പൗരത്വനിയമത്തിനും ജെ.എന്‍.യു.വിലെ അതിക്രമങ്ങള്‍ക്കുമെതിരേ ശക്തമായ പ്രക്ഷോഭങ്ങള്‍ നയിക്കുമ്പോഴും ഇടത് സര്‍ക്കാരിന്റെ യു.എ.പി.എ. അറസ്റ്റും സ്വാശ്രയ കോളേജ് സ്വയംഭരണാവകാശവും ഡി.വൈ.എഫ്.ഐ.യെ പ്രതിരോധത്തിലാക്കുമോ? ദേശീയ അധ്യക്ഷന്‍ മുഹമ്മദ് റിയാസുമായി മാതൃഭൂമി പ്രതിനിധി എച്ച്. ഹരികൃഷ്ണന്‍ നടത്തിയ സംഭാഷണം.


ഇടത് യുവജന സംഘടനകള്‍ക്ക് ശക്തമായ വേരുള്ള ജെ.എന്‍.യുവില്‍ നടന്ന അതിക്രമങ്ങളില്‍ ഡി.വൈ.എഫ്.ഐയുടെ നിലപാട്?

നരേന്ദ്ര മോദി പ്രധാനമന്ത്രിയായ ശേഷം ബി.ജെ.പി. സര്‍ക്കാരിനെതിരേയുണ്ടായ പ്രക്ഷോഭങ്ങളെല്ലാം ജെ.എന്‍.യു. കേന്ദ്രീകരിച്ചാണ്. കേവലം മത-വര്‍ഗീയ പ്രശ്നങ്ങളെ മാത്രമല്ല ജെ.എന്‍.യു. അഭിസംബോധന ചെയ്യുന്നത്, ജനങ്ങളുടെ ദൈനംദിന പ്രശ്നങ്ങളാണ് അവിടെ ഉയര്‍ത്തപ്പെടുന്നത്. അതെല്ലാം അടിച്ചമര്‍ത്താന്‍ ശ്രമിക്കുകയാണ്. ജെ.എന്‍.യു.വില്‍ പോലീസ് നോക്കിനില്‍ക്കുമ്പോള്‍ ആര്‍.എസ്.എസിന്റെ സ്വകാര്യ പട്ടാളം വിദ്യാര്‍ഥികളെ ആക്രമിച്ചു. മംഗളൂരുവിലും യു.പിയിലും ഇത് തന്നെയാണ് നടക്കുന്നത്. ഇത് അത്യന്തം അപകടകരമായ സാഹചര്യമാണ്.

രാജ്യം നേരിടുന്ന സാമ്പത്തിക പ്രതിസന്ധി, വര്‍ധിച്ച തൊഴിലില്ലായ്മാ നിരക്ക്, പൊതുമേഖലാ സ്ഥാപനങ്ങളെ തകര്‍ക്കാനുള്ള ശ്രമങ്ങള്‍ തുടങ്ങിയവ ചര്‍ച്ചയായാല്‍ എന്‍.ഡി.എ. മുന്നണിയില്‍ നിന്നുമാത്രമല്ല, ബി.ജെ.പിയില്‍ നിന്ന് പോലും സാധാരണ പ്രവര്‍ത്തകര്‍ മാറിപ്പോകും. ഇത് ഉണ്ടാകാതിരിക്കാന്‍ ബി.ജെ.പി. ഇപ്പോഴുള്ള പ്രശ്നങ്ങള്‍ ബോധപൂര്‍വം സൃഷ്ടിക്കുകയാണ്.

വ്യത്യസ്ത സംസ്ഥാനങ്ങളില്‍നിന്നുള്ള കഴിവുള്ള വിദ്യാര്‍ഥികളാണ് ജെ.എന്‍.യു.വില്‍ പഠിക്കുന്നത്. അവിടുത്തെ ഫീസ് ഘടനയെ പൊളിക്കുന്നത് നിര്‍ധനരായ കുട്ടികളെ ബാധിക്കും. വായനയെയും അറിവിനെയും ഭയപ്പെടുന്ന സംഘപരിവാര്‍ ആസൂത്രണം ചെയ്ത് വിദ്യാര്‍ഥികളെ അടിച്ചമര്‍ത്താന്‍ ശ്രമിക്കുകയാണ്.

പൗരത്വ നിയമ ഭേദഗതിക്കെതിരേയുള്ള സമരപരിപാടികളെക്കുറിച്ച്

ഇന്ത്യയുടെ ഭരണഘടനയെ വേട്ടയാടാനുള്ള കേന്ദ്ര സര്‍ക്കാരിന്റെ ശ്രമങ്ങള്‍ക്കെതിരേ കേരളത്തിലെ നിയമസഭ പ്രശംസനീയമായ സമീപനമാണ് കൈക്കൊണ്ടത്. വിഷയത്തില്‍ മുസ്ലിംലീഗിന്റെ സമീപനവും മാതൃകാപരമാണ്. ഇത് എല്ലാ വിഭാഗം ജനങ്ങളേയും ബാധിക്കുന്ന പ്രശ്നമായാണ് അവര്‍ കാണുന്നത്. മുസ്ലിം തീവ്രവാദ സംഘടനകള്‍ക്കെതിരേയും വ്യക്തമായ നിലപാടുണ്ട്. എന്നാല്‍ മുസ്ലിം ലീഗിലെ അന്ധമായ ഇടത് വിരുദ്ധരും തീവ്രവാദികളും ബോധപൂര്‍വം അത് ദുര്‍ബലമാക്കാന്‍ ശ്രമിക്കുന്നുണ്ട്. വിഷയത്തില്‍ കോണ്‍ഗ്രസും ഒളിച്ചുകളിക്കുകയാണ്. രാജസ്ഥാനിലെയും മധ്യപ്രദേശിലെയും മുഖ്യമന്ത്രിമാര്‍ ഒരു വാക്ക് എതിരായി പറഞ്ഞിട്ടില്ലെന്നതും ശ്രദ്ധേയമാണ്.

ജമാഅത്തെ ഇസ്ലാമിയും എസ്.ഡി.പി.ഐയും ആര്‍.എസ്.എസിന്റെ ഏജന്റായാണ് പ്രവര്‍ത്തിക്കുന്നത്. പൗരത്വ നിയമ വിഷയത്തില്‍ മുസ്ലിങ്ങള്‍ മാത്രം പ്രതികരിച്ചാല്‍ മതിയെന്ന രീതിയിലുള്ള അവരുടെ നിലപാട് അപകടകരമാണ്. ആര്‍.എസ്.എസ്. ആഗ്രഹിക്കുന്നതും അതാണ്. പൗരത്വ നിയമത്തിനെതിരേയുള്ള പ്രതിഷേധങ്ങളെ പള്ളി കേന്ദ്രീകരിച്ചുള്ള സമരമെന്നും പ്രത്യേക വേഷം ധരിച്ചവരുടെ സമരമെന്നുമാണല്ലോ ബി.ജെ.പി. വിശേഷിപ്പിക്കുന്നത്.

ആര്‍.എസ്.എസിനെ പോലെ, ജമാഅത്തെ ഇസ്ലാമിയും ഇന്ത്യന്‍ ഭരണഘടനയെ അംഗീകരിക്കുന്നുണ്ടോ എന്ന് സംശയമാണ്. അവര്‍ക്ക് വരുന്ന വിദേശ ഫണ്ടുകള്‍ പരിശോധിച്ചാല്‍ അത് മനസിലാകും. ജനങ്ങളെ ഭിന്നിപ്പിക്കാന്‍ ശ്രമിക്കുന്ന സംഘടനകളെയൊക്കെ അവര്‍ പ്രോത്സാഹിപ്പിക്കും. എവിടെയാണോ സംഘപരിവാര്‍ ഒറ്റപ്പെടുന്നത് അവിടെ ജമാഅത്ത് ഓടിവന്ന് അവരെ സംരക്ഷിക്കുന്നത് കാണാം. ക്യാംപസുകളിലും യുവാക്കള്‍ക്കിടയിലും അത് കാണാം. തൊഴിലില്ലായ്മക്കെതിരേ സമരം നടത്തേണ്ടതിനു പകരം അന്യമതത്തിനെതിരേ യുവാക്കളുടെ സംഘങ്ങള്‍ ആക്രമണങ്ങള്‍ നടത്തുന്ന സംഭവങ്ങള്‍ ഉത്തരേന്ത്യയില്‍ ഉള്‍പ്പെടെ വര്‍ധിച്ചുവരുന്നതും ഇതൊക്കെയാണ് സൂചിപ്പിക്കുന്നത്.

പൗരത്വ നിയമ ഭേദഗതി ഒരു മതത്തിന്റെ മാത്രം പ്രശ്നമല്ല എന്ന നിലപാടിലാണ് ഡി.വൈ.എഫ്.ഐ. മുന്നോട്ടുപോകുന്നത്. ഇന്ത്യന്‍ ഭരണഘടനയെ അംഗീകരിക്കുന്ന എല്ലാ സംഘടനകളുമായും ഞങ്ങള്‍ സമരത്തിന് കൈകോര്‍ക്കും.

ഇടത് സംഘടനകള്‍ എക്കാലത്തും എതിര്‍ത്തിരുന്ന സ്വാശ്രയ കോളേജുകളുടെ സ്വയംഭരണത്തിന് ഇപ്പോള്‍ അനുകൂല നടപടികളുമായി സംസ്ഥാന സര്‍ക്കാര്‍ മുന്നോട്ടുപോകുകയാണ്. ഡി.വൈ.എഫ്.ഐയുടെ നിലപാടും മാറുമോ?

എല്‍.ഡി.എഫ്. സര്‍ക്കാര്‍ പ്രകടനപത്രികയില്‍ പറഞ്ഞ കാര്യങ്ങളില്‍ നിന്ന് വിരുദ്ധമായി പ്രവര്‍ത്തിക്കില്ലെന്നാണ് ഞങ്ങള്‍ പ്രതീക്ഷിക്കുന്നത്. ഡി.വൈ.എഫ്.ഐ. പോലുള്ള യുവജന സംഘടനകളുടെ പോരാട്ടങ്ങളുടെ ഭാഗമായാണ് സര്‍ക്കാര്‍ ഉണ്ടായത്. വിദ്യാര്‍ഥികളുടെ മെറിറ്റ് തഴയപ്പെടരുത് എന്നതാണ് എന്നും ഡി.വൈ.എഫ്.ഐയുടെ നിലപാട്. ഡി.വൈ.എഫ്.ഐ. ഉയര്‍ത്തിപ്പിടിക്കുന്ന ആശയത്തിന് വിരുദ്ധമായി സര്‍ക്കാര്‍ നീങ്ങുമെന്ന് കരുതുന്നില്ല. പൊതുവിദ്യാഭ്യാസത്തെ ലോകോത്തരമാക്കി ഉയര്‍ത്തിയത് ഉള്‍പ്പെടെ രാജ്യത്തിന് മാതൃകയായ നടപടികള്‍ കൈക്കൊണ്ട സര്‍ക്കാരില്‍ ഞങ്ങള്‍ക്ക് വിശ്വാസമുണ്ട്.

കരിനിയമമെന്ന് ഇടത് പാര്‍ട്ടികള്‍ വിശേഷിപ്പിച്ചിരുന്ന യു.എ.പി.എ. അറസ്റ്റിനെ മുഖ്യമന്ത്രി ന്യായീകരിച്ചിരിക്കുകയാണ്. ഡി.വൈ.എഫ്.ഐ. ഇതിനോട് യോജിക്കുന്നുണ്ടോ? ഭാവി സമരപരിപാടികളില്‍ പ്രതിപക്ഷം ഇത് ആയുധമാക്കില്ലേ?

അലന്റെയും താഹയുടെയും വിഷയത്തില്‍ മുഖ്യമന്ത്രി നിലപാട് അറിയിച്ചതാണ്. മാവോവാദികളെ ന്യായീകരിക്കേണ്ട ഗതികേട് ഡി.വൈ.എഫ്.ഐ.ക്കില്ല. അതിനെ ശക്തമായി എതിര്‍ക്കും. അങ്ങനെയുള്ളവരെ സംഘടനയില്‍നിന്ന് പുറത്താക്കും.

ബോധപൂര്‍വം മാവോവാദം പ്രചരിപ്പിക്കുന്നത് ഇടതുപക്ഷ രാഷ്ട്രീയത്തെ ദുര്‍ബലപ്പെടുത്താനാണ്. മുന്നില്‍നിന്ന് അടിച്ചാല്‍ വീഴില്ലെന്ന് കാണുമ്പോള്‍ പിന്നില്‍ നിന്ന് അടിക്കാനുള്ള ശ്രമം പോലെയാണത്. കേരളത്തില്‍ ഇടതുപക്ഷം ശക്തിപ്പെടുന്നുവെന്ന് കാണുമ്പോള്‍ ഇടത് തീവ്രശക്തികളുടെ സ്പേസില്‍ നിന്ന് ആക്രമിക്കാനുള്ള ശ്രമമാണത്. അതിന് കൃത്യമായ അജണ്ടകളുണ്ട്. മാവോവാദത്തെ കണ്ണു കെട്ടി കുരുവിയെ പിടിക്കുന്ന രീതിയെന്നാണ് മാവോ തന്നെ വിശേഷിപ്പിച്ചിരിക്കുന്നത്, വിപ്ലവ വായാടിത്തം എന്നാണ് ലെനിന്റെ പ്രയോഗം.

മാവോവാദത്തിലൂടെ യുവജനങ്ങളെ വഴി തെറ്റിക്കാനുള്ള ശ്രമമാണ് നടന്നുവരുന്നത്. ശരിയായ ജനാധിപത്യ ആശയത്തിലേക്ക് അവരെ എത്തിക്കുകയാണ് ഡി.വൈ.എഫ്.ഐ.യുടെ ലക്ഷ്യം. കോണ്‍ഗ്രസ് കാലത്ത് കൊണ്ടുവന്ന കരിനിയമമായ യു.എ.പി.എക്ക് എതിരാണ് ഡി.വൈ.എഫ്.ഐ. ഇന്ത്യയിലാദ്യമായി റിട്ട. ജസ്റ്റിസ് തലപ്പത്തുള്ള സ്‌ക്രൂട്ടിനി കമ്മിറ്റി രൂപപ്പെടുത്തിയത് കേരളമാണ്. അതിലൂടെ യു.ഡി.എഫ്. കാലത്ത് രജിസ്റ്റര്‍ ചെയ്ത പല കേസുകളും പിന്‍വലിക്കപ്പെട്ടു.  
 
തൊഴില്‍ക്ഷാമത്തിന്റെ പേരില്‍ ഇടത്പക്ഷം കേന്ദ്രത്തെ വിമര്‍ശിക്കുന്നു. എന്നാല്‍ മുത്തൂറ്റ് കമ്പനിയിലെ സി.ഐ.ടി.യു. സമരം അക്രമത്തിലേക്ക് വരെ എത്തിച്ചേര്‍ന്നതും അതിനെ തൊഴില്‍മന്ത്രി ന്യായീകരിച്ചതുമായ പശ്ചാത്തലത്തില്‍ കേരളത്തെ വ്യാവസായസൗഹൃദ സംസ്ഥാനമെന്ന് എത്രത്തോളം വിശേഷിപ്പിക്കാനാകും

സര്‍ക്കാരിന്റെ നിരന്തരശ്രമങ്ങളുടെ ഫലമായി കേരളം ഇപ്പോള്‍ വ്യവസായസൗഹൃദ സംസ്ഥാനമായിരിക്കുകയാണ്. മുത്തൂറ്റ് കമ്പനിക്കെതിരേയുള്ള സമരം ഒറ്റപ്പെട്ട സംഭവമാണ്. മുത്തൂറ്റ് മാനേജ്മെന്റിന്റെ ധാര്‍ഷ്ട്യം മൂലമാണ് സമരം നീളുന്നത്. തൊഴിലാളികളോടുള്ള അവരുടെ സമീപനത്തിന് മാറ്റം വരണം. നാളെ കേരളത്തിലെ മറ്റൊരു സ്ഥാപനത്തിന്റെ മാനേജ്മെന്റ് ഇത്തരത്തിലുള്ള സമീപനത്തിലേക്ക് കടന്നാല്‍ യുവാക്കളുള്‍പ്പെടെയുള്ളവരുടെ ജോലി പ്രതിസന്ധിയിലാകും.  

Content Highlights: Muhammed Riyas Interview