കേരളത്തില്‍ തിരഞ്ഞെടുപ്പുകാലത്ത് ഒരു പ്രധാന സാമ്പത്തിക ചര്‍ച്ചാവിഷയം സംസ്ഥാനത്തിന്റെ കടബാധ്യതയായിരുന്നു. തിരഞ്ഞെടുപ്പു കഴിഞ്ഞപ്പോള്‍ അതൊന്നു കെട്ടടങ്ങി. 2000-'01-ല്‍ കേരളത്തിന്റെ കടബാധ്യത ഏതാണ്ട് 24,000 കോടി രൂപയായിരുന്നു. കോവിഡിനുമുമ്പ് ഇത് 10 മടങ്ങിലധികം വര്‍ധിച്ച് ഏതാണ്ട് 2.6 ലക്ഷം കോടി രൂപയായി. കോവിഡിന്റെ വര്‍ഷങ്ങളില്‍ വരുമാനം കുറഞ്ഞപ്പോള്‍ കൂടുതല്‍ കടമെടുക്കേണ്ടി വന്നു. ഇതോടെ വീണ്ടും കടപ്പേടി സംസ്ഥാനത്തെ പിടികൂടിയിരിക്കുകയാണ്. ഇതെല്ലാം എങ്ങനെ കൊടുത്തുതീര്‍ക്കുമെന്ന ചോദ്യത്തിനുമുന്നില്‍ അമ്പരന്നുനില്‍ക്കുകയാണ് സാധാരണക്കാര്‍.

കടമെടുത്താല്‍ ബാധ്യതയുണ്ടാവില്ലേ

വ്യക്തിയായാലും സര്‍ക്കാരായാലും വായ്പയെടുത്താല്‍ മുതലും പലിശയും തിരിച്ചടയ്ക്കാനുള്ള ബാധ്യതയുണ്ട്. പക്ഷേ, വായ്പ നിക്ഷേപത്തിനാണ് ഉപയോഗിക്കുന്നതെങ്കില്‍ ബാധ്യതയ്ക്ക് ബദലായി ആസ്തികള്‍ സൃഷ്ടിക്കപ്പെടും. കടത്തിന്റെ ബാധ്യതയും അതു സൃഷ്ടിച്ച ആസ്തിയും ഒത്തുപോകും.

എന്തിനുവേണ്ടി കടമെടുക്കുന്നുവെന്നുള്ളതാണു പ്രധാനം. സര്‍ക്കാരിന്റെ ദൈനംദിന ചെലവുകള്‍ക്കാണു കടമെടുക്കുന്നതെങ്കില്‍ അത് ഊരാക്കുടുക്കാകും. അതല്ല, നാടിന്റെ സാമ്പത്തിക വളര്‍ച്ച മെച്ചപ്പെടുത്താനുള്ള നിക്ഷേപത്തിനാണെങ്കില്‍ കടം ഒരിക്കലും ജഡഭാരമാവില്ല. നാടിന്റെ സാമ്പത്തികനില മെച്ചപ്പെടുമ്പോള്‍ സര്‍ക്കാരിന്റെ വരുമാനം കൂടും. കടം തിരിച്ചടയ്ക്കാം.

കേരളം കടംവാങ്ങുന്നത് ശമ്പളവും പെന്‍ഷനും നല്‍കാനല്ലേ

കോവിഡിനുമുമ്പുള്ള വര്‍ഷം കേരളം ഏതാണ്ട് 24,000 കോടി രൂപ കടമെടുത്തു. പക്ഷേ, അതില്‍ 17,000 കോടി രൂപയും റവന്യൂ ചെലവുകള്‍ക്കു വേണ്ടിയായിരുന്നു. എന്നുവെച്ചാല്‍ ശമ്പളം, പെന്‍ഷന്‍, പലിശ തുടങ്ങിയവയ്ക്കായിരുന്നു. ഇത്തരം റവന്യൂ ചെലവുകള്‍ ഒരു ആസ്തിയും സൃഷ്ടിക്കുന്നില്ല. അതുകൊണ്ട് വായ്പയുടെ പകുതി ജഡഭാരമായി തീര്‍ന്നുവെന്ന നിഗമനത്തില്‍ എത്തരുത്.

നിലവിലുള്ള കണക്കെഴുത്തുരീതി പ്രകാരം വിദ്യാഭ്യാസത്തിനും ആരോഗ്യപരിപാലനത്തിനും വേണ്ടി ചെലവഴിക്കുന്ന പണം മൂലധനച്ചെലവായി കണക്കാക്കില്ല. കാരണം, പെട്ടെന്നു തൂക്കാനും അളക്കാനും കഴിയുന്ന ആസ്തിയൊന്നും സൃഷ്ടിക്കപ്പെടുന്നില്ലല്ലോ. വിദ്യാഭ്യാസ-ആരോഗ്യ ചെലവുകളെ മാനവവിഭവശേഷിയിലെ നിക്ഷേപമായിട്ടു കാണണം.

2019-'20-ല്‍ 24,000 കോടി രൂപയാണ് വിദ്യാഭ്യാസ-ആരോഗ്യ ചെലവ്. അത് നിക്ഷേപമായി കണക്കാക്കിയാല്‍ കടമെടുത്ത് ദീവാളി കുളിച്ചുവെന്ന പരിഭ്രാന്തിക്കു ശമനമാകും.

ഇങ്ങനെ മുതല്‍മുടക്കിയതിന്റെ ഫലമായി സാമ്പത്തിക വളര്‍ച്ചയുണ്ടായോ

നമ്മള്‍ സാമ്പത്തികമായി വലിയ മുരടിപ്പിലാണെന്നതു മറ്റൊരു അബദ്ധധാരണയാണ്. 1961 മുതല്‍ 1987 വരെ നമ്മള്‍ പ്രതിവര്‍ഷം വളര്‍ന്നത് 2.9 ശതമാനം വീതമാണ്. എന്നാല്‍, അതിനുശേഷമുള്ള 2018 വരെയുള്ള കാലയളവെടുത്താല്‍ കേരളം 6.7 ശതമാനം വീതം പ്രതിവര്‍ഷം വളര്‍ന്നു.

1987-'88-ല്‍ കേരളത്തിലെ ശരാശരി പൗരന്റെ വരുമാനം ദേശീയ ശരാശരിയെക്കാള്‍ 22 ശതമാനം താഴ്ന്നതായിരുന്നു. 1983-'04 ആയപ്പോഴേക്കും അത് ദേശീയ ശരാശരിയോടൊപ്പമെത്തി. 2018-'19 ആയപ്പോള്‍ ദേശീയ ശരാശരിയെക്കാള്‍ 56 ശതമാനം ഉയര്‍ന്നതായി.

ഇത് ഗള്‍ഫ് പണവരുമാനത്തിന്റെ ഫലമല്ലേ

വിദേശ പണവരുമാനം ആകാശത്തുനിന്നു വീണ മന്നയല്ല. ജനങ്ങളുടെ വിദ്യാഭ്യാസത്തിലും ആരോഗ്യത്തിലും നടത്തിയ നിക്ഷേപത്തിന്റെ ഫലമായിട്ടാണ് കേരളത്തിലെ അഭ്യസ്തവിദ്യര്‍ക്ക് ആദ്യം മറ്റു സംസ്ഥാനങ്ങളിലെ നഗരങ്ങളിലും പിന്നീട് ഗള്‍ഫ് മേഖലയിലുമെല്ലാം കുടിയേറാന്‍ കഴിഞ്ഞത്.

ഗള്‍ഫ് കുടിയേറ്റത്തിനൊക്കെ മുമ്പേ കേരളത്തിന്റെ വികസനനേട്ടങ്ങളെക്കുറിച്ചുള്ള സെന്റര്‍ ഫോര്‍ ഡെവലപ്മെന്റ് സ്റ്റഡീസിന്റെ 'ദാരിദ്ര്യം, തൊഴിലില്ലായ്മ, വികസനനയം?' എന്ന വിശ്രുതഗ്രന്ഥം എത്തിച്ചേര്‍ന്ന നിഗമനങ്ങളില്‍ ഒന്നാണിത്. എത്ര ദീര്‍ഘദൃഷ്ടിയോടെയാണ് ഈ പഠനത്തിന്റെ ഉപസംഹാരത്തില്‍ ഇതു ചൂണ്ടിക്കാണിച്ചതെന്ന് ഞാന്‍ പലപ്പോഴും ഓര്‍ത്തിട്ടുണ്ട്.

പക്ഷേ, സാമ്പത്തിക വളര്‍ച്ചയെക്കാള്‍ വേഗത്തില്‍ കടം ഉയര്‍ന്നില്ലേ

ഈ ആക്ഷേപം ശരിയാണ്. 2000-'01-ല്‍ സംസ്ഥാനത്തിന്റെ കടം സംസ്ഥാന ആഭ്യന്തരവരുമാനത്തിന്റെ 28 ശതമാനം വരും. ഇപ്പോള്‍ അത് 30 ശതമാനമായി ഉയര്‍ന്നിട്ടുണ്ട്. നിലവിലുള്ള നിയമപ്രകാരം 30 ശതമാനമാണ് സംസ്ഥാനങ്ങള്‍ക്ക് അനുവദനീയമായ പരിധി. അതുകൊണ്ട് കടബാധ്യതയുടെ ഈ വര്‍ധനകണ്ട് ആരും പരിഭ്രമിക്കേണ്ടതില്ല. കേന്ദ്രസര്‍ക്കാരിന്റെ തോത് 83 ശതമാനമാണ്.

കോവിഡുമൂലം ദേശീയവരുമാനം കേവലമായി കുറഞ്ഞപ്പോള്‍ കടബാധ്യതയുടെ ശതമാനവും കൂടിയിട്ടുണ്ട്. കേരളത്തിന്റേത് 35 ശതമാനമായിട്ടുണ്ടാവണം. ഇത് മൂന്നുവര്‍ഷംകൊണ്ടു കുറയ്ക്കുണമെന്നാണ് ധനകാര്യ കമ്മിഷന്റെ ശുപാര്‍ശ. സാമ്പത്തിക വളര്‍ച്ച ഉണ്ടാകുന്നതോടെ ഈ ലക്ഷ്യം നേടുന്നതിനു പ്രയാസമുണ്ടാവില്ല.

കിഫ്ബി വായ്പയ്ക്ക് പരിധി ബാധകമല്ലല്ലോ

ധനഉത്തരവാദിത്വ നിയമംമൂലം സര്‍ക്കാരിനു വായ്പയെടുക്കാന്‍ കഴിയാത്തതുകൊണ്ടാണു കിഫ്ബിക്കു രൂപം നല്‍കിയത്. കാരണം, നമുക്ക് പശ്ചാത്തലസൗകര്യങ്ങള്‍ എത്രയും പെട്ടെന്ന് ഒരുക്കണം. എങ്കിലേ കേരള സമ്പദ്ഘടനയെ നവീകരിക്കുന്നതിനു കഴിയൂ.

കിഫ്ബിക്ക് കേരള നിയമസഭ അനുവദിച്ചിട്ടുള്ള വാര്‍ഷിക ഗ്രാന്റ് ഉണ്ട്. ഇതുവഴി ലഭിക്കുന്ന ഭാവി വരുമാനത്തെ സെക്യൂരിറ്റൈസ് ചെയ്യുകയാണ് കിഫ്ബി. എന്നുവെച്ചാല്‍ ഭാവി വരുമാനത്തിന്റെ ഈടില്‍ ഇന്നു വായ്പയെടുത്തു കാര്യങ്ങള്‍ ചെയ്യുന്നു. ഇ.എം.എസ്. പാര്‍പ്പിട പദ്ധതിയും ഇപ്പോള്‍ ലൈഫും തദ്ദേശഭരണ സ്ഥാപനങ്ങള്‍ ഇങ്ങനെയല്ലേ നടപ്പാക്കുന്നത്? ഇതുതന്നെയാണ് സംസ്ഥാന സര്‍ക്കാരും കൂടുതല്‍ വലിയ തോതില്‍ ചെയ്യുന്നത്. അതുകൊണ്ട് നിയമപ്രകാരം നല്‍കാന്‍ ബാധ്യതയുള്ള തുക കിഫ്ബിക്ക് ഓരോ വര്‍ഷവും നല്‍കിയാല്‍ മതിയാകും. അതിന്റെ ഈടില്‍ എടുക്കാന്‍ കഴിയുന്ന വായ്പ മാത്രമേ കിഫ്ബി എടുക്കൂ.

മറ്റു സംസ്ഥാനങ്ങള്‍ എങ്ങനെയാണ് ധനക്കമ്മി കുറയ്ക്കുന്നത്

വരുമാനത്തിന്റെ മൂന്നുശതമാനംവരെ സംസ്ഥാനങ്ങള്‍ക്കു വായ്പയെടുക്കാം. അതിനെക്കാള്‍ കൂടുതല്‍ എടുക്കാന്‍ കേന്ദ്രസര്‍ക്കാര്‍ അനുവദിക്കുകയുമില്ല. ഒരു വര്‍ഷം ഏതെങ്കിലും തരത്തില്‍ കൂടുതല്‍ വായ്പയെടുത്താല്‍ അടുത്ത വര്‍ഷത്തെ വായ്പയില്‍നിന്ന് കേന്ദ്രസര്‍ക്കാര്‍ അത് കുറവു ചെയ്യും.

കോവിഡിനുമുമ്പുവരെയുള്ള ഈ പതിറ്റാണ്ടില്‍ ഇന്ത്യയിലെ സംസ്ഥാനങ്ങളുടെ ധനക്കമ്മി 2.49 ശതമാനമേ വരൂ. എന്നാല്‍, കേരളത്തിന്റെ നയം അനുവദനീയമായ വായ്പ പൂര്‍ണമായും എടുത്ത് വികസനത്തിന് ആക്കം കൂട്ടുക എന്നതാണ്. ഈ നിയമപ്രകാരം വായ്പയെടുത്ത് റവന്യൂ ചെലവുകള്‍ക്കായി ഉപയോഗിക്കാന്‍ പാടില്ല. അഥവാ റവന്യൂക്കമ്മി പാടില്ല. പക്ഷേ, വായ്പപ്പണം മൂലധനച്ചെലവുകള്‍ക്കായി ഉപയോഗിക്കാന്‍ വലിയ കാലതാമസമെടുക്കും. അതുകൊണ്ട് എല്ലാ സംസ്ഥാനങ്ങള്‍ക്കും ട്രഷറിയില്‍ വലിയതോതില്‍ മിച്ചമുണ്ട്. കോവിഡിനുമുമ്പ് ഈ തുക 1.50 ലക്ഷം കോടി രൂപ വരുമായിരുന്നു. വിദ്യാഭ്യാസ, ആരോഗ്യ പിന്നാക്കാവസ്ഥയൊന്നും അവരെ അലട്ടുന്നില്ല.

ഇങ്ങനെ മിച്ചംവരുന്ന തുക കേന്ദ്രസര്‍ക്കാരിന്റെ സെക്യൂരിറ്റികളില്‍ നിക്ഷേപിക്കുകയാണു പതിവ്. വായ്പയെടുക്കുമ്പോള്‍ കൊടുക്കേണ്ടി വരുന്ന പലിശയെക്കാള്‍ വളരെ താഴ്ന്ന പലിശയേ കേന്ദ്രസര്‍ക്കാരിന്റെ സെക്യൂരിറ്റികളില്‍നിന്നു ലഭിക്കൂ. അതുകൊണ്ട് ഇപ്പോള്‍ പല സംസ്ഥാനങ്ങളും അവര്‍ക്ക് അനുവദിച്ച വായ്പതന്നെ എടുക്കുന്നില്ല. എന്തൊരു അസംബന്ധം!

ഇന്നത്തെ സ്ഥിതിയോ

നടപ്പുവര്‍ഷത്തില്‍ കേരളം ഒരിക്കല്‍പ്പോലും ഓവര്‍ ഡ്രാഫ്റ്റില്‍ പോയില്ല. ദുര്‍ലഭ ദിവസങ്ങളിലേ വെയ്‌സ് ആന്‍ഡ് മീന്‍സ് അഡ്വാന്‍സില്‍പ്പോലും പോയിട്ടുള്ളൂ. എന്നാല്‍, സമീപഭാവിയില്‍ നമുക്കു ലഭിക്കുന്ന കമ്മി നികത്താനുള്ള പ്രത്യേക ഗ്രാന്റ് അവസാനിക്കും. അതിനകം ജി.എസ്.ടി. വരുമാനം ഗണ്യമായി വര്‍ധിക്കാതിരുന്നാല്‍ പ്രതിസന്ധിയിലാകാം. അത് മുന്‍കൂട്ടിക്കണ്ട് വികസനയിതര ചെലവുകള്‍ നിയന്ത്രിക്കുന്നതിനും ജി.എസ്.ടി. വരുമാനം അടക്കമുള്ളവ വര്‍ധിപ്പിക്കുന്നതിനും നടപടി സ്വീകരിക്കണം. പ്രതിസന്ധിക്കു പരിഹാരം വളര്‍ച്ചയ്ക്ക് ആക്കംകൂട്ടുകയാണ്.

പണ്ട് പിഗ്ഗ എന്ന ഫിനാന്‍സ് വിശാരദനോട് ഒരാള്‍ ചോദിച്ചു: ''കടത്തില്‍ നിന്ന് എങ്ങനെ രക്ഷപ്പെടും?'' സമ്പദ്ഘടന വളരുമ്പോള്‍ കടത്തില്‍നിന്ന് പുറത്തുകടക്കും എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. അതുതന്നെ ഇന്നും ഉത്തരം.

കടക്കെണിയെന്നത് മിഥ്യയോ

ഒരിക്കലുമല്ല. കടംവാങ്ങി കടക്കെണിയിലാകുമോ ഇല്ലയോ എന്നതു കണക്കാക്കുന്നതിനു സാമ്പത്തികശാസ്ത്രത്തില്‍ വളരെ വ്യക്തമായ സൂത്രവാക്യങ്ങളുണ്ട്. ഡോമര്‍ എന്ന സാമ്പത്തിക ശാസ്ത്രജ്ഞന്റെ ഈ നിഗമനം എല്ലാ കോളേജ് പാഠപുസ്തകത്തിലുമുള്ളതാണ്. ഇതൊക്കെ അറിയാവുന്നവരാണ് കടത്തിന്റെ തുകയുടെ വലുപ്പവും പ്രതിശീര്‍ഷകടവുമെല്ലാം പറഞ്ഞ് മനുഷ്യരെ വിരട്ടുന്നത്.

ഡോമര്‍ പറഞ്ഞത് ഇതാണ്: 'കടമെടുത്താല്‍ പലിശ കൊടുക്കണം. ഈ പലിശനിരക്കിനെക്കാള്‍ വേഗത്തില്‍ രാജ്യത്തിന്റെ സാമ്പത്തിക വരുമാനം വര്‍ധിച്ചുകൊണ്ടിരുന്നാല്‍ കടം സുസ്ഥിരമാണ്. കേരളത്തിന്റെ സാമ്പത്തിക വളര്‍ച്ച കോവിഡ് വരുന്നതുവരെ പലിശ നിരക്കിനെക്കാള്‍ എത്രയോ ഉയര്‍ന്നതായിരുന്നു. അതുകൊണ്ട് ഒരുഘട്ടത്തിലും നമ്മള്‍ കടക്കെണിയുടെ വക്കില്‍പ്പോലുമായിരുന്നില്ല.