സാധാരണ കുടുംബജീവിതം നയിച്ചിരുന്ന വീട്ടമ്മമാര്‍ നിലനില്‍ക്കുന്ന വ്യവസ്ഥിതിയെ കാലാതീതമായി വെല്ലുവിളിച്ച മാതൃകകളില്ലാത്ത സമരത്തിന്റെ പേരാണ് പൊമ്പിളൈ ഒരുമൈ. പെണ്ണാകേണ്ടി വന്നതുകൊണ്ട് മാത്രം റദ്ദാക്കപ്പെടുന്ന ശരീരങ്ങളെ കുറിച്ച് വലിയ ചര്‍ച്ചകള്‍ നടക്കുന്ന ഇക്കാലത്ത് ശരീരം സമരവും, മനസ്സ് നിലപാടുമാക്കിയ മലയാളത്തിന്റെ തമിഴത്തിക്കും പറയാനുണ്ട് ചിലതൊക്കെ.  പൊമ്പിളൈ ഒരുമൈ സമരനേതാവ് ഗോമതിക്ക് പറയാനുള്ളത് തൊഴിലിനും ജീവിതത്തിനും വേണ്ടി തെരുവിലിറങ്ങേണ്ടി വന്ന പെണ്ണിനെ കണ്ട സമൂഹത്തെക്കുറിച്ചാണ്. 

രാഷ്ട്രീയ സമ്പന്നതയുടെ ഈറ്റില്ലമാണ് കേരളം എന്ന് കൊട്ടിഘോഷിച്ച് കൊണ്ടുനടക്കുന്ന കപട പ്രബുദ്ധതക്ക് മുകളില്‍ നിന്ന് വ്യവസ്ഥിതിയോട് മല്ലിടേണ്ടി വന്ന സ്ത്രീക്ക് സംഭവിച്ച അരക്ഷിത ജീവിതത്തിന്റെ നേര്‍ സാക്ഷ്യം കൂടിയാണ് ഗോമതി. ഇതുവരെ കൊട്ടിഘോഷിക്കപ്പെട്ടതെല്ലാം കുമിളക്കൂനയെക്കാള്‍ നേര്‍ത്തതാനെന്ന് കൂടി ഓര്‍മിപ്പിക്കുന്നുണ്ട് ആ ജീവിതം. സ്ത്രീയെ ഉള്‍ക്കൊള്ളാനുള്ള പക്വത നിങ്ങള്‍ക്കായിട്ടില്ല എന്ന് ജീവിത അനുഭവങ്ങളില്‍ നിന്നാണ് അവര്‍ പറയുന്നത്. തൊഴിലാളി ചൂഷകരുടെ അരാജക രാഷ്ട്രീയത്തിന്റെ തണുപ്പില്‍ മരവിച്ച് പോയ മനുഷ്യര്‍ നീതിക്കായ് മൂന്നാറിന്റെ തെരുവില്‍ ഇനിയും സംഘടിക്കുമെന്ന മുന്നറിയിപ്പുകൂടിയാണ് ഗോമതി നല്‍കുന്നത്. നമ്മുടെ രാഷ്ട്രീയ പ്രഭുക്കന്മാര്‍ വായകൊണ്ട് ഒട്ടേറെ തവണ തെരുവില്‍ ബലാത്സംഗം ചെയ്ത പെണ്ണുടലിന്റെ നിലപാട് തറ വ്യക്തകമാക്കുകയാണ് ഗോമതി.

കയ്യേറ്റവും പ്രളയവും മൂന്നാറിനെ ആകെ തകര്‍ത്തിരിക്കുന്നു. മൂന്നാര്‍ എന്ന് കേള്‍ക്കുമ്പോള്‍ മനസ്സില്‍ ഉണ്ടാകുന്ന തണുപ്പിന് പകരം ഇപ്പോള്‍ വരുന്നത് വലിയ കോണ്‍ക്രീറ്റ് കെട്ടിടങ്ങളുടെ കാഴ്ചയാണ്. എന്തായിരുന്നു നിങ്ങളുടെ ചെറുപ്പകാലത്തെ മൂന്നാര്‍?

ചെറുപ്പത്തില്‍ കോളനിക്കുള്ളില്‍ നിന്ന് പുറത്തുപോകാന്‍ വീട്ടുകാര്‍ സമ്മതിക്കില്ലായിരുന്നു. ഞങ്ങളുടെയെല്ലാം ജീവിതം ലയത്തിനും തോട്ടത്തിനും കോളനിക്കും ഉള്ളില്‍ മാത്രമായിരുന്നു. അതുകൊണ്ട് അന്നത്തെ മൂന്നാറിനെ കുറിച്ച് മൊത്തത്തില്‍ പറയുക പ്രയാസമാണ്. ഇവിടുത്തെ തണുപ്പിന്റെ കാര്യത്തില്‍ നിങ്ങള്‍ പറഞ്ഞത് വളരെ ശരിയാണ്. ഞങ്ങളുടെ കുട്ടികാലത്തുണ്ടായിരുന്നതിന്റെ നാലില്‍ ഒന്ന് തണുപ്പ് പോലും ഇപ്പോള്‍ ഇല്ല. സമരത്തിന് ശേഷമാണ് മൂന്നാറിന്റെ യഥാര്‍ത്ഥ അവസ്ഥ അറിയുന്നത്. വലിയ അപകടകരമായ അവസ്ഥയിലേക്കാണ് മൂന്നാര്‍ പോകുന്നത്. മരങ്ങള്‍ വെട്ടിയും മലകള്‍ ഇടിച്ച് നിരത്തിയും വലിയ വലിയ കെട്ടിടങ്ങളാണ് ഇവിടെ ഉണ്ടാക്കുന്നത്. ഭൂരിഭാഗവും വ്യാജപട്ടയമാണ്, ഇതിനെല്ലാം ഇവിടുത്തെ രാഷ്ട്രീയക്കാരുടെ പിന്തുണയുണ്ട്. പല വലിയ  കയ്യേറ്റങ്ങളെ കുറിച്ച് വാര്‍ത്ത പോലും വരാത്ത അവസ്ഥയുമുണ്ട്. പുറത്തുനിന്ന് വന്നവരും ഇവിടുത്തെ രാഷ്ട്രീയക്കാരും കൂടെ മൂന്നാര്‍ ഇല്ലാതാക്കും.

gomathyഅങ്ങനെയെങ്കില്‍ തണുപ്പും പച്ചപ്പും തേയിലക്കാടുകളും ഇല്ലാതായാല്‍ പിന്നെ മൂന്നാറിന് എന്ത് പ്രസക്തിയാണുള്ളത്?

എല്ലാം നഷ്ടപെട്ടുകൊണ്ടിരിക്കുകയാണ്. ഞങ്ങളുടെ ഒക്കെ ചെറുപ്പത്തില്‍ ഒരു കൊതുക്പോലും ഇല്ലായിരുന്നു എന്നാലിന്ന് കൊതുകുതിരി ഇല്ലാതെ ഉറങ്ങാന്‍ പറ്റാത്ത അവസ്ഥയാണ്. എവിടെ നോക്കിയാലും കെട്ടികിടക്കുന്ന മാലിന്യങ്ങള്‍ മാത്രമാണ്. ഫാന്‍ എന്നുള്ളത് കേട്ടിട്ടുപോലും ഇല്ലായിരുന്നു കുറച്ചുകാലം മുന്‍പ് വരെ. പക്ഷേ  ഇന്നത് ഇല്ലാതെ ഉറങ്ങാന്‍ പറ്റില്ല. അത്രത്തോളം കാലാവസ്ഥ മാറിയിരിക്കുന്നു. ഓരോ ദിവസവും ചൂട് കൂടിക്കൂടി വരികയാണ്. പഴയ മൂന്നാര്‍ അല്ല ഇത്. എല്ലാം മാറിയിട്ടുണ്ട്.

വലിയ വലിയ മഴയിലും ഒരു കുഴപ്പവും ഇല്ലാതെ നിന്ന മൂന്നാറില്‍ ഇന്ന് ചെറിയ മഴ പെയ്താല്‍ വ്യാപകമായി മണ്ണിടിച്ചില്‍ ഉണ്ടാകുന്നുണ്ട്. കഴിഞ്ഞ മഴയില്‍ പുറംലോകം കണ്ടതിലും എത്രയോ വലുതാണ് മൂന്നാറിന് വന്ന നഷ്ടം. ഒരുപാട് പാവപെട്ട ആളുകളുടെ വീട് മണ്ണിനടിയില്‍ പോയിട്ടുണ്ട്.

ഇതാണ് പോക്കെങ്കില്‍ എത്രകാലം കൂടി ഉണ്ടാകും മൂന്നാര്‍?

മൂന്നാര്‍ ആകെ ഇല്ലാതാകും. അതിന് അധികം സമയം വേണ്ട. എല്ലാം രാഷ്ട്രീയ കളിയാണ്. അവരാണ് എല്ലാ ഒത്താശയും ചെയ്ത് കൊടുക്കുന്നത്. രാഷ്ട്രീയമില്ലാത്ത ഒരാളെയും അവര്‍ ഇവിടെ വച്ച് പൊറുപ്പിക്കില്ല.

പഴയ മൂന്നാറിന്റെ വീണ്ടെടുപ്പ് എപ്രകാരമാണ് ഇനി സാധ്യമാവുക?

എല്ലാവരും ഒരുമിച്ച് നിന്നാല്‍ തീര്‍ച്ചയായും സാധ്യമാകും. പക്ഷെ ഞങ്ങളുടെ ഒക്കെ ജീവിതം അത് ആദ്യം നിങ്ങള്‍ അറിയണം.

ഇവിടെ എസ്റ്റേറ്റ് മേഖലയാണെങ്കില്‍ തോട്ടം തൊഴിലാളികള്‍ കൂടുതലുള്ള സ്ഥലമാണ്. പുലര്‍ച്ചെ എഴുന്നേറ്റ് പണിക്ക് പോയാല്‍ പിന്നെ തിരിച്ചെത്തുന്നത് ആറുമണിയോട് കൂടിയാണ്. പിന്നീട് കുട്ടികളുടെയും കുടുംബത്തിന്റെയും എല്ലാ കാര്യങ്ങളും ഞങ്ങള്‍ തന്നെ നോക്കണം. ഇതിനിടക്ക് സ്വസ്ഥമായി ഈ ഒറ്റമുറി ആലയില്‍ കിടന്ന് ഉറങ്ങാന്‍ പോലുമുള്ള സമയം കിട്ടാറില്ല. ഇതാണ് തോട്ടം തൊഴിലാളിയുടെ ഒരു ദിവസം. ഒരു നല്ല സ്വപ്നം കാണാന്‍ പോലുമുള്ള സമയം തോട്ടം സ്ത്രീ തൊഴിലാളിക്ക് ലഭിക്കുന്നില്ല എന്നതാണ് യാഥാര്‍ഥ്യം. ഞാനും ഇങ്ങനെതന്നെയായിരുന്നു. സമരത്തിന് ശേഷമാണ് ശരിക്കും മൂന്നാറിനെയും കേരളത്തെയും അറിയുന്നത്. ഇപ്പോഴും തോട്ടത്തിന് പുറത്ത് നടക്കുന്നതിനെക്കുറിച്ച് ഒന്നും അറിയാത്ത ഒരു പാട് മനുഷ്യരുണ്ടിവിടെ. ഇപ്പോള്‍ ഞാന്‍ പുറത്തുനടക്കുന്ന രാഷ്ട്രീയ സംഭവ വികാസങ്ങള്‍ എല്ലാം തൊഴിലാളികളോടൊക്കെ പറഞ്ഞു കൊടുക്കാറുണ്ട്. അവര്‍ക്കിപ്പോള്‍ എല്ലാത്തിനെ കുറിച്ചും ഏകദേശ ധാരണയൊക്കെയുണ്ട്. എനിക്കവരില്‍ നല്ല പ്രതീക്ഷയുണ്ട്.

ഒരു സാധാരണ വീട്ടമ്മയില്‍നിന്നു തെരുവിലിറങ്ങി മുദ്രാവാക്യം വിളിക്കേണ്ടി വന്ന സാഹചര്യത്തെ എപ്രകാരമാണ് പറയാന്‍ സാധിക്കുക?

അതൊരു വലിയ തിരിച്ചറിവില്‍ നിന്ന് വന്ന മാറ്റമാണ്. അടിമയെപോലെ ജീവിച്ച കുറേ മനുഷ്യര്‍ക്ക് വന്ന വലിയ മാറ്റം. അതുപോലെ തന്നെ എന്തുകൊണ്ടാണ് ഇത്ര കാലമായിട്ടും ഒരു സ്ത്രീ ഇതിന് മുന്നോട്ട് വരാന്‍ തയ്യാറാകാതിരുന്നത് എന്നതിന് ജീവിക്കുന്ന രക്തസാക്ഷി കൂടിയാണ് ഞാന്‍. അത്രമാത്രം ക്രൂരതകളാണ് ഞാന്‍ ഇന്ന് രാഷ്ട്രീയക്കാരില്‍ നിന്നും മറ്റും നേരിടുന്നത്.
സ്വസ്ഥമായി ഒരു ദിവസം പോലും ജീവിക്കാന്‍ അവര്‍ അനുവദിക്കുന്നില്ല.

എങ്ങിനെയായിരുന്നു പൊമ്പിളൈ ഒരുമയുടെ രൂപപെടല്‍?

ഒരു തരം പ്ലാനിങും ഇല്ലാതെ പെട്ടെന്ന് വന്ന ഒരു ചിന്തയാണ് പൊമ്പിളൈ ഒരുമൈ. അത്രമാത്രം ഞങ്ങള്‍ അനുഭവിച്ചിട്ടുണ്ട്. സഹിക്കാന്‍ പറ്റാതെ പൊട്ടിത്തെറിച്ചതാണ്. നിങ്ങള്‍ക്കറിയാമോ വീടും കാറും എല്ലാം ഇവിടുത്തെ രാഷ്ട്രീയക്കാര്‍ ഉണ്ടാക്കിയത് ഞങ്ങളെക്കൊണ്ടാണ്. പാവപ്പെട്ട തോട്ടം തൊഴിലാളിയുടെ വിയര്‍പ്പില്‍ നിന്നാണ് അവര്‍ ജീവിക്കുന്നത്. എന്നാല്‍ തൊഴിലാളിയുടെ അവസ്ഥയോ? ഒന്നുമില്ല ഞങ്ങള്‍ക്ക്. നല്ല മഴപെയ്താല്‍ ചോര്‍ന്നൊലിക്കും ഇവിടുത്തെ ലയങ്ങളെല്ലാം.

രാവന്തിയോളം കമ്പനിക്ക് വേണ്ടി കഴുതയെപോലെ പണിയെടുക്കുന്നവരാണ് ഞങ്ങള്‍. പുലര്‍ച്ചെ അഞ്ച് മണിക്ക് ടോര്‍ച്ചിന്റെ വെളിച്ചത്തിലാണ് ഞങ്ങള്‍ പെണ്ണുങ്ങള്‍ പണിക്ക് പോകുന്നത്. നാലുമണിക്ക് വരെ പോയ ദിവസങ്ങളും ഉണ്ട്. ഇത്രത്തോളം ഞങ്ങള്‍ കമ്പനിക്ക് വേണ്ടി അധ്വാനിക്കുന്നുണ്ട്. എന്നിട്ടും ഇപ്പോഴും വലിയ തൊഴില്‍ ചൂഷണങ്ങള്‍ക്ക് ഞങ്ങള്‍ വിധേയരാവുകയാണ്. എന്ത് തൊഴില്‍ പ്രശ്‌നം വന്നാലും ചര്‍ച്ചചെയ്യുന്നത് കമ്പനിയും ട്രേഡ് യൂണിയനുകളും കൂടിയാണ്. അവിടെയൊന്നും തൊഴിലാളിക്ക് യാതൊരു റോളുമില്ല. തോട്ടം മേഖലയെ കുറിച്ച് ഒട്ടും ധാരണയില്ലാത്ത തൊഴിലാളി നേതാക്കന്മാരാണ് ഞങ്ങളുടെ പ്രശ്‌നങ്ങള്‍ ചര്‍ച്ചചെയ്യുന്നത്. ഇത്തരത്തില്‍ എല്ലാ രാഷ്ട്രീയക്കാരും ഞങ്ങളെ തലമുറകളായി വഞ്ചിച്ചുകൊണ്ടിരിക്കുകയാണ്.

gomathy

ഇതിന്റെയെല്ലം കടുത്ത രോഷം ഓരോ തൊഴിലാളിയുടെ ഉള്ളിലുമുണ്ട്. അങ്ങനെയിരിക്കുമ്പോഴാണ് ബോണസിന്റെ ചര്‍ച്ച വരുന്നത്. എല്ലാ കാലത്തെ പോലെയും ഇത്തവണയും കമ്പനി നഷ്ടത്തിലാണെന്നും അതുകൊണ്ട് ബോണസ്സ് കൂട്ടാന്‍ നിര്‍വാഹമില്ല എന്നാണ് തൊഴിലാളി നേതാക്കളെ കമ്പനി അറിയിച്ചത്. അത് അവര്‍ ഞങ്ങളോട് വന്ന് പറഞ്ഞത് ഇത്തവണ 10 ശതമാനം വാങ്ങിക്കൂ അടുത്ത തവണ കൂടുതല്‍ കിട്ടും എന്നാണ്. അത് ഞങ്ങള്‍ക്കാര്‍ക്കും സ്വീകാര്യമല്ലായിരുന്നു. ഇതാണ് വലിയ പ്രതിഷേധമായി തൊഴിലാളികള്‍ക്കിടയില്‍ ആദ്യം രൂപപ്പെട്ടത്. പിന്നീടത് സ്ത്രീകളുടെ ശക്തമായ മുന്നേറ്റമായി പടര്‍ന്ന് പിടിക്കുകയായിരുന്നു.

ഇതിന്റെ എല്ലാം അപ്പുറത്താണ് ചില ആളുകളില്‍ നിന്ന് തമിഴ് ആയതുകൊണ്ട് നേരിടേണ്ടി വരുന്ന വിവേചനം. ഒരു പഞ്ചായത്ത് ഓഫിസിലോ പോലീസ് സ്റ്റേഷനിലോ മറ്റോ പോയാല്‍ അപേക്ഷയോ പരാതിയോ കൊടുക്കണമെങ്കില്‍ നൂറ് രൂപ കൊടുത്ത് ഒരാളെ വച്ച് എഴുതിക്കണം. ഇവിടെ തോട്ടം തൊഴിലാളികള്‍ ഒക്കെ തമിഴരാണ്. അതുകൊണ്ട് തന്നെ ഡിഗ്രി കഴിഞ്ഞാലും ഞങ്ങളുടെ മക്കള്‍ക്ക് ഓട്ടോ ഡ്രൈവറും,ജീപ്പ് ഡ്രൈവറും ഗൈഡുമൊക്കെ ആയി മാത്രമെ ജീവിക്കാന്‍ പറ്റുന്നൊള്ളു. തമിഴ് എന്നുപറഞ്ഞുള്ള മാറ്റിനിര്‍ത്തല്‍ എല്ലാ തൊഴില്‍ മേഖലയിലും ഇവിടെ ഉണ്ട്.

അല്ലെങ്കില്‍ നിങ്ങള്‍ ഏതെങ്കിലും പാര്‍ട്ടിയുടെ കടുത്ത അനുഭാവിയാകണം. അല്ലാതെ സ്വതന്ത്രമായി രാഷ്ട്രീയമൊന്നും ഇല്ലാതെ നില്‍ക്കുന്ന ഒരാളാണെങ്കില്‍ ഇവിടെ ഒന്നും നടക്കില്ല. ഇതൊക്കെ കാലങ്ങളായി ഞങ്ങള്‍ അനുഭവിക്കുന്നതാണ്, ഞങ്ങളുടെ മനസ്സില്‍ ഉള്ളതാണ്. തോട്ടതിന് പുറത്തും ജീവിക്കാന്‍ വയ്യാത്ത ചൂഷണങ്ങള്‍ കൂടി ആയപ്പോള്‍ ഉണ്ടായ പൊട്ടിത്തെറിയാണ് പൊമ്പിളൈ ഒരുമൈ സമരത്തിന് വഴി വച്ചത്. 

pembilai orumai

ഭാഷയുടെ പേരില്‍ മൂന്നാറില്‍ മാറ്റിനിര്‍ത്തപ്പെടുന്നുണ്ടോ ?

തീര്‍ച്ചയായും ഉണ്ട്. തമിഴ് ആയതുകൊണ്ട് സര്‍ക്കാര്‍ ഓഫീസുകളില്‍ പോലും കടുത്ത വിവേചനം ഞങ്ങള്‍ അനുഭവിക്കുന്നുണ്ട്. പല ഉദ്യോഗസ്ഥരുടേയും പെരുമാറ്റം വളരെ മോശമാണ്. ഞങ്ങളും നിങ്ങളുടെ സഹോദരങ്ങള്‍ അല്ലേ?

ഈ ഒരു സ്ത്രീ കൂട്ടായ്മയെ ഇന്നെങ്ങനെയാണ് നോക്കിക്കാണുന്നത്?

ഇന്നത് ഇല്ലാതായിരിക്കുന്നു എന്നതൊരു സത്യമാണ്. രാഷ്ട്രീയമില്ലാത്ത ആരെയും അവര്‍ ഇവിടെ ജീവിക്കാന്‍ അനുവദിക്കില്ല.
ഇപ്പോഴും ഞങ്ങളെ അന്ന് സമരത്തിലേക്ക് ഇറക്കിവിട്ട എല്ലാ കാരണങ്ങളും ഏറെക്കുറെ അതുപോലെതന്നെയാണ്. തൊഴിലാളിയുടെ കഷ്ടപ്പെടുകള്‍ക്കും ദുരിതങ്ങള്‍ക്കും ഒരു മാറ്റവുമില്ല. അതുകൊണ്ട് തന്നെ എല്ലാവരുടെ മനസ്സിലും ഞങ്ങള്‍ നടത്തിയ സമരവും ഈ ചൂഷണത്തോടുള്ള കടുത്ത വിയോജിപ്പും ഇന്നും ശക്തമായി തന്നെ ഉണ്ട്.

സമരവുമായി ബന്ധപ്പെട്ട് എം.എം. മണി നടത്തിയ വിവാദ പ്രസ്താവനയും അതിന് ശേഷം സംഭവിച്ച രാഷ്ട്രീയ മാറ്റങ്ങളും എങ്ങിനെ വിലയിരുത്താം?

പൊതുസമൂഹത്തില്‍ ഒരു സ്ത്രീയോടും പറയാന്‍ പാടില്ലാത്ത പലതും മണി പറഞ്ഞിട്ടുണ്ട്. എല്ലാം ഇപ്പോഴും യൂട്യൂബില്‍ ഉണ്ടല്ലോ. മൂന്നാറിലെ രാഷ്ട്രീയ നേതാക്കള്‍ ഒഴികെ കേരളത്തിലെ ജനങ്ങളാകെ ഞങ്ങള്‍ക്കൊപ്പം നിന്നത് ലോകം കണ്ടതാണല്ലോ. അതില്‍ നിന്ന് തന്നെ മനസിലാക്കാവുന്നതല്ലേ ഉള്ളു തൊഴിലാളികളോടുള്ള അവരുടെ സമീപനം ഏതു രീതിയില്‍ ആണെന്ന്. വീടും കുട്ടികളെയും വിട്ട് മലയാളം പോലും അറിയാതെ രാപ്പകല്‍ മൂന്നാറിന്റെ തെരുവില്‍ നീതിക്ക് വേണ്ടി, മനുഷ്യരെ പോലെ ജീവിക്കാന്‍ വേണ്ടി കിടന്നവരാണ് ഞങ്ങള്‍. ആ ഞങ്ങളെയാണ് അവര്‍ ഈ രൂപത്തില്‍ ചിത്രീകരിക്കാന്‍ ശ്രമിക്കുന്നത്. എനിക്കൊന്നേ പറയാനൊള്ളൂ എല്ലാം കാണുന്നൊരു കാലമുണ്ട് ഇവിടെ.

സമരത്തിന് ശേഷം പിന്നീട് ഓരോ ഘട്ടത്തിലും രാഷ്ട്രീയക്കാര്‍ ഞങ്ങള്‍ക്കുള്ളില്‍ നുഴഞ്ഞു കയറി പല തരം പ്രശ്‌നങ്ങള്‍ ഉണ്ടാക്കിയിട്ടുണ്ട്. അതിന്റെ ഭാഗമായാണ് പൊമ്പിളൈ ഒരുമയില്‍നിന്നു പുറത്തുപോകേണ്ട അവസ്ഥ പോലും വന്നത്. ഞാന്‍ വല്ലാതെ ഒറ്റപ്പെട്ടുപോയ സമയമായിരുന്നു അത്.ആ സമയത്താണ് സി.പി.എം. ലോക്കല്‍ സെക്രട്ടറിയും എം.എല്‍.എയും പാര്‍ട്ടിയിലേക്ക് വരാന്‍ വേണ്ടി പറഞ്ഞ് വിളിക്കുന്നത്. അങ്ങനെ വന്നാല്‍ അവരെന്നോട് പറഞ്ഞത് ഗോമതിയുടെ നേതൃത്വത്തില്‍ എല്ലാ തൊഴിലാളികള്‍ക്കും പത്ത് സെന്റ് സ്ഥലം തരാമെന്നും എന്റെ പേരിലുള്ള കേസുകളുടെ കാര്യങ്ങള്‍ നോക്കാമെന്നുമായിരുന്നു. അത്തരമൊരു ഉറപ്പിന്‍ മേലാണ് ഞാന്‍ സി.പി.എമ്മിലേക്ക് പോകുന്നത്.

സി.പി.എമ്മിന്റെ ഭാഗമായപ്പൊഴെങ്കിലും നിങ്ങള്‍ക്ക് നീതി ലഭിച്ചിരുന്നോ?

ഇല്ല, ഒരിക്കല്‍ പോലും അങ്ങിനെ ഒരു നീതി കിട്ടിയിട്ടില്ല. തൊഴിലാളികള്‍ക്ക് തരാമെന്നേറ്റ പത്ത് സെന്റ് ഭൂമി പാര്‍ട്ടിയോട് ചോദിച്ചപ്പോള്‍ എവിടെ നിന്ന് എടുത്തു തരാനാണ് മൊത്തം ടാറ്റയുടെ സ്ഥലമല്ലേ എന്നാണ് രാജേന്ദ്രന്‍ എം.എല്‍.എ. പറഞ്ഞത്. പിന്നെ തന്ന വാഗ്ദാനങ്ങളില്‍ എനിക്കേറ്റവും പ്രധാനപ്പെട്ടത് എന്ന് തോന്നിയത് തോട്ടം മുതലാളിമാരുമായുള്ള ചര്‍ച്ചക്ക് പാര്‍ട്ടി എന്നെ കൂട്ടാം എന്ന് പറഞ്ഞതായിരുന്നു. കാരണം തൊഴിലാളികളുടെ ഏറെ പ്രശ്‌നങ്ങള്‍ എനിക്കവരോട് പറയാന്‍ ഉണ്ടായിരുന്നു. എന്നാല്‍ അങ്ങിനെ ഒന്ന് സംഭവിച്ചതേയില്ല. അതിന് കാരണമായി പാര്‍ട്ടി എന്നോട് പറഞ്ഞത് ഗോമതി കാരണം കമ്പനിക്ക് കോടികളുടെ നഷ്ടമാണ് ഉണ്ടായത്. അതുകൊണ്ട് ഗോമതിയുമായി ഒരു ചര്‍ച്ചക്കും കമ്പനിക്ക് താല്‍പ്പര്യമില്ല എന്നവര്‍ പറഞ്ഞു എന്നാണ്.

gomathyആ സമയങ്ങളില്‍ എം.എം. മണി ഉള്‍പ്പെടെ ഉള്ളവരുടെ കമ്മിറ്റികളില്‍ ഞാന്‍ പങ്കെടുത്തിട്ടുണ്ട്. അവിടെ പോലും ഞങ്ങള്‍ പൊമ്പിളൈ ഒരുമയില്‍ നിന്ന് വന്നവരെ രണ്ടാം തരക്കാരായി മാത്രമാണ് കണ്ടത്. ഞങ്ങളെ മുന്നില്‍ ഇരുത്തികൊണ്ട് തന്നെ വലിയ തോതില്‍ വിമര്‍ശിക്കുന്നത് പതിവായിരുന്നു.

പാര്‍ട്ടിയുടെ മേല്‍ക്കമ്മിറ്റികള്‍ മൂന്നാറിലെ പാര്‍ട്ടി സംവിധാനത്തെയും വിമര്‍ശിച്ചിട്ടുണ്ട്. എന്തുകൊണ്ടാണ് ഇത്തരത്തില്‍ തൊഴിലാളികള്‍ തെരുവില്‍ ഇറങ്ങേണ്ട സ്ഥിതി വന്നതെന്നും നിങ്ങള്‍ അവിടെ എന്ത് ചെയ്യുകയായിരുന്നു എന്നും പുറത്തുനിന്നുള്ള മുതിര്‍ന്ന സഖാക്കള്‍ ചോദിക്കാറുണ്ടായിരുന്നു. എന്നിരുന്നാലും മൂന്നാറിലെ പാര്‍ട്ടി സംവിധാനത്തില്‍നിന്നും നീതിലഭിക്കില്ല എന്നുറപ്പായപ്പോഴാണ് പാര്‍ട്ടി വിട്ടത്.

മൂന്നാറില്‍ പാര്‍ട്ടിക്കുള്ളില്‍ രണ്ട് ഗ്രൂപ്പുണ്ട്. അതിനൊരു കാരണം ഭാഷയാണ്. തമിഴ്, മലയാളി എന്നുള്ള വേര്‍തിരിവ് പ്രകടമാണ് മൂന്നാറിലെ പാര്‍ട്ടിക്കുള്ളില്‍. എന്നെ ഒരാളുപോലും ഓട്ടോയിലോ ജീപ്പിലോ കയറ്റാത്ത അവസ്ഥവരെയാക്കി ഇവിടുത്തെ രാഷ്ട്രീയക്കാര്‍. അങ്ങിനെ ആരെങ്കിലും വണ്ടിയില്‍ കയറ്റാന്‍ തയ്യാറായാല്‍ തന്നെ അയാളെ രാഷ്ട്രീയക്കാര്‍ വിളിച്ച് ഭീഷണിപ്പെടുത്തും. ഇതാണ് ഇപ്പോഴത്തെ അവസ്ഥ.

പാര്‍ട്ടി, സമരത്തിന്റെ സാഹചര്യം ഇപ്പോഴും ഉള്‍കൊണ്ടിട്ടില്ല എന്ന് തോന്നുന്നുണ്ടോ?

തീര്‍ച്ചയായും. അവര്‍ ഇപ്പോഴും ഞങ്ങളുടെ പ്രശ്‌നങ്ങള്‍ മനസിലാക്കാന്‍ തയ്യാറായിട്ടില്ല. പലപ്പോഴും പാര്‍ട്ടിക്കാര്‍ എന്റെ പേരുപറഞ്ഞാണ് വിമര്‍ശിച്ചിരുന്നത്. ഇനിയെങ്കിലും നിങ്ങള്‍ മനസിലാക്കണം ഗോമതി ഒരാളല്ല പൊമ്പിളൈ ഒരുമൈ, അത് ആയിരക്കണക്കിന് വരുന്ന തോട്ടം തൊഴിലാളികളാണ്.

പൊമ്പിളൈ ഒരുമൈയെ യഥാര്‍ത്ഥത്തില്‍ ആരാണ് ഹൈജാക്ക് ചെയ്തത്?

രാഷ്ട്രീയക്കാര്‍ ഞങ്ങള്‍ക്കുള്ളിലെ തന്നെ പെണ്ണുങ്ങളെ വിദഗ്ധമായി ഭിന്നിപ്പിച്ച് ഇല്ലാതാക്കിയതാണ് പൊമ്പിളൈ ഒരുമൈ. പലരെയും വാഗ്ദാനങ്ങള്‍ നല്‍കിയും അതിന് വഴങ്ങാത്തവരെ ഭീഷണിപ്പെടുത്തിയും ഇല്ലാതാക്കിയതാണ് ഞങ്ങളുടെ മുന്നേറ്റത്തെ. അത്രത്തോളം മൂന്നാറിലെ രാഷ്ട്രീയക്കാര്‍ ഭയപ്പെട്ടിരുന്നു ഞങ്ങളെ.

ശക്തമായി വളര്‍ന്നു വരേണ്ട പൊമ്പിളൈ ഒരുമൈ എന്ന പുതിയ ഒരു ആശയത്തെ തകര്‍ത്തതില്‍ തൊഴിലാളി സംഘടനകള്‍ക്കുപുറത്ത് വലിയ മുതലാളിത്ത ഗുഢാലോചന നടന്നതായി സംശയിക്കുന്നുണ്ടോ?

മുതലാളിമാര്‍ നേതാക്കന്മാരെയും, നേതാക്കന്മാര്‍ മുതലാളിമാരെയും അവരവരുടെ അവശ്യങ്ങള്‍ക്കനുസരിച്ച് വേണ്ട പോലെ ഉപയോഗിക്കുകയാണ്. ഇവര്‍ രണ്ടു പേരും ഞങ്ങള്‍ തൊഴിലാളികള്‍ക്ക് എതിരാണ്. പണമുണ്ടാക്കാന്‍ ഏതറ്റം വരെയും ഇവര്‍ പോകും. എന്തും ചെയ്യാന്‍ മടിക്കാത്തവരാണിവര്‍.

സമരത്തിലേക്ക് നയിച്ച ഒട്ടുമിക്ക പ്രശ്‌നങ്ങളും ഒരു മാറ്റവുമില്ലാതെ ഇന്നും നിലനില്‍ക്കുന്ന സാഹചര്യത്തില്‍ ഇനിയുമൊരു സമരത്തിന്റെ സാഹചര്യം തള്ളിക്കളയാന്‍ പറ്റാത്തതല്ലേ?

രണ്ടാം ഘട്ട സമരം ആവശ്യമാണ്. അതിന് നല്ല ഫീല്‍ഡ് വര്‍ക്ക് വേണം. പക്ഷെ ഇപ്പോഴത്തെ പ്രതിസന്ധി എനിക്കെവിടെയും പോകാനോ ആരുമായി സംസാരിക്കാനോ പറ്റുന്നില്ല എന്നതാണ്. ഞാന്‍ ഒരു വീട്ടില്‍ കയറിപോയല്‍ അവിടെ കമ്പനിയുടെ ആള്‍ക്കാരും രാഷ്ട്രീയക്കാരും വന്ന് പ്രശനമുണ്ടാക്കുകയാണ്. ഇതാണ് സാഹചര്യം. വര്‍ഷങ്ങളായിട്ട് കൂലി കൂട്ടിയിട്ടില്ല. ബോണസ്സ് ആണെങ്കില്‍ കുറച്ചുകൊണ്ട് വരികയാണ്. ആരുണ്ട് ഇവരോട് ചോദിക്കാന്‍. ഇതൊക്കെ ചോദിക്കുന്ന എനിക്ക് കേസും കേസിന്റെ മുകളില്‍ കേസും. ഇതൊക്കെ പറഞ്ഞ് പേടിപ്പിക്കുയാണ് ആളുകളെ. പിന്നെങ്ങനെ ആളുകള്‍ വരും.

എന്നെ ഇപ്പോള്‍ വാടകവീട്ടില്‍നിന്നും ഇറക്കിവിടാനുള്ള പരിപാടിയാണ്. ഒരാള്‍ കൊല്ലാനും നടക്കുന്നുണ്ട്. വീടിനുള്ളില്‍ നിന്ന് പുറത്തിറങ്ങാന്‍ പോലും പറ്റുന്നില്ല. പോലീസില്‍ പരാതിപ്പെട്ടപ്പോള്‍ കേസ്സെടുക്കാന്‍ പോലും അവര്‍ തയ്യാറായിരുന്നില്ല. അവര്‍ക്കിതൊക്കെ ഒരു തമാശയാണ്. കൊല്ലുമെന്ന് പറഞ്ഞിട്ടല്ലേ ഉള്ളു കൊന്നില്ലല്ലോ എന്നൊക്കെയുള്ള മറുപടിയാണ്.
 രാഷ്ട്രീയക്കാര്‍ക്ക് ഞാന്‍ എങ്ങനെയെങ്കിലും ചത്താല്‍ മതി. പക്ഷെ ഇവിടുത്തെ തൊഴിലാളികള്‍ക്ക് എന്നെ വേണം. അവരിപ്പോഴും എന്നോട് സമരത്തിനിറങ്ങാന്‍ പറഞ്ഞുകൊണ്ടിരിക്കുകയാണ്. ഉടനല്ലെങ്കിലും ഞങ്ങള്‍ വരും മൂന്നാറിന്റെ തെരുവിലേക്ക്.

സമരത്തിന് ശേഷം എന്താണ് തൊഴിലാളിക്ക് കിട്ടിയത്?

2017ല്‍ കിട്ടിയ ബോണസ്സ് അല്ലാതെ ഒന്നും ഇല്ല. എവിടെയാണോ സമരം നിര്‍ത്തിയത് അവിടെത്തന്നെ നില്‍ക്കുന്നുണ്ട് പൊമ്പിളൈ ഒരുമൈ സമരം. കഷ്ടപ്പാടും ദുരിതങ്ങളും കൂടുന്നതേ ഉള്ളു. 300 രൂപ കൂലിവച്ച് ഇനിയും എത്ര കാലം ജീവിക്കണം.

സമരശേഷം എന്താണ് നിങ്ങളുടെ ജീവിതത്തില്‍ സംഭവിച്ചത്?

എന്റെ കുടുംബം, ജോലി, താമസിച്ചിരുന്ന വീട് പ്രിയപ്പെട്ടതെല്ലാം എനിക്ക് നഷ്ടമായി. നടു തെരുവിലാണ് ഞാന്‍ ഇപ്പോള്‍. മക്കളെ പോലും അവര്‍ വെറുതെ വിടുന്നില്ല. കള്ളക്കേസില്‍ കുടുക്കാന്‍ വലിയ ശ്രമങ്ങളാണ് നടക്കുന്നത്. ഇളയവന് സ്റ്റേറ്റ് ഫുട്‌ബോള്‍ ടീമില്‍ സെക്ഷന്‍ കിട്ടേണ്ടതായിരുന്നു. എന്നാലത് എം.എം. മണി നേരിട്ട് ഇടപെട്ട് ഇല്ലാതാക്കി. സ്ഥിരം പോലീസിന്റെയും രാഷ്ട്രീയക്കാരുടെയും ഭീഷണിയാണ്. അവരുടെ ലക്ഷ്യം എന്നെ ഇവിടെ നിന്ന് ഓടിക്കുക എന്നതാണ്.

gomathyഈ സാഹചര്യത്തില്‍ മൂന്നാര്‍ വിടുമോ?

ഇല്ല. ഇവരെയൊന്നും പേടിക്കാന്‍ ഗോമതി തയ്യാറല്ല. എന്ത് തന്നെ വന്നാലും മൂന്നാറില്‍ ഈ തോട്ടം തൊഴിലാളികള്‍ക്കായി ഗോമതി ഉണ്ടാകും. കോളനിയില്‍ ഉള്ള എല്ലാവരും എന്റെ ഒപ്പമാണ്. അവരാണ് ഇപ്പോഴെന്റെ ധൈര്യം.

വീട്ടില്‍ നിന്ന് ഇറക്കി വിട്ടാല്‍ മൂന്നാറിലെ റോഡില്‍ കുത്തി ഇരിക്കും. ഒരു കാരണവശാലും മുതലാളിമാരെയോ രാഷ്ട്രീയക്കാരെയോ പേടിച്ച് നാടുവിടില്ല. തോട്ടം തൊഴിലാളികള്‍ക്ക് വേണ്ടി ഭൂസമരം നടത്താന്‍ പോവുകയാണ് ഞാന്‍. അതിവിടുത്തെ എല്ലാ തൊഴിലാളികളുമായും സംസാരിച്ചിട്ടുമുണ്ട്. അവര്‍ വലിയ പ്രതീക്ഷയിലാണ്. എല്ലാവരും എന്റെ കൂടെ ഉണ്ടാകുമെന്ന ഉറപ്പ് തന്നാണ് ഓരോരുത്തരും പിരിഞ്ഞത്.

ഭരണകൂട ഭീകരതയുടെ ഇരയാണ് എന്ന് തോന്നുന്നുണ്ടോ?

അതൊരു തോന്നലല്ല. എന്റെ കാര്യത്തില്‍ ശരിയായ പ്രയോഗമാണ്. ഈ കാലത്തും സമൂഹത്തിന് വേണ്ടി തെരുവിലിറങ്ങേണ്ടി വന്ന ഒരു സ്ത്രീയെ ഉള്‍കൊള്ളാന്‍ പാകത്തിന് രാഷ്ട്രീയ പക്വത ഇവിടെ ആയിട്ടില്ല എന്നത് മനസ്സിനെ തകര്‍ക്കുന്ന ഒന്നാണ്. ഞാനൊരു ബ്ലോക്ക് മെമ്പറാണ്. എനിക്കൊരു സ്ഥാനവുമില്ല ഇവരുടെ ഇടയിലൊന്നും. ഒരു ഫണ്ടും എനിക്ക് തരുന്നില്ല, വാര്‍ഡില്‍ ഒരു പണിയും അതുകൊണ്ട് നടക്കുന്നില്ല. ഞാന്‍ ആരുടെയെങ്കിലും കൂടെ അവരെ സഹായിക്കാന്‍ പോലീസ് സ്റ്റേഷനില്‍ പോയാല്‍ ഞാന്‍ വന്നു എന്ന ഒറ്റ കാരണത്താല്‍ പൊലീസുകാര്‍ എന്റെ കൂടെ വന്ന ആള്‍ക്ക് കിട്ടേണ്ട സ്വാഭാവിക നീതി പോലും കൊടുക്കില്ല. വീട്ടുജോലി ചെയ്തുപോലും എന്നെ ജീവിക്കാന്‍ ഇവര്‍ അനുവദിക്കില്ല. ഒരു സമരം ചെയ്ത ആളെന്ന നിലക്കോ ബ്ലോക്ക് മെമ്പര്‍ എന്ന നിലക്കോ കണ്ടിട്ടില്ലെങ്കിലും എല്ലാം നഷ്ടപെട്ട് ഒന്നും ഇല്ലാതായ ഒരു സ്ത്രീ ആയിട്ടെങ്കിലും എന്നെ കാണണം എന്നാണ് എനിക്ക് പറയാനുള്ളത്.

കേരളത്തിലെ സമര ഇടങ്ങളില്‍ താങ്കള്‍ ഇപ്പോള്‍ സജീവ സാന്നിധ്യമാണല്ലോ? ഏതെങ്കിലും പാര്‍ട്ടിയുടെ ഭാഗമായി പ്രവര്‍ത്തിക്കാന്‍ സാധ്യത ഉണ്ടോ?

സി.പി.എമ്മിലേക്ക് എന്നെ കൊണ്ടുപോയത് തന്നെ എന്നെ രാഷ്ട്രീയമായി ഇല്ലാതാക്കാന്‍ കൂടി വേണ്ടിയാണെന്ന് എനിക്കറിയാമായിരുന്നു. എന്നിട്ടും ഞാന്‍ അതിന് സമ്മതിച്ചത് തൊഴിലാളികള്‍ക്ക് കൊടുക്കാം എന്ന് പറഞ്ഞ പത്ത് സെന്റ് ഭൂമിയുടെ കാര്യമാലോചിച്ച് മാത്രമാണ്. ഇനി മറ്റൊരു പാര്‍ട്ടി എന്തായാലും ആലോചിച്ചിട്ടില്ല. ഇങ്ങനെ ഒറ്റക്ക് നില്‍ക്കുന്നതില്‍ പരിമിതി ഉണ്ടെന്ന് എനിക്കറിയാം, എങ്കിലും ഇതുവരെ മറ്റൊരു തീരുമാനമെടുത്തിട്ടില്ല. തോട്ടം തൊഴിലാളികള്‍ക്ക് ഒരു പാട് പ്രശ്നങ്ങള്‍ ഉണ്ട്. അത് ഒറ്റക്ക് നിന്ന് പരിഹരിക്കാന്‍ പറ്റുന്നതല്ല എന്നും അറിയാം. എന്നാലും എവിടെപ്പോയാലും അവസ്ഥ മറ്റൊന്നാകുമെന്ന് ഈ സാഹചര്യത്തില്‍ കരുതാനും വയ്യ.

ഇത്തരത്തില്‍ ഒറ്റക്ക് നിന്ന് തൊഴില്‍ ചൂഷണങ്ങളെ എത്രമാത്രം ഇല്ലാതാക്കാന്‍ സാധിക്കും?

എല്ലാം ദൈവത്തിന്റെ കൈയിലാണ്. മരിക്കുംവരെ ഞാന്‍ സ്‌ട്രോങ്ങ് ആയിട്ട് തന്നെ നില്‍ക്കും. രാഷ്ട്രീയക്കാരുടെ കൈകൊണ്ട് എനിക്ക് ചാവ് ഉറപ്പാണ്. പക്ഷെ പിന്മാറാന്‍ ഒരിക്കലും തയ്യാറല്ല. വീഴുന്നത് വരെ നില്‍ക്കും. എനിക്കിവരെ ആരെയും പേടിയില്ല. കൊല്ലുന്നെങ്കില്‍ നേരിട്ട് വന്ന് കുത്ത് എന്നാണ് ഞാന്‍ ഇവരോടൊക്കെ പറഞ്ഞിട്ടുള്ളത്. എനിക്ക് ചാവാനുള്ള പേടിേയ ഇല്ല. അവസാനം വരെ തൊഴിലാളികള്‍ക്ക് വേണ്ടി ഞാന്‍ നില്‍ക്കും. ഒറ്റപെണ്ണായാണ് ഞാന്‍ ഈ ഭൂമിയില്‍ നില്‍ക്കുന്നത്. എനിക്ക് ഇനി നഷ്ടപ്പെടാന്‍ ഒന്നുമില്ല.

കേരളത്തിലെ ട്രേഡ് യൂണിയനുകളില്‍നിന്ന് ഉണ്ടായ അനുഭവം എപ്രകാരമായിരുന്നു?

യൂണിയന്‍ നേതാക്കള്‍ക്ക് അവരുടെ മക്കള്‍, അവരുടെ ആവശ്യങ്ങള്‍,അവരുടെ ജീവിതം. ഇതിനപ്പുറത്ത് യാതൊരു വിധ തൊഴിലാളി താല്പര്യങ്ങളും അവര്‍ക്കില്ല. ഞങ്ങള്‍ തൊഴിലാളികളുടെ വിയര്‍പ്പില്‍ നിന്നാണ് അവര്‍ ആഹാരം കഴിക്കുന്നത്. മൂന്നാറില്‍ ഒരൊറ്റ തൊഴിലാളി സംഘടനകളും ഇല്ല. ഇവിടെ ഉള്ളതൊന്നും തൊഴിലാളികള്‍ക്ക് വേണ്ടിയുള്ള സംഘടനകളെ അല്ല.

തോട്ടം തൊഴിലാളികളില്‍ ഭൂരിപക്ഷം സ്ത്രീ തൊഴിലാളികള്‍ ആണല്ലോ, ഈ പ്രത്യേക സാഹചര്യം കൂടി പരിഗണിക്കുമ്പോള്‍ എവിടെനിന്നാണ് സ്ത്രീ തൊഴിലാളികള്‍ നീതി പ്രതീക്ഷിക്കേണ്ടത്?

കാര്യങ്ങള്‍ ഇതുപോലെ തന്നെയാണ് പോകുന്നത് എങ്കില്‍ ഒരു നീതിയും ഇവിടുത്തെ സ്ത്രീ തൊഴിലാളിക്ക് ലഭിക്കില്ല. മൂന്നാറിലെ തോട്ടം തൊഴിലാളി സ്ത്രീയുടെ ലോകം തോട്ടവും വീടും മാത്രമാണ്. ഇതിനപ്പുറത്തുള്ള ഒരു സ്ഥലവും ഇവിടെ ജീവിക്കുന്ന ഭൂരിഭാഗം സ്ത്രീകളും കണ്ടിട്ടില്ല.

രാഷ്ട്രീയ കേരളത്തോട് എന്താണ് പറയാനുള്ളത്?

ഒരു രാഷ്ട്രീയക്കാരുടെ മക്കളും കൊടിപിടിച്ച് റോഡിലിറങ്ങി അടികൊള്ളുന്നില്ല. ഒരു സമര ഇടങ്ങളിലും അവരെയൊന്നും കാണാറേയില്ല. മിക്കവാറും രാഷ്ട്രീയക്കാരുടെ മക്കളും രാജ്യത്തിന് പുറത്ത് നല്ല നിലയില്‍ ജീവിക്കുന്നവരാണ്. തല്ലുന്നതും കൊല്ലുന്നതും എല്ലാം സാധാരണക്കാരന്റെ മക്കളാണ്. എല്ലാം നന്നായി ജനങ്ങള്‍ തിരിച്ചറിയുന്ന ഒരു കാലം വരും. രാഷ്ട്രീയത്തിനപ്പുറത്ത് നടക്കുന്ന ചില സമരങ്ങളുണ്ട് കേരളത്തില്‍. അതാണ് സമരങ്ങള്‍, ആത്മാര്‍ത്ഥമായ ഇടപെടലുകള്‍. മറ്റെല്ലാം ആര്‍ക്കോ വേണ്ടിയുള്ള കാട്ടികൂട്ടല്‍ മാത്രമാണ്. വോട്ടിന് വേണ്ടി മാത്രമുള്ള വില കുറഞ്ഞ നാടകങ്ങള്‍.

File Images: Mathrubhumi Archives

Pombilai Orumai, Gomathi, Munnar, Kannan Devan Hills, TATA, Munnar Women Strike, Gomathy Augustine