ഇന്ത്യയില്‍ കമ്യൂണിസത്തിന്റെയും ഇടതുപക്ഷത്തിന്റെയും ഭാവി എന്താണ് ?

ലോകം ഇന്ന് സഞ്ചരിക്കുന്ന പൊതുദിശ  വലതുപക്ഷമാര്‍ഗത്തിന്റേതാണ്. ഇന്ത്യയിലുമങ്ങനെ തന്നെ. വലതുപക്ഷവാഴ്ച എത്ര ഭീകരമാണ് എങ്കിലും സമൂഹത്തില്‍ പീഡിതരും ചൂഷിതരും ഉള്ളിടത്തോളം കാലം ഇടതുപക്ഷമുണ്ടായിരിക്കും. പാവങ്ങളെക്കുറിച്ച് ഉത്കണ്ഠപ്പെട്ട ഒരാളുടെ സംഭാവനയായ  മാര്‍ക്സിസത്തിനും ഭാഗികപ്രസക്തിയുണ്ട്. മാര്‍ക്സിസത്തിനും കമ്യൂണിസത്തിനും ഒക്കെമുന്പേ, മിത്തിക്കല്‍ കാലംമുതലേ  ഇടതുപക്ഷമുണ്ട്. ഇന്ന് ഇന്ത്യയില്‍ വലതുപക്ഷത്തിനെ നേരിടാന്‍ ബാധ്യതയുള്ള  ഇടതിന്റെ സ്വരൂപം എന്താണ്? ഇന്ത്യയിലെ ഇന്നത്തെ ഇടതു-ലിബറലിസത്തിനെ ഒരു മനുഷ്യരൂപത്തില്‍ സങ്കല്പിച്ചാല്‍, അതികൃശമായ ഉടലും ഭീമാകാരമായ ശിരസ്സുമുള്ള നിഷ്പ്രയോജനമായഒരു സ്വത്വമാണ് അത് എന്നുകാണാം.

കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ രാജ്യത്ത് കമ്യൂണിസ്റ്റ് പാര്‍ട്ടികളുടെ വോട്ട് ഓഹരി 2.3 ശതമാനം മാത്രമാണ്. ഡി.എം.കെ.യുടെ ഉദാരതയെന്ന വാസ്തവം  മറന്നാല്‍പ്പോലും ലോക്‌സഭയിലെ പ്രാതിനിധ്യം 0.9 ശതമാനമാണ്. അതുകൊണ്ടാണ് ജനകീയതയെന്ന ഉടല്‍ അതികൃശമാണ് എന്നുപറയുന്നത്. ഭീമാകാരമാണ് അതിന്റെ ശിരസ്സ് എന്നുപറയുന്നത് രാജ്യത്തിലെ 95 ശതമാനം ബുദ്ധിജീവികളും  കലാകാരന്മാരും എഴുത്തുകാരും  ഇടതുപക്ഷക്കാരാണ് എന്നതുകൊണ്ടാണ്. എന്തൊരു പരിഹാസ്യത! പാവപ്പെട്ട മഹാജനസഞ്ചയത്തെ സമീപിക്കാനാകാത്തവര്‍, അതിന്റെ ജീവിതസ്പന്ദമറിയാത്തവര്‍ എപ്പോഴും പാവങ്ങളെക്കുറിച്ച് ചര്‍ച്ചിച്ചുകൊണ്ടിരിക്കുന്നു! കേരളത്തിലെ ബുദ്ധിജീവികളും മുന്‍പറഞ്ഞ  അസാധാരണ സ്വത്വത്തിന്റെ  പ്രാതിനിധ്യം വഹിക്കുന്നവര്‍തന്നെ.   

ഇന്നത്തെ ഒരു ശരാശരി എഴുത്തുകാരനോട് ''നിങ്ങളുടെ രാഷ്ട്രീയമെന്താണ്?'' എന്ന് ചോദിച്ചാല്‍, സാമ്രാജ്യത്വം നല്‍കുന്ന സുഖങ്ങളില്‍ ആകണ്ഠം മുങ്ങിക്കൊണ്ട്, സംഘപരിവാറിന്റെ ജനപ്രീതി ചുരുങ്ങിയകാലംകൊണ്ട് ഒരു ശതമാനത്തില്‍നിന്ന് ഇരുപതു ശതമാനത്തിലേക്ക് വളര്‍ത്തിയ പ്രക്രിയയില്‍ ഭാഗഭാക്കായിക്കൊണ്ട്, 'ഞാന്‍ സാമ്രാജ്യത്വത്തിനും സംഘപരിവാര്‍ ഫാസിസത്തിനും എതിരേ കേരളത്തിലെ ഇടതുപക്ഷത്തോടൊപ്പം' എന്ന് അയാള്‍ മറുപടിപറയും. അവര്‍ അംഗീകരിച്ചിരിക്കുന്ന ഇടതുനേതൃത്വം, വാസ്തവത്തില്‍, ഇടതുനാമധാരികളും ചങ്ങാത്ത മുതലാളിത്തക്കാരുമായ  വലതുപക്ഷക്കാരാണ്. 

അപരിമിത വിദ്യാഭ്യാസമുള്ള ഇവരുടെ അന്തര്‍ദേശീയ-ദേശീയജ്ഞാനം ശോചനീയമാണ്. ലോകമെങ്ങും കമ്യൂണിസം ഒരു ശോകരസനാടകമായി ഏറക്കുറെ അവസാനിച്ചുകഴിഞ്ഞു എന്ന വസ്തുനിഷ്ഠസത്യം അംഗീകരിക്കാതെ അയാള്‍ കേരളമെന്ന കുണ്ടുകിണറ്റിന്റെ സുഖാവസ്ഥയില്‍  കഴിയുന്നു. അരികുവത്കരിക്കപ്പെട്ട എല്ലാ ജനതയെയും ഉള്‍പ്പെടുത്തിക്കൊണ്ടുള്ള ഒരു പുതിയ ഇടതുപക്ഷരൂപവത്കരണത്തെ തടയുന്നത് ഈ ബുദ്ധിജീവികളും എഴുത്തുകാരുംകൂടി പങ്കുവെക്കുന്ന  കേരളത്തിലെ ജഡപൂജാസംസ്‌കാരമാണ്. പുതിയൊരു ഇടതുപക്ഷത്തിന്റെ ആവശ്യകതയെക്കുറിച്ച് ബോധ്യമുള്ള യോഗേന്ദ്ര യാദവും രാമചന്ദ്രഗുഹയും മറ്റും 'ആഗോളീകരണത്തിനും മണ്ഡലിനും ശേഷം ഈ പാര്‍ട്ടി എങ്ങനെ ജീവിച്ചിരിക്കുന്നു?' എന്ന് അദ്ഭുതം കൂറുന്നുണ്ട്. പഴയ ഇടതുപക്ഷത്തിന്റെ ആസന്നമരണാവസ്ഥ എന്ന  ഈ ക്രൂരയാഥാര്‍ഥ്യത്തോട് പൊരുത്തപ്പെടാന്‍ മലയാളി ഇനിയും ഒരുപാട് സമയമെടുക്കും. മാരകമായ ഈ മാനസികാവസ്ഥ പാവപ്പെട്ട അനുഭാവികളെ സംബന്ധിച്ച് കപടാവബോധവും അധികാരത്തോട് ഒട്ടിനില്‍ക്കുന്നവരെ സംബന്ധിച്ച് കാപട്യവുമാണ്. 

ഒ.വി. വിജയന്റെ ധര്‍മപുരാണവും വി.കെ.എന്നിന്റെ അധികാരവുംപോലുള്ള  പൊളിറ്റിക്കല്‍ സറ്റയറുകള്‍ ഇപ്പോള്‍ നമ്മുടെ സാഹിത്യത്തില്‍ ഉണ്ടാവുന്നില്ല. നമ്മുടെ ബുദ്ധിജീവികളും എഴുത്തുകാരും ഭീരുക്കളായിമാറുന്നുവോ...

പൊളിറ്റിക്കല്‍ സറ്റയര്‍ മാത്രമല്ല ധീരമായ രാഷ്ട്രീയസാഹിത്യവും ബുദ്ധിജീവിതവും അധികാരത്തില്‍നിന്ന് അകന്നുനിന്നു മാത്രമേ സാധിക്കൂ. എഴുത്തും സക്രിയമായ ബുദ്ധിജീവിതവും  സത്യസാക്ഷാത്കാരം മാത്രമല്ല; എന്നാല്‍ അവ സത്യസാക്ഷാത്കാരം കൂടിയാണ്. 'ആരും വിമര്‍ശനാതീതരല്ല' എന്ന ദൃഢബോധ്യം രാഷ്ട്രീയസാഹിത്യരചനകളുടെ പിന്നില്‍ ഉണ്ടാകണം. ദുഷ്ടമെന്ന് തോന്നുന്നവയോട് എഴുത്തുകാരന് പകയല്ലെങ്കില്‍ ചുരുങ്ങിയത് അറപ്പെങ്കിലും വേണം. എഴുപതുകളുടെയാദ്യം ഒ.വി. വിജയനെ അടിക്കടി സന്ദര്‍ശിക്കാന്‍ കുറഞ്ഞകാലത്തെ അവസരം സിദ്ധിച്ചിട്ടുള്ള എനിക്ക് അദ്ദേഹത്തിന് നമ്മുടെ ജനാധിപത്യജീര്‍ണതയോടുണ്ടായിരുന്ന പുച്ഛം ശരിക്കുമറിയാം. ആ സന്ദര്‍ശനകാലം 'ധര്‍മപുരാണം' അദ്ദേഹത്തിന്റെ മനസ്സില്‍ രൂപവത്കരണം നടക്കുന്ന കാലമായിരുന്നിരിക്കണം.

വി.കെ.എന്റെ വ്യക്തിസംഭാഷണങ്ങളിലെ രാഷ്ട്രീയക്കാരോടും എഴുത്തുകാരോടുമുള്ള ചൂടന്‍പരിഹാസങ്ങളില്‍, അച്ചടിക്കാന്‍ കൊള്ളാവുന്ന പത്തുശതമാനം മാത്രമേ പുറത്തുവന്നിട്ടുള്ളൂ എന്ന് അദ്ദേഹത്തോട് ചിരപരിചയം ഉണ്ടായിരുന്നവര്‍ക്ക്  ഓര്‍മയുണ്ടാവും. വി.കെ.എന്നിലും വിജയനിലും മാത്രമല്ല നമ്മുടെ പ്രധാനപ്പെട്ട ആധുനികരിലൊക്കെ ഈ ഗുണമുണ്ടായിരുന്നു. നമ്മുടെ നിയോറിയലിസ്റ്റ് നോവലിസ്റ്റുകള്‍, ഇടശ്ശേരിയെയും വൈലോപ്പിള്ളിയെയുംപോലുള്ള കവികള്‍, മാരാര്‍, സി.ജെ. തോമസ്, എം. ഗോവിന്ദന്‍ തുടങ്ങിയ ചിന്തകര്‍ എന്നിവരൊക്കെ തങ്ങളുടെ കാലത്തെ സൂക്ഷ്മരാഷ്ട്രീയം എഴുതിയവരായിരുന്നു. അധികാരത്തോടുള്ള എഴുത്തുകാരന്റെ നിലപാടും അതിന്റെ മുഖത്തുനോക്കി സത്യം പറയാനുള്ള ശേഷിയുമാണ് പ്രശ്നം. എഴുത്തുകാരനും ബുദ്ധിജീവിയും ഭീരുവാകുന്നെങ്കില്‍ അത് അധികാരശക്തികളോടുള്ള ആധമര്‍ണ്യം ഒന്നുകൊണ്ടുമാത്രമാണ്. ഇടശ്ശേരി ഗോവിന്ദന്‍ നായരുടെ ഔപചാരിക വിദ്യാഭ്യാസം പരിമിതമായിരുന്നു. എന്നാല്‍, അദ്ദേഹത്തിന്റെ  'കുടിയിറക്കല്‍' എന്ന കവിതയിലെ,

'കുടിയിറക്കപ്പെടും കൂട്ടരേ പറയുവിന്‍
പറയുവിന്‍ ഏതു രാഷ്ട്രക്കാര്‍ നിങ്ങള്‍?
പ്രസവിച്ചതിന്ത്യയായ്, പ്രസവിച്ചതിംഗ്ലണ്ടായ്
പ്രസവിച്ചതാഫ്രിക്കന്‍ വന്‍കരയായ്.
അതിലെന്തുണ്ടാര്‍ക്കാനു, മുടമയില്ലാത്ത ഭൂ-
പടമേലും പാഴ്വരക്കര്‍ത്ഥമുണ്ടോ?
എവിടെവിടെങ്ങളില്‍ ചട്ടിപുറത്തെടു-
ത്തെറിയപ്പെടുന്നുണ്ടിപ്പാരിടത്തില്‍  
അവിടവിടങ്ങളെ ചേര്‍ത്തുവരക്കുകൊ-
ന്നിവരുടെ രാഷ്ട്രത്തിന്നതിര്‍വരകള്‍.'

എന്നീ വരികളിലെ അന്തര്‍ദേശീയതപോലൊന്ന് 1952-ലെ ഒരു കമ്യൂണിസ്റ്റ് ജീവല്‍സാഹിത്യകാരന്റെ രചനയിലും ഉണ്ടായിട്ടില്ല. ഇതിലുമേറെ സങ്കീര്‍ണമായ  സൂക്ഷ്മരാഷ്ട്രീയപ്രകാശനം    എഴുപതുകളിലെ ആധുനിക കവികളും കഥ-നോവല്‍ എഴുത്തുകാരും തുടര്‍ന്നു. 
 
സാഹിത്യത്തിലെ മാനവികത പോലെത്തന്നെ അഭിമാനകരമായിരുന്നു നമ്മുടെ ദീര്‍ഘമായ നവോത്ഥാനപ്രസ്ഥാനം. പത്തൊമ്പതാം നൂറ്റാണ്ടിന്റെ പൂര്‍വാര്‍ധത്തില്‍ ബ്രിട്ടീഷ് അധികാരികളെ വെണ്‍നീചന്‍ എന്നും തിരുവിതാംകൂര്‍ മഹാരാജാവിനെ കരിനീചന്‍ എന്നും വിളിച്ച വൈകുണ്ഠസ്വാമികള്‍ മുതല്‍ നക്സലൈറ്റുകള്‍ വരെ നീളുന്ന ഒരു നൈരന്തര്യമായിരുന്നു അത്.

എന്നാല്‍, എഴുത്തുകാരുടെയും ബുദ്ധിജീവികളുടെയും അധികാരത്തിനെതിരായുള്ള പകയും ദൃഢോക്തികളും എണ്‍പതുകള്‍ ആരംഭിക്കുമ്പോഴേക്കും മയപ്പെട്ടുവന്നു. എഴുപതുകളുടെ അവസാനവര്‍ഷങ്ങള്‍,  അടിയന്തരാവസ്ഥ എന്ന സമഗ്രാധിപത്യത്തിന്റെ അന്ത്യം കുറിച്ച ഘട്ടം എന്നതുകൊണ്ട് മാത്രമല്ല പ്രസക്തമാവുന്നത്; ഒരു നൂറ്റാണ്ടോളം കാലം സമൂഹത്തിലും സാഹിത്യത്തിലും സംസ്‌കാരത്തിലും സജീവമായിരുന്ന അവാന്ദ്ഗാദ് (മുന്നണിപ്പോരാളികള്‍) പ്രക്ഷീണമാവാന്‍ തുടങ്ങിയത് ഈ കാലത്താണ് എന്ന ദൗര്‍ഭാഗ്യകരമായ പ്രാധാന്യവും ഈ ഘട്ടത്തിനുണ്ട്. ഗള്‍ഫ് പ്രവാസംമൂലം ആഗോളീകരണവും നിയോ-ലിബറലിസവും കേരളത്തില്‍ മറ്റിടങ്ങളിലേക്കാള്‍ പത്തുവര്‍ഷംമുമ്പേ പൂവിട്ടു.  ഈ കാലത്താണ് അതുവരെ പ്രതിവാദികളായിരുന്ന മുന്‍ നക്സലൈറ്റുകളും സ്വതന്ത്രചിന്തകരും ഗാന്ധിയന്മാരും ഫെമിനിസ്റ്റുകളും മറ്റും മാര്‍ക്സിസ്റ്റു പാര്‍ട്ടിയുടെ സാസ്‌കാരികഭടന്മാരാകാനുള്ള കുത്തൊഴുക്കാരംഭിച്ചത്.

ആഗോളീകരണത്തിന്റെയും  നിയോ-ലിബറലിസത്തിന്റെയും ഊറ്റത്തോടെയുള്ള തുടക്കം എല്ലാ രാഷ്ട്രീയപ്പാര്‍ട്ടികളുടെയും സ്വഭാവഘടനയെ ഗണ്യമായി ബാധിച്ചു. എന്നാല്‍, അത് ഏറ്റവും കൂടുതല്‍ സ്വാധീനിച്ചത് മാര്‍ക്സിസ്റ്റ് പാര്‍ട്ടിയെയാണ്. മറ്റെന്തു ദോഷം പറഞ്ഞാലും എണ്‍പതുകള്‍വരെ കമ്യൂണിസ്റ്റ് പാര്‍ട്ടിക്ക് യാന്ത്രികമെങ്കിലും വളരെ കര്‍ക്കശമായ ഒരു  സാംസ്‌കാരികനയമുണ്ടായിരുന്നു. അതിന്റെ അടിസ്ഥാനത്തില്‍  പുരോഗമനവാദികളായിരുന്ന കേസരിയും തകഴിയും കേശവദേവും ചങ്ങമ്പുഴയും മുണ്ടശ്ശേരിയും എം.പി. പോളും അടക്കമുള്ള അതികായര്‍പോലും കാലാകാലങ്ങളില്‍ പ്രത്യയശാസ്ത്രപരമായി ഭര്‍ത്സിക്കപ്പെട്ടുപോന്നിരുന്നു. സി.ജെ. തോമസ്, എം. ഗോവിന്ദന്‍, ഒ.വി. വിജയന്‍ അടക്കമുള്ള ആധുനികര്‍ -ഇവരുടെ കാര്യം പറയാനുമില്ല. ചെറുകാടിനെയും സി.വി. ശ്രീരാമനെയും പോലുള്ള അപൂര്‍വംപേര്‍ മാത്രമേ സര്‍ഗാത്മകസാഹിത്യകാരന്മാരായി തങ്ങളുടെകൂടെ ഉള്ളൂ എന്നതൊന്നും കമ്യൂണിസ്റ്റുകാര്‍ ഒരു കുറവായി കണ്ടിരുന്നില്ല.  

എണ്‍പതുകളോടെ ഈ പ്രത്യയശാസ്ത്രപരമായ കാര്‍ക്കശ്യമൊക്കെ നേര്‍പ്പിക്കപ്പെട്ടു. ഏതെങ്കിലും രംഗത്തെ  പ്രഗല്ഭനായ ഒരാള്‍ പാര്‍ട്ടിയെ ഒന്ന് കടാക്ഷിച്ചാല്‍മതി ആ ആള്‍ സ്വീകാര്യനാവുന്നു എന്ന നിലവന്നു. ഇന്ന് താന്‍ സി.പി.എമ്മിനാല്‍ ഏറ്റെടുക്കപ്പെടുന്നത് കാണുമ്പോള്‍ സമഗ്രാധിപത്യത്തിനെതിരായുള്ള ഒരു ജീവിതകാലത്തെ തന്റെ എഴുത്തും വരയും പാഴായല്ലോ എന്ന് ഒ.വി. വിജയന്റെ ആത്മാവ് കേഴുന്നുണ്ടാവും! അണികള്‍ ഒന്നുകൂടി മന്ദിക്കുകയും സി.ജെ. തോമസിനെയും ഗോവിന്ദനെയും കണ്ടിട്ടുള്ള തലമുറയ്ക്ക് സ്മൃതിനാശം സംഭവിക്കുകയും ചെയ്യുന്നതോടെ അവരും ഏറ്റെടുക്കപ്പെടും.  ഇത്തരം ഒരു പരിണതി  പ്രത്യയശാസ്ത്രപരമായ കാര്‍ക്കശ്യം ഉപേക്ഷിച്ച പാര്‍ട്ടിയും സ്വതന്ത്രചിന്തയുടെ ബോധ്യങ്ങളൊക്കെ നഷ്ടപ്പെട്ട എഴുത്തുകാരനും തമ്മിലുള്ള, ദൂരവ്യാപകഫലങ്ങള്‍ ഉണ്ടാക്കിയ, അവസരവാദപരമായ കല്യാണത്തിന് വഴിവെച്ചു. ഈ അവസരവാദപരമായ ബന്ധമാണ് ഇന്നത്തെ എഴുത്തുകാരന്റെ ഭീരുത്വത്തിന് മുഖ്യകാരണം.

പ്രസിദ്ധരായ  സ്വതന്ത്രചിന്തകരും വാഗ്മികളുമായിരുന്ന സുകുമാര്‍ അഴീക്കോടും എം.എന്‍. വിജയനും ആയിരുന്നു ആദ്യ ഘട്ടത്തില്‍ ഈ തരത്തില്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിക്ക് ലഭിച്ച ഏറ്റവും വിലപിടിച്ച വരപ്രസാദങ്ങള്‍. രസകരമായകാര്യം ജന്മിത്വനിര്‍മൂലനം, പാവങ്ങള്‍ക്ക് അവകാശബോധം നല്‍കുക എന്നിങ്ങനെ കേരള ചരിത്രത്തില്‍ ആര്‍ക്കും അവഗണിക്കാനാകാത്ത രണ്ട് ദൗത്യങ്ങള്‍ നിറവേറ്റാന്‍ കൃഷ്ണപിള്ളയും ഇ.എം.എസും എ.കെ.ജി.യും ഒക്കെ കിണഞ്ഞുപരിശ്രമിച്ചുകൊണ്ടിരുന്ന നാല്‍പ്പതുകളിലും അന്‍പതുകളിലുമൊക്കെ കടുത്ത കമ്യൂണിസ്റ്റ് വിരുദ്ധരായിരുന്നു ഈ രണ്ടുപേരും എന്നതാണ്. സോവിയറ്റ് യൂണിയന്‍ പതിനഞ്ച് ഖണ്ഡങ്ങളായി ചിതറുകയും കിഴക്കന്‍ യൂറോപ്പ് കമ്യൂണിസത്തിനോട് വിടപറയുകയും ചൈന സ്റ്റേറ്റ് മുതലാളിത്തമാകുകയും ഇന്ത്യയിലെ പാര്‍ട്ടി ധാര്‍മികമായി അധഃപതനത്തില്‍ എത്തുകയുംചെയ്ത അകാലത്താണ് രണ്ടുപേരും പാര്‍ട്ടിയുടെ വക്താക്കളായത്. അന്യവര്‍ഗാശയങ്ങള്‍ പ്രവേശിക്കാതിരിക്കാന്‍  പാര്‍ട്ടിയുടെ പുറത്തേക്കുള്ള വാതായനങ്ങള്‍ അടച്ചിടണമെന്ന് നാല്‍പ്പതുകളില്‍ പ്രസക്തമായ ഉപദേശം എം.എന്‍. വിജയന്‍ നല്‍കുന്നത് തൊണ്ണൂറുകളിലാണ്.

പ്രത്യയശാസ്ത്ര സംവാദങ്ങള്‍ പൂര്‍ണമായി ഉപേക്ഷിച്ച് വിവാദങ്ങളില്‍ മാത്രം ശ്രദ്ധയൂന്നി മുന്നോട്ടുപോവുകയാണ് ശരാശരി മലയാളിയും അവനെ നയിക്കുന്ന രാഷ്ട്രീയനേതൃത്വങ്ങളും. എന്തു തോന്നുന്നു...

ഒരു പോപ്പുലിസ്റ്റ് സമൂഹത്തില്‍, പ്രത്യയശാസ്ത്രങ്ങളുടെ വായ്ത്തലപോയി പൊതുബോധം ഒട്ടും മെച്ചപ്പെട്ടതല്ലാത്ത നിലവാരത്തിലേക്ക് താഴാതെ നിവൃത്തിയില്ല. മതം, ജാതി, കണ്‍സ്യൂമറിസം തുടങ്ങിയ  ഉപരിപ്ലവതകളില്‍  രമിക്കുന്ന ജനങ്ങളും ഭാവനാപരമായ ഉള്‍ക്കാഴ്ചയില്ലാത്ത, അഴിമതിക്കാരായ ഭരണാധികാരികളും ഒരു വിഷമവൃത്തരൂപത്തില്‍ പരസ്പരം നയിച്ചുകൊണ്ടിരിക്കുകയാണ്, കേരളത്തിലിന്ന്. ഭക്ഷണം, വാസസ്ഥലം, സാമൂഹ്യസുരക്ഷ, കൃഷി, തൊഴില്‍, വിദ്യാഭ്യാസം, ആരോഗ്യം, കുടിവെള്ളം, ശുചിത്വം, ഗ്രാമീണറോഡുകള്‍ എന്നിവയുടെ കാര്യത്തില്‍ മറ്റു സംസ്ഥാനങ്ങളെക്കാള്‍ വളരെ മുന്നിലാണ് കേരളം എന്നത് നിസ്തര്‍ക്കമാണ്. എന്നാല്‍, ഇനിയുമത് ഒരു മാനവികമായ നിലവാരത്തിലേക്ക് എത്തിയിട്ടില്ല. നമ്മുടെ നഗരങ്ങളിലെയും പട്ടണങ്ങളിലെയും ഗ്രാമങ്ങളിലെയും മാലിന്യക്കൂമ്പാരങ്ങള്‍ നമ്മുടെ സാമൂഹികസാംസ്‌കാരികലോപത്തെയാണ് കാണിക്കുന്നത്. സ്വന്തം വീടൊക്കെ മിനുക്കിവെക്കാന്‍ നമുക്കറിയാമല്ലോ.

 ഗള്‍ഫ് പ്രവാസത്തിന് അമ്പതുവയസ്സാവാന്‍ ഇനി അധികവര്‍ഷങ്ങളില്ല. ആഗോളീകരണരൂപത്തില്‍ വന്ന വമ്പിച്ച ഈ അനാപേക്ഷിതലാഭമാണ് ഞങ്ങളുടെയൊക്കെ ബാല്യ, കൗമാരങ്ങളില്‍  വളരെ പരിചിതമായിരുന്ന ദാരിദ്ര്യത്തെ നല്ലൊരളവില്‍ നിര്‍മാര്‍ജനം ചെയ്തത്. അധികൃതമായിത്തന്നെ ഏതാണ്ട് ഒരു ലക്ഷം കോടി രൂപവരെ പ്രവാസികള്‍ പണമയച്ച വര്‍ഷങ്ങളുണ്ട്.  ഈ വമ്പിച്ച സമ്പത്ത് സൃഷ്ടിപരമായി ഉപയോഗിക്കുന്നതിന് നേതൃത്വം നല്‍കാന്‍വേണ്ട ദര്‍ശനശേഷിയുള്ള രാഷ്ട്രീയം ഇവിടെ ഉണ്ടായിരുന്നെങ്കില്‍  കേരളം വികസിതരാജ്യങ്ങളുടെ നിലവാരത്തിലേക്കെത്തുമായിരുന്നു. പക്ഷേ, അതുണ്ടായില്ല. അതിനുപകരം, ഈയിടെ ആന്തൂരില്‍ ഉണ്ടായതുപോലെ പ്രവാസിയെ ആത്മഹത്യയിലേക്ക്  നയിച്ചതുപോലുള്ള നിരുത്സാഹകരമായ കാര്യങ്ങളാണ് രാഷ്ട്രീയപ്പാര്‍ട്ടികള്‍ ചെയ്തത്. 

ആന്തൂര്‍ സംഭവത്തെക്കുറിച്ച് 'പാലുതന്ന കൈക്കുതന്നെ കൊത്തിയല്ലോ' എന്ന് ഒരു ശരാശരി പ്രവാസി സി.പി.എമ്മിനെക്കുറിച്ച് തീവ്രമായി മനസ്താപപ്പെട്ടാല്‍ അതില്‍ അതിശയിക്കാനില്ല. കാരണം, മുമ്പൊരിക്കല്‍ പറഞ്ഞതുപോലെ പ്രവാസിപ്പണം തക്കതായ സമയത്ത്  കേരളത്തില്‍ നിവേശിക്കപ്പെട്ടില്ലായിരുന്നെങ്കില്‍, സി.പി.എം. ഇന്ന് ബംഗാളിലും ത്രിപുരയിലും എങ്ങനെയോ ആവിധത്തിലുള്ള നാമമാത്ര അസ്തിത്വത്തിലേക്ക് എഴുപതുകളുടെ അവസാനംതന്നെ നിലംപതിക്കുമായിരുന്നു. വമ്പന്‍ പ്രവാസി പണക്കാരുമായി ചേര്‍ന്നുള്ള ചങ്ങാത്തമുതലാളിത്ത ഇടപാടുകളും ചെറുകിടക്കാരുടെയും മധ്യനിലക്കാരുടെയും വികാരനിര്‍ഭരമായ കമ്യൂണിസ്റ്റ് ഗൃഹാതുരതയും ചേര്‍ന്നാണല്ലോ അവരുടെ വമ്പന്‍ എടുപ്പുകളും സംരംഭങ്ങളും അടങ്ങുന്ന ബൃഹത്തായ സമ്പത്തും പ്രവര്‍ത്തനമൂലധനവും ഉണ്ടായത്.

അമിതമായ കക്ഷിരാഷ്ട്രീയവത്കരണവും കടുത്ത വിഭാഗീയതയുമാണ് നിഷ്പക്ഷതയും വസ്തുനിഷ്ഠതയും നീതിബോധവും പരിമിതമായ തോതിലെങ്കിലും നിലനിന്നിരുന്ന കേരളപൊതുസമൂഹത്തെ കൊന്നത്. മത-രാഷ്ട്രീയ കപടാവബോധങ്ങളല്ലാതെ വെളിവുള്ള ചിന്തകള്‍ ശബ്ദശക്തിയുള്ള നമ്മുടെ മധ്യവര്‍ഗത്തില്‍ ഇന്നില്ല. 'അറബിക്കഥ' എന്ന സിനിമയില്‍ ശ്രീനിവാസന്‍ അഭിനയിച്ച ക്യൂബാമുകുന്ദന്‍ എന്നൊരു കഥാപാത്രമില്ലേ? അയാളാണ് കേരളത്തിന്റെ ഇന്നത്തെ രാഷ്ട്രീയമനോനിലയെ ശരിക്കും പ്രതിനിധാനംചെയ്യുന്ന മിത്തിക്കല്‍ മാനമുള്ള കഥാപാത്രം. ഇടതുപക്ഷത്തില്‍ മാത്രമല്ല വലതുപക്ഷത്തിലും മതമൗലികവാദി സംഘടനകളിലുമൊക്കെ ക്യൂബാമുകുന്ദന്മാരുണ്ട്. പക്ഷേ, ഇടതുപക്ഷത്തില്‍ത്തന്നെയാണ് ഒരുപറ്റം 'മന്ത്രി കരുണ'ന്മാരുടെ കൈപ്പിടിയില്‍പ്പെട്ട ഇവരുടെ ബാഹുല്യം.

ഇവിടെ ഇടതുപക്ഷ ഇതരരുടെ റോള്‍ എന്താണ്...

കരുണാകരന്റെ പ്രഭാവഘട്ടത്തിനുശേഷം നഷ്ടപ്പെട്ട മേല്‍ക്കൈ യു.ഡി.എഫിനോ കോണ്‍ഗ്രസിനോ  പിന്നീട് തിരിച്ചുകിട്ടിയിട്ടില്ല. തൊണ്ണൂറുകള്‍ക്കുശേഷം സി.പി.എമ്മിന്റെ നേതൃത്വം  പിടിച്ചെടുത്തവര്‍ ഏറ്റവും പ്രഗല്ഭമായി വിജയിച്ചത് കേരളസമൂഹത്തെ സാര്‍വത്രികമായി പോഷകസംഘടനവത്കരിക്കുന്നതിലും അവയുടെ  കടിഞ്ഞാണ്‍ കൈയിലെടുക്കുന്നതിലുമാണ്. അധ്യാപകസംഘടനകള്‍, സര്‍വീസ് സംഘടനകള്‍, തൊഴിലാളി സംഘടനകള്‍, വിദ്യാര്‍ഥി സംഘടനകള്‍, ബാങ്കുദ്യോഗസ്ഥ സംഘടനകള്‍, പോലീസ് സംഘടനകള്‍   എന്നിങ്ങനെ വ്യാപിച്ചുകിടക്കുന്ന നൂറുകണക്കിന് സംഘടനകളില്‍ മിക്കതും തുടക്കത്തില്‍  ഉപരിവര്‍ഗത്തിന്റെയും ഭരണകൂടത്തിന്റെയും എല്ലാം പീഡനത്തിനും കൊടിയ ചൂഷണത്തിനുമെതിരായി രൂപംകൊണ്ടവയാണ്. 

ഇന്ന് അവയെല്ലാം ഭരണകൂടത്തിന്റെ ഭാഗമാണ് എന്നുമാത്രമല്ല, പല അര്‍ഥത്തിലും കേരളമെന്ന നാല്‍പ്പതിനായിരം ചതുരശ്രകിലോമീറ്റര്‍ പ്രദേശത്ത് ഏകരൂപേണ വിതരണം ചെയ്യപ്പെട്ടിട്ടുള്ള  ചൂഷക-ജനമര്‍ദക കോശങ്ങളാണ്. ഭരണസദാചാരത്തിന് ഒട്ടും നിരക്കാത്തവിധത്തില്‍ പോലീസ് സേനപോലും കക്ഷിരാഷ്ട്രീയാടിസ്ഥാനത്തില്‍ സംഘടിപ്പിക്കപ്പെട്ടിട്ടുള്ള മറ്റേതെങ്കിലും സംസ്ഥാനം വേറെയുണ്ടോ എന്നറിയില്ല. ഈ സംഘടനകളുടെ  നിയന്ത്രണം എപ്പോഴും സി.പി.എമ്മിന്റെ കൈയിലാകയാല്‍ അഞ്ചുവര്‍ഷത്തില്‍ ഒരിക്കല്‍ കോണ്‍ഗ്രസ് തിരഞ്ഞെടുപ്പില്‍ ജയിക്കുന്ന ഊഴം വരുമ്പോഴും അവര്‍ക്ക് പകുതി ഭരണാവകാശമേ ലഭിക്കൂ. ബാക്കി പകുതി ഭരണം ജനജീവിതത്തെ സംബന്ധിച്ചിടത്തോളം സര്‍വശക്തമായ ഈ പോഷകസംഘടനകളെ ഉപയോഗിച്ച് ഏതുകാലത്തും കമ്യൂണിസ്റ്റുകാരാണ് നിര്‍വഹിക്കുക.

വസ്തുനിഷ്ഠസത്യത്തെ നേര്‍ക്കുനേര്‍ നോക്കിക്കാണുന്നതിനെ  തടസ്സപ്പെടുത്തുന്ന ഏതു കപടാവബോധവും ഒരു സമൂഹത്തിന് സാംസ്‌കാരികമായി വളരെ ദോഷംചെയ്യും വ്യക്തിജീവിതത്തില്‍ ഒരാള്‍ എത്ര മേന്മയുള്ള ആളായാലും, അന്യഥാ എത്ര സംസ്‌കാരസമ്പന്നനായാലും മുന്‍പറഞ്ഞ സി.പി.എം. പോഷകസംഘടനകളില്‍ ഒന്നില്‍ കുറച്ചുകാലം തുടര്‍ന്നാല്‍ ഇടതുകപടാവബോധത്താല്‍ അണുബാധിതനാകും എന്നതാണ് അനുഭവം. പിന്നെ ഇടതുപക്ഷ ആഭിമുഖ്യത്തില്‍ നടക്കുന്ന ഏത് അഴിമതിക്കും കൊലപാതകത്തിനും സ്ത്രീപീഡനത്തിനും വിതണ്ഡവാദാലംകൃതമായ ന്യായീകരണം ചമയ്ക്കാനുള്ള പ്രാപ്തിയുണ്ടാകുകയായി. പകരമായി, ഇടതുപക്ഷം അധികാരത്തില്‍ വരുമ്പോഴൊക്കെ  ഈ പോഷകസംഘടനകളുടെ ജനമര്‍ദകമായ എന്തു നടപടിക്കും  ഭരണകൂടത്തിന്റെ ലൈസന്‍സും ലഭിക്കും. ലക്ഷക്കണക്കിനുവരുന്ന കമ്യൂണിസ്റ്റുകാര്‍  ഉയര്‍ത്തുന്ന വിതണ്ഡവാദങ്ങള്‍ക്ക് എല്ലാം അദ്ഭുതകരമായ സമാനത കണ്ടിട്ടില്ലേ? ഒരു കമ്യൂണിസ്റ്റ് ഗൃഹത്തില്‍ ഒരു ശിശു  ജനിച്ചാല്‍ ബ്രാഞ്ച് സെക്രട്ടറി വന്ന് ആയുഷ്‌കാലം  മുഴുവന്‍ ഫലംകിട്ടത്തക്കവിധത്തില്‍ അതിന്റെ നാവില്‍ പൊന്നരിവാള്‍ തുമ്പുകൊണ്ട് വിതണ്ഡവാദവും  അസത്യവും കൗടില്യവും സംവൃതമാക്കപ്പെട്ടിട്ടുള്ള ഒരു ഗുപ്തമന്ത്രം എഴുതുന്ന സെക്കുലര്‍ മതാചാരമുണ്ട് എന്നുതോന്നും!

ഇതിനെ മൊത്തത്തില്‍ ഒരു കെ.എസ്.എഫ്. - എസ്.എഫ്.ഐ. മനോനില എന്ന് വിളിക്കാം. നാലുതലമുറകളായി ഇതിലൂടെ കടന്നുപോയ അംഗങ്ങള്‍ക്ക് ഘടനാപരമായും അല്ലാതെയും ഹിംസയ്ക്ക് അധികാരമുള്ള Priory of Sion, Opus Dei തുടങ്ങിയ രഹസ്യമതസംഘടനകളിലെ അംഗങ്ങള്‍ക്കിടയിലുള്ളതുപോലുള്ള  ആത്മബന്ധമാണോ തമ്മില്‍ത്തമ്മില്‍ ഉള്ളത് എന്ന് തോന്നിപ്പോകും. വില്ലേജ് ശിപായിമുതല്‍ സുപ്രീംകോടതി ജഡ്ജിവരെ നീളാവുന്ന വലിയൊരു ജനസംഖ്യയില്‍ എസ്.എഫ്.ഐ.  ഗൃഹാതുരത കഴിഞ്ഞ അരനൂറ്റാണ്ടായി അത്രയ്ക്ക്  സജീവമായി വളര്‍ത്തിയെടുക്കപ്പെട്ടിട്ടുണ്ട്. എസ്.എഫ്.ഐ. ഗൃഹാതുരത്വത്തിന് കാരണം വിദ്യാഭ്യാസസ്ഥാപനങ്ങളുടെ പ്രഗല്ഭതയുടെ റാങ്കിങ്ങില്‍ നമ്മുടെ ഏതെങ്കിലും സര്‍വകലാശാല ലോകത്തിലോ ഇന്ത്യയിലോ മുന്‍പന്തിയില്‍ എത്തി എന്നതോ, കുട്ടികളെ നിരക്ഷരര്‍ പോലും ആക്കിയ എസ്.എസ്.എ.-ഡി.പി.ഇ.പി. മുതലായ സാമ്രാജ്യത്വ പദ്ധതികളെ ചെറുത്തു എന്നതോ, പാവപ്പെട്ട കുട്ടികളെ കളിക്കുപുറത്താക്കിയ വിദ്യാഭ്യാസരംഗത്തെ സ്വകാര്യവത്കരണത്തെ തടഞ്ഞു എന്നതോ, രാഷ്ട്രീയജീര്‍ണതയിലേക്ക് തെന്നിനീങ്ങിക്കൊണ്ടിരുന്ന വൃദ്ധനേതൃത്വത്തെ എപ്പോഴെങ്കിലും തിരുത്തി എന്നതോ അല്ല. 

ഇന്നത്തേത് പോലെതന്നെ സഹപാഠികളായ മറ്റു വിദ്യാര്‍ഥി സംഘടനാ പ്രവര്‍ത്തകരുടെയും  പോലീസുകാരുടെയും തലതല്ലിപ്പൊളിച്ചതും സര്‍ക്കാര്‍ ബസുകള്‍ കത്തിച്ചതും അധ്യാപകരെ അപമാനിച്ചതും കോളേജുകളില്‍ ആയുധപ്പുര തുറന്നതും  മറ്റുമാണ് രോമാഞ്ചമണിയുന്നതിനു കാരണം. ഇപ്പോള്‍ സ്വന്തം സഖാവിനെതന്നെ കുത്തിയപ്പോള്‍ രോമാഞ്ചകരമായ പുതിയൊരേടുകൂടി ഗൃഹാതുരചരിത്രത്തില്‍ എഴുതിച്ചേര്‍ത്തു എന്നുമാത്രം. എഴുത്തുകാര്‍,  അധ്യാപകശ്രേഷ്ഠര്‍, മുതിര്‍ന്ന ബ്യൂറോക്രാറ്റുകള്‍, മുഖ്യധാരാമാധ്യമപ്രവര്‍ത്തകര്‍, മുതിര്‍ന്ന അഭിഭാഷകര്‍, നീതിപാലകര്‍, പോലീസുകാര്‍, ശാസ്ത്രസാഹിത്യപരിഷത്തുകാര്‍ എന്നിവരൊക്കെ തങ്ങളുടെ തൊഴില്‍മേഖലയില്‍ ഒത്തുതീര്‍പ്പുകള്‍ വരുത്തിയിട്ടായാലും ഈ എസ്.എഫ്.ഐ. ഗൃഹാതുരത്വംകൊണ്ട് കോള്‍മയിര്‍കൊള്ളുന്നവരുടെ പട്ടികയിലുണ്ട്.

ഇപ്പോഴത്തെ മന്ത്രിസഭതന്നെ ആദ്യത്തെ എസ്.എഫ്.ഐ. മന്ത്രിസഭയാണെന്ന കൗതുകകരമായ വസ്തുത ആരും ശ്രദ്ധിച്ചിട്ടുണ്ടാവില്ല. പാര്‍ട്ടിയുടെ നേതൃത്വത്തിലുള്ള ത്യാഗനിര്‍ഭരവും ജീവത്തായതുമായ  തൊഴിലാളി-കര്‍ഷകത്തൊഴിലാളി സമരങ്ങളൊക്കെ അറുപതുകളുടെ അവസാനത്തോടെ അവസാനിച്ചിരുന്നു. പിന്നീടൊക്കെ അനുഷ്ഠാനപരവും ആചാരപരവുമായ സമരങ്ങളേ ഈ മേഖലകളില്‍ ഉണ്ടായുള്ളൂ. പലരും ദരിദ്രപശ്ചാത്തലത്തില്‍ ജനിച്ചവരാണെന്നാലും മന്ത്രിസഭയിലെ ഒന്നോ രണ്ടോ പേര്‍ ഒഴികെ മറ്റെല്ലാവരും വിദ്യാര്‍ഥി-യുവജന പ്രസ്ഥാനങ്ങളിലൂടെ കരേറി ഇന്നത്തെനിലയില്‍ എത്തിയവരാണ്. അതുകൊണ്ടാണ്, തരുണമനസ്‌കരില്‍ സഹജമായവിധത്തില്‍ പ്രവൃത്തികള്‍ക്കൊന്നിനും  ഫലദായകത്വം ഇല്ലാത്തതും വരുംവരായ്കകള്‍ ഓര്‍ക്കാതെ പകയോടെ എടുത്തുചാടുന്നതും ഭരണം ഉദാരമാകുന്നതിനുപകരം അക്രാമകമാകുന്നതും.

ശബരിമലയുമായി ബന്ധപ്പെട്ടുണ്ടായ കോടതിവിധിയും അതിനെത്തുടര്‍ന്ന് കേരളീയസമൂഹത്തില്‍ സംഭവിച്ച ധ്രുവീകരണവും രാഷ്ട്രീയവും സാമൂഹികവുമായ പ്രത്യാഘാതങ്ങളും  എങ്ങനെ കാണുന്നു?

ഒരുപക്ഷേ, കേരളത്തിലെ പുരോഗമനശക്തികള്‍ അതിന്റെ കഷ്ടിച്ച് രണ്ടുനൂറ്റാണ്ടത്തെ ചരിത്രത്തില്‍ ദുരുപദിഷ്ടമായ അധികാരശക്തിക്കുമുമ്പില്‍ തങ്ങളുടെ കര്‍ത്തൃത്വം സമ്പൂര്‍ണമായും സമര്‍പ്പിച്ച് കീഴടങ്ങുന്നത് ശബരിമല കോടതിവിധിയോട് അനുബന്ധിച്ചുണ്ടായ സംഘര്‍ഷസമയത്താണ്. എഴുത്തുകാരും ബുദ്ധിജീവികളും ജനങ്ങളുടെ ജീവല്‍സ്പന്ദം അറിയാതെ പോകുന്നതിന്റെ ഒരു  പ്രാമാണിക ഉദാഹരണമായിരുന്നു അത്. മതവിശ്വാസിയോ ക്ഷേത്രാരാധകനോ അല്ലാത്ത എന്നെപ്പോലെ ഒരാളെ സംബന്ധിച്ചിടത്തോളം സ്ത്രീപ്രവേശം ഒരു നോണ്‍-ഇഷ്യൂ ആണ്. എന്നാല്‍, അഞ്ചുവിധത്തിലെങ്കിലും ഭരണകൂടത്തോടൊപ്പമുള്ള അവന്ത്ഗാദിന്റെ അണിചേരല്‍ ആത്മഹത്യാപരമായിരുന്നു:         

ഒന്ന്, മനുഷ്യസൃഷ്ടമായ വലിയൊരു വെള്ളപ്പൊക്കത്തിന്റെ കെടുതിയില്‍പ്പെട്ട ഒരു ജനസമൂഹത്തെ പുനരധിവസിപ്പിക്കാന്‍ ഭരണകൂടത്തെ നിര്‍ബന്ധിക്കേണ്ട  ബുദ്ധിജീവികള്‍തന്നെ വളരെ തെറ്റായ ഒരു മുന്‍ഗണനയുടെ പിറകേ ഇറങ്ങിത്തിരിച്ചതില്‍ ഒരു നവോത്ഥാനമൂല്യവുമില്ല. അതില്‍ പാവപ്പെട്ടവരുടെ കഷ്ടപ്പാടുകളോടുള്ള സംവേദനക്ഷമത നശിച്ചവരുടെ സിദ്ധാന്തവിഷയാസക്തിയേ ഉള്ളൂ.

രണ്ട്, സാധാരണസ്ഥിതി പുലരുന്ന കാലമാണെന്നുതന്നെ ഇരിക്കട്ടെ.  സുപ്രീംകോടതി വിധികളോട്, ഭരണഘടനയോട്, നിയമവാഴ്ചയോട്, ലിംഗനീതിയോട്, നവോത്ഥാന സങ്കല്പങ്ങളോട്, മതേതരമൂല്യങ്ങളോട് ഒക്കെയുള്ള അടങ്ങാത്തതും സഹജവുമായ ആദരംപുലര്‍ത്തുന്ന ചരിത്രമുള്ള ഒരു പാര്‍ട്ടിയല്ല സി.പി.എം. ചരിത്രത്തിലാദ്യമായി ദളിത് പ്രവര്‍ത്തകര്‍, ഫെമിനിസ്റ്റുകള്‍, മാവോവാദികള്‍, യുക്തിവാദികള്‍, മനുഷ്യാവകാശപ്രവര്‍ത്തകര്‍, ഗാന്ധിയന്മാര്‍, ഇസ്ലാമിസ്റ്റുകള്‍ എല്ലാം ഒരുമിച്ച് ഒരു ദളിത്വിരുദ്ധ, സ്ത്രീവിരുദ്ധ, മനുഷ്യാവകാശവിരുദ്ധ ഭരണകൂടത്തിന്റെ കീഴില്‍ അണിനിരന്നു. നമ്മുടെ എഴുത്തുകാരില്‍ മിക്കവരും വാചാലമായോ മൗനംകൊണ്ടോ ഭരണകൂടത്തിനോടൊപ്പം കാണപ്പെട്ടു. 

പ്രമുഖരാരെങ്കിലും അങ്ങനെ കാണപ്പെട്ടില്ല എങ്കില്‍ അത് സ്വതന്ത്രചിന്താശല്യം കൊണ്ടായിരിക്കില്ല, ഓര്‍ത്തോപീഡിക് കാരണങ്ങള്‍കൊണ്ടായിരിക്കും. ഈ ഗ്രൂപ്പുകളോരോന്നും ഇതേ ഭരണകൂടത്തിന്റെ നിഷ്ഠുരത പലവട്ടം അനുഭവിച്ചിട്ടുള്ളവരാണ്. ഉദാഹരണത്തിന്, മാവോവാദികളുടെ അനുഭവമെന്താണ്? രോഗാവസ്ഥയില്‍ വിശ്രമിച്ചിരുന്ന അവരുടെ രണ്ടുസഖാക്കളെ നിയമത്തിന്റെ മറപോലുമില്ലാതെ ഈ ഭരണകൂടം കഥകഴിച്ചിട്ട് അധികകാലമായിട്ടില്ല. ഒരാളെ നവോത്ഥാനോത്സവത്തിനുശേഷവും  വകവരുത്തി. സ്ത്രീവാദികള്‍ക്കും ദളിതര്‍ക്കുമൊക്കെ വഞ്ചിക്കപ്പെട്ടതിന്റെ സമീപകാലചരിത്രമുണ്ട്. അത്തരമൊരു  പാര്‍ട്ടിയോടിടപെട്ട് ധാരാളം ദുരനുഭവങ്ങളുള്ള ബുദ്ധിജീവികള്‍ അതിനോടൊപ്പം   ഇറങ്ങിത്തിരിച്ചത് താന്താങ്ങളുടെ മണ്ഡലങ്ങളെ വഞ്ചിച്ചതിനുതുല്യമാണ്.

മൂന്ന്, എല്ലാ മതങ്ങളോടുമുള്ള സമവീക്ഷണം ഉള്ളയിടത്തുമാത്രമേ  മതേതരത്വം പുലരുകയുള്ളൂ. അനാചാരദൂരീകരണത്തിന്റെ കാര്യത്തില്‍പ്പോലും ഈ സമവീക്ഷണവും നീതിയുക്തതയും നിര്‍ബന്ധമാണ്. ഭൂരിപക്ഷമതത്തെ ദ്രോഹിച്ച്, ന്യൂനപക്ഷമതങ്ങളെ പ്രീണിപ്പിച്ച് അധികാരത്തിനുവേണ്ടി മത-ജാതി ധ്രുവീകരണം നടത്താന്‍ തുനിഞ്ഞ നിക്ഷിപ്തതാത്പര്യക്കാരോടൊപ്പം അണിനിരക്കുകവഴി ജനങ്ങളുടെ  മുമ്പില്‍ മാപ്പുസാക്ഷിയായിനിന്നു പുരോഗമനചരിത്രം.

നാല്, മാര്‍ക്സിയന്‍ വീക്ഷണപ്രകാരമാണെങ്കിലും അയ്യപ്പന്‍ ഒരു ആഴത്തിലുള്ള വികാരമായ കേരളത്തില്‍ ഇത്തരം വലിയൊരു മാറ്റത്തിനുള്ള വസ്തുനിഷ്ഠസാഹചര്യമൊരുങ്ങിയിരുന്നില്ല. മൂഢമായ അധികാരരാഷ്ട്രീയത്തിന് എന്ത് മാര്‍ക്സിസം?  ബഹുഭൂരിപക്ഷമെന്ന് തിരഞ്ഞെടുപ്പില്‍ തെളിയിക്കപ്പെട്ട വിശ്വാസിസമൂഹത്തിന്റെ വികാരങ്ങളോടുള്ള സെന്‍സിറ്റിവിറ്റിയും ക്ഷമയും മാത്രമല്ല പ്രായോഗികചിന്തയും ആവശ്യമായിരുന്നു. നെഹ്രുവിനെപ്പോലെയോ ആദ്യകാലകമ്യൂണിസ്റ്റ് നേതാക്കളെപ്പോലെയോ ഉള്ള നിരീശ്വരവാദികളായ ഭരണകര്‍ത്താക്കള്‍ വിഡ്ഢികളായിരുന്നോ? ജനങ്ങളുടെ നാഡീസ്പന്ദനമറിഞ്ഞിരുന്ന  അവര്‍ ആയിരക്കണക്കിനുവരുന്ന ഏറ്റവും ചെറിയ അനാചാരങ്ങളെപ്പോലും ഒറ്റരാത്രികൊണ്ട് നിര്‍മാര്‍ജനംചെയ്യാനാവുമെന്ന് കരുതിയവരല്ല. 

ആദ്യകാല കമ്യൂണിസ്റ്റുകള്‍ സ്വാഭാവികമായും മഹാന്മാരായ വേദനിന്ദകരായിരുന്നു. എന്നാല്‍, ഭക്തന്മാര്‍ വിരിവെക്കുന്ന ഇടം അവരെ ദ്രോഹിക്കാനായി  വെള്ളമൊഴിച്ച് നനച്ചിടുകയും ശബരിമലയില്‍ ശരണംവിളിക്കുന്നത് ഭടന്മാരെ ഉപയോഗിച്ച് വിലക്കുകയുംചെയ്തത് വേദനിന്ദകത്വമല്ല, നീചമായ പാഷണ്ഡതയാണ്. പാഷണ്ഡതയും വേദനിന്ദകത്വവും ഒന്നല്ല. ആ സംഘര്‍ഷം ലിംഗനീതിയുടെ പ്രശ്നവുമല്ല; ഒരൊറ്റ വ്യക്തി  ജനങ്ങളുടെ സൂക്ഷ്മബോധത്തെ വിലകുറച്ച് നിരൂപിച്ച് ഒരു രാഷ്ട്രീയചൂതാട്ടത്തിന്  ഒരുങ്ങിപ്പുറപ്പെട്ടതിന്റെമാത്രം ഫലമാണ്.

അഞ്ച്, നാരായണഗുരുവും അയ്യങ്കാളിയും ടി.കെ. മാധവനും  നാല്പതുകളിലെ കമ്യൂണിസ്റ്റ് നായികകളും അടക്കമുള്ള സമസ്ത നവോത്ഥാനപൂര്‍വികരും ജനങ്ങള്‍ക്കുമുന്പേ പകല്‍വെളിച്ചത്തില്‍ ദീര്‍ഘസമരം നടത്തിയവരാണ്. രാത്രിയുടെ മറവില്‍ തലയില്‍ മുണ്ടിട്ട് വെളിയിടംതേടുന്നതുപോലെ നേടുന്നതല്ല നവോത്ഥാനം. അത് മുഖ്യമന്ത്രിയുടെയും ഡി.ജി.പി.യുടെയും അകമ്പടിയോടെയാണെങ്കിലും നവോത്ഥാനപൈതൃകത്തിന് അപമാനമാണ്. പകുതിമാത്രം വെന്ത ആക്ടിവിസമാണ്.

ശബരിമല സ്ത്രീപ്രവേശം സംബന്ധിച്ച കോടതിവിധിവന്ന ദിവസംവരെ, അത്  ഈ ആക്ടിവിസ്റ്റുകളില്‍ ആരുടെയെങ്കിലും ഉറക്കം കെടുത്തിയിരുന്ന ഒരു നീറുന്ന പ്രശ്നമായിരുന്നില്ല. പലര്‍ക്കും ഇങ്ങനെ ഒരു കേസിന്റെ അസ്തിത്വംതന്നെ അറിവില്ലായിരുന്നു. പിന്നെ, നമ്മുടെ പുരോഗമനശക്തികളെ സര്‍ക്കാരിന്റെ അവിവേകംനിറഞ്ഞ തീരുമാനത്തെ പിന്താങ്ങാന്‍ പ്രേരിപ്പിച്ച ഘടകങ്ങളില്‍ മുഖ്യമായത്  എന്താണ്? അത് സംഘപരിവാര്‍ ശക്തികളെ തോല്‍പ്പിക്കാനുള്ള  ഒരു സുവര്‍ണാവസരമാണ് ഇതെന്ന തെറ്റായ ബോധ്യമാണ്. സംഘപരിവാറില്‍പ്പെട്ട വിഭാഗീയശക്തികള്‍മാത്രമാണ് കോടതിവിധിയെ എതിര്‍ത്തതെങ്കില്‍ ആ തീരുമാനത്തിന്  സാധൂകരണമുണ്ടായിരുന്നു. 

തിരഞ്ഞെടുപ്പുഫലം തെളിയിച്ചത് കമ്യൂണിസ്റ്റുകളും കോണ്‍ഗ്രസുകാരും ദളിതരും പിന്നാക്കക്കാരും അന്യമതസ്ഥരും സവര്‍ണരും-പ്രത്യേകിച്ച് സ്ത്രീകള്‍- എല്ലാം തിരക്കിട്ട് കോടതിവിധി നടപ്പാക്കിയ നടപടിക്ക്  എതിരായിരുന്നു എന്നതാണ് . ദശകങ്ങളായി ഒരു സമരവിജയവും ലഭിക്കാത്തവയാണ് ഈ ആക്ടിവിസ്റ്റ് സംഘങ്ങളില്‍ മിക്കതും. മറ്റൊരു പ്രചോദനം, തങ്ങളെ സ്ഥിരമായി തോല്‍പ്പിക്കാറുള്ള മുഖ്യധാരാ രാഷ്ട്രീയശക്തിയുടെതന്നെ പിന്നില്‍ അണിനിരന്നിട്ടായാല്‍പ്പോലും ഇപ്പോള്‍ മുന്നില്‍വന്നുപെട്ടിരിക്കുന്ന ദുര്‍ബലമായ ഇരയെ(soft target) വകവരുത്തി മൃഗയാസുഖം അനുഭവിക്കാമല്ലോ  എന്ന ആഗ്രഹമാണ്.   

ഈ വിഷയത്തില്‍ ബുദ്ധിജീവികളുടെയും ആക്ടിവിസ്റ്റുകളുടെയും നിലപാടുകളുമോ...

അധികാരത്തോട് ഇത്രമാത്രം ബന്ധിക്കപ്പെട്ട  നിലയില്‍ ദയനീയരായും സ്വതന്ത്രചിത്തം അടിയറവെച്ചും  സാംസ്‌കാരിക-രാഷ്ട്രീയ-സാഹിത്യ മുന്നണിപ്പോരാളികള്‍(Avant-garde) ചരിത്രത്തില്‍ കാണപ്പെട്ടിട്ടില്ല. ഭക്തജനങ്ങളുടെ അപ്രതീക്ഷിതമായ പ്രതിരോധംകണ്ട് തിരഞ്ഞെടുപ്പിന് രണ്ടുമാസംമുമ്പ് അധികാരികള്‍ ശബരിമലയില്‍ യുവതികളെ കയറ്റുക എന്ന പദ്ധതിയില്‍നിന്ന് പിന്മാറി. അവരുടെ അത്തരം അവസരവാദങ്ങളൊക്കെ നമുക്ക് പരിചയമാണ്. എന്നാല്‍, നൂറുനൂറുയോഗങ്ങളിലൂടെ ഊട്ടിയുറപ്പിക്കപ്പെട്ട ധാര്‍മികസാധുതയുടെ ഉടമസ്ഥരായ സ്വതന്ത്രചിന്തകരും ആക്ടിവിസ്റ്റുകളും ഭരണകൂടത്തിനെപ്പോലെത്തന്നെ തിരഞ്ഞെടുപ്പുപ്രഖ്യാപിച്ചപ്പോഴും തിരഞ്ഞെടുപ്പുപരാജയത്തിനുശേഷവും  നവോത്ഥാനത്തിന്  അവധികൊടുത്തത് എന്തിനാണ്? അധികാരികളില്‍നിന്ന് വ്യത്യസ്തമായ ഒരു സ്വത്വമുണ്ടായിരുന്നെങ്കില്‍  സമൂഹത്തിനോട് വീരവാദം മുഴക്കിയിരുന്നതുപോലെ ശ്രമം തുടരുകയല്ലേ വേണ്ടിയിരുന്നത്? അന്തിമവിശകലനത്തില്‍, ശബരിമലക്കാര്യത്തില്‍ ഏതാണ്ട് 200 വര്‍ഷത്തെ പുരോഗമനചിന്തയുടെ പൈതൃകംവഹിക്കുന്നവര്‍ ഒരു രാഷ്ട്രീയപ്പാര്‍ട്ടിയുടെ ആശ്രിതര്‍ മാത്രമായ,  ചിന്താസ്ഥിരതയില്ലാത്ത വെറും തിരഞ്ഞെടുപ്പുസഹായികള്‍മാത്രമായി കാണപ്പെട്ടു.

അധികാരത്തോടുള്ള  എഴുത്തുകാരുടെയും ബുദ്ധിജീവികളുടെയും അടിമത്തമാണല്ലോ വിഷയം. പതിനാലുകൊല്ലംമുമ്പ് അകാലത്തില്‍ അന്തരിക്കുകമൂലം  വി.കെ.എന്ന്   പൊട്ടിച്ചിരിക്കാനുള്ള അവസരം നഷ്ടപ്പെട്ട ഒരു ദൃശ്യം  ചൂണ്ടിക്കാട്ടട്ടെ: വനിതാമതിലിനുമുമ്പായി, തിരഞ്ഞെടുത്ത കുറേ വനിതകളെ മൂന്നുനാല് ഗഡുക്കളായി മുഖ്യമന്ത്രി വളരെ പ്രാഥമികമായ  നവോത്ഥാനചരിത്രം പഠിപ്പിക്കുന്ന ഒരു അങ്കവും അദ്ദേഹത്തിന്റെ പൊതുസമ്പര്‍ക്കവിദഗ്ധര്‍ സംവിധാനം ചെയ്തിട്ടുണ്ടായിരുന്നു.  പഠിതാക്കള്‍ പ്രഗല്ഭരായ വനിതാപ്രൊഫസര്‍മാര്‍, ബുദ്ധിജീവികള്‍, തീവ്രഫെമിനിസ്റ്റുകള്‍ , പൈങ്കിളികളും അപൈങ്കിളികളുമായ എഴുത്തുകാരികള്‍ എന്നിവരായിരുന്നു(കൂട്ടത്തില്‍ കേരളചരിത്രത്തിന്റെ മറുകരകണ്ടിട്ടുള്ള ഒരു ഒന്നാംകിട പുരുഷപ്രൊഫസറെയും കണ്ടു!). പാഠങ്ങള്‍ സാമാന്യമെങ്കിലും  ഇടതുസാംസ്‌കാരികവൃക്ഷത്തില്‍ എവിടെയെങ്കിലും പടരാന്‍ ഇച്ഛിക്കുന്ന ആരോഹീലതകളായ   ആ മഹതികളുടെ കണ്ണുകളിലെ അപൂര്‍വജ്ഞാനം കോരിക്കുടിക്കുമ്പോഴുള്ള   'സാകൂതം!' ഹൊ, അതുപോലെ എന്നെ ചിരിപ്പിച്ച മറ്റൊരു വി.കെ.എന്‍. സന്ദര്‍ഭവും  സമീപകാലത്തുണ്ടായിട്ടില്ല.

(മാതൃഭൂമി വാരാന്തപ്പതിപ്പില്‍ 2019 ഓഗസ്റ്റ് 11-ന് പ്രസിദ്ധീകരിച്ചത്)

Content Highlights: interview with cr parameswaran in mathrubhumi weekend