തീപ്പൊരി പോലെയാണ് തീസ്ത സെതിൽവാദ് സംസാരിക്കുന്നത്. അതിൽ താക്കീതിന്റെയും മുന്നറിയിപ്പിന്റെയും സ്വരമുണ്ട്. കോഴിക്കോട്ടെത്തിയ അവർ രാജ്യംനേരിടുന്ന പ്രശ്നങ്ങളെക്കുറിച്ചാണ് ഏറെ സംസാരിച്ചത്. രാജ്യം അപകടങ്ങളുടെ വക്കിലാണെന്നും ഈ പ്രശ്നങ്ങൾ ഓരോ വീടുകളിലേക്കും തേടിയെത്തുമെന്നും അവർ പറയുന്നു. ജനാധിപത്യവും സഹിഷ്ണുതയും നിലനിർത്തേണ്ടത് അതുകൊണ്ടുതന്നെയാണ് എന്നും അവർ വാദിക്കുന്നു.

#ജനാധിപത്യം അപകടത്തിലായി എന്നുപറയുന്നത് എന്തുകൊണ്ടാണ് ?

എത്ര കാരണങ്ങൾ വേണമെങ്കിലുമുണ്ട്. ഈ പരമ്പരയിലെ അവസാനത്തെ ഉദാഹരണം ചൂണ്ടിക്കാട്ടാം. അസമിലെ 40 ലക്ഷംപേർ ഇന്ന് സംശയാസ്പദ വോട്ടർമാരാണ്. ഒരു രാജ്യത്ത് രണ്ടുതരം വോട്ടർമാരും പൗരന്മാരും ഉണ്ടാവുന്നതിൽ കവിഞ്ഞ വെല്ലുവിളി ജനാധിപത്യത്തിന് വേറെന്തുവരാനാണ്?. 10 കള്ളക്കേസുകളാണ് എനിക്കെതിരെയുള്ളത്. ജാമ്യമെടുത്താണ് ഇപ്പോൾ നാടുചുറ്റി ഇതൊക്കെ പറയുന്നത്. എന്റ സന്നദ്ധസംഘടനയെ തകർക്കാൻ നിരവധി ശ്രമങ്ങളുണ്ടായി. എന്നെ നിശബ്ദയാക്കാൻ എന്റെ സംഘടനയെ എതിർക്കുന്നു.

#സമ്പന്നമായ പൈതൃകമുള്ള രാജ്യം പെട്ടെന്ന് വഴിതെറ്റുമോ?

ബുദ്ധിസത്തിന്റെയും ജൈനിസത്തിന്റയും സത്ത ഇന്ന് ആരും ശരിയായായി മനസ്സിലാക്കുന്നുകൂടിയില്ല. ശിവജിയും വിവേകാനന്ദനും കബീറും ഗുരു നാനാക്കും മഹാത്മാഗാന്ധിയും അംബേദ്കറും നാരായണ ഗുരുവും അയ്യങ്കാളിയും സ്വപ്നംകണ്ട ഇന്ത്യ ഇതാണോയെന്ന് ചിന്തിക്കണം. പാഠപുസ്തകങ്ങളിൽപ്പോലും ഇന്ന് ഇവരെക്കുറിച്ച് തെറ്റായ വിവരങ്ങളാണ് നല്കുന്നത്. നമ്മുടെ ശിവജി, അവരുടെ ശിവജിയല്ല എന്ന മട്ടിൽ ചരിത്രപുസ്തകങ്ങൾ തിരുത്തുന്നത് ഛത്രപതി ശിവജിയെ അവഹേളിക്കുന്നതിനുതുല്യമല്ലേ? ഡാങ്കേ 1951- ൽത്തന്നെ ഇതെക്കുറിച്ച് മുന്നറിയിപ്പുനല്കിയിരുന്നു.

#താങ്കളുടെ പ്രവർത്തനങ്ങളെ സ്വയം എങ്ങനെ വിലയിരുത്തും?

ഭരണകൂടത്താൽ നിരന്തരം വേട്ടയാടപ്പെടുന്ന ഒരു വ്യക്തി ,പിന്തുടരപ്പെടുന്ന ഒരുവ്യക്തി നടത്തുന്ന ഒറ്റപ്പെട്ട പ്രതിരോധമെന്ന്.

#ഇന്ത്യ രാഷ്ട്രമെന്നനിലയിൽ സ്വയം ചുരുങ്ങി ‘പ്പോകുകയാണെ’ന്ന് മുമ്പ് താങ്കൾ എഴുതിയിട്ടുണ്ട്. അങ്ങനെ പറയുന്നതെന്തുകൊണ്ടാണ്?

വിദ്യാർഥികൾ, രാഷ്ട്രീയനേതാക്കൾ, അഭിഭാഷകർ, മാധ്യമപ്രവർത്തകർ എന്നിവർക്കൊക്കെ സ്വതന്ത്രമായ ചിന്തയ്ക്കും പ്രവർത്തനത്തിനും സാധിക്കുന്നില്ല. രാഷ്ട്രം മൗലികവാദത്തിലേക്കും മൂല്യരാഹിത്യത്തിലേക്കും പോകുന്നു. സംസ്കാരം, യുക്തിസഹമായ ചിന്ത, ജനാധിപത്യരീതികൾ എന്നിവ പ്രോത്സാഹിപ്പിക്കപ്പെടുന്നില്ല. ഭരണഘടനയുടെ 14, 30, 51 വകുപ്പുകളുടെ ധ്വംസനം, അവകാശങ്ങൾ നിഷേധിക്കൽ ഒക്കെയാണ് കാണുന്നത്. രാഷ്ട്രജീവിതത്തിലേക്ക്്് മനുസ്മൃതിപോലും കൊണ്ടുവരാൻ ശ്രമിക്കുന്നു. എല്ലാ മതവിഭാഗങ്ങൾക്കും തുല്യനീതിയോ അവകാശങ്ങളോ കിട്ടുന്നില്ല. മാനുഷികത വലിയ പ്രതിസന്ധിയിലേക്കാണ് നീങ്ങുന്നത്. ഇങ്ങനെയുള്ള സാഹചര്യത്തിൽ നാം വളരുകയോ വികസിക്കുകയോ ചെയ്യില്ല. സ്വയം ചുരുങ്ങും.

#രാജ്യത്ത് ഏറ്റവും അനീതി അനുഭവിക്കുന്നത് ആരാണ്?

പീഡിതരായ സ്ത്രീകൾ, ദരിദ്ര കർഷകർ, ബംഗാളിലെ കൂലിത്തൊഴിലാളികൾ, മുസ്‌ലിം അഭയാർഥികൾ, പിന്നെ വൻകിട വികസനത്തിന്റെ ഇരകൾ.

#രാജ്യം അപ്രഖ്യാപിത അർധ അടിയന്തരാവസ്ഥയിലാണെന്ന്‌ താങ്കൾ പറയുന്നതിന്റെ അടിസ്ഥാനം?

മാധ്യമങ്ങളുടെയും മാധ്യമപ്രവർത്തകരുടെയും പ്രവർത്തനാന്തരീക്ഷം അപകടരമാവുന്നു. ചിലരെ വധിക്കുന്നു. നിരന്തരം ഭീഷണികൾ നേരിടേണ്ടിവരുന്നു. ജുഡീഷ്യറി കളങ്കരഹിതമല്ലെന്ന് അഭിഭാഷകരും ജഡ്ജിമാരും തന്നെ പത്രസമ്മേളനം നടത്തി പറയുന്നു. അക്കാദമിക് രംഗം അടിമുടിമാറ്റുന്നു. ഭരണനിർവഹണ രംഗം ഇഷ്ടക്കാർക്ക് തീറെഴുതുന്നു. ജനാധിപത്യവും ഉദ്യോഗസ്ഥ സംവിധാനവും ചുരുക്കംപേർക്ക്‌ മാത്രമുള്ളതാവുന്നു. ഇതിനെ അർധഅടിയന്തരാവസ്ഥ എന്നല്ലാതെ മറ്റെന്തു വിളിക്കുമെന്ന് എനിക്കറിയില്ല.