെയും അമിത് ഷായെയും നേരിടാനും കഴിയുന്ന ഒരേയൊരാള്‍ പ്രിയങ്കാഗാന്ധിയാണെന്നാണ്. പലരും പറഞ്ഞത്, തിരഞ്ഞെടുപ്പിനുശേഷം പ്രിയങ്കയായിരിക്കും പുതിയ പാര്‍ട്ടി പ്രസിഡന്റെന്നാണ്. നേതാവായി പാര്‍ട്ടിയെ നയിക്കുന്ന പ്രിയങ്കയെ ഞങ്ങള്‍ക്കു കാണാനാവുമോ

കഴിഞ്ഞ കുറച്ചുവര്‍ഷങ്ങളായി മോദിയെ നേരിട്ട എന്റെ സഹോദരനെപ്പോലെ വേറൊരാളെ ഞാന്‍ കണ്ടിട്ടില്ല. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ ഞാന്‍ അദ്ദേഹത്തെപ്പോലെ സംസാരിച്ചിട്ടില്ല. രാഹുല്‍ നന്നായി സംസാരിക്കുന്നു. ഗുജറാത്ത് നിയമസഭാ തിരഞ്ഞെടുപ്പായാലും പൊതുതിരഞ്ഞെടുപ്പായാലും രാഹുല്‍ പോരാട്ടം ഏറ്റെടുത്തുകഴിഞ്ഞു. എന്നെ സംബന്ധിച്ച് രാഹുലാണ് എന്റെ നേതാവ്. അത് എല്ലായ്പ്പോഴും അങ്ങനെയായിരിക്കും. രണ്ടാമതായി, യു.പി.യിലായാലും രാജ്യത്തിന്റെ ഇതരഭാഗങ്ങളിലായാലും ബി.ജെ.പി.യെ നേരിടാന്‍ നൂറുകണക്കിനാളുകള്‍ തയ്യാറെടുത്തുകഴിഞ്ഞു. ചെറുപ്പക്കാരായ ഒട്ടേറെ നേതാക്കളുണ്ട്. ഭാവിയെക്കുറിച്ച് എനിക്ക് പ്രവചിക്കാനാവില്ല. ഭാവിയില്‍ എന്തു സംഭവിക്കുമെന്ന് എനിക്കറിയില്ല. പക്ഷേ, പാര്‍ട്ടിയെ നയിക്കാന്‍ കെല്‍പ്പുള്ള ഒട്ടേറെ പേരുണ്ടെന്നു ഞാന്‍ കരുതുന്നു.

വിരമിച്ചു കഴിഞ്ഞാല്‍ എങ്ങനെ ഓര്‍മിക്കപ്പെടാനാണ് താങ്കള്‍ ആഗ്രഹിക്കുന്നത്...

നിങ്ങള്‍ വശ്വസിച്ചാലും ഇല്ലെങ്കിലും ഞാന്‍ പൈതൃകത്തിനും പാരമ്പര്യത്തിനും എതിരാണ്. അതില്‍ ഞാന്‍ വിശ്വസിക്കുന്നില്ല. പാരമ്പര്യം സംരക്ഷിക്കാനല്ല ഞാന്‍ രാഷ്ട്രീയത്തിലെത്തിയത്. പക്ഷേ, എന്റെ അനുഗ്രഹങ്ങളെ ഞാന്‍ അവഗണിക്കാന്‍ പാടില്ലെന്നു ഞാന്‍ വിശ്വസിക്കുന്നു. ചെറുതെങ്കിലും ചെയ്യാന്‍ കഴിയുന്ന അവസ്ഥയിലാണെങ്കില്‍ ചിലതെല്ലാം ചെയ്യുക.  . നല്ലതോ ചീത്തയോ ആയ പാരമ്പര്യം കുട്ടികള്‍ക്ക് നാം ഉണ്ടാക്കിക്കൊടുക്കരുത്. അവര്‍ സ്വതന്ത്രരായിരിക്കണം. അതുകൊണ്ടുതന്നെ തുറന്നുപറയട്ടെ, ഞാന്‍ ഓര്‍മിക്കപ്പെടണമെന്ന് എനിക്ക് ആഗ്രഹമില്ല.

Content Highlights: Priyanka spoke openly about her life and politics