സിറോ മലബാര്‍ സഭാധ്യക്ഷനും കെ.സി.ബി.സി. പ്രസിഡന്റുമായ കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി മാതൃഭൂമി പ്രതിനിധി ജോസഫ് മാത്യുവിന് അനുവദിച്ച അഭിമുഖത്തില്‍നിന്ന്. സഭാ ആസ്ഥാനമായ കാക്കനാട് സെയ്ന്റ് തോമസ് മൗണ്ടിലായിരുന്നു കൂടിക്കാഴ്ച
? അമ്പതുപേരില്‍ കവിയാതെ ആരാധനാലയങ്ങള്‍ തുറക്കാന്‍ അനുവദിക്കണമെന്ന് ക്രൈസ്തവ സഭകള്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. ഇക്കാര്യത്തില്‍ കേന്ദ്രാനുമതികൂടി ലഭിക്കേണ്ടതുണ്ട്. ജനജീവിതം ഭാഗികമായെങ്കിലും തിരിച്ചുവരുകയാണ്. ഇനിയും ദേവാലയങ്ങള്‍ അടച്ചിടേണ്ടതില്ല എന്നാണോ നിലപാട്
= ആരാധനാലയങ്ങള്‍ തുറന്നാല്‍ ആള്‍ക്കൂട്ടങ്ങള്‍ നിയന്ത്രിക്കാന്‍പറ്റാതെ വരുമോയെന്ന് സര്‍ക്കാരുകള്‍ ചിന്തിക്കുന്നുണ്ടാവും. രോഗത്തിന്റെ സമൂഹവ്യാപനം ഉണ്ടാകുമെന്ന് സര്‍ക്കാര്‍ ഭയക്കുന്നു. എന്നാല്‍, നിബന്ധനകളോടുകൂടിയ ഒരു നിലപാട് സര്‍ക്കാര്‍ എടുക്കണമെന്നാണ് ക്രൈസ്തവ സഭകളുടെ കാഴ്ചപ്പാട്. അമ്പതില്‍ കവിയാത്ത ആളുകളുമായി എല്ലാ മതങ്ങളുടെയും ആരാധനാലയങ്ങള്‍ തുറക്കാന്‍ അനുവദിക്കണം. അപ്പോഴും നിബന്ധനകള്‍ കൃത്യമായി പാലിക്കുകയും വേണം.
? ഇളവുകള്‍ സംബന്ധിച്ച് എന്താണ് സഭ മുന്നോട്ടുവെക്കുന്ന കാഴ്ചപ്പാട്
= കോവിഡ്മൂലം ഇന്ത്യയിലും കേരളത്തിലും മരണം താരതമ്യേന കുറവാണ്. സാഹചര്യങ്ങള്‍ മാറുന്നതനുസരിച്ച് കുറച്ചുകൂടി സുചിന്തിതമായ ഒരു രണ്ടാം നയപരിപാടി ഇക്കാര്യത്തില്‍ വേണം. സംസ്ഥാന സര്‍ക്കാരുകള്‍ക്ക് കുറച്ചുകൂടി സ്വാതന്ത്ര്യം നല്‍കണം. സമൂഹജീവിതത്തെ കഴിവതും സ്വാഭാവികമാക്കി നിയന്ത്രണത്തിനായി ശ്രമിക്കണം. സമൂഹത്തെ 80 ശതമാനമെങ്കിലും സ്വതന്ത്ര വ്യാപാരത്തിന് വിട്ടിട്ട് അതില്‍നിന്ന് എങ്ങനെ രോഗം നിയന്ത്രിക്കാമെന്ന് വിദഗ്ധരുമായി ആലോചിക്കാം. ജനങ്ങള്‍ ജോലിചെയ്താലേ ഇന്ത്യക്ക് സാമ്പത്തിക ഭദ്രത നേടാനാകൂ. കോവിഡ് കാലത്ത് ജനം കൃഷി അഭ്യസിച്ചു. അത് തുടരണം.
? കുര്‍ബാനകള്‍ക്ക് എങ്ങനെ അമ്പതുപേരായി നിയന്ത്രിക്കും
= കുര്‍ബാനകളുടെ എണ്ണം കൂട്ടാം. ഒരു ഞായറാഴ്ച ഒരു വീട്ടില്‍നിന്ന് രണ്ടുപേര്‍ വന്നെങ്കില്‍ അടുത്തയാഴ്ച വേറൊരു വീട്ടില്‍നിന്ന് രണ്ടുപേര്‍ക്ക് വരാം. എന്നാല്‍, ആളുകള്‍ കൂടാനിടയുള്ള പ്രദക്ഷിണങ്ങള്‍, കണ്‍വെന്‍ഷനുകള്‍, പെരുന്നാളുകള്‍ എന്നിവയൊന്നും നടത്തരുത്. കുടുംബകൂട്ടായ്മകള്‍ വഴിയും ആളുകളെ നിയന്ത്രിക്കാം.
?അടച്ചിടല്‍ കാലത്ത് പള്ളികളുടെ വരുമാനം നിലച്ചു. മുന്നോട്ടുപോക്ക് എങ്ങനെയാവും
= ഒന്നോ രണ്ടോ വര്‍ഷം ദാരിദ്ര്യാവസ്ഥയില്‍ കഴിയേണ്ടിവരും. മുണ്ടുമുറുക്കിയുടുക്കണം. ജനങ്ങളുടെ സ്‌തോത്രകാഴ്ചകള്‍ കൊണ്ടാണ് പള്ളികള്‍ നടക്കുന്നത്. അതു ലഭിക്കാതെ വരുമ്പോള്‍... ഇപ്പോഴത്തെ സാഹചര്യത്തില്‍ ചോദിക്കുന്നതുതന്നെ ശരിയല്ല. എന്നാലും വിശ്വാസികള്‍ തരും.
?അംബരചുംബികളായ വലിയ പള്ളികള്‍ കോടികള്‍ മുടക്കിയാണ് പണിയുന്നത്. നിയന്ത്രണങ്ങള്‍ ഉണ്ടാകുമോ
= എല്ലാവിധത്തിലുള്ള ധൂര്‍ത്തും ഒഴിവാക്കണം. സഭ പാവങ്ങളുടേതാണെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ പറയുന്നു. സഭ പാവപ്പെട്ടവളുമാണ്.
സഭ അങ്ങനെയൊരു മുഖമാണ് കൊടുക്കേണ്ടത്. ദരിദ്രരേ നിങ്ങള്‍ ഭാഗ്യവാന്മാര്‍, എന്തെന്നാല്‍ ദൈവരാജ്യം നിങ്ങള്‍ക്കുള്ളത് എന്നാണ് വചനം. എന്തെങ്കിലും സമ്പാദിക്കുന്നത് നമ്മുടെ കഴിവുകൊണ്ട് മാത്രമല്ല. ഒരുവനും ഒറ്റയ്ക്ക് ഒന്നും നേടുന്നില്ല. നമ്മുടെ ആവശ്യങ്ങള്‍ കഴിഞ്ഞുള്ള സമ്പാദ്യങ്ങള്‍ മറ്റുള്ളവര്‍ക്ക് കൊടുക്കണം. അത് ധൂര്‍ത്തിനോ ആഡംബരങ്ങള്‍ക്കോ ഉപയോഗിക്കരുത്. കോടികള്‍ മുടക്കി പള്ളികള്‍ എന്ന ചിന്താഗതി വരുന്നത് ഒരു അച്ചന്റെയോ മെത്രാന്റെയോ ആഗ്രഹം കൊണ്ടല്ല. അവര്‍ക്കും ആഗ്രഹമുണ്ടാകാം. നിഷേധിക്കുന്നില്ല. പക്ഷേ, ഞങ്ങള്‍ക്കൊരു വലിയപള്ളി വേണമെന്ന് ഒരു പൊതുമനസ്സാക്ഷി രൂപപ്പെടുന്നു. ഇതിനെ വിമര്‍ശിക്കുന്നവരുമുണ്ട്. പക്ഷേ, അവരുടെ വിമര്‍ശനം പലപ്പോഴും തീര്‍ത്തും നിഷേധാത്മകമായതിനാല്‍ ഫലം പുറപ്പെടുവിക്കുന്നില്ല. പൊതുവായ മനോഭാവത്തിലുള്ള മാറ്റമാണ് വേണ്ടത്. ആരാധനയ്ക്ക് ഉപകരിക്കുന്ന ഒരു ആലയം മതി. അതേസമയം, ഏതു മതത്തിനായാലും ചരിത്രപ്രാധാന്യമുള്ള സ്ഥലങ്ങളുണ്ട്. അവിടെ വിശ്വാസികള്‍ കൂടുതല്‍ വരാം. അവിടെയൊക്കെ വലിയ ആരാധനാലയങ്ങള്‍ വേണ്ടിവരും. അവ ശില്പഭംഗിയുള്ളതാകാം. അതും വിശ്വാസത്തിന്റെ ഒരു പ്രകാശനമാണ്. പക്ഷേ, എല്ലാ ദേവാലയങ്ങളും അങ്ങനെയാവേണ്ടതില്ല. ഇക്കാര്യത്തില്‍ ഒരു വിവേചനം ഉണ്ടാകണം.
? സഭാധ്യക്ഷന്‍ എന്ന നിലയില്‍ ഇത് പൊതു നിര്‍ദേശമായി നല്‍കാന്‍ കഴിയുമോ
= തീര്‍ച്ചയായും. കോവിഡാനന്തര സഭയ്ക്ക് മാര്‍ഗനിര്‍ദേശം വിവിധ ഘടകങ്ങളില്‍നിന്ന് ഉണ്ടാകും. സഭകളെ സംബന്ധിച്ച് സിനഡുകളില്‍നിന്നും കെ.സി.ബി.സി.യില്‍നിന്നും സി.ബി.സി.ഐ.യില്‍നിന്നും മാര്‍ഗനിര്‍ദേശങ്ങളുണ്ടാകും.
? ലോക്ഡൗണ്‍ കാലത്ത് ആചാരങ്ങളിലും കര്‍ശന നിയന്ത്രണങ്ങള്‍ വന്നു. കുരിശ് വണങ്ങുന്നതു പോലെയുള്ള ചടങ്ങുകളില്‍ നിയന്ത്രണങ്ങള്‍ തുടരുമോ
= ഇത്തരം ആചാരങ്ങള്‍ നടത്തുന്ന രീതിക്ക് വ്യത്യാസങ്ങള്‍ വരുത്താന്‍ സാധിക്കും. കുരിശ് വണങ്ങുന്നത് ഭക്തിയുടെ പ്രകാശനമാണ്. വേണ്ടെന്നു പറയാന്‍ കഴിയില്ല. പക്ഷേ, അനുഷ്ഠാനങ്ങളില്‍ കടന്നുവന്ന അനാവശ്യമായ ആഡംബരസ്വഭാവം ഒഴിവാക്കണം.
? ലോക്ഡൗണ്‍ കാലത്ത് അന്തരിച്ച ഇടുക്കി മുന്‍ മെത്രാന്‍ മാര്‍ മാത്യു ആനിക്കുഴിക്കാട്ടിലിന്റെ ഭൗതികശരീരം പൊതുദര്‍ശനത്തിന് വെക്കാന്‍ ആദ്യം അനുമതി ലഭിച്ചെങ്കിലും പിന്നീട് റദ്ദാക്കി. സഭയുമായി ബന്ധപ്പെട്ട ഗ്രൂപ്പുകളില്‍ സര്‍ക്കാരിനെതിരേ വലിയ വിമര്‍ശനമുണ്ടായല്ലോ
= വിവാദമാക്കിയത് സഭയല്ല. അതിലൊരു രാഷ്ട്രീയസ്വഭാവം വന്നു. ഒരു കാരണവശാലും സര്‍ക്കാരിനെതിരായി പ്രതികരിക്കരുതെന്നാണ് സഭ കൊടുത്ത നിര്‍ദേശം. പൊതുദര്‍ശനത്തിനുള്ള അനുമതി പിന്‍വലിച്ചുവെന്നത് വാസ്തവമാണ്. പക്ഷേ, അതിന്റെപേരില്‍ പ്രതികരിക്കേണ്ടതില്ല. നിയന്ത്രണങ്ങള്‍ക്ക് വിധേയമായി പിതാവിന്റെ ശവസംസ്‌കാരം നടത്തണമെന്നാണ് സഭ നിലപാടെടുത്തത്. അതില്‍ പിഴവുവരരുത്. വന്നാല്‍ അന്തരിച്ച പിതാവിനോടുള്ള അനാദരമായിരിക്കും എന്നാണ് ഞാന്‍ പറഞ്ഞത്. അവരത് പാലിക്കുകയും ചെയ്തു.
? ജനങ്ങളുടെ ജീവല്‍പ്രശ്നങ്ങള്‍ ഇനി സഭയ്ക്ക് കൂടുതല്‍ പരിഗണിക്കേണ്ടിവരില്ലേ
= ഇപ്പോള്‍ത്തന്നെ ഏറെ ചെയ്യുന്നുണ്ട്. രൂപതകള്‍, ഇടവകകള്‍, സമര്‍പ്പിത സമൂഹങ്ങള്‍, സ്ഥാപനങ്ങള്‍ എന്നിവയെല്ലാംകൂടി 30 കോടിയോളം രൂപ കോവിഡുമായി ബന്ധപ്പെട്ട് ചെലവിട്ടുകഴിഞ്ഞു. ഇത് 60-70 കോടി വരെയാകാം. ഇതുകൂടാതെ ഒരു കോടി രൂപ സര്‍ക്കാരിന് നല്‍കി.
? കോവിഡാനന്തര കാലത്ത് ഇപ്പോഴത്തെ സാഹചര്യം പരിഗണിച്ച് വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ഫീസ് ഘടനയില്‍ കുറവുവരുത്താന്‍ സാധ്യതയുണ്ടോ
= ഇന്നത്തെക്കാലത്ത് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ നടത്തണമെങ്കില്‍ പഴയപോലെയുള്ള സൗകര്യങ്ങളോ ശമ്പളമോ പോരാ. വിദ്യാഭ്യാസത്തിന്റെ ചെലവ് മൂന്നുനാല് മടങ്ങ് കൂടി. അപ്പോള്‍ ഫീസും അതുപോലെ വാങ്ങേണ്ടിവരും. പക്ഷേ, സര്‍ക്കാര്‍തന്നെ ഫീസും ശമ്പളവുമൊക്കെ നിശ്ചയിക്കുമ്പോള്‍ അതിനനുസരിച്ച് പ്രവര്‍ത്തിക്കാന്‍ സ്ഥാപനങ്ങള്‍ തയ്യാറാകുന്നുണ്ട്.
അവര്‍ സര്‍ക്കാരുമായി നിരന്തര സമ്പര്‍ക്കത്തിലാണ്. സഭ പൊതുവായ മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കും. പക്ഷേ, സ്ഥാപനങ്ങള്‍ക്ക് ഇക്കാര്യങ്ങളില്‍ സ്വാതന്ത്ര്യമുണ്ട്. നഴ്സുമാര്‍ക്ക് അര്‍ഹമായ ശമ്പളം കൊടുക്കണമെന്ന ധീരമായ നിലപാടാണ് സഭ സ്വീകരിച്ചത്.
Content Highlights: Cardinal Mar George Alencherry Special Interview