P. K. Kunhalikuttyർക്കാരിനുനേരെ അഴിമതി ആരോപണങ്ങളുമായി പ്രതിപക്ഷം പോരാട്ടത്തിനിറങ്ങിയിരിക്കേ, യു.ഡി.എഫിലെ പ്രബലകക്ഷിയായ മുസ്‌ലിംലീഗിന്റെ ദേശീയ ജനറൽ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി രാഷ്ട്രീയ സ്ഥിതിഗതികളെക്കുറിച്ച്  മാതൃഭൂമി പ്രതിനിധി എം. സുധീന്ദ്രകുമാറിനോട്‌ സംസാരിക്കുന്നു ...

സംസ്ഥാനത്ത് സമാനതകളില്ലാത്ത രാഷ്ട്രീയസാഹചര്യം നിലനിൽക്കുന്നുവെന്നാണല്ലോ പ്രതിപക്ഷനേതാവ് ആരോപിക്കുന്നത് 

അക്ഷരംപ്രതി ശരിയാണ്. ഇതുപോലുള്ള രാഷ്ട്രീയസാഹചര്യം കേരളത്തിൽ ഒരു കാലത്തും ഉണ്ടായിരുന്നില്ല. സംസ്ഥാനസർക്കാർ പൂർണമായും ജനങ്ങളിൽനിന്ന് ഒറ്റപ്പെട്ടിരിക്കയാണ്. അതിൽനിന്ന് രക്ഷപ്പെടാൻ കൈവിട്ട കളിയാണ് എൽ.ഡി.എഫ്. കളിക്കുന്നത്. അത് അവർക്കുതന്നെ തിരിച്ചടിയാവും. അക്കാര്യം ഭരണകക്ഷിക്കുതന്നെ ബോധ്യമായെന്നാണ് ഞങ്ങൾ കരുതുന്നത്. മാറിമാറി മതവികാരങ്ങൾ ഉൾപ്പെടെ ഇളക്കിവിടാനാണ് എൽ.ഡി.എഫ്. ശ്രമിക്കുന്നത്. പക്ഷേ, അതുകൊണ്ടൊന്നും കാര്യമില്ല. ഈ പടച്ചട്ടയൊന്നും സർക്കാരിന്റെ രക്ഷയ്ക്കെത്തില്ല. സർക്കാരിന്റേതന്നെ ചെയ്തികളാണ് അതിനുകാരണം.

സ്വർണക്കടത്ത് വിഷയത്തിൽ വിശുദ്ധഗ്രന്ഥമായ ഖുർ ആന് അവമതിപ്പുണ്ടാക്കുന്ന പ്രവൃത്തിയാണ് മുസ്‌ലിംലീഗിൽനിന്ന്‌ ഉണ്ടാവുന്നതെന്ന് എൽ.ഡി.എഫ്. ആരോപിക്കുന്നുണ്ടല്ലോ

വളരെ തരംതാണ രാഷ്ട്രീയം കളിക്കുകയാണ് ഇടതുപക്ഷം. വ്യക്തമായ മറുപടിപറയേണ്ട  ആരോപണങ്ങളെ വഴിതിരിച്ചുവിടാനാണ് ശ്രമിക്കുന്നത്. നയതന്ത്രമാർഗങ്ങൾ ദുരുപയോഗംചെയ്ത് സ്വർണകടത്തുനടത്തി എന്ന ഗുരുതരമായ ആരോപണമാണ് ഉയർന്നിരിക്കുന്നത്. ഖുർ ആനെ അതിന് മറയാക്കരുതെന്ന് ചൂണ്ടിക്കാണിക്കുമ്പോൾ ആരോപണത്തെ വഴിതിരിച്ചുവിടാൻ ശ്രമിക്കുകയാണ്. ഇത് വളരെ നിലവാരംകുറഞ്ഞ രാഷ്ട്രീയമാണ്. മതേതര കേരളം ഇത് അംഗീകരിക്കില്ല. ഇടതുസഹയാത്രികർക്കുപോലും ഇത് സ്വീകാര്യമാവില്ല. മത-സാമൂഹിക സംഘടനകളെല്ലാം ഇടതുപക്ഷനിലപാടിനെതിരേ ശക്തമായി രംഗത്തുവന്നിട്ടുണ്ട്. ഇത്തരമൊരു സ്ഥിതിവിശേഷം കേരളത്തിൽ ഇതുവരെ ഉണ്ടായിട്ടില്ല. ഒട്ടേറെ അഴിമതി ആരോപണങ്ങൾ വേറെയും സർക്കാരിനെതിരേ ഉയർന്നിട്ടുണ്ട്. ലൈഫ് പദ്ധതിയെക്കുറിച്ചെല്ലാമുള്ള പരാതികൾ പ്രത്യേകം എടുത്തുകാണിക്കേണ്ടതില്ലല്ലോ.
 

നയതന്ത്രവഴികൾ ദുരുപയോഗംചെയ്ത് സ്വപ്നാസുരേഷ് സ്വർണം കടത്തിയ സംഭവത്തിൽ സംശയത്തിന്റെ നിഴലിലായ മന്ത്രി കെ.ടി. ജലീൽ തത്‌സ്ഥാനം രാജിവെക്കാൻ സംസ്ഥാനമെങ്ങും തെരുവിൽ പ്രക്ഷോഭംനടക്കുന്നു. സർക്കാർ ഇക്കാര്യത്തിൽ പൂർണമായും ജലീലിനെ പിന്തുണയ്ക്കുകയും ചെയ്യുന്നു.

സർക്കാരിന്റേത് തികച്ചും നിഷേധാത്മക നിലപാടാണ്. രാഷ്ട്രീയധാർമികത ജലീലിന്റെ രാജി ആവശ്യപ്പെടുന്നു. പിണറായി സർക്കാരിലെ മറ്റുമന്ത്രിമാർക്കും ഇത് ബാധകമായിരുന്നല്ലോ. പിന്നെ ജലീലിന്റെ കാര്യത്തിൽ എന്താ മറ്റൊരു നിലപാടിന്റെ ആവശ്യം. മുൻകാലങ്ങളിലെല്ലാം  ഈ ധാർമികരാഷ്ട്രീയം  പിന്തുടർന്നുവന്നിട്ടുണ്ട്. അന്വേഷണം കഴിഞ്ഞ് കുറ്റക്കാരനല്ലെന്ന് തെളിഞ്ഞാൽ തിരിച്ചുവരാമല്ലോ. ജലീൽ സംശയത്തിന്റെ നിഴലിലാണ്. അങ്ങനെയൊരാൾ മന്ത്രിസഭയിൽ തുടരുന്നത് അധാർമികമാണ്. കുറ്റക്കാരനാണെന്നുകണ്ടാലും രാജി വെക്കേണ്ടതില്ല എന്നാണ് എൽ.ഡി.എഫ്. നേതാക്കൾ പറയുന്നത്. അതൊന്നും ജനാധിപത്യരീതിക്ക് യോജിച്ചതല്ല. തിരഞ്ഞെടുപ്പിൽ ജനങ്ങൾ അതിന് മറുപടികൊടുക്കും.

ജലീൽ ഖുർആന്റെ മറവിൽ സ്വർണംകടത്തിയെന്ന് ബി.ജെ.പി. ആരോപിക്കുന്നുണ്ട് 

അതുപറയേണ്ടത് ബി.ജെ.പി.അല്ലല്ലോ. അന്വേഷണ ഉദ്യോഗസ്ഥരാണ് ആ കാര്യം പറയേണ്ടത്. എന്തായാലും സംശയകരമായ സാഹചര്യം നിലനിൽക്കുന്നു. കൊണ്ടുവന്ന സാധനങ്ങളുടെ ഭാരം കണക്കാക്കുന്നതടക്കമുള്ള കാര്യങ്ങൾ അന്വേഷണ ഉദ്യോഗസ്ഥർ പരിശോധിച്ചുവരുകയാണല്ലോ. ഒന്നിലേറെത്തവണ സ്വർണംകൊണ്ടുവന്ന കാര്യം തെളിഞ്ഞിട്ടുമുണ്ട്. സ്വർണം കടത്തിയത് ആരാണെങ്കിലും അതിന്റെ ഭവിഷ്യത്ത് അനുഭവിക്കണം. അത് മന്ത്രിയായാലും മറ്റാരായാലും ശരി. അന്വേഷണം നടക്കുമ്പോൾ ഏതുമന്ത്രിയായാലും മാറിനിൽക്കണം. അതാണ് രാഷ്ട്രീയമര്യാദ.
 

താങ്കൾ കേരളരാഷ്ട്രീയത്തിൽ അനിവാര്യനാണെന്ന്  ഇ.ടി. മുഹമ്മദ് ബഷീർ പറഞ്ഞിട്ടുണ്ടല്ലോ. വരുന്ന തിരഞ്ഞെടുപ്പിൽ സ്ഥാനാർഥിയാവുമെന്നതിന്റെ സൂചനയായി ഈ പ്രസ്താവനയെ കണക്കാക്കാമോ

തിരഞ്ഞെടുപ്പിൽ പ്രചാരണത്തിന് നേതൃത്വംനൽകണമെന്നാണ് പാർട്ടി എന്നോട് ആവശ്യപ്പെട്ടിരിക്കുന്നത്. ആ ചുമതല നിർവഹിച്ചു കൊണ്ടിരിക്കുന്നു. ബാക്കികാര്യങ്ങളും പാർട്ടി പറയുന്നതുപോലെ ചെയ്യും. സ്ഥാനാർഥിക്കാര്യമൊന്നും ഇപ്പോൾ ചർച്ചചെയ്യേണ്ട വിഷയമല്ലല്ലോ.

സ്വപ്നയുമായി കൂട്ടുചേർന്ന് കള്ളക്കടത്തിലേർപ്പെട്ട റമീസിന് ജാമ്യം കിട്ടാൻ താങ്കൾ സഹായിച്ചെന്നും ലീഗിനെ ആർ.എസ്.എസിന്റെ ആലയിൽ കെട്ടാനുള്ള ശ്രമമാണ് കുഞ്ഞാലിക്കുട്ടി നടത്തുന്നതെന്നും എൽ.ഡി.എഫ്. ആരോപിക്കുന്നു 

പ്രതികരണം  അർഹിക്കാത്ത ആരോപണമാണത്. ഗതികെട്ട് ഓരോന്ന് വിളിച്ചുപറയുകയാണ്. അതുകൊണ്ടുതന്നെ അതിനോട് പ്രതികരിക്കാൻ ഞാനില്ല.

ഹൈദരലി ശിഹാബ് തങ്ങൾ പറഞ്ഞാൽ രാജിവെക്കാമെന്നാണ് ജലീൽ പറഞ്ഞത്

മാനസികവിഭ്രാന്തികാരണമാവും ഇങ്ങനെയൊക്കെ പറയുന്നത്. അല്ലെങ്കിൽ പഴയ ലീഗ്കാരനാണെന്ന ഓര്‍മയിലോ. എന്താണെന്നറിയില്ല. തങ്ങൾ ഇത്തരം കാര്യങ്ങളിലൊന്നും അഭിപ്രായംപറയില്ലെന്ന് എല്ലാവർക്കുമെന്നപോലെ ജലീലിനും അറിയുന്നതാണ്. അതുകൊണ്ട്  ആ ധൈര്യംവെച്ച് പറയുകയാവണം. ഇതൊന്നും രാഷ്ട്രീയധാർമികതയ്ക്ക് ചേരുന്ന നിലപാടല്ല.