എല്ലാ മേഖലയിലും ജാഗ്രതക്കുറവിന്റേതായ ഈ കാലഘട്ടത്തിൽ എല്ലാറ്റിലേക്കും ജാഗ്രതയോടെ തുറന്നുവെച്ച കണ്ണുകളും മനസ്സുമാണ് സി.ആർ. പരമേശ്വരൻ എന്ന എഴുത്തുകാരന്റേത്. രാഷ്ട്രീയത്തെ ജീവവായുവായി ശ്വസിക്കുകയും ഉച്ഛ്വസിക്കുകയും ചെയ്യുന്ന ഈ എഴുത്തുകാരൻ ലോകത്തിന്റെ എല്ലാ സ്പന്ദനങ്ങളെയും അതിസൂക്ഷ്മമായി നിരീക്ഷിക്കുന്നു. അപ്രിയമായ പല സത്യങ്ങളും തുറന്നു പറയുന്നു. ആഴത്തിലുള്ള ചരിത്രബോധത്തിന്റെ അടിസ്ഥാനത്തിൽ കേരളത്തിന്റെ സമൂഹത്തെയും രാഷ്ട്രീയത്തെയും സർഗാത്മകതയെയും വിശകലനം ചെയ്യുന്ന ദീർഘസംഭാഷണത്തിന്റെ ആദ്യഭാഗമാണിത്‌

വ്യക്തമായ രാഷ്ട്രീയം സംസാരിച്ച കൃതിയായിരുന്നു താങ്കളുടെ നോവല്‍, പ്രകൃതിനിയമം. നിരൂപകപ്രശംസയും പുരസ്‌കാരങ്ങളും നേടിയ കൃതിയാണത്. രാഷ്ട്രീയമായ എഴുത്തിന്റെ കാലം കഴിഞ്ഞെന്ന ചിന്തമൂലമാണോ പിന്നീടൊരു നോവല്‍ എഴുതാതിരുന്നത്...

അല്ലേയല്ല. ഫിക്ഷനെ  അതിശയിക്കുന്ന   വിചിത്രവും നാടകീയവുമായ പ്രാദേശിക -ദേശീയ-അന്തര്‍ദേശീയ രാഷ്ട്രീയം  സിനിമാചിത്രം പോലെ ഏകാഗ്രതയോടെ വീക്ഷിച്ചുകൊണ്ടിരിക്കുന്ന ഒരു നിശ്ശബ്ദപ്രേക്ഷകനാണ് ഞാന്‍. ഒരുപക്ഷേ, എന്നെ വിരസതയില്ലാതെ ജീവിപ്പിച്ചുനിര്‍ത്തുന്നത് ഇതിലൊക്കെ പങ്കാളിയാണ് ഞാന്‍ എന്ന  ഈ കോരിത്തരിപ്പാണ്. കലയാല്‍ വേണ്ടത്ര ഇനിയും സൗന്ദര്യവത്കരിക്കപ്പെടാത്ത കേരളചരിത്രംതന്നെ എത്ര വിസ്മയകരമാണ്.  ക്രിസ്തുവിന്റെ ജീവിതകാലത്ത് ഏറക്കുറെ വിജനമായിരുന്ന, ആരും ആസ്വദിക്കാനില്ലാതെ വെയിലും നിലാവും മഴയും പെയ്തിരുന്ന വന്യഭൂമിയിലേക്ക് നൂറ്റാണ്ടുകളിലൂടെ ജൂതനും ക്രിസ്ത്യാനിയും നമ്പൂതിരിയും ഈഴവനും മുസ്ലിമും ഒക്കെ കടന്നുവന്ന് ഇന്നു നാം ജീവിക്കുന്ന  തീരദേശനഗരമാക്കിയതിലെ സൂക്ഷ്മരാഷ്ട്രീയം തന്നെ എത്ര നോവലുകള്‍ക്ക് വിഷയമാക്കാം! അതുപോലെ തന്നെയാണ് പത്തൊമ്പതാം നൂറ്റാണ്ടുമുതലേ തുടങ്ങുന്ന മലയാളിയുടെ പ്രവാസത്തിന്റെ അതിജീവനകഥകളും.

എണ്‍പതുകള്‍ക്കുശേഷം എന്തുകൊണ്ട് സാഹിത്യമെഴുതിയില്ല എന്നത് എനിക്കും ചിലപ്പോള്‍ ദുര്‍ഗ്രാഹ്യമായി തോന്നാറുണ്ട്. എണ്‍പതുകള്‍ക്കുശേഷമുള്ള എന്റെ ജീവിതം ഒരുവിധത്തിലും ഗൗരവാവഹമായ സാഹിത്യമെഴുത്തിനു പ്രോത്സാഹനജനകമായിരുന്നില്ല എന്നത് മാത്രം ഓര്‍മയുണ്ട്. തന്നെയുമല്ല, ഞാന്‍  അത്യാഗ്രഹം പൂണ്ടത് മുന്‍പറഞ്ഞ കേരളചരിത്രംപോലുള്ള വിഷയങ്ങളെ  ആത്മാംശം കലര്‍ത്തി, അതിലെ അജ്ഞേയമായ ഇടങ്ങളെ കലാപരമാക്കി എഴുതാന്‍ ആയിരുന്നു. ഒരു ശരാശരിപ്രതിഭമാത്രമായ എനിക്ക് എടുത്താല്‍ പൊങ്ങുന്നതായിരുന്നില്ല ആ ജോലി. 

മറ്റൊരു പ്രധാനപ്പെട്ട കാര്യം: എന്നെ സംബന്ധിച്ചിടത്തോളവും സ്‌തോഭങ്ങളുടെ പ്രശാന്തതയിലുള്ള അനുസ്മരണം തന്നെയാണ്    എഴുത്ത്. സമകാലീനമായ അനീതികളും  പരശ്ശതം നുണകളും  മനസ്സിനെ അലയൊഴിയാത്ത കടലാക്കുമ്പോള്‍ എഴുതാനാവില്ല; സ്തബ്ധത മാത്രമേയുണ്ടാവൂ. സമൂഹത്തില്‍ ആരെങ്കിലും വാക്കുകള്‍കൊണ്ടെങ്കിലും അനീതിക്കെതിരേ കണക്കുതീര്‍ത്തില്ലെങ്കില്‍, 'ഇപ്പറയുന്നത് നുണയാണ്' എന്ന് പറയുന്നില്ലെങ്കില്‍  എനിക്ക് എഴുതാനാവില്ല.   എന്റെ യൗവനം പിന്നിട്ടത്  ആധുനികതയുടെയും രാഷ്ട്രീയാധുനികതയുടെയും  സത്ത ഉള്‍ക്കൊണ്ട  മിതവാക്കായ ഒരു എഴുത്തുകാരന്‍ എന്നനിലയിലും  നക്‌സലൈറ്റുകളുമായി വിമര്‍ശനാത്മക സൗഹൃദം സൂക്ഷിച്ച ഒരാള്‍ എന്നനിലയിലുമാണ്. മറ്റുപല ന്യൂനതകളും ഇരിക്കെത്തന്നെ സമൂഹത്തെയും രാഷ്ട്രീയത്തെയും പൊതുവ്യക്തികളെയുംകുറിച്ച് മയമില്ലാത്ത  വിമര്‍ശനാത്മകത നക്‌സലൈറ്റുസമൂഹം സൂക്ഷിച്ചിരുന്നു. സാഹിത്യത്തിലെ ആധുനികതാധാരയും  പൊരുത്തപ്പെടലിനോട് വിമുഖമായ ഒരു സംസ്‌കാരം സൂക്ഷിച്ചിരുന്നു. അന്ന് ഭരണകൂടങ്ങളുടെയും മുഖ്യധാരാപാര്‍ട്ടികളുടെയും നുണകളെയും വ്യാജപ്രചാരണങ്ങളെയും തുറന്നുകാണിക്കാന്‍  ധാരാളം പേര്‍ ഉണ്ടായിരുന്നു. ഞാന്‍ ആ ജോലി ചെയ്യേണ്ടതില്ലാത്തവിധം  സമൂഹത്തില്‍ ആ കര്‍ത്തവ്യനിര്‍വഹണം നടന്നിരുന്നതിനാല്‍ എണ്‍പതുകള്‍വരെ എനിക്ക് രാഷ്ട്രീയലേഖനങ്ങള്‍ എഴുതേണ്ടിവന്നിട്ടില്ല. അക്കാലത്താണ് ഞാന്‍ കവിതയും കഥയും നോവലും എഴുതിയത്. മുമ്പുപറഞ്ഞപോലെ എണ്‍പതുകളോടെ മുഖ്യധാരാരാഷ്ട്രീയപ്പാര്‍ട്ടികളിലേക്കും മതമൗലികവാദ പ്രസ്ഥാനങ്ങളിലേക്കും ഉണ്ടായ നക്‌സലൈറ്റുകളുടെയും സ്വതന്ത്രചിന്തകരുടെയും കൂട്ടപ്രയാണം ഒരുപാട് നുണകളും  ചതികളും കൈകാര്യം ചെയ്യപ്പെടാന്‍ ആളില്ലാതെ സമൂഹത്തില്‍ പെരുകാന്‍ ഇടയാക്കി. കണക്കുതീര്‍ക്കപ്പെടാത്ത  ഓരോ അനീതിയും എന്നെ അശാന്തനാക്കി. രാജനും അഭയയും ചേകന്നൂരും ഷുക്കൂറും ടി.പി.യും വിനായകനും ജിഷ്ണു പ്രണോയും അഭിമന്യുവും സലോമിയുമെല്ലാം ഞാന്‍ കൂടിയാണ്  അവരുടെ തലയിലെഴുത്തിനു കാരണമെന്ന മട്ടില്‍ എന്റെ ഉള്ളില്‍ പാര്‍പ്പാക്കും. ചെറുപ്രായത്തില്‍ ഒരു കുട്ടി കൊല്ലപ്പെട്ടാല്‍ അതോടെ അച്ഛനമ്മമാരുടെ ജീവിതം തീര്‍ന്നു. ഈ വന്ധ്യമായ നീതിവ്യവസ്ഥയില്‍നിന്ന് നീതികിട്ടും എന്നുകരുതി രാജന്റെയും അഭയയുടെയും അച്ഛനമ്മമാരെപ്പോലെ ഇരുപതും മുപ്പതും കൊല്ലം കാത്തിരുന്ന് അവരും മരിക്കും. വിനായകന്റെ അമ്മ ആഴ്ചകള്‍ക്ക്  മുമ്പാണ് മരിച്ചത്. എന്റെ വിമര്‍ശകര്‍ പറയുന്നതുപോലെ സമൂഹത്തില്‍ ഞാന്‍ സക്രിയമായി ഇന്നേവരെ ഒന്നും ചെയ്തിട്ടില്ലായിരിക്കാം. പക്ഷേ, 'പറയാത്ത തെറിവാക്ക് കെട്ടിക്കിടന്നെന്റെ നാവു പൊള്ളുന്നു' എന്ന കെ.ജി. ശങ്കരപ്പിള്ളയുടെ വാക്കുകള്‍  എന്റെ ഒരു നിത്യയാഥാര്‍ഥ്യമാണ്. അത്തരം ഒരു അശാന്തിയില്‍ എന്റെ പ്രകൃതത്തിലുള്ള ഒരാള്‍ക്ക് സര്‍ഗാത്മക രചനകള്‍ അസാധ്യമാണ്.

എന്നെ എഴുത്തിലേക്ക് സ്വതന്ത്രനാക്കാന്‍ ഉതകുംവിധം, മുഴുവന്‍ സത്യവും വിളിച്ചുപറയുന്ന  പത്രപ്രവര്‍ത്തകരും ഖണ്ഡനസാഹിത്യവിമര്‍ശകരും  സമൂഹത്തില്‍ ഉണ്ടായെങ്കില്‍ എന്ന് ഞാന്‍ എപ്പോഴും ആഗ്രഹിക്കും. ചില ലേഖനസമാഹാരങ്ങളുടെ ആമുഖങ്ങളില്‍ ഞാനീ ആഗ്രഹം ആവര്‍ത്തിച്ചിട്ടുണ്ട്. പക്ഷേ, നിയോലിബറലിസത്തിന്റെ ഘട്ടമാകുമ്പോഴേക്കും മാധ്യമവ്യവസായം അമ്പേ മാറി. മാധ്യമ ഉടമസ്ഥര്‍ക്കും പ്രവര്‍ത്തകര്‍ക്കും പുതിയതരം അദൃഷ്ടങ്ങള്‍  നിരവധിയായി. മാധ്യമപ്രവര്‍ത്തകര്‍ ആദരവര്‍ഹിക്കുന്നവിധം പൊള്ളുന്ന പ്രശ്‌നങ്ങള്‍ ഇന്നും ഉന്നയിക്കുന്നുണ്ട് എങ്കിലും  മിക്കതിനും തുടര്‍നടപടികള്‍ ഒന്നും ഇല്ലാത്തതിനാല്‍  അവസാനത്തെ ചിരി പീഡകന്റെയും ചൂഷകന്റെയുമാണെന്ന നിലവന്നു. തന്നെയുമല്ല, ഒരുപാട് മാധ്യമസുഹൃത്തുക്കളുടെ പ്രവര്‍ത്തനങ്ങളെ  അന്ത്യംവരെയും യുക്തിരഹിതമായ എസ്.എഫ്.ഐ. ഗൃഹാതുരത്വം വ്യവസ്ഥപ്പെടുത്തി നിസ്സഹായമാക്കുന്നുമുണ്ട്. അവര്‍ ചെയ്യേണ്ട ജോലിയാണ് എന്റെ ശാന്തിക്കുവേണ്ടി മാത്രം വളരെ പ്രതീകാത്മകമായ അളവിലെങ്കിലും ഞാന്‍ ലേഖനങ്ങളുടെ രൂപത്തില്‍ ചെയ്തത്. ദൈനംദിനമായുണ്ടാകുന്ന  അനീതികളുടെയും  നുണകളുടെയും ചുഴലികളെ ചെറുക്കാം എന്നു കരുതുന്നത് ഭ്രാന്താണ്. അത്തരം പ്രവണതകളുള്ള,  ദൈനംദിനരാഷ്ട്രീയചിന്തയില്‍നിന്ന് വിടുതലില്ലാത്ത മനസ്സിന്, സര്‍ഗാത്മക രചന സാധ്യമാവില്ല.

കേരളത്തിന്റെ രാഷ്ട്രീയ അജന്‍ഡകളിലും മുന്‍ഗണനകളിലും സംഭവിച്ചുകൊണ്ടിരിക്കുന്ന മാറ്റങ്ങളെ താങ്കള്‍ എങ്ങനെ നിരീക്ഷിക്കുന്നു...

പാശ്ചാത്യരാജ്യങ്ങളില്‍ കാണുന്നതുപോലുള്ള  ഒരു ലിബറല്‍ ജനാധിപത്യത്തിലേക്ക് ഇന്ത്യയോ അതിലെ സംസ്ഥാനങ്ങളോ വളര്‍ന്നിട്ടില്ല. പാശ്ചാത്യരാജ്യങ്ങളില്‍  തന്നെ ലിബറല്‍ ജനാധിപത്യം ക്രമേണ ക്ഷീണിച്ച് പോപ്പുലിസ്റ്റ് ഭരണകൂടങ്ങള്‍ ആയിമാറുന്ന പ്രവണത  വളര്‍ന്നുവരികയാണ്. ഇവിടെ ലിബറലിസമോ ജനാധിപത്യമോ ഇനിയും വേരുറച്ചിട്ടില്ല.  ആപേക്ഷികമായി മാത്രം പ്രബുദ്ധതാംശം കൂടുതല്‍ ഉള്ളതുകൊണ്ട് കേരളം മറ്റു സംസ്ഥാനങ്ങളെക്കാള്‍ ഭേദമാണെങ്കിലും പുതുമയുള്ളതും ജനോപകാരപ്രദമായതുമായ എന്തെങ്കിലും ഒരു സാമൂഹികപരിഷ്‌കാരം ഇവിടെ ഉണ്ടായിട്ട് നാലുപതിറ്റാണ്ടായി. കുടുംബശ്രീ ആണ് എടുത്തുപറയാവുന്ന ഒരു അപവാദം. രണ്ടു ദശാബ്ദങ്ങളായി വ്യാപകമായിട്ടുള്ള പാലിയേറ്റീവ് പ്രസ്ഥാനവും നമ്മുടെ നാട്ടില്‍ അവശേഷിച്ചിട്ടുള്ള നന്മയെ വെളിവാക്കുന്നു. വി.എസ്. അച്യുതാനന്ദന്‍ പരിസ്ഥിതിധ്വംസനം, സ്ത്രീപീഡനം, അഴിമതി എന്നിവയ്‌ക്കെതിരായി  മുന്‍കൈയെടുക്കാന്‍ ശ്രമിച്ചെങ്കിലും പാര്‍ട്ടിക്കുള്ളിലെ തന്നെ വൈരാഗ്യബുദ്ധിയുള്ള ചങ്ങാത്തമുതലാളിത്തശക്തികളാല്‍ ദയനീയമായി തോല്‍പ്പിക്കപ്പെടുകയായിരുന്നു. നിയോ-ലിബറല്‍ ഘട്ടത്തിലെ മധ്യവര്‍ഗമലയാളി അച്യുതാനന്ദന്റെ ശ്രമങ്ങളെ വേണ്ടരീതിയില്‍ പിന്തുണച്ചതുമില്ല.

ദക്ഷിണാര്‍ധഗോളത്തിലെ മിക്കയിടങ്ങളെയും  പോലെതന്നെ ഇവിടെയും ഒരു തസ്‌കരപ്രഭുവാഴ്ചയാണ് പുലരുന്നത്. ഞാന്‍ അവസ്ഥയെ പെരുപ്പിച്ചു പറയുകയാണെന്ന് ആക്ഷേപമുണ്ടെങ്കില്‍ പാലാരിവട്ടം പാലം എന്ന ഒരൊറ്റ പ്രതീകമെടുത്താല്‍ മതി. അല്ലെങ്കില്‍, ഒരു മാസത്തിനുള്ളില്‍ മാത്രം വാര്‍ത്തകളില്‍ ഇടംപിടിച്ച ലോക്കപ്പ് മരണത്തിന്റെയും പ്രമുഖവ്യക്തികള്‍ കുറ്റവാളികളായ ആത്മഹത്യാപ്രേരണയുടെയും കൊലപാതകശ്രമത്തിന്റെയും സ്ത്രീപീഡനത്തിന്റെയും അഴിമതിയുടെയും സ്വജനപക്ഷപാതത്തിന്റെയും ഫാസിസത്തിന്റെ നഴ്‌സറികളാകാന്‍ മാത്രം ഉദ്ദേശിക്കപ്പെട്ടിട്ടുള്ള കലാലയങ്ങളുടെയും പി. എസ്.സി., സര്‍വകലാശാലാ തട്ടിപ്പിന്റെയും ഒക്കെ കാര്യങ്ങള്‍ ഓര്‍ക്കുക. ഇവയോരോന്നും ഒറ്റപ്പെട്ട ആകസ്മികതകളല്ല; നമ്മുടെ ജനാധിപത്യജീവിതത്തിന്റെ പ്രതിനിധാനങ്ങളാണ്. ഇവയിലൊക്കെ ആരുടെയെങ്കിലും പേരില്‍ ആത്യന്തികമായി ഉത്തരവാദിത്വം ചാര്‍ത്തപ്പെടുമെന്നോ ആരെങ്കിലും യഥാര്‍ഹം ശിക്ഷിക്കപ്പെടുമെന്നോ നീതിനടപ്പാവുമെന്നോ ഏറ്റവും വലിയ ജനാധിപത്യാഭിമാനികള്‍പോലും വിശ്വസിക്കില്ല. മൊഹമ്മദ് താലിബ് എന്ന എഴുത്തുകാരന്‍ ഭരണപക്ഷം, പ്രതിപക്ഷം, പോലീസ്, പ്രോസിക്യൂട്ടര്‍, കോടതി, മാധ്യമങ്ങള്‍ എന്നിവ തന്ത്രപൂര്‍വം തൊഴില്‍ വിഭജനം നടത്തി നീതിന്യായവ്യവസ്ഥയില്‍ എങ്ങനെ ശൂന്യബിന്ദുക്കള്‍ ഉണ്ടാക്കുന്നുവെന്നും രാഷ്ട്രീയസമൂഹത്തിലെ പ്രമുഖരായ കുറ്റവാളികള്‍ എങ്ങനെ അത്തരം ശൂന്യബിന്ദുക്കളിലൂടെ രക്ഷപ്പെടുന്നുവെന്നും പറയുന്നുണ്ട്. അഭയ കേസ്,  നിരവധിയായ രാഷ്ട്രീയ കൊലപാതകങ്ങള്‍, കക്ഷിഭേദമില്ലാതുള്ള അഴിമതികള്‍, വി.ഐ.പി.കള്‍ ഉള്‍പ്പെട്ട സ്ത്രീപീഡനക്കേസുകള്‍ എന്നിവയൊക്കെ താലിബ് പറഞ്ഞ സാര്‍വത്രികപ്രക്രിയയുടെ ഉദാഹരണങ്ങളാണ്.

അപ്പോള്‍ നാടിനെ നേര്‍വഴിക്കു നയിക്കേണ്ട രാഷ്ട്രീയനേതാക്കളും പരാജയപ്പെടുന്നു എന്നാണോ...

നേര്‍വഴിയില്‍ ചരിക്കുകയും നയിക്കുകയും ചെയ്യുന്ന  നേതാക്കളൊക്കെ ഒരു ഫലിതമല്ലേ? നമ്മുടെ നേതാക്കളില്‍ പലരും ജന്മിത്തഘട്ടത്തിലെ ദാരിദ്ര്യാവസ്ഥയില്‍ ജനിക്കുകയും അറുപതുകളിലെയും എഴുപതുകളിലെയും താരതമ്യേന ലളിതമായിരുന്ന  രാഷ്ട്രീയക്കളരികളില്‍ പഠിച്ചുവളരുകയും ചെയ്തവരാണെങ്കിലും അവര്‍ക്ക് ഇന്നത്തെ നിയോ-ലിബറല്‍-ചങ്ങാത്തമുതലാളിത്ത വഴികളില്‍ വിദഗ്ധരാവാന്‍ ഒട്ടും ശ്രമപ്പെടേണ്ടിവന്നില്ല. ഇന്ന് അവരുടെയൊക്കെ പ്രാദേശിക-ദേശീയ-അന്തര്‍ദേശീയ ബന്ധങ്ങള്‍ ഏതു മാധ്യമവിദഗ്ധനും കണ്ടെത്താനാവാത്തവിധം അനന്തവും അജ്ഞാതവുമാണ്. കേരളം ഇന്ന് വലിയ ഒരു രാഷ്ട്രീയശൂന്യത അനുഭവിക്കുന്നുണ്ട്. വിരലില്‍ എണ്ണാവുന്ന ശബ്ദങ്ങള്‍ ഒഴിച്ചാല്‍ ഇവിടെ ഒരു പ്രതിപക്ഷം ഇല്ലേയില്ല. അവര്‍പോലും  എല്ലാ കാര്യങ്ങളിലും സംസാരിക്കണമെന്നില്ല. ഒരു വമ്പന്‍ അഴിമതിയോ മനുഷ്യാവകാശലംഘനമോ സ്ത്രീപീഡനമോ ഉണ്ടായാല്‍ അനുഷ്ഠാനപരമായി രണ്ടോ മൂന്നോ ആഴ്ച ഒച്ചവെക്കുമെന്നല്ലാതെ ഒരു യഥാര്‍ഥ പ്രതിപക്ഷം ചെയ്യേണ്ടതുപോലെ ആ വിഷയത്തെ  വിടാതെ പിന്തുടരുന്ന പതിവ് ഇന്നില്ല. വിവിധ പാര്‍ട്ടികളിലെ നേതാക്കള്‍ ഉള്‍പ്പെട്ട എത്രയോ അഴിമതികളും മനുഷ്യാവകാശലംഘനങ്ങളും സ്ത്രീപീഡനങ്ങളും നമ്മുടെ ഓര്‍മയിലുണ്ട്. അവയില്‍ ചിലവ പൂര്‍ണമായും നിര്‍വീര്യമാക്കപ്പെടാതെ വാര്‍ത്താപ്രാധാന്യമുള്ളിടത്തോളം കാലം തിരഞ്ഞെടുപ്പ് ആവശ്യങ്ങള്‍ക്കായി നിലനിര്‍ത്തും. ഒടുവില്‍ എല്ലാം  മാറ്റക്കച്ചവടവ്യവസ്ഥയില്‍ ഒതുക്കപ്പെടും. എല്ലാ പാര്‍ട്ടികളിലെയും രക്തസാക്ഷികള്‍പോലും, ആത്യന്തികമായി തിരഞ്ഞെടുപ്പു വിജയങ്ങള്‍ നേടാനും  ഭാവിയിലെ അഴിമതികളും സ്ത്രീപീഡനങ്ങളും ഒതുക്കാനും വേണ്ടിയുള്ള കൊള്ളക്കൊടുക്കലുകള്‍ക്കുള്ള  വിലപിടിച്ച നാണയനിക്ഷേപങ്ങളാണ്. പുതുതായി ഒരു രക്തസാക്ഷിയെ കിട്ടി എന്നിരിക്കട്ടെ. തിരഞ്ഞെടുപ്പുകളില്‍ ചില മണ്ഡലങ്ങളില്‍ അയാളെ കൊന്ന തീവ്രവാദകക്ഷിയുടെ ആയിരമോ രണ്ടായിരമോ അയ്യായിരമോ വോട്ടുകള്‍ നിര്‍ണായകമാണെന്നിരിക്കട്ടെ. തിരഞ്ഞെടുപ്പുവിജയങ്ങള്‍  സോഷ്യലിസത്തിലേക്കെത്താനുള്ള മഹത്തായ പടവുകളാണെന്ന ബോധ്യമുള്ളതുകൊണ്ട്  കൊലപാതകികളുടെ വോട്ടുകള്‍ സ്വീകരിക്കുമ്പോഴും  രക്തസാക്ഷിയുടെ ഓര്‍മകള്‍കൊണ്ട് മനസ്സ് ചഞ്ചലമാവില്ല. അറുപതുകളുടെ അവസാനം രക്തസാക്ഷിയാക്കപ്പെട്ട നിലമ്പൂരിലെ കുഞ്ഞാലിമുതല്‍ ഏറക്കുറെ എല്ലാ രക്തസാക്ഷികളുടെ കാര്യത്തിലും ഇതാണ് കഥ.

കഴിഞ്ഞ സര്‍ക്കാരിന്റെ അഴിമതികള്‍ ചൂണ്ടിക്കാട്ടിയാണ് ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നത്. ആദ്യമന്ത്രിസഭായോഗത്തില്‍തന്നെ കഴിഞ്ഞ സര്‍ക്കാരിന്റെ അവസാനകാലത്തെ ഗുരുതരമായ അഴിമതിസ്പര്‍ശമുള്ള നിരവധി ഫയലുകളെപ്പറ്റി പഠിച്ചു നടപടികള്‍ നിര്‍ദേശിക്കാന്‍ ഒരു മന്ത്രിസഭാ കമ്മിറ്റി രൂപവത്കരിച്ചു. മൂന്നുവര്‍ഷം കഴിഞ്ഞു. കമ്മിറ്റി ഇപ്പോഴും പഠിച്ചുകൊണ്ടിരിക്കുകയാണ്. ഇലക്ഷന്‍ കാലത്ത് ഉപയോഗിക്കാന്‍ ചില തുരുപ്പുചീട്ടുകള്‍ കരുതിവെക്കുമെന്നല്ലാതെ 'പ്രതിയോഗി'പ്പാര്‍ട്ടിയിലെ  വ്യക്തികള്‍ക്ക് ആഴത്തില്‍ ക്ഷതമേല്‍പ്പിക്കുന്നതൊന്നും ഇരുമുന്നണികളും പരസ്പരം ചെയ്യില്ല. കോര്‍പ്പറേറ്റുകളുടെ പേരന്റല്‍ കണ്‍ട്രോളില്‍ വാചാലമായി ശണ്ഠകൂടുന്ന ദുഷ്ടക്കുട്ടികള്‍ മാത്രമാണ് ഇന്ത്യന്‍ രാഷ്ട്രീയക്കാര്‍ എന്ന് ഒരിക്കല്‍ ഞാന്‍ പറഞ്ഞിരുന്നു. കേരളത്തിന്റെ കാര്യത്തില്‍ വമ്പന്‍ സാമ്പത്തികശക്തികളെ കൂടാതെ മതനേതാക്കള്‍ക്കും പാര്‍ട്ടികളുടെ നടപടികളിന്മേല്‍  രക്ഷാകര്‍ത്തൃനിയന്ത്രണമുണ്ട്.  ജേക്കബ് തോമസ് വിജിലന്‍സ് ഡി.ജി.പി. ആയ അവസരത്തില്‍ അദ്ദേഹം അഴിമതിക്കെതിരേ മഞ്ഞയും ചുവപ്പും കാര്‍ഡുകള്‍ എങ്ങനെ ഉപയോഗിക്കാന്‍പോകുന്നു എന്ന് വിവരിക്കുന്ന ഒരു പത്രസമ്മേളനം കണ്ട് എനിക്ക് വല്ലാതെ ചിരിവന്നു. സിവില്‍ സര്‍വീസിന്റെ വഴികളെക്കുറിച്ചും രാഷ്ട്രീയമേധാവിയുടെ  'അഴിമതിവിരുദ്ധതാ' റെക്കോഡിനെക്കുറിച്ചും ഇദ്ദേഹം ഇത്രയ്ക്ക് അജ്ഞനോ എന്നുതോന്നി. ഭരണപക്ഷ-പ്രതിപക്ഷ നേതാക്കള്‍ക്കെതിരേയും അഴിമതിക്കാരായ ഉദ്യോഗസ്ഥര്‍ക്കെതിരേയും അദ്ദേഹം പണിതുടങ്ങി അധികം കഴിയുന്നതിനുമുന്‌പേ പ്രതിപക്ഷത്തിന്റെ മൗനാനുവാദത്തോടെതന്നെ അദ്ദേഹം പുറന്തള്ളപ്പെട്ടു. രണ്ടുവര്‍ഷമായി ബാലിശമായ കാരണങ്ങളാല്‍ അദ്ദേഹം വേട്ടയാടപ്പെടുമ്പോള്‍ പ്രതിപക്ഷം മാത്രമല്ല, സമൂഹവും മാധ്യമങ്ങളും നിര്‍വികാരതയോടെ നോക്കിനില്‍ക്കുന്നു. അദ്ദേഹം പുറത്തായതോടെ അഴിമതിക്കാരായ രാഷ്ട്രീയക്കാരെയും ഉദ്യോഗസ്ഥമേധാവികളെയും സംരക്ഷിക്കാന്‍ തക്കവണ്ണം വിജിലന്‍സ് സംവിധാനംതന്നെ നിര്‍വീര്യമാക്കി.

പൊതുസമൂഹംതന്നെ നിഷ്‌ക്രിയരാവുന്നു എന്നാണോ പറഞ്ഞുവരുന്നത്...

അടിക്കടിയുണ്ടാകുന്ന അഴിമതിയോ    മനുഷ്യാവകാശലംഘനമോ സ്ത്രീപീഡനമോ പൊതുജനങ്ങള്‍ എന്നനിലയില്‍ നമ്മെ ഞെട്ടിക്കേണ്ടതാണ്. പക്ഷേ, നാം ഞെട്ടാറില്ല. ചാനലുകളാണ് നമുക്കുവേണ്ടി ഞെട്ടുന്നതും ചര്‍ച്ചകള്‍ നടത്തുന്നതും. പക്ഷേ, ആ ചര്‍ച്ചകള്‍ സാമ്പത്തികനിക്ഷിപ്തതാത്പര്യങ്ങളുടെയും ഭരണകൂടങ്ങളുടെയും പീഡകരുടെയും പ്രതിരോധശക്തി വര്‍ധിപ്പിക്കുന്നതേയുള്ളൂ. മാധ്യമങ്ങള്‍ക്ക്  ഒരു ചര്‍ച്ചിതവിഷയം പിന്തുടരാന്‍ ആകുന്നില്ല. ഒരു വര്‍ഷംമുമ്പ് സുഗതന്‍ എന്നൊരു പ്രവാസി സംരംഭകന്‍ പ്രാദേശിക രാഷ്ട്രീയക്കാരുടെ പീഡനംമൂലം പുനലൂരില്‍ ആത്മഹത്യചെയ്തിരുന്നു. ചുരുങ്ങിയത് അഞ്ചുകോടി രൂപ മൂല്യമുള്ള ചാനല്‍സമയമെങ്കിലും അത് ചര്‍ച്ചചെയ്യാന്‍ നാം ഉപയോഗിച്ചിരിക്കും. ഇപ്പോള്‍ അതുപോലൊരു ഇര  ആന്തൂരില്‍  അതേസാഹചര്യത്തില്‍ ആത്മഹത്യചെയ്തപ്പോഴാണ് സുഗതന്റെ കുടുംബത്തിന് വര്‍ക്ഷോപ്പ് തുടങ്ങുന്നതിനുള്ള ലൈസന്‍സ് പകനിറഞ്ഞ രാഷ്ട്രീയസമൂഹം ഇനിയും കൊടുത്തിട്ടില്ലെന്ന് നാം മനസ്സിലാക്കുന്നത്. ഒരിക്കല്‍ ശക്തമായിരുന്ന, പ്രബുദ്ധമായിരുന്ന നമ്മുടെ പൊതുസമൂഹം മരിച്ചു എന്നതിന്റെ സൂചനയാണ് ഈ സംഭവം. 

ഇടതായാലും വലതായാലും ഭരണം എന്നത് അധികാരത്തിനും സമ്പത്തിനുമുള്ള വ്യായാമം  മാത്രമായിരിക്കുന്നു. യഥാര്‍ഥ ഗുണഭോക്താക്കളാവേണ്ട ജനങ്ങള്‍ മുന്‍ഗണനപ്പട്ടികയില്‍ വളരെ പിന്നിലാണ്. തൊട്ടുമുമ്പുണ്ടായ വളരെ വിനാശകരമായ ഒരു പ്രളയത്തിന്റെ കെടുതികള്‍ ജനങ്ങളെ ഞെരുക്കിക്കൊണ്ടിരിക്കുമ്പോഴാണ് ജാതീയമായും മതപരമായും ധ്രുവീകരിച്ച് അധികാരനേട്ടം കരസ്ഥമാക്കാന്‍ ശബരിമലയില്‍ ഭരണകൂടംതന്നെ ഒരുമ്പെട്ടിറങ്ങിയത്! ജനങ്ങളെ പുനരധിവസിപ്പിക്കാന്‍ ഉപയോഗിക്കേണ്ട എത്ര കോടി രൂപയാണ് സമൂഹത്തില്‍ സംഘര്‍ഷം സൃഷ്ടിക്കാനും പോലിസിനെ ഉപയോഗിച്ച് അത് അടിച്ചമര്‍ത്താനും ഉപയോഗിച്ചത്. പ്രളയം കഴിഞ്ഞ് ഒരു വര്‍ഷം കഴിഞ്ഞിട്ടും ഇന്നും മൂന്നിലൊന്നുപേര്‍പോലും പുനരധിവസിക്കപ്പെട്ടിട്ടില്ല. പ്രാഥമികാശ്വാസമായ ചെറിയ തുക അറുപതിനായിരത്തോളം പേര്‍ക്ക് കിട്ടിയിട്ടില്ല. എന്തെങ്കിലും പുതിയ ഒരു വികസനപദ്ധതി പ്രഖ്യാപിച്ചുകാണുമ്പോള്‍ ഇപ്പോഴിപ്പോള്‍ ഉള്ളിലൊരാന്തലാണ്. കാരണം, ഒട്ടുമുക്കാല്‍ പൊതുമേഖലാപദ്ധതികളും ഇന്ന് ജനക്ഷേമത്തിനു പകരം അഴിമതി ഉന്നംവെക്കുന്നവയാണ്. ഞാന്‍, എന്റെ കുടുംബം, എന്റെ പാര്‍ട്ടിക്കാര്‍, എന്റെ പോഷകസംഘടനകള്‍, എന്റെ പോലീസ്, എന്റെ സ്വന്തം ധനികര്‍ -ഇതാണ്  ഭരണകൂടത്തിന്റെ മുന്‍ഗണന. ഈ പട്ടികയില്‍പ്പെട്ടവരെ നീതിന്യായവ്യവസ്ഥ തൊടില്ല എന്ന് ഉറപ്പുവരുത്തിയിട്ടുണ്ട്. പൊതുമേഖലാസ്ഥാപനങ്ങള്‍ മിക്കവാറും അഴിമതിക്കും സ്വജനങ്ങള്‍ക്ക് പിന്‍വാതിലിലൂടെയും മുന്‍വാതിലിലൂടെയുമുള്ള   ഉദ്യോഗദാനത്തിനും വേണ്ടുന്ന ഉപാധികള്‍ മാത്രമാണ്. ഉദാഹരണത്തിന്, നമ്മുടെ പബ്ലിക് സര്‍വീസ് കമ്മിഷനില്‍ 21 അംഗങ്ങളാണുള്ളത്. ജനസംഖ്യയാണ് മാനദണ്ഡമെങ്കില്‍ പതിനൊന്ന് അംഗങ്ങളുള്ള യു.പി.എസ്.സി.യില്‍ ആനുപാതികമായി 750 അംഗങ്ങളെങ്കിലും വേണം! ഓരോ മേഖലയിലും പതിനായിരക്കണക്കിന് മിടുക്കന്മാരുള്ള കേരളത്തില്‍  മിക്കപ്പോഴും പ്രാഥമികവിദ്യാഭ്യാസം പോലുമില്ലാത്ത പാദദാസന്മാരാണ് സാങ്കേതികജ്ഞാനം വേണ്ടുന്ന തസ്തികകളില്‍പ്പോലും കയറിപ്പറ്റുക. ഭരിക്കുന്നത് ഇടതാവട്ടെ വലതാവട്ടെ, സര്‍ക്കാര്‍ ഭൂമിയും മറ്റു പൊതു ഇടങ്ങളും അനധികൃതമായി കൈവശം വെച്ചിരിക്കുന്ന വലിയ കമ്പനികളെയും സമസ്ത മാഫിയകളെയും കോടതികള്‍ക്കുള്ളിലും പുറത്തും തുണയ്ക്കുന്നതാണ് സര്‍ക്കാര്‍ നയം.

(2019 ഓഗസ്റ്റ് നാലിലെ മാതൃഭൂമി വാരാന്തപ്പതിപ്പില്‍ പ്രസിദ്ധീകരിച്ച അഭിമുഖത്തിന്റെ ആദ്യഭാഗം)

Content Highlights: interview with writer cr parameswaran