കേരള കലാമണ്ഡലത്തില്‍ കഥകളി വേഷത്തില്‍ പെണ്‍കുട്ടികള്‍ക്കും പ്രവേശനം നല്‍കാനുളള ചരിത്രപരമായ തീരുമാനത്തെ കൈയടികളോടെയാണ് ഈ ഈ രംഗത്ത് പ്രവര്‍ത്തിക്കുന്ന സ്ത്രീകള്‍ സ്വീകരിച്ചിരിക്കുന്നത്. ഗുരുകുലസമ്പ്രദായത്തില്‍ പഠിക്കുന്ന ആണ്‍കുട്ടികള്‍ക്കു മാത്രമായിരുന്നു കലാമണ്ഡലത്തില്‍ നേരത്തേ കഥകളിവേഷത്തില്‍ പ്രവേശനം. കഠിനമായ മെയ്യഭ്യാസ ചിട്ടകള്‍ വേണം എന്നതായിരുന്നു പെണ്‍കുട്ടികള്‍ക്ക് പ്രവേശനം നല്‍കാതിരുന്നതിനുളള പ്രധാനകാരണം. (എന്നാല്‍ കഥകളി പഠിക്കണമെന്നാഗ്രഹിച്ച് വിദേശത്തുനിന്നെത്തിയിരുന്ന വനിതകള്‍ക്ക് വേണ്ടി കലാമണ്ഡലം വാതിലുകള്‍ തുറന്നിട്ടിരുന്നു.) കലയില്‍ പുരുഷാധിപത്യമുളള മേഖലയെന്ന് കഥകളിയെ വിശേഷിപ്പിച്ചെങ്കിലും കഥകളിയെ അഭിനിവേശത്തോടെ കണ്ടിരുന്ന ചവറ പാറുക്കുട്ടിയെ പോലുളള കലാകാരികള്‍ ഈ രംഗത്തേക്ക് കടന്നുവന്നു. എന്നാല്‍ സ്ത്രീകള്‍ക്ക് പുരുഷന്മാര്‍ അവതരിപ്പിക്കന്ന തന്മയത്വത്തോടെ കഥകളി അവതരിപ്പിക്കാനാവില്ലെന്ന് അപ്പോഴും ചില വിമര്‍ശനങ്ങള്‍ ഉയര്‍ന്നു. ശാരീരികാധ്വാനം ഏറെ വേണ്ടുന്ന, വസ്ത്രധാരണം സ്ത്രീകള്‍ക്ക് അനുയോജ്യമല്ലാത്ത ചില വേഷങ്ങള്‍ ചൂണ്ടിക്കാട്ടി ഇത് സ്ത്രീക്ക് പറ്റിയ മേഖലയല്ലെന്ന് സ്ഥാപിക്കാനും ശ്രമമുണ്ടായി. പക്ഷേ ഇന്ന് കേരളത്തില്‍ കത്തിയും ചുവന്നതാടിയും അതിമനോഹരമായി ചെയ്യുന്ന കലാകാരികളുടെ ഒരു നീണ്ട നിരതന്നെ ഇന്ന് ഈ രംഗത്തുണ്ട്. 

കലാമണ്ഡലത്തിന്റെ പുതിയ തീരുമാനത്തിന്റെ പശ്ചാത്തലത്തില്‍ മാതൃഭൂമി ഡോട്ട് കോമിനോട് സംസാരിക്കുകയാണ് നാല്‍പതിലേറെ വര്‍ഷമായി ഈ രംഗത്ത് പ്രവര്‍ത്തിക്കുന്ന കഥകളി കലാകാരി രഞ്ജിനി കിഴക്കേ പിഷാരം. അഭിനിവേശത്തോടെ കഥകളിയെ സമീപിക്കുന്ന ഓരോ സ്ത്രീയേയും അംഗീകരിക്കുന്നതാണ് കലാമണ്ഡലം ഭരണസമിതിയുടെ തീരുമാനമെന്ന് രഞ്ജിനി ചൂണ്ടിക്കാട്ടുന്നു. 

കലാമണ്ഡലത്തില്‍ കഥകളി വേഷത്തിന് പെണ്‍കുട്ടികള്‍ക്ക് പ്രവേശനം നല്‍കാനുളള തീരുമാനമാണല്ലോ കേരള കലാമണ്ഡലം എടുത്തിരിക്കുന്നത്. ചരിത്രപരമായ ഈ നയമാറ്റത്തെ എങ്ങനെയാണ് നോക്കിക്കാണുന്നത്?  

വളരെയധികം ശുഭപ്രതീക്ഷ നല്‍കുന്ന തീരുമാനമാണിത്. ഇത് നേരത്തേ തന്നെ ആവണം എന്ന് മോഹിച്ചിരുന്ന ഒരാളാണ് ഞാന്‍. കാരണം പല പെണ്‍കുട്ടികളും കഥകളിയിലേക്ക് കടന്നുവരുന്ന കാലഘട്ടമാണ്. പഴയകാലഘട്ടത്തിന്റെ പശ്ചാത്തലത്തില്‍ നിന്ന് ചിന്തിക്കാതെ കാലഘട്ടം മാറുന്നതിനനുസരിച്ച് ചിന്തിച്ച് വളരെമുമ്പ് തന്നെ ആവാമായിരുന്ന ഒരു തീരുമാനമാണ്.

പെണ്‍കുട്ടികള്‍ക്ക് പ്രവേശനം നല്‍കാതിരിക്കുന്നതിന് പിന്നില്‍ ഉഴിച്ചിലുകളെ കുറിച്ചും മറ്റും പല പല ന്യായങ്ങള്‍ പറഞ്ഞിരുന്നു. ഉഴിച്ചിലുകള്‍ പുരുഷന്മാര്‍ മാത്രം ചെയ്തുകൊണ്ടിരുന്ന ഒരു കാലഘട്ടമായിരുന്നു അത്. പക്ഷേ ഇന്ന് സ്ത്രീകള്‍ അത് ചെയ്യുന്നുണ്ടല്ലോ, കളരി ഉഴിച്ചിലുകളും അല്ലാത്തതുമെല്ലാം. അതുമാത്രം കാരണമാക്കി മാറ്റിനിര്‍ത്തേണ്ടവരായിരുന്നില്ല സ്ത്രീകള്‍ എന്നാണ് എന്റെ ഒരുപക്ഷം. പിന്നെ അഭ്യസനത്തിന്റെ ബുദ്ധിമുട്ടുകള്‍ സ്ത്രീ ആണെങ്കിലും പുരുഷനാണെങ്കിലും ഒരുപോലെ ഏറ്റെടുക്കാന്‍ തയ്യാറായിട്ടാകുമല്ലോ പഠിക്കാന്‍ വരിക. അതുകൊണ്ടുതന്നെ വളരെ പ്രതീക്ഷയോടെയാണ് ഈ മാറ്റത്തെ ഞാന്‍ കാണുന്നത്. എന്നെ സംബന്ധിച്ച് അഞ്ചുവയസ്സില്‍ കഥകളി അഭ്യസിക്കാന്‍ തുടങ്ങിയതാണ്. 40വര്‍ഷത്തിലേറെയായി ഈ രംഗത്ത് പ്രവര്‍ത്തിക്കുന്നുണ്ട്. ഒരു സ്ഥാപനത്തില്‍ പഠിച്ചിരുന്നെങ്കില്‍ എന്ന് എപ്പോഴെങ്കിലുമൊക്കെ ആലോചിക്കാനുളള സാഹചര്യം ജീവിതത്തില്‍ ഉണ്ടായിട്ടുമുണ്ട്. ചിട്ടയായ അഭ്യസനം കൊണ്ട് നന്നായി പ്രവര്‍ത്തിക്കാന്‍ സാധിക്കുന്ന കലാകാരന്മാരും കലാകാരികളും കഥകളി പോലുളള കലാരൂപത്തില്‍ ഉണ്ടാകേണ്ടത് വളരെ അത്യാവശ്യമാണ്. അതുകൊണ്ടുതന്നെ ചരിത്രപരമായ ഈ തീരുമാനം, സ്ത്രീകളെ അംഗീകരിക്കുന്ന ഒരു തീരുമാനം... ഒരുപാട് സന്തോഷത്തോടെ ഞാന്‍ കൈയടിക്കുകയാണ്. 

Renjini
Photo Courtesy: Shiva Prasad 

പെണ്‍കുട്ടികള്‍ക്ക് പ്രവേശനം നിഷേധിക്കാന്‍ ഉഴിച്ചിലുകള്‍ ഉള്‍പ്പടെയുളള അഭ്യസനരീതികള്‍ മാത്രമായിരുന്നോ കാരണം?

കാരണങ്ങള്‍ മുഴുവനായി പറയാന്‍ എനിക്കറിയില്ല. പറഞ്ഞുകേട്ടിരുന്ന കാരണങ്ങളില്‍ ഒന്ന് കര്‍ക്കശമായ അഭ്യസനരീതികളും അതുപോലെ അതിന്റെ ആഹാര്യത്തിലുണ്ടാകുന്ന ബുദ്ധിമുട്ടുകളുകളുമാണ്. പിന്നെ പണ്ടുകാലങ്ങളില്‍ കഥകളി നടന്നിരുന്ന സ്ഥലങ്ങള്‍ സംബന്ധിച്ച ബുദ്ധിമുട്ടുകളെല്ലാം ഉളളില്‍ കണ്ടുകൊണ്ടായിരിക്കണം കഥകളി ആണ്‍കുട്ടികള്‍ക്ക് മാത്രം എന്ന ഒരു വിവേചനം അന്നുവെച്ചിരുന്നത് എന്നാണ് എന്റെ ഒരുപക്ഷം. അന്നത്തെ ഒരു സാമൂഹിക സ്ഥിതി അങ്ങനെയായിരുന്നുവെന്നും പറയേണ്ടിവരും. അതില്‍നിന്ന് ഒരുപാട് മാറ്റം നമ്മുടെ സമൂഹത്തില്‍ വന്നു. സ്ത്രീകളെ അംഗീകരിക്കുന്ന കാലഘട്ടമെത്തി. എല്ലാ മേഖലകളിലും സ്ത്രീകളുടെ ചുവട് ഉറപ്പിക്കാന്‍ സാധിക്കുന്ന കാലഘട്ടത്തിലെത്തുമ്പോള്‍ അന്നുപറഞ്ഞിരുന്ന പല വിവേചനങ്ങള്‍ക്കും ഒരു മറുപടി ഉണ്ടായി എന്നുളളതാണ്. 

ഉഴിച്ചിലായാലും കഥകളി നടക്കുന്ന സ്ഥലങ്ങളായാലും യാത്രകളിലെ പ്രയാസങ്ങളായും ഒരുപാട് മാറ്റങ്ങള്‍ വന്നു. പിന്നെ കഥകളി ഒരു അഭിനിവേശമായി കൈക്കൊണ്ട് നടക്കുന്ന സ്ത്രീകളുടെ എണ്ണം കൂടുകയും ചെയ്തു. ധാരാളം പെണ്‍കുട്ടികള്‍ കഥകളി അഭ്യസിക്കുന്ന സാഹചര്യം ഉണ്ടായിവന്നു. അപ്പോള്‍തന്നെ ഇതില്‍ ഒരുമാറ്റം ഉണ്ടായി. കലാമണ്ഡലത്തിന്റെ ഈ തീരുമാനം വൈകിയിട്ടില്ലെന്ന് തന്നെ ആശ്വസിക്കാം. അതിലെ കാരണങ്ങളെല്ലാം മറികടക്കപ്പെട്ടു എന്നുളളതാണ് ഇപ്പോള്‍ ഈ തീരുമാനത്തിലെത്തിനില്‍ക്കുമ്പോള്‍ എനിക്ക് തോന്നുന്നത്.

പുരുഷന്മാര്‍ ചെയ്യുന്ന അതേ തന്മയത്വത്തോടെ സ്ത്രീകള്‍ക്ക് ഈ കലാരൂപം അവതരിപ്പിക്കാന്‍ ആകില്ല  എന്ന വിമര്‍ശനത്തെ എങ്ങനെയാണ് നോക്കിക്കാണുന്നത്?

പുരുഷന്മാര്‍ സ്ത്രീവേഷം കെട്ടുമ്പോള്‍ അത് ഗംഭീരമാണെന്ന് പറയുമല്ലോ, തന്മയീഭാവം തിരിച്ചും ആയിക്കൂടെ. സ്ത്രീകള്‍ക്കും ആ തന്മയീഭാവത്തിലേക്കെത്താമല്ലോ. ഒരുഭാഗം ശരി, ഒരുഭാഗം തെറ്റ് എന്ന് പറയുന്നതിനോട് യോജിക്കാന്‍ എനിക്ക് പ്രയാസമുണ്ട്. സ്ത്രീയെ സംബന്ധിച്ച് ചിട്ടയായ അഭ്യസനത്തിന് അവസരമില്ല.ഞങ്ങള്‍ എല്ലാവരും പഠിച്ചത് ഏതെങ്കിലും ഒരു ഗുരുനാഥന്റെ കീഴില്‍ അവരുടെ സൗകര്യാര്‍ഥം നമ്മുടെ സൗകര്യാര്‍ഥം കിട്ടുന്ന അവസരങ്ങള്‍ വിനിയോഗിച്ച് പഠിക്കുക എന്നുളള രീതിയാണ്. എന്നെ സംബന്ധിച്ച് കുറച്ചുകൂടി എളുപ്പമായിരുന്നു. അച്ഛന്‍ വൈക്കം കരുണാകരന്‍ കഥകളി അധ്യാപകന്‍ ആയിരുന്നതുകൊണ്ട് ഭേദപ്പെട്ട അഭ്യസനത്തിനുളള അവസരം ലഭിച്ചു. നല്ല അഭ്യസനം ലഭിക്കുക എന്നുളളത് കഥകളിയുടെ പ്രവൃത്തിയില്‍ പ്രധാനപ്പെട്ട ഒരു ഘടകം തന്നെയാണ്. 

പുരുഷന്മാര്‍ ആയിട്ടുളള ഗുരുനാഥന്മാര്‍ ആയിക്കോട്ടെ സഹപ്രവര്‍ത്തരായിക്കോട്ടെ, ഒരു ദിവസം നരകാസുരന്‍, ഒരു ദിവസം രാവണന്‍, ഒരു ദിവസം ദുര്യോധനന്‍ തുടങ്ങി എല്ലാ ദിവസവും വേഷം കെട്ടിപോകാന്‍ അവര്‍ക്ക് പറ്റും. അവര്‍ക്ക് കിട്ടിയിരിക്കുന്ന ശാരീരികമായ അഭ്യസനം അവര്‍ക്ക് ഗുണം ചെയ്യും. ഒരു സ്ത്രീയെ സംബന്ധിച്ചിടത്തോളം രണ്ടുമൂന്ന് ദിവസം അടുപ്പിച്ച് പറ്റുമായിരിക്കും. പക്ഷേ പിന്നെ ശാരീരികമായ പ്രയാസം നേരിട്ട് തുടങ്ങും. അഭ്യസനത്തിന്റെ വ്യത്യാസം കൊണ്ടാണത്. ചെയ്യുന്ന പ്രവൃത്തിയില്‍ എനിക്ക് വലിയ വ്യത്യാസം കാണാന്‍ സാധിച്ചിട്ടില്ല. നിങ്ങള്‍ പുരുഷന്മാരില്‍ നിന്ന് വ്യത്യാസമായിട്ടാണ് കളിക്കുന്നതെന്ന് എന്നോടാരും പറഞ്ഞിട്ടില്ല. പല കുട്ടികളും കളിക്കുന്നത് കണ്ട് പലപ്പോഴും അത്ഭുതപ്പെട്ട് നില്‍ക്കുന്ന സ്ഥിതിയുണ്ടായിട്ടുണ്ട്. കഥകളി അഭ്യസിക്കുന്ന എല്ലാവരും ഒരേപോലെ ഭംഗിയായിട്ടാണോ ചെയ്യുക, ആയിരിക്കില്ല. പലര്‍ക്കും പല രീതികളുണ്ട്. ചിലര്‍ക്ക് ചില വേഷങ്ങള്‍ നല്ലത്, ചില വേഷങ്ങള്‍ അത്ര പോര എന്ന് നമുക്ക് തന്നെ തോന്നും. അതുപോലെ തന്നെയാണ് സ്ത്രീകള്‍ ചിലര്‍ക്ക് സ്ത്രീ വേഷങ്ങള്‍ ഇണങ്ങും ചിലര്‍ക്ക് പുരുഷ വേഷങ്ങള്‍ ഇണങ്ങും നല്ല പ്രവര്‍ത്തനത്തിന് പ്രാപ്തിയായിട്ടുളള കലാകാരികളുണ്ട്. പണ്ടും ഉണ്ടായിട്ടുണ്ട്. ഇപ്പോഴും ഉണ്ട്, ഇനിയും ഉണ്ടാകും. അങ്ങനെ എന്തെങ്കിലും പറഞ്ഞ് മാറ്റി നിര്‍ത്തുന്നതിനെ ന്യായം പറയല്‍ എന്ന് മാത്രമേ പറയാന്‍ സാധിക്കൂ. 

നാരദന്‍, പരശുരാമന്‍ എന്നീ വേഷങ്ങള്‍ സ്ത്രീകള്‍ക്ക് ചെയ്യാനാവില്ല എന്ന ആക്ഷേപത്തെയെല്ലാം മറികടന്നവരാണ് സ്ത്രീകള്‍

അതേ, അതൊക്കെ മാറ്റിമറിച്ചല്ലോ..എന്തെങ്കിലും കുറ്റംപറയാന്‍ വേണ്ടി ചിലര്‍ കുറ്റം കണ്ടെത്തുമല്ലോ ഇതും അങ്ങനെയാണ്. പരശുരാമനും നാരദനും മാത്രമാണോ കഥകളിയിലെ പ്രധാനവേഷങ്ങള്‍. കഥകളിയില്‍ എത്രയോ പ്രധാനവേഷങ്ങള്‍ സ്ത്രീകള്‍ കെട്ടിയാടുന്നു, ഭംഗിയായി അവതരിപ്പിക്കുന്നു. മാറ്റി നിര്‍ത്തപ്പെടാന്‍ സാധിക്കാത്ത രീതിയില്‍ അവതരിപ്പിക്കുന്നുണ്ട്. പല കുട്ടികളും ഈ വേഷങ്ങളിലേക്ക് കടന്നുവരികയും വൃത്തിയായ വസ്ത്രധാരണം കൊണ്ട് പഴയരീതിയെ മറികടക്കുകയും ചെയ്തത്, വലിയരീതിയില്‍ മാറ്റം കൊണ്ടുവരാതെ തന്നെ. പരശുരാമന്റെ വേഷം ഉടുത്തുകെട്ടിയ വേഷമായിരുന്നു. അതിന് മാറ്റം വരുത്തിയത് രാമന്‍കുട്ടി ആശാനാണ്. വളരെയധികം അഭ്യാസം വേണ്ട ഒരു വേഷമാണ് അത്. അതിനെ ഭംഗിയാക്കാന്‍ വേണ്ടി സാഹചര്യമനുസരിച്ച് വേഷഭൂഷാദികള്‍ മാറ്റി അതിന് ഒരു സൗന്ദര്യം കൊടുത്തു. അതിന് വലിയ മാറ്റമില്ലാതെ മേല്‍വസ്ത്രം അണിഞ്ഞ് വൃത്തിയായി പെണ്‍കുട്ടികള്‍ അവതരിപ്പിക്കുന്നതില്‍ എനിക്ക് തെറ്റൊന്നും പറയാന്‍ സാധിക്കുന്നില്ല. തെറ്റ് പറയാന്‍ സാധിക്കില്ലെന്നല്ല വളരെ മിടുക്കികളായിട്ടാണ് അവര്‍ ചെയ്യുന്നത്. എനിക്കത്ഭുതമാണ്, സന്തോഷമാണ് മറികടക്കുന്ന ആ സാഹചര്യം. അതാണ് പെണ്‍കുട്ടികള്‍ കഥകളി മേഖലയില്‍കൊണ്ടുവന്ന വിപ്ലവം. 

കളിവിളക്കിന്റെ പ്രഭയില്‍ കളിച്ചിരുന്ന കഥകളിയില്‍ ആധുനിക വെളിച്ച സജ്ജീകരണങ്ങള്‍ വന്നതിനെ എങ്ങനെയാണ് നോക്കിക്കാണുന്നത്? 

കഥകളിയുടെ ആഹാര്യം ശ്രദ്ധിച്ചുകഴിഞ്ഞാല്‍ നമുക്ക് ഒരുകാര്യം മനസ്സിലാകും. മുഖത്തെഴുതുന്ന നിറങ്ങളും അതിന് കൊടുത്തിരിക്കുന്ന വര്‍ണാഭമായിട്ടുളള മറ്റുവസ്തുക്കളും അതെല്ലാം തിളങ്ങണമെങ്കില്‍ കളിവിളക്കിന്റെ വെളിച്ചം തന്നെയാണ് കഥകളിക്ക് അനുയോജ്യം. മറ്റുവെളിച്ചം ഉപയോഗിക്കുമ്പോള്‍ വല്ലാതെ വെളുത്തങ്ങിരിക്കും. കണ്ണിലെ ചുണ്ടപ്പൂ ഇടന്നുതിന്റെ സൗന്ദര്യം എല്ലാം അത്തരം വെളിച്ചത്തില്‍ നഷ്ടമാകും. വെളളവെളിച്ചം അത്ര യോജിക്കുമെന്ന് പറയാന്‍ ഞാന്‍ മുതിരില്ല. മങ്ങിയ വെളിച്ചത്തില്‍ കഥകളി കാണുന്നതിന് ഭയങ്കരസൗന്ദര്യമാണ്. ഇപ്പോഴും നമ്മള്‍ പാരമ്പര്യമായിട്ട് തന്നെ ബാലിപോലുളള വേഷങ്ങള്‍ വരുമ്പോള്‍ പന്തംകൊളുത്തി കുറേക്കൂടി ഒരു പ്രഭ ചൊരിയുന്നില്ലേ, അത് വെളിച്ചമില്ലാഞ്ഞിട്ടല്ല, അതാണ് സൗന്ദര്യം. 

കാറല്‍മണ്ണയില്‍ ഇതെല്ലാം കുറേക്കൂടി ശ്രദ്ധിച്ചുപോകുന്ന ഒരു അരങ്ങാണ്. എന്നെ സംബന്ധിച്ച് അണിയറയില്‍ എനിക്കിപ്പോഴും ആ വലിയ ബള്‍ബേ പറ്റൂ, ട്യൂബ് ലൈറ്റിന്റെ വെളിച്ചത്തില്‍ നിറം മനസ്സിലാകില്ല, പച്ചയും ചുമപ്പും മഞ്ഞയും ഒക്കെ വരുമ്പോള്‍ അതിന്റെ സൗന്ദര്യം വരണമെങ്കില്‍ കുറച്ചുമങ്ങിയ വെളിച്ചം തന്നെയേ ശരിയാകൂ. ഇപ്പോഴും വിളക്കിന്റെ വെളിച്ചത്തില്‍ കളിക്കണം എന്ന് പറഞ്ഞാല്‍ നടക്കുന്ന കാര്യമല്ല. എന്നാലും കഥകളിക്ക് അനുയോജ്യമായിട്ടുളള വെളിച്ചം തന്നെയാണ് വേണ്ടതെന്ന പക്ഷക്കാരിയാണ് ഞാന്‍, എന്നാലേ വേഷത്തിന്റെ സൗന്ദര്യം മനസ്സിലാകൂ. 

.

കഥകളി രംഗത്തേക്കെത്തുന്ന പുരുഷ കലാകാരന്മാര്‍ കുറവാണ്, കലാമണ്ഡലം ഇത്തരം തീരുമാനമെടുത്തതിന് പിന്നില്‍ അതുകൂടി ഒരു ഘടകമാണെന്ന് കേട്ടിരുന്നു. 

ഉപജീവനമാര്‍ഗം എന്ന് പറയുന്നത് വലിയൊരു പ്രശ്‌നമാണ്. 10 പേര്‍ കഥകളി പഠിക്കുന്നു എന്ന് വിചാരിക്കൂ, അതില്‍ ഒന്നോ രണ്ടോ പേര് മുമ്പോട്ട് വരും, അവര്‍ വളര്‍ന്ന് പേരെടുക്കുന്ന കലാകാരന്മാരായി വരികയും അവര്‍ക്ക് കലയില്‍ നിന്നുതന്നെ ഉപജീവനത്തിനുളള ഉപാധി വരികയും ചെയ്യും. പക്ഷേ ബാക്കി എട്ടുപേരുടെ സ്ഥിതി അതായിരിക്കില്ല. അവര്‍ അത്രകണ്ട് ശോഭിക്കില്ല. കഴിവില്ലാത്തതായിരിക്കില്ല അവരുടെ പ്രശ്‌നം. പക്ഷേ അതിനുളള അവസരങ്ങള്‍ അവര്‍ക്കുമുന്നില്‍ സൃഷ്ടിക്കപ്പെടില്ല. അതായത് അഭ്യസിക്കുന്നവര്‍ കുറച്ചുപേരുണ്ടാകും പക്ഷേ പേരെടുക്കപ്പെടുന്നവര്‍ വളരെ ചുരുക്കമേ ഉണ്ടാകൂ.

നമ്മുടെ സാമൂഹികസ്ഥിതിയില്‍ ആണ്‍കുട്ടികളുടെ മുന്നില്‍ വലിയ ചോദ്യചിഹ്നം ഉണ്ട്. കുടുംബം പുലര്‍ത്തണം, അതുകൊണ്ടുതന്നെ ഉപജീവനമാര്‍ഗമായി കാണാന്‍ ബുദ്ധിമുട്ട് നേരിടുന്നവര്‍ ഉണ്ടാകും. വല്ലാത്ത ഇഷ്ടത്തോടെ ഈ മേഖലയില്‍ എത്തിച്ചേരുന്നവരുണ്ടാകും. അവരാണ് പലപ്പോഴും ഇതില്‍ നിലനിന്നുപോകുന്നത്.ആണ്‍കുട്ടികളുടെ എണ്ണം കുറയുന്നുണ്ടോ എന്നൊരു ശങ്ക നമുക്കും തോന്നുന്നുണ്ട്. എന്തുകൊണ്ടാണ് എന്ന് ചോദിച്ചാല്‍, കൂടുതല്‍ വിദ്യാഭ്യാസത്തിന് പ്രധാന്യം കൊടുക്കുന്നതുകൊണ്ടാണോ കുടുംബപശ്ചാത്തലങ്ങളുടെ മാറ്റങ്ങള്‍ കൊണ്ടാണോ, അങ്ങനെയൊക്കെയാകാം. 

അരങ്ങത്ത് എന്ന പോലെ അണിയറയിലും കഥകളിയെ സംബന്ധിച്ചിടത്തോളം സ്ത്രീസാന്നിധ്യം കുറവല്ലേ?

അണിയറയില്‍ സ്ത്രീസാന്നിധ്യം തീരെയില്ല. ചുട്ടിയൊക്കെ പഠിച്ചിരുന്നു ചിലര്‍. ഈ ഉടുത്തുകെട്ടുന്ന ജോലികള്‍ക്കോ, ചമയത്തിനോ ഒന്നും സ്ത്രീകളെ കാണുന്നില്ല എന്നുളളതാണ്. കഥകളിവേഷം നല്ല ചന്തത്തില്‍ ഒരുങ്ങി അരങ്ങത്ത് വരുന്നതിന് അണിയറ കലാകാരന്മാര്‍ക്ക് വലിയ പങ്കുണ്ട്. ആറുമണിക്ക് കളി തുടങ്ങാന്‍ തീരുമാനിച്ചാല്‍ 12 മണിക്ക് സ്ഥലത്തെത്തി, ഓരോരുത്തര്‍ക്ക് വേണ്ടിയുളള വിഭവങ്ങള്‍ മാറ്റിവെച്ച്, ഒരുക്കി പറഞ്ഞയച്ച്, ഇവര്‍ കളി കഴിഞ്ഞ് വന്ന് അഴിച്ചിടുന്ന വേഷം വീണ്ടും അടുക്കി പെറുക്കി വൃത്തിയാക്കി പോകേണ്ട ചുമതലയാണ് അണിയറ പ്രവര്‍ത്തകര്‍ക്ക്. അവരില്ലെങ്കില്‍ കഥകളിയില്‍ ഒന്നുമില്ല.. അവരുടെ സഹായ സഹകരണം കൊണ്ടാണ് ഒരു കലാകാരന് ഭംഗിയായി അരങ്ങത്തെത്താന്‍ പറ്റുന്നത്. സ്ത്രീകള്‍ കടന്നുവരാത്തതിന് ഒരു കാരണം ചിലപ്പോള്‍ ഒട്ടും എളുപ്പമുളള ജോലിയല്ല അത്. അരങ്ങത്ത് കളിക്കുന്നതിനേക്കാള്‍ പ്രയാസമാണ്. 

കഥകളി സംഗീതത്തിലും സ്ത്രീകള്‍ കുറവല്ലേ?

വളരെ ചുരുക്കം പേര് മാത്രമേ കഥകളി സംഗീതം അഭ്യസിച്ച് പാടാന്‍ മുതിര്‍ന്നിട്ടുളളൂ. കഥകള്‍ക്ക് പാടുക എന്ന് പറയുന്നത് ഒട്ടും എളുപ്പമല്ലാത്ത ഒരു ജോലിയാണ്. എല്ലാ കഥകളിലേയും എല്ലാ ശ്ലോകങ്ങളും എല്ലാ പദങ്ങളും കഥകളിവേഷക്കാരന്‍ ചെയ്യുന്ന മുദ്രകളും പഠിച്ചാലേ കഥകളി സംഗീതം പഠിച്ച ആള്‍ക്ക് പാടാനാകൂ.

കഥകളിയുടെ അരങ്ങ് നിയന്ത്രിക്കുന്നത് പൊന്നാനി പാട്ടുകാരനാണ്. കളി തുടങ്ങേണ്ട കൃത്യസമയത്ത് കളി തുടങ്ങുക, കളി വൈകി തുടങ്ങിയാല്‍ ചേങ്ങിലയില്‍ രണ്ടുതട്ടുകൊടുത്ത് ഒന്നുവേഗത്തിലാക്കണം എന്ന് പറയാനുളള, എഡിറ്റ് ചെയ്യാനുളള കഴിവ് പൊന്നാനി സംഗീതജ്ഞനാണ് വേണ്ടത്. അതിനാല്‍ കളരി അഭ്യാസം എന്ന് പറയുന്നത് വളരെ പ്രധാനപ്പെട്ട ഒരു കാര്യമാണ്. കഥയ്‌ക്കൊപ്പം ചൊല്ലി ആടി വന്നാലാണ് വേണ്ട ഭാവങ്ങള്‍ കൊടുക്കാന്‍ സാധിക്കുന്നത്. വേഷങ്ങള്‍ പോലെ കഥകളി സംഗീതത്തെ പാഷനായി എടുത്തിട്ടുളള സ്ത്രീകളാണ് കഥയ്ക്ക് പാടാന്‍ ഇപ്പോഴുളളത്. വനിതാകഥകളി സംഘത്തില്‍ രാത്രി ഒമ്പതുമണി മുതല്‍ രാവിലെ ഒരുമണി വരെ പാടിയിട്ടുളള പെണ്‍കുട്ടികളൊക്കെയുണ്ട്. അതുകൊണ്ട് സ്ത്രീകള്‍ ഈ രംഗത്തെത്തുന്ന കാലഘട്ടം വരില്ലാ എന്ന് പറയാന്‍ സാധിക്കില്ല. ഇപ്പോഴത്തെ സാഹചര്യത്തില്‍ പത്തോപതിനഞ്ചോ പേരില്‍ ഒതുക്കേണ്ടി വരും. ധാരാളം കുട്ടികള്‍ അറിഞ്ഞ് പഠിച്ച് പാടി വരുന്നുണ്ട്. അക്കാര്യത്തില്‍ സംശയമൊന്നുമില്ല. 

.

പുരുഷാധിപത്യമുളള മേഖലയാണ് എന്നാണല്ലോ കഥകളിയെ പറയുന്നത്. നാല്‍പതുവര്‍ഷത്തിലേറെയായി ഈ രംഗത്തുണ്ടല്ലോ, മാറ്റി നിര്‍ത്തപ്പെടുന്ന അനുഭവങ്ങള്‍ ഉണ്ടായിട്ടുണ്ടോ? 

കാലമൊരുപാട് മാറി, എന്റെ അച്ഛന്‍ തന്നെ ഈ പെണ്‍കുട്ടികള്‍ കഥകളി പഠിച്ചിട്ട് എന്താ ചെയ്യാവോ എന്ന് ചിന്തിച്ചിരുന്ന ആളാണ്. പക്ഷേ കളിച്ചുതുടങ്ങിയപ്പോള്‍ ഏതൊരു കുട്ടിയെ അഭ്യസിപ്പിക്കുന്ന പോലെ ഒരുപക്ഷേ കൂടുതല്‍ കാര്‍ക്കശ്യത്തോടെയാണ് അഭ്യസിപ്പിച്ച് തുടങ്ങിയത്. കത്തിവേഷങ്ങളിലെ പാരമ്യത്തില്‍ നില്‍ക്കുന്ന കഥാപാത്രങ്ങള്‍ രംഗത്തവതരിപ്പിക്കാന്‍ പ്രാപ്തയാക്കിയത് എന്റെ ഗുരുനാഥന്മാരാണ്. അവരാരും ഒരു വ്യത്യാസവും എന്നോട് കാണിച്ചിട്ടില്ല. മറിച്ച് നമ്മളില്‍ നിന്ന് ഇവര്‍ ഒരുപാട് പ്രതീക്ഷിക്കുന്നത് പോലെയാണ് എനിക്ക് തോന്നിയിട്ടുളളത്. അതുകൊണ്ടുതന്നെ മാററി നിര്‍ത്തപ്പെടുക എന്ന് പറയുന്നത് എല്ലായിടത്തും പക്ഷപാതികള്‍ ഉണ്ടല്ലോ, ഒരു വേഷം പോലും കാണാതെ അഭിപ്രായം പറയുന്ന നിരവധി പേരെ എനിക്കറിയാം. നമ്മുടേതെന്നല്ല ആരുടേയും കാണില്ല സ്ത്രീകള്‍ കളിച്ചാല്‍ ഇത്രയേ ഉളളൂ എന്ന് പറയുന്നവരുണ്ട്. അതുപോലെ തന്നെ കളി കണ്ട് അഭിപ്രായം മാറ്റിയവരുണ്ട്.

എനിക്കൊരിക്കലും മാറ്റി നിര്‍ത്തിയിട്ടുണ്ട് എന്ന് പറയാന്‍ പറ്റില്ല, അണിയറകളില്‍ നിന്ന് ലഭിക്കുന്ന ഒരു പിന്‍ബലം എന്ന് പറയുന്നത് എന്റെ കൂടെ പ്രവര്‍ത്തിക്കുന്ന കലാകാരന്‍ തന്നെയാണ്, മേളക്കാരനോ, പാട്ടുകാരനോ ആയിക്കോട്ടെ കൂട്ടുവേഷക്കാരനാകട്ടെ. എന്റെ സമപ്രായക്കാര്‍ മുതല്‍ താഴേക്കുളളവരും, തൊട്ടുമുകളിലുളളവരുമായ ആശാന്മാരുടെ നിരതൊട്ട് ഇങ്ങോട്ടെല്ലാവരും അംഗീകരിച്ചുപോന്നിട്ടുളളതാണ്. അതിന് മുമ്പേ ഉളളവര്‍ വലിയ ഗുരുക്കന്മാര്‍ ആണ്. അവര്‍ സംശയിച്ചിട്ടേയുളളൂ, ഇവരിത് മുഴുവനാക്കുമോയെന്ന്. സംശയങ്ങളുടെ കാലഘട്ടത്തില്‍ നിന്നും നമ്മളെ ഒപ്പം കൊണ്ടുപോകാനുളള ഒരു സാഹചര്യത്തിലെത്തി നില്‍ക്കുകയാണ് ഇന്ന്.

പക്ഷേ സ്ത്രീകള്‍ക്ക് അംഗീകാരം നല്‍കേണ്ട സാഹചര്യം വരുമ്പോള്‍ വ്യത്യസ്തമായി ചിന്തിക്കുന്ന ആളുകളുണ്ടെങ്കിലും അംഗീകാരം ലഭിക്കുക എത്ര എളുപ്പമുളള സംഗതിയായി തോന്നിയിട്ടില്ല. കേന്ദ്ര സംഗീത നാടക അക്കാദമി ആയിക്കോട്ടെ, കേരള സംഗീത നാടക അക്കാദമി ആയിക്കോട്ടെ..അതായത് സര്‍ക്കാര്‍ തലത്തിലുളളതോ കലാമണ്ഡം പോലുളളതോ ആയിക്കോട്ടെ അവര്‍ക്ക് നമ്മള്‍ കണ്ണില്‍ പെടുന്നേയുളളൂവെന്നാണ് എന്റെ പക്ഷം. അംഗീകാരങ്ങള്‍ ലഭിക്കുക അത്ര എളുപ്പമല്ല.  അതൊരുപക്ഷേ ഒരുപാട് കാലം അഭ്യസിച്ച് ബുദ്ധിമുട്ടി പ്രവര്‍ത്തിക്കുന്ന ആളുകളെ അവര്‍ കൂടുതല്‍ പരിഗണിക്കുന്നു എന്നുളളതായിരിക്കാം. അതുപോലെ ബുദ്ധിമുട്ടി പഠിച്ച് നിലനില്‍ക്കുന്ന കലാകാരികളെകൂടെ മനസ്സിലാക്കണം എന്നാണ് ഞാന്‍ പറയുക. അങ്ങനെയുളള ഒരു സാഹചര്യത്തില്‍ മാത്രം നമുക്ക് വിഷമം തോന്നും. എന്നെ സംബന്ധിച്ച് കേന്ദ്രസംഗീത നാടക അക്കാദമിയുടെ ഉസതാദ് ബിസമില്ലാഖാന്‍ ഖാന്‍ യുവ പുരസ്‌കാര്‍ ലഭിച്ച നിലവിലെ ഏക വനിതയാണ് ഞാന്‍. അതെങ്ങനെ വന്നു എന്ന കാര്യത്തില്‍ അത്ഭുതമുണ്ട്. അപേക്ഷ കൊടുത്തു, അത് കണക്കാക്കപ്പെട്ടു അപ്പോഴും അവിടെ ഉരുത്തിരിഞ്ഞ ഒരു ചോദ്യം ഇവര്‍ ഒരു സ്ഥാപനത്തില്‍ അഭ്യസിച്ചിട്ടില്ലല്ലോ എന്നായിരുന്നു. പക്ഷേ എങ്ങനെയോ അത് അംഗീകരിച്ചു. പക്ഷേ ചവറ പാറുക്കുട്ടി ജീവിതം മുഴുവന്‍ കഥകളിക്ക് വേണ്ടി ഉഴിഞ്ഞുവെച്ച വനിതയാണ്. അവര്‍ക്ക് വേണ്ട അംഗീകാരം ലഭിച്ചില്ല എന്നത് ഒരു വലിയ വിഷമമാണ്. അവര്‍ക്ക് കേന്ദ്ര സംഗീതനാടക അക്കാദമി അംഗീകാരം ലഭിക്കുന്നതിന് വേണ്ടി ഒരുപാട് ശ്രമിച്ചിരുന്നു. സ്ത്രീകളെ മാറ്റിനിര്‍ത്തുന്ന ഒരു സാഹചര്യം അംഗീകാരങ്ങളുടെ കാര്യം വരുമ്പോള്‍ പലപ്പോഴും ഉണ്ട് എന്ന് പറയേണ്ടിവരും അതല്ലാതെ അരങ്ങത്തോ അണിയറയിലോ അങ്ങനെ ഒരു സാഹചര്യം ഇല്ല 

Renjini
Photo Courtesy: Shiva Prasad 

കഥകളിയില്‍ വിപ്ലവം സൃഷ്ടിച്ച ചവറ പാറുക്കുട്ടിയെല്ലാം വളരെയധികം ബുദ്ധിമുട്ടുകള്‍ നേരിട്ടിട്ടുളളതായി കേട്ടിട്ടുണ്ട്..

പാറുക്കുട്ടി ടീച്ചറെ പോലെ ആരാണ് ഉളളത്. പാറുവമ്മ എന്ന വ്യക്തിത്വം അവര്‍ ഏത് കാലത്താണ് എന്ന് ആലോചിക്കണം ഈ രംഗത്തേക്ക് കടന്നുവന്നത്. ആ കാലത്ത് ടീച്ചറുടെ കൂടെ കളിച്ചിരുന്നവരെല്ലാം പുരുഷന്മാരാണ്, ഒന്നുമൂത്രമൊഴിക്കാന്‍ പോലുമുളള സൗകര്യമുണ്ടായിരുന്നില്ല. കൂടെ എല്ലാം പുരുഷന്മാരാണ് എല്ലാവരും ഒരുപോലെയല്ല. ഒരു കാഴ്ചവസ്തുവായി സ്ത്രീയെ കാണുന്ന അവസ്ഥയായിരുന്നു ആ കാലഘട്ടം. ഒരിക്കല്‍ അവര്‍ അനുഭവിച്ച ബുദ്ധിമുട്ടുകള്‍ എന്നോടുപറഞ്ഞപ്പോള്‍ കണ്ണു നിറഞ്ഞുപോയിട്ടുണ്ട്. അത്രയും വിപ്ലവകരമായി കഥകളിയില്‍ ഒരു വനിത ഇല്ലെന്ന് തന്നെ പറയണം. അവരെപ്പോലെ ഒരാളെ പോലും ഒരു അംഗീകാരം കൊടുക്കാന്‍ സാധിച്ചിട്ടില്ല എന്നത് വലിയ സങ്കടമാണ്. 

അവിടെ നിന്ന് നമ്മുടെ കാലഘട്ടത്തിലേക്ക് വരുമ്പോള്‍ ഞങ്ങള്‍ക്ക് ബുദ്ധിമുട്ടുകളില്ല. സംഘാടകരുടെ ഭാഗത്ത് നിന്നാണെങ്കില്‍പോലും വലിയ സഹകരണമാണ്. ഞാനും ഹരിപ്രിയയുമെല്ലാം പുരുഷന്മാര്‍ക്കൊപ്പം വേഷം കെട്ടാന്‍ പോകുന്നവരാണ് അവരെല്ലാം നമ്മളെ അംഗീകരിച്ചിരിക്കുന്നു. ഞങ്ങളെപ്പോലുളളവര്‍ക്ക് ഇത് ഒരു പ്രൊഫഷന്‍ എന്നതിനേക്കാള്‍ അഭിനിവേശമായി മാറിയിട്ടുളള ആളുകളാണ്. മറ്റെല്ലാം മാററിവെച്ച് കഥകളിയിലേക്ക് ഇറങ്ങി വന്നിട്ടുളളവരാണ്. അതിനാല്‍ ഇതില്‍ നിന്ന് ലഭിക്കുന്നതെല്ലാം ഞങ്ങള്‍ക്ക് അനുഗ്രഹങ്ങളാണ്. 

.

കഥകളിയിലേക്ക് വരുന്ന പെണ്‍കുട്ടികളോട് പറയാനുളളത് എന്താണ്? 

വൈറ്റ്‌കോളര്‍ ജോലിക്ക് പോകുന്നതുപോലെ കഥകളിയിലേക്ക് വരാനാകില്ല. നല്ല ബുദ്ധിമുട്ടാണ് യാത്രകള്‍, കളിസ്ഥലത്തേക്ക് പോകേണ്ട ബുദ്ധിമുട്ടുകളുണ്ട്. പലരും കുടുംബിനികളായിട്ടുളളവരാണ് കുടുംബത്തിന്റെ വലിയ പിന്‍ബലം ഇതിനുണ്ട്. വീട്ടില്‍നിന്ന് ഇട്ടെറിഞ്ഞ് പോകാനാകില്ല. ഏത് ജോലിക്ക് പോകുന്നത് പോലെ ഇതിന് ഒരു സമയനിഷ്ഠയില്ല. ആറുമണക്കാണ് കളിയെങ്കില്‍ വേഷം കെട്ടണമെങ്കില്‍ രാവിലെ ഇറങ്ങണം. ഒരുങ്ങാന്‍ മണിക്കൂറുകള്‍ വേണം. ആറുമണിക്ക് അരങ്ങിലെത്തി കളികഴിഞ്ഞ് ചമയമഴിച്ച് ഭക്ഷണം കഴിച്ച് വീട്ടിലെത്തുമ്പോഴേക്കും ഒരു നേരമാകും. ഇതെല്ലാം മനസ്സിലാക്കി മാത്രമേ ഇതിലേക്ക് ഇറങ്ങാവൂ. എളുപ്പത്തില്‍ വന്ന് ഇലയിട്ട് ഉണ്ണാം എന്ന് ആര് വിചാരിച്ചിട്ടും കാര്യമില്ല. കഥകളിയില്‍ നടക്കില്ല. പ്രൊഫഷനായി സ്വീകരിക്കുമ്പോള്‍ എല്ലാവശങ്ങളും മനസ്സിലാക്കി വരണം. വന്നുകയറി അഞ്ചുകൊല്ലം പഠിച്ചു, ഇറങ്ങി, ഒരു വേഷം കെട്ടി. പക്ഷേ എല്ലാ ദിവസവും കഥകളി കിട്ടും എന്ന് വിചാരിക്കരുത്. അതൊന്നും ഉണ്ടാകില്ല. പ്രൊഫഷണലി പഠിച്ച് കളിക്കുന്ന ആളുകള്‍ക്ക് ലഭിക്കുന്ന കഥകളിയേക്കാള്‍ കുറച്ചേ നമുക്ക് ലഭിക്കൂ. കാരണം അവരുടെ തൊഴില്‍ അതാണ്. നമുക്ക് ഇത് പാഷനാണ്. ഇത്രയും വര്‍ഷമായി ഈ മേഖലയിലെങ്കിലും ഇപ്പോഴും സ്ട്രഗിള്‍ ചെയ്യുകയാണെന്ന് തന്നെ ഞാന്‍ പറയും. 

.

പ്രിയപ്പെട്ട വേഷം 

ഞാന്‍ പുരുഷവേഷം മാത്രം ചെയ്യുന്ന ആളാണ്. ഇഷ്ടം എപ്പോഴും രാവണനോടും ഹനുമാനോടും മാത്രമാണ്. ഞാന്‍ അച്ഛന്റെ മകളാണ്. എന്നുപറഞ്ഞാല്‍ രൂപം കൊണ്ട് കണ്ടാല്‍ അച്ഛന്റെ പോലെ. അച്ഛന്‍ കെട്ടിയ പ്രധാനപ്പെട്ട വേഷങ്ങള്‍ ഹംസം, ഹനുമാന്‍, കൃഷ്ണന്‍ ഇതൊക്കെയാണ് അച്ഛന്റെ പേരെടുത്ത വേഷങ്ങള്‍. അതിലൂടെ സഞ്ചരിച്ച് സഞ്ചരിച്ച് എനിക്ക് കത്തി വേഷങ്ങളോട് വല്ലാത്ത ആരാധനയായി. അതില്‍തന്നെ രാവണനോട് വലിയ പ്രണയമാണ്. എന്താണെന്ന് എനിക്കറിയില്ല. ആ കഥാപാത്രത്തിന്റ ഏതൊക്കെയോ സ്വഭാവ സവിശേഷതകള്‍ എനിക്കുണ്ട് എന്നൊക്കെയുളള വലിയ വിചാരങ്ങളാണ് മനസ്സില്‍. എല്ലാം ബുദ്ധിമുട്ടി നേടിയെടുക്കാന്‍ ആഗ്രഹിക്കുന്ന വ്യക്തിയാണ് ഞാന്‍. അതുകൊണ്ട് എപ്പോഴൊക്കേയോ രാവണനിലേക്ക് വലിയ അഭിനിവേശത്തില്‍ പ്രവേശിക്കാന്‍ ഞാന്‍ ശ്രമിച്ചിട്ടുണ്ട്. പൊതുവേ എന്നെ അംഗീകരിച്ചിട്ടുളളതും കത്തിവേഷങ്ങളുടെ പ്രകടനത്തിലാണ്. എന്റെ രൂപവും,ശരീരപ്രകൃതിയും, എന്റെ പൊക്കമില്ലായ്മയും എല്ലാം ഇതിന് മുതല്‍ക്കൂട്ടാണ് എന്നുതോന്നുന്നു

എന്റെ ശരീരത്തിന് പറ്റുന്ന, എന്റെ പ്രവൃത്തിക്ക് പറ്റുന്ന വേഷങ്ങള്‍ കൈകാര്യം ചെയ്യാനാണ് എനിക്കിഷ്ടം. കൃഷ്ണന്‍ ആണെങ്കിലും ഹംസം ആണെങ്കിലും കത്തിവേഷമാണെങ്കിലും എന്റെ ഒരു സ്ട്രക്ചറിന് ഓക്കേയാണ്. നേരെ മറിച്ച് ഒരു പച്ചവേഷം തരാം എന്ന് ആരെങ്കിലും പറഞ്ഞാല്‍ ഞാന്‍ പതുക്കെ പിന്‍വലിയും.കുറച്ച് ഉരുണ്ട ശരീരപ്രകൃതിയായതിനാല്‍ സ്ത്രീ വേഷം കെട്ടിയാല്‍ ഒന്നുകൂടെ ഉരുളും. അതില്‍ ഒരു ഭംഗിയില്ലായ്മയുണ്ട്. 

എന്റെ അച്ഛന്‍ സ്ത്രീവേഷം ചെയ്യാത്ത ആളാണ്. ഇയാള്‍ക്ക് ചേരില്ലടോ എന്ന് അച്ഛന്‍ ഒരിക്കല്‍ എന്നോട് പറഞ്ഞിട്ടുമുണ്ട്. സ്ത്രീവേഷം കളിക്കും എന്നാലും ഇഷ്ടങ്ങളുടെ ത്രാസില്‍ പുരുഷ വേഷങ്ങള്‍ക്കാണ് തൂക്കം കൂടുന്നത്. അത് എന്റെ പ്രവര്‍ത്തിക്കും ശരീരത്തിനും അനുയോജ്യമായിട്ടുമുളളതിനാലാണ്. കഥകളി കാണുമ്പോഴും അതേ പക്ഷപാതപരമായാണ് ഞാന്‍ കാണുക..നമ്മള്‍ കളിക്കുന്ന വേഷങ്ങളാണ് ഞാന്‍ കൂടുതല്‍ ആസ്വദിച്ച് കാണുക.

Content Highlights: Kathakali Artist Renjini Kizhakke Pisharam Interview