യുണൈറ്റഡ് നേഷന്‍സ് യൂണിവേഴ്സിറ്റി ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ വാട്ടര്‍ എന്‍വയേണ്‍മെന്റ് ആന്‍ഡ് ഹെല്‍ത്ത് 'പഴക്കമേറുന്ന ജലസംഭരണികള്‍: ഉയര്‍ന്നുവരുന്ന ഭീഷണി'എന്ന  റിപ്പോര്‍ട്ടിന്റെ പശ്ചാത്തലത്തില്‍ ദീര്‍ഘകാലത്തിന് ശേഷം മുല്ലപ്പെരിയാര്‍ വീണ്ടും ചര്‍ച്ചയായിരിക്കുകയാണ്. ഡികമ്മിഷന്‍ മുല്ലപ്പെരിയാര്‍ എന്ന ഹാഷ്ടാഗില്‍ സാമൂഹിക മാധ്യമങ്ങളില്‍ കാമ്പെയ്ന്‍ ആരംഭിച്ചു കഴിഞ്ഞു. മുല്ലപ്പെരിയാര്‍ അണക്കെട്ട് ദുരന്തത്തില്‍നിന്ന് കേരളത്തെ രക്ഷിക്കാനാവശ്യപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് സേവ് കേരള ബ്രിഗേഡ് പ്രസിഡന്റ് അഡ്വ. റസ്സല്‍ ജോയ് സമര്‍പ്പിക്കുന്ന നിവേദനത്തിലേക്കായുളള ഒപ്പുശേഖരണവും നടക്കുന്നുണ്ട്. ഈ ലേഖനം എഴുതുന്നത് വരെ 7,52,335 പേര്‍ നിവേദനത്തില്‍ ഒപ്പുവെച്ചുകഴിഞ്ഞു. അണക്കെട്ട് തകരുകയാണെങ്കില്‍ അത് 35ലക്ഷം പേരുടെ ജീവനും സ്വത്തിനും ഭീഷണിയാകുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. 

കോതമംഗലം സ്വദേശി ഡോ. ജോ ജോസഫ്, സുരക്ഷാ പബ്ലിക് ചാരിറ്റബിള്‍ ട്രസ്റ്റ് എന്നിവരുടെ ഹര്‍ജികള്‍ തിങ്കളാഴ്ച പരിഗണിച്ച സുപ്രീം കോടതി മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് ആശങ്കയുണ്ടാക്കുന്നതായി നിരീക്ഷിച്ചിരുന്നു. അണക്കെട്ടിലെ ജലനിരപ്പ് ഉയര്‍ന്നെന്നും 50 ലക്ഷം പേരുടെ ജീവന്‍ അപകടത്തിലാണെന്നും ഹര്‍ജിക്കാര്‍ക്കുവേണ്ടി അഡ്വ. വില്‍സ് മാത്യൂസ് ചൂണ്ടിക്കാട്ടിയിരുന്നു.കേസ് ബുധനാഴ്ച വീണ്ടും പരിഗണിക്കുമ്പോള്‍ കക്ഷികളുടെ ആശങ്കയും അപകടസാധ്യതയും കണക്കിലെടുത്ത് മേല്‍നോട്ടസമിതി തീരുമാനം അറിയിക്കണമെന്നാണ് ജസ്റ്റിസുമാരായ എ.എം. ഖാന്‍വില്‍ക്കര്‍, സി.ടി. രവികുമാര്‍ എന്നിവരുടെ ബെഞ്ച് നിര്‍ദേശിച്ചിരിക്കുന്നത്. ഈ പശ്ചാത്തലത്തില്‍ കേരളം നേരിടുന്ന നിലവിലെ പ്രതിസന്ധിക്ക് പരിഹാരമായി ചില പരിഹാരങ്ങള്‍ മുന്നോട്ടുവെക്കുകയാണ് പളളിവാസല്‍ പദ്ധതിയുടെ മുന്‍ പ്രൊജക്ട് മാനേജര്‍ ജേക്കബ് ജോസ് മുതിരേന്തിക്കല്‍.. 

മുല്ലപ്പെരിയാര്‍ അണക്കെട്ടുമായി ബന്ധപ്പെട്ടുളള ചര്‍ച്ചകള്‍ കേരളത്തില്‍ വീണ്ടും സജീവമായിരിക്കുകയാണ്. കാനഡ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന യുണൈറ്റഡ് നേഷന്‍സ് യൂണിവേഴ്സിറ്റി ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ വാട്ടര്‍ എന്‍വയേണ്‍മെന്റ് ആന്‍ഡ് ഹെല്‍ത്ത് റിപ്പോര്‍ട്ടില്‍ മുല്ലപ്പെരിയാര്‍ ഉള്‍പ്പടെ ലോകത്തെ ആറു അണക്കെട്ടുകള്‍ക്ക് ബലക്ഷയമുണ്ടെന്ന് പരാമര്‍ശമുണ്ട്. എന്നാല്‍ മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ പ്രശ്നങ്ങളില്ലെന്നും അനാവശ്യ ഭീതി പരത്തുന്നവര്‍ക്കെതിരേ നടപടി എടുക്കുമെന്നുമാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ കഴിഞ്ഞ ദിവസം അറിയിച്ചത്. 

മുല്ലപ്പെരിയാര്‍ അണക്കെട്ട് 126 വര്‍ഷം പിന്നിട്ടിരിക്കുകയാണ്. കാലപ്പഴക്കത്തിന്റേതായ ബലക്ഷയം തീര്‍ച്ചയായും മുല്ലപ്പെരിയാര്‍ അണക്കെട്ടിനുണ്ട്. സിമന്റോ കോണ്‍ക്രീറ്റോ അല്ലല്ലോ മുല്ലപ്പെരിയാര്‍ നിര്‍മാണത്തിനായി ഉപയോഗിച്ചിരിക്കുന്നത്. അതിനാല്‍ ഈ ബലക്ഷയം ചര്‍ച്ച ചെയ്യേണ്ട വിഷയം പോലുമല്ല. ബലം പോയതുതന്നെയാണ്. അതിന്റെ ആയുസ്സും അറ്റതാണ്. ഡികമ്മിഷന്‍ ചെയ്യണം എന്നു പറഞ്ഞാല്‍ മുല്ലപ്പെരിയാര്‍ ഇല്ലാതാക്കാന്‍ സാധിക്കില്ല. കാരണം മുല്ലപ്പെരിയാറിലെ വെളളം ഉപയോഗിച്ച് തമിഴ്‌നാട്ടില്‍ ലക്ഷണക്കണക്കിന് ഏക്കറില്‍ കൃഷി ചെയ്യുന്നുണ്ട്. ആ വെളളം കേരളത്തിന് കിട്ടയതുകൊണ്ട് അക്കാര്യങ്ങളൊന്നും ചെയ്യാന്‍ സാധിക്കില്ല. മുല്ലപ്പെരിയാറിലെ ജലം രാഷ്ട്രത്തിന് ഉപകാരപ്രദമായ രീതിയില്‍ ഉപയോഗിക്കുകയാണ്. അതുകൊണ്ട് മുല്ലപ്പെരിയാരിലെ ഇപ്പോഴുളള ഡാമിന്റെ സ്ഥാനത്ത് പുതിയ ഡാം പണിയാന്‍ സാധിക്കുമോ അല്ലെങ്കില്‍ മറ്റെന്തെങ്കിലും മാര്‍ഗങ്ങളുണ്ടോ എന്ന് പരിശോധിക്കേണ്ടത് രണ്ട് സര്‍ക്കാരുകളുമാണ്. 

ഉടനെ എടുക്കാവുന്ന നടപടി ഡാമിന് മേലുളള ലോഡ് കുറയ്ക്കുക എന്നതാണ്‌. തമിഴ്‌നാടിന്റെ ഭാഗത്ത് മുല്ലപ്പെരിയാര്‍ ഡാമിലെ വെളളം കൊണ്ടുപോയി സംഭരിക്കുന്ന ഡാമുകളുടെ സംഭരണശേഷി വര്‍ധിപ്പിച്ചാല്‍ ഇവിടെ കൂടുതല്‍ വെളളം തടഞ്ഞുനിര്‍ത്തുന്ന അവസ്ഥ ഒഴിവാക്കാന്‍ സാധിക്കും. തമിഴ്‌നാടും കേരളവും തമ്മില്‍ മുല്ലപ്പെരിയാറിന്റെ കാര്യത്തില്‍ നിലനില്‍ക്കുന്ന അഭിപ്രായ വ്യത്യാസം പരിഹരിക്കാന്‍ സാധിക്കുന്ന മാര്‍ഗമാണിത്. 

മുല്ലപ്പെരിയാര്‍ അണക്കെട്ട് വിഷയത്തില്‍ എന്തു പ്രതിവിധിയാണ് ഇനി മുന്നിലുളളത്? 

പുതിയ ഡാമിന് അനുമതി ലഭിക്കുകയാണെങ്കില്‍ തന്നെ പണിപൂര്‍ത്തിയാകാന്‍ 5-8 കൊല്ലം എടുക്കും എന്നുളളത് സംശയമില്ലാത്ത കാര്യമാണ്. ഞാന്‍ നേരത്തേ പറഞ്ഞതുപോലെ മുല്ലപ്പെരിയാറിലെ ജലസംഭരണം താഴ്ത്തിപ്പിടിച്ച് ജലം തമിഴ്‌നാട് ഭാഗത്തുളള ഡാമുകളില്‍ കൊണ്ടുപോയി സംഭരിക്കാനുളള നടപടികളാണ് ആദ്യം സ്വീകരിക്കേണ്ടത്. അതിനു വൈഗപോലുളള അവിടെയുളള അണക്കെട്ടുകളുടെ സംഭരണശേഷി വര്‍ധിപ്പിക്കണം. 

പിന്നെയുളള നിര്‍ദേശം അത് ബുദ്ധിമുട്ടുളളതാണെന്ന് തോന്നും. എങ്കിലും ഇതാണ് രണ്ടാമതായി നടപ്പാക്കാന്‍ സാധിക്കുന്നത്. പുതിയ ഡാം പണിയുന്നത് വലിയ ബുദ്ധിമുട്ടാണെന്ന് പറഞ്ഞു കഴിഞ്ഞു. ഫോറസ്റ്റ് ക്ലിയറന്‍സ് അടക്കമുളള കാര്യങ്ങളുണ്ട്, അന്തര്‍ സംസ്ഥാന, കേന്ദ്ര സര്‍ക്കാര്‍ ഇടപെട്ട വിഷയമാണ്, അതുകൊണ്ട് ചെയ്യാവുന്നത് മുല്ലപ്പെരിയാറില്‍ ഏതു ഭാഗത്തുനിന്നാണോ വെളളം  കൊണ്ടുപോകുന്നത് അതിനേക്കാള്‍ താഴ്ത്തി ഒരു ഇന്‍ടേക്ക് സ്ഥാപിച്ച്, ടണല്‍ അടക്കം അടിച്ച് ഡാമില്‍നിന്ന് പരമാവധി വെളളം തമിഴ്‌നാട്ടിലേക്ക് കൊണ്ടുപോകാന്‍ സാധിക്കണം. തമിഴ്‌നാട് മുല്ലപ്പെരിയാര്‍ റിസര്‍വോയറില്‍നിന്ന് അവരുടെ ഭാഗത്തേക്ക് വെള്ളം എടുത്തുകൊണ്ടുപോകുന്ന പോയിന്റിനെയാണ് ഇന്‍ടേക്ക് എന്ന് പറയുന്നത്. ആ ഇന്‍ടേക്ക് സ്ട്രക്ചറും അതിനോടുചേര്‍ന്നുളള ടണലും മറ്റൊരു ഇന്‍ടേക്കും ടണലും വേണമെങ്കില്‍ പണിതു കൊണ്ടുതന്നെ ജലനിരപ്പ്‌ താഴ്ത്തി കൊടുക്കുകയാണെങ്കില്‍ മുല്ലപ്പെരിയാറില്‍ നിലവിലുളളതിന്റെ 75 ശതമാനം വെളളവും അവര്‍ക്ക് കൊണ്ടുപോകാന്‍ സാധിക്കും. അങ്ങനെ ആകുമ്പോള്‍  അണക്കെട്ട് എന്നതില്‍നിന്ന് തടയണ (barrage) യായി മാറ്റുക എന്നുളളതാണ് അവര്‍ക്കും നമുക്കും കുഴപ്പമില്ലാത്ത രീതിയില്‍ പരിഹരിക്കാവുന്ന പ്രായോഗികമായ മാര്‍ഗം. പുതിയൊരു ഇന്‍ടേക്ക് സ്ഥാപിച്ച് അണക്കെട്ടിനെ ഡൗണ്‍ഗ്രേഡ് ചെയ്താല്‍ തമിഴ്‌നാടിന് വെളളം കിട്ടുകയും ചെയ്യുകയും നമുക്ക് അപകടസാധ്യത ഒഴിവാക്കുകയും ചെയ്യാം. പുതിയ ഡാം എന്നുളളത്  ഇപ്പോഴത്തെ സാഹചര്യത്തില്‍ അസാധ്യമായ കാര്യമാണ്.  

പുതിയ ഡാമിന് അനുമതികിട്ടുകയാണെങ്കില്‍ പോലും ഇപ്പോള്‍ നിലവിലുളള ഡാമിനേക്കാള്‍ കരുത്തുളള ഒരു ഡാം നിര്‍മിക്കാന്‍ നമുക്ക് സാധിക്കില്ല. 69-ല്‍ പണിതുടങ്ങി 76 ല്‍ പണി തീര്‍ത്ത ഇടുക്കി പദ്ധതിയുടെ ഇത്രയും ബൃഹത്തായ സിവില്‍ സ്ട്രക്ചര്‍ പണിതത് കേരളത്തിലെ എന്‍ജിനീയര്‍മാരല്ലേ എന്ന് നിങ്ങള്‍ ചോദിച്ചേക്കാം. കനേഡിയന്‍ എന്‍ജിനീയര്‍മാരുടെ മേല്‍നോട്ടത്തിലാണ് അത് പണിയിച്ചിട്ടുളളത്. കേരളത്തിലുളള എന്‍ജിനീയര്‍മാരാണ് അത് നോക്കുന്നതെങ്കില്‍ പത്തു ചാക്ക് സിമന്റ് വീഴേണ്ടിടത്ത് ഏഴേ വീഴുകയുളളൂ. അതാണ് കുഴപ്പം. ആ രീതിയില്‍ അടിമുടി വര്‍ക്ക് കള്‍ച്ചര്‍ നശിച്ചിരിക്കുകയാണ്. അതുകൊണ്ട് അവിടെ ഒരു പുതിയ ഡാം പണിയുകയാണെങ്കില്‍ കേരളത്തിലെ എന്‍ജിനീയര്‍മാര്‍ക്ക് അത് ഡിസൈന്‍ ചെയ്ത് വേണ്ട രീതിയില്‍ പണിയാനുളള ശേഷിയോ ജോലി സംസ്‌കാരമോ ഇല്ല. 

മുല്ലപ്പെരിയാര്‍ ഡാം നിലകൊളളുന്നത് ഭൂചലന സാധ്യതമേഖലയിലാണ്. നേരത്തേയുണ്ടായ ഭൂചലനങ്ങളില്‍ ഡാമില്‍ വിളളലുണ്ടായിട്ടുമുണ്ട്. റിക്ടര്‍ സ്‌കെയിലില്‍ 6.5 തീവ്രത രേഖപ്പെടുത്തുന്ന ഭൂചലമുണ്ടാകുകയാണെങ്കില്‍ മുല്ലപ്പെരിയാറിന് അതിജീവിക്കാനാകില്ലെന്ന് റൂര്‍ക്കി ഐ.ഐ.ടിയുടെ പഠനമുണ്ടായിരുന്നു.

ജേക്കബ് ജോസ് മുതിരേന്തിക്കല്‍
ജേക്കബ് ജോസ്
മുതിരേന്തിക്കല്‍

ഈ ഭാഗത്ത് നേരത്തേ ചെറിയ ഭൂചലനങ്ങള്‍ ഉണ്ടായിട്ടുണ്ട്. അതെല്ലാം പ്രതിരോധിച്ചു എന്നാണ്  മനസ്സിലാക്കുന്നത്. പക്ഷേ, ഭൂകമ്പം ഉണ്ടായിക്കഴിഞ്ഞാല്‍ മുല്ലപ്പെരിയാര്‍ ഡാം തകര്‍ന്നുപോകും. അക്കാര്യത്തില്‍ യാതൊരു സംശയവുമില്ല. ഭൂകമ്പ പ്രതിരോധശേഷിയുളള സിവില്‍ കണ്‍സ്ട്രക്ഷന്‍ മെത്തേഡുകള്‍ ഇത് പണിത 126 കൊല്ലം മുമ്പ് അന്ന് ലഭ്യമായിരുന്നില്ല. ആ രീതിയിലല്ല ഇത് പണിതിരിക്കുന്നത്. ഒരു സംശയവും വേണ്ട. ഭൂകമ്പമുണ്ടായാല്‍ മുല്ലപ്പെരിയാര്‍ ഡാം തകരും. പക്ഷേ ഇടുക്കിഡാം ഉള്‍പ്പടെയുളളവ അതിനെ പ്രതിരോധിക്കുകയും ചെയ്യും. 

പുതിയ ഡാം എന്ന ആവശ്യം എത്രത്തോളം പ്രാവര്‍ത്തികമാണ്?

ഇത് വികാരപരമായി സമീപിക്കേണ്ട വിഷയമല്ല. വിവേകത്തോടെ സമീപിക്കേണ്ട വിഷയമാണ്. പുതിയ ഡാം പണിയിക്കുകയാണെങ്കില്‍, ആ ജോലി കേരളത്തിലെ സിവില്‍ എന്‍ജിനീയര്‍മാരെ ഏല്‍പ്പിച്ചുകഴിഞ്ഞാല്‍ ഇപ്പോഴുളള ഡാമിനേക്കാള്‍ ബലം കുറഞ്ഞ ഡാം പണിയാന്‍ മാത്രമേ കേരളത്തിലെ നിലവിലെ സിവില്‍ എന്‍ജിനീയറിങ് സംസ്‌കാരം വെച്ചുനോക്കുമ്പോള്‍ സാധിക്കുകയുളളൂ. അടുത്തകാലത്തായി കേരളത്തില്‍ നടന്ന പ്രധാനപ്പെട്ട സിവില്‍ കണ്‍സ്ട്രക്ഷന്‍സ് എല്ലാം ടോട്ടല്‍ ഫ്‌ളോപ്പ്‌ഷോ ആയി മാറിയിരിക്കുകയാണ്. നമ്മുടെ കണ്‍മുന്നില്‍ തന്നെ അതിന് ഉദാഹരണമുണ്ട്, അല്ലാതെ കാടടച്ച് വെടിവെക്കുകയല്ല. 

പുതിയ ഡാമുമായി മുന്നോട്ടുപോവുകയാണെങ്കില്‍ കേരളത്തില്‍ പി.ഡബ്ല്യു.ഡിയെയോ ഇറിഗേഷന്‍ വകുപ്പിനെയോ ഏല്‍പ്പിച്ചാല്‍ അത് സമയബന്ധിതമായി, സുരക്ഷിതമായി, ബജറ്റിനുളളില്‍ പണിതീര്‍ക്കില്ല. എന്നുമാത്രമല്ല, അതിന് ഉദ്ദേശിച്ച ബലം കിട്ടുകയുമില്ല. അതുകൊണ്ടുതന്നെ ഫലം ഉണ്ടാവുകയുമില്ല. പാലാവരിട്ടം പാലം മുതല്‍ കോഴിക്കോട് നിലവിലുളള രാമനാട്ടുകര-വെങ്ങളം ബൈപ്പാസ് വരെ അതിന് ഉദാഹരണങ്ങളാണ്. കേരളത്തില്‍ മൂവാറ്റുപുഴ, കാരാപ്പുഴ... ഇങ്ങനെ എത്ര ജലസേചന പദ്ധതികളാണ് ഉളളത്. 50 കൊല്ലമായിട്ടും തീര്‍ന്നിട്ടില്ല, ഇനീഷ്യല്‍ ബജ്ഡറ്റിന്റെ നൂറു മടങ്ങുവരെ ബജറ്റില്‍ പോയിരിക്കുകയാണ്. എന്നിട്ടും തീര്‍ന്നിട്ടില്ല. 

Mullaperiyar

മുല്ലപ്പെരിയാറിലെ ജലനിരപ്പ് ആശങ്കയുണ്ടാക്കുന്നതാണെന്ന് കഴിഞ്ഞ ദിവസം സുപ്രീം കോടതി നിരീക്ഷിച്ചിരുന്നു. മുല്ലപ്പെരിയാര്‍ അണക്കെട്ട് തകരുകയാണെങ്കില്‍ 35 ലക്ഷം ജനങ്ങളുടെ ജീവനും സ്വത്തിനും ഭീഷണി ഉയരുമെന്നാണ് റിപ്പോര്‍ട്ടുകള്‍. പക്ഷേ, നേരത്തേ പലപ്പോഴും തമിഴ്‌നാടിന് അനുകൂലമായിട്ടാണ് സുപ്രീം കോടതി ഉത്തരവുകള്‍ വന്നിട്ടുളളത് ?

30-35 ലക്ഷം പേരുടെ ജീവനും സ്വത്തിനും ഹാനിയുണ്ടാകും, മൂന്നോ നാലോ ജില്ലകള്‍ തകരും എന്ന് പറയുന്നത് വെറും തെറ്റായ പ്രചരണം ആണ്. മുല്ലപ്പെരിയാര്‍ തകരുകയാണെങ്കില്‍ അതിനേക്കാള്‍ അനേക മടങ്ങ് ശേഷിയുളള ഇടുക്കി റിസര്‍വോയറില്‍ വന്ന് അത് ശാന്തമായി ലയിച്ചുചേരുകയുളളൂ. കുളമാവ്, ചെറുതോണി, ഇടുക്കി എന്നിങ്ങനെയുളള ഡാമുകളില്‍ ഒരു ലോഡ് പോലും വരുത്താനുളള ശേഷി മുല്ലപ്പെരിയാറിനില്ല. 22 കിലോ മീറ്ററിനിടയില്‍ പരമാവധി 5,000 പേരുടെ ജീവന് ഭീഷണി ഉണ്ടാകും. നിലവില്‍ അവിടെ ഒരു ദുരന്ത നിവാരണ യൂണിറ്റിന്റെ ആക്ഷന്‍ പ്ലാന്‍ ഉണ്ട്. പിന്നെ മൊബൈല്‍ ഫോണ്‍ നമ്മുടെ കൈയിലുളളതുകൊണ്ട് ഡാം പൊട്ടുകയാണെങ്കില്‍ തന്നെ കരയിലുളളവര്‍ക്ക് വിവരം പരസ്പരം കൈമാറാൻ കഴിയും. 22 കിലോ മീറ്റര്‍ ദൂരത്തോളം പെരിയാറിന്റെ തീരത്ത് സ്വത്ത് നഷ്ടവുമുണ്ടാകാം.  

പിന്നെ, വിവിധ ട്രൈബ്യൂണലുകളുടെയും അതുപോലെ കോടതി വിധികളും നമുക്ക് എതിരാകാന്‍ കാരണം എന്തെന്നു നോക്കാം. വാട്ടര്‍ അതോറിറ്റിയിലെയും കെ.എസ്.ഇ.ബിയിലെയും വിരമിച്ച ചീഫ് എന്‍ജിനീയര്‍ വിഭാഗത്തില്‍ പെട്ടവരെയാണ് കേരള സര്‍ക്കാര്‍ വിദഗ്ധസമിതി അംഗങ്ങളായി നിയോഗിക്കുന്നത്. തമിഴ്‌നാട് 
ഭാഗത്ത് നിന്ന് നൂറു കോടി രൂപയുടെ ബജറ്റാണ് കേരളത്തിലെ ഉദ്യോഗസ്ഥന്മാരെ സ്വാധീനിക്കാന്‍ വെച്ചിരുന്നത് എന്ന് നിങ്ങള്‍ കേട്ടുകാണും. കേരളം നിയോഗിച്ച ഈ വിദഗ്ധ സമിതി അംഗങ്ങളില്‍ പലര്‍ക്കും ഇന്ന് പൊളളാച്ചിയിലും തേനിയിലും തോട്ടങ്ങളുണ്ട്. ഞാന്‍ പറയുന്നത് വസ്തുതകളാണ്. സാധാരണ കുടുംബത്തില്‍ ജനിച്ച ഇവര്‍ക്കെങ്ങനെയാണ് തമിഴ്‌നാട്ടില്‍ തെങ്ങിന്‍തോപ്പ് വരുന്നത്? അത് ചിന്തിച്ചാല്‍ മതി. അതുകൊണ്ട് കേരളത്തിന് അനുകൂലമായ രീതിയില്‍ ഒരു ഭരണഘടനാ സ്ഥാപനത്തിൽനിന്നും നീതി ലഭിക്കുകയില്ല, കാരണം നമ്മെ പിന്തുണയ്ക്കുന്ന വസ്തുതകള്‍ അത്തരം വേദികളില്‍ അവതരിപ്പിക്കാന്‍ നമുക്ക് സാധിക്കുന്നില്ല.

അണക്കെട്ടിനെ കാലാകാലങ്ങളില്‍ ബലപ്പെടുത്തിയിട്ടുണ്ടെന്നാണല്ലോ തമിഴ്‌നാട് മുഖ്യമന്ത്രിയായിരുന്ന ജയലളിത വാദിച്ചിരുന്നത്? 

ഏത് സിവില്‍ കണ്‍സ്ട്രക്ഷന്റെയും ആയുസ്സ് അമ്പതു വര്‍ഷമാണ്. മുല്ലപ്പെരിയാറില്‍ നടത്തിയ അറ്റക്കുറ്റപ്പണികള്‍ കുളിക്കാതെ പൗഡര്‍ ഇട്ടതു പോലെയാണ്. ഒരു സംശയവും വേണ്ട. അവര്‍ ചെയ്ത ബലപ്പെടുത്തലുകള്‍ ഡാമിന്റെ കരുത്തിന് കോണ്‍ട്രിബ്യൂട്ട് ചെയ്തിട്ടില്ല. ആകെ കാഴ്ചയില്‍ സുഖകരമായ അവസ്ഥ സംജാതമാക്കാന്‍ മാത്രമേ അതുകൊണ്ട് സാധിച്ചിട്ടുളളൂ. സുര്‍ക്കിയുടെ മേലെ കോണ്‍ക്രീറ്റ് അടിച്ചു കഴിഞ്ഞാല്‍ രണ്ടും ജോയിന്റ് ആകില്ല എന്ന കാര്യത്തില്‍ ഒരു സംശയവും വേണ്ട. അതായത് കേരളത്തിലെ റോഡ് റിപ്പയര്‍ ചെയ്യുന്നത് പോലെയാണ് അവര്‍ അത് ചെയ്തിരിക്കുന്നത്. നിലവിലുളള പൊട്ടിപ്പൊളിഞ്ഞ റോഡിനുമേലെ ടാര്‍മിക്‌സ് കൊണ്ടുവന്നിടും. ബലം കുറഞ്ഞതിന് മുകളില്‍ ഇത് കൊണ്ടുവന്നിട്ടിട്ടിട്ട് എന്തുകാര്യം? അടുത്തമഴയില്‍ വീണ്ടും കുഴിയുണ്ടാകും. പറഞ്ഞുവന്നത് ബലക്ഷയമുളള സുര്‍ക്കി ഡാമിന് മുകളില്‍ കോണ്‍ക്രീററ് അടിച്ചുകഴിഞ്ഞാല്‍.. അത് നമ്മളെ ഭോഷരാക്കിയതാണ്, അതുകൊണ്ട് ഒരു കാര്യവുമില്ല. എന്താണ് ബേസ് മിക്‌സ്ചര്‍ അത് ചുണ്ണാമ്പ് മിശ്രിതം അല്ലേ? അതിനുമുകളില്‍ എന്തുമാത്രം കോണ്‍ക്രീറ്റ് ഇട്ടിട്ട് എന്തുകാര്യം. ഒരു തളള് കൂടുതല്‍ വന്നുകഴിഞ്ഞാല്‍ അത് പിടിച്ചുനില്‍ക്കുമോ? ഇല്ല.

2025 ആകുന്നതോടെ രാജ്യത്തെ 1125 ഡാമുകള്‍ 50 വര്‍ഷം എന്ന കാലാവധി പിന്നിടുമെന്ന്  യുണൈറ്റഡ് നേഷന്‍സ് യൂണിവേഴ്സിറ്റി ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ വാട്ടര്‍ എന്‍വയേണ്‍മെന്റ് ആന്‍ഡ് ഹെല്‍ത്ത് റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നുണ്ടല്ലോ..ഇത്രയധികം ഡാമുകളുടെ നിലനില്‍പിനായി എന്ത് നടപടിയാണ് നാം സ്വീകരിക്കേണ്ടി വരിക? 

ഓരോ കേസിലും വിദഗ്ദ്ധസമിതിയെ വെച്ച് പരിശോധിച്ച് വേണ്ട നടപടിയെടുക്കുകയാണ് വേണ്ടത്. അല്ലാതെ അതിന് പൊതുവായി ഒരു ഉത്തരം പറയാനാകില്ല. മനുഷ്യന്റെ ശരാശരി ആയുസ്സ് ഇത്രയാണ് എന്ന് പറയുമ്പോള്‍ പോലും അതില്‍ക്കൂടുതല്‍ ജീവിക്കുന്നവരില്ലേ. അതുപോലെ ഇക്കാര്യത്തിലും സ്വീകരിക്കേണ്ട നടപടികള്‍ വ്യത്യസ്തമാണ്. 

അണക്കെട്ടുകള്‍ ഏല്‍പ്പിക്കുന്ന പാരിസ്ഥിതികാഘാതം 

വലിയ സംഭരണശേഷിയുളള പുതിയ ഡാമുകള്‍ പണിയാതിരിക്കുകയാണ് ഇനി വേണ്ടത്. പക്ഷേ, ഡാമുകള്‍ ഇല്ലാതെ പറ്റില്ല. കാരണം കുടിക്കാനും വ്യാവസായികാവശ്യത്തിനും കൃഷിക്കുമുള്‍പ്പടെ നിരവധി ആവശ്യങ്ങളാണ് ജലം കൊണ്ടുളളത്. പക്ഷേ, ഇനി പുതിയഅണക്കെട്ടുകളിലേക്ക് പോകുമ്പോള്‍ ജലവൈദ്യുത പദ്ധതിയുടെ കാര്യത്തിലാണെങ്കില്‍ പോലും ഈ ചെറുകിട പദ്ധതികളാണ് നോക്കേണ്ടത്. 163 മെഗാവാട്ട് ശേഷിയുളള അതിരപ്പിളളി ജലവൈദ്യുതപദ്ധതിയിലേക്ക് പോകരുത്,  പകരം രണ്ടും മൂന്നും മെഗാവാട്ട്  ശേഷിയുളള ചെമ്പുകടവ്, വഞ്ചിയം  തുടങ്ങിയ പദ്ധതികളാകാം.

Content Highlights: Mullaperiyar Dam Jacob Jose Interview