Arun Shourie
ഫോട്ടോ: എന്‍.എം പ്രദീപ്

ഇന്ത്യന്‍ മാധ്യമരംഗത്തും രാഷ്ട്രീയ രംഗത്തും സാമ്പത്തിക രംഗത്തും നിറഞ്ഞുനിന്ന വ്യക്തിത്വമാണ് അരുണ്‍ ഷൂരി. അന്വേഷണാത്മക ജേണലിസത്തിന്റെ ഇന്ത്യയിലെ കുരുത്തുറ്റ മാതൃക. അനിശ്ചിതത്വങ്ങളും ആകസ്മികതകളും നിറഞ്ഞ തൊഴില്‍, വ്യക്തി, രാഷ്ട്രീയ ജീവിതത്തേക്കുറിച്ച് പറയുകയാണ് അദ്ദേഹം. 

സ്വാതന്ത്ര്യത്തിനും ഇന്ത്യാവിഭജനത്തിനും മുന്‍പ്, 1941-ലായിരുന്നു താങ്കളുടെ ജനനം. വിഭജനവുമായി ഏറ്റവുമധികം ബന്ധപ്പെട്ടുകിടക്കുന്ന പഞ്ചാബിലെ ജലന്ധറില്‍. ആ കാലത്തെക്കുറിച്ചുള്ള താങ്കളുടെ ആദ്യകാല ഓര്‍മകള്‍ എന്തൊക്കെയാണ് ?
എന്റെ അച്ഛന്‍ എച്ച്.ഡി. ഷൂരി സര്‍ക്കാര്‍ സര്‍വീസിലെ ഉദ്യോഗസ്ഥനായിരുന്നു. മൂന്നുമക്കളാണ് ഞങ്ങള്‍. മൂത്തയാളാണ് ഞാന്‍. ജലന്ധറിലാണ് ഞാന്‍ ജനിച്ചതെങ്കിലും എന്റെ ആദ്യത്തെ മനോഹരമായ ഓര്‍മ ഇന്നത്തെ പാകിസ്താനിലെ ലാഹോറുമായി ബന്ധപ്പെട്ടതാണ്. എന്റെ അമ്മയുടെ അച്ഛന്റെ വീട് അവിടെയായിരുന്നു. ഒരു വൈകുന്നേരം അമ്മ എന്റെ അനുജത്തിയെ ഒക്കത്തെടുത്ത് വീടിന്റെ ബാല്‍ക്കണിയില്‍ നില്‍ക്കുകയാണ്. അടുത്ത് ഞാനുമുണ്ട്. അപ്പോള്‍ താഴെ തെരുവിലൂടെ അസ്തമയസൂര്യന്റെ വെളിച്ചത്തില്‍ക്കുളിച്ച് ഒരു വിവാഹഘോഷയാത്ര കടന്നുപോകുന്നു. വല്ലാത്തൊരു ഭംഗിയുണ്ടായിരുന്നു ആ കാഴ്ചയ്ക്ക്. എന്റെ ജീവിതത്തിലെ ആദ്യത്തെ ഭംഗിയുള്ള ഓര്‍മ അതാണ്.

ആ വീട് ഇപ്പോഴുമുണ്ടോ?
ഉണ്ടാവാം, ഇല്ലായിരിക്കാം. അങ്ങനെയേ പറയാന്‍സാധിക്കൂ. മെഹ്ബൂബുല്‍ ഹഖ് പാകിസ്താന്റെ ധനകാര്യമന്ത്രിയായിരുന്നു. ലോകബാങ്കില്‍ ഞാന്‍ അദ്ദേഹത്തിന്റെ കീഴില്‍ ജോലിചെയ്തിട്ടുണ്ട്. 1975-ല്‍ കറാച്ചിയില്‍ ഒരു മീറ്റിങ് ഉണ്ടായിരുന്നു. അതില്‍ പങ്കെടുക്കാന്‍ ചെന്നപ്പോള്‍ ഞാന്‍ ഭൂട്ടോയുടെ വീടും മൊഹന്‍ജൊദാരോവും എല്ലാം കണ്ടു. ശേഷം മെഹ്ബൂബുല്‍ ഹഖ് ചേദിച്ചു: ഇനിയെന്താണ് നിങ്ങള്‍ക്ക് ഇവിടെ കാണേണ്ടത്?
*ലാഹോറില്‍ പോവണം' ഞാന്‍ പറഞ്ഞു
*ലാഹോറിലോ, അവിടെയെന്താണ്?' അദ്ദേഹത്തിന് അദ്ഭുതമായിരുന്നു. രണ്ടു കാര്യങ്ങളാണ്: കവി ഫൈസ് അഹമ്മദ് ഫൈസിനെ കാണണം, എന്റെ മുത്തച്ഛന്റെ വീട് കാണണം.

എന്ത് ഐഡിയോളജിയുടെ ബലത്തിലാണ് ബി.ജെ.പിയില്‍ ചേര്‍ന്നത്... അപ്പോഴത്തെ തൊഴിലില്ലായ്മ മാത്രമാണ് കാരണം. അല്ലെങ്കില്‍ എന്ത് ഐഡിയോളജിയാണ് ഇവര്‍ക്കൊക്കെയുള്ളത്. ഓപ്പര്‍ച്ചുനിസം. കോണ്‍ഗ്രസ്സിലാണ് വിളിച്ചതെങ്കിലോ.. ഒരിക്കലും പോകില്ല...

ഞാന്‍ പോയി. ബാങ്കില്‍ ഉദ്യോഗസ്ഥനായ ഒരാളായിരുന്ന ഗൈഡ്. കോളനിയുടെ പേര് മാത്രമേ എനിക്കറിയാമായിരുന്നുള്ളൂ. മൂന്നുനിലയില്‍ ബാല്‍ക്കണിയുള്ള വീട് എന്നതും ഓര്‍മയുണ്ട്. ആ കോളനിയില്‍ ചെന്നപ്പോള്‍ ഒരേപോലുള്ള എത്രയോ വീടുകള്‍, എത്രയോ ബാല്‍ക്കണികള്‍. ഒടുവില്‍ വീട് കണ്ടുപിടിക്കാനാവാതെ ഞാന്‍ കറാച്ചിയിലെ ഹോട്ടലില്‍ എത്തി. പിറ്റേന്ന് രാവിലെ ആറുമണിക്കായിരുന്നു ഡല്‍ഹിയിലേക്കുള്ള എന്റെ വിമാനം. പുലര്‍ച്ചെ ഒരുമണിക്ക് മുട്ടു കേട്ട് അമ്പരന്ന് ഞാന്‍ വാതില്‍ തുറന്നു. എനിക്ക് ഒരു കവര്‍ തരാനായി  റൂംബോയ് വന്നതാണ്. ആ കവറിനുള്ളില്‍ ഒരു കുറിപ്പും കുറെ ചിത്രങ്ങളുമുണ്ടായിരുന്നു. കുറിപ്പ് ഇപ്രകാരമായിരുന്നു: 'താങ്കളുടെ മുത്തച്ഛന്റെ വീട് നിന്നിരുന്ന കോളനിയില്‍ ബാല്‍ക്കണിയുള്ള വീടുകളുടെയെല്ലാം ചിത്രങ്ങള്‍ ഇതിലുണ്ട്. ഇതിലേതാണ് എന്ന് അച്ഛനോടോ അമ്മയോടോ ചോദിച്ച് തിരിച്ചറിഞ്ഞ് വരൂ.' ഇതുവരെ ആ വീട് തിരിച്ചറിയാന്‍ ഞങ്ങള്‍ക്കാര്‍ക്കും സാധിച്ചിട്ടില്ല. അതുകൊണ്ട് ആദ്യത്തെ ആ ഓര്‍മയ്ക്ക് ഭംഗി കൂടുന്നു.

Arun Shourie
അരുണ്‍ ഷൂരി, ഭാര്യ അനിത, അച്ഛന്‍ എച്ച് ഡി ഷൂരി, അമ്മ ദയാവന്തി ദേവേശ്വര്‍, മകന്‍ ആദിത്യന്‍

രാജ്യം മുഴുവന്‍ ആദരിക്കുന്ന വ്യക്തിത്വമാണ് താങ്കളുടെ പിതാവ് എച്ച്.ഡി. ഷൂരി. അച്ഛനെക്കുറിച്ചുള്ള ഓര്‍മകളും അച്ഛന്റെ ഔന്നത്യവും എന്തൊക്കെയാണ് ?
ഇന്ത്യാ-പാക് വിഭജനസമയത്ത് പാകിസ്താന്റെ ഭാഗമായുള്ള ഹിന്ദു അഭയാര്‍ഥിക്യാമ്പുകളുടെ ചുമതല അച്ഛനായിരുന്നു. ആ സമയത്തെ അച്ഛനെക്കുറിച്ച് മുന്‍ പ്രധാനമന്ത്രി ഐ.കെ. ഗുജ്റാളും അദ്ദേഹത്തിന്റെ സഹോദരനും ചിത്രകാരനുമായ സതീഷ് ഗുജ്റാളും എന്നോട് പറഞ്ഞിട്ടുണ്ട്. അവര്‍ രണ്ടുപേരും വിഭജനസമയത്ത് പാകിസ്താനില്‍നിന്നും പലായനം ചെയ്ത് ഇന്ത്യയിലേക്ക് വന്നവരായിരുന്നു. അവര്‍ തന്ന അച്ഛന്റെ ചിത്രം ഇങ്ങനെയായിരുന്നു: അവരുടെ അഭയാര്‍ഥിക്യാമ്പിന്റെ മറുവശത്തേക്ക് പോകാന്‍ എല്ലാവര്‍ക്കും ഭയമായിരുന്നു. കാരണം അപ്പുറത്ത് ക്രിമിനല്‍ സ്വഭാവമുള്ള ഒരുകൂട്ടം ആളുകളാണ്. എന്തും ചെയ്യാന്‍ മടിക്കാത്തവര്‍. ഒരു ദിവസം കാക്കിയിട്ട ഒരു പൊലീസ് ഓഫീസര്‍ മൂന്ന് പൊലീസുകാരുടെ അകമ്പടിയോടെ അഭയാര്‍ഥിക്യാമ്പിന്റെ അപ്പുറത്തേക്ക് നടന്നുപോകുന്നു. അവിടെച്ചെന്ന് ആ മനുഷ്യന്‍ ക്രിമിനലുകളായ സംഘത്തോട് പറഞ്ഞു: നിങ്ങള്‍ക്ക് ആയുധംവെച്ച് കീഴടങ്ങാനുള്ള അവസരമാണിത്. ഇല്ലെങ്കില്‍, എല്ലാവരെയും ഞങ്ങള്‍ കൊല്ലും. പിടിച്ചെടുത്ത ആയുധങ്ങളുമായാണ് ആ മനുഷ്യന്‍ തിരിച്ചുവന്നത്. ക്രിമിനലുകളുടെ ഇടയിലേക്ക് നടന്നുപോയി തിരിച്ചുവന്ന ആ മനുഷ്യന്‍ എന്റെ അച്ഛനായിരുന്നു. അത് പറയുമ്പോള്‍ സതീഷും ഐ.കെ. ഗുജ്റാളും കോരിത്തരിച്ചിരുന്നത് എനിക്കോര്‍മയുണ്ട്

മോദിയുടെ കീഴിലുള്ള മന്ത്രിമാരെ നോക്കൂ: ഫഡ്നാവിസ്, ഖട്ടാര്‍, സര്‍ബാനന്ദ സോനോവാള്‍...ഒരു ബേസുമില്ലാത്തവര്‍. ആകെയുള്ളത് യോഗി ആദിത്യനാഥ് മാത്രമാണ്. അയാള്‍ ബേസുണ്ടാക്കിയത് ഇവരുടെ ചെലവിലല്ല. ആര്‍ക്കും സ്വാതന്ത്ര്യമില്ല. എല്ലാവരും മോദിയെ ആശ്രയിച്ച് നില്‍ക്കണം; പേടിച്ചും.

അത്യധ്വാനിയായ അച്ഛനെക്കണ്ടാണ് ഞാന്‍ വളര്‍ന്നത്. കൈനിറയെ ഫയലുകളുമായാണ് വീട്ടിലേക്ക് വരിക. രാത്രി ഒരുമണിവരെയിരുന്ന് എല്ലാ ഫയലുകളും നോക്കിക്കഴിഞ്ഞ് മാത്രമേ അച്ഛന്‍ ഉറങ്ങാന്‍ കിടക്കൂ. സ്വാതന്ത്ര്യത്തിനുശേഷം റോത്തക്കിലെ ഡെപ്യൂട്ടി കമ്മിഷണറായി അച്ഛന്‍ നിയമിതനായി. റോത്തക്കില്‍ 'ഷൂരി മാര്‍ക്കറ്റ്' എന്ന ഒരു മാര്‍ക്കറ്റ് തന്നെയുണ്ട്. അതിന് ആ പേര്‍ ലഭിക്കാനുള്ള കാരണം

arun shourie
ഫോട്ടോ: എന്‍.എം പ്രദീപ്

അച്ഛനാണ് എന്ന് വളരെക്കാലം കഴിഞ്ഞാണ് ഞാന്‍ അറിയുന്നത്. ആ മാര്‍ക്കറ്റിലെ ഒരു ചടങ്ങിന് ഞങ്ങളുടെ കുടുംബത്തിലെ എല്ലാവരെയും ക്ഷണിച്ചിരുന്നു. അവിടെവെച്ച് വൃദ്ധനായ ഒരാളാണ് ഒരനുഭവം പറഞ്ഞത്: ഒരിക്കല്‍ വലിയ വെള്ളപ്പൊക്കമുണ്ടായി, മാര്‍ക്കറ്റ് മുങ്ങി. ഡെപ്യൂട്ടി കമ്മിഷണറായിരുന്ന അച്ഛന്‍ അപ്പോള്‍ ഒരു ബക്കറ്റുമായി എത്തി. ഒരു ബക്കറ്റുകൊണ്ട് മുക്കിയാല്‍ മാര്‍ക്കറ്റിലെ ഈ പ്രളയം തീരുമോ എന്ന് ചോദിച്ചപ്പോള്‍ അച്ഛന്‍ പറഞ്ഞു: ഇതുപോലെ ഓരോ വീട്ടുകാരും ബക്കറ്റുമായി വരും,വെള്ളം മുക്കും. അങ്ങനെതന്നെ സംഭവിച്ചു. മാര്‍ക്കറ്റ് രക്ഷപ്പെട്ടു. അതിന്റെ ഓര്‍മയിലായിരുന്നു ഞങ്ങള്‍ അവിടെ ഒത്തുകൂടിയത്.
പ്രശ്‌നങ്ങളായിരുന്നില്ല, എപ്പോഴും പരിഹാരങ്ങളായിരുന്നു അച്ഛന്റെ കൈയില്‍ ഉണ്ടായിരുന്നത്. ജോലിയില്‍നിന്നും പിരിഞ്ഞതിനുശേഷവും പൊതുപ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ വേണ്ടിയായിരുന്നു അച്ഛന്‍ ജീവിച്ചത്. സുപ്രീംകോടതി ജസ്റ്റിസ് ആയിരുന്ന കുല്‍ദീപ് സിങ് എന്നോട് പറഞ്ഞിട്ടുണ്ട് അച്ഛന്‍ കോടതിയില്‍ വന്നാല്‍ അവര്‍ എഴുന്നേറ്റ് നില്‍ക്കും എന്ന്. എന്നിട്ട് ചോദിക്കും: ''ഷൂരിസാഹിബ് ഇന്ന് എന്ത് ഓര്‍ഡറാണ് താങ്കള്‍ ഞങ്ങള്‍ക്ക് നല്‍കുന്നത്?'' സ്വന്തം കാര്യത്തിനായിരിക്കില്ല അച്ഛന്‍ വന്നത് എന്ന് അവര്‍ക്കറിയാമായിരുന്നു. എല്ലാം പൊതുപ്രശ്‌നങ്ങളായിരിക്കും. അവയുടെ പരിഹാരത്തിനായിരുന്നു അച്ഛന്‍ ജീവിച്ചത്. ഇന്ദിരാഗാന്ധിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായിരുന്ന പി.സി. അലക്സാണ്ടര്‍ പറഞ്ഞ ഒരു കാര്യം ഓര്‍ക്കുന്നു: വിഭജനത്തിനുശേഷം സംസ്ഥാനങ്ങള്‍ക്ക് വ്യവസായവികസനത്തിനും മറ്റു പദ്ധതികള്‍ക്കുമായി ഫണ്ട് അനുവദിക്കുന്ന മന്ത്രാലയത്തില്‍ ഉദ്യോഗസ്ഥനായിരുന്നു അലക്സാണ്ടര്‍. ഓരോ സംസ്ഥാനത്തുനിന്നും ഉദ്യോഗസ്ഥര്‍ വരും. പണം ആവശ്യപ്പെടും. ആവശ്യം പഠിച്ച് പണം അനുവദിക്കും എന്നതാണ് രീതി. പഞ്ചാബിനുവേണ്ടി അച്ഛനായിരുന്നു വരിക. അദ്ദേഹം എന്ത് പദ്ധതിക്കുവേണ്ടി ആവശ്യപ്പെട്ടാലും അത് അനുവദിക്കപ്പെടുമായിരുന്നു. അതിന്റെ കാരണവും അലക്സാണ്ടര്‍ പറഞ്ഞു: ''ഷൂരി തന്റെ കേസ് വ്യക്തമായി പഠിക്കുമായിരുന്നു. അവസാന വിവരങ്ങള്‍വരെ. എല്ലാറ്റിനും അദ്ദേഹത്തിന് മറുപടികളും ഉണ്ടായിരുന്നു. അദ്ദേഹവുമായി സംസാരിക്കുന്നത് എപ്പോഴും സന്തോഷകരമായ കാര്യമായിരുന്നു.''

ഇന്ദിരാഗാന്ധിയുടെ പ്രധാന പ്രശ്‌നങ്ങളില്‍ ഒന്ന് സാമ്പത്തികരംഗത്തേക്കുറിച്ച് ഒന്നും അറിയില്ല എന്നതാണ്. മോസ്‌കോ ലോബിയായിരുന്ന സിവില്‍ സര്‍വന്റ്‌സ് ആയിരുന്നു അവരെ ഭരിച്ചിരുന്നത്. ഇടതു പക്ഷ മനോഭാവമുള്ള പഴഞ്ചന്‍ ആശയക്കാരായിരുന്നു എല്ലാവരും.

എന്റെ അമ്മയുടെയും സ്വഭാവം ഇതുപോലെതന്നെയായിരുന്നു. വലിയ കാരുണ്യമുള്ള സ്ത്രീയായിരുന്നു അമ്മ. അച്ഛനെപ്പോലെതന്നെ പ്രശ്‌നങ്ങളായിരുന്നില്ല പരിഹാരങ്ങളായിരുന്നു അമ്മയുടെ കൈയില്‍ എപ്പോഴും ഉണ്ടാവുക. കുടുംബത്തിലുള്ള എല്ലാവര്‍ക്കും ഇതറിയാമായിരുന്നതുകൊണ്ട് എന്ത് പ്രശ്‌നങ്ങളുണ്ടെങ്കിലും അവര്‍ അമ്മയുടെ അടുത്ത് ഓടിയെത്തും. റോത്തക്കില്‍ നല്ലൊരു സ്‌കൂളില്ലായിരുന്നു. അതുകൊണ്ടാണ് എനിക്ക് ഡല്‍ഹിയില്‍ ബോര്‍ഡിങ്ങില്‍ ചേര്‍ന്ന് പഠിക്കേണ്ടിവന്നത്. റോത്തക്കിലെ ആദ്യ സ്‌കൂള്‍ തുടങ്ങിയത് അമ്മയാണ്.

ഇത്തരത്തിലുള്ള ഒരച്ഛനും അമ്മയും താങ്കളിലേക്ക് പകര്‍ന്നുതന്നത് എന്താണ്?
തീരുമാനങ്ങള്‍ എടുക്കാനുള്ള എല്ലാ സ്വാതന്ത്ര്യവും അവര്‍ ഞങ്ങള്‍ക്ക് തന്നിരുന്നു. അതേസമയം തന്നെ ചില അടിസ്ഥാന മൂല്യങ്ങള്‍ ജീവിതത്തില്‍ എപ്പോഴും കാത്തുസൂക്ഷിക്കണം എന്ന് പഠിപ്പിക്കുകയും  ചെയ്തു. അതിന്മേലാണ് ഞാനും എന്റെ സഹോദരങ്ങളും ജീവിതം കെട്ടിപ്പടുത്തത്. ഇപ്പോഴും ജീവിച്ചുപോകുന്നത്.

ഭയം കാരണം സ്വന്തം മന്ത്രിമാരടക്കം ആരും ഈ മനുഷ്യനോട് സത്യം പറഞ്ഞുകൊടുക്കില്ല. അതുകൊണ്ട് സത്യവും കളവും തമ്മിലുള്ള വ്യത്യാസം മോദിക്ക് മനസ്സിലാവാതായി. ഇത്തവണത്തെ സ്വാതന്ത്ര്യദിനപ്രസംഗം നോക്കൂ. 45 ലക്ഷംപേര്‍ ആദായനികുതി അന്വേഷണത്തില്‍ ഉണ്ട് എന്നാണ് അദ്ദേഹം പറഞ്ഞത്. രാജാവിനെക്കാള്‍ രാജഭക്തിയുള്ള അരുണ്‍ ജെയ്റ്റ്ലി അത് 91 ലക്ഷമാക്കി. ഒടുവില്‍ കൃത്യമായ കണക്ക് വന്നപ്പോള്‍ എത്രയാണ്? 4.5 ലക്ഷംപേര്‍.

സ്‌കൂളും പഠനകാലവും എങ്ങനെയാണ് താങ്കളില്‍ പ്രവര്‍ത്തിച്ചത് ?
ഡല്‍ഹി മോഡല്‍ സ്‌കൂളില്‍ ആണ് ഞാന്‍ പഠിച്ചത് എന്ന് പറഞ്ഞല്ലോ. അന്ന് ഞങ്ങള്‍ക്ക് ഒരു പ്രിന്‍സിപ്പല്‍ ഉണ്ടായിരുന്നു, എം.എന്‍. കപൂര്‍. അപൂര്‍വവ്യക്തിത്വമായിരുന്നു അദ്ദേഹം. മോഡല്‍ സ്‌കൂളിനെ

arun shourie
ഫോട്ടോ: വി.എസ്. ഷൈന്‍

ബ്രിട്ടീഷ് നിലവാരത്തില്‍ നിലനിര്‍ത്താനാണ് അദ്ദേഹം ശ്രമിച്ചത്. തികഞ്ഞ ദേശീയബോധത്തോടെ. അത് പ്രത്യേകം പറയണം. അദ്ദേഹമാണ് എന്നെ വേറൊരു തരത്തില്‍ രൂപപ്പെടുത്തുന്നത്. പഠനത്തോടൊപ്പം സ്‌പോര്‍ട്സ്, നാടകം, ഡിബേറ്റ് എന്നവയെല്ലാംകൊണ്ട് നിറഞ്ഞിരുന്നു സ്‌കൂള്‍. ആഴ്ചയില്‍ ഒരു ദിവസം ഏതെങ്കിലും ഒരു പ്രമുഖ വ്യക്തി സ്‌കൂളില്‍വന്ന് പ്രസംഗിക്കും. ഗാന്ധിജിയുടെ സെക്രട്ടറിയായിരുന്ന പ്യാരേലാലിന്റെ പ്രസംഗം ഞാന്‍ ഇപ്പോഴും ഓര്‍ക്കുന്നു. അദ്ദേഹം പറഞ്ഞു: ഗാന്ധിജി ചെയ്ത വലിയവലിയ കാര്യങ്ങള്‍ ഞാന്‍ നിങ്ങളോട് പറഞ്ഞാല്‍ നിങ്ങള്‍ നിരാശരാവുകയേ ഉള്ളൂ. അത് ഗാന്ധിജിയല്ലേ, ഇങ്ങനെയൊക്കെ ഞങ്ങള്‍ക്ക് ചെയ്യാന്‍ സാധിക്കുമോ എന്ന് നിങ്ങള്‍ സ്വയം സംശയിക്കും. അതുകൊണ്ട് നിങ്ങള്‍ നാലണ ഗാന്ധിയാവാന്‍ ശ്രമിക്കുക. അതുമതി. ആ വാചകങ്ങള്‍ എനിക്ക് വലിയ വെളിപാടായിരുന്നു.

അക്കാലത്തുള്ള മറ്റ് താത്പര്യങ്ങള്‍?
സ്‌പോര്‍ട്സിലായിരുന്നു താത്പര്യമേറെ. പ്രത്യേകിച്ച് ഹോക്കി. സ്‌കൂളിലും പിന്നീട് സെന്റ് സ്റ്റീഫന്‍സ് കോളേജിലും ഞാന്‍ ഹോക്കി ടീം ക്യാപ്റ്റനായിരുന്നു

ഏത് പൊസിഷനിലാണ് താങ്കള്‍ കളിച്ചിരുന്നത് ?
ആദ്യം സെന്റര്‍ ഹാഫ് ആയിരുന്നു. പിന്നീട് റൈറ്റ് ഹാഫിലേക്ക് മാറി.

കാരണം?
ക്യാപ്റ്റനാവുമ്പോള്‍ കളം മുഴുവന്‍ കാണേണ്ടതുണ്ട്. അതിന് റൈറ്റ് ഹാഫാണ് നല്ലത്. ധ്യാന്‍ ചന്ദിന്റെ ടീമില്‍ റൈറ്റ് ബാക്കായി കളിച്ചിരുന്ന ലജ്പത് റായി ആയിരുന്നു ഞങ്ങളുടെ കോച്ച്

അക്കാലത്തെ വായന?
അന്നും ഇന്നും ഞാന്‍ ഉറുദു കവിതകളും ചാരക്കഥകളുമാണ് ആവേശത്തോടെ വായിക്കാറുള്ളത്.

മോദിയുടെ പ്രധാന ശക്തി വലിയ ഊര്‍ജമാണ്. രണ്ടാമത്തെത് മറ്റുള്ളവരില്‍ ഭയം ജനിപ്പിക്കാനുള്ള കഴിവ്. മൂന്നാമത്തെത് അദ്വാനി പറഞ്ഞതാണ്: മോദി നല്ല ഒരു ഇവന്റ് മാനേജരാണ്. ഇവന്റ് മാനേജര്‍ മാത്രം. ഇതില്‍ രണ്ടാമത്തെ ഗുണം മോദിക്ക് വിനയായി മാറുന്നത് കാണാം.

ഇങ്ങനെയൊക്കെയായ അരുണ്‍ ഷൂരി എങ്ങനെയാണ് ലോകബാങ്കില്‍ ഓഫീസറായത് ?
എന്റെ ജീവിതത്തില്‍ യാദൃച്ഛികതകള്‍ക്ക് വലിയ സ്ഥാനമുണ്ട്. നമ്മള്‍ സംസാരിച്ച് മുന്നോട്ട് പോവുമ്പോള്‍ താങ്കള്‍ക്ക് അത് മനസ്സിലാവും. ലോകബാങ്കിലെ ജോലിയും അങ്ങനെയാണ് സംഭവിച്ചത്. ന്യൂയോര്‍ക്കിലെ സൈറക്യൂസ് സര്‍വകലാശാലയില്‍നിന്നും എനിക്ക് ഒരു സ്‌കോളര്‍ഷിപ്പ് കിട്ടിയിരുന്നു. ഞാന്‍ ചേര്‍ന്നു. അത് കഴിഞ്ഞപ്പോള്‍ത്തന്നെ ഞാന്‍ ലോകബാങ്കില്‍ ജോലിക്ക് അപേക്ഷിച്ചു. ഇതിനിടയില്‍ എനിക്ക് ഇന്ത്യയില്‍ ടാറ്റായില്‍ ജോലി കിട്ടി. അനിതയുമായുള്ള വിവാഹം നിശ്ചയിച്ചു. ആ സമയത്തുതന്നെ ലോകബാങ്കില്‍ ആറുപേരെ എടുത്തതില്‍ ഒരാളായി ഞാന്‍. നല്ല ജോലിയായിരുന്നു അത്. ചേര്‍ന്നു.

എഴുത്തുകാരനും പത്രപ്രവര്‍ത്തകനും ആയ ഷൂരിയെ മനസ്സില്‍വെച്ചുകൊണ്ട് ചോദിക്കുകയാണ്: ലോകബാങ്കിലെ ജോലി താങ്കള്‍ ആസ്വദിച്ചിരുന്നോ?
ആദ്യകാലത്ത് നന്നായി ആസ്വദിച്ചിരുന്നു. കാരണം, പുതിയപുതിയ ചക്രവാളങ്ങളിലേക്കുള്ള ജീവിതത്തിന്റെ തുറന്നുകിട്ടലായിരുന്നു എനിക്ക് ലോകബാങ്കിലെ ജോലി. ഒരുപാട് രാജ്യങ്ങളില്‍ ഞാന്‍ ജോലി ചെയ്തു: ബ്രസീല്‍, കെനിയ, ഈജിപ്ത്, പാനമ, ശ്രീലങ്ക... പുതിയപുതിയ ലോകങ്ങളും ജീവിതവും. പിന്നെപ്പിന്നെ എനിക്ക് മടുത്തുതുടങ്ങി.

ആദിത്യന്‍ സെറിബ്രല്‍ പാള്‍സി രോഗബാധിതനായി. അവന്റെ ജീവിതം മുഴുവന്‍ വീല്‍ചെയറിലായിരിക്കും എന്ന് ഞങ്ങള്‍ തകര്‍ന്ന മനസ്സോടെ തിരിച്ചറിഞ്ഞു. ​

കാരണം?
ഇന്ത്യ, ഇന്ത്യതന്നെ. ഇന്ത്യ എന്നില്‍നിന്നും ഒരുപാട് അകലെയായിരുന്നു. ആ സമയത്താണ് എനിക്ക് രണ്ടുവര്‍ഷത്തേക്കുള്ള ഹോമി ഭാഭ ഫെലോഷിപ്പ് കിട്ടിയത്. അതിന് ഞാന്‍ ചേര്‍ന്നതിന് പ്രധാനകാരണം, ആ സമയത്ത് ഇന്ത്യയില്‍നിന്നുകൊണ്ട് എന്തെങ്കിലും ജോലി തേടാം എന്നതായിരുന്നു. പെട്രോളിയം മന്ത്രി ഡി.കെ. ബറുവയായിരുന്നു. മന്ത്രാലയത്തില്‍ സാമ്പത്തികഉപദേഷ്ടാവായി എനിക്ക് ജോലികിട്ടി. സുഖ്മോയ് ചക്രവര്‍ത്തി എന്നൊരു ഇടതുപക്ഷനേതാവുണ്ടായിരുന്നു അക്കാലത്ത്. അയാള്‍ ബറുവയോട് ചെന്നുപറഞ്ഞു: ഇയാളെ എടുക്കരുത്, ഇയാള്‍ ലോകബാങ്കിന്റെയാളാണ്. എനിക്ക് ജോലി കിട്ടിയില്ല. ഞാന്‍ തിരിച്ചുപോയി. 1976 ആയപ്പോഴേക്കും ലോകബാങ്കില്‍ തുടരാന്‍ സാധിക്കില്ല എന്ന അവസ്ഥയിലെത്തി ഞാന്‍. അത്രയ്ക്കും മടുത്തു. ആ സമയത്തുതന്നെയാണ് ഞങ്ങള്‍ക്ക് ആദിത്യന്‍ എന്ന മകന്‍ പിറന്നത്. ഏഴാം മാസത്തിലായിരുന്നു അവന്റെ ജനനം. അവന്‍ ഇന്‍ക്യുബേറ്ററില്‍ കിടക്കുമ്പോള്‍ ഒരു ദിവസം പാകിസ്താന്‍കാരിയായ നഴ്സ് വന്നുപറഞ്ഞു: ഞാനിത് നിങ്ങളോട് പറയരുതാത്തതാണ്. പറഞ്ഞു എന്നറിഞ്ഞാല്‍ എന്റെ ജോലി നഷ്ടപ്പെടും. എന്നാല്‍ പറയാതിരിക്കാനും വയ്യ. എവിടെയോ എന്തൊക്കെയോ സംഭവിച്ചിട്ടുണ്ട്. ഇന്‍ക്യുബേറ്ററില്‍ കുഞ്ഞിന് ആവശ്യത്തിന് ഓക്‌സിജന്‍ ലഭിച്ചിട്ടില്ല എന്ന് തോന്നുന്നു. അവര്‍ പറഞ്ഞത് ശരിയായിരുന്നു. ആദിത്യന്‍ സെറിബ്രല്‍ പാള്‍സി രോഗബാധിതനായി. അവന്റെ ജീവിതം മുഴുവന്‍ വീല്‍ചെയറിലായിരിക്കും എന്ന് ഞങ്ങള്‍ തകര്‍ന്ന മനസ്സോടെ തിരിച്ചറിഞ്ഞു. മുത്തച്ഛനും മുത്തശ്ശിയുമൊക്കെയുള്ള ഇന്ത്യന്‍ കുടുംബജീവിതം ആദിത്യന് വലിയ ആശ്വാസമാകും എന്ന് ഡോക്ടര്‍മാരാണ് പറഞ്ഞത്. അങ്ങനെ ഞാന്‍ ലോകബാങ്കിലെ ജോലി രാജിവെച്ച് ഇന്ത്യയിലേക്ക് മടങ്ങി. ആദിത്യന് ഇപ്പോള്‍ 42 വയസ്സായി. ഇപ്പോഴും വീല്‍ചെയറിലാണ്. സംസാരശേഷിപോലുമില്ല.

ഇനി എന്തു ചെയ്യാന്‍ പോകുന്നു?.. അദ്ദേഹം ചോദിച്ചു....ഒരു പുസ്തകം എഴുതാന്‍ പോകുന്നു..ഞാന്‍ പറഞ്ഞു. ആരാടാ നിന്റെ പുസ്തകം വായിക്കുക? എന്തെങ്കിലും ജോലിക്ക് ചേരാന്‍ നോക്ക്...ഗോയങ്കെ ക്ഷോഭത്തോടെ പറഞ്ഞു

പത്രപ്രവര്‍ത്തകനായ അരുണ്‍ ഷൂരിയെ ആണ് എല്ലാവരും ഏറ്റവുമധികം ഓര്‍ക്കുന്നതും ആദരിക്കുന്നതും. ലോകബാങ്കില്‍നിന്നും പത്രപ്രവര്‍ത്തനത്തിലേക്കുള്ള പെട്ടെന്നുള്ള ചാട്ടം എങ്ങനെയായിരുന്നു?
ഞാന്‍ നേരത്തേ പറഞ്ഞ യാദൃച്ഛികത വീണ്ടും കടന്നുവരുന്നു. അമേരിക്കയില്‍ ഇരുന്നുകൊണ്ടുതന്നെ ഞാന്‍ ഇന്ദിരാഗാന്ധിയുടെ അടിയന്തരാവസ്ഥയ്ക്ക് എതിരേ എഴുതിയിരുന്നു. ഇന്ത്യയില്‍

Ramnath Goyanke
രാംനാഥ് ഗോയങ്കെ

തിരിച്ചെത്തിയശേഷം ഒരു ദിവസം ഞാന്‍ അന്നത്തെ ഗാന്ധി പീസ് ഫൗണ്ടേഷന്റെ സെക്രട്ടറിയായിരുന്ന രാധാകൃഷ്ണനെ കാണാന്‍ അദ്ദേഹത്തിന്റെ ഓഫീസില്‍പോയി. ജയപ്രകാശ് നാരായണന്റെ അടുത്ത സുഹൃത്തായിരുന്നു അദ്ദേഹം. അടിയന്തരാവസ്ഥക്കാലത്തെ ജയില്‍വാസം കഴിഞ്ഞ് പുറത്തുവന്നിട്ടേ ഉണ്ടായിരുന്നുള്ളൂ. ജയിലിലെ അവസ്ഥകള്‍ നേരിട്ടറിഞ്ഞ് റിപ്പോര്‍ട്ട് ചെയ്യാനാണ് ഞാന്‍ ചെന്നത്. ഞങ്ങള്‍ സംസാരിച്ചുകൊണ്ടിരിക്കേ ഒരാള്‍ കടന്നുവന്നു. 'തടിയാ, തടിയാ' എന്നുവിളിച്ചുകൊണ്ടാണ് അയാള്‍ കടന്നുവന്നത്. അവര്‍ തമ്മില്‍ നല്ല സൗഹൃദമാണ് എന്ന് എനിക്ക് അപ്പോള്‍ത്തന്നെ മനസ്സിലായി. ഞങ്ങള്‍ തമ്മിലുള്ള സംസാരം മുറിഞ്ഞു; എനിക്ക് അല്പം മുഷിഞ്ഞു. ഞാന്‍ രാധാകൃഷ്ണനോട് ചോദിച്ചു: ആരാണിയാള്‍? അപ്പോള്‍ രാധാകൃഷ്ണന്‍ പറഞ്ഞു: നിങ്ങള്‍ക്കറിയില്ലേ? ഇയാളെയാണ് കാണണം എന്ന് നിങ്ങള്‍ ഇന്നലെ പറഞ്ഞത്; രാംനാഥ് ഗോയങ്കെ. ഗോയങ്കെ അപ്പോള്‍ രാധാകൃഷ്ണനോട് ഞാന്‍ ചോദിച്ച അതേ ചോദ്യം ചോദിച്ചു. രാധാകൃഷ്ണന്‍ പറഞ്ഞു: ഇതാണ് കാണണം എന്ന് നിങ്ങള്‍ ഇന്നലെ പറഞ്ഞയാള്‍; അരുണ്‍ ഷൂരി. ആ സമയത്തിറങ്ങിയ സെമിനാര്‍ മാസികയുടെ ഒരു ലക്കം മുഴുവന്‍ ഞാന്‍ എഴുതിയ ലേഖനമായിരുന്നു: 'ഫാസിസത്തിന്റെ ലക്ഷണങ്ങള്‍.' ഗോയങ്കെ അത് വായിച്ചിരുന്നു. ഞാന്‍ ഗോയങ്കെയെപ്പറ്റി ധാരാളം കേള്‍ക്കുകയും ചെയ്തിരുന്നു. പരസ്പരം പരിചയപ്പെടണം എന്ന് ഞങ്ങള്‍ രണ്ടുപേരും ചെന്നുപറഞ്ഞത് രാധാകൃഷ്ണനോടായിരുന്നു! അന്നുമുതല്‍ ഗോയങ്കെയും ഞാനും അടുത്ത സുഹൃത്തുക്കളായി.

ആ ബന്ധം എങ്ങനെയാണ് താങ്കളെ പത്രപ്രവര്‍ത്തനത്തിലേക്ക് എത്തിച്ചത് ?
അതും ഏറെ രസകരമാണ്. ഗോയങ്കെയ്ക്ക് ബാംഗ്ലൂരില്‍ ഒരു ഗസ്റ്റ് ഹൗസ് ഉണ്ടായിരുന്നു. ഇപ്പോഴും അത് അവിടെയുണ്ട്. ഒരു വേനല്‍ക്കാലത്ത് ഞാനും കുടുംബവും അവിടെ താമസിക്കാന്‍ പോയി. അന്നത്തെ ബാംഗ്ലൂര്‍ അതിമനോഹരമായിരുന്നു. ഞങ്ങളുടെ താമസത്തിനിടെ രണ്ടുദിവസത്തേക്ക് മാത്രമായി ഗോയങ്കെ അവിടെ വന്നു. ഞാനിപ്പോഴും ഓര്‍ക്കുന്നു, അതിവേഗത്തില്‍ നടന്നുകൊണ്ടാണ് അന്ന് അദ്ദേഹം സംസാരിച്ചത്:
''ഇനി എന്തു ചെയ്യാന്‍ പോകുന്നു?'' അദ്ദേഹം ചോദിച്ചു.
''ഒരു പുസ്തകം എഴുതാന്‍ പോകുന്നു''ഞാന്‍ പറഞ്ഞു.
'' ആരാടാ നിന്റെ പുസ്തകം വായിക്കുക? എന്തെങ്കിലും ജോലിക്ക് ചേരാന്‍ നോക്ക്.'' ഗോയങ്കെ ക്ഷോഭത്തോടെ പറഞ്ഞു. അദ്ദേഹത്തിന് 113 ഭാഷയില്‍ തെറിപറയാന്‍ അറിയുമായിരുന്നു. എന്ത് ജോലി എന്ന് ഞാന്‍ സംശയിച്ച് നില്‍ക്കെ അദ്ദേഹം തുടര്‍ന്നു:
''ഇന്ത്യന്‍ എക്സ്പ്രസിലേക്ക് ഞാന്‍ ഒരു യുവാവിനെ തേടുകയാണ്. ഞാന്‍  മുല്‍ഗോങ്കറെ വിളിച്ചുപറയാം. നീ ചെന്നാല്‍ മതി.'' അദ്ദേഹം എനിക്കൊരു തസ്തികയും തന്നു: എക്സിക്യുട്ടീവ് എഡിറ്റര്‍. ആ സംഭാഷണമായിരുന്നു എന്റെ ലെറ്റര്‍ ഓഫ് അപ്പോയിന്‍മെന്റ്.
'പിന്നീട് ഇന്ത്യന്‍ എക്സ്പ്രസ് എന്ന പത്രത്തിന്റെ മറ്റൊരു മുഖമാണ് രാജ്യം കണ്ടത്. അന്വേഷണാത്മക പത്രപ്രവര്‍ത്തനത്തെ അരുണ്‍ ഷൂരി അഴിച്ചുവിട്ടു. രാജ്യത്തെ ഇളക്കിമറിക്കുന്ന സ്‌കൂപ്പുകള്‍കൊണ്ട് പത്രം നിറഞ്ഞു... കുറ്റവാളികളുടെ കണ്ണ് പൊട്ടിക്കുന്ന ഭാഗല്‍പുര്‍ ബ്ലൈന്‍ഡ് കേസ്, മഹാരാഷ്ട്ര മുഖ്യമന്ത്രി എ.ആര്‍. ആന്തുലെ അഞ്ച് വ്യത്യസ്ത ട്രസ്റ്റുകള്‍ വഴി കോടികള്‍ തട്ടിയ ആന്തുലെ കുംഭകോണം, വി.പി. സിങ്ങിനെ വിറപ്പിച്ച സെന്റ് കിറ്റ്സ് കുംഭകോണം... നിരവധി നിരവധി വെളിപ്പെടുത്തലുകള്‍... തുടര്‍ന്നുള്ള ഭീഷണികള്‍... ബ്ലാക് ക്യാറ്റ് കമാന്‍ഡോകളുടെ കാവലില്‍ അരുണ്‍ ഷൂരി ഓഫീസില്‍ എത്തി; ഓരോ ദിവസവും ഓരോ ബോംബുകള്‍ വാര്‍ത്തകളുടെ രൂപത്തില്‍ പത്രത്താളില്‍ ചിതറി. ഇതുകണ്ട് ഖുശ്വന്ത് സിങ് ഷൂരിയെ വിളിച്ചു: ''അത്യധ്വാനിയായ പത്രപ്രവര്‍ത്തകന്‍...'' നിരവധി ലേഖനങ്ങള്‍, പുസ്തകങ്ങള്‍... ഒടുവില്‍ രണ്ടുതവണ പിരിച്ചുവിടപ്പെട്ട പത്രാധിപര്‍ എന്ന കിരീടവും ഷൂരി ചൂടി...

ഇന്നു നിങ്ങള്‍ എന്താണ് ചെയ്യുന്നത്? X ഇങ്ങനെ പറഞ്ഞു, Y ഇങ്ങനെ പറഞ്ഞു, Z ഇങ്ങനെ പറഞ്ഞു... എന്നിട്ട് എല്ലാം ചേര്‍ത്തുവെക്കും. എല്ലാവര്‍ക്കും തുല്യാവസരം നല്‍കും. ഇത് മടിയന്മാരുടെ പത്രപ്രവര്‍ത്തനമാണ്. 

താങ്കളുടെ അഭിപ്രായത്തിലും അനുഭവത്തിലും എന്താണ് യഥാര്‍ഥ പത്രപ്രവര്‍ത്തനം?
ശക്തമായ ഉത്തരവാദിത്വമാണ് യഥാര്‍ഥ പത്രപ്രവര്‍ത്തനം. അതാണ് പത്രപ്രവര്‍ത്തനത്തിന്റെ യഥാര്‍ഥ ധര്‍മം. രണ്ടാമത്തെതും വളരെ പ്രധാനപ്പെട്ടതാണ്: അധികാരകേന്ദ്രങ്ങളോട് സത്യം വിളിച്ചുപറയുക. അധികാരകേന്ദ്രം എന്നത് സര്‍ക്കാരാകാം, കോര്‍പ്പറേറ്റ് കമ്പനികളാവാം, വ്യക്തികള്‍ ചേര്‍ന്ന ആള്‍ക്കൂട്ടമാകാം. പശുവിനെ തൊട്ടാല്‍ ഞങ്ങള്‍ നിങ്ങളെക്കൊല്ലും എന്നുപറയുന്ന ആള്‍ക്കൂട്ടവും അധികാരകേന്ദ്രമാണ്. സത്യം വിളിച്ചുപറയുക എന്നതുതന്നെയാണ് പത്രപ്രവര്‍ത്തനം. ഇപ്പോള്‍ സമീര്‍ ജയിനിനെപ്പോലുള്ളവര്‍ പറയുന്നുണ്ട് ഇന്‍ഫൊണ്ടേയ്ന്‍മെന്റാണ് പത്രധര്‍മം എന്നൊക്കെ. മണ്ടത്തരമാണത്. വസ്തുതകളുടെ കുഴിച്ചെടുക്കലാണ് പത്രപ്രവര്‍ത്തനം.

ഇന്നത്തെ പത്രപ്രവര്‍ത്തനം അങ്ങനെയാണോ?
ഒട്ടുമല്ല. ഇന്നു നിങ്ങള്‍ എന്താണ് ചെയ്യുന്നത്? X ഇങ്ങനെ പറഞ്ഞു, Y ഇങ്ങനെ പറഞ്ഞു, Z ഇങ്ങനെ പറഞ്ഞു... എന്നിട്ട് എല്ലാം ചേര്‍ത്തുവെക്കും. എല്ലാവര്‍ക്കും തുല്യാവസരം നല്‍കും. ഇത് മടിയന്മാരുടെ പത്രപ്രവര്‍ത്തനമാണ്. ഇങ്ങനെ ചെയ്യാനാണെങ്കില്‍ പത്രപ്രവര്‍ത്തകരായ നിങ്ങള്‍ക്ക് എന്താണ് പണി? ഗോരഖ്പുരിലെ ആശുപത്രിദുരന്തം റിപ്പോര്‍ട്ട് ചെയ്യുക എന്നാല്‍ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് എന്തുപറഞ്ഞു എന്ന് വള്ളിപുള്ളി വിടാതെ എഴുതിവെക്കലല്ല. പത്രപ്രവര്‍ത്തകര്‍ വസ്തുതകള്‍ പരിശോധിക്കണം, വിശകലനംചെയ്യണം. എന്നിട്ട് സത്യം കണ്ടെത്തണം.

അങ്ങനെയാരെങ്കിലും ഇന്ന് ഇന്ത്യയില്‍ പത്രപ്രവര്‍ത്തനം നടത്തുന്നുണ്ടോ?
ഡല്‍ഹി ഇന്ത്യന്‍ എക്സ്പ്രസ് മാത്രം. ഞാന്‍ ഇപ്പോള്‍ ആ പത്രം മാത്രമേ വായിക്കാറുള്ളൂ. അവര്‍ ചെയ്യുന്നതാണ് യഥാര്‍ഥ പത്രപ്രവര്‍ത്തനം.

ദൃശ്യമാധ്യമങ്ങള്‍?
കാണാറേയില്ല. എന്തിനാണ് ഈ ബഹളം കണ്ടിരിക്കുന്നത്? എന്‍.ഡി.ടി.വി.യാണ് കാണുന്നതെങ്കില്‍ അതിന്റെ വെബ്സൈറ്റില്‍ പോയാല്‍ വാര്‍ത്തകള്‍ കിട്ടും. പിന്നെ ഈ ചര്‍ച്ച സഹിക്കണോ? മാത്രമല്ല ഞാനിപ്പോള്‍ പൂര്‍ണമായും പുസ്തകരചനയിലാണ് ശ്രദ്ധകേന്ദ്രീകരിച്ചിരിക്കുന്നത്.

രാജ്യത്തെ ഞെട്ടിച്ച വാര്‍ത്തകള്‍ എഴുതുകയും പ്രസിദ്ധീകരിക്കുകയും ചെയ്ത ആളാണ് താങ്കള്‍. എത്രമാത്രം സമ്മര്‍ദങ്ങള്‍ ആ സമയങ്ങളില്‍ താങ്കള്‍ അനുഭവിച്ചിട്ടുണ്ട് ? 
വലിയ വലിയ സമ്മര്‍ദങ്ങള്‍. പക്ഷേ, ഞാന്‍ അത് ആസ്വദിക്കുകയായിരുന്നു. കാരണം യഥാര്‍ഥ വസ്തുതകള്‍ മുഴുവനും എന്റെ കയ്യില്‍ ഉണ്ടായിരുന്നു. എല്ലാ എഡിറ്റര്‍മാരും എനിക്ക് എതിരായിരുന്നു. പക്ഷേ, പത്ര ഉടമയായ രാംനാഥ് ഗോയങ്കെ എപ്പോഴും എനിക്കൊപ്പം നിന്നു. എന്നെപ്പറ്റി പരാതി പറയുന്നവരോട് അദ്ദേഹം പറയുമായിരുന്നു: 'നിങ്ങള്‍ പ്രബന്ധങ്ങള്‍ എഴുതുന്നു, ഇയാളാണ് കൃത്യമായ ജോലിചെയ്യുന്നത്. നിങ്ങള്‍ ബ്രിട്ടീഷുകാര്‍ക്കുവേണ്ടിയാണ് പത്രപ്രവര്‍ത്തനം നടത്തുന്നത്, ഇയാള്‍ നമുക്കുവേണ്ടിയും. ഇതിനാണ് ഭാവി.' ഇന്ദിരാഗാന്ധിക്കെതിരെയും സഞ്ജയ് ഗാന്ധിക്കെതിരെയും ആന്തുലെക്കെതിരെയും ഞാന്‍ പോരാടി. വ്യക്തികളെയല്ല, വസ്തുതകളെയാണ് ഞാന്‍ തുറന്നുകാട്ടിയത്. എന്നെ ആര്‍ക്കുവേണമെങ്കിലും തള്ളിപ്പറയാം. പക്ഷേ, ഞാന്‍ നിരത്തിവെച്ച വസ്തുതകള്‍ ആര്‍ക്കും നിഷേധിക്കാന്‍ സാധിക്കില്ല. അന്നും ഇന്നും.

Indira gandhi
ഇന്ദിരാഗാന്ധി അരുണ്‍ഷൂരിയുടെ പിതാവ് എച്ച് ഡി ഷൂരിയോടൊപ്പം

1981- ല്‍ ഇന്ത്യാ ടുഡേയ്ക്ക് നല്‍കിയ ഒരു അഭിമുഖത്തില്‍ താങ്കള്‍ പറഞ്ഞു: 'നിയതാര്‍ഥത്തില്‍ ഞാന്‍ ഒരു പത്രപ്രവര്‍ത്തകനല്ല, ഒരു പൗരന്‍ മാത്രമാണ്. സത്യം പറയാന്‍ ഞാന്‍ പത്രം എന്ന മാധ്യമത്തെ ഉപയോഗിക്കുന്നു എന്നുമാത്രം. ഇതില്ലെങ്കില്‍ സത്യം പറയാന്‍ ഞാന്‍ മറ്റു വഴി തേടും' അങ്ങനെ തേടിയിട്ടുണ്ടോ?
ഉണ്ട്. പ്രമാദമായ ഒരു ഫയല്‍ കാണാതാവല്‍വിഷയം ഉണ്ടായിരുന്നു. ഇന്ദിരാഗാന്ധി പ്രധാനമന്ത്രിയായിരുന്ന കാലത്ത്. ഫയല്‍ കാണുന്നില്ല എന്നാണ് പാര്‍ലമെന്റില്‍ പറഞ്ഞത്. എന്നാല്‍ ആ ഫയല്‍ ഇന്ദിരാഗാന്ധിയുടെ വീട്ടില്‍തന്നെയുണ്ട് എന്ന് ഞാന്‍ കണ്ടെത്തി. 'Case of missing file' എന്ന പേരില്‍ ലേഖനം എഴുതി. എന്റെ പത്രം പ്രസിദ്ധീകരിക്കാന്‍പറ്റില്ല എന്ന് തീര്‍ത്തുപറഞ്ഞു. പ്രസിദ്ധീകരിച്ചാല്‍ ബ്രീച്ച് ഓഫ് പാര്‍ലമെന്റ് ആവും. ഞാന്‍ ലേഖനവുമായി ബോംബെയ്ക്ക് പറന്നു. അവിടെ ഒരു നിയമവിദഗ്ധനെ കണ്ടു. അദ്ദേഹവും അത് ശരിവെച്ചു. ഗോയങ്കെയും നിസ്സഹായനായി. ഞാന്‍ അന്നുതന്നെ ഡല്‍ഹിയില്‍ തിരിച്ചെത്തി. ഫോട്ടോസ്റ്റാറ്റ് യന്ത്രം അന്ന് കണ്ടുപിടിച്ചിട്ടില്ല. ലേഖനത്തിന്റെ 75 കോപ്പി സൈക്ലോസ്‌റ്റൈല്‍ എടുത്തു. കവറിലിട്ട് ഒട്ടിച്ചു. ഇന്ദിരാഗാന്ധിയും അടല്‍ ബിഹാരി വാജ്പേയിയുമടക്കമുള്ള എല്ലാ എം.പി.മാരുടെയും വീട്ടില്‍ എത്തിച്ചു. പിറ്റേന്ന് പാര്‍ലമെന്റില്‍ ബഹളമായി. ഞാന്‍ ജോലിചെയ്തിരുന്ന പത്രം ബുദ്ധിമുട്ടിലായി. കാരണം,എന്തുകൊണ്ട് പാര്‍ലമെന്റ് സ്തംഭിച്ചു എന്ന കാര്യം റിപ്പോര്‍ട്ട് ചെയ്യാന്‍ അവര്‍ക്കു സാധിക്കില്ല. സ്തംഭനത്തിന് കാരണം അരുണ്‍ ഷൂരിയുടെ ലേഖനമാണ്. അങ്ങനെയെങ്കില്‍ എന്തുകൊണ്ട് അത് എന്റെ പത്രം പ്രസിദ്ധീകരിച്ചില്ല? ഈ കാര്യത്തെക്കുറിച്ച് ഡല്‍ഹിയിലെ ചില ചെറിയ പത്രങ്ങളില്‍ വാര്‍ത്തയും വന്നിരുന്നു. എല്ലാവരും ബുദ്ധിമുട്ടിലായി. എന്നെ പിരിച്ചുവിടാന്‍ തീരുമാനിച്ചു. പിരിച്ചുവിടല്‍ കത്ത് ഗോയങ്കെ ബി.ജി. വര്‍ഗീസിനെ ഏല്‍പ്പിച്ചു. കത്ത് കൈമാറാന്‍ നിശ്ചയിച്ച ദിവസം രാവിലെ മനിലയില്‍നിന്ന് ഒരു വാര്‍ത്ത വന്നു: അരുണ്‍ ഷൂരിക്ക് മഗ്സാസെ പുരസ്‌കാരം. ഗോയങ്കെ അപ്പോള്‍ത്തന്നെ വര്‍ഗീസിനെ വിളിച്ചുപറഞ്ഞു: കത്ത് കൈമാറരുത്, പിരിച്ചുവിടല്‍ പിന്‍വലിക്കുക! മറ്റൊരു സംഭവം പറയാം: ഗോയങ്കെയെ ഇന്ദിരാഗാന്ധി പലതരത്തില്‍ പീഡിപ്പിച്ചു. ഒടുവില്‍ അദ്ദേഹം അവരുമായി രാജിയാവാന്‍ തീരുമാനിച്ചു. ഇത് സംബന്ധിച്ച് ചര്‍ച്ച ചെയ്യാന്‍ ഗോയങ്കെ രാഷ്ട്രപതി സെയില്‍സിങ്ങിനെ കാണാന്‍ പോകുന്നു എന്ന വിവരം എനിക്ക് കിട്ടി. എന്റെ സഹോദരീഭര്‍ത്താവായ സുമന്‍ ദുബെ ആയിരുന്നു അന്ന് ഇന്ത്യാ ടുഡേയുടെ മാനേജിങ് എഡിറ്റര്‍. ഞാന്‍ ദുബെയോട് പറഞ്ഞു: ഗോയങ്കെ രാഷ്ട്രപതിയെക്കാണാനായി എത്തുന്ന ഒരു പടം എടുക്കൂ. അവര്‍ അതെടുത്തു, പ്രസിദ്ധീകരിച്ചു. വലിയ വിവാദമായി.

ഇന്ദിരാഗാന്ധിയെ ഏറ്റവുമധികം വിമര്‍ശിച്ചയാളാണ് താങ്കള്‍. എന്തൊക്കെയായിരുന്നു ഇന്ദിരയുടെ ശക്തിയും ദൗര്‍ബല്യവും?
ഇന്ദിരാഗാന്ധിയുടെ പ്രധാന പ്രശ്‌നങ്ങളില്‍ ഒന്ന് സാമ്പത്തികരംഗത്തെക്കുറിച്ച് അവര്‍ക്ക് ഒന്നും അറിയില്ല എന്നതാണ്. മറ്റൊരു പ്രധാനപ്രശ്‌നം മോസ്‌കോ ലോബി ആയിരുന്ന സിവില്‍ സര്‍വന്റ്സ് ആയിരുന്നു അവരെ ഭരിച്ചിരുന്നത്. പി.എന്‍. ഹക്‌സറെയും കുമാരമംഗലത്തെയും പോലുള്ളവര്‍. അവരെല്ലാം വലിയ ആളുകളാണ്. പക്ഷേ, ഇടതുപക്ഷ മനോഭാവമുള്ള പഴഞ്ചന്‍ ആശയക്കാരായിരുന്നു എല്ലാവരും. സ്വാതന്ത്ര്യം കിട്ടിയപ്പോള്‍ ഇന്ത്യയില്‍ നിറയെ പൊതുമേഖലാ സ്ഥാപനങ്ങളായിരുന്നു. സ്വകാര്യമേഖല പതുക്കപ്പതുക്കെ വളര്‍ന്നുവന്നു. ഈ വളര്‍ച്ചയെ അഭിമുഖീകരിക്കാന്‍ ഇന്ദിരയ്ക്ക് സാധിച്ചില്ല. ഈ മോസ്‌കോ ലോബി അതിന് സമ്മതിച്ചില്ല എന്നതാണ് സത്യം. ഇത് വലിയ അസന്തുലിതാവസ്ഥ ഉണ്ടാക്കി. മൂന്നാമത്തെ കാര്യം സ്ഥാപനങ്ങളെ അവര്‍ സ്വന്തം ആവശ്യങ്ങള്‍ക്കുള്ള ഉപകരണങ്ങളാക്കി എന്നതാണ്. പണ്ഡിറ്റ് നെഹ്റുവിന് ഇന്‍സ്റ്റിറ്റിയൂഷനുകളോട് വലിയ ആദരമായിരുന്നു. പണ്ഡിറ്റ്ജിയുടെ കാലത്തെ പാര്‍ലമെന്റ് ഞാന്‍ നേരിട്ട് കണ്ടിട്ടുണ്ട്, കുട്ടിക്കാലത്ത്. ജയപ്രകാശ് നാരായണ്‍, ആചാര്യ കൃപലാനി എന്നിവര്‍ എല്ലാവരും ഇരിപ്പുണ്ടാവും. പലപ്പോഴും പകുതി പാര്‍ലമെന്റ് ഒഴിഞ്ഞുകിടക്കുകയാണെങ്കിലും പണ്ഡിറ്റ് നെഹ്റു തന്റെ ഇരിപ്പിടത്തില്‍ ഉണ്ടാവും. ഡിബേറ്റ് നടക്കുകയാവും. നെഹ്റു അത്യന്തം ശ്രദ്ധയോടെ അത് കേട്ട് കുറിപ്പുകള്‍ എടുക്കും. കാരണം പ്രധാനമന്ത്രിയായ തന്റെ സാന്നിധ്യത്തില്‍ ചര്‍ച്ചകള്‍ നന്നാവും എന്നദ്ദേഹം വിശ്വസിച്ചു. ഇന്ദിരയ്ക്ക് ഈ ഗുണം ഉണ്ടായിരുന്നില്ല. ഇന്നിപ്പോള്‍ എന്താണ് സ്ഥിതി?
ഇന്ദിരാഗാന്ധിയുടെ വലിയ ഗുണം അവര്‍ രാജ്യത്തെ വിറ്റില്ല എന്നതാണ്. നിക്‌സന്റെയും കിസിഞ്ചറുടെയും അടുത്ത് അവര്‍ നില്‍ക്കുന്ന ചിത്രം നോക്കൂ, ഇത് മനസ്സിലാവും. സ്വാതന്ത്ര്യസമരക്കാലത്ത് പണ്ഡിറ്റ് നെഹ്റുവിന്റെ വീട്ടില്‍ വളര്‍ന്നതിനാല്‍ ഇന്ദിരയില്‍ ചില അടിസ്ഥാനമൂല്യങ്ങള്‍ ഉണ്ടായിരുന്നു. എന്ത് ചെയ്യുമ്പോഴും ഒരു പരിധി വിടാന്‍ അവര്‍ക്ക് സാധിക്കില്ലായിരുന്നു. തെറ്റ് ചെയ്യുമ്പോഴും കളവ് പറയുമ്പോഴും സ്വയം അതറിഞ്ഞ് ഇന്ദിര ചെറുതായി.

Arun Shourie
ഫോട്ടോ അശോക് ഭൗമിക് / പിടിഐ

താങ്കള്‍ക്ക് ഇന്ദിരാഗാന്ധിയുമായി നേരിട്ട് ബന്ധമുണ്ടായിരുന്നോ?
ഒരിക്കലുമില്ല. ഞാന്‍ സ്‌കൂളില്‍ പഠിക്കുമ്പോള്‍ അവര്‍ പണ്ഡിറ്റ് നെഹ്റുവിനൊപ്പം സ്‌കൂളില്‍ വന്നിരുന്നു. അന്ന് കണ്ട് സംസാരിച്ചതേയുള്ളൂ.ഇന്ദിരാഗാന്ധിയെയും നരേന്ദ്രമോദിയെയും താങ്കള്‍ അടുത്തുകണ്ടു, വിമര്‍ശിച്ചു. എന്താണ് രണ്ടുപേരും തമ്മിലുള്ള വ്യത്യാസം?

ഇന്ദിരയുടെ കാര്യത്തില്‍ ഞാന്‍ നേരത്തേ പറഞ്ഞില്ലേ, എന്തിനും അവര്‍ക്ക് ഒരു ലിമിറ്റ് ഉണ്ടായിരുന്നു. എന്നാല്‍ ഈ മോദി-അമിത് ഷാ കമ്പനിക്ക് അതൊന്നുമില്ല. അവര്‍ എന്തും ചെയ്യും. മോദി ഇപ്പോള്‍ ചെയ്യുന്നത് ബി.ജെ.പി.യുടെ ഇന്ദിരാകരണ്‍ മാത്രമല്ല, മായവതീ കരണ്‍ കൂടിയാണ്. മോദിയുടെ കീഴിലുള്ള മന്ത്രിമാരെ നോക്കൂ: ഫഡ്നാവിസ്, ഖട്ടാര്‍, സര്‍ബാനന്ദ സോനോവാള്‍...ഒരു ബേസുമില്ലാത്തവര്‍. ആകെയുള്ളത് യോഗി ആദിത്യനാഥ് മാത്രമാണ്. അയാള്‍ ബേസുണ്ടാക്കിയത് ഇവരുടെ ചെലവിലല്ല. ആര്‍ക്കും സ്വാതന്ത്ര്യമില്ല. എല്ലാവരും മോദിയെ ആശ്രയിച്ച് നില്‍ക്കണം; പേടിച്ചും.

സോണിയയുടെ സ്ഥിതിയോ?
അത് അതിലും കഷ്ടമാണ്. സോണിയാ ഗാന്ധിയെ ഉപദേശിക്കാന്‍ ആര്‍ക്കും ധൈര്യമില്ല. അവരെ സഹായിക്കാനും ആര്‍ക്കും ധൈര്യമില്ല.

അന്വേഷണാത്മക പത്രപ്രവര്‍ത്തനത്തിന്റെ ആചാര്യനായാണ് താങ്കള്‍ അറിയപ്പെടുന്നത്. എങ്ങനെയായിരുന്നു താങ്കളുടെ പ്രവര്‍ത്തനരീതി?
വസ്തുതകള്‍ ശേഖരിക്കലാണ് ആദ്യമായും അവസാനമായും ചെയ്യുന്ന കാര്യം. അവസാനത്തെ വസ്തുതവരെ അന്വേഷിച്ച് കണ്ടുപിടിക്കും. എല്ലാ പ്രാഥമിക രേഖകളും കഴിയുമെങ്കില്‍ ഒറിജിനല്‍തന്നെ നമ്മുടെ കൈയില്‍ വേണം. എല്ലാം കൈയില്‍ കിട്ടിയാല്‍ അതിശക്തമായി ആദ്യത്തെ വാര്‍ത്ത നല്‍കും. അത് ശക്തമായ ഒരു പഞ്ച് പോലെ ആയിരിക്കും. ശേഖരിച്ച മുഴുവന്‍ വസ്തുതകളും എടുത്ത് ആദ്യംതന്നെ പ്രസിദ്ധീകരിക്കരുത്. ആദ്യത്തെ വാര്‍ത്തവന്നാല്‍ എതിരാളി പ്രതികരിക്കും. അപ്പോള്‍ അടുത്ത വസ്തുത (facts) ഇട്ടുകൊടുക്കണം. കൂടുതല്‍ ശക്തമായ എതിര്‍പ്പുണ്ടാവും. അപ്പോള്‍ വീണ്ടും അടുത്ത വസ്തുത,  പിന്നെ അടുത്തത്, പിന്നെ അടുത്തത്. അങ്ങനെ ഘട്ടം ഘട്ടമായി സത്യസന്ധമായ വസ്തുതകള്‍കൊണ്ട്  എതിരാളിയെ വളയണം. എ.ആര്‍. ആന്തുലെയുടെ ട്രസ്റ്റ് കുംഭകോണത്തിന്റെ കാര്യം എടുക്കുക. 102 ചെക്കുകളാണ് ഉണ്ടായിരുന്നത്. അന്ന് ഫോട്ടോ കോപ്പിയില്ല. 102 ചെക്കിന്റേയും നമ്പര്‍ ഫോട്ടോ എടുക്കുകയായിരുന്നു. 101 ചെക്കുകളുടെ നമ്പര്‍ കിട്ടിയിട്ട് കാര്യമില്ല, 102-ഉം കിട്ടണം. അത് കിട്ടിയപ്പോള്‍ ആ നമ്പര്‍ മാത്രമായിരുന്നു ഫോട്ടോ സഹിതം ഒന്നാം പേജ് നിറയെ. ഓരോ ചെക്കും ആരുതന്നു, എത്ര പണം, ഏത് സ്ഥാപനം എന്നെല്ലാം ഉണ്ടായിരുന്നു. ഇത്തരം വാര്‍ത്തകള്‍ ഞാന്‍ രാത്രി 10.30ന്, പത്രത്തിന്റെ അവസാന പണികള്‍ നടക്കുന്നതിനിടയില്‍ മാത്രമെ ഫയല്‍ ചെയ്യൂ. ഇല്ലെങ്കില്‍ ചോര്‍ക്കപ്പെടും. ആന്തുലെയുടെ വാര്‍ത്ത അല്പം നേരത്തേ നല്‍കി. കാരണം പേജ് സെറ്റ് ചെയ്യേണ്ടതുണ്ടായിരുന്നു. ചെക്കിന്റെ ഓരോ നമ്പറും സൂക്ഷ്മമായി പരിശോധിക്കേണ്ടിയിരുന്നു. അതിന് സമയം ആവശ്യമാണ്.

താങ്കള്‍ ഏറ്റവുമധികം സമ്മര്‍ദം അനുഭവിച്ച അന്വേഷണം ഏതായിരുന്നു?
എല്ലാറ്റിലും സമ്മര്‍ദം ഉണ്ടായിരുന്നു. നേരത്തേ പറഞ്ഞതുപോലെ എല്ലാം ഞാന്‍ ആസ്വദിച്ചു. ആന്തുലെ കുംഭകോണത്തിലും ബോഫോഴ്സിലും എല്ലാം അതുണ്ടായിരുന്നു. ദത്താ സാമന്തിനെ ഉപയോഗിച്ച് ആന്തുലെ ഇന്ത്യന്‍ എക്‌സ്പ്രസ്സിന്റെ മുംബെ ഓഫീസ് പൂട്ടിച്ചു. ബോഫോഴ്സ് റിപ്പോര്‍ട്ട് ചെയ്ത് തുടങ്ങിയപ്പോള്‍ രാജീവ് ഗാന്ധി ഡല്‍ഹി ഓഫീസ് പൂട്ടിച്ചു. സമരത്തിന്റെ പേര് പറഞ്ഞായിരുന്നു കളി. രണ്ടിനോടും ഞാന്‍ പോരാടി വിജയിക്കുകയായിരുന്നു. അവരുടെ കളികളെല്ലാം ഞാന്‍ പൊളിച്ചു.

ഏത് നിമിഷത്തിലാണ് അരുണ്‍ ഷൂരി പത്രപ്രവര്‍ത്തനം ഉപേക്ഷിച്ചത് ?
ഞാന്‍ പത്രപ്രവര്‍ത്തനം ഉപേക്ഷിച്ചതല്ല. പത്രങ്ങള്‍ എന്നെ പിരിച്ചുവിട്ടതാണ്. ഇന്ത്യന്‍ പത്രപ്രവര്‍ത്തനത്തില്‍ മൂന്ന് എഡിറ്റര്‍മാര്‍ മാത്രമേ പിരിച്ചുവിടപ്പെട്ടിട്ടുള്ളൂ: സ്റ്റേറ്റ്സ്മാനില്‍നിന്ന് പ്രാണ്‍ ചോപ്ര, ഹിന്ദുസ്ഥാന്‍ ടൈംസില്‍നിന്ന് ജോര്‍ജ് വര്‍ഗീസ്, ഇന്ത്യന്‍ എക്‌സ്പ്രസില്‍നിന്നും ഞാനും. ഇന്ത്യയില്‍ ഒരു എഡിറ്റര്‍ മാത്രമേ രണ്ട് തവണ പിരിച്ചുവിടപ്പെട്ടിട്ടുള്ളൂ, അത് ഞാനാണ്. പത്രപ്രവര്‍ത്തകന്‍ എന്ന നിലയില്‍ എന്റെ അംഗീകാരം അതാണ്.

Arun Shourie
അരുണ്‍ ഷൂരി

താങ്കള്‍ പിരിച്ചുവിടപ്പെടുമ്പോള്‍ രാംനാഥ് ഗോയങ്കെ ഉണ്ടായിരുന്നില്ലേ?
ഉണ്ടായിരുന്നു. പക്ഷേ, അദ്ദേഹം നിസ്സഹായനായിരുന്നു. നസ്ലി വാഡിയ ഇന്ത്യന്‍ എക്‌സ്പ്രസ് ഏറ്റെടുക്കുന്ന സമയം. രണ്ട് പേരെ ഒഴിവാക്കണം എന്ന് അവര്‍ വാശിപിടിച്ചു. ഗോയങ്കെയുടെ സാമ്പത്തിക ഉപദേഷ്ടാവായ എസ്. ഗുരുമൂര്‍ത്തിയേയും എന്നേയും. 11 പേജ് ദീര്‍ഘിച്ച വിരമിക്കല്‍ കത്താണ് എനിക്ക് അവര്‍ നല്‍കിയത്. ഞാന്‍ അതുമായി ഗോയങ്കേയുടെ അടുത്ത് ചെന്നപ്പോള്‍ അദ്ദേഹം സംസാരിക്കാന്‍ പോലും സാധിക്കാത്ത അവസ്ഥയിലായിരുന്നു. അദ്ദേഹത്തിന്റെ പേരില്‍ മറ്റുള്ളവര്‍ എഴുതിയതായിരുന്നു അത്.

എങ്ങനെയാണ് താങ്കള്‍ ബി.ജെ.പിയില്‍ എത്തിപ്പെട്ടത്?
വീണ്ടും യാദൃച്ഛികത. ജോലി നഷ്ടപ്പെട്ട് വീട്ടില്‍ ഇരിക്കുകയായിരുന്നു ഞാന്‍. ഒരു ഫോണ്‍ കോള്‍ : 'ഞാന്‍ കുശഭാവു താക്കറെ സംസാരിക്കുന്നു.' 'ആരാണ്?' ഞാന്‍ ചോദിച്ചു. 'സുഹൃത്തേ ഞാന്‍ കുശഭാവു താക്കറെ സംസാരിക്കുന്നു' അയാള്‍ ആവര്‍ത്തിച്ചു. എന്നിട്ടും എനിക്ക് മനസ്സിലായില്ല. ഒടുവില്‍ അയാള്‍ പറഞ്ഞു: 'ഞാന്‍ ബി.ജെ.പി. പ്രസിഡണ്ട് കുശഭാവു താക്കറെയാണ്. ഒന്ന് ബി.ജെ.പി. ഓഫീസില്‍ വരാമോ?...' 'എവിടെയാണ് ബി.ജെ.പി. ഓഫീസ്? ഞാന്‍ ചോദിച്ചു. 'ബി.ജെ.പി ഓഫീസ് അറിയില്ലേ' അയാള്‍ക്കദ്ഭുതം. അയാള്‍ വണ്ടി വിട്ടു. ഞാന്‍ ചെന്നു. അവിടെച്ചെന്നപ്പോള്‍ അയാള്‍ പറഞ്ഞു: 'ഞാന്‍ അടല്‍ ബിഹാരി വാജ്പേയി, അദ്വാനി, മുരളി മനോഹര്‍ ജോഷി എന്നിവരെക്കണ്ടിരുന്നു. അവര്‍ താങ്കളെ രാജ്യസഭയിലേക്ക് നിര്‍ദേശിക്കണം എന്ന് പറയുന്നു.'
'ശരി.' ഞാന്‍ പറഞ്ഞു. രാജ്യസഭാ എം.പിയായി. അത്രതന്നെ.

എന്ത് ഐഡിയോളജിയുടെ ബലത്തിലാണ് താങ്കള്‍ പെട്ടെന്ന് ബി.ജെ.പിയില്‍ച്ചേര്‍ന്നത് ?
എന്റെ ബി.ജെ.പി. പ്രവേശത്തിന് അപ്പോഴത്തെ തൊഴിലില്ലായ്മ മാത്രമാണ് കാരണം. അല്ലെങ്കില്‍ എന്ത് ഐഡിയോളജിയാണ് ഇവര്‍ക്കൊക്കെയുള്ളത്? വെറും ഓപ്പര്‍ച്യുനിസം, അവസരവാദം മാത്രമേയുള്ളൂ (പൊട്ടിച്ചിരിക്കുന്നു).

അങ്ങനെയെങ്കില്‍ ആ സമയത്ത് കോണ്‍ഗ്രസ് ആണ് വന്ന് വിളിച്ചിരുന്നതെങ്കിലോ?
ഒരിക്കലും കോണ്‍ഗ്രസ്സിലേയ്ക്ക് പോകില്ല. അവര്‍ അപ്പോഴും അടിയന്തരാവസ്ഥയുടെ നിഴലില്‍ നില്‍ക്കുകയായിരുന്നു. ഞാന്‍ അതിനെ ഏറ്റവും എതിര്‍ത്തിരുന്നയാളും ആയിരുന്നല്ലോ.

ഒരു ബി.ജെ.പി. സര്‍ക്കാരിന്റെ ഭാഗമായ ആളാണ് താങ്കള്‍. ഇപ്പോള്‍ ഒരു ബി.ജെ.പി. സര്‍ക്കാര്‍ ഭരിക്കുന്നു. രണ്ടും തമ്മിലുള്ള താരതമ്യം എന്താണ് ?
ഈ രണ്ട് സര്‍ക്കാരുകളും തമ്മില്‍ യാതൊരുവിധ താരതമ്യങ്ങളുമില്ല. അന്ന് പാര്‍ട്ടിയില്‍ ഉള്‍പ്പാര്‍ട്ടി ജനാധിപത്യം ധാരാളം ഉണ്ടായിരുന്നു. കൂട്ടായ തീരുമാനങ്ങള്‍ ഉണ്ടായിരുന്നു. എന്തും ചര്‍ച്ചചെയ്ത് മാത്രമേ തീരുമാനിക്കൂ. കാബിനറ്റ് മീറ്റിങ്ങുകളില്‍വരെ ഞാന്‍ തര്‍ക്കിച്ചിട്ടുണ്ട്. അതിനുള്ള സ്വാതന്ത്ര്യമുണ്ടായിരുന്നു. അത്രയ്ക്ക് സുതാര്യമായിരുന്നു കാര്യങ്ങള്‍. ഇപ്പോള്‍ നരേന്ദ്ര മോദി പറയുന്നു, മറ്റുള്ളവര്‍ അനുസരിക്കുന്നു എന്ന് മാത്രം.

arun shourie
അരുണ്‍ ഷൂരി, നരേന്ദ്രമോദി

ഒരു ജീവിതകാലം മുഴുവന്‍ അഴിമതിക്കെതിരേ പോരാടിയ ആളാണ് താങ്കള്‍. ഇപ്പോഴത്തെ മോദിസര്‍ക്കാര്‍ പറയുന്ന പ്രധാന നേട്ടം അഴിമതി തുടച്ചുനീക്കി എന്നാണ് ?
അത് അവകാശവാദം മാത്രമാണ്. കേന്ദ്രസര്‍ക്കാരില്‍ ഒരു മന്ത്രിയും സ്വതന്ത്രനല്ല. ഒരാള്‍ക്കും സ്വന്തമായ ബേസില്ല. എല്ലാവരും മോദിയുടെ ചരടിലാണ്. അതുകൊണ്ട് വ്യക്തിപരമായ അഴിമതി ഇല്ല. അതേസമയം തിരഞ്ഞെടുപ്പ് നോക്കൂ. എവിടെനിന്നാണ് ബി.ജെ.പി.ക്ക് ഇത്രയധികം പണം? തിരഞ്ഞെടുപ്പ് പ്രചാരണ വിദഗ്ധന്‍ പ്രശാന്ത് കിഷോറിനോട് ഒന്ന് ചോദിച്ചുനോക്കൂ, മറ്റ് പാര്‍ട്ടികളെ അപേക്ഷിച്ച് ബി.ജെ.പി. എത്ര പണമാണ് തിരഞ്ഞെടുപ്പിനായി ഇറക്കുന്നത് എന്ന്. പ്രത്യേകിച്ച് യു.പി.യിലും ബിഹാറിലുമെല്ലാം. മോദി അഴിമതിക്കാരനാണ് എന്നോ ബി.ജെ.പി. അഴിമതി നടത്തുന്നു എന്നോ ഇപ്പോള്‍ എനിക്ക് പറയാനാവില്ല. പക്ഷേ, പല ചോദ്യങ്ങളും ഉയര്‍ന്നിട്ടുണ്ട്. എവിടെനിന്നാണ് പാര്‍ട്ടിക്ക് ഇത്രയുമധികം പണം എന്നതുതന്നെയാണ് പ്രധാനം. രാജ്യത്ത് ഒരു വികേന്ദ്രീകൃത അടിയന്തരാവസ്ഥ നിലനില്‍ക്കുന്നുമുണ്ട്.
' ധനമന്ത്രിസ്ഥാനം താങ്കള്‍ക്ക് നല്‍കാത്തതുകൊണ്ടാണ് താങ്കള്‍ ബി.ജെ.പി.ക്ക് എതിരായത് എന്ന് ആക്ഷേപമുണ്ട് ?
നിങ്ങളുടെ വാദത്തിനുവേണ്ടി അത് സമ്മതിച്ചുതരാം. അപ്പോഴും ഞാന്‍ ചൂണ്ടിക്കാട്ടിയ വസ്തുതകള്‍ക്ക് എന്താണ് മറുപടി? ആ വസ്തുതകള്‍ തെറ്റാണോ?

ഒരുകാലത്ത് നരേന്ദ്ര മോദിയുമായി നല്ല അടുപ്പത്തിലായിരുന്നു താങ്കള്‍. പരസ്പരം നന്നായി അറിയുന്നവര്‍. എന്താണ് മോദിയുടെ ശക്തിയും ദൗര്‍ബല്യങ്ങളും?
മോദിയുടെ പ്രധാന ശക്തി വലിയ ഊര്‍ജമാണ്. രണ്ടാമത്തെത് മറ്റുള്ളവരില്‍ ഭയം ജനിപ്പിക്കാനുള്ള കഴിവ്. മൂന്നാമത്തെത് അദ്വാനി പറഞ്ഞതാണ്: മോദി നല്ല ഒരു ഇവന്റ് മാനേജരാണ്. ഇവന്റ് മാനേജര്‍ മാത്രം. ഇതില്‍ രണ്ടാമത്തെ ഗുണം മോദിക്ക് വിനയായി മാറുന്നത് കാണാം. ഭയം കാരണം സ്വന്തം മന്ത്രിമാരടക്കം ആരും ഈ മനുഷ്യനോട് സത്യം പറഞ്ഞുകൊടുക്കില്ല. അതുകൊണ്ട് സത്യവും കളവും തമ്മിലുള്ള വ്യത്യാസം മോദിക്ക് മനസ്സിലാവാതായി. ഇത്തവണത്തെ സ്വാതന്ത്ര്യദിനപ്രസംഗം നോക്കൂ. 45 ലക്ഷംപേര്‍ ആദായനികുതി അന്വേഷണത്തില്‍ ഉണ്ട് എന്നാണ് അദ്ദേഹം പറഞ്ഞത്. രാജാവിനെക്കാള്‍ രാജഭക്തിയുള്ള അരുണ്‍ ജെയ്റ്റ്ലി അത് 91 ലക്ഷമാക്കി. ഒടുവില്‍ കൃത്യമായ കണക്ക് വന്നപ്പോള്‍ എത്രയാണ്? 4.5 ലക്ഷംപേര്‍. പതിനായിരം കോടി രൂപയാണ് ദളിത് സംരംഭകര്‍ക്കായി മാറ്റിവെച്ചത് എന്ന് മോദിയും പറഞ്ഞു, സര്‍ക്കാരിന്റെ പരസ്യവും പറഞ്ഞു. ഇന്ത്യന്‍ എക്സ്പ്രസ് ഡല്‍ഹി ഇത് അന്വേഷിച്ചു. രാജ്യത്താകെ എത്രപേര്‍ക്ക് ഇത് ലഭിച്ചുവെന്നറിയുമോ? വെറും നാലുപേര്‍ക്ക്. അതിന് എത്ര പണം വരും? മോദിയുടെ പറച്ചിലുകളും യാഥാര്‍ഥ്യവും തമ്മില്‍ ഇങ്ങനെ അന്തരം വരുന്നത് എന്തുകൊണ്ടാണ്? നോട്ട് അസാധുവാക്കലിന്റെ കാര്യം എടുക്കുക: ആദ്യം പറഞ്ഞു തീവ്രവാദികളെ പ്രതിരോധിക്കാനാണ് എന്ന്. തീവ്രവാദികള്‍ക്ക് എന്താ പുതിയ നോട്ട് ഉപയോഗിച്ചൂടെ? പിന്നെ പറഞ്ഞു പാകിസ്താനെ തകര്‍ക്കാനാണ് എന്ന്. അതു കഴിഞ്ഞപ്പോള്‍ പറഞ്ഞു രാജ്യം കാഷ്ലെസ് ആക്കാനാണ് എന്ന്. എന്തിനാണ് അങ്ങനെയാക്കുന്നത് എന്നെനിക്ക് മനസ്സിലായില്ല. എന്താണ് ഈ ക്രെഡിറ്റ് കാര്‍ഡിനെ ഇത്ര മഹത്ത്വവത്കരിക്കുന്നത്? ഞാന്‍ ഈ ട്വിറ്ററില്‍ ഒന്നും ഇല്ല. മുസഫര്‍നഗര്‍ കലാപവും ദാദ്രിയിലെ ചതച്ചുകൊല്ലലും എല്ലാം നടക്കുമ്പോള്‍ ട്വിറ്റര്‍പ്രിയനായ മോദി എന്താണ് ട്വീറ്റ് ചെയ്യുന്നത് എന്ന് ഞാന്‍ അന്വേഷിച്ചു. അദ്ദേഹത്തിന്റെ ട്വീറ്റുകള്‍ ഇങ്ങനെയാണ്: ഹാപ്പി ബര്‍ത്ത് ഡേ ജയിംസ് കാമറൂണ്‍, ഹാപ്പി ബര്‍ത്ത് ഡേ മഹേഷ് ശര്‍മ... ഇത് എന്തുതരം പ്രധാനമന്ത്രിയാണ്? ജോലി വീതംവെച്ചുകൊടുക്കലാണ് ഇവിടെ നടക്കുന്നത്. നിങ്ങള്‍ക്ക് ഒരു പാചകക്കാരനുണ്ടെങ്കില്‍ ആടിനെ നിങ്ങള്‍ കൊല്ലേണ്ടതില്ല. അത് പാചകക്കാരന്‍ ചെയ്‌തോളും.
' നരേന്ദ്ര മോദി രാജ്യത്തിനുവേണ്ടി സ്വയം സമര്‍പ്പിച്ചയാളാണ് എന്ന് വിശ്വസിക്കുന്നവരുണ്ട്?
ആയിരിക്കാം. അദ്ദേഹത്തെ സംബന്ധിച്ച് താന്‍ തന്നെയാണല്ലോ രാജ്യം. സ്വന്തം പേര് കോട്ടില്‍ കുത്തി നടക്കുന്നയാള്‍ എന്ത് സമര്‍പ്പിച്ചു എന്നാണ് താങ്കള്‍ പറയുന്നത്?

താങ്കളുടെ പുസ്തകങ്ങള്‍ പത്രപ്രവര്‍ത്തനത്തിന്റെ ബാക്കിപത്രങ്ങളാണോ?
ചിലത്. ചിലത് അങ്ങനെയല്ല. 'The World of Fathwas'എഴുതിയത് ഇസ്ലാമികനിയമത്തില്‍ എനിക്കുണ്ടായ താത്പര്യം കാരണമാണ്. സംവരണത്തിന് ഞാന്‍ എതിരാണ്. അതിന്റെ ഫലമായി ഉണ്ടായതാണ് two saintsഅത്  സംബന്ധിച്ച പുസ്തകം. Does he know a mothers heart, Two saints എന്നിവ അങ്ങനെയല്ല. അവ രണ്ടും ഉള്ളില്‍നിന്നും വന്നവയാണ്. 20 വര്‍ഷങ്ങളായി ഞാന്‍ രാഷ്ട്രീയത്തെക്കുറിച്ചും അഴിമതിയെക്കുറിച്ചും എഴുതുന്നു. ഉറക്കത്തില്‍പ്പോലും എനിക്കത് എഴുതാന്‍ സാധിക്കും. ഇനി അത്തരം രചനകള്‍ക്ക് എനിക്ക് താത്പര്യമില്ല.
സംസാരത്തിനിടെ ആദിത്യന്‍ അന്നത്തെ ചികിത്സ കഴിഞ്ഞുവന്നു. വീല്‍ച്ചെയറില്‍ ഒതുങ്ങിയിരുന്നു അയാള്‍ ഒരു കണ്ണുകൊണ്ട് നോക്കി. ഷൂരി ക്ഷമാപണത്തോടെ ഒട്ടോമാറ്റിക് റേസര്‍ എടുത്ത് മകനെ ഷേവ് ചെയ്യിച്ചു തുടങ്ങി. ഏറെ ക്ഷമയോടെ, സ്‌നേഹത്തോടെ, ഉടഞ്ഞുതകരുന്ന ഉള്ളത്തോടെ....എഴുപത്തിയാറ് വയസ്സുകഴിഞ്ഞ ഒരു പിതാവിന്റെ എല്ലാ നിസ്സഹായതകളും അദ്ദേഹത്തിന്റെ ചലനങ്ങളില്‍ ഉണ്ടായിരുന്നു....

നിരന്തരമായ അന്വേഷണങ്ങള്‍ താങ്കളെ തത്വചിന്തയിലേക്ക് എത്തിച്ചിട്ടുണ്ടോ?
അക്കാദമികമായ തത്വചിന്തയാണ് എന്റേത്. മതങ്ങളില്‍ എനിക്ക് വലിയ താത്പര്യമുണ്ട്. സംഘടിതമതങ്ങള്‍ ആണ് മനുഷ്യനെ വഴിതെറ്റിക്കുന്നത് എന്ന് ഞാന്‍ വിശ്വസിക്കുന്നു. എന്റെ മകന്റെ ജീവിതാവസ്ഥയുടെ അടിസ്ഥാനത്തില്‍ ഞാന്‍ അന്വേഷിച്ച് എത്തിയത് ബുദ്ധനിലാണ്.

താങ്കള്‍ ഇപ്പോള്‍ ആത്മീയപാതയിലുള്ള ഒരു വ്യക്തിയാണോ?
താന്‍ ആത്മീയവാദിയാണ് എന്നതൊക്കെ ഓരോ മനുഷ്യന്റെയും സ്വന്തം അവകാശവാദങ്ങളല്ലേ? ആത്മീയതയാവണം മതങ്ങളുടെ സാരം എന്ന് ഞാന്‍ വിശ്വസിക്കുന്നു. അത് മാത്രമേ മതങ്ങളില്‍നിന്ന് മനുഷ്യന്‍ എടുക്കാവൂ. സംഘടിതമതങ്ങള്‍ തകര്‍ക്കുന്നതും അതുതന്നെ.

Arun Shourie
അരുണ്‍ഷൂരി മകന്‍ ആദിത്യനൊപ്പം. ഫോട്ടോ: എന്‍ എം പ്രദീപ്

42 വയസ്സായി താങ്കളുടെ മകന്‍ ആദിത്യന് ഇപ്പോള്‍. ഇപ്പോഴും അയാള്‍ വീല്‍ച്ചെയറിലാണ്. ഭാര്യ അനിതയുടെ പാര്‍ക്കിന്‍സണ്‍സ് രോഗം അതിന്റെ മൂര്‍ധന്യാവസ്ഥയിലാണ്. ഇതിന് രണ്ടിനും നടുവിലാണ് താങ്കള്‍. ഇങ്ങനെയിരിക്കുമ്പോള്‍ ജീവിതത്തെ എങ്ങനെയാണ് നേരിടുന്നത്?
കഴിഞ്ഞദിവസവും കൂടി ആദിത്യന് രാത്രിയില്‍ ഒരു വിറയലുണ്ടായി. പേടിച്ചുപോയി ഞാന്‍. ഒന്നും സംഭവിക്കാതെ പരമാവധി ബോറിങ് ആയി ഒരു ദിവസം കടന്നുപോയാല്‍ ഞാന്‍ ഏറ്റവുമധികം നന്ദിയുള്ളവനായിരിക്കും. ഒരദ്ഭുതവും ഒരിടത്തുനിന്നും ഞാനിപ്പോള്‍ പ്രതീക്ഷിക്കുന്നില്ല. ഒരദ്ഭുതവും എന്നെത്തേടി ഈ ജീവിതത്തില്‍ വരില്ല എന്നും എനിക്കറിയാം.

ഏകാന്തത തോന്നാറുണ്ടോ ഇപ്പോള്‍?
ഇവര്‍ക്ക് രണ്ടുപേര്‍ക്കും നടുവില്‍ ഇരിക്കുമ്പോള്‍ എനിക്ക് ഏകാന്തതയൊന്നും തോന്നാറില്ല. എന്നാല്‍, പാവം ആദിത്യന്റെയും അനിതയുടെയും ദുരിതങ്ങള്‍ക്ക് ഒരവസാനവും ഇല്ലല്ലോ എന്നാലോചിക്കുമ്പോള്‍ ചിലപ്പോള്‍ ഞാന്‍ തകര്‍ന്ന് പോവാറുണ്ട്. പ്രശ്‌നങ്ങള്‍ ഉണ്ടാവുമ്പോള്‍ ഞാന്‍ അത് നേരിടുന്നു. ഒരു പ്രശ്‌നം കഴിയുമ്പോള്‍ അടുത്തത് ഉണ്ടാവുന്നു...അപ്പോള്‍ ഞാന്‍ വല്ലാതെ വേദനിക്കാറുണ്ട്. അനിതയുടെ സഹോദരിമാരോട് എല്ലാം പങ്കുവെക്കുന്നതിലാണ് ഞാന്‍ അപ്പോള്‍ ആശ്വാസം കാണുന്നത്.

ഈ കടുത്ത ദുഃഖത്തെ എങ്ങനെയാണ് താങ്കള്‍ പരിവര്‍ത്തിപ്പിക്കുന്നത്?
പരിവര്‍ത്തിപ്പിക്കുന്നു എന്നൊക്കെ പറയുന്നതും ഒരു തരത്തില്‍ അവകാശവാദം തന്നെ. ഒരു സെന്‍ കഥയുണ്ട്: രണ്ട് ഗുരുക്കന്മാരുടെ രണ്ട് ശിഷ്യന്മാര്‍ താമസസ്ഥലത്തുനിന്നും ഏറെ വഴിയിറങ്ങി താഴെ പുഴയില്‍ വെള്ളമെടുക്കാന്‍ പോയി. ആദ്യത്തെ ശിഷ്യന്‍ പറഞ്ഞു: എന്റെ ഗുരു വായുവില്‍ എഴുതിയാല്‍ ഈ പുഴയുടെ അക്കരെയുള്ള കടലാസില്‍ അത് തെളിയും. നിന്റെ ഗുരുവോ? അപ്പോള്‍ മറ്റേ ശിഷ്യന്‍ പറഞ്ഞു: എന്റെ ഗുരുവിന് അതൊന്നും സാധിക്കില്ല. അദ്ദേഹം ഭക്ഷണം കഴിക്കുമ്പോള്‍ ഭക്ഷണം കഴിക്കുന്നു, ഉറങ്ങുമ്പോള്‍ ഉറങ്ങുന്നു, നടക്കുമ്പോള്‍ നടക്കുന്നു...ഞാന്‍ ആദിത്യനെ കുളിപ്പിക്കുമ്പോള്‍ അത് ചെയ്യുന്നു, അനിതയെ പരിചരിക്കുമ്പോള്‍ അത് ചെയ്യുന്നു...അങ്ങനെ വര്‍ത്തമാന നിമിഷത്തില്‍ എന്റെ ദിവസങ്ങള്‍ കടന്നുപോകുന്നു.

arun shourie
അരുണ്‍ഷൂരി മകന്‍ ആദിത്യനൊപ്പം. ഫോട്ടോ: എന്‍ എം പ്രദീപ്

താങ്കള്‍ക്കുശേഷം ആദിത്യന്റെ കാര്യം?
ഭിന്നശേഷിക്കാരായ മക്കളുള്ള എല്ലാ മാതാപിതാക്കളും നേരിടുന്ന പ്രശ്‌നമാണിത്. എത്രയൊക്കെ അടുത്ത കുടുംബമാണെങ്കിലും എല്ലാവരും അവരവരുടേതായ തിരക്കുകളിലാവും. അതുകൊണ്ട് ഞാന്‍ ഒരു ട്രസ്റ്റ് ഉണ്ടാക്കി. എന്റെയും ഭാര്യയുടെയും എല്ലാ സമ്പാദ്യവും ആ ട്രസ്റ്റിലേക്കാണ് പോവുക. ഞങ്ങള്‍ മരിച്ചാല്‍ ആദിത്യന് ജീവിക്കാനുള്ളതാണ് അത്.

എന്തുകൊണ്ടാണ് സംഭവബഹുലമായ താങ്കളുടെ ജീവിതം താങ്കള്‍ എഴുതാത്തത്?
ഞാന്‍ അത്ര നല്ല എഴുത്തുകാരനൊന്നുമല്ല. എന്റെ കുടുംബത്തില്‍ എല്ലാവരും എന്നേക്കാള്‍ നല്ല എഴുത്തുകാരാണ് .എന്റെ എഴുത്ത് വാദിക്കാന്‍ വേണ്ടിയുള്ള വക്കീലിന്റെ കേസ് ഡയറി മാത്രമാണ്.

76 വയസ്സായി താങ്കള്‍ക്ക്. ആകെ മൊത്തം ജീവിതത്തെക്കുറിച്ച് എന്താണ് തോന്നുന്നത് ?
ജീവിതം....അത് കടന്നുപോയിക്കഴിഞ്ഞില്ലേ...വളരെപ്പെട്ടന്ന്....ഇനിയെന്താണ് ബാക്കിയുള്ളത്?

ദൈവവിശ്വാസിയല്ലാത്ത താങ്കള്‍ സങ്കടങ്ങള്‍ വരുമ്പോള്‍ എവിടെയാണ് തല ചായ്ക്കുന്നത് ?
ദുഃഖങ്ങള്‍ വരുമ്പോള്‍ ഈ നിമിഷത്തില്‍ ഞാന്‍ തലചായ്ക്കുന്നു.

പുനര്‍ജന്മത്തില്‍ വിശ്വാസമുണ്ടോ?
ഇല്ല

കാരണം...
അതിന് തെളിവില്ല, വസ്തുനിഷ്ഠമായ രേഖകളുമില്ല.'

weeklyമാതൃഭൂമി ആഴ്ചപ്പതിപ്പില്‍ പ്രസിദ്ധീകരിച്ചത്.പുതിയ ലക്കം ഓണ്‍ലൈന്‍ വഴി വാങ്ങാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.