വിവാദങ്ങൾക്കൊടുവിൽ പി.സി. കുട്ടൻപിള്ള വീണ്ടുമെത്തിയിരിക്കുകയാണ് ചിലത് പഠിക്കാനും ചിലത് പഠിപ്പിക്കാനും. ജൂൺ ആദ്യവാരമാണ് 'പി.സി.കുട്ടൻപിളള സ്പീക്കിങ്' എന്ന വീഡിയോയുമായി കേരള പോലീസ് എത്തുന്നത്. സൈബർ ആക്രമണവുമായി ബന്ധപ്പെട്ട പരാതികൾ വർധിച്ചതിന്റെ പശ്ചാത്തലത്തിൽ അല്പം ഹാസ്യം കലർത്തി സോഷ്യൽമീഡിയ ഉപയോഗത്തെ കുറിച്ച് ബോധവൽക്കരണം നൽകുകയായിരുന്നു വീഡിയോയുടെ ലക്ഷ്യം.

എന്നാൽ സദാചാര പോലീസിങ്, സ്ത്രീവിരുദ്ധത എന്നീ ആരോപണങ്ങളെ തുടർന്ന് കുട്ടൻപിള്ള നിർത്തിവെച്ചു. ഒരിടവേളക്ക് ശേഷം കുട്ടൻപിളള തിരിച്ചെത്തിയിരിക്കുകയാണ്. തലയിൽ വെക്കേണ്ട ഹെൽമെറ്റ് കൈയിൽ തൂക്കിയിട്ട് ബൈക്കോടിക്കുന്ന, പോലീസിനെ കാണുമ്പോൾ മാത്രം മാസ്ക് ധരിക്കുന്ന, വാഹനവുമായി റോഡിൽ അഭ്യാസമിറക്കുന്ന കുറച്ചുപേർ ഈ ലോക്ഡൗൺ കാലത്തുമുണ്ട്. ഇത്തവണ കുട്ടൻപിള്ള നോട്ടമിട്ടിരിക്കുന്നത് അവരെയാണ്.

കേരള പോലീസിന്റെ ഫെയ്സ്ബുക്ക് പേജ് നിയന്ത്രിക്കുന്ന സോഷ്യൽ മീഡിയ സെൽ തന്നെയാണ് 'പി.സി.കുട്ടൻപിള്ള സ്പീക്കിങ്' എന്ന പരിപാടിയുടെ അണിയറയിലും പ്രവർത്തിക്കുന്നത്. കുട്ടൻപിള്ളയുടെ സംവിധായകനായ സിവിൽ പോലീസ് ഉദ്യോഗസ്ഥൻ ബി.ടി.അരുൺ ടീംവർക്കിനെ കുറിച്ചും കുട്ടൻപിള്ള അഭിമുഖീകരിച്ച വിവാദങ്ങളെ കുറിച്ചും സംസാരിക്കുന്നു.

എന്താണ് പി.സി. കുട്ടൻപിള്ളയുടെ ഉദ്ദേശ്യം

പി.സി.കുട്ടൻപിള്ളയ്ക്ക് യാതൊരുവിധ ദുരുദ്ദേശ്യങ്ങളുമില്ല. പൊതുജന ബോധവൽക്കരണം, ജനങ്ങൾക്ക് നൽകേണ്ട അറിയിപ്പുകൾ നൽകുക, സമൂഹത്തിലെ മോശം പ്രവണതകളെ ചൂണ്ടിക്കാട്ടി തിരുത്താൻ ശ്രമിക്കുക എന്നിങ്ങനെയുള്ള നല്ല ഉദ്ദേശ്യങ്ങൾ മാത്രമാണ് കുട്ടൻപിള്ളയ്ക്കുള്ളത്.

കുട്ടൻപിള്ളയുടെ എൻട്രിക്ക് പിന്നിൽ

കുട്ടൻപിള്ള പോലുള്ള ശ്രമങ്ങളിലൂടെയാണ് പോലീസ് എന്നും വിജയിച്ചിട്ടുള്ളത്. ഉദാഹരണത്തിന് കേരള പോലീസിന്റെ ഫെയ്സ്ബുക്ക് പേജിന് 15 ലക്ഷം ഫോളേവേഴ്സാണുള്ളത്. മറ്റു സംസ്ഥാനങ്ങളിലെ ഫെയ്സ്ബുക്ക് പേജുമായി താരതമ്യപ്പെടുത്തുകയാണെങ്കിൽ ഒന്നാമതാണ്. ഇത്രയും ഫോളേവേഴ്സിനെ എങ്ങനെ നേടി എന്നുചോദിച്ചാൽ കൃത്യമായി ട്രെൻഡ് ഫോളോ ചെയ്യാൻ ശ്രമിച്ചു എന്നുതന്നെയാണ് അതിന് ഉത്തരം.

2018 മെയ്മാസത്തിലാണ് കേരള പോലീസ് സോഷ്യൽ മീഡിയ സെൽ ആരംഭിക്കുന്നത്. ജനങ്ങൾക്കുളള അറിയിപ്പുകൾ നൽകാനും ബോധവൽക്കരണം നടത്താനും സോഷ്യൽ മീഡിയ എന്ന പ്ലാറ്റ്ഫോം വളരെ നല്ലരീതിയിൽ പ്രയോജനപ്പെടുത്താനാകും എന്നുകണ്ടാണ് സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റ സാറിന്റെയും സോഷ്യൽമീഡിയ സെൽ നോഡൽ ഓഫീസർ എ.ഡി.ജി.പി. മനോജ് എബ്രഹാം സാറിന്റെയും ആശയപ്രകാരം സോഷ്യൽ മീഡിയ സെൽ രൂപീകരിക്കപ്പെട്ടത്.

ലഭിച്ച പ്ലാറ്റ്ഫോമിൽ ജനസൗഹൃദ രീതിയിൽ പോലീസ് ഇടപെട്ടു. ബോധവൽക്കരണങ്ങൾ ജനങ്ങൾക്ക് സ്വീകാര്യമാകുന്ന രീതിയിൽ അവതരിപ്പിക്കാൻ ശ്രമിച്ചു. ട്രെൻഡിന് അനുസരിച്ച് ഞങ്ങൾ മാറ്റം കൊണ്ടുവന്നപ്പോൾ മുതലാണ് കേരള പോലീസിന് സോഷ്യൽ മീഡിയയിൽ ഫോളോവേഴ്സ് കൂടിയത്. അങ്ങനെ ഞങ്ങൾ കൊടുക്കുന്ന ബോധവൽക്കരണ പോസ്റ്റുകൾ ജനങ്ങളിലേക്ക് കൂടുതൽ എത്താൻ തുടങ്ങി. അന്ന് ട്രോളായിരുന്നു ട്രെൻഡ്.

ഇപ്പോൾ ട്രെൻഡ് അർജുൻ എന്ന ഒരു യുട്യൂബർ കൊണ്ടുവന്ന റോസ്റ്റിങ് എന്ന രീതിയാണ്. പക്ഷേ ഞങ്ങൾ കുട്ടൻപിള്ളയിലൂടെ കൊണ്ടുവന്നത് റോസ്റ്റിങ് ആയിരുന്നില്ല, റിയാക്ഷനാണ്. ട്രെൻഡിന് അനുസരിച്ച് നമ്മൾ നിന്നാൽ മാത്രമേ നമ്മൾ കൊടുക്കുന്ന കാര്യങ്ങൾ ശ്രദ്ധിക്കപ്പെടുകയുള്ളൂ. പേജിന് റീച്ച് കൂട്ടുക, യുട്യൂബ് ചാനലിന് സബ്സ്ക്രൈബേഴ്സിനെ കൂട്ടുക എന്നതല്ല ഞങ്ങളുടെ ഉദ്ദേശ്യം.

പോലീസ് ജനങ്ങളിലേക്ക് എത്തിക്കാൻ ആഗ്രഹിക്കുന്ന കാര്യം എത്രയും കൂടുതൽ ആളുകളിലേക്ക് എത്തിക്കാനാകുമോ അതിന് ശ്രമിക്കുക എന്നുള്ളതാണ്. അതിനിടയിലാണ് റോസ്റ്റിങ് ഹിറ്റാകുന്നത്. എന്നാൽ ആ രീതിയിൽ ഒന്നുതുടങ്ങിയാലോ എന്ന ചിന്ത വന്നു. ഇക്കാര്യം നോഡൽഓഫീസറുമായി ചർച്ച ചെയ്തു. സാറിന്റെ അനുമതി ലഭിച്ചതിനെ തുടർന്നാണ് കുട്ടൻപിള്ളയുടെ പ്രവർത്തനങ്ങൾ ആരംഭിക്കുന്നത്.

കുട്ടൻപിള്ള വിഷയങ്ങള്‍​ കണ്ടെത്തുന്നത്

ആശയങ്ങൾക്ക് കേരള പോലീസിന് ഒരു കാലത്തും ദാരിദ്ര്യം ഉണ്ടാകില്ല. സൈബർ മേഖലയെടുത്തു കഴിഞ്ഞാൽ ഒത്തിരി തട്ടിപ്പുകൾ നടക്കുന്നുണ്ട്. തട്ടിപ്പുകളുടെ ശൈലി തന്നെ ഓരോ ദിവസവും മാറിമാറി വരികയാണ്. അതെല്ലാം സൈബർ ഡോമുകൾ, സൈബർ സെല്ലുകൾ അങ്ങനെയുള്ള വിങ്ങുകൾ മനസ്സിലാക്കുന്നുണ്ട്. അത്തരം തട്ടിപ്പുകളിൽ നമ്മുടെ പൊതുജനം വീഴരുത് എന്നാണ് പോലീസ് ആഗ്രഹിക്കുന്നത്. അതിനുവേണ്ടി അവർക്ക് ബോധവൽക്കരണം കൊടുക്കുക എന്നുളളത് പോലീസിന്റെ ഉത്തരവാദിത്തമായിട്ടാണ് കരുതുന്നത്. അങ്ങനെ വരുന്നതിൽ പ്രധാനപ്പെട്ടത് എന്ന് തോന്നുന്നവ കുട്ടൻപിള്ളയിൽ ഉൾപ്പെടുത്താൻ ശ്രമിക്കാറുണ്ട്.

കുട്ടൻപിള്ളയ്ക്കൊപ്പം കട്ടയ്ക്ക് നിൽക്കുന്നവർ

കേരള പോലീസിന്റെ ഫെയ്സ്ബുക്ക് പേജ് നിയന്ത്രിക്കുന്ന സോഷ്യൽ മീഡിയ സെൽ തന്നെയാണ് കുട്ടൻപിള്ളയ്ക്ക് പിന്നിലും. ആശയവും സംവിധാനവും എന്റേതാണ്. ഏകദേശം ആശയമാകുമ്പോൾ മനോജ് എബ്രഹാം സാറിന്റെ അടുത്ത് അവതരിപ്പിക്കും. അദ്ദേഹത്തിന്റെ അനുവാദം ലഭിച്ച ശേഷമാണ് ഞങ്ങൾ വർക്കിലേക്ക് കടക്കുന്നത്.

സിവിൽ പോലീസ് ഓഫീസറായ പി.എസ്. സന്തോഷ് , പി. അഖിൽ, കമൽനാഥ്, വി.എസ്. ബിമല്‍ അതുപോലെത്തന്നെ മനോജ് സാറിന്റെ ഓഫീസിൽ വർക്ക് ചെയ്യുന്ന പി. ശിവകുമാർ  എന്നിവരടങ്ങുന്ന ടീമുമായി ചർച്ച ചെയ്ത് ഏതൊക്കെ സംഭവങ്ങൾ ഉൾപ്പെടുത്തണമെന്ന് നിശ്ചയിക്കും. അതിനനുസരിച്ച് സ്ക്രിപ്റ്റ് തയ്യാറാക്കും.

ബി.ടി.അരുണ്‍ (ഇടത്), ജിബിന്‍ ഗോപിനാഥ്(വലത്)
സംവിധായകന്‍ ബി.ടി.അരുണ്‍ (ഇടത്), കുട്ടന്‍പിള്ളയായി അഭിനയിക്കുന്ന ജിബിന്‍ ഗോപിനാഥ്(വലത്)

കുട്ടൻപിള്ളയായി അഭിനയിക്കുന്നത് തിരുവനന്തപുരം സിറ്റി കൺട്രോൾ റൂമിലെ സിവിൽ പോലീസ് ഉദ്യോഗസ്ഥനായ ജിബിൻ ഗോപിനാഥാണ്. അദ്ദേഹം സിനിമയിലും സീരിയലിലും അഭിനയിച്ചിട്ടുളള ഒരാളാണ്. ക്യാമറ കൈകാര്യം ചെയ്തിരിക്കുന്ന സന്തോഷ് സരസ്വതി സോഷ്യൽ മീഡിയ സെല്ലിലെ പോലീസുകാരനാണ്. ഇതിന്റെ എഡിറ്റിങ്ങും വിഎഫ്എക്സും ചെയ്യുന്നത് സോഷ്യൽ മീഡിയ സെല്ലിലെ വി.എസ്. ബിമല്‍ എന്ന പോലീസുകാരനാണ്. ചുരുക്കിപ്പറഞ്ഞാൽ ഒരു രൂപ പോലും ചെലവാക്കാതെയാണ് ഞങ്ങൾ കുട്ടൻപിള്ളയെ ജനങ്ങൾക്ക് മുന്നിലെത്തിക്കുന്നത്.

എഡിറ്റ് ചെയ്യുന്ന ബിമല്‍ വി.എസ്.(ഇടത്), ക്യാമറ ചെയ്യുന്ന സന്തോഷ് സരസ്വതി (വലത്).
എഡിറ്റ് ചെയ്യുന്ന വി.എസ്. ബിമല്‍ (ഇടത്), ക്യാമറ ചെയ്യുന്ന സന്തോഷ് സരസ്വതി (വലത്).

കുട്ടൻപിള്ള അഭിമുഖീകരിച്ച വിവാദങ്ങളെ കുറിച്ച്

കേരള പോലീസിന്റെ ഒഫീഷ്യൽ യുട്യൂബ് അക്കൗണ്ടിൽ ഫോളോവേഴ്സ് വളരെ കുറവായിരുന്നു. കുട്ടൻപിള്ളയുടെ ആദ്യഭാഗം അപ് ലോഡ് ചെയ്യുന്ന സമയത്ത് ഏകദേശം 9,000 സബ്സ്ക്രൈബേഴ്സ് മാത്രമാണ് ഉണ്ടായിരുന്നത്. ജനങ്ങൾക്ക് ഇൻഫർമേഷനൊപ്പം എന്റർടെയ്ൻമെന്റ് കൂടികൊടുക്കണം എങ്കിലേ അവർ തുടർന്നും ശ്രദ്ധിക്കൂ. ഒരു എപ്പിസോഡിൽ അവസാനിപ്പിക്കുന്ന ഒന്നായിരുന്നില്ല പ്ലാൻ ചെയ്തിരുന്നത്. അതുകൊണ്ട് ആദ്യത്തെ എപ്പിസോഡ് ജനങ്ങളുടെ ശ്രദ്ധ ക്ഷണിക്കുന്ന രീതിയിൽ ചെയ്യാൻ തീരുമാനിച്ചു. പക്ഷേ ഞങ്ങൾക്ക് പോലീസിന്റേതായ ചട്ടക്കൂടിൽനിന്നു മാത്രമേ ചെയ്യാൻ സാധിക്കുകയുള്ളൂ. ഉദാഹരണത്തിന് 'ഹെലൻ ഓഫ് സ്പാർട്ട' എന്ന പേരിൽ ടിക് ടോക്കിൽ അറിയപ്പെടുന്ന ധന്യ, ഫുക്രു എന്നിവരെ വിളിച്ച് അനുവാദം എടുത്തു. ഞങ്ങൾ ചെയ്യാൻ ഉദ്ദേശിക്കുന്നത് ഇങ്ങനെയാണ് എന്നുപറഞ്ഞുകൊണ്ട് അവരുടെ സമ്മതത്തോടുകൂടിയാണ് വീഡിയോ ചെയ്തത്.

കൃത്യമായ സ്ക്രിപ്റ്റോടു കൂടിയാണ് ആദ്യ വീഡിയോ ചെയ്തത് എന്നൊന്നും അവകാശപ്പെടാൻ സാധിക്കില്ല. ഞങ്ങളോടൊപ്പം ക്യാമറാമാൻ ഉണ്ട്. എഡിറ്റ് ചെയ്യാൻ ഉളള ആളുണ്ട്, അഭിനയിക്കാൻ ഞങ്ങളുടെ കൂട്ടത്തിൽ എപ്പോഴും അവൈലബിൾ ആകുന്ന ആൾ ആകണം എന്ന ചിന്തയിൽ നിന്നാണ് ജിബിനിലേക്കെത്തിയത്. ജിബിനെ വിളിച്ചു സംസാരിച്ചു. എത്രയും വേഗം ഷൂട്ട് ചെയ്യാനുള്ള കാര്യങ്ങളിലേക്ക് കടന്നു. ഷൂട്ടിങ് സമയത്ത് ഡയലോഗ് എഴുതിക്കൊടുത്ത് ചെയ്യുകയായിരുന്നു. രണ്ടു ദിവസം കൊണ്ട് പുറത്തിറക്കിയ സംഭവമായിരുന്നു കുട്ടൻപിള്ളയുടെ ആദ്യത്തെ എപ്പിസോഡ്.

ആദ്യ എപ്പിസോഡ് വിവാദമായതോടെ ജിബിനെയാണ് ആളുകൾ ട്രോളിയും വ്യക്തിഹത്യ നടത്തിയും ബോഡി ഷെയ്മിങ് നടത്തിയും ആഘോഷിച്ചത്. ആദ്യ എപ്പിസോഡിന്റെ പൂർണ ഉത്തരവാദിത്തം എനിക്കാണ്. ഞാൻ പറഞ്ഞതിൽ നിന്ന് കൂടുതലായി ജിബിൻ ഒന്നും ചെയ്തിട്ടില്ല. സത്യത്തിൽ നമ്മൾ മനസ്സിൽപോലും ചിന്തിക്കാത്ത കാര്യങ്ങളാണ് വിവാദമായത്.

ആദ്യം ചൂണ്ടിക്കാണിച്ചത് കുട്ടൻപിളള എന്ന ടൈറ്റിൽ ആയിരുന്നു. പോലീസ് എന്നുപറയുമ്പോൾ ചിലരുടെ മനസ്സിൽ ഇപ്പോഴും വരിക കപ്പടാ മീശയുളള ഒരു പോലീസുകാരന്റെ രൂപമാണ്. പഴയ സിനിമകളിൽ കണ്ടിട്ടില്ലേ കോൺസ്റ്റബിളിന്റെ പേര് മിക്കപ്പോഴും കുട്ടൻപിള്ളയെന്നായിരിക്കും. അത് ജനമനസ്സുകളിൽ കയറിക്കൂടിയ ഒരു ബിംബമാണ്. ആളുകൾക്ക് പരിചയമുള്ള ഒരു ബിംബത്തെ മുന്നിൽ കൊണ്ടുനിർത്തുന്നതായിരിക്കും പരിചയമില്ലാത്ത ഒരാളെ നിർത്തുന്നതിനേക്കാൾ നല്ലതെന്ന് തോന്നി. അതുകൊണ്ടാണ് അവരുടെ മനസ്സിലുള്ള ആളെ മുന്നിൽകൊണ്ട് നിർത്താനായി ആ ടൈറ്റിൽ തന്നെ ഉപയോഗിച്ചത്. അല്ലാതെ മറ്റൊരു ലക്ഷ്യവും ആ പേരിന് പിന്നിൽ ഉണ്ടായിരുന്നില്ല. കുട്ടൻപിള്ള എന്നുകേൾക്കുമ്പോൾ, ആ രൂപം കാണുമ്പോൾ ആളുകൾ പെട്ടെന്ന് ആ കഥാപാത്രത്തെ ഉൾക്കൊള്ളും എന്നുകരുതി. അതിൽ പൂർണമായും വിജയിച്ചിട്ടുമുണ്ട്. ഇപ്പോൾ ആ പേരിൽ ആരൊക്കെയോ വേറെ ചാനലുകളും ക്രിയേറ്റ് ചെയ്തിട്ടുണ്ട്. അത് കുട്ടൻപിള്ളയ്ക്ക് ലഭിച്ച സ്വീകാര്യതയെയാണ് കാണിക്കുന്നത്.

സൈബർ ബുള്ളിയിങ്ങിന് പോലീസ് കൂട്ടുനിൽക്കുന്നുവെന്നായിരുന്നു രണ്ടാമത്തെ വിവാദം. സൈബർ ബുള്ളിയിങ്ങിന് പോലീസ് ഒരു തരത്തിലും കൂട്ടുനിൽക്കുന്നില്ല, ഞങ്ങൾ അങ്ങനെ ചിന്തിച്ചിട്ടുമില്ല. സോഷ്യൽ മീഡിയയിൽ ഉപയോഗിക്കുന്ന ഭാഷ സഭ്യമായിരിക്കണം എന്നുപറയാനാണ് ശ്രമിച്ചത്. അതിനുവേണ്ടി ആ സമയത്ത് സോഷ്യൽ മീഡിയയിൽ ചർച്ചയായ വിഷയം തിരഞ്ഞെടുത്തു. വിമർശിച്ചവർ മനഃപൂർവം മറന്ന മറ്റൊരു കാര്യമുണ്ട്. ഞങ്ങൾ ആ കുട്ടിയെ മാത്രമല്ല വിമർശിച്ചത്. ആ കുട്ടിയുടേത് അവർക്കുവന്ന ഒരു കമന്റിനുള്ള മറുപടിയായിരുന്നു. കമന്റിട്ടയാളും മറുപടി പറഞ്ഞയാളും സോഷ്യൽ മീഡിയ സ്വകാര്യ ഇടമല്ലെന്ന് ഓർക്കുക എന്നായിരുന്നു ഞങ്ങൾ പറഞ്ഞത്. പക്ഷേ വിമർശകർ അവർക്ക് വേണ്ടത് മാത്രമെടുത്തു. അതേ വീഡിയോയിൽ കോവിഡ് കാലത്ത് സേവനമനുഷ്ഠിച്ച നഴ്സിന്റെ ഫോട്ടോ കാണിച്ച് അവർക്ക് പോലീസ് സേനയുടെ ഒരു സല്യൂട്ട് കൊടുത്തിരുന്നു. അതു പക്ഷേ ആരും പറഞ്ഞില്ല. വിവാദമായതോടെ പരിപാടി താല്ക്കാലികമായി നിർത്തിവെക്കാനാണ് മേലുദ്യോഗസ്ഥർ ആവശ്യപ്പെട്ടത്.

കുട്ടൻപിള്ളയുടെ രണ്ടാം വരവിന് ലഭിച്ച പ്രതികരണം

കുട്ടൻപിള്ളയുടെ രണ്ടാം ഭാഗത്തിന് ലഭിച്ച പ്രതികരണം പോസിറ്റീവായിരുന്നു. 99 ശതമാനം കമന്റ്സും പോസിറ്റീവാണ്. യുട്യൂബിൽ മാത്രമല്ല ഫെയ്സ്ബുക്കിലും അപ്ലോഡ് ചെയ്തിട്ടുണ്ട്. പക്ഷേ കഴിഞ്ഞ എപ്പിസോഡിൽ നിന്ന് ഭിന്നമായി പോലീസ് എന്ന രീതിയിൽ ബലം പിടിച്ചു കൊണ്ടുള്ള ഒരു വീഡിയോ ആണിത്.

കുട്ടൻപിള്ളയ്ക്ക് സഹപ്രവർത്തകർ നൽകുന്ന പിന്തുണ

പൂർണ പിന്തുയാണ് സഹപ്രവർത്തകർ നൽകുന്നത്. ഇത് നല്ലൊരു പ്ലാറ്റ്‌ഫോമാണ്‌. പല കാര്യങ്ങളും ജനങ്ങളിലേക്കെത്തിക്കാനായി കുട്ടൻപിള്ള എന്ന ഐക്കൺ ഞങ്ങളെ സഹായിക്കുമെന്നാണ് കരുതുന്നത്. ഇപ്പോൾ കുട്ടൻപിള്ളയെ എല്ലാവർക്കും അറിയാം. കേരള പോലീസിന്റെ കുട്ടൻപിളള എന്ന ഈ കഥാപാത്രത്തെ എല്ലാവരിലേക്കും എത്തിക്കാൻ കഴിഞ്ഞു എന്നുള്ളതാണ് ഞങ്ങളുടെ വിജയം.

Content Highlights:Kerala Police's P C Kuttan Pillai youtube video