ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യം വീണ്ടുമൊരു സ്വാതന്ത്ര്യദിനം കൂടി ആഘോഷിക്കാന്‍ പോകൂമ്പോള്‍ ഭരണകൂട വിരുദ്ധരെന്ന് ചാപ്പകുത്തപെട്ട,ചിന്തകൊണ്ട് വ്യത്യസ്തരായ ഒരു ജന വിഭാഗത്തിന്റെ ശബ്ദം കേള്‍ക്കാതിരിക്കാന്‍ ഈരാജ്യത്തിന് ഇനിയും ഒരുപാട് കാലം കൂടെ സാധ്യമാകുമെന്ന് കരുതാന്‍ വയ്യ.

"എന്തെഴുതണം എന്നും എന്ത് കഴിക്കണം, എന്നുള്ളത് അവനവന്റെ അവകാശമാണ്"എന്ന് മുണ്ടുര്‍ രാവുണ്ണി അടിവരയിട്ട് പറയുന്നു. ഒപ്പം രാജ്യത്ത് നടക്കുന്ന ഫാസിസ്റ്റ്  ഗുണ്ടായിസത്തെയും അതിനെ പ്രതിരോധിക്കാന്‍ സാധ്യമാകാതെ ദുര്‍ബലപ്പെട്ടുപോയ ഇടത് സംഘടനകളെയും കണക്കറ്റ് വിമര്‍ശിക്കുകയും ചെയ്യുന്നു.  
കാലത്തിന് മുന്നില്‍ തോല്‍ക്കാതെ മുന്നോട്ട് കുതിക്കാന്‍ പോന്ന കാമ്പ് മാര്‍ക്‌സിയന്‍ കാഴ്ച്ചപ്പാടുകള്‍ക്കുണ്ട് എന്ന് നിരന്തരമായി തന്റെ ജീവിത പരിസരങ്ങളെ ഓര്‍മിപ്പിച്ചുകൊണ്ടേയിരിക്കുക കൂടിയാണ് അദ്ദേഹം.സമൂര്‍ത്ത യാഥാര്‍ഥ്യങ്ങളുടെ സമൂര്‍ത്ത വിശകലനമാണ് മാര്‍ക്‌സിസം എന്ന ലെനിന്റെ നിരീക്ഷണത്തിന്റെ അരികുനില്‍ക്കാന്‍ പോലും സാധ്യമവാത്ത തരത്തില്‍ വലിയ പ്രത്യയശാസ്ത്ര ഇടിവാണ് ഇന്ത്യയിലെ ഇടതുപക്ഷത്തിന് സംഭവിച്ചുകൊണ്ടിരിക്കുന്നത്.ഈ സാഹചര്യത്തില്‍ കൂടിയാണ് ലോക സോഷ്യലിസ്റ്റ് ഇസങ്ങളിലൂടെ കുറുക്കിയെടുത്ത  മാവോയിസത്തിന്റെയും തീവ്രഇടത് ചിന്തയുടെയും ജനാധിപത്യ ശരികളുടെ ചരിത്രപരമായ പഠനവും അതിന്റെ അജണ്ടയും വിശകലനം ചെയ്യുന്നതിനോടൊപ്പം കടന്നുവന്ന വഴികളിലെ ചോരപ്പാടുകളെ ജനകീയമാക്കാന്‍ ശ്രമിക്കുകകൂടെയാണ് 'പോരാട്ടത്തിന്റെ' അമരക്കാരനായ സഖാവ് രാവുണ്ണി.

#പാലക്കാടിന്റെ​ ഉള്‍ഗ്രാമമായ മുണ്ടുരില്‍ നിന്ന് നക്‌സല്‍ബാരി ചിന്തകളിലേക്കുള്ള യാത്ര എപ്രകാരമായിരുന്നു?

1957ല്‍ മദ്രാസില്‍ ഇലക്ട്രിസിറ്റി ബോര്‍ഡില്‍ ജോലി ചെയ്യുന്ന സമയത്താണ് അവിഭക്ത എഐടിയുസി അംഗമായി വരുന്നത്.അവിടുത്തെ ട്രേഡ് യൂണിയന്‍ പ്രവര്‍ത്തനമാണ് കൂടുതല്‍ രാഷ്ട്രീയ ബോധ്യങ്ങളിലേക്ക് നയിച്ചത്.എന്നാല്‍ അന്നേ ആ യൂണിയന്റെ പ്രവര്‍ത്തന രീതിയോട് വിയോജിപ്പുണ്ടായിരുന്നു.കമ്യുണിസ്റ്റ് പാര്‍ട്ടികള്‍ക്കുണ്ടാവേണ്ട ലക്ഷ്യബോധവും,അര്‍പ്പണ മനോഭാവവും അവര്‍ക്ക് കൈമോശം വന്നിരിക്കുന്നു എന്ന് ബോധ്യപ്പെട്ടത് അവിടുത്തെ  പ്രവര്‍ത്തനത്തിലൂടെയാണ്.

#'ചരിത്രം ഞങ്ങളെ കുറ്റക്കാരല്ലെന്ന് വിധിക്കും.ഇത്തരത്തില്‍ ' നിങ്ങളുടെ തന്നെ 'തടവറയും പോരാട്ടവും' എന്ന പുസ്തകത്തില്‍ പറയുന്നത് പോലൊരു കാലം സാധ്യമാകുമോ?

ജനങ്ങള്‍ ഞങ്ങളെ ഒരു കാലത്തും കുറ്റക്കാരാണെന്ന് പറഞ്ഞിട്ടില്ല.ഭരണകൂടങ്ങള്‍ മാത്രമാണ് അത് പറയുന്നത്.അതവര്‍ എക്കാലവും  പറഞ്ഞുകൊണ്ടേയിരിക്കും. ഞാന്‍ ജയില്‍ ചാടി വന്നപ്പോള്‍ പോലും അന്ന് താമസിക്കാന്‍ ഇടവും ഭക്ഷണവും യാത്രക്കുള്ള പണവും എല്ലാം തന്നത് ജനങ്ങളാണ്.സംഘടന രൂപീകരണ കാലം മുതല്‍ സാധാരണ ജന വിഭാഗം ഞങ്ങള്‍ക്കൊപ്പം നിന്നിട്ടുണ്ട്. ഒരു കാലത്ത് സാര്‍ ഭരണകൂടത്തിന്റെ കുറ്റവാളിയായിരുന്ന ലെനിന്‍ ഇന്ന് ലോകം നെഞ്ചേറ്റുന്ന വിപ്ലവ വീര്യമാണ്.

#നക്‌സലൈറ്റ് സമൂഹത്തില്‍ നിന്നും മവോയിസത്തിലേക്കുള്ള ദൂരം ഇന്ത്യന്‍ പശ്ചാത്തലത്തില്‍ എപ്രകാരമാണ്?

mundoor ravunniനക്‌സലിസം എന്നൊന്നില്ല.അന്നു ഞങ്ങള്‍ മാവോ ചിന്തയെന്നാണ് പറഞ്ഞിരുന്നത്.പിന്നീട് തിരുത്തുന്നത് മാവോയെ കൂടുതല്‍ പഠിച്ചതിലൂടെയാണ്.ചിന്ത എന്ന് പറയുന്നതിലൂടെ മാവോയുടെ ആശയങ്ങളെ പൂര്‍ണ്ണമായും ഉള്‍കൊള്ളാന്‍ കഴിയില്ല എന്ന ബോധ്യത്താലാണ് അന്ന് സമാനമായ ചിന്തയില്‍ പ്രവര്‍ത്തിച്ചിരുന്ന ലോകത്തുണ്ടായിരുന്ന 25 ഓളം സംഘടനകളെ ഒരുമിപ്പിച്ച് ഉണ്ടാക്കിയ സംഘടനയായ ആര്‍.ഐ.എം (Revolutionary International Movement )ആണ് പിന്നെ ഒട്ടേറെ ചര്‍ച്ചയിലൂടെയും പഠനത്തിലൂടെയും മാവോയിസ്റ്റ് ധാരയിലേക്ക് വന്നത്.

നക്‌സല്‍ ചിന്തയും മാവോയിസവും തമ്മില്‍ വലിയ വ്യത്യാസങ്ങള്‍ ഒന്നും തന്നെയില്ല.മാവോയിസം കാണിച്ച വഴിയിലൂടെയാണ് നക്‌സല്ബാരി കലാപം നടന്നത് എന്ന് പറയാം.നക്‌സല്‍ബാരിക്ക് വളരെയേറെ പോരായ്മകള്‍ ഉണ്ടായിരുന്നു പക്ഷേ ഒരു തുടക്കം എന്ന നിലക്ക് അത് വലിയ തന്നെയാണ്.

#മാവോയുടെ പ്രത്യയശാസ്ത്രം എത്രമാത്രം സ്വാധീനിച്ചിട്ടുണ്ട്.ഒപ്പം താങ്കള്‍ എവിടെവരെ മാവോയിസ്റ്റാണ്?

ഞാന്‍ മാവോയിസ്റ്റാണ്.മാവോയിസം മാര്‍ക്‌സിസത്തിന്റെ ഊടും പാവുമായി ഇഴുകിച്ചേര്‍ന്നതാണ്.എന്നാല്‍പ്പോലും മാര്‍ക്‌സിനെയും,എംഗല്‍സിനെയും,ലെനിനെയും വളരെ ഭംഗിയായി വിശകലനം ചെയ്യാറുമുണ്ട്.മാര്‍ക്‌സിന്റെ പോരായ്മകളെപ്പറ്റി മാവോയിസം നിരന്തരം ചര്‍ച്ചചെയ്യുന്നുണ്ട്.ഇത്തരത്തിലുള്ള ചര്‍ച്ചകള്‍ അതിന്റെയൊരു വിച്ഛേദനം ഉണ്ടാകുന്നുണ്ട്. ഒപ്പം അതിന്റെയൊരു അനന്തരവകാശിയായി അത് ഏറ്റെടുക്കുകയും ചെയ്യുന്നു.ശേഷം അതിലെ സാമ്പത്തികവും തത്വശാസ്ത്രപരവുമായ പോരായ്മകള്‍ പരിഹരിക്കാന്‍ ശ്രമിക്കാറുമുണ്ട്.ആ രീതിയില്‍ ആശയപരമായി ഞാന്‍ മാവോയിസ്റ്റാണ്.അങ്ങനെ ജീവിക്കാന്‍ ശ്രമിക്കണം എന്ന് ആഗ്രഹിക്കുന്ന ഒരാളുമാണ്.അതിനോട് എത്രത്തോളം ഞാന്‍ നീതിപുലര്‍ത്തുന്നു എന്നത് മറ്റുള്ളവരുടെ നിരീക്ഷണത്തിന് വിടുന്നു.

#ഒട്ടേറെ കാലങ്ങളായി നടക്കുന്ന അവ്യക്തമായ ചര്‍ച്ചയാണ് ഉന്‍മൂലന സിദ്ധാന്തവുമായി ബന്ധപ്പെട്ടത്.ഏത് തരത്തിലാണ് ഇതിനെ നോക്കിക്കാണുന്നത്.ഇതൊരു ജനാധിപത്യ രാജ്യത്തിന് വലിയ പരിക്കുകള്‍ ഉണ്ടാക്കാന്‍ പോന്ന ഒന്നല്ലേ?

ഉന്‍മൂലന സിദ്ധാന്തം എന്നൊന്നില്ല.ചാരു മജൂംദാരാണ്‌ ഒരു പ്രസംഗത്തില്‍ അതിനെ കുറിച്ച് പറയുന്നത്.എനിക്ക് അനുഭവപ്പെട്ടത് അത്തരം വിലയിരുത്തലുകള്‍ അനുഭവത്തിന്റെ കുറവായിട്ടാണ്.ഉന്‍മൂലനം ഒരു രാഷ്ട്രീയ ലൈനായി അവര്‍ സ്വീകരിക്കുന്ന നിലയുണ്ടായിരുന്നു.അതിനവര്‍ ഒരു തിയററ്റിക്കല്‍ രൂപം കൊണ്ടുവരികയാണ് ചെയ്തത്.ഗറില്ലാ മുറയുടെ ആരംഭം ആയിട്ടാണ്‌ അതിനെ കണ്ടത്.പിന്നീട് ആ രീതി വര്‍ഗ്ഗശത്രുവിനെ കണ്ടുപിടിച്ച് ഉന്‍മൂലനം ചെയ്യുക എന്നതിലേക്ക് എളുപ്പത്തില്‍ ചെന്നെത്തി.ആ രീതിയെ ഞാന്‍ ഉള്‍പ്പെടുന്ന ചില സഖാക്കള്‍ വിമര്‍ശിച്ചിരുന്നു.

ജനാധിപത്യത്തിനെ ഇതില്‍ കൂട്ടികുഴക്കേണ്ട ആവശ്യമില്ല.ഒന്ന് ജനാധിപത്യ രാജ്യം എന്ന് പറയുന്നതിനോട് തന്നെ ഒരു യോജിപ്പില്ല.യഥാര്‍ത്ഥ അര്‍ത്ഥത്തിലുള്ള ജനാധിപത്യം ഇവിടെ സംഭവിക്കുന്നേയില്ലല്ലോ.ജനങ്ങളുടെ അധികാരവും ജനങ്ങളുടെ ആധിപത്യവുമാണ്‌ ജനാധിപത്യമെങ്കില്‍ ഇവിടെ നടക്കുന്നത് ജനങ്ങള്‍ക്ക് എതിരായിട്ടുള്ള ആധിപത്യവും നിയന്ത്രണവുമാണ്.

#അമ്പത് വര്‍ഷങ്ങള്‍ക്കിപ്പുറത്തെ നക്‌സല്‍ബാരിക്ക്, ജരാനര ബാധിച്ച ഒരു ബോധ്യത്തിന്റെ പഴംതുണികെട്ടിനപ്പുറം എന്തെങ്കിലും ബാക്കിയുണ്ടോ?

എന്തുകൊണ്ടാണ് അങ്ങനെ വിലയിരുത്തുന്നത് എന്നെനിക്കറിയില്ല.നക്‌സല്‍ബാരി പ്രസ്ഥാനം  ഇന്ത്യയില്‍ ഒരു ഓര്‍ഡറായി മാറിയിരിക്കുകയാണ്.ഇന്ന് 7000 ചതുരശ്ര മൈല്‍ വിസ്തീര്‍ണ്ണത്തിലും 60 ഓളം ജില്ലകളിലുമായി മാവോയിസ്റ്റ് അവരുടേതായ ഭരണം നടത്തുന്നുണ്ട്.സര്‍ക്കാരിനെപ്പോലെ സ്വന്തമായി ആര്‍മിയും ബജറ്റുമുണ്ട്‌.പലപ്പോഴും ഒരു സ്റ്റേറ്റ് ബജറ്റിനേക്കാളും വലിയ ഒന്നാവാറുണ്ട് അവരുടേത്.ഒരു വറ്റാത്ത ജീവനാളിപോലെ വളഞ്ഞുപുളഞ്ഞു കയറ്റിറക്കങ്ങളിലൂടെ അതങ്ങ് ഇതുവരെപോയതുപോലെ മുന്നോട്ട് പോകും.

#എന്താണ് 'പോരാട്ട'മെന്ന സംഘടനയുടെ കാലിക പ്രസക്തി?

1996 ല്‍ ആണ് 'പോരാട്ടം' എന്ന സംഘടന പ്രവര്‍ത്തനമാരംഭിക്കുന്നത്.അതിന്റെ പശ്ചാത്തലം വര്‍ധിച്ചുവരുന്ന ഇന്ത്യയിലെ ജാതി മത വിവേചനവും സാമ്പത്തിക അസ്ഥിരതയും,തൊഴിലില്ലായ്മയുമെല്ലാമായിരുന്നു. ജനസംഖ്യ വര്‍ദ്ധനവാണ് തൊഴിലില്ലായ്മക്ക് കാരണം എന്ന് പറയുമ്പോഴും ജനസംഖ്യാ നിയന്ത്രണം കൊണ്ടുവന്നിട്ടും തല്‍സ്ഥിതിക്ക് ഒരു മാറ്റവും വന്നില്ല.ഇത്തരത്തില്‍ സാധാരണജനത നേരിടുന്ന ഒരു പ്രശ്‌നത്തിനും പരിഹാരം ഇല്ലാത്ത സാമൂഹ്യ അവസ്ഥ വന്നതോടെയാണ് പോരാട്ടത്തിന്റെ പ്രസക്തി കൂടിയത്. ഇത്തരം പ്രശ്‌നങ്ങളെ അഭിമുഖീകരിക്കാന്‍ പോന്ന ഒരു  ബഹുജന പ്രസ്ഥാനം അതൊരു സംഘടനയല്ല ഒരു മുന്നണിയായിട്ടാണ് ഞങ്ങള്‍ കണ്ടത്.അതിന് അതിന്റെതായ ഒരു നയപ്രഖ്യാപനമുണ്ട്.അതുകൊണ്ടാണ്  ആന്റണി സര്‍ക്കാരിന്റെ കാലത്ത് നിരോധിക്കാന്‍ വലിയ ശ്രമങ്ങള്‍ നടന്നെങ്കിലും അത് കഴിയാതിരുന്നത്.എല്ലാ ഭരണകൂടവും സമാനമായ സമീപനം ആണ് ഞങ്ങളോട് കാണിക്കുന്നത്.47 കേസുകള്‍ ഇന്ന് ഞങ്ങളുടെയൊക്കെ പേരിലുണ്ട്.എട്ട്  യു എ പി എ കേസ്സ് എന്റെ മാത്രം പേരില്‍ ഉണ്ട്.  

mundoor ravunni

#ഇടത് പാര്‍ട്ടികളുമായി യോജിച്ചുള്ള പ്രവത്തനം കുറേക്കൂടി​ പോരാട്ടം ഉയര്‍ത്തികൊണ്ടുവരുന്ന പ്രശ്‌നങ്ങള്‍ ജനകീയമാക്കാന്‍ സാധിക്കില്ലേ?

സെമിനാറുകളിലും മറ്റുമായി യോജിക്കാനാവുന്ന ഇടങ്ങളിലെല്ലാം ഞങ്ങളത് ചെയ്യാറുണ്ട്.ജനകീയ പ്രതിരോധ സമരങ്ങളില്‍ മിക്കവാറും ഇടത് സംഘടനകള്‍
പങ്കെടുക്കാറുണ്ടെങ്കിലും സിപിഎം ഇതുവരെ ഞങ്ങളോട് സഹകരിച്ചിട്ടില്ല.വരാന്‍ തയ്യാറാവുന്നവരെപോലും അവര്‍ പിന്തിരിപ്പിക്കാറാണ് പതിവ്.അത് അവരുടെ രാഷ്ട്രീയ പാപ്പരത്തമായിട്ടേ ഞങ്ങള്‍ കണക്കാക്കിയിട്ടുള്ളു.അവരുടെ ശത്രു നക്‌സലൈറ്റുകളാണ് മുതലാളിത്തമല്ല.അഞ്ഞൂറോളം സംഘട്ടനങ്ങള്‍ അവര്‍ ഞങ്ങള്‍ക്ക് നേരെ നടത്തിയിട്ടുണ്ട്.ഞങ്ങള്‍ തീകതിര്‍ പത്രം തുടങ്ങിയ കാലത്ത് അവര്‍ പറഞ്ഞത് പാര്‍ട്ടിയെ ചുട്ടുകരിക്കാന്‍ വന്ന തീപ്പന്തമാണ് ഇത് എന്നാണ്.ഇത്തരത്തില്‍ അല്ലാതെ ഞങ്ങളെ അവര്‍ ഒരിക്കലും യുക്തിസഹമായി സമീപിച്ചിട്ടേയില്ല. സിഐടിയുവിന് സമാനമായ രീതിയില്‍ അവര്‍ സംഘടനകളെ ബിംബവല്‍ക്കരിക്കുകയാണ് ചെയ്യുന്നത്.ഈ രീതിയില്‍ മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിക്ക് മുന്നോട്ട് പോകാന്‍ സാധിക്കില്ല.അവരിന്ന് തൊഴിലാളി ബോധ്യം പാടെ നഷ്ട്ടമായ ഒന്നായി മാറിയിരിക്കുന്നു എന്നതിനാല്‍ തന്നെ ഞങ്ങളെ അവര്‍ക്ക്
ബോധ്യപ്പെടുക എന്നത് പ്രയാസമായ ഒന്നാണ്.

#വിപ്ലവ സാധ്യതകളുടെ ജനാധിപത്യ ശരികള്‍ എന്തൊക്കെയാണ്.ഒപ്പം,സായുധവിപ്ലവത്തിന്റെ ഇന്ത്യന്‍ പ്രസക്തിയെ എപ്രകാരം പറയാന്‍ സാധിക്കും?

സായുധവിപ്ലവം പൊതുവില്‍ പറഞ്ഞാല്‍ അടിച്ചമര്‍ത്തപ്പെട്ട ജനതയുടെ സാര്‍വത്രിക നിയമമാണ്.അത് സ്ഥല കാലങ്ങളുമായി പൊരുത്തപ്പെട്ട് കിടക്കുന്ന ഒന്നാണ്.ഇന്നല്ലെങ്കില്‍ നാളെ ഇത് അനുവാര്യമായി വരും.1947ന് മുന്‍പ് ഉണ്ടായിരുന്ന അതേ രീതിയില്‍ ഭാവം മാറാതെ ഇന്നും സാമ്രാജ്യത്വം ഇവിടെത്തന്നെ ഉണ്ട്.അന്നത്തെ കോളനികള്‍ ഇന്ന് പുത്തന്‍ കോളനിയാണ് അതുകൊണ്ട് തന്നെയാണ് ഇത്തരം അടിച്ചമര്‍ത്തപ്പെട്ടവരുടെ വിപ്ലവം എന്നും സാധ്യമാണ് എന്ന് പറയുന്നത്.
നിങ്ങളുടെ മണ്ണില്‍ നിങ്ങള്‍ എന്ത് ഉല്പാദിപ്പിക്കണം അതിന്റെ ഗുണവും മണവും എന്താവണം അതിന്റെ മാര്‍ക്കറ്റ് എവിടെയായിരിക്കണം എന്ന് തീരുമാനിക്കാന്‍ ഓരോ കര്‍ഷകനും സാധ്യമാവണം അതാവണം ജനാധിപത്യം.എന്നാല്‍ ഇന്ന് നടക്കുന്നത് കാഡ്ബറീസ് കമ്പനികള്‍ പറയുന്നതനുസരിച്ച് റബ്ബര്‍ വെട്ടി കൊക്കോ കൃഷിചെയ്യേണ്ടവരികയാണ്.കൃഷിഭൂമിയില്‍ പോലും കോര്‍പ്പറേറ്റുകള്‍ ആധിപത്യം സ്ഥാപിച്ചിരിക്കുന്നു എന്നത് ഞങ്ങള്‍ക്ക് നിസാരമായി കാണാന്‍ സാധിക്കില്ല.

കര്‍ഷകനെയും തൊഴിലാളിയെയും ഇരയാക്കികൊണ്ടുള്ള വലിയ അനീതികള്‍ ഇന്നും നിങ്ങള്‍ ഈ പറയുന്ന ജനാധിപത്യ രാജ്യത്ത് നടന്നുകൊണ്ടിരിക്കുന്നു.ജനങ്ങള്‍ ഇവിടെ ഭീതിയോടെയാണ് കഴിയുന്നത്.അതുകൊണ്ടാവണം ജനങ്ങള്‍ ഞങ്ങളോട് പറയുന്നത് അറുപത്തുകളിലേക്ക് മടങ്ങിപോയി.മര്‍ദ്ദകരെ ജനകീയ വിചാരണ ചെയ്യണം എന്നും.എനിക്കും അത് പലപ്പോഴും തോന്നിയതുമാണ്.നെഹ്റു കോളേജിലെ ജിഷ്ണു പ്രണോയിയുടെ മരണം വല്ലാതെ അസ്വസ്ഥമാക്കിയതാണ്.ഇത്തരത്തില്‍ വലിയ അനീതി നടന്നിട്ടും പലരുടെയും നിഷ്‌ക്രിയമായ രീതി അത് ഈ സമൂഹത്തിന് ഗുണം ചെയ്യില്ല.അത്തരക്കാരെ ജനകീയ വിചാരണ ചെയ്യുകതന്നെയാണ് വേണ്ടത്.
ഒരു പുതിയ സമൂഹം ഉണ്ടായേ തീരു.അത് തന്നെയാണ് ജനങ്ങള്‍ ആഗ്രഹിക്കുന്നതും.

#ചുവന്ന ഇടനാഴിക്ക്  ആശയപരമായ ഇടിവ് സംഭവിച്ചിട്ടുണ്ടോ?

നേപ്പാളില്‍ വിപ്ലവം നടന്ന സമയത്ത് അത് ഛത്തീസ്ഗഡിലൂടെ വരുമെന്ന് പറഞ്ഞവരുണ്ട്,പക്ഷെ അതൊക്കെ ശുദ്ധ അസംബന്ധമാണ്.ജേര്‍ണലിസത്തിന്റെ ഒരു സങ്കല്പികത മാത്രമായിരുന്നു അത്.പിന്നെ അത്തരം ഒരു ചുവന്ന ഇടനാഴിയുടെ സാധ്യത അത് മാവോയിസ്റ്റുകള്‍ തന്നെ പറയുന്നതാവും കൂടുതല്‍ ഉചിതം.

#തിരുനെല്ലി കാടുകളില്‍ നിലച്ചുപോയ, അരികുവല്‍ക്കരിക്കപെട്ട ഒരു ജനതയുടെ കരുതായിരുന്നല്ലോ വര്‍ഗ്ഗീസ്. പിന്നീട് സമാനമായ  പിന്‍ഗാമി ഉണ്ടാവാതിരുന്നത് എന്തുകൊണ്ടാവാം?

അത് ഏറെക്കുറെ ശരിയാണ്.വര്‍ഗ്ഗീസ് ജനങ്ങള്‍ക്കിടയില്‍ അവരിലൊരാളായി പ്രവര്‍ത്തിച്ച ആളാണ്.ആദിവാസികളുടെ കണ്ണിലുണ്ണിയാണ് ഇന്നും വര്‍ഗ്ഗീസ്.കൊല്ലപ്പെട്ട സമയത്ത് ഒരാഴ്ച്ച ആദിവാസികുടിലുകളില്‍ ഭക്ഷണം പാകം ചെയ്യാതെ അവര്‍ വര്‍ഗീസിനുവേണ്ടി അവരുടേതായ മരണാനന്തര ക്രിയകള്‍ ചെയ്തിരുന്നു.അവര്‍ക്ക് പ്രിയപ്പെട്ട അടിയൊരുടെ പെരുമന്‍ ആണ് വര്‍ഗ്ഗീസ്.

#അജിത, വേണു തുടങ്ങി തീവ്ര ഇടതുപക്ഷധാരയില്‍ നിന്ന് പുറത്തുവന്നവരുടെ പ്രത്യയശാസ്ത്ര ബോധ്യത്തെ എങ്ങിനെക്കാണാന്‍ സാധിക്കും?

അജിത ഞാനൊക്കെ കാണുന്ന സമയത്ത്  പ്രീഡിഗ്രിക്ക് പഠിക്കുകയായിരുന്നു. ആ സമയത്താണ് അവര്‍ സംഘടനയിലേക്ക് വരുന്നത്.അന്നത്തെ കാലത്തെ പെണ്‍കുട്ടികള്‍ പൊതുവെ സാമൂഹ്യ രാഷ്ട്രീയ ഇടങ്ങളില്‍ തീരെ സജീവമല്ലായിരുന്നു.അവിടെയാണ് ഇത്തരം തീവ്രമായ ഒരു രാഷ്ട്രീയ ധാരയിലേക്ക് സ്വന്തം അച്ഛനമ്മമാരെ പോലും എതിര്‍ത്ത് അജിത കടന്നുവരുന്നത്.അതൊക്കെയാണ് അവരുടെ പ്രസക്തിയും.പക്ഷെ പിന്നീട് വന്ന തിരിച്ചടികളില്‍ അവരെല്ലാം ഇതൊന്നും മുന്നോട്ട് പോകില്ല എന്ന് പറഞ്ഞ് മറുകണ്ടം ചാടുകയാണ് ചെയ്തത്.അതൊക്കെ ഒരു ഉള്‍കൊള്ളലിന്റെ പ്രശ്‌നമാണ്.സൈക്കിള്‍ ചവിട്ടി വീണാല്‍ സൈക്കിളിനാണ് പ്രശനം അല്ലാതെ ചവിട്ടാനറിയാത്തതുകൊണ്ടല്ല വീണത് എന്ന് പറയുന്നപോലെയായിരുന്നു.ഒരാവേശത്തിനപ്പുറത്ത് അവര്‍ക്ക് ഈ രാഷ്ട്രീയ ധാരയെ ഉള്‍കൊള്ളാന്‍ കഴിഞ്ഞിരുന്നില്ല എന്നതാണ് യാഥാര്‍ഥ്യം.

വേണുവിന്റെ കാര്യം അതല്ല.അദ്ദേഹം കുറേ വായിച്ചു അതെല്ലാം തന്റെ ഒരു ബുദ്ധിജീവി തലത്തില്‍ നിന്നാണ് വായിച്ചത്.അത്തരം വായനകള്‍ വര്‍ഗ്ഗ സമരത്തിന്റെയോ വര്‍ഗ്ഗ നിലപാടിന്റെയോ തലത്തില്‍ നിന്നല്ലായിരുന്നു.അതുകൊണ്ട് തന്നെയാവാം ആള്‍ക്ക് മാക്‌സിസത്തെ ഉള്‍കൊള്ളാന്‍ കഴിയാതിരുന്നതും.
വര്‍ഗ്ഗമനുഷ്യനെയും ജൈവ മനുഷ്യനെയും കുറിച്ചുള്ള സയന്‍സ് അറിയാത്ത അദ്ദേഹത്തിന്റെ വീക്ഷണങ്ങള്‍ അംഗീകരിക്കാന്‍ ആവാത്തതാണ്.
വര്‍ഗ്ഗസമരങ്ങളിലൂടെയും പഠനങ്ങളിലൂടെയുമാണ് മാര്‍ക്‌സ് രൂപപെട്ടു വന്നത്.അദ്ദേഹത്തെ ജീന്‍ ഉപയോഗിച്ച് പുനഃസൃഷ്ടിക്കാം എന്ന വാദത്തെ എങ്ങിനെയാണ് അംഗീകരിക്കാന്‍ സാധിക്കുക.വേണു ഒരാവേശത്തില്‍ ഇറങ്ങി തിരിച്ചു എന്നല്ലാതെ മാര്‍ക്‌സിസത്തെ പൂര്‍ണ്ണമായും ഗ്രഹിച്ച ഒരാളല്ല.

#ചികിത്സക്കായി വിദേശരാജ്യങ്ങളിലേക്ക് നിമിഷനേരം കൊണ്ട് പറക്കുന്ന നമ്മുടെ ഭരണ കര്‍ത്താക്കകള്‍ മറന്നുപോയ ഒരു പേരാണല്ലേ കാനുസന്യാല്‍.
രോഗം മൂര്‍ച്ചിച്ച് ഒറ്റ മുറി ചെറ്റക്കുടിലില്‍ കഴിയുമ്പോള്‍ ബംഗാള്‍ സര്‍ക്കാര്‍ എല്ലാവിധ സഹായങ്ങളും നല്‍കാം എന്ന് പറഞ്ഞ് വന്നപ്പോള്‍,  എന്റെ ജനതക്ക് ലഭ്യമല്ലാത്ത ഒരു ജീവിതസാഹചര്യവും എനിക്കാവശ്യമില്ല
എന്ന് പറഞ്ഞ കനുസന്യാല്‍ ഈ രാജ്യത്തിന്റെ യഥാര്‍ത്ഥ ജനാധിപത്യ ബോധത്തിന്റെ അവസാന ചിന്തയായിരുന്നോ​?  

ഇന്ത്യയില്‍ 85ശതമാനം സാധാരണ ജനതക്ക് ലഭ്യമായതേ എനിക്കും വേണ്ടു എന്ന് പറയുന്നതിനോട് യോജിപ്പില്ല.അത് ഒരു അതി വിനയമാണ്.ഇന്ന് എല്ലാ മുഖ്യധാര രാഷ്ട്രീയ പാര്‍ട്ടികളിലേക്കും ആളുകള്‍ വരുന്നത് അതിന്റെ ലാഭ സാധ്യത കൂടെ കണക്കാക്കിയാണ്.അത്തരത്തില്‍ ഒരു രാഷ്ട്രീയ ജീര്‍ണ്ണതയിലേക്കാണ് ഇന്ന് നമ്മള്‍ പോയിക്കൊണ്ടിരിക്കുന്നത്.എനിക്കെന്ത് കിട്ടും എന്ന ചോദ്യം ഇന്ന് എല്ലാ രാഷ്ട്രീയ പ്രവര്‍ത്തകരും ചോദിച്ചുകൊണ്ടേയിരിക്കുന്നു.കനു സന്യാലിന്റേതും മാര്‍ക്‌സിസ്റ്റ് എന്ന് പറഞ്ഞ് നടക്കുന്നവരുടെയും രണ്ടും രണ്ട് സമീപനങ്ങളും ലോക വീക്ഷണവുമാണ്.

#കുപ്പു ദേവര്ജും,അജിതയും പോലീസ് ആക്ഷനില്‍​ കൊല്ലപ്പെട്ട സാഹചര്യത്തില്‍ കേരളം അവര്‍ക്ക് വേണ്ടി ഭയപ്പെടാതെ സംസാരിച്ചിരുന്നു​.ഈ സാഹചര്യത്തെ എങ്ങിനെ കാണുന്നു.സംഘടനാപരമായി ഇതിനെ ഉപയോഗപ്പെടുത്താന്‍ കഴിഞ്ഞോ? 

വേണ്ടത്ര ആ സാഹചര്യത്തെ ഉപയോഗിക്കാന്‍ നക്‌സലൈറ്റ് മാവോയിസ്റ്റ് പ്രസ്ഥാനങ്ങള്‍ക്ക് സാധിച്ചിട്ടില്ല.അതിനൊരു കാരണം നിരന്തരമായ ഭരണകൂട വേട്ടയാണ്.അന്ന് കോഴിക്കോട് മോര്‍ച്ചറിയില്‍ വച്ച് എന്നെ അവര്‍ അറസ്റ്റ് ചെയ്തു.അതില്‍ പ്രതിഷേധിച്ച 67 ഓളം ആളുകളുടെ പേരില്‍ ഇന്ന് കേസുണ്ട്.പലരുടെ പേരിലും യു എ പി എയും ചുമത്തുകയുണ്ടായി.അതൊക്കെ വലിയ സിമ്പതിയുണ്ടാക്കാന്‍ ഇടയാക്കിയിരുന്നു.ആ സംഭവത്തിന് ശേഷം മാനന്തവാടിയില്‍ നടന്ന അനുസ്മരണത്തിന് വന്ന വലിയ ജനാവലി അതിശയിപ്പിക്കുന്നതായിരുന്നു.

#എന്താണ് കേരളത്തിലെ മാവോയിസ്‌റ് അജണ്ട?

നിലവില്‍ കേരളത്തിലുള്ള ഇടത്തുപക്ഷമെന്ന് അവകാശപ്പെടുന്ന സംഘടനകള്‍ക്ക് അതാവാന്‍ സാധിക്കാത്തിടത്താണ് ജനങ്ങള്‍ മറ്റ് രാഷ്ട്രീയ തിരഞ്ഞെടുപ്പുകള്‍ നടത്തുന്നത്.അവര്‍ക്ക് യഥാര്‍ത്ഥ ഇടതുപക്ഷമാകാന്‍ സാധിക്കാത്തതുകൊണ്ടാണ് നിരന്തരമായ രാഷ്ട്രീയ ആക്രമണങ്ങള്‍ നടത്തി ശ്രദ്ധ തിരിച്ചുവിടുന്നത്.
യഥാര്‍ത്ഥ ജനാധിപത്യത്തിനുവേണ്ടിയുള്ള മുന്നേറ്റം ഇവിടെ ഉണ്ടാവേണ്ടിയിരിക്കുന്നു.അതോടൊപ്പം ബുര്‍ഷ്വാ സാമ്പത്തിക അടിത്തറ തകര്‍ക്കുകയും ചെയ്യേണ്ടതുണ്ട്.അത്തരത്തില്‍ ഒരു സാമ്രാജ്യത്വ വിരുദ്ധ മുന്നേറ്റം ഉണ്ടായേതീരു.


#മാവോ മുന്നോട്ട് വച്ച സാംസ്‌കാരിക വിപ്ലവത്തെ എത്തരത്തില്‍ നിര്‍വചിക്കാം?  

സാംസ്‌കാരിക വിപ്ലവത്തെ മാവോതന്നെ പറയുന്നത് ഇതൊരു പരീക്ഷണമാണ് എന്നാണ്.ഇതുപോലെ പത്തോ അമ്പതോ വിപ്ലവങ്ങള്‍ നിങ്ങള്‍ക്ക് കമ്യുണിസത്തിലേക്ക് എത്താന്‍ വേണ്ടി വന്നേക്കാം എന്ന് കൂടെ മാവോ പറയുന്നുണ്ട്.ജനങ്ങളെ നായകരാക്കി അതിലൂടെ സ്വയം ഭരിക്കപെടുന്ന ജനത എന്നതാണ് സംസ്‌കരിക വിപ്ലവം.

#ഷൈനിയിലേക്കും രൂപേഷിലേക്കും വരാം. ഷൈനി ജയില്‍മോചിതയായിരിക്കുന്നു. രൂപേഷ് ഇപ്പോഴും ജയിലിലാണ്,അതുമായി ബന്ധപ്പെട്ടുള്ള കോടതിനടപടികള്‍ എവിടെവരെയായി?  

ഷൈനിക്ക് മിക്കവാറും എല്ലാത്തിനും ജാമ്യം കിട്ടി.കേരളത്തില്‍ ഉണ്ടായിരുന്ന കേസുകള്‍ എല്ലാം കഴിഞ്ഞു.പക്ഷേ, രൂപേഷിന് അത്ര എളുപ്പത്തില്‍ ജാമ്യം  കിട്ടില്ല.കാരണം 40ഓളം കേസുകള്‍ ഉണ്ട് അദ്ദേഹത്തിന്.

#രൂപേഷിന്റെയും ഷൈനിയുടെയും മകളായ ആമി പലപ്പോഴായി പോലീസിന്റെ ക്രൂര വിനോദങ്ങള്‍ക്ക് ഇരയായിട്ടുണ്ടല്ലോ. എന്നാണ് വ്യത്യസ്ത ആശയമുള്ളവരെക്കൂടി ഭരണകൂടത്തിന് ഉള്‍കൊള്ളാന്‍ സാധ്യമാവുക?

ഇപ്പോഴത്തെ ഭരണകൂടത്തിന് സാധ്യമല്ല.ഇവിടെയൊരു ഭരണഘടന ഉണ്ട് എന്ന് പറയുകയല്ലാതെ ഭരണഘടന ലംഘിക്കുന്നവരെ ആരെയെങ്കിലും ശിക്ഷിച്ചിട്ടുണ്ടോ!
ഇവരെപോലെയുള്ള ചെറുപ്പക്കാരെ പേടിപ്പിച്ച് നിരാശരാക്കി നിര്‍ത്താം എന്ന് പോലീസ് കരുതുന്നുണ്ടാകണം.അതിലൂടെ ഇങ്ങനെ വരുന്നവര്‍ക്കുള്ള ഒരു ഗതി ഇതാണെന്നുള്ള മെസ്സേജ് സമൂഹത്തിന് കൊടുക്കുന്നതുമാവാം.അതൊക്കെ എത്രകണ്ട് ഫലവത്തായി എന്നത് നമ്മള്‍ കണ്ടറിയേണ്ടതാണ്.അജിതയൊക്കെ ഇത് ഏറെ അനുഭവിച്ചവരാണ്.ഇതിനെയെല്ലാം അതിജീവിച്ച് പ്രസ്ഥാനം മുന്നോട്ട് തന്നെ പോകും.

#ഗറില്ലാ യുദ്ധ മുറകള്‍ യഥാര്‍ത്ഥത്തില്‍ മനുഷ്യ വിരുദ്ധമല്ലേ?   

പോരാട്ടത്തിന് അങ്ങനെയൊരു പരുപാടിയില്ല. പോരാട്ടം എന്ന സംഘടനയുടെ അധ്യക്ഷനാണ് ഞാന്‍.മാവോയിസ്റ്റ് പാര്‍ട്ടികള്‍ക്കാണ് ആ രീതി ഉള്ളത്.ശത്രു വളരെ ശക്തനാവുന്ന സമയത്ത് അടിച്ചമര്‍ത്തപെട്ട ജനതക്ക് അവനെ നേരിടാന്‍ ഇത്തരം ഒളിയുദ്ധങ്ങളല്ലാതെ മറ്റ് മാര്‍ഗങ്ങള്‍ ഇല്ല.
യഥാര്‍ഥ മനുഷ്യത്വം നശിക്കുന്ന സമയത്ത് മറ്റ് മര്‍ഗ്ഗങ്ങളില്ലാതെയാണ് ഇത്തരത്തിലേക്ക് പോകേണ്ടിവരുന്നത്.

#ഇന്ത്യന്‍ ജാതി വ്യവസ്ഥയുടെ ഉച്ചനീചത്വങ്ങളാണ് ഒരു ജനവിഭാഗത്തെ എളുപ്പത്തില്‍ സായുധ കലാപങ്ങള്‍ക്ക് തയ്യാറാക്കിയത് എന്ന പ്രസ്താവന ശരിയാണോ?

അതൊരു ഘടകമാണ്.ഇവിടുത്തെ എഴുപത് കൊല്ലത്തെ ഭരണത്തിന്റെ ആകെ തുക ഇവിടുത്തെ ജനങ്ങള്‍ക്ക് ജനാധിപത്യം ഇല്ലാതാക്കി എന്നതാണ്.തോക്കുകൊണ്ടും ലാത്തികൊണ്ടും അവര്‍ ഭീകര നിയമങ്ങളുണ്ടാക്കി ഭരിച്ചുകൊണ്ടേയിരിക്കുന്നു.ജീവിച്ച് പോവാന്‍ മാര്‍ഗങ്ങള്‍ ഇല്ലാത്ത ഈ അവസ്ഥയില്‍ വിപ്ലവത്തിലേക്ക് അവര്‍ തിരിയും.ജാതി മതിലുകള്‍ ഉണ്ടാകുന്ന കാലത്ത് വിപ്ലവമാണ് ശരിയെന്ന് അവര്‍ തിരിച്ചറിയും.ജാതീയമായി ജനങ്ങളെ വിഭജിച്ച് നിര്‍ത്തി ഭരിക്കുന്ന സംബ്രതായം പൂര്‍ണ്ണമായി അവസാനിപ്പിച്ചല്‍ മാത്രമേ നല്ലൊരു സമൂഹം ഉരുവാക്കപ്പെടുകയോള്ളൂ.ദളിതനായ ഒരു ആര്‍ ഡി ഒ ഓഫീസര്‍ റിട്ടേഡ് ആയ പോസ്റ്റിലേക്ക് വന്ന പുതിയ ആള്‍ മുന്‍പത്തെ ആര്‍ ഡി ഒ ഇരുന്ന കസേര ചാണകവെള്ളം തളിച്ച് ശുദ്ധിയാക്കിയിട്ടാണ് പിന്നീട് ഇരുന്നത്.ഇതൊക്കെയാണ് നമ്മുടെ നാട്.ഇതിനൊക്കെ ഒരു മാറ്റം വരേണ്ടതുണ്ട്.

#വയല്‍ക്കിളി സമരം മാവോയിസ്റ്റുകള്‍ ഹൈജാക്ക് ചെയ്തിരിക്കുന്നു എന്നും, നിങ്ങളുടെ നിയന്ത്രണത്തിലാണ് സമരം  എന്നൊക്കെയുള്ള ആരോപങ്ങളെ എങ്ങിനെ കാണുന്നു?

ജനകീയ സമരങ്ങളെ ഭരണകൂടം എക്കാലത്തും ഇല്ലാതാക്കാന്‍ സ്വീകരിക്കുന്ന എളുപ്പവഴിയാണ് മാവോയിസ്റ്റ് ബന്ധം എന്ന ആരോപണം.വയല്‍ക്കിളി സമരത്തിന് പിന്തുണ പ്രഖ്യാപിച്ചു എന്നതിനപ്പുറത്ത് ഒരു തരത്തിലും മറ്റിടപെടല്‍ ഞങ്ങള്‍ നടത്തിയിട്ടില്ല.അത്തരമൊരു സമരം ഹൈജാക്ക് ചെയ്യേണ്ട ആവശ്യവും ഞങ്ങള്‍ക്കില്ല.

#'തെരുവിലൊരനീതിയുണ്ടായാല്‍ വൈകുന്നതിന് മുന്‍പ് അവിടെയൊരു കാലപമുണ്ടാകണം.ഇല്ലങ്കില്‍ ആ തെരുവ് കത്തിച്ചാമ്പലവുകയാണ് നല്ലത്'.
ഈ മുദ്രാവാക്ക്യം മുന്നോട്ട് വെക്കുന്ന രാഷ്ട്രീയ ബോധ്യം ഇന്നത്തെ യുവാക്കളില്‍ സാധ്യമാണോ?

വരും, ഇന്നല്ലെങ്കില്‍ നാളെയത് സാധ്യമാകും.എണ്‍പതുകളിലെ സാംസ്‌കാരിക വിപ്ലവത്തിലൂടെ യുവാക്കള്‍ മുഴുവന്‍ നക്‌സലെറ്റ് പ്രസ്ഥാനത്തിന്റെ ഭാഗമായത് നമ്മള്‍ കണ്ടതാണല്ലോ.

#കേവലം വാട്‌സ് ആപ്പ് കൊണ്ട് ഒരു സംസ്ഥാനത്തെ മുഴുവന്‍ നിശ്ചമാക്കി അക്രമങ്ങള്‍ നടത്തിയ മറ്റൊരു സംസ്ഥാനവും ഇന്ത്യയില്‍ ഇല്ല.ഇത്തരത്തില്‍
മതത്തെ നൂതനമായ എല്ലാ വഴികളും ഉപയോഗിച്ച് വീണ്ടും വീണ്ടും പ്രാകൃതമായി പ്രചരിപ്പിച്ചുകൊണ്ടേയിരിക്കുന്ന ഒരു വലിയ സമൂഹത്തില്‍ നിന്ന് ജനാധിപത്യം നേരിടുന്ന വെല്ലുവിളികള്‍ എന്തൊക്കെയാണ്?

സയന്‍സ് ഉപയോഗിച്ച് കൃഷിചെയ്യുന്നവരും ബോമ്പുണ്ടാക്കുന്നവരും ഉണ്ട്.ഇത്തരം സാങ്കേതിക വിദ്ധ്യകള്‍ മനുഷ്യനെ കൂടുതല്‍ നവീകരിക്കുകയാണ് യഥാര്‍ത്ഥത്തില്‍ ചെയ്യുന്നത് എന്നിരുന്നാലും.മതത്തിന്റെയും ജാതിയുടെയും പേരില്‍ ഇതിനെയൊക്കെ വല്ലാതെ ഇന്ന് ദുരുപയോഗം ചെയ്യുന്നുമുണ്ട്.രാഷ്ട്രീയം അകന്നുകൊണ്ടിരിക്കുന്ന ഒരു സമൂഹമായി ഇവിടെ മാറുമ്പോഴാണ് മതങ്ങള്‍ സജീവമാകുന്നത്.കോണ്‍ഗ്രസ്സുകാര്‍ പോലും സോഷ്യലിസം പറഞ്ഞ ഒരു കാലമുണ്ടായിരുന്നു.ഇന്ന് അത്തരം രാഷ്ട്രീയ സമീപനങ്ങളെ ഇല്ലാതായി.

ഹിന്ദുഭൂരിപക്ഷത്തിന്റെ സവര്‍ണ്ണ വര്‍ഗ്ഗീയത സജീവമാക്കി നിര്‍ത്തി ജനങ്ങളെ വിഭജിക്കാനും അടിച്ചമര്‍ത്താനും ശ്രമിക്കുമ്പോള്‍ മറ്റ് മതങ്ങളും ഇത്തരം രീതികള്‍ അവലംബിച്ച് അവരും സജീവമാകുന്നു, ഇതാണ് സംഭവിക്കുന്നത്.

#ആവിഷ്‌ക്കാര സ്വാതന്ത്ര്യത്തിന്റെ പരിധി വര്‍ഗീയ ഫാസിസ്റ്റ് സംഘടനകള്‍ക്ക് നിയന്ത്രിക്കാനും,തീരുമാനിക്കാനും കഴിഞ്ഞാല്‍ ആ സമൂഹത്തില്‍ ഏത് തരത്തിലുള്ള പരിവര്‍ത്തനമാണ് നടക്കുക?

അങ്ങേയറ്റം അപകടമാണ് അത്തരത്തിലൊരു പോക്ക്. പക്ഷെ ഒരുപാട് കാലം അങ്ങനെ പോകാന്‍ ഒരു സമൂഹത്തിനും കഴിയില്ല.കാരണം ജനങ്ങള്‍ക്ക് നന്മയും പുരോഗതിയുമാണ് വേണ്ടത്.പുതിയ ആശയങ്ങളും പുതിയ ചിന്തകളും തീര്‍ച്ചയായും ഉയര്‍ന്നുവരും.

മീശ എന്ന നോവലിനെ മുന്‍നിര്‍ത്തി സംഘപരിവാര്‍ ചെയ്യുന്നത് എന്ത് അസംബന്ധമാണ്.അതിനെ ചെറുക്കാനുള്ള വാദം പോലും പലപ്പോഴും ദുര്‍ബലമായും പോകുന്നു.ഓരോ ചെറിയ കാര്യങ്ങളെയും വര്‍ഗീയവല്‍ക്കരിച്ച് ചര്‍ച്ചയുണ്ടാക്കുക എന്നത് സംഘപരിവാറിന്റെ എക്കാലത്തെയും അജണ്ടയാണ്.കഥാപാത്രങ്ങളെ നോക്കിയല്ല നോവലിന്റെ ആകെ പോക്ക് നോക്കിയാണ് ഒരു നോവലിസ്റ്റിനെയും കഥയെയും ഒക്കെതന്നെ നമ്മള്‍ വിലയിരുത്തേണ്ടത്.നവോഥാന പ്രസ്ഥാനങ്ങള്‍ നിന്നുപോവുകയും പിന്നീട് വന്ന ഇടതുപക്ഷ പ്രസ്ഥാങ്ങള്‍ വെറും കാപട്യമായി മാറുകയും ചെയ്തതോടെയാണ് ഇത്തരം വര്‍ഗീയവാദികള്‍ക്ക് കേരളത്തില്‍ യഥേഷ്ടം ഇടപെടാന്‍ സാധിക്കുന്നത്.എല്ലാര്‍ക്കും വേണ്ടത് വോട്ടാണ് അതാണ് പ്രധാന പ്രശ്നം. മതേതര സംഘടന എന്ന് സ്വയം പറയുന്നവര്‍ പോലും വിഷയത്തിന്റെ കാമ്പിലേക്ക് പോകാന്‍ തയ്യാറാകുന്നില്ല.ശബരിമല വിഷയത്തിലും ഇത്തരം പുരോഗമന സംഘടനകളുടെ ആവിഷ്‌ക്കാര സ്വാതന്ത്ര്യം നമ്മള്‍ കണ്ടതാണ്.

എന്തെഴുതണം എന്നും എന്ത് കഴിക്കണം, എന്നുമുള്ളത് അവനവന്റെ അവകാശമാണ്.ഗുണ്ടായിസമാണ് ഇവിടെ നടക്കുന്നത് രാഷ്ട്രീയ പ്രവര്‍ത്തനമല്ല.ഇതിനെതിരെ ഡിവൈഎഫ്‌ഐ പോലുള്ള യുവജന സംഘടനകള്‍ പോലും ഒരക്ഷരം മിണ്ടുന്നില്ല എന്നത് വലിയ വിഷയമാണ്.ആരെയാണിവര്‍ ഭയപ്പെടുന്നത്!!