നിയമസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് ഇത്രയും വലിയ തിരിച്ചടി പ്രതീക്ഷിച്ചിരുന്നില്ലെന്ന് രമേശ് ചെന്നിത്തല. കോണ്‍ഗ്രസ് ഒട്ടേറെ അഴിമതി ആരോപണങ്ങള്‍ ഉന്നയിച്ചെങ്കിലും അരിക്ക് മുന്നില്‍ അഴിമതി നിന്നില്ലെന്നും അദ്ദേഹം പറഞ്ഞു. നിയമസഭാതിരഞ്ഞെടുപ്പിലെ തോല്‍വിയെ കുറിച്ചും പ്രതിപക്ഷ നേതൃസ്ഥാനത്ത് നിന്നുളള മാറ്റത്തെ കുറിച്ചും കോണ്‍ഗ്രസിന്റെ ഭാവിയെ കുറിച്ചും മാതൃഭൂമിക്ക് നല്‍കിയ പ്രത്യേക അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു രമേശ് ചെന്നിത്തല 

തിരഞ്ഞെടുപ്പില്‍ ഇത്രയും വലിയ തോല്‍വി പ്രതീക്ഷിച്ചിരുന്നോ

ഇത്രയും വലിയ തിരിച്ചടി പ്രതീക്ഷിച്ചില്ലെന്നതാണ് സത്യം. കോവിഡ് ദുരിതങ്ങളില്‍ നട്ടംതിരിയുന്ന ജനത്തിനു മുമ്പില്‍ സര്‍ക്കാരിന്റെ ആനുകൂല്യങ്ങള്‍ കാരുണ്യമായി മാറി. ഒട്ടേറെ അഴിമതി ആരോപണങ്ങള്‍ ഞങ്ങള്‍ ഉന്നയിച്ചു. അവ സ്ഥാപിക്കുകയും സര്‍ക്കാര്‍ പലതില്‍നിന്നും പിന്‍വാങ്ങുകയും ചെയ്തു. എന്നാല്‍, അരിക്ക് മുമ്പില്‍ അഴിമതി നിന്നില്ല. രണ്ടു മാസത്തെ പെന്‍ഷനും മറ്റും ഒരുമിച്ച് കിട്ടിയപ്പോള്‍ ജനങ്ങള്‍ മറ്റുകാര്യങ്ങള്‍ ഓര്‍ത്തില്ല. പ്രതിപക്ഷത്തിന് ഒരു ലെവല്‍ പ്ലേയിങ് ഗ്രൗണ്ട് ഇല്ലാതെപോയി. സംഘടനാപരമായ പ്രശ്‌നങ്ങളുമുണ്ടായിരുന്നു.

ന്യൂനപക്ഷങ്ങള്‍ കൈവിട്ടതോ

സി.എ.എ.യുടെ പ്രക്ഷോഭത്തിന്റെ കാലംമുതല്‍ അത്തരമൊരു ദിശാമാറ്റം ഉണ്ടായിരുന്നു. ഇടതുപക്ഷത്തിന് അവരുടെയിടയില്‍ കൂടുതല്‍ സ്വീകാര്യത കിട്ടി. എന്നാല്‍, ഇടതുപക്ഷം ചെയ്തത് ബി.ജെ.പി. ഭയം ജനിപ്പിച്ച് ന്യൂനപക്ഷ വോട്ട് വാങ്ങി. മറുഭാഗത്ത് ബി.ജെ.പി.യുമായി രഹസ്യബന്ധമുണ്ടാക്കി. 69 മണ്ഡലങ്ങളില്‍ സി.പി.എം. ബി.ജെ.പി. രഹസ്യധാരണയുണ്ടായിരുന്നു.

തിരഞ്ഞെടുപ്പു ഫലം വന്നപ്പോള്‍ പ്രതിപക്ഷനേതാവാകാന്‍ ആഗ്രഹിച്ചിരുന്നോ

ഫലം വന്നപ്പോള്‍ത്തന്നെ മാറിനില്‍ക്കാനാണ് ആഗ്രഹിച്ചത്. അക്കാര്യം സഹപ്രവര്‍ത്തകരോടെല്ലാം പറയുകയും ചെയ്തു. പ്രതിപക്ഷ നേതാവിന്റെ പ്രവര്‍ത്തനം മോശമായതുകൊണ്ടല്ലല്ലോ തോറ്റത്, ഇപ്പോള്‍ മാറേണ്ട എന്ന് ആദ്യംപറഞ്ഞത് ഉമ്മന്‍ ചാണ്ടിയാണ്. എന്നോട് സംസാരിച്ച മുതിര്‍ന്നനേതാക്കളുടെ അഭിപ്രായവും അതുതന്നെയായിരുന്നു. മാറിനില്‍ക്കുന്നതിന് ഒരു മടിയും എനിക്കില്ലായിരുന്നു.

ഹൈക്കമാന്‍ഡിന്റെ ഭാഗത്തുനിന്ന് എന്തെങ്കിലും സൂചന ലഭിച്ചിരുന്നോ

ഹൈക്കമാന്‍ഡ് പ്രതിപക്ഷ നേതൃസ്ഥാനത്ത് മാറ്റംവരുത്താന്‍ ആഗ്രഹിക്കുന്നുണ്ടോയെന്ന് കഴിയുന്ന രീതിയിലൊക്കെ തിരക്കി. എ.ഐ.സി.സി. ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാലിനെ വീട്ടില്‍ പോയിക്കണ്ട് ഉമ്മന്‍ ചാണ്ടി ഇക്കാര്യം ചോദിച്ചു. മല്ലികാര്‍ജുന ഖാര്‍ഗെ പ്രതിപക്ഷനേതാവിനെ തീരുമാനിക്കുന്നതിന് മനസ്സറിയാനായി വന്നപ്പോഴും ഹൈക്കമാന്‍ഡ് മാറ്റം ഉദ്ദേശിക്കുന്നുണ്ടോയെന്ന് ഉമ്മന്‍ ചാണ്ടി ചോദിച്ചു. മുന്‍വിധിയൊന്നുമില്ലെന്നായിരുന്നു ഉത്തരം.

തീരുമാനം വന്ന വഴിയേതാണ്

നിയമസഭാ കക്ഷിയില്‍ എനിക്ക് ഭൂരിപക്ഷം ഉണ്ടായിരുന്നുവെന്നാണ് ഞാന്‍ മനസ്സിലാക്കുന്നത്. എന്നാല്‍, ഹൈക്കമാന്‍ഡ് എടുക്കുന്ന ഏതു തീരുമാനവും ഞാന്‍ അനുസരിക്കും. അതിനെ ഇതുവരെയും എതിര്‍ത്തിട്ടില്ല. എന്നെ മാറ്റിയതിലല്ല, മാറ്റിയ രീതിയിലാണ് എതിര്‍പ്പ്.

വി.ഡി. സതീശന്റെ പേരുകൂടി വന്നതോടെ ഐ ഗ്രൂപ്പില്‍ വലിയ വിള്ളല്‍ വീഴുകയായിരുന്നില്ലേ

ഹൈക്കമാന്‍ഡ് അഭിപ്രായം ചോദിക്കുമ്പോള്‍ ഏതൊരാള്‍ക്കും സ്വന്തം അഭിപ്രായം പറയാം. പറയണം. എന്നാല്‍, എന്നോടൊപ്പമാണെന്ന് തലേന്ന് രാത്രിവരെ പറഞ്ഞ ചില എം.എല്‍.എ.മാര്‍ പിറ്റേന്ന് നേരം വെളുത്തപ്പോള്‍ എന്നെ തള്ളിപ്പറയുകയായിരുന്നു. അതെന്നെ ഞെട്ടിച്ചു. ഞാന്‍ കൈപിടിച്ച് വളര്‍ത്തിയവര്‍ അക്കൂട്ടത്തിലുണ്ട്. ഞാന്‍ കണ്ണടച്ച് വിശ്വസിച്ചവരുണ്ട്. ചില ഘടകകക്ഷികളെപ്പോലും പിണക്കിയിട്ടും സീറ്റ് നല്‍കിയവരുണ്ട്. ഒരു സുപ്രഭാതത്തില്‍ അവരെന്നെ തള്ളിപ്പറഞ്ഞപ്പോള്‍ എനിക്ക് വിശ്വസിക്കാനായില്ല.

കടപ്പാടുകളുണ്ടെങ്കിലും സ്വതന്ത്രമായ നിലപാട് അവര്‍ക്ക് എടുത്തുകൂടെ

എടുക്കാം. ഒരെതിര്‍പ്പുമില്ല. എന്നാല്‍, അത് തുറന്നുപറയാനുള്ള ആര്‍ജവവും സത്യസന്ധതയും അവര്‍ പുലര്‍ത്തേണ്ടിയിരുന്നു. എന്നോടൊപ്പമാണെന്ന് എന്നെ വിശ്വസിപ്പിക്കുകയും ഹൈക്കമാന്‍ഡിനോട് മറ്റൊരു പേര് പറയുകയും ചെയ്യുന്നത് വിശ്വാസ വഞ്ചനയാണ്. ഞാനും ജി. കാര്‍ത്തികേയനും എം.ഐ. ഷാനവാസും കരുണാകരന് ഏറ്റവും വാത്സല്യമുള്ള ചെറുപ്പക്കാരായിരുന്നു. എന്നാല്‍, ചില കാര്യങ്ങളില്‍ അഭിപ്രായവ്യത്യാസം വന്നപ്പോള്‍ അദ്ദേഹത്തോട് നേരില്‍ അക്കാര്യം തുറന്നുപറഞ്ഞശേഷമാണ് ഞങ്ങള്‍ വേറിട്ടൊരു നിലപാട് എടുത്തത്. അതുകൊണ്ടുതന്നെ പിന്നീട് ഒരുമിച്ചു ചേരാനും ഞങ്ങള്‍ക്കോ കരുണാകരനോ ഒരു മാനസികപ്രയാസവും തോന്നിയില്ല.

താങ്കളെ വഞ്ചിച്ചെന്നു കരുതുന്ന ആളുകളോട് തുടര്‍ന്നുള്ള മനോഭാവം എന്തായിരിക്കും

= മനുഷ്യസഹജമായ വികാരങ്ങളും പ്രയാസങ്ങളും എനിക്കുമുണ്ടല്ലോ. ഉയരങ്ങളിലെത്തണമെന്ന ആഗ്രഹം നല്ലതാണ്. എന്നാല്‍, ബന്ധങ്ങള്‍ തിരിച്ചറിയാന്‍ എല്ലാവര്‍ക്കും കഴിയണം.

ഉമ്മന്‍ ചാണ്ടിയോടൊപ്പമുള്ളവരിലും ചോര്‍ച്ചയുണ്ടായല്ലോ

 അദ്ദേഹത്തിനും അതില്‍ വിഷമമുണ്ടെന്നാണ് ഞാന്‍ മനസ്സിലാക്കുന്നത്.

തലമുറമാറ്റം വേണമെന്ന ആവശ്യം യുവജനങ്ങളില്‍ നിന്നുയരുക സ്വാഭാവികമല്ലേ

 കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ 53 യുവാക്കള്‍ക്കാണ് ഞങ്ങള്‍ സീറ്റു നല്‍കിയത്. സാഹചര്യങ്ങള്‍ പ്രതികൂലമായതിനാല്‍ മൂന്നുപേരേ ജിയിച്ചുള്ളൂ.

എ.ഐ.സി.സി. തലത്തിലുള്ള സ്ഥാനത്തേക്ക് ക്ഷണിച്ചാല്‍ സ്വീകരിക്കുമോ

 എനിക്ക് പ്രവര്‍ത്തിക്കാന്‍ ഒരു സ്ഥാനവും വേണമെന്നില്ല. ഒരു പാര്‍ട്ടി പ്രവര്‍ത്തകനായിരുന്നാല്‍ മതി. പാര്‍ട്ടി ഏല്‍പ്പിച്ച പ്രതിപക്ഷ നേതാവെന്ന സ്ഥാനം കഴിവിന് പരമാവധി ഞാന്‍ പ്രവര്‍ത്തിച്ചു. പാര്‍ട്ടി ഏല്‍പ്പിക്കുന്ന ഏതു കാര്യവും അനുസരിക്കുകയെന്നതാണ് ഇതുവരെയുള്ള എന്റെ രീതി.

പുതിയ നേതൃത്വത്തെക്കുറിച്ച്

അടുത്ത പാര്‍ലമെന്റ് തിരഞ്ഞെടുപ്പോടെ കോണ്‍ഗ്രസ് തിരിച്ചുവരണം. കെ. സുധാകരനും വി.ഡി. സതീശനും ആ പാതയിലേക്ക് യു.ഡി.എഫിനെ നയിക്കാനുള്ള സാമര്‍ഥ്യമുണ്ട്. നിയമസഭയിലും പുറത്തും ആത്മാര്‍ഥമായ പിന്തുണ അവര്‍ക്ക് നല്‍കും. പാര്‍ട്ടി അധികാരത്തില്‍ തിരിച്ചെത്തുകയെന്നത് മാത്രമാണ് എന്റെ സ്വപ്നം.

Content highlight; Interview with Ramesh Chennithala