'ഭാഗ്യലക്ഷ്മി മാഡം അടികൊടുത്താണ്‌ തുടങ്ങിയത്, എനിക്കത് മിസ്സായി. നിയമം കൈയിലെടുക്കരുതെന്ന് പറഞ്ഞ് എല്ലാവരും എന്നെ തടഞ്ഞു. എന്റെ ഫോട്ടോ പ്രചരിപ്പിച്ച് എനിക്കെതിരെ അപവാദ പ്രചാരണം നടത്തിയിട്ട് പോലീസുകാരുടെ മുന്നില്‍ വെച്ച് അയാള്‍ പറഞ്ഞത് ഞാന്‍ ഒന്നും ചെയ്തില്ലല്ലോ എന്നാണ്. അതുകേട്ടാല്‍ എങ്ങനെയാണ് പ്രതികരിക്കാതിരിക്കുക.' - ഇത് പെരിയ സ്വദേശിനി ഹേമലത. സുഹൃത്തിനൊപ്പം നില്‍ക്കുന്ന ഫോട്ടോ പ്രചരിപ്പിച്ച്, തനിക്കെതിരെ അപവാദപ്രചരണം നടത്തിയ യുവാവിനെ സ്വന്തം നിലയില്‍ കണ്ടെത്തി പോലീസ് സ്‌റ്റേഷനിലെത്തിച്ച് മാപ്പു പറയിപ്പിച്ച വീട്ടമ്മ. 

യുട്യൂബ് വീഡിയോയിലൂടെ സാമൂഹിക സാംസ്‌കാരിക സിനിമാമേഖലയിലെ സ്ത്രീകളെ നിരന്തരം അപമാനിച്ച വിജയ് പി നായരെ ഡബ്ബിങ് ആര്‍ട്ടിസ്റ്റ് ഭാഗ്യലക്ഷ്മിയും സംഘവും ചേര്‍ന്ന് മാപ്പുപറയിച്ച വാര്‍ത്ത മാധ്യമങ്ങളില്‍ നിറയുന്നതിന് ഏതാനും ദിവസങ്ങള്‍ക്ക് മുമ്പാണ് സമാനമായ സംഭവം ബേക്കല്‍ പോലീസ് സ്‌റ്റേഷനില്‍ അരങ്ങേറിയത്. 

കാസര്‍കോട് ചെമ്മട്ടംവയലില്‍ അക്ഷയകേന്ദ്രം നടത്തുന്ന ഹേമലത, ഒപ്പം ജോലി ചെയ്തിരുന്ന 24-കാരനൊപ്പം ഒളിച്ചോടിപ്പോയെന്നായിരുന്നു വാട്‌സാപ്പുകളിലൂടെ പ്രചരിച്ച സന്ദേശം. അക്ഷയകേന്ദ്രത്തില്‍ ജോലി ചെയ്തിരുന്ന ജീവനക്കാരന് മറ്റൊരു ജോലി ലഭിച്ചപ്പോള്‍ ഫെബ്രുവരി 14-ന് നല്‍കിയ യാത്രയയപ്പിന്റെ ചിത്രങ്ങള്‍ ഹേമലത ഫെയ്‌സ്ബുക്കില്‍ ഷെയര്‍ ചെയ്തിരുന്നു. ആ ചിത്രങ്ങള്‍ ഡൗണ്‍ലോഡ് ചെയ്ത് ഇല്ലാക്കഥ മെനഞ്ഞ് ഹേമയെ അപകീര്‍ത്തിപ്പെടുത്തുകയായിരുന്നു.

ഹേമലതയുടെ പരാതിയില്‍ അവര്‍ നല്‍കിയ ഒന്നിലേറെ ഫോണ്‍ നമ്പറുകള്‍ സൈബര്‍ സെല്ലിന് കൈമാറി. വ്യാജ പ്രചാരണം നടത്തിയ ആളെ കണ്ടെത്തിത്തരണമെന്നാണ് പരാതിയിലുള്ളത്.സൈബര്‍ സെല്ലിന്റെ അന്വേഷണത്തില്‍ ആളെ കണ്ടെത്തുന്ന മുറയ്ക്ക് കേസെടുക്കും. - പി.അജിത്കുമാര്‍ (എസ്.ഐ,ബേക്കല്‍ പോലീസ് സ്റ്റേഷന്‍)

 'എനിക്കൊപ്പം ജോലി ചെയ്യുന്ന 24 വയസ്സുളള, ഞാന്‍ മകനെ പോലെ കാണുന്ന ഒരു പയ്യനൊപ്പം ഞാന്‍ ഒളിച്ചോടി എന്നായിരുന്നു പ്രചരണം. എന്താണ് ഹേമേ കാര്യം എന്ന് ചോദിച്ച്എനിക്ക് തുടര്‍ച്ചയായി ഫോണ്‍ കോള്‍ വന്നു. ഹേമ ഒളിച്ചോടിപ്പോയി, ഹേമയെ കാണ്‍മാനില്ല എന്നൊക്കെ വാര്‍ത്ത വരുന്നുണ്ടല്ലോ എന്ന് കാണുന്നവര്‍ കാണുന്നവര്‍ ചോദിക്കുന്നു. അപ്പോഴാണ് സംഭവം ഞാന്‍ അറിയുന്നത് തന്നെ. ഞാന്‍ ഞെട്ടിപ്പോയി. ചെമ്മട്ടംവയലിലാണ് ഞാന്‍ ജോലി ചെയ്യുന്ന അക്ഷയ സെന്റര്‍. ഞാന്‍ എന്നും അവിടെ പോയി വരുന്നത് ആള്‍ക്കാര്‍ കാണുന്നതാണ്. എന്നിട്ടാണ് കാണാനില്ല എന്നൊക്കെ പ്രചരിക്കുന്നത്.

ഒരു സുഹൃത്ത് എനിക്ക് വാട്‌സാപ്പ് സന്ദേശങ്ങളുടെ സ്‌ക്രീന്‍ഷോട്ടുകള്‍ അയച്ചുതന്നു. അക്ഷയയില്‍ ജോലി ചെയ്യുന്നതിനാല്‍ ഐ.ടിയുമായി ബന്ധപ്പെട്ട കുറച്ചുകാര്യങ്ങള്‍ അറിയാമല്ലോ. വരുന്ന ഒരോ സ്‌ക്രീന്‍ഷോട്ടും നോക്കി നമ്പറുകള്‍ നോട്ട് ചെയ്ത് വാട്‌സാപ്പ് ഗ്രൂപ്പുകളില്‍ സന്ദേശം പ്രചരിച്ച വഴിയേ തിരിഞ്ഞുനടന്ന് ഓരോരുത്തരെ ഓരോരുത്തരെയായി ഫോണ്‍ വിളിച്ചാണ് അവസാനം വോയ്‌സ്‌ക്ലിപ് പ്രചരിപ്പിച്ച ആളെ ഞാന്‍ കണ്ടെത്തുന്നത്. ഏകദേശം അമ്പതോളം ആളുകളെ വിളിച്ചുകാണും. 

ഇങ്ങനെയൊരു അപവാദപ്രചരണമുണ്ടായപ്പോള്‍ എന്റെ അമ്മ ആകെ തകര്‍ന്നുപോയി. എന്റെ അച്ഛന്‍ ഒരു അറ്റാക്ക് കഴിഞ്ഞ് വിശ്രമത്തിലാണ്. അതിനിടയിലാണ് ഇത്തരമൊരു വാര്‍ത്ത. എനിക്കൊപ്പം ഫോട്ടോയില്‍ ഉണ്ടായിരുന്ന കുട്ടിക്കും അവന്റെ വീട്ടുകാര്‍ക്കും നല്ല മനഃപ്രയാസമായിരുന്നു. അതിനൊക്കെ ആരാണ് സമാധാനം പറയുക.' 

ശബ്ദസന്ദേശം പ്രചരിപ്പിച്ച യുവാവ് താന്‍ ഒന്നും ചെയ്തില്ലല്ലോ എന്ന മട്ടില്‍ കുറ്റത്തെ നിസ്സാരവല്‍ക്കരിക്കുകയാണ് ആദ്യം ചെയ്തത്. എന്നാല്‍ പിന്നീട് കുറ്റം സമ്മതിക്കുകയും പോലീസുകാരുടെ മുന്നില്‍ വെച്ച് മാപ്പുപറയുകയും ചെയ്തു.

'ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി ആക്ടിന്റെ ജാമ്യമില്ലാ വകുപ്പായ 66-എ പ്രകാരമാണ് ഹേമലതയുടെ കേസ് നില്‍ക്കേണ്ടത്. എന്നാല്‍ ഈ വകുപ്പ് പലരും ദുരുപയോഗം ചെയ്യുന്നു എന്നതിന്റെ അടിസ്ഥാനത്തില്‍ സുപ്രീംകോടതി അത് എടുത്തുകളഞ്ഞു. എന്നാല്‍ അതിന് ബദലായി മറ്റൊരുവകുപ്പ് കൊണ്ടുവന്നില്ല. ഐപിസിയില്‍ 509, കേരള പോലീസ് ആക്ടിന്റെ 120-ഒയിലും ഈ കേസ് നില്‍ക്കും. ഹേമലതയുടെ കേസില്‍ ചിത്രം പ്രചരിപ്പിച്ചതിനാല്‍ കോപിറൈറ്റ് ആക്ടിന്റെ ലംഘനമുണ്ട്. സൈബര്‍ നിയമത്തിന്റെ ലംഘനം എന്നുപറഞ്ഞ് സൈബര്‍ സെല്ലിലേക്കാണ് പരാതി ഇപ്പോള്‍ കൈമാറിയിരിക്കുന്നത്. കാസര്‍കോട് എസ്പിക്ക് പരാതി അയച്ചിട്ടുണ്ട്. കോടതിയിലേക്ക് പരാതിയുമായി നീങ്ങാനുളള തീരുമാനത്തിലാണ് എന്തായാലും ഞങ്ങള്‍. നിയമം ദുര്‍ബലമാകുമ്പോഴാണ് ഭാഗ്യലക്ഷ്മിയെ പോലെ പലരും പ്രതികരിച്ചുപോകുന്നത്. ഒരു അഭിഭാഷകന്‍ എന്ന നിലയില്‍ ഞാന്‍ അതിനെ ന്യായീകരിക്കുകയില്ല. പക്ഷേ നിയമം ദുര്‍ബലപ്പെടുമ്പോഴാണ് നിയമം കൈയിലെടുക്കുന്ന സാഹചര്യം വരുന്നത്. അത് ഒരിക്കലും ആശാസ്യമല്ല.' - ഹേമലതയുടെ സഹോദരനും അഭിഭാഷകനുമായ എം.കെ.ഉണ്ണികൃഷ്ണന്‍ പറഞ്ഞു.

'സ്‌റ്റേഷനകത്തുവെച്ച് അയാളെന്നോട് മാപ്പു പറയുന്ന വീഡിയോ ഞാന്‍ എടുത്തിരുന്നു. അത് പലര്‍ക്കും ഇഷ്ടമായില്ല. പോലീസ് എന്നോട് പറഞ്ഞത് വീഡിയോ എടുത്ത് ഞാന്‍ അയാളെ അപമാനിച്ചു എന്നാണ്. കുറ്റരോപിതന്റെ ഭാഗത്ത് നിന്നാണ് അവര്‍ സംസാരിച്ചത്. അയാള്‍ എന്നെ ഇന്‍സള്‍ട്ട് ചെയ്തതോ എന്തു കൊണ്ടാണ് പറയാത്തത്? സൈബര്‍ കുറ്റമായതിനാല്‍ അയാള്‍ക്കെതിരെ കേസെടുക്കാനാവില്ലെന്നാണ് പോലീസ് പറഞ്ഞത്. പരാതി സൈബര്‍ സെല്ലിന് കൈമാറിയിട്ടുണ്ട്.' 

വോയ്‌സ്‌ക്ലിപ്പുകളില്‍ ഒന്ന് സ്ത്രീശബ്ദമായിരുന്നു അതു കണ്ടെത്താനുണ്ട്, ഒപ്പം ഫെയ്‌സ്ബുക്കില്‍നിന്ന് ചിത്രമെടുത്ത് പ്രചരിപ്പിച്ചയാളെയും.  കാസര്‍കോട് വനിതാസെല്ലില്‍ ഇതുസംബന്ധിച്ച് പരാതികൊടുത്തിരുന്നെങ്കിലും ഇതുവരെ തന്നെ വിളിക്കുകപോലും ചെയ്തിട്ടില്ലെന്ന് ഹേമ പറഞ്ഞു.

കേസുമായി മുന്നോട്ടുപോകാനാണ് ഹേമയുടെ തീരുമാനം. 'ഒരാളെപ്പറ്റിയുളള ഇത്തരം മെസേജുകള്‍ ആളുകള്‍ക്ക് ഒരു രസമാണ്. ഫോര്‍വേഡ് മെസേജുകള്‍ അവര്‍ ആസ്വദിക്കുകയാണ്. ഇത്തരം ഗോസിപ്പുകളില്‍ അഭിരമിക്കുന്ന ഒരു വിഭാഗത്തിന് ഇത്തരം പ്രതികരണങ്ങള്‍ സന്ദേശമാകണം. അയാള്‍ മാപ്പു പറഞ്ഞപ്പോള്‍ അത് വാര്‍ത്തയായപ്പോള്‍ നാട്ടുകാരില്‍ പലരും എന്നെ വിളിച്ച് പറഞ്ഞു ഹേമ ഇത് നിന്റെ വിജയമല്ല എന്റെ വിജയമാണ് എന്ന്. 

നിയമവ്യവസ്ഥകള്‍ ദുര്‍ബലമാകുമ്പോഴാണ് പലരും അറിയാതെ നിയമം കൈയിലെടുത്തുപോകുന്നത്. നിയമത്തെ ഞാന്‍ വിശ്വസിക്കുകയാണ്. എനിക്ക് നീതി നേടിത്തരുമെന്നുതന്നെയാണ് എന്റെ പ്രതീക്ഷ. ഇനി ഒരാള്‍ക്ക് ഇങ്ങനെ ഒരു അവസ്ഥ വരരുത് എന്ന് എനിക്കുണ്ട്. കാരണം എനിക്കും മകളുണ്ട്. 

ജയിച്ചു എന്ന് തന്നെയാണ് ഞാന്‍ കരുതുന്നത്. ചിലര്‍ എന്നെ ഓവര്‍ സ്മാര്‍ട്ട് എന്ന് പറയാറുണ്ട്. ആയിക്കോട്ടെ അതെന്റെ തന്റേടം, എന്റെ കഴിവ്. അതിനേക്കാളും കൂടുതല്‍ സ്മാര്‍ട്ട് ആകണം എന്നാണ് പെണ്‍കുട്ടികളോട് എനിക്ക് പറയാനുളളത്. പിന്നെ സ്വന്തമായി ഒരു ജോലി ഉണ്ടാകണം. അതൊരു കെട്ടുറപ്പാണ്. പ്രതികരിക്കാന്‍ പഠിക്കുക, അത്രതന്നെ.'-  ഹേമ പറഞ്ഞു നിര്‍ത്തുന്നു. 

Content Hghlights:Hemalatha, a housewife makes man apologise in police station for tarnishing her image