ജൂണ്‍ 28-നാണ് സുഹൃത്ത് ബലാത്സംഗത്തിനിരയായെന്ന വെളിപ്പെടുത്തലുമായി ഒളിമ്പ്യന്‍ മയൂഖ ജോണി തൃശ്ശൂരില്‍ വാര്‍ത്താസമ്മേളനം നടത്തുന്നത്. 2016 ജൂലായില്‍ സുഹൃത്തിനെ മുരിങ്ങൂര്‍ സ്വദേശിയും സിയോന്‍ സഭയിലെ മുന്‍ പുരോഹിതനുമായിരുന്ന ചുങ്കത്ത് ജോണ്‍സണ്‍ ബലാത്സംഗം ചെയ്‌തെന്നായിരുന്നു മയൂഖയുടെ വെളിപ്പെടുത്തല്‍. 2016ല്‍ നടന്ന സംഭവത്തിനുശേഷവും പ്രതി നിരന്തരം പെണ്‍കുട്ടിയെ മാനസികമായി പീഡിപ്പിച്ചുകൊണ്ടിരിക്കുകയാണെന്നും ഗുണ്ടകളെ വിട്ട് ഭീഷണിപ്പെടുത്തുന്നതായും അവര്‍ ആരോപിച്ചു. തൊട്ടുപിറ്റേന്നുതന്നെ പ്രത്യാരോപണവുമായി എതിര്‍ഗ്രൂപ്പ് എത്തി.

ലൈംഗിക പീഡന ആരോപണത്തില്‍ നിന്ന് സഭകള്‍ തമ്മിലുളള തര്‍ക്കമെന്ന നിലയിലേക്ക് കേസ് വളര്‍ന്നു. സിയോന്‍ സഭയില്‍ നിന്ന് കത്തോലിക്കാ സഭയിലേക്ക് തിരികെ പോയവരെ കളളക്കേസില്‍ കുടുക്കാനുളള ശ്രമങ്ങള്‍ നടക്കുന്നുണ്ടെന്നും അതിന്റെ ഭാഗമാണ് ഈ ആരോപണമെന്നുമായിരുന്നു ജോണ്‍സണുവേണ്ടി പത്രസമ്മേളനം നടത്തിയവരുടെ വാദം(2017-ലാണ് ജോണ്‍സണ്‍ സിയോന്‍ സഭയില്‍ നിന്ന് പുറത്തുപോകുന്നത്.) തുടര്‍ന്ന് ഇവര്‍ നല്‍കിയ അന്യായത്തില്‍ മയൂഖയുള്‍പ്പടെ പത്തുപേര്‍ക്കെതിരേ കേസെടുക്കാന്‍ ചാലക്കുടി ഒന്നാംക്ലാസ് മജിസ്‌ട്രേറ്റ് കോടതി വിധിച്ചു.

താമസിയാതെ തന്നെ അപായപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തി കത്തുവന്നെന്ന ആരോപണവുമായി മയൂഖ വീണ്ടും രംഗത്തെത്തി. കേസില്‍ ശാസ്ത്രീയ തെളിവുകളിലെന്ന് കാണിച്ച് പോലീസ് ഹൈക്കോടതിയില്‍ നല്‍കിയ റിപ്പോര്‍ട്ടാണ് ഇതുമായി ബന്ധപ്പെട്ട് ഏറ്റവും ഒടുവില്‍ പുറത്തുവന്ന വിവരം. തുടക്കത്തില്‍ തന്നെ തിരിച്ചടി നേരിട്ടെങ്കിലും മയൂഖ ജോണി തന്റെ നിലപാടില്‍ ഉറച്ചുനില്‍ക്കുകയാണ്. സുഹൃത്തിന് നീതി വാങ്ങിക്കൊടുക്കുന്നത് വരെ നിയമപോരാട്ടം തുടരുമെന്ന് മാതൃഭൂമി ഡോട്ട് കോമിന് നല്‍കിയ അഭിമുഖത്തില്‍ മയൂഖ പറഞ്ഞു. മയൂഖയുമായുളള സംഭാഷണത്തില്‍ നിന്നുളള പ്രസക്ത ഭാഗങ്ങള്‍. 

കേസിനാസ്പദമായ സംഭവത്തെ കുറിച്ച് സംസാരിച്ചുകൊണ്ടുതന്നെ തുടങ്ങാം. എന്താണ് 2016-ല്‍ സംഭവിച്ചത്?

എന്റെ സുഹൃത്താണ് ഈ പെണ്‍കുട്ടി. 2016 ജൂലായിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. വീട്ടില്‍ ആരുമില്ലാത്ത സമയത്ത് പ്രതിയായ ജോണ്‍സണ്‍ പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്യുകയായിരുന്നു. പെണ്‍കുട്ടിയുടെ ഫോട്ടോകളും വീഡിയോയും ജോണ്‍സണ്‍ എടുത്തിരുന്നു. പെണ്‍കുട്ടിയുടെ വിവാഹം കഴിഞ്ഞിട്ടുണ്ടായിരുന്നില്ല, അവള്‍ക്ക് കല്യാണം നോക്കുന്ന സമയമാണ്. പെണ്‍കുട്ടിയുടെ അച്ഛനും അമ്മയും ഹൃദ്രോഗികളായിരുന്നു. പീഡിപ്പിച്ചത് അയല്‍ക്കാരനാണ്. അമ്മാവന്റെ, അല്ലെങ്കില്‍ അച്ഛന്റെ സ്ഥാനത്ത് കണ്ട ആളാണ് അങ്ങനെ ഒരാളില്‍ നിന്ന് ഇങ്ങനെയൊരു അനുഭവമുണ്ടായപ്പോള്‍ അത് പറയാനുളള ധൈര്യമുണ്ടായിരുന്നില്ല. അവര്‍ എങ്ങനെ ഉള്‍ക്കൊളളുമെന്ന ഭയമുണ്ടായിരുന്നു. അതുകൊണ്ട് അവള്‍ ആരോടും ഇക്കാര്യം പറഞ്ഞില്ല.

എപ്പോഴാണ് പ്രതിക്കെതിരേ നിയമപരമായി മുന്നോട്ടുനീങ്ങാന്‍ പെണ്‍കുട്ടി തീരുമാനിക്കുന്നത്?

2018-ലാണ് കുട്ടി വിവാഹിതയാകുന്നത്. ഒന്നും അവള്‍ ഭര്‍ത്താവിനെ അറിയിച്ചിരുന്നില്ല. എന്നാല്‍ 2020 ഡിസംബര്‍ അവസാനമാണ് പെണ്‍കുട്ടിയുടെ വീട്ടില്‍ പ്രതിയുടെ സുഹൃത്ത് ഒരു നോട്ടീസ് കൊണ്ടിടുന്നത്. 2016-ല്‍ നടന്ന സംഭവത്തിന്റെ വീഡിയോസ് പുറത്തുവിടുമെന്നായിരുന്നു ഉളളടക്കം. അവള്‍ മറന്ന ഒരു സംഭവമായിരുന്നു. പിന്നീട് പ്രശ്നം വഷളായി ഭര്‍ത്താവിനോട് പറയേണ്ട അവസ്ഥയിലെത്തി. ഭര്‍ത്താവിനെ അറിയിച്ചു. തുടക്കത്തില്‍ ഏതൊരുകുടുംബത്തിലുമുണ്ടാകുന്നത് പോലെ കുറച്ച് പ്രശ്നങ്ങളിലൂടെ കടന്നുപോകേണ്ടി വന്നു. എന്നാല്‍ പിന്നീട് ഭര്‍ത്താവും അദ്ദേഹത്തിന്റെ സഹോദരിയും ഇയാള്‍ക്കെതിരേ പോലീസില്‍ പരാതിനല്‍കാമെന്ന തീരുമാനത്തിലെത്തി.

പ്രതിയെ നിയമത്തിന് മുന്നില്‍ കൊണ്ടുവരണം എന്നുപറഞ്ഞപ്പോള്‍ പെണ്‍കുട്ടി ആദ്യം തയ്യാറായിരുന്നില്ല. ഭര്‍ത്താവും അദ്ദേഹത്തിന്റെ സഹോദരിമാരും ആണ് ഇവളെ അത്തരമൊരു നിലയിലേക്ക് കൊണ്ടുവരുന്നത്. ഇത്രകാലം മറച്ചുവെച്ചിട്ടും ജീവിക്കാന്‍ വിടുന്നില്ല എന്ന അവസ്ഥ വന്നപ്പോഴാണ് പോലീസില്‍ അറിയിക്കണമെന്ന് അവര്‍ ചിന്തിച്ചത്. അങ്ങനെ 2021 മാര്‍ച്ചിലാണ് കേസ് കൊടുക്കുന്നത്.

ആളൂര്‍ പോലീസ് സ്റ്റേഷനില്‍ കേസ് കൊടുത്തതും പ്രതിക്ക് വിവരം ലഭിച്ചു. സ്റ്റേഷനില്‍ ആദ്യം കൊടുത്ത മൊഴിയുടെ വിശദാംശങ്ങള്‍ വരെ അടുത്ത ദിവസം ചാലക്കുടി മാര്‍ക്കറ്റില്‍ ചര്‍ച്ചാവിഷയമാകുകയാണ് ഉണ്ടായത്. പ്രതിയുടെ കൂട്ടുകാര്‍ നിന്ന് ചര്‍ച്ച ചെയ്യുന്നത് കേള്‍ക്കാനിടയായിട്ടുണ്ട്. അങ്ങനെ ഒരു സാഹചര്യം വന്നപ്പോഴാണ് പെണ്‍കുട്ടിയും ഭര്‍ത്താവും കൂടി തൃശ്ശൂര്‍ റൂറല്‍ എസ്.പി. ജി. പൂങ്കുഴലി മാഡത്തെ പോയി കാണുന്നത്. അന്ന് പോയപ്പോള്‍ പെണ്‍കുട്ടി കേസുമായി മുന്നോട്ടുവന്നതിനെയും ഭര്‍ത്താവ് സപ്പോര്‍ട്ട് ചെയ്യുന്നതിനെയും പ്രശംസിച്ച വ്യക്തിയാണ് അവര്‍.

പരാതി നല്‍കിയതോടെ വിഷയം ചര്‍ച്ചയായിട്ടുണ്ട്. പെണ്‍കുട്ടിയുടെ ജീവന് തന്നെ ഭീഷണിയുണ്ടെന്നാണ് മാര്‍ക്കറ്റില്‍ നിന്ന് കേട്ടത് അതിനാല്‍ എത്രയും പെട്ടെന്ന് മൊഴി രേഖപ്പെടുത്തണം എന്നുപറഞ്ഞു അങ്ങനെയാണ് ഫസ്റ്റ്ക്ലാസ് മജിസ്ട്രേറ്റിന്റെ അടുത്തേക്ക് മൊഴി രേഖപ്പെടുത്താന്‍ അവര്‍ വിടുന്നത്. അവിടെ പോയി മൊഴികൊടുത്ത് അവിടെ നിന്ന് വനിതാപോലീസിന്റെ അകമ്പടിയോടാണ് ചാലക്കുടി സര്‍ക്കാര്‍ ആശുപത്രിയില്‍ വൈദ്യ പരിശോധനയ്ക്കായി പോകുന്നത്. അവിടെ ചെന്നപ്പോള്‍ പ്രതി ഇവരെ പിന്തുടര്‍ന്ന് എത്തി. എല്ലാ വിവരവും പ്രതിക്ക് കിട്ടുന്നുണ്ട് എന്നതിന് സൂചനയാണ് അത്. ഉടന്‍ തന്നെ ഭര്‍ത്താവ് ഇക്കാര്യം കൂടെയുണ്ടായിരുന്ന പോലീസ് ഉദ്യോഗസ്ഥയെ അറിയിച്ചു. അവര്‍ ആളൂര്‍ സ്റ്റേഷനിലേക്ക് അപ്പോള്‍ തന്നെ വിളിച്ച് പ്രതി വന്നു ഭീഷണിപ്പെടുത്തിയിട്ടുണ്ട് എന്ന് പറഞ്ഞു. കുറച്ചുസമയം കൂടി പെണ്‍കുട്ടിക്കൊപ്പം നിന്ന് വേറെ എന്തെങ്കിലും ഉണ്ടെങ്കില്‍ വിളിച്ചാല്‍ മതിയെന്ന് പറഞ്ഞാണ് അവര്‍ പോയത്.

പിന്നീട് എപ്പോഴാണ് പോലീസിന്റെ പെരുമാറ്റത്തില്‍ പന്തികേട് തോന്നിയത്?

ആശുപത്രിയില്‍ ഭീഷണി നേരിട്ട കാര്യം പെണ്‍കുട്ടിയും ഭര്‍ത്താവും കൂടി പൂങ്കുഴലി മാഡത്തിന്റെ അടുത്ത് പോയി പറഞ്ഞു എന്നാല്‍ നാലുദിവസം മുമ്പുകണ്ടായിരുന്ന ആളായിരുന്നില്ല അപ്പോഴവര്‍. അവര്‍ വല്ലാതെ ചൂടായി. പോലീസിന്റെ ഡ്യൂട്ടി പോലീസ് നോക്കിക്കോളാം എന്നായിരുന്നു മറുപടി. പ്രതിയുടെ ആളുകളെ ചോദ്യം ചെയ്തില്ല. മറിച്ച് ഇരയെ തന്നെ രണ്ടും മൂന്നും പ്രാവശ്യം ചോദ്യം ചെയ്യുന്ന അവസ്ഥയായിരുന്നു. മോശമായ രീതിയിലാണ് ചോദ്യം ചെയ്തതുപോലും. രണ്ടു പുരുഷപോലീസുകാരുടെ സാന്നിധ്യത്തിലായിരുന്നു ചോദ്യം ചെയ്യല്‍. പെണ്‍കുട്ടിയുടെ വീട്ടിലെത്തിയ പോലീസുകാര്‍ അപ്പുറവും ഇപ്പുറവും ഇരുന്ന് ഭര്‍ത്താവിന്റയും അമ്മയുടെയും സാന്നിധ്യത്തിലാണ് ചോദ്യം ചെയ്തത്. പിന്നീട് പെണ്‍കുട്ടി അസ്വസ്ഥയാകുന്നത് കണ്ട് നമ്മള്‍ ആവശ്യപ്പെട്ടതിന് ശേഷമാണ് അവര്‍ സ്വകാര്യമായി ചോദ്യം ചെയ്യുന്നത് പോലും. പരാതിയിലേക്ക് പോകണമെന്ന് ആ കുട്ടി ആഗ്രഹിച്ചിരുന്നതല്ല. പക്ഷേ പിന്നെയും പിറകേ നടന്ന് ശല്യം ചെയ്തപ്പോഴാണ് ഒരുവഴിയും കാണാതെ പരാതിയുമായി പോകാന്‍ തീരുമാനിക്കുന്നത്.

മയൂഖ ഈ കേസില്‍ ഇടപെടുന്നത് ഏതുസാഹചര്യത്തിലാണ്?

കേസ് കൊടുത്ത് നാലുമാസം കഴിഞ്ഞിട്ടും ഒരു പുരോഗതിയും കാണാതായതോടെയാണ് ഞാന്‍ കേസില്‍ ഇടപെടുന്നത്. ചോദിക്കുമ്പോള്‍ നോക്കുന്നുണ്ട് പ്രതിയെ കിട്ടിയില്ല എന്ന രീതിയിലാണ് മറുപടി ലഭിച്ചിരുന്നത്. തുടര്‍ന്ന് മുഖ്യമന്ത്രിക്ക് കത്ത് നല്‍കുകയായിരുന്നു. അതില്‍ ഞാന്‍ മുഖ്യമന്ത്രിക്ക് ഒരു നോട്ട് വെച്ചിരുന്നു. സംസ്ഥാന സ്പോര്‍ട്സ് കൗണ്‍സിലിന്റെ ജി.വി.രാജ പുരസ്‌കാരം എനിക്ക് ലഭിച്ചിരുന്നു. അതിന്റെ ഭാഗമായി ഫെബ്രുവരിയില്‍ ഞാന്‍ മുഖ്യമന്ത്രിയെ വ്യക്തിപരമായി കണ്ടിരുന്നു. അന്ന് കണ്ട പരിചയത്തിന്റെ പുറത്താണ് എന്റെ സുഹൃത്തിന് ഇത്തരമൊരു അവസ്ഥ ഉണ്ടായിട്ടുണ്ട് എന്നുപറഞ്ഞ് ഞാന്‍ ആ കത്തില്‍ നോട്ട് വെച്ചത്. സംഭവം ഉണ്ടായപ്പോള്‍ ഇക്കാര്യം അവള്‍ എന്നോട് പറഞ്ഞിരുന്നു, എനിക്കറിയാവുന്ന കേസാണ് എന്നെല്ലാം കത്തില്‍ പറഞ്ഞിരുന്നു. ഇതിനെ തുടര്‍ന്നാണ് ആളൂര്‍ സി.ഐ. സിബിന്‍ എന്റെ വീട്ടില്‍ വന്ന് പേരിന് ഒരു മൊഴിയെടുക്കുന്നത്. ഇത്രയും വര്‍ഷം ആയതുകൊണ്ട് തെളിവൊന്നും കിട്ടില്ല, അറസ്റ്റ് ചെയ്യാന്‍ പറ്റില്ല എന്നൊക്കെ അദ്ദേഹം പറഞ്ഞു. കേസിന്റെ പുരോഗതി അറിയുന്നതിനായി ഹൈക്കോടതിയില്‍ റിട്ട് സമര്‍പ്പിച്ചിരുന്നു. 15 ദിവസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണം എന്ന് കോടതി ആവശ്യപ്പെട്ടിരുന്നെങ്കിലും ഒന്നരമാസമായിട്ടും പൂങ്കുഴലി മാഡം റിപ്പോര്‍ട്ട് സമര്‍പ്പിച്ചില്ല. കേസ് മുന്നോട്ട് പോകില്ലെന്ന് മനസ്സിലായതിന്റെ തിരിച്ചറിവിലാണ് പത്രസമ്മേളനം വിളിച്ചത്. അവിടം മുതലാണ് കേസില്‍ ഞാന്‍ ഇന്‍വോള്‍വ് ചെയ്യുന്നത്.

എന്റെ കല്യാണം വിളിക്കുന്നതിനായി അവളുടെ വീട്ടില്‍ ചെല്ലുമ്പോഴാണ് എന്നോട്  ഇക്കാര്യം അവള്‍ പറയുന്നത്. അതായത് ഞാന്‍ അറിയുന്നത് 2016 സെപ്റ്റംബറില്‍. ജൂലായ് മുതല്‍ സെപ്റ്റംബര്‍ വരെ വല്ലാത്ത മാനസിക പീഡനത്തിലൂടെയാണ് അവള്‍ കടന്നുപോയിരുന്നത്. ഞാനും ആദ്യം പരാതിപ്പെടാനാണ് പറഞ്ഞത്. പക്ഷേ അവളെ പിന്തുണയ്ക്കാന്‍ ആരും ഉണ്ടായിരുന്നില്ല. എന്റെയും വിവാഹം ആയി നില്‍ക്കുന്ന കാരണം അതിനുവേണ്ടി പിന്തുണയ്ക്കാന്‍ പറ്റുന്ന സാഹചര്യമായിരുന്നില്ല.  

ഇവളുടെ ഫോട്ടോകളും വീഡിയോകളും വെച്ചിട്ട് അയാള്‍ ഭീഷണിപ്പെടുത്തി.അശ്ലീല മെസേജുകള്‍ അയക്കുകയും വീണ്ടും ഇതിനായി പ്രേരിപ്പിച്ചുകൊണ്ടുളള ഭയങ്കര വള്‍ഗറായിട്ടുളള മെസേജുകള്‍ അയയ്ക്കുകയും ചെയ്തുകൊണ്ടിരുന്നു. ആരുമറിയാതിരിക്കാന്‍ വരുന്ന മെസേജുകളൊക്കെ അവള്‍ ഡിലീറ്റ് ചെയ്തു. ഇനി മെസേജുവരുമ്പോള്‍ അത് എനിക്ക് ഫോര്‍വേഡ് ചെയ്യുന്നുണ്ടെന്ന് പുളളിയെ അറിയിക്കാന്‍ ഞാന്‍ പറഞ്ഞു. എനിക്ക് സിഡിയിലും പെന്‍ഡ്രൈവിലുമായി അതെല്ലാം തന്നിട്ടുണ്ടെന്നും ഇനി ശല്യം ചെയ്താല്‍ ഞാന്‍ പരാതികൊടുക്കും എന്നും അയാളെ അറിയിക്കണമെന്നും. ഞാനൊരു ഒളിമ്പ്യനായതുകൊണ്ട് ഞാന്‍ പറഞ്ഞാല്‍ ഇക്കാര്യത്തിന് ഒരു വിശ്വാസ്യത ഉണ്ടാകുമല്ലോ ഞങ്ങള്‍ സുഹൃത്തുക്കളാണെന്ന് അയാള്‍ക്ക് അറിയുകയും ചെയ്യാം. അങ്ങനെ പറഞ്ഞപ്പോള്‍ അവള്‍ക്ക് നേരെയുളള ഭീഷണി നിന്നു പിന്നെ അത് എനിക്ക് നേരെയായി. ഒരിക്കല്‍ നേരിട്ട് കണ്ടപ്പോള്‍ എന്നെ ഭയങ്കരമായി ഭീഷണിപ്പെടുത്തി. കൈയിലുളള മെസേജുകള്‍ തിരിച്ചുതരണമെന്നാവശ്യപ്പെട്ടായിരുന്നു ഭീഷണി.

ഉന്നതര്‍ ഇടപെട്ടതായി പ്രസ്മീറ്റില്‍ ആരോപണമുന്നയിച്ചിരുന്നല്ലോ?

പോലീസ് ഒരു സെറ്റില്‍മെന്റിന് നമ്മളെ നിര്‍ബന്ധിച്ചിരുന്നു. പോലീസ് തന്നെയാണ് നമ്മളോട് പറയുന്നത് അവര്‍ വലിയ പിടിപാടുളളവരാണ്, ഇന്നയിന്ന ആള്‍ക്കാരെല്ലാം വിളിച്ചിട്ടുണ്ട്, മുന്നോട്ടുപോവുകയാണെങ്കില്‍ നിങ്ങള്‍ ബുദ്ധിമുട്ടും എന്ന രീതിയില്‍ അവരുടെ ഭാഗത്ത് നിന്ന് പറഞ്ഞിരുന്നു. വനിതാകമ്മിഷനില്‍ നിന്നും ഇടപെടലുണ്ടായതായി അവര്‍ പറഞ്ഞു. പിന്നെ നമ്മള്‍ അന്വേഷിച്ചപ്പോഴാണ് ജോസഫൈന്‍ മാഡം ഇടപെട്ടിട്ടുണ്ട് എന്നറിഞ്ഞത്. ഇത്രയും ടോര്‍ച്ചര്‍ ചെയ്ത ഒരാളെ വെറുതെ വിടരുത് എന്നത് ആ പെണ്‍കുട്ടിയുടെ ഭര്‍ത്താവിന്റെ തീരുമാനമാണ്. നിയമോപദേശം സ്വീകരിച്ചപ്പോള്‍ പറഞ്ഞതും നിയമപരമായി മുന്നോട്ടുപോകണം എന്നുതന്നെയാണ്.

ജോണ്‍സന്റെ​ സുഹൃത്തിന്റെ അന്യായത്തില്‍ മയൂഖക്കെതിരേ കേസെടുക്കാന്‍ ചാലക്കുടി കോടതി ഉത്തരവിട്ടിരുന്നല്ലോ?

പ്രസ് മീറ്റില്‍ ഞാന്‍ ഗുണ്ട എന്ന്  വിളിച്ചു, കെട്ടിച്ചമച്ച കേസാണ് എന്നെല്ലാം കാണിച്ചാണ് ചാലക്കുടി കോടതിയില്‍ ജോണ്‍സണ്‍ന്റെ സുഹൃത്ത് സാബു അന്യായം നല്‍കിയത്. പത്തോളം പേര്‍ക്കെതിരേയാണ് കേസ്. ഞാന്‍ എട്ടാംപ്രതിയാണ്. ജോണ്‍സണെതിരേ പരാതി നല്‍കിയത് പെണ്‍കുട്ടിയും ഭര്‍ത്താവുമാണ്. എന്നാല്‍ പെണ്‍കുട്ടിക്കെതിരേ അവര്‍ക്ക് പരാതിയില്ല. ജോണ്‍സണെ പ്രതിയാക്കിയാണ് കുട്ടി കേസ് കൊടുത്തിരിക്കുന്നത് പക്ഷേ ജോണ്‍സണല്ല, ജോണ്‍സന്റെ സുഹൃത്തായ സാബുവിനാണ് പരാതി. സാബുവിനെ പ്രസ്മീറ്റില്‍ ഗുണ്ട സാബുവെന്ന് വിളിച്ചുവെന്ന് പറഞ്ഞാണ് പരാതിപ്പെട്ടിരിക്കുന്നത്. പക്ഷേ ഗുണ്ടാ സാബു എന്ന് പറഞ്ഞ് ഞാന്‍ ഇയാളുടെ ഫോട്ടോയോ ഐഡന്റിറ്റിയോ ഒന്നും വെളിപ്പെടുത്തിയിട്ടില്ല. എന്നാല്‍ പിറ്റേന്ന് ഇയാള്‍ പ്രസ് മീറ്റ് നടത്തി പറയുകയാണ് ഞാനാണ് ഇന്നലെ പറഞ്ഞ ഗുണ്ട സാബുവെന്ന്. ഇന്ന് ക്രൈംബ്രാഞ്ച് ഡി.വൈ.എസ്.പി കത്തെടുക്കാന്‍ വന്നിട്ടുണ്ടായിരുന്നു. അപ്പോഴാണ് അദ്ദേഹം പറഞ്ഞത് ഇങ്ങനെ ഒരു കേസ് ഉണ്ടെന്ന്. അതിന്റെ നടപടികള്‍ ആയി വരുന്നതേ ഉളളൂ. പിന്നീട് വന്ന് സ്റ്റേറ്റ്മെന്റ് എടുക്കാം എന്നുപറഞ്ഞ് അവര്‍ പോയി.

ഭീഷണിക്കത്തും വന്നിരുന്നല്ലേ, പെണ്‍കുട്ടിക്ക് ഭീഷണിയുണ്ടായിരുന്നോ?

ഭീഷണിക്കത്ത് എനിക്കാണ് വന്നത്. ചാട്ടക്കാരി നിന്റെ ചാട്ടം നിര്‍ത്തിക്കോ എന്ന് പറഞ്ഞാണ് കത്ത് തുടങ്ങുന്നത്. കാല്‍ വെട്ടും കൈവെട്ടും ഭര്‍ത്താവിനെ വണ്ടിയിടിപ്പിച്ചുകൊല്ലും തുടങ്ങിയ ഭീഷണികള്‍ അങ്ങേയറ്റം മോശം ഭാഷ..പൂങ്കുഴലിക്കെതിരേ എന്തുവേണമെങ്കിലും ചെയ്തോ സി.ഐ.നെ തൊട്ടുകളിക്കാന്‍ പാടില്ല എന്നൊക്കെയായിരുന്നു കത്തില്‍. പരസ്യപ്പെടുത്താന്‍ കഴിയാത്ത രീതിയിലുളള പല രീതിയിലുളള കോളുകളും വരുന്നുണ്ട്.

ശാസ്ത്രീയ തെളിവുകള്‍ ഇല്ലെന്നാണ് പോലീസ് കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കിയത്?

കേസ് കൊടുത്ത് പുരോഗതി ഒന്നും കാണാതിരുന്നപ്പോള്‍ മുഖ്യമന്ത്രിക്ക് പരാതി കൊടുത്തിരുന്നുവല്ലോ. കേസിന്റെ പുരോഗതി അറിയുന്നതിന് വേണ്ടി കോടതിയിലും ഒരു റിട്ട് കൊടുത്തിട്ടുണ്ടായിരുന്നു. കോടതി പോലീസിനോട് റിപ്പോര്‍ട്ട് ചോദിച്ചിരുന്നു. 15 ദിവസത്തിനുളളില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ്‌ ആവശ്യപ്പെട്ടത്. പൂങ്കുഴലി മാഡം രണ്ടുമാസം ആയിട്ടും അത് സമര്‍പ്പിച്ചിരുന്നില്ല. പത്രസമ്മേളനം നടത്തിയതിന് ശേഷം വീണ്ടും കോടതിയില്‍ നിന്ന് സമ്മര്‍ദം ഉണ്ടായതോടെയാണ് ഈ മാസം അവര്‍ ജൂലായ് ആദ്യവാരത്തില്‍ അവര്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നത്. പൂങ്കുഴലി സമര്‍പ്പിച്ച റിപ്പോര്‍ട്ട് ഇരയെ പരസ്യമായി അധിക്ഷേപിക്കുന്ന തരത്തിലുളള റിപ്പോര്‍ട്ടാണ്. സാക്ഷികളുടെ മൊഴി എടുത്തിട്ടില്ല, മെഡിക്കല്‍ ടെസ്റ്റിന് പോയപ്പോള്‍ പ്രതി അവിടെ വന്നതിന്റെ തെളിവുകള്‍ ശേഖരിച്ചിട്ടില്ല. കോടതിയെ തെറ്റിദ്ധരിപ്പിക്കുന്ന റിപ്പോര്‍ട്ടാണ് അവര്‍ ഹൈക്കോടതിയില്‍ സമര്‍പ്പിച്ചത്.

പ്രസ്മീറ്റില്‍ ഞാന്‍ പൂങ്കുഴലിക്കെതിരായി സംസാരിച്ചു സ്വാഭാവികമായും അവര്‍ക്ക് പ്രതിയുടെ ഭാഗത്ത് നിന്നുകൊണ്ട് റിപ്പോര്‍ട്ട് കൊടുക്കാന്‍ പറ്റൂ. നാലുമാസമായിട്ടും പ്രതിയെ ചോദ്യം ചെയ്യാന്‍ കിട്ടിയിട്ടില്ല ഒളിവിലാണെന്നാണ് പറയുന്നത്. എന്നാല്‍ പ്രതിയുടെ ആള്‍ക്കാര്‍ നടത്തിയ പ്രസ്മീറ്റില്‍ പറയുന്നുണ്ട് അവര്‍ പ്രതിയെ എവിടെ വേണമെങ്കിലും എത്തിക്കാന്‍ തയ്യാറാണെന്ന്. അതുപോലെ ഹോസ്പിറ്റലിലെ കേസിന് വിശദീകരണം നല്‍കിയിരിക്കുന്നത് ടവര്‍ ലൊക്കേഷന്‍ ചെക്ക് ചെയ്തു അപ്പോള്‍ അഞ്ച്കിലോമീറ്റര്‍ അകലെയാണെന്നാണ് കണ്ടെത്തിയതെന്നാണ്. ഒരാളെ ഭീഷണിപ്പെടുത്താന്‍ വരുമ്പോള്‍ മൊബൈല്‍ ഫോണ്‍ കൊണ്ടുവരണമെന്നുണ്ടോ? ആശുപത്രിക്കകത്ത് സിസിടിവിയുണ്ട്, രജിസ്റ്ററുണ്ട്. കോവിഡ് കാലമായതുകൊണ്ട് രജിസ്റ്ററില്‍ പേരുചേര്‍ക്കാതെ കേറാന്‍ പറ്റത്തില്ല. അതൊന്നും പരിശോധിക്കുന്നില്ല. 

ശാസ്ത്രീയ തെളിവുകളില്ലെന്ന് പോലീസ് പറയുമ്പോള്‍ ശരീരത്തിലെ മുറിവുകള്‍ കണ്ടെത്താന്‍ പറ്റത്തില്ലായിരിക്കും. അത് ഞങ്ങളും അംഗീകരിക്കുന്നു. വൈദ്യപരിശോധനയില്‍ ഒന്നും കിട്ടാനില്ല. 2020-ല്‍ സാബു എന്ന വ്യക്തി എന്തിനാണ് അര്‍ദ്ധരാത്രി അവിടെ വന്നത്, വന്നതിന്റെ സിസിടിവി ദൃശ്യങ്ങളുണ്ട് പക്ഷേ അത് ശേഖരിക്കുന്നില്ല. ഹോസ്പിറ്റലില്‍ വെച്ച് ഭീഷണിപ്പെടുത്തിയപ്പോള്‍ ഉടന്‍ റിപ്പോര്‍ട്ട് ചെയ്തതാണ്. അതുപോലും നോക്കാന്‍ പോലീസിന് പറ്റിയില്ല. അതെല്ലാം സ്വാധീനമുളളതുകൊണ്ടാണ്. അഞ്ചുവര്‍ഷം മുമ്പ് നടന്നത് എന്ന് ആരോപിക്കുമ്പോഴും പുളളി വീട്ടില്‍ നിന്ന് ഇറങ്ങിവരുന്നതിന് സാക്ഷികളുണ്ട് പക്ഷേ അവരെ വിസ്തരിച്ചിട്ടില്ല. പെണ്‍കുട്ടിയുടെ വീഡിയോയും ഫോട്ടോകളും എടുത്ത ഫോണ്‍ പരിശോധിക്കണമെന്ന് നമ്മള്‍ ആവശ്യപ്പെടുന്നുണ്ട്. എന്നാല്‍ പ്രതിയുടെ ഫോണ്‍ പിടിച്ചെടുക്കാന്‍ വകുപ്പില്ലെന്നാണ് പറയുന്നത്.

 നിവൃത്തികെട്ടിട്ടാണ് പ്രസ്മീറ്റുമായി മുന്നോട്ടുവരുന്നത്. മുന്നോട്ടിറങ്ങി, പരാതി പോയി, എന്നിട്ടും പുരോഗതിയില്ല. അവര്‍ ചിലപ്പോള്‍ വെച്ചേക്കത്തില്ല. അവരുടെ പശ്ചാത്തലം അങ്ങനെയുളളതാണ്. കാശും സ്വാധീനവും ഉളളവരാണ് അവര്‍.

സിയോന്‍ സഭയില്‍ നിന്ന് പുറത്തുപോയവര്‍ക്കെതിരേ കെട്ടിച്ചമച്ച പരാതിയാണെന്ന് എതിര്‍ സംഘം ആരോപിച്ചിരുന്നു?

സഭ ഇടപെട്ടു എന്നുളളതൊക്കെ അവരുടെ വാദമാണ് നമ്മള്‍ ഒന്നും പറഞ്ഞിട്ടില്ല. ഇക്കാര്യത്തില്‍ ഇടപെടാന്‍ സഭക്ക് താല്പര്യമുണ്ടായിരുന്നില്ല. പത്രസമ്മേളനത്തിന് ശേഷമാണ് സഭ കുറച്ച് ഇന്‍വോള്‍വ് ആയത്.

തിരിച്ചടികളെ അവഗണിച്ച് നിയമനടപടികളുമായി മുന്നോട്ടുപോകാന്‍ തന്നെയാണ് തീരുമാനം?

ഒരു ക്രൈം നടന്നിട്ടുണ്ട്. അത് എത്ര വര്‍ഷം കഴിഞ്ഞാലും ക്രൈം തന്നെയാണ് ഞാന്‍ ഒരാളെ കരിവാരിത്തേക്കാന്‍ ഇറങ്ങിത്തിരിച്ചെന്ന രീതിയിലാണ് പലരും പറയുന്നത്. അതിനാല്‍ ഇത് തെളിയിക്കുക എന്നുളളത് എന്റെ 'പ്രസ്റ്റീജ് ഇഷ്യു' ആയി മാറിയിരിക്കുകയാണ്. നിയമനടപടികളുമായി മുന്നോട്ടുപോകണം. പ്രതികള്‍ നിസ്സാരക്കാര്‍ അല്ലാത്തതിനാല്‍ അടങ്ങിയിരിക്കില്ല എന്ന് അറിയാമായിരുന്നു.

എസ്പിക്കെതിരേ കൂടിയല്ലേ സംസാരിച്ചിരിക്കുന്നത്. പെൺകുട്ടിയും  പ്രതിയും തമ്മില്‍ നിയമവ്യവഹാരങ്ങള്‍ നടക്കുന്നതായി എസ്പി ഒരു മാധ്യമത്തോട് പറഞ്ഞിരുന്നു ആ കുട്ടി ആദ്യമായി പോലീസ് സ്റ്റേഷനില്‍ കയറുന്നത് പോലും ഈ കേസിന്റെ പേരിലാണ്. അതില്‍ നിന്ന് തന്നെ വ്യക്തമല്ലേ പ്രതിക്ക് അവര്‍ നല്‍കുന്ന പിന്തുണ.

നാലുമാസം കൊണ്ട് കേസ് മുങ്ങിപ്പോകുമെന്നാണ് അവര്‍ കരുതിയിരുന്നത്. അതിനാല്‍ തന്നെ കേസുമായി മുന്നോട്ടുവരുമ്പോള്‍ എന്തെങ്കിലും രീതിയില്‍ ആക്രമണം ഉണ്ടാകുമെന്ന് പ്രതീക്ഷിച്ചിരുന്നു. കേരളത്തില്‍ തന്നെ ആദ്യമായിട്ടായിരിക്കും പ്രതിക്ക് വേണ്ടി ഒരുസംഘം പത്രസമ്മേളനം വിളിക്കുന്നത്. പത്രസമ്മേളനത്തില്‍ പങ്കെടുത്ത അഞ്ചുപേരും പ്രതിയേക്കാള്‍ സമ്പന്നരാണ്. വലിയ സ്വാധീനമുള്ളവരാണ് അതിലൊരാള്‍ അഭിഭാഷകനാണ്.

ഏതായാലും ക്രൈംബ്രാഞ്ചിനെ ഏല്‍പ്പിച്ച ശേഷം അന്വേഷണം നല്ല രീതിയിലാണ് മുന്നോട്ടുപോകുന്നത്. ഞങ്ങള്‍ക്ക് പ്രതീക്ഷയുണ്ട്.

പെണ്‍കുട്ടിയുടെ ഇപ്പോഴത്തെ മാനസികാവസ്ഥയെന്താണ്?

വെര്‍ബല്‍ റേപ്പിലൂടെയാണ് അവള്‍ കടന്നുപോകുന്നത്. ഞങ്ങള്‍ പ്രസ്മീറ്റ് നടത്തിയതിന്റെ പിറ്റേന്ന് പ്രതിയുടെ കൂട്ടാളികള്‍ പ്രസ്മീറ്റ് വെച്ച് ആ പെണ്‍കുട്ടിയുടെ ഐഡന്റിറ്റി വെളിപ്പെടുത്തി. ഭര്‍ത്താവിനും വളരെ കുറച്ചുപേര്‍ക്കും മാത്രമേ ഇതേ കുറിച്ച് അറിയുമായിരുന്നുളളൂ. എന്നാല്‍ ഇതോടെ കാര്യങ്ങള്‍ കൂടുതല്‍ പേര്‍ അറിഞ്ഞു. വീട്ടുകാരേയും നാട്ടുകാരേയും എല്ലാം അഭിമുഖീകരിക്കുന്നത് ബുദ്ധിമുട്ടായിരുന്നു. എല്ലാവരും ഒരുപോലെ ആയിരിക്കണമെന്നില്ലല്ലോ.. പെണ്‍കുട്ടി അധ്യാപികയായി ജോലി ചെയ്തിരുന്നതാണ്..പക്ഷേ ഇതിനുശേഷം അവള്‍ ജോലിക്ക് പോയിട്ടില്ല. ഭര്‍ത്താവ് സര്‍ക്കാരുദ്യോഗസ്ഥനാണ് അദ്ദേഹവും ജോലി രാജിവെക്കേണ്ട സ്ഥിതിയിലെത്തിയിരിക്കുകയാണ്. സ്വന്തം ജീവിതം ഇല്ലാതാക്കി അവര്‍ ഏതെങ്കിലും സഭയ്ക്ക് വേണ്ടി നില്‍ക്കുമോ എന്ന് ചിന്തിച്ചാല്‍ മതി. കേസില്‍ ജയിച്ചാല്‍ പോലും അവര്‍ക്ക് ഈ സമൂഹത്തില്‍ ജീവിക്കുക എളുപ്പമായിരിക്കില്ല.

Content Highlights: Mayookha Johny's Special Interview over rape allegation against Chungath Johnson