പൗരത്വനിയമ ഭേദഗതിക്കെതിരേ ചെന്നൈ വണ്ണയാര്‍പേട്ടില്‍ നടന്ന പോലീസ് അതിക്രമത്തിനെതിരേ തമിഴ്നാടിന്റെ വിവിധ ഭാഗങ്ങളില്‍ പ്രക്ഷോഭങ്ങള്‍ നടക്കുകയാണ്. സമരത്തിന് പിന്തുണയര്‍പ്പിച്ച് പ്രതിപക്ഷനേതാക്കളില്‍ പ്രമുഖര്‍ രംഗത്തെത്തിക്കഴിഞ്ഞു. ഈ സാഹചര്യത്തില്‍ ഡി.എം.കെ. നേതാവും എം.പി.യുമായ കനിമൊഴി മാതൃഭൂമി പ്രതിനിധി അഞ്ജന ശശിയുമായി സംസാരിക്കുന്നു

പൗരത്വനിയമഭേദഗതിക്കുനേരെ ശക്തമായ നിലപാടുമായി ഡി.എം.കെ. മുന്നോട്ടുപോവുകയാണല്ലോ. ഈ പ്രക്ഷോഭങ്ങളെ എങ്ങനെ കാണുന്നു

= പൗരത്വനിയമത്തിനുനേരെ രാജ്യം ഒറ്റക്കെട്ടായി നില്‍ക്കാനുള്ള സമയമാണിത്. ഇന്ത്യയെ, ഹിന്ദി സംസാരിക്കുന്ന ഹിന്ദുക്കളുടെ രാജ്യമാക്കാനാണ് ബി.ജെ.പി.യുടെ ശ്രമം. ഇതിനെതിരേ സംഘടിതവും അസംഘടിതവുമായി നടക്കുന്ന ഓരോ പ്രക്ഷോഭത്തിനും അതിന്റേതായ പ്രാധാന്യമുണ്ട്. ഒരു മതംമാത്രം ഒറ്റക്കെട്ടാവുന്ന ചില സന്ദര്‍ഭങ്ങള്‍ പലരും ചൂണ്ടിക്കാണിക്കുന്നുണ്ട്. അതിനെ മതവത്കരിച്ച് കാണേണ്ട ആവശ്യമില്ല. ഒരു നിയമം ഏറ്റവുമധികം ബാധിക്കുന്നവര്‍ ഒന്നിച്ചുനിന്ന് പ്രകടനങ്ങള്‍ നടത്തുന്നത് സ്വാഭാവികമാണ്. ഒറ്റ ലക്ഷ്യത്തിനായുള്ള പോരാട്ടമാണിത്. അതിന് ഒറ്റയ്‌ക്കോ കൂട്ടമായോ പൊതുവേദിയോ സാമൂഹികമാധ്യമങ്ങളോ ഏതുരീതിയും സ്വീകരിക്കാം. ഈ പ്രതിഷേധം ഒരു സംഘടന നടത്തുന്നതോ സംഘടിതമായതോ ആവണമെന്നില്ല. ഒറ്റയ്ക്ക് ഒരാള്‍ നടത്തുന്ന പ്രതിഷേധം പോലും ഇതിന്റെ ഭാഗമാണ്.

പൗരത്വനിയമഭേദഗതിക്കുനേരെ കേരളത്തില്‍ പിണറായി വിജയന്റെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ സ്വീകരിക്കുന്ന നടപടികള്‍ പ്രശംസനീയമാണ്. അതുകൊണ്ടുതന്നെ ഡി.എം.കെ.യും കേരള സര്‍ക്കാരും ഈ വിഷയത്തില്‍ ഒന്നിച്ചുനീങ്ങാനുള്ള സാധ്യതകളെക്കുറിച്ച് പാര്‍ട്ടിനേതാക്കളുമായി ആലോചിക്കും. ബില്ലിനെ പിന്തുണച്ച എ.ഐ.എ.ഡി.എം.കെ.യുടെ നിലപാട് തമിഴ്‌നാടിനെ അപമാനിക്കുന്നതാണ്.

തമിഴ്‌നാട്ടില്‍ പൗരത്വനിയമത്തിനെതിരേ കോലം വരച്ചവരെപ്പോലും എ.ഐ.എ.ഡി.എം.കെ. സര്‍ക്കാര്‍ അറസ്റ്റുചെയ്യുന്ന സാഹചര്യമുണ്ടായി. സ്വന്തം വീട്ടുമുറ്റത്ത് കോലമിട്ട് പ്രതികരിച്ചിരുന്നല്ലോ

= അക്രമാസക്തമാവുന്ന പ്രക്ഷോഭങ്ങള്‍ക്കും പ്രകടനങ്ങള്‍ക്കുമെതിരായാണ് സാധാരണ കേസും അറസ്റ്റുമുണ്ടാവാറ്. ഇതിപ്പോള്‍ ശബ്ദകോലാഹലങ്ങള്‍ ഉയര്‍ത്താതെയുള്ള അവകാശസമരങ്ങള്‍പോലും ഭരണകൂടത്തെ ചൊടിപ്പിക്കുന്നുവെന്നതിന്റെ തെളിവാണിത്. ആദ്യദിവസം അഞ്ചുപേരെ അവര്‍ അറസ്റ്റുചെയ്തു. പോലീസിന്റെ ഇത്തരം സമീപനത്തോടെ ഒരു നാടുമുഴുവന്‍ പ്രക്ഷോഭം ഏറ്റെടുത്തു. മിക്കവീടുകളുടെയും മുമ്പില്‍ പൗരത്വനിയമഭേദഗതിക്കെതിരേയും എന്‍.ആര്‍.സി.ക്കെതിരേയും കോലങ്ങള്‍ പ്രത്യക്ഷപ്പെട്ടു. അതിന്റെ ഭാഗമായി അവര്‍ക്കൊപ്പം നില്‍ക്കുന്നതിനാല്‍കൂടിയാണ് ഞാനും സഹോദരന്‍ സ്റ്റാലിനും ഞങ്ങളുടെ വീടുകള്‍ക്കുമുന്നില്‍ കോലം വരച്ചത്.

ജനങ്ങള്‍ക്ക് ഇപ്പോഴും ഈ കാര്യങ്ങളില്‍ ആശങ്ക ബാക്കിനില്‍ക്കുന്നുണ്ട്

= ബി.ജെ.പി.യുടെ സൈബര്‍നിര വളരെ ശക്തമാണ്. നുണപ്രചാരണങ്ങള്‍ ശക്തിപ്പെടുത്തിയാണ് അവര്‍ കാര്യങ്ങള്‍ മുന്നോട്ടുനീക്കുന്നത്. അത് മുസ്ലിങ്ങളെമാത്രം ലക്ഷ്യമിട്ടുള്ളതല്ല. വരുംനാളുകളില്‍ വേറെ രീതിയില്‍ മറ്റുവിഭാഗങ്ങള്‍ക്കും ബാധകമാവും. ഈ നിയമം ഏറ്റവുമധികം ബാധിക്കുന്നത് സ്ത്രീകളെയായിരിക്കും. സ്വന്തംപേരില്‍ വസ്തുവേണം എന്നുവന്നാല്‍ ഇന്ത്യയില്‍ എത്ര സ്ത്രീകള്‍ക്ക് അതുണ്ടാവും. ഇന്ത്യ ഒരു മതേതര രാജ്യമാണെന്നു ചിന്തിക്കുന്ന ആരെയും ആര്‍.എസ്.എസ്. എതിര്‍ക്കും. നമ്മള്‍ ഒറ്റ ഇന്ത്യയ്ക്കുവേണ്ടിയാണ് ശ്രമിക്കുന്നത്. എല്ലാ വ്യത്യാസങ്ങള്‍ക്കിടയിലുമുള്ള ഏകത്വമായിരുന്നു നമ്മുടെ പ്രത്യേകത.

എം.ജി.ആറിനും കരുണാനിധിക്കും ജയലളിതയ്ക്കും ശേഷമുള്ള തമിഴ്‌നാട് ശരിക്കുമൊരു പുതുയുഗം തന്നെയല്ലേ. അവരുടെ തുടര്‍ച്ചകളെ എങ്ങനെ കാണുന്നു

= ഒരു വ്യക്തി എന്നനിലയില്‍ ഞാന്‍ ജയലളിതയെ ബഹുമാനിക്കുന്നു. എന്നാല്‍, അവര്‍ എന്തെങ്കിലും രാഷ്ട്രീയമായി അവശേഷിപ്പിച്ചു എന്നു ഞാന്‍ കരുതുന്നില്ല. അവര്‍ക്കുശേഷം ആ നേതൃത്വം അപ്പാടെ ദുര്‍ബലപ്പെട്ടിരിക്കുന്നു. തനിക്കുശേഷം ഒരാളെ വാര്‍ത്തെടുക്കാന്‍ അവര്‍ക്കു കഴിഞ്ഞിട്ടില്ല. ഒരു നല്ലനേതാവ് ഒരിക്കലും അങ്ങനെയായിരിക്കില്ല.

ജയലളിത പിന്തുടര്‍ന്നിരുന്ന രാഷ്ട്രീയനിലപാടുകളോടും കടുത്ത വിയോജിപ്പാണ്. എങ്കിലും ജീവിച്ചിരുന്നെങ്കില്‍ പൗരത്വനിയമഭേദഗതിയെ അവര്‍ അനുകൂലിക്കുമെന്ന് ഞാന്‍ കരുതുന്നില്ല. നിലപാടുകളില്‍ മായംചേര്‍ക്കാത്ത ഒരച്ഛന്റെ മകളാണു ഞാന്‍. എനിക്കും സഹോദരന്‍ സ്റ്റാലിനും സ്വയം പഠിക്കാനുള്ള വഴി അച്ഛന്‍ ഒരുക്കിയിരുന്നു. എന്റെ മാര്‍ഗദര്‍ശി എന്നും അച്ഛനാണ്.

കോണ്‍ഗ്രസും മറ്റുപാര്‍ട്ടികളും ചേര്‍ന്നുള്ള സെക്കുലര്‍ പ്രോഗ്രസീവ് അലയന്‍സ് ആണല്ലോ ഇപ്പോള്‍ തമിഴ്നാട്ടില്‍ പ്രതിപക്ഷം. ഇപ്പോള്‍ പല കാര്യങ്ങള്‍ക്കും കോണ്‍ഗ്രസുമായി അകല്‍ച്ച പാലിക്കുന്നുണ്ടല്ലോ

= ഒരു വലിയ സഖ്യമാകുമ്പോള്‍ അഭിപ്രായഭിന്നത സ്വാഭാവികമാണ്. അതൊരു സ്വരച്ചേര്‍ച്ചയില്ലായ്മ മാത്രമായി കണ്ടാല്‍മതി. അടുത്ത കാര്യം വരുമ്പോള്‍ യോജിച്ചെന്നുവരാം.

മക്കത്തായം ഇല്ലാതായിപ്പോയതാണ് എ.ഐ.എ.ഡി.എം.കെ.യുടെ പതനം എന്നാണോ അര്‍ഥമാക്കേണ്ടത്. ഇന്ത്യയിലെ ജനങ്ങള്‍ ഇപ്പോഴും മക്കത്തായം അംഗീകരിക്കുന്നുവെന്ന് കരുതാനാവുമോ

= ഒരിക്കലും രാഷ്ട്രീയത്തില്‍ അങ്ങനെ മക്കത്തായത്തിന് വിജയമുണ്ടാവുമെന്ന് ഞാന്‍ കരുതുന്നില്ല. കോണ്‍ഗ്രസില്‍ ഇത്തവണ ഉയര്‍ത്തിക്കാണിക്കാന്‍ ഒരു നേതാവായി രാഹുല്‍ ഗാന്ധി ഉണ്ടായിരുന്നതുകൊണ്ടാണ് ഞങ്ങള്‍ പിന്തുണച്ചത്. അവിടെയും പൂര്‍ണമായി മക്കത്തായം ആണെന്നു പറയാന്‍ സാധിക്കില്ലല്ലോ. മോദിക്കുമുമ്പ് മന്‍മോഹന്‍ സിങ് ആയിരുന്നല്ലോ പ്രധാനമന്ത്രി.

കരുണാനിധിയുടെ മക്കള്‍ എന്നത് എനിക്കും സഹോദരന്‍ സ്റ്റാലിനും പെട്ടെന്നുള്ള വരവിന് വഴിയൊരുക്കി എന്നത് തീര്‍ച്ചയാണ്. അത് എല്ലാ രംഗത്തുമുണ്ട്. മറ്റാരെക്കാളുമെളുപ്പത്തില്‍ ഒരു നടന്റെ മകന് സിനിമാരംഗത്ത് എത്താം. ഡോക്ടറുടെ മകന്‍ ഡോക്ടറും അധ്യാപകന്റെ മകന്‍ അധ്യാപകനുമാകുന്നത് സ്വാഭാവികമാണ്. അവിടെ പിടിച്ചുനില്‍ക്കണമെങ്കിലും വിജയിക്കണമെങ്കിലും സ്വന്തംകഴിവുതന്നെ വേണം. വെറുതേ ജനങ്ങള്‍ ആരെയും അംഗീകരിക്കില്ല.

2ജി സ്‌പെക്ട്രം അഴിമതിക്കേസ് സി.ബി.ഐ.യുടെ ചരിത്രത്തിലെ നാണക്കേട് എന്നാണ് വിശേഷിപ്പിക്കപ്പെടുന്നത്. അതുമായി ബന്ധപ്പെട്ട് അറസ്റ്റിലായ നേതാവ് എന്നത് ഒരു ഭാരമാവുന്നുണ്ടോ

= 2ജി അല്ല, സി.എ.ജി.തന്നെയായിരുന്നു അവരുടെ വിഷയമെന്ന് ഞങ്ങള്‍ ഇപ്പോള്‍ മനസ്സിലാക്കുന്നു. കുറ്റാരോപിതയായപ്പോഴും അതിനോട് നിയമപരമായി സഹകരിച്ചു. കേസ് ജയിക്കുമെന്ന് ഉറപ്പുമുണ്ടായിരുന്നു. പ്രതീക്ഷിച്ചപോലെ കുറ്റക്കാരല്ലെന്നുകണ്ടെത്തി കോടതി ഞങ്ങളെ വെറുതേവിടുകയും ചെയ്തു. ജനങ്ങള്‍ ഞങ്ങളെ വിശ്വസിക്കുന്നു. അവര്‍ ഞങ്ങള്‍ക്കൊപ്പമുണ്ട്. അതുകൊണ്ടാണ് അവര്‍ എന്നെ വിജയിപ്പിച്ചത്.

Content Highlights: DMK leader Kanimozhi