രുംവര്‍ഷം ഒരുപിടി പദ്ധതികള്‍ പ്രഖ്യാപിച്ച് കൃഷി ജനകീയമാക്കാനുള്ള നടപടികള്‍ക്കൊരുങ്ങുകയാണ് കൃഷിക്കാരന്‍കൂടിയായ കൃഷിമന്ത്രി പി. പ്രസാദ് കര്‍ഷകദിനത്തോടനുബന്ധിച്ച് മാതൃഭൂമി പ്രതിനിധി ടി.ജി. ബേബിക്കുട്ടിയുമായി നടത്തിയ സംഭാഷണത്തില്‍നിന്ന്

കര്‍ഷകര്‍ കടക്കെണിയിലാവാതിരിക്കാന്‍ കൃഷിവകുപ്പിന്റെ വിപണിയിടപെടലുകള്‍ കാര്യക്ഷമമാണോ?

കാര്‍ഷികമേഖലയില്‍ ഉത്പാദനം വര്‍ധിപ്പിക്കാനാകുമെന്ന് തെളിയിച്ചുകഴിഞ്ഞു. മൂല്യവര്‍ധിതോത്പന്നങ്ങള്‍ വിപണിയിലിറക്കി കര്‍ഷകരുടെ ആദായം വര്‍ധിപ്പിക്കാനാണ് ഇനി ലക്ഷ്യം. ഈ വര്‍ഷം നൂറിലധികം ഫാര്‍മേഴ്സ് പ്രൊഡ്യൂസിങ് ഓര്‍ഗനൈസേഷന്‍ (എഫ്.പി.ഒ) സ്ഥാപിക്കും. വി.എഫ്.പി.സി.കെ.യെയും ഹോര്‍ട്ടികോര്‍പ്പിനെയും സജ്ജമാക്കുന്നതിനൊപ്പം മാര്‍ക്കറ്റിങ്ങിനായി സിയാല്‍ മോഡല്‍ കമ്പനി രൂപവത്കരിക്കും. അപേഡ പോലുള്ള കേന്ദ്രപദ്ധതികളുടെ സഹായത്തോടെ കൂടുതല്‍ ഫുഡ്പാര്‍ക്കുകള്‍ തുറക്കും.

പച്ചക്കറിക്കുള്ള താങ്ങുവില അപര്യാപ്തമാണെന്നും സംഭരണ വില യഥാസമയം ലഭിക്കുന്നില്ലെന്നുമുള്ള പരാതികള്‍ക്ക് എന്താണ് പരിഹാരം ?

പച്ചക്കറികളുടെ തറവില അപര്യാപ്തമാണെന്ന് കര്‍ഷകര്‍ ചൂണ്ടിക്കാട്ടുന്നുണ്ട്. കൂടുതല്‍ വിളകള്‍ക്ക് താങ്ങുവില പ്രഖ്യാപിക്കാനും തറവില ഉയര്‍ത്താനും ആലോചനയുണ്ട്. കേന്ദ്രസര്‍ക്കാരിന് കീഴിലുള്ള കമ്മിഷന്‍ ഫോര്‍ അഗ്രിക്കള്‍ച്ചറല്‍ കോസ്റ്റ്സ് ആന്‍ഡ് പ്രൈസസ് പോലെ സംസ്ഥാനത്തും കമ്മിഷന്‍ രൂപവത്കരിക്കുന്നത് പരിഗണനയിലുണ്ട്. സംഭരിച്ച ഉത്പന്നങ്ങളുടെ വില യഥാസമയം നല്‍കുന്നതിനുള്ള നടപടികളും സ്വീകരിക്കും.

കാര്‍ഷികോത്പന്നങ്ങളുടെ സംഭരണം, സംസ്‌കരണം, വിപണനം തുടങ്ങിയ രംഗങ്ങളിലേക്ക് സഹകരണസംഘങ്ങളെ തിരിച്ചുവിടാനാകില്ലേ ?

ഒരുതലത്തിലും ആസൂത്രണമില്ലാത്ത കൃഷിയാണ് ഇപ്പോള്‍ പ്രാദേശികമായി നടക്കുന്നത്. കര്‍ഷകര്‍ രജിസ്റ്റര്‍ ചെയ്യാത്തതിനാല്‍ വിളകള്‍ സംബന്ധിച്ച വിവരങ്ങള്‍ ഇല്ല. സംഭരണത്തിനും വിപണനത്തിനുമായി പ്രാഥമിക കാര്‍ഷികവായ്പാ സഹകരണസംഘങ്ങളെ പൂര്‍ണമായും തിരിച്ചുവിടണം. പഴങ്ങളും പച്ചക്കറിയും സൂക്ഷിക്കാനാകുന്ന സംഭരണകേന്ദ്രങ്ങള്‍ ഇല്ലെന്ന പ്രതിസന്ധി പരിഹരിക്കാന്‍ കോള്‍ഡ് സ്റ്റോറേജ് പോലെയുള്ള സംവിധാനങ്ങള്‍ ആലോചനയിലുണ്ട്.

കാര്‍ഷികമേഖലയില്‍ സ്റ്റാര്‍ട്ടപ്പുകളെ ആകര്‍ഷിക്കാനുള്ള പദ്ധതികള്‍ ?

നിലവില്‍ ഈ രംഗത്തേക്ക് വരുന്നവര്‍ക്ക് മുതല്‍മുടക്കാനുള്ള പിന്തുണ ലഭിക്കുന്നില്ലെന്നതാണ് പ്രശ്‌നം. പലിശരഹിത റിവോള്‍വിങ് ഫണ്ട് കൊണ്ടുവരാനാകുമോ എന്ന് ആലോചിക്കും. കര്‍ഷക കൂട്ടായ്മകള്‍ക്ക് കാര്‍ഷികോത്പാദനം, മൂല്യവര്‍ധന, സംസ്‌കരണം, കയറ്റുമതി എന്നിവയ്ക്ക് മൂലധനമില്ലെന്ന പ്രശ്‌നത്തിന് ഇത്തരത്തില്‍ പരിഹാരം കാണാനാകുമോ എന്നാണ് പരിശോധിക്കുന്നത്.

പരമ്പരാഗത കൃഷിയും ജൈവകൃഷിയും പ്രോത്സാഹിപ്പിക്കാന്‍ കേന്ദ്രത്തിന് ബി.പി.കെ.പി. പോലെ പദ്ധതികളുണ്ട്. കേരളത്തില്‍ അവയുടെ പ്രവര്‍ത്തനപുരോഗതി എങ്ങനെയാണ് ?

ജൈവകൃഷി പ്രോത്സാഹിപ്പിക്കുന്നതിന് കേരളപ്പിറവിദിനത്തില്‍ ജൈവകൃഷി മിഷന്‍ പ്രഖ്യാപിക്കും. പ്രാദേശിക കര്‍ഷക കൂട്ടായ്മകളുടെ നേതൃത്വത്തില്‍ ജൈവകൃഷിക്ക് പ്രാധാന്യം നല്‍കുന്ന കൃഷിയിടങ്ങള്‍ വികസിപ്പിക്കും. എല്ലാ ജില്ലയിലും അഞ്ചേക്കര്‍മുതല്‍ പത്തേക്കര്‍വരെയുള്ള മാതൃകാ ജൈവകൃഷിയിടങ്ങള്‍ സ്ഥാപിക്കും. തരിശുരഹിത കേരളം എന്ന പദ്ധതിയുമായി സംയോജിപ്പിച്ച് പാടങ്ങളും പറമ്പുകളും ജൈവകൃഷിക്കായി വിനിയോഗിക്കും. ഇവിടങ്ങളില്‍ ജൈവരീതിയില്‍ ഉത്പാദിപ്പിക്കുന്ന ഉത്പന്നങ്ങള്‍ പ്രത്യേക ബ്രാന്‍ഡായി വിപണയിലിറക്കും. ഹോര്‍ട്ടികോര്‍പ്പിലും മറ്റും ഇതിനായി പ്രത്യേക കിയോസ്‌കുകളും കോര്‍ണറുകളും തുറക്കും.

പ്രകൃതിക്ഷോഭം മൂലം കാര്‍ഷികമേഖലയിലുണ്ടാക്കുന്ന നഷ്ടത്തിന് എന്താണ് പരിഹാരം ?

പ്രകൃതിദുരന്തങ്ങളില്‍ കര്‍ഷകരെ സാഹായിക്കാനുള്ള കാര്‍ഷിക ദൗത്യസേനയുണ്ടാക്കാനും ലക്ഷ്യമിടുന്നുണ്ട്. പങ്കാളികളാവുന്ന യുവാക്കള്‍ക്ക് വരുമാനം ഉണ്ടാക്കുന്നവിധമുള്ള ഒരു കര്‍മസേനയായിരിക്കും ഇത്. ആലപ്പുഴ, കോട്ടയം, പാലക്കാട്, തൃശ്ശൂര്‍ ജില്ലകളില്‍ ആദ്യം തുടങ്ങും. കാലാവസ്ഥാ മുന്നറിയിപ്പുകള്‍ക്കനുസരിച്ച് എങ്ങനെ കൃഷിരീതി രീതികള്‍ ക്രമീകരിക്കാനാകുമെന്ന് ആലോചിക്കുന്നുണ്ട്. വിള ഇന്‍ഷുറന്‍സ് പദ്ധതിസംബന്ധിച്ച ഇന്‍ഷുറന്‍സ് ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ റിപ്പോര്‍ട്ടുപ്രകാരം മാറ്റംവരുത്തേണ്ടതുണ്ടോ എന്ന പരിശോധിക്കും. ഇന്‍ഷുറന്‍സ് തുക ലഭിക്കാനുണ്ടാകുന്ന താമസം പരിഹരിക്കും.

സ്മാര്‍ട് കൃഷിഭവനുകള്‍ കൃഷിവകുപ്പ് ലക്ഷ്യമിട്ടിരുന്നല്ലോ?

ആസൂത്രണത്തിന്റെ ആദ്യ അധ്യായം പാടത്തും പറമ്പിലും തുടങ്ങുന്നവിധം കൃഷിഭവനുകളെ നവീകരിക്കാനാണ് സ്മാര്‍ട്ട് കൃഷിഭവനുകളിലൂടെ ലക്ഷ്യമിടുന്നത്. പ്ലാന്റ് ഹെല്‍ത്ത് ക്ലിനിക്, അഗ്രാഫാര്‍മസി, എക്കോ ഷോപ്പ് തുടങ്ങിയ സൗകര്യങ്ങളോടുകൂടി കൃഷിഭവനുകളുടെ മുഖച്ഛായതന്നെ ഇതോടെ മാറും. നവംബര്‍ ഒന്നിന് എല്ലാ ജില്ലകളിലും ഒരു കൃഷിഭവന്‍ സ്മാര്‍ട് കൃഷിഭവനായി പ്രഖ്യാപിക്കും. കൃഷി ഓഫീസര്‍ കൃഷി ഡോക്ടറായി മാറും. കൃഷിയുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും ഓണ്‍ലൈനാക്കും. എല്ലാ കര്‍ഷകര്‍ക്കും കൃഷിഭൂമിയുടേത് അടക്കം അവരുടെ വിവരങ്ങള്‍ ഉള്‍പ്പെടുത്തി സ്മാര്‍ട്ട് കാര്‍ഡ് നല്‍കും.

വിത്തിന്റെയും നടീല്‍വസ്തുക്കളുടെയും പേരില്‍ കര്‍ഷകര്‍ പലപ്പോഴും വഞ്ചിക്കപ്പെടുന്നു, നിയമനിര്‍മാണം പരിഗണനയിലുണ്ടോ ?

ഗുണമേന്മയുള്ള വിത്തിനങ്ങള്‍ ഉറപ്പാക്കാന്‍ നഴ്സറി ആക്ട് ഇക്കൊല്ലംതന്നെ ഫലപ്രദമായി നടപ്പാക്കും. നിയമം പ്രാബല്യത്തില്‍ വരുന്നതോടെ വിത്തും നടീല്‍വസ്തുക്കളും വാങ്ങി കര്‍ഷകര്‍ വഞ്ചിക്കപ്പെടുന്നതിന് പരിഹാരമാകും.

മടങ്ങിവന്ന പ്രവാസികള്‍ക്കായി കാര്‍ഷികമേഖലയില്‍ എന്താണ് ചെയ്യാനാവുക ?

പ്രവാസികളെ സംയോജിത കൃഷിയിലേക്ക് ആകര്‍ഷിക്കാന്‍ പ്രത്യേക പരിപാടി തയ്യാറാക്കും. ഫാമുകളും മറ്റും തുടങ്ങുന്നതിനുള്ള പദ്ധതികള്‍ തയ്യാറാക്കാനാകും. പ്രവാസി കൂട്ടായ്മകളുടെ ഉത്പന്നങ്ങള്‍ ഏറ്റെടുത്ത് ജൈവോത്പന്നങ്ങളായി വിറ്റഴിക്കാനാകും.

Content Highlights: Interview with Minister P Prasad